യുവത്വമെന്ന കരുത്ത്....
എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് എന്റെ ഊഷ്മളമായ എല്ലാവിധ ആശംസകളും നേരുന്നു. ചരിത്രാതീത കാലം മുതൽ ഇന്ത്യ-ബഹ്റൈൻ ബന്ധം അതിന്റെ സാംസ്കാരികവും രാഷ്ട്രീയവുമായിട്ടുള്ള ഉഭയകക്ഷി ബന്ധങ്ങളും കാത്തുസൂക്ഷിച്ചിട്ടുള്ളതാണ്. അതുപോലെ തന്നെ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ നടത്തിയ സന്ദർശനങ്ങളും, കൂടിക്കാഴ്ചകളും, ഇടപെടലുകളും ആ ബന്ധത്തെ കൂടുതൽ ദൃഢപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്ന് മുൻകാലങ്ങളേക്കാൾ ഇന്ത്യയും ബഹ്റൈനുമായുള്ള ബന്ധം അതിന്റെ ഏറ്റവും ഉയർന്ന തലത്തിലേയ്ക്ക് മാറിയിട്ടുണ്ട്. സുരക്ഷ, അടിസ്ഥാന വികസന സൗകര്യങ്ങൾ, നിക്ഷേപം, ആധുനിക സാങ്കേതിക വിദ്യകൾ, ആരോഗ്യം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിലേയ്ക്ക് അവ വ്യാപിച്ചിട്ടുമുണ്ട്. മാത്രമല്ല ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ത്യ ഒരു പുതിയ സാന്പത്തിക പരിവർത്തനത്തിന്റെ പാതയിലാണിന്ന്. ഇന്ത്യൻ സന്പദ് ഘടന ലോകത്തിലെ ഏറ്റവും വേഗതയേറിയ സന്പദ് വ്യവസ്ഥകളിൽ ഒന്നായി മാറിയിരിക്കുന്നു.
മറ്റൊന്ന് ജനസംഖ്യയിൽ 65 ശതമാനത്തോളം യുവാക്കളാണ് എന്നതും, അവർക്ക് പുതിയ സ്വപ്നങ്ങളും, സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള കഴിവും പ്രാപ്തിയും ഉണ്ട് എന്നതും ഇന്ത്യയ്ക്ക് അനുകൂല സാഹചര്യമാണ് ഒരുക്കുന്നത്. ഇന്ത്യയിലുള്ള മികച്ച മാനവ വിഭവശേഷി, വലിയ മാർക്കറ്റുകൾ, വ്യവസായ സംരംഭങ്ങൾ എന്നിവയെല്ലാം ഇന്ത്യയെ കൂടുതൽ ശാക്തീകരിക്കുന്ന ഘടകങ്ങളുമാണ്. ഇന്ത്യയെ കൂടുതൽ ശക്തിപ്പെടുത്താനായി ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും നിരവധി പദ്ധതികളും ഉണ്ട്. മേക്കിംഗ് ഇന്ത്യ, സ്കിൽ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ എന്നിവയും അതിൽ പ്രധാനവും, ബഹ്റൈനുമായുള്ള സാന്പത്തിക ഇടപാടുകൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നവയുമാണ്.
നമുക്ക് അറിയാം വിദേശ നിക്ഷേപങ്ങളുടെയും സാന്പത്തിക സേവനങ്ങളുടെയും വിവരാവകാശ സാങ്കേതിക വിദ്യയുടെയും, ടൂറിസത്തിന്റെയും ജിസിസി മാർക്കറ്റിലുള്ള പ്രവേശനകവാടമാണ് ബഹ്റൈൻ എന്നത്. വാണിജ്യപരമായ കാര്യങ്ങളിലും നിക്ഷേപ സാധ്യതകളിലും ഇരു രാജ്യങ്ങളും നൽകുന്ന പ്രോത്സഹാനങ്ങളും, കൂട്ടായ പ്രവർത്തനങ്ങളും രാജ്യത്തിന്റെ വികസനത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ബഹ്റൈനിലുള്ള ഇന്ത്യൻ സമൂഹവും ഇന്ത്യ-ബഹ്റൈൻ ബന്ധത്തെ കൂടുതൽ ശക്തമാക്കാൻ ശ്രമിച്ച ഘടകങ്ങളിൽ സുപ്രധാനമാണെന്നും, ബഹ്റൈന്റെ വികസന പ്രവർത്തനങ്ങളിൽ ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകൾ മികച്ചതാണെന്നും അതിൽ അഭിമാനവുമുണ്ട്. ഇന്ത്യക്കാരുടെ സാംസ്കാരിക ഉത്സവങ്ങളും, ആഘോഷങ്ങളും സംഘടിപ്പിക്കാൻ വേണ്ടി ബഹ്റൈൻ ഭരണാധികാരികൾ ഒരുക്കി തരുന്ന അനുകൂല സാഹചര്യങ്ങളും വളരെ പ്രശംസനീയമാണ്. ഒരിക്കൽ കൂടി ഇരുരാജ്യങ്ങൾക്കും എല്ലാരീതിയിലുള്ള വികസനവും, അഭിവൃദ്ധിയും ഉണ്ടാകട്ടെയെന്ന് ഞാൻ ആശംസിക്കുന്നു.
അലോക് കുമാർ സിൻഹ
ഇന്ത്യൻ അംബാസഡർ, ബഹ്റൈൻ.