ഡിസൈനുൽ ആബിദീനായ തന്പുരാനെ...
‘ഡിസൈനുൽ ആബിദീനായ തന്പുരാൻ’ എന്ന് ആദ്യം വിളിച്ചത് സാഹിത്യകാരൻ സുഭാഷ് ചന്ദ്രനാണ്. പുസ്തകച്ചട്ടയ്ക്ക് ഒരു പ്രസക്തിയും കൽപ്പിക്കാത്ത മലയാള പുസ്തക പ്രസാധന രംഗത്ത് ഒന്നിന് പുറകെ ഒന്നായി രാഷ്ട്രീയ നിലപാടുകൾ കൊണ്ടും ക്രിയാത്മകത കൊണ്ടും അത്ഭുതം വിരിയിച്ചു ആബിദ് പുസ്തകങ്ങൾക്ക് മുഖം കൊടുത്ത് തുടങ്ങിയപ്പോൾ പുസ്തകപ്രേമികൾ ഒക്കെയും ആ വിളി ഏറ്റുപിടിച്ചു. മലയാള സാഹിത്യസാംസ്കാരികലോകത്ത് ഏറെ വിവാദം ഉണ്ടാക്കിയ എസ്. ഹരീഷ് എഴുതിയ മീശ എന്ന നോവൽ അതിന്റെ കവർ ഡിസൈൻ കൊണ്ട് കൂടിയാണ് പിന്നീട് ചർച്ചകളിൽ നിറഞ്ഞു നിന്നത്. സൈനുൽ ആബിദ് ഫോർ പി.എം ന്യൂസ് റീഡിസൈനുമായി ബന്ധപ്പെട്ട് ബഹ്റൈൻ സന്ദർശിച്ചപ്പോൾ ഞങ്ങളുടെ പ്രതിനിധി സോന പി.എസുമായി സംസാരിക്കുന്നു.
മീശ വായിച്ചിട്ടാണോ കവർ ഡിസൈൻ ചെയ്തത്?
മീശ എന്ന പുസ്തകം ഞാൻ വായിച്ചു തുടങ്ങിയിട്ടേ ഉള്ളൂ. മുഴുവനും ആയിട്ടില്ല. പക്ഷെ മീശയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശ്രദ്ധിച്ചിരുന്നു. ഞാൻ രവി ഡി.സിയോട് തന്നെ പറഞ്ഞിരുന്നു. ഇതൊരു പോസ്റ്റർ പോലെ കരുതിയാൽ മതി. അതുകൊണ്ടാണ് കുറുവടി പിടിയായുള്ള റേസർ കൊണ്ട് മീശയിലെ അക്ഷരങ്ങളെ വടിച്ചെടുക്കുന്ന രീതിയിൽ ഒരു കവർ വന്നത്. അത് ആ വിവാദത്തിൽ കലാകാരൻ എന്ന നിലയിലുള്ള എന്റെ പ്രതികരണം കൂടി ആയി ഞാൻ കണക്കാക്കുന്നു.
മീശ നോവൽ, വിവാദത്തിനപ്പുറം കാന്പുള്ള വായന തരുന്നുണ്ടോ?
ഞാൻ പറഞ്ഞല്ലോ, മുഴുവൻ വായിച്ചു കഴിഞ്ഞിട്ടില്ല. പക്ഷേ ഒന്നെനിക്കു ഉറപ്പിച്ചു പറയാൻ പറ്റും. മലയാളത്തിലെ ഏറ്റവും നല്ല ക്ലാസിക്കുകളുടെ ഗണത്തിൽപ്പെടുത്താവുന്ന ഒരു പുസ്തകം കൂടിയാണ് മീശ എന്ന നോവൽ. മറ്റൊരു കാര്യത്തിൽ വളരെ സന്തോഷം ഉണ്ട്. ഈയൊരു വിവാദം ഈ പുസ്തകത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഇങ്ങനെയൊരു വിവാദം ഇല്ലായിരുന്നെങ്കിൽ ഈ പുസ്തകം ഏറെ ശ്രദ്ധിക്കപ്പെടില്ലായിരുന്നു. പക്ഷേ വായനക്കാർ ഇത് ഏത് രീതിയിൽ എടുക്കും എന്നോ എത്രത്തോളം ഇക്കാര്യം മനസ്സിലാക്കും എന്നോ അറിയില്ല. ഈ വിവാദ പേജുകൾ മാത്രം നോക്കിയിട്ട് ഇതിനകത്ത് ഒന്നും ഇല്ലല്ലോ എന്ന് പറഞ്ഞ് പുസ്തകം വായിക്കാതെ മാറ്റി വെയ്ക്കുന്നവരെ കുറിച്ചല്ല പറയുന്നത്. പക്ഷേ വായനയെ ഇഷ്ടപ്പെടുന്ന ഒരു നല്ല വായനക്കാരൻ ഇതൊരു ഗംഭീര പുസ്തകം ആയിരിക്കും എന്നതിൽ സംശയമില്ല.
