അവർ ‘അന്യർ’ ആകുന്നോ?
ഫോർ പി.എം ഓപ്പൺഹൗസ്
കേരളത്തിന്റെ വികസന നിർമ്മാണ പ്രവർത്തനങ്ങളിൽ ഇപ്പോൾ വലിയ തോതിൽ സ്വാധീനമുള്ള അന്യ സംസ്ഥാന തൊഴിലാളികൾ എന്ന് വിളിക്കപ്പെടുന്നവരുടെ സാന്നിധ്യം ഭാവിയിൽ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് വിഘാതമാകുമെന്ന് കരുതുന്നുണ്ടോ? കേരളം ഭാവിയിൽ ഇത്തരം ഒരു വിപത്തിലേയ്ക്ക് പോകുന്നുണ്ടെന്നുള്ള പ്രചാരണം ശക്തമാകുന്ന സാഹചര്യത്തിൽ ഇതേപ്പറ്റി വിവിധ മേഖലകളിലുള്ളവർ അവരുടെ അഭിപ്രായങ്ങൾ തുറന്നു പറയുന്നു.... ഓപ്പൺഹൗസിലൂടെ...
നാരായണൻ പി.ടി - ബഹ്റൈൻ പ്രതിഭ മുൻ പ്രസിഡണ്ട്
അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം ഇന്ന് കേരള സമൂഹത്തിൽ വളരെ ഏറെ ചർച്ചാവിഷയമാണ്. എഴുപതുകളിൽ ആരംഭിച്ച കേരളത്തിൽ നിന്നുള്ള തൊഴിലാളികളുടെ ഗൾഫ് രാജ്യങ്ങളിലേയ്ക്കുള്ള കുടിയേറ്റം സൃഷ്ടിച്ച ശൂന്യതയിലേയ്ക്കാണ് അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നു വരവ്. ആദ്യ ഘട്ടത്തിൽ ഇത് തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും ആയിരുന്നു എങ്കിൽ ഇന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഈ മേഖലയിൽ മേൽകൈ നേടിയിരിക്കുന്നു. ആദ്യകാലങ്ങളിൽ കാർഷിക മേഖലയിൽ മാത്രമായിരുന്നു അന്യസംസ്ഥാന തൊഴിലാളുകളുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നത് എങ്കിൽ ഇന്ന് വ്യാപാര, വാണിജ്യ, വ്യവസായ, സേവന രംഗത്ത് ഇവരെ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ആ നിലയ്ക്ക് കേരളത്തിന്റെ വികസന രംഗത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ പങ്ക് വളരെ വലുതാണ്. സ്വാഭാവികമായും സാംസ്കാരികവും ഭാഷാപരവുമായ വൈജാത്യം സമൂഹത്തിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കും എന്നതിനെ സംബന്ധിച്ച് തർക്കം ഇല്ല. പക്ഷെ നമ്മുടെ നാട്ടിൽ നടക്കുന്ന അക്രമ സംഭവങ്ങളിൽ അന്യ സംസ്ഥാന തെഴിലാളികൾ ഉൾപ്പെട്ട സംഭവങ്ങൾ മാത്രം ഉയർത്തി കാട്ടി സാമാന്യവത്കരിച്ച അവർക്കെതിരെ പ്രചരണം അഴിച്ചു വിടുന്നത് ദൂര വ്യാപക വിപരീത ഫലം ഉണ്ടാക്കും. കേരളത്തിന് പുറത്തു അതായതു ഇതര സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്തും ജോലി ചെയ്യുന്ന മലയാളികളുടെ കാര്യവും നാം ഓർക്കേണ്ടതുണ്ട്. ഒരുകാലത്ത് ബോംബെയിൽ മലയാളിക്കെതിരെ നടന്നിരുന്ന അക്രമങ്ങൾ മറക്കരുത്. ഇന്ത്യക്കാരന് ഇന്ത്യയിൽ എവിടെയും പോയി ജോലി ചെയ്യാനുള്ള ഭരണഘടനാ ദത്തമായ അവകാശം ചോദ്യം ചെയ്യപ്പെട്ടു കൂടാ.
കുറ്റകൃത്യങ്ങളുടെ സ്ഥിതി വിവരകണക്കുകൾ പരിശോധിച്ചാൽ മലയാളികൾ തന്നെ ഉൾപ്പെട്ട കേസുകളാണ് അധികവും. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു കുടുംബത്തെ ഒന്നാകെ കൊലകത്തിക്കിരയാക്കിയ വാകേരി കൂട്ടക്കൊല, ഈ അടുത്തു നടന്ന കണ്ണൂരിലെ അദ്ധ്യാപക ദന്പതികളുടെ കൊല, മന്ത്രവാദി കൃഷ്ണനെയും കുടുംബത്തെയും ഒന്നാകെ കൊന്ന് കുഴിച്ചു മൂടിയ സംഭവം ഇവയിലൊന്നും അന്യസംസ്ഥാന തെഴിലാളികൾ ഇല്ല എന്ന് മനസ്സിലാക്കണം. മഹാരാജാസ് കോളേജിലെ അഭിമന്യുവിനെയും, കാസർഗോട്ടെ സിദിഖിനെയും ദാരുണമായി കൊലപ്പെടുത്തിയവർ അന്യ സംസ്ഥാനക്കാരല്ല.
