പോരാളിയുടെ സംഗീതത്തെ വിസ്മരിച്ച് ജനഗണമന
രാജീവ് വെള്ളിക്കോത്ത്
ഏതൊരു ഗാനത്തിന്റെയും ജീവൻ നൽകുന്ന സംഗീത സംവിധായകനാണ് ഗാനരചയിതാവിനേക്കാളും എന്നും പ്രശസ്തിയും പ്രാധാന്യവും ലഭിക്കുക. ചലച്ചിത്രഗാനങ്ങൾ ആയാലും ലളിതഗാനങ്ങൾ ആയാലും പലപ്പോഴും രചയിതാവ് വിസ്മരിക്കപ്പെടും. റേഡിയോ പ്രചാരത്തിലുള്ള കാലം മുതൽക്ക് രചയിതാവിനെ എടുത്തുപറഞ്ഞു തുടങ്ങിയെങ്കിലും സംഗീത സംവിധായകർക്ക് ലഭിക്കുന്ന പ്രാധാന്യമൊന്നും തന്നെ രചയിതാക്കൾക്ക് നൽകാത്ത ഒരു സന്പ്രദായമായി മാറുകയോ പലപ്പോഴും സാഹിത്യശുദ്ധി ആസ്വദിക്കപ്പെടാതെ പോവുകയോ ചെയ്യുന്നു. ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഇന്ത്യയുടെ ദേശീയഗാനം. സാഹിത്യത്തിൽ ഏറെ പ്രശസ്തനായ ടാഗോറിന്റെ വരികളെയാണ് ഏറ്റവും കൂടുതൽ അറിയപ്പെട്ടത്. അതിന്റെ ഈണമിട്ട ഇന്ത്യൻ നാഷണൽ ആർമിയുടെ പോരാളിയെ പലപ്പോഴും എല്ലാവരും മറന്നു എന്ന് തന്നെ പറയാം. ക്യാപ്റ്റൻ രാംസിംഗ് ഠാക്കൂർ എന്ന ദേശ സ്നേഹിയാണ് ദേശീയഗാനം ഈണമിട്ടത് എന്നാണ് ചരിത്രം പറയുന്നത്. രബീന്ദ്ര നാഥ ടാഗോർ തന്നെയായിരുന്നു ഈണം നൽകിയത് എന്നും വലിയൊരു വിഭാഗം അവകാശപ്പെടുന്നുണ്ടെങ്കിലും രാംസിംഗ് താക്കൂർ വയലിനും വായിച്ചു കൊണ്ട് മഹാത്മാഗാന്ധി അടക്കമുള്ളവരുടെ മുന്നിൽ സംഗീത ബാൻഡ് അവതരിപ്പിക്കുന്ന ഫോട്ടോ അടക്കമുള്ള പല ചരിത്രങ്ങളും രാംസിംഗിന്റെ സംഗീത സിദ്ധിയെപ്പറ്റിയും ജനഗണമനയുടെ ഉത്ഭവത്തെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്.
ഇന്ത്യ സ്വാതന്ത്രത്യ്രമായി 71 ആണ്ട് കഴിയുന്പോഴും നമ്മൾ ദേശീയ ഗാനത്തിന്റെ സ്രാഷ്ടാവായി രവീന്ദ്ര നാഥ ടാഗോറിനെ മാത്രമേ അറിയുന്നുള്ളൂ. ഇക്കാര്യത്തിലുള്ള ഭിന്നാഭിപ്രായം എന്ത് തന്നെയായാലും ജനഗണമനയുടെ ഈണം ഇട്ടതു ആരെന്നുള്ളത് പുതുതലമുറ അറിഞ്ഞിരിക്കേണ്ട വിഷയമാണ്. ജനഗണമന മാത്രമല്ല ഇന്ത്യയിൽ ഇന്നും പ്രചരിക്കുന്ന ‘സാറെ ജാഹ സെ അച്ഛാ’ എന്ന ദേശഭക്തിഗാനം അടക്കം ദൂരദർശൻ അടക്കമുള്ള, ചാനലുകൾ ഇപ്പോഴും സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന പല ദേശ ഭക്തിഗാനങ്ങളും ഈണമിട്ടത് രാംസിംഗ് ഠാക്കൂർ ആണെന്നുള്ളത് വസ്തുതയാണ്. സംഗീതോപകരണങ്ങളുടെ പ്രാഥമിക വശങ്ങൾ അഭ്യസിച്ചു തുടങ്ങുന്ന ഏതൊരു വിദ്യാർത്ഥിക്കും, അത്യാവശ്യം സംഗീത ബോധമുള്ള ആർക്കും എപ്പോഴും സംഗീത ഉപകരണങ്ങളിൽ വായിക്കാൻ കഴിയുന്ന ഒരു ഗാനമാണ് ഇന്ത്യൻ ദേശീയഗാനം. കീ ബോർഡ് അഭ്യസിക്കാൻ തുടങ്ങുന്ന കുട്ടികൾക്ക് ആരുടേയും സഹായമില്ലാതെ ഈ ഗാനം വായിക്കാൻ കഴിയും.