എഴുത്ത് കൊണ്ട് വ്രണപ്പെട്ടു പോകാവുന്നതാണോ നമ്മുടെ വികാരങ്ങളും വിശ്വാസങ്ങളും?
ഇക്കാലത്ത് ഏറ്റവും തമാശയായി കേൾക്കുന്ന ഒരുവാക്കാണ് വ്രണമേൽപ്പിക്കുക എന്നത്. സത്യത്തിൽ ആരോഗ്യമുള്ള ഒരു ശരീരത്തിൽ ഒരിക്കലും വ്രണം ഉണ്ടാകുന്നില്ല. പക്ഷേ നമ്മുടെ സമൂഹശരീരം പല കാരണങ്ങളാൽ മുറിവേറ്റ് കിടക്കുകയാണ്. ആ മുറിവുകളാണ് പൊട്ടിയൊലിക്കുന്ന വ്രണങ്ങളായി മാറുന്നത്. മുറിവുകളിൽ കുത്തി വ്രണങ്ങൾ ഒരിക്കലുമുണങ്ങാതെ പഴുപ്പിച്ചു നിർത്തുവാൻ ചിലരെങ്കിലും ശ്രമിക്കുന്നത് നമുക്കറിയാമല്ലോ. എഴുത്തുകാരൻ ഇതിനെയെല്ലാം മറികടക്കേണ്ട ഒരാളാണ്. ഒരു കല അല്ലെങ്കിൽ ആർട്ട് എന്ന് പറയുന്നത് മുറിവ് ഉണക്കാനുള്ളതാണ്. അത് വ്രണപ്പെടുത്താനോ കൂടുതൽ കുരുക്കൾ ഉണ്ടാക്കാനോ ശ്രമിക്കുവാനാകരുത്. ഈ കാലഘട്ടത്തിൽ ഒരു കലാകാരൻ അല്ലെങ്കിൽ എഴുത്തുകാരൻ ഒരു ക്രിയേറ്റീവ് പേഴ്സൺ എന്ന നിലയിൽ ചെയ്യേണ്ട ഒരു കടമയും ഇതാണ്.
കവർ ഡിസൈനിംഗിനെ മലയാളികൾ ഒരു കലയായി അംഗീകരിക്കുന്നുണ്ടോ?
ഇതൊരു അപ്ലൈഡ് ആർട്ടാണ്. വിപണിയുടെ സാധ്യതകളും പുസ്തകത്തിന്റെ ഉള്ളടക്കവും പുസ്തകം സൃഷ്ടിക്കുന്ന സാമൂഹ്യഇടപെടലുകളും ഒക്കെ മുന്നിൽ കണ്ട് വായനക്കാരന്റെ ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു എലെമെന്റ് കണ്ടെത്തലാണ് കവർ ഡിസൈനറുടെ പ്രധാന വെല്ലുവിളി. എന്നെ സംബന്ധിച്ചിടത്തോളം ആ എലെമെന്റ് പലപ്പോഴും തനിയെ ഒരു വിസ്മയം പോലെ വന്നു ഭവിക്കുന്നതാണ്. മുൻപൊക്കെ പുസ്തകത്തിന് കനത്തിൽ അലങ്കാരത്തിൽ ഒരു കവർ മതി എന്ന രീതിയിൽ നിന്നും മാറി മാർക്കറ്റിനെ സ്വാധീനിക്കുന്ന രീതിയിൽ അല്ലെങ്കിൽ ഒരു ഉൽപ്പന്നം ആളുകളെ കൊണ്ട് വാങ്ങിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകമായിട്ട് ഡിസൈനിംഗ് മാറിയിട്ടുണ്ട്. അത് പുസ്തകങ്ങളുടെ കാര്യം മാത്രം അല്ല. ഏത് കാര്യം ആയാലും നമ്മൾ ഡിസൈനിംഗ് നോക്കിയിട്ടാണ് സെലക്ട് ചെയ്യുകയുള്ളൂ. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് പറയുന്നതു പോലെയുള്ള ഒരു കാര്യമാണ്.
ഒരു കവർ ഡിസൈനർ എന്ന നിലയിലാണോ കേരളം ആബിദിനെ അടയാളപ്പെടുത്തുക?