എന്നിരുന്നാലും പെരുന്പാവൂരിലെ ഒന്നും രണ്ടും കൊലപാതകങ്ങൾ അതുപോലെ ഉള്ള അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട മറ്റ് ക്രിമിനൽ സംഭവങ്ങൾ, ഇവയുടെ ഗൗരവം കുറച്ചുകാണുന്നില്ല.
പരിഹാരമാർഗ്ഗമാണ് കാണേണ്ടത്. വിശ്വസനീയമായ തിരിച്ചറിയൽ രേഖ ഓരോ അന്യസംസ്ഥാന തൊഴിലാളിക്കും നിർബന്ധമാക്കണം. വിവര സാങ്കേതികവിദ്യ ഏറെ പുരോഗതി നേടിയിട്ടുള്ള കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ജോലിക്ക് വെക്കുന്നതിന് മുൻപ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ, തൊഴിൽ വകുപ്പ്, അതുപോലുള്ള മറ്റ് കേന്ദ്രങ്ങളിലോ തിരിച്ചറിയൽ രേഖ കാണിച്ച് ജോലി ചെയ്യാനുള്ള അനുമതി പത്രം നിർബന്ധമായും വാങ്ങിയിരിക്കണം. അങ്ങനെ കാണിക്കുന്ന തിരിച്ചറിയൽ രേഖ ഓൺലൈൻ വഴി സ്ഥിരീകരിക്കാനും സാധിക്കണം. തൊഴിൽ ദാതാവ് ഈ കാര്യത്തിൽ ശ്രദ്ധ വെക്കുകയും സർക്കാർ സംവിധാനം പരിശോധന കർശ്ശനമാക്കുകയും വേണം. തിരിച്ചറിയൽ രേഖയിലൂടെ വ്യക്തിഗതവിവരങ്ങൾ ലഭ്യമല്ലാത്തവരെ ജോലിക്ക് വെക്കാൻ തൊഴിൽ ദാതാവിനെ അനുവദിക്കരുത്.
മറ്റോരു കാര്യം കമ്മ്യൂണിറ്റി പോലീസിംഗ് സന്പ്രദായം നടപ്പിൽ വരുത്തണം. വികസിത രാജ്യങ്ങളിൽ ഈ സന്പദായം നിലവിലുണ്ട്. ജനപ്രതിനിധികളും പോലീസും ഉൾപ്പെട്ട കമ്മ്യൂണിറ്റി പോലീസ് ഓരോ ഗ്രാമങ്ങളിലും നിലവിൽ വരണം. ഇത് അന്യസംസ്ഥാന തെഴിലാളികളെ മാത്രം ഉദ്ദേശിച്ചല്ല. സംശയാസ്പദമായി കാണുന്നവരെ നിരീക്ഷിക്കാനും കുറ്റകൃത്യങ്ങൾ മുൻകൂട്ടി കണ്ട് തടയിടാനും കഴിയേണ്ടതുണ്ട്.
ഡി. സലിം - പൊതു പ്രവർത്തകൻ
കേരളത്തിൽ ജോലി തേടി എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ഇപ്പോൾ ഏറെ സജീവമാണ്. ഏതെങ്കിലും കൊലപാതകം, അക്രമ സംഭവം തുടങ്ങിയവയ്ക്ക് പിന്നാലെയാണ് ഇത്തരം ചർച്ചകൾ ഏറെ സജീവമാകുന്നത്. അതോടൊപ്പം കേരളം വികസനത്തിൽ, രൂപപ്പെടുന്ന അടിസ്ഥാന സൗകര്യ വികസനത്തിൽ അധ്വാന ശക്തിയായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ പങ്കും ഇന്ന് ചർച്ചകൾക്കും പഠനങ്ങൾക്കും വിധേയമാക്കുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ സാനിധ്യം കേരളത്തിന്റെ സ്വൈര്യ ജീവിതത്തിന് വിഘാതമാകുമോ എന്ന ആശങ്കയാണ് ഇത്തരം ഒരു ചർച്ചയുടെ പ്രചോദനം എന്നാണ് കരുതുന്നത്. ഇത്തരമൊരു ചർച്ചയിൽ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം വെല്ലുവിളി ആണോ എന്ന് പരിശോധിക്കുന്പോൾ കേരളം പോലുള്ള ഒരു പൊതു സമൂഹത്തിന് ഈ അന്യസംസ്ഥാന തൊഴിലാളി സാനിധ്യം മാത്രമാണോ വെല്ലുവിളി എന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്. എല്ലാ സമൂഹത്തിലും ഒരു ചെറിയ ശതമാനം ക്രിമിനൽ വാസന ഉള്ളവരും, ക്രിമിനൽ സ്വഭാവ വിശേഷങ്ങൾ പ്രകടിപ്പിക്കുന്നവരും ആണ്. അതിന്റെ ഭാഗമായ ഒരു ക്രിമിനൽ പശ്ചാത്തലമുള്ളവർ അന്യസംസ്ഥാനക്കാരെന്ന് മാത്രം അല്ല സ്വന്തം സംസ്ഥാനക്കാർ ആണെങ്കിൽ പോലും വളരെ അപകടകാരികളാണ്. അങ്ങനെ ഒരു ചെറു വിഭാഗം ലോകത്തെ എല്ലാ പൗര സമൂഹത്തിലും ഉണ്ട് എന്നിരിക്കെ കേരളത്തിൽ എത്തിയവരിൽ എല്ലാം ക്രിമിനൽ സ്വഭാവം ഉണ്ട് എന്നത് പൊതുവെ ആരോപിക്കുന്നത് ശരിയാകുമോ?