ഏതൊരു രാഷ്ട്രഗാനത്തിനോടും കിടപിടിക്കത്തക്ക വിധത്തിലുള്ള നമ്മുടെ ദേശീയ ഗാനത്തിന്റെ ഈണമൊരുക്കിയത് ശങ്കരാഭരണ രാഗത്തിലാണെന്നുള്ളതാണ് അതിനെ ജനപ്രിയമാക്കുന്നത്. കീ ബോർഡിലെ ഷഡ്ജം മുതൽ ഷഡ്ജം വരെയുള്ള വെള്ള കട്ടകൾ അടുപ്പിച്ചു വായിച്ചാൽ ലഭിക്കുന്ന ഈ രാഗം പാശ്ചാത്യ നോട്ടായും ഉപയോഗിക്കുന്നു എന്നതുകൊണ്ട് തന്നെ രാഗത്തിന്റെ അന്താരാഷ്ട്ര തലത്തിലുള്ള ശ്രദ്ധ ലഭിക്കാനിടയാക്കി എന്ന് വേണമെങ്കിൽ കരുതാം.
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആധിപത്യത്തിൽ നിന്നും ഇന്ത്യ സ്വതന്ത്രമാകുന്പോൾ നമ്മൾക്ക് ലഭിച്ച സംഗീതത്തിന്റെ (പലതും ഭാരതീയരിൽ നിന്നും അവരും) പാശ്ചാത്യ രീതിയും ആ രാഗത്തിൽ സിംഗ് പ്രകടമാക്കി എന്നതും നമ്മുടെ ദേശീയ ഗാനത്തിന്റെ പ്രത്യേകതയാണ്. പാശ്ചാത്യ സംഗീതത്തിന്റെ കൂടി ബേസിക് താളമായ 4/4 എന്ന ക്രമത്തിലാണ് ഇതിന്റെ താളക്രമവും. ഏറ്റവും എളുപ്പത്തിൽ മനസിൽ പതിയാവുന്ന ചേരുവകൾ എന്താണോ, അത് ജനഗണമനയുടെ ചിട്ടപ്പെടുത്തലിൽ ഉണ്ടായിരുന്നു എന്നത് തന്നെയാണ് ജനഗണമനയുടെ ജനകീയത. ഭാരതത്തിലെ എല്ലാ സംസ്ഥാനക്കാർക്കും ഏതൊരു ഭാഷക്കാർക്കും എളുപ്പം വഴങ്ങുന്ന വരികളും താളക്രമവും അതിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചു. പാശ്ചാത്യ രീതിയിലുള്ള നൊട്ടേഷൻ അന്താരാഷ്ട്ര തലത്തിൽ പോലും അതിനെ മുൻനിരയിൽ എത്താൻ സഹായിക്കുകയും ചെയ്തു. പാട്ടറിയുന്നവനും അറിയാത്തവനും ഒരുപോലെ മൂളാനും പാട്ടിനൊപ്പം താളം പിടിക്കാനും കഴിയുന്ന അതിന്റെ കന്പോസിംഗ് രീതി ജനകീയമാവുകയും ചെയ്തു. അതോടൊപ്പം ഇന്ത്യയുടെ വൈവിധ്യവും സംസ്കാരവും ഉൾക്കൊണ്ടുകൊണ്ട് രവീന്ദ്രനാഥ ടാഗോറിന്റെ ദേശസ്നേഹമൂറുന്ന വരികളും നമ്മുടെ ദേശീയഗാനത്തിന്റെ യശസ്സ് ഒന്ന് കൂടി ഉയർത്തുകയും ചെയ്തു. ബംഗാളിയിൽ രചിച്ച ആ ഗാനത്തിന് ‘ഭാഗ്യവിധാതാ’ എന്നാണ് ആദ്യം പേരിട്ടിരുന്നത്. ഉത്തർപ്രദേശിലെ പ്രൊവിൻഷ്യൽ ആംസ് വിഭാഗത്തിൽ ബാൻഡിന്റെ ചുമതല വഹിച്ചിരുന്ന രാംസിംഗ് ജനഗണമന ചിട്ടപ്പെടുത്തിയപ്പോൾ അത് ഇന്ത്യയുടെ ദേശീയഗാനമായി മാറുമെന്ന് കരുതിയില്ലെങ്കിലും ദേശീയഗാനമാക്കാൻ തരത്തിലുള്ള യോഗ്യത ആ ഗാനത്തിന് വന്നു ചേർന്നത് മുകളിൽ പറഞ്ഞ അതിന്റെ സൃഷ്ടിപരമായ കാരണങ്ങൾ തന്നെയാണ് എന്നതിൽ സംശയമില്ല.
പ്രശസ്ത കവി ഇഖ്ബാലിന്റെ ‘സാരെ ജാഹ സെ അച്ഛാ’ കൂടാതെ, ‘കഥം കഥം ബതായേ ജാ’ (രചനയും സംഗീതവും), ‘ആവൊ മിൽകർ ഗയെ ഗീത്’ തുടങ്ങി നാൽപ്പതോളം ദേശഭക്തിഗാനങ്ങൾ രാംസിംഗിന്റെ മനസിൽ ഉരുത്തിരിഞ്ഞവയാണ്. 1950 ജനുവരി 24ാം തീയതിയാണ് ജനഗണമനയെ കോൺസ്റ്റിറ്റ്യുവന്റെ് അസംബ്ലി ദേശീയഗാനമായി അംഗീകരിച്ചത്. 1911ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 28ാം വാർഷികം കൊൽക്കത്തയിൽ ആഘോഷിച്ചപ്പോൾ ആദ്യമായി ഇത് ആലപിച്ചു. 1912 ജനുവരിയിൽ തത്വബോധി എന്ന പത്രികയിലാണ് ഭാരത് വിധാത എന്ന ശീർഷകത്തിൽ ഈ ഗാനം ആദ്യം പ്രസിദ്ധീകൃതമായത്. ദേശീയഗാനത്തെപ്പറ്റി ഇനിയുമുണ്ട് അറിയാൻ ചിലതൊക്കെ.