കവർ ഡിസൈനിംഗ് മാത്രമല്ല. ഞാൻ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. അതിൽ ഒന്നുമാത്രമാണ് കവർ ഡിസൈനിംഗ്. ഞാൻ ചെയ്യുന്നതിൽ എനിക്ക് ഏറ്റവും കുറവ് വരുമാനം ലഭിക്കുന്ന ഒരു പണി കവർ ഡിസൈനിംഗ് ആണെങ്കിലും അത് ഞാൻ ചെയ്യുന്നത് ഒരുപാട് ഇഷ്ടത്തോടെ തന്നെയാണ്. അതിനുകാരണം എഴുത്തുകാരോടും എഴുത്തിനോടും പണ്ട് മുതലേ ഉണ്ടായിരുന്ന ആരാധനയും ഈ സംരംഭങ്ങോളുള്ള ഒരിഷ്ടമൊക്കെയാണ്. പിന്നെ ഇതിനെ ഒരു കച്ചവടമായിട്ടോ പണം ഉണ്ടാക്കാനുള്ള ഒരു കാര്യമായിട്ടും കാണുന്നില്ല. ആയിരത്തോളം പുസ്തകങ്ങൾക്ക് ഞാൻ കവർ ഡിസെനിംഗ് ചെയ്തിട്ടുണ്ട്. അതിൽ കുറച്ച് ഇംഗ്ലീഷ് പുസ്തകങ്ങളും ചെയ്തിട്ടുണ്ട്. പിന്നെ ഇപ്പോൾ കുറച്ച് സെലക്ടീവാണ്. ചില എഴുത്തുകാർക്ക് ഞാൻ തന്നെ ചെയ്യണം എന്നുള്ള നിർബന്ധം ഒക്കെ ഉണ്ടാകാറുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിലും കൂടുതൽ ശ്രദ്ധയോടെ ചെയ്യാൻ ശ്രമിക്കാറുണ്ട്. മീശയുടെ കവർ കണ്ട് ഒരുപാട് പേർ വിളിച്ച് അഭിനന്ദിച്ചു. പ്രത്യേകിച്ചും അരുന്ധതി റോയ് വിളിച്ച് അഭിനന്ദിച്ചു എന്ന് രവി ഡി.സി വിളിച്ചു പറഞ്ഞപ്പോൾ നല്ല സന്തോഷം തോന്നി.
ഒരു കവർ ഡിസൈനർ എന്തൊക്കെ ശ്രദ്ധിക്കണം?
ഇതിന് അങ്ങിനെ റൂൾസ് ഒന്നും ഇല്ല. ഒരെഴുത്തുകാരന് നാലോ അഞ്ചോ വർഷം എടുത്ത് ചെയ്യുന്ന ഒരു വർക്കിന്റെ കവർ ഞാൻ ഡിസൈനിംഗ് ചെയ്ത് മോശമാകരുത്. നേരെ മറിച്ച് അത് കൂടുതൽ ആളുകളിലേയ്ക്ക് എത്തണം എന്നൊരു നിർബന്ധബുദ്ധിയും എനിക്ക് ഉണ്ട്. വേറെ തരത്തിൽ പറയുകയാണെങ്കിൽ പുസ്തകത്തിന്റെ മറ്റൊരു അവതാരിക കൂടിയാണ് കവർ. ഒരു അവതാരികയിൽ അഞ്ചും പത്തും പേജുകൊണ്ട് പറയുന്ന കാര്യം ഡിസൈനർ ഒരു ചെറിയ ചതുര കട്ടയിൽ ഒറ്റയടിക്ക് പറഞ്ഞ് തീർക്കണം, അതൊരു ചാലഞ്ച് ആണ്. പക്ഷേ അത് ഞാൻ ആസ്വദിക്കുന്നു.
ശ്രദ്ധിക്കപ്പെട്ട കവർ ഡിസൈനുകൾ
സുബാഷ് ചന്ദ്രന്റെ മനുഷ്യന് ഒരാമുഖം എന്ന പുസ്തകത്തിന്റെ കവർ നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന്റെ ഡിസൈൻ മാത്രമല്ല. ടെക്ക്നിക്കൽ കാര്യങ്ങളിൽ കൂടി ശ്രദ്ധിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ അത് ഒരു കവർ അല്ല. സുഭാഷ് ചന്ദ്രൻ അതിനെ കുറിച്ച് ഒരിക്കൽ എഴുതിയിരുന്നു. ‘ജനനത്തെയും മരണത്തെയും രണ്ട് പേജിൽ കവറടക്കിക്കളഞ്ഞു’ എന്നാണ് സുഭാഷ് എഴുതിയത്. അതിനു ഒരുപാട് അവാർഡുകൾ ഒക്കെ ലഭിച്ചിട്ടുണ്ട്. പിന്നെ ഉണ്ണി ആർ എഴുതിയ ‘ഒരു ഭയങ്കര കാമുകൻ’, ‘വാങ്ക്’, സന്തോഷ് എച്ചിക്കാനത്തിന്റെ ‘ബിരിയാണി’ അങ്ങിനെ ഒരു പാടുണ്ട്.