ഇടയ്ക്കിടെ ഉണ്ടാകുന്ന സംഭവവികാസങ്ങളെ മാത്രം ഉയർത്തി ഇങ്ങനെ ഒരു വിലയിരുത്തൽ നടത്തുവാൻ കഴിയുമോ? അന്യ സംസ്ഥാന തൊഴിലാളികൾ അല്ലാത്ത കേരളീയർ ഉൾപ്പെടുന്ന ക്രിമിനൽ നടപടികളും, കൊലപാതകങ്ങളും, തട്ടിക്കൊണ്ടു പോകലുകളും കൊള്ളകളും നടക്കുന്പോൾ, അവയെ ചൂണ്ടികാട്ടി കേരളീയർ ആകെ ഇത്തരക്കാർ ആണ് എന്ന് ആരെങ്കിലും സമർത്ഥിക്കാൻ ശ്രമിച്ചാൽ നമുക്ക് അംഗീകരിക്കുവാൻ കഴിയില്ലല്ലോ.
അപ്പോൾ ഇപ്പോൾ ഉയർന്ന് വരുന്ന പണത്തോടുള്ള അമിത ത്വരയും, സുഖഭോഗങ്ങളുടെ തള്ളിക്കയറ്റവും, ആഗോളീകരണം വിതച്ച ജീവിത ശൈലികളും ജനങ്ങളെ പണത്തോടും സുഖഭോഗങ്ങളോടും ആർത്തിയുള്ളവരാക്കി തീർത്തിട്ടുണ്ട്. അതിന്റെ ഭാഗമായ ഇടനില ജോലികളും, കമ്മീഷൻ ജോലികളും, പെട്ടന്ന് പണം നേടാനുള്ള ത്വരയും എല്ലാ സമൂഹത്തിലും ഉണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായ ക്രിമിനൽവത്കരണം സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. സഹപ്രവർത്തകയായ ഒരു നടിയെ തട്ടി കൊണ്ടുപോയി മാനഭംഗപ്പെടുത്തുവാൻ കോട്ടേഷൻ കൊടുത്തതും അത് നിർവ്വഹിച്ചതും അന്യസംസ്ഥാന തൊഴിലാളി ആയിരുന്നില്ല മറിച്ച് ഏറ്റവും വിലയും നിലയും ഉണ്ടായിരുന്ന ഒരു താരം തന്നെ ആയിരുന്നു.
ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രവാസികളായ നമ്മളും ഈ ഒരു ഗണത്തിലുള്ളവരാണ്. പക്ഷെ മറ്റൊരു രാജ്യത്തായതുകൊണ്ട് നിയമവിധേയമെന്ന് മാത്രം. കേരളത്തിലെ ഭൂപരിഷ്കരണം, ഉയർന്ന വിദ്യാഭ്യാസ നിലവാരം, സാക്ഷരത, ഉയർന്ന ജീവിത നിലവാരം ഇതൊക്കെ കേരളീയരുടെ പ്രവാസത്തിന് ഏറെ സഹായകരമായിട്ടുണ്ട്. അതിലൂടെ ഉയർന്ന ജീവിത നിലവാരം കരസ്ഥമാക്കിയ ഒരു സാഹചര്യത്തിലാണ് കേരളത്തിൽ ഏറെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതും ആയതിന് തൊഴിൽ ശക്തി ആവശ്യമായി വന്നതും. പശുവിന്റെ പേരിൽ പോലും വടക്കേ ഇന്ത്യയിൽ സാധാരണക്കാർ വേട്ടയാടുന്ന സാഹചര്യത്തിലാണ് അവർക്ക് സ്വസ്ഥമായി ജോലി ചെയ്ത് മാന്യമായ കൂലി വാങ്ങാം എന്ന അവസ്ഥ കേരളത്തിൽ നിലനിൽക്കുന്നത്. ബഹുഭൂരിപക്ഷം ഇതര സംസ്ഥാന തൊഴിലാളികളും വളരെ സന്തോഷത്തോടെ ഇവിടെ ജോലി ചെയ്ത്, തദ്ദേശ വാസികളായി ഏറെ സൗഹൃദത്തിൽ പോകുന്നു എന്നