അടച്ചിട്ട ജാലകങ്ങൾ തുറക്കുന്പോൾ...
സോന പി.എസ്
നാട്ടിൻപുറങ്ങളിൽ വൈകീട്ടോടുന്ന ബസ്സുകൾക്ക് മീനിന്റെയും പച്ചക്കറിയുടെയും, എണ്ണ പലഹാരങ്ങളുടെയും ചൂട് കപ്പലണ്ടിയുടെയും എല്ലാം കൂടി കുഴഞ്ഞ അസഹ്യമായ ഒരു മണമുണ്ടായിരിക്കും. ജോലി കഴിഞ്ഞ് കൂലി വാങ്ങി നേരാനേരത്തേയ്ക്ക് അന്നമുണ്ടാക്കാൻ കഷ്ടപ്പെടുന്ന തൊഴിലാളികളുടെ മണമാണത്. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്ന എന്റെ ബസ് യാത്രകൾക്കും കുറച്ച് കാലം ഈ ഗന്ധമായിരുന്നു. പലപ്പോഴും വിൻഡോ സീറ്റിൽ തന്നെ ഇരിപ്പിടം ഉറപ്പിക്കാൻ ശ്രമിക്കുമെങ്കിലും അവിചാരിതമായാണ് അങ്ങനെ സംഭവിക്കുകയുള്ളൂ. അഥവാ ആ സീറ്റ് കിട്ടിയാൽ ഇയർ ഫോൺ വെച്ച് പാട്ട് കേട്ടിരിക്കുകയായിരിക്കും പലരെ പോലെ ഞാനും. പന്ത്രണ്ട് പാട്ടിന്റെ ദൂരമാണ് വീട്ടിലേയ്ക്ക് എന്നാണ് കണക്ക്. പാട്ട് കേട്ട് തുറന്നിട്ട ജാലകങ്ങൾ വഴി കാണുന്നത് പുറം കാഴ്ചകൾ മാത്രം അല്ല ചിന്തകൾക്ക് തീ പകരുന്ന അകകാഴ്ച്ചകൾ കൂടിയാണെന്നോർത്ത് സ്വയം മറന്നിരിക്കുന്ന ആ യാത്രകളിൽ മഴമൂലമോ കാറ്റ് കാരണമോ ചിലപ്പോൾ പെട്ടന്നായിരിക്കും കണ്ടക്ടർ വന്ന് ജനലുകൾ അടയ്ക്കുക. ബസ് യാത്രകളിൽ ആർക്കും ഇഷ്ടപ്പെടാത്ത പല കാര്യങ്ങളിൽ ഒന്നാണ് ഇതെങ്കിലും പിന്നെയും പലരും ജനലുകൾ പകുതി തുറക്കാനുള്ള ശ്രമങ്ങൾ നടത്താറുണ്ട്. വീണ്ടും തുറക്കാൻ കഴിയുന്ന ജാലകങ്ങൾക്കുമുന്നിൽ പോലും ഇല്ലാതാകുന്ന കാഴ്ചകൾ നമ്മളെ എത്രമാത്രം അലോസരപ്പെടുത്തുന്നുണ്ട്. പക്ഷേ ഒരിക്കലും തുറക്കാനാകാത്ത ജാലകങ്ങൾക്ക് അപ്പുറം ഇരിക്കുന്നവർ എത്ര മാത്രം അസ്വസ്ഥരായിരിക്കും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം ചിലപ്പോളൊക്കെ ചില അസ്വസ്ഥതകൾ സൃഷ്ടിക്കുന്നത് ചരിത്രമാണ്. കാലങ്ങളായി തങ്ങൾക്ക് മുന്നിൽ അടച്ചിട്ട ജാലകങ്ങളെ നിരന്തരമായ സമരങ്ങളിലൂടെയും ഇടപെടലുകളിലൂടെയും തള്ളി തുറന്ന് ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് കേരളത്തിലെ ട്രാൻസ് ജെൻഡർ എന്ന വിഭാഗം.
ട്രാൻസ് ജെൻഡർ വിഭാഗക്കാരെ സമൂഹം അടിസ്ഥാനപരമായ അവകാശങ്ങളിൽ നിന്നുപോലും പലപ്പോഴും ഒഴിവാക്കുകയും അപമാനിക്കപ്പെടുകയും മാറ്റി നിർത്തപ്പെടുകയും ചെയ്തിരുന്നു. എന്നാൽ സമൂഹം തങ്ങൾക്ക് മുന്നിൽ സൃഷ്ടിച്ച പ്രതികൂലമായ സാഹചര്യങ്ങളിൽ പോലും തളരാതെ നിന്ന് പൊരുതി തങ്ങളുടെ കഴിവിനനുസരിച്ച് അർഹതപ്പെട്ട സ്ഥാനങ്ങൾ നേടിയെടുക്കുകയായിരുന്നു അവർ. ട്രാൻസ് ജെൻഡറുകളുടെ ഏറെ നാളത്തെ ഇടപെടലുകളുടെ ഫലമായി സർക്കാർ ഇപ്പോൾ അവർക്ക് അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കികൊടുക്കുന്നുമുണ്ട്. സംസ്ഥാനത്തെ കലാലയങ്ങളിൽ രണ്ട് ശതമാനം സീറ്റ്, സ്വത്വം വെളിപ്പെടുത്തി ട്രാൻസ് ജെൻഡർ എന്ന് രേഖപ്പെടുത്തിയ ഡ്രൈവിംഗ് ലൈസൻസ്, കൊച്ചി മെട്രോയിൽ തൊഴിൽ, ലിംഗമാറ്റ ശസ്ത്രക്രിയക്കായി ധനസഹായം തുടങ്ങിയവയെല്ലാം അവയിൽ പ്രശംസനീയമാണ്.
അതുപോലെ കൊച്ചി മഹാരാജാസ് കോളേജിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രവീൺ എന്ന വിദ്യാർത്ഥി എത്തിയതും ഈ സംവരണത്തിന്റെ ഭാഗമായാണ്. വർണ്ണവിസ്മയങ്ങളുടെ അത്ഭുത ലോകമായ കലാലയങ്ങളിലേയ്ക്ക് നിറയെ സ്വപ്നങ്ങളുമായി എത്തിയ പ്രവീണിന് അവിടുത്തെ വിദ്യാർത്ഥികൾ നൽകിയ വരവേൽപ്പും മാതൃകാപരമായിരുന്നു. സമൂഹത്തിന്റെ ഇടുങ്ങിയ ചിന്താഗതികൾ കൊണ്ട് അവർക്ക് മുന്നിൽ ഇനിയും തുറക്കാത്ത ജാലകങ്ങൾ കൂട്ടായ ഇടപെടലുകളോടെ തന്നെ തുറക്കേണ്ടതുണ്ട്. കാരണം വീണുപോകുന്നവർക്ക് കൈത്താങ്ങാവുകയെന്ന അർത്ഥം കൂടിയുണ്ട് നമ്മൾ നയിക്കുന്ന സാമൂഹിക ജീവിതത്തിന്. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേയ്ക്ക് ആത്മവിശ്വാസത്തോടെ കടന്നുവരുന്നവർക്ക് മുന്നിൽ ഇനിയാരും വാതിലുകൾ കൊട്ടിയടയ്ക്കാതിരിക്കട്ടെ. എന്തെന്നാൽ അടച്ചിട്ട വാതിലുകൾ തുറക്കുന്നത് പുതിയ ഇടങ്ങളിലേയ്ക്കും കാഴ്ചപ്പാടിലേയ്ക്കുമാണ്.