ആബിദ് എന്ന പത്ര ഡിസൈനർ
കേരളത്തിലെ പകുതിയിൽ കൂടുതൽ പേർ വായിക്കുന്നത് ഇന്ന് ഞങ്ങൾ ഡിസൈൻ ചെയ്ത പത്രങ്ങളാണ്. മാതൃഭൂമി, ദേശാഭിമാനി, മാധ്യമം, ദീപിക എന്നീ പത്രങ്ങളുടെ നിലവിലെ ഡിസൈൻ ഞങ്ങൾ ചെയ്തതാണ്. കൂടാതെ മലയാളം മീഡിയകളിൽ ഇന്ന് പ്രചാരത്തിലുള്ള ഒട്ടുമുക്കാൽ ഫോണ്ടുകളും ഞങ്ങൾ ഡിസൈൻ ചെയ്തിട്ടുള്ളവയാണ്. ഭൂട്ടാനിൽ ഞങ്ങൾ നാല് പത്രങ്ങളും രണ്ട് മാഗസിനുകളും റീഡിസൈൻ ചെയ്തിട്ടുണ്ട്. ഈയിടെ ബഹ്റൈനിലെ ‘ദി ഡെയിലി ട്രിബ്യൂൺ’ ഡിസൈൻ ചെയ്തതും ഞങ്ങളുടെ കന്പനിയാണ്. ഇനിയിപ്പോൾ ഫോർ പി.എം ഡിസൈൻ ജോലികൾ തുടങ്ങിക്കഴിഞ്ഞു. അതിനു പുറമേ കുവൈത്തിലും ഒമാനിലും ഉള്ള ചില പത്രങ്ങളുടെ ജോലികളും അടുത്തു തന്നെ തുടങ്ങാനിരിക്കുന്നു.
കല ആദായമുള്ള ബിസിനസ് ആണോ?
അയ്യോ... അങ്ങിനെ വെറും ഒരു ബിസിനസ് ആയി ഇത് വരെ ഞാന്നിതിനെയൊന്നും കണ്ടിട്ടില്ല. പക്ഷെ മുന്പത്തെക്കാൾ കൂടുതൽ ഡിസൈനർക്ക് ഇന്ന് വിപണി മൂല്യം ഉണ്ട്. ഞാനിപ്പോൾ കൊച്ചിയിൽ എട്ട്പത്ത് പേരുള്ള ഒരു ഡിസൈനിംഗ് കന്പനി നടത്തുന്നു. ഡിസൈൻ (DZAIN) എന്നാണ് പേര്. ബ്രാൻഡിംഗ്, പബ്ലിക്കേഷന്റെ ഡിസൈനിംഗ്സ്, ഇ-ബുക്ക് ഉണ്ടാക്കുക തുടങ്ങിയ കാര്യങ്ങളാണ് കൂടുതലായും ചെയ്യുന്നത്.
നാട്, കുടുംബം.
മാഹിക്കടുത്തുള്ള ഒളവിലം ആണ് സ്വദേശം. ഭാര്യ സമീറ ഡെന്റിസ്റ്റാണ്. രണ്ട് കുട്ടികൾ. സാറ, ഹവ്വ. കൊച്ചിയിലാണ് സ്ഥിര താമസം. ഇതിന് മുൻപ് മനോരമയിലാണ് വർക്ക് ചെയ്തിട്ടുള്ളത്. മനോരമയുടെ സൺഡേ സപ്ലിമെന്റ്, ശ്രീ, ചില ഒന്നാം പേജുകൾ, ഗ്രാഫിക്സ് എന്നിവയായിരുന്നു ചെയ്തിരുന്നത്. തലശ്ശേരി സെന്റ് ജോസഫ് ബോയ്സ് ഹൈസ്കൂൾ, ബ്രെണ്ണൻ കോളേജ്, മദ്രാസ് ഫൈൻ ആർട്ട്സ് കോളേജ് എന്നിവിടങ്ങളിലായാണ് പഠിച്ചത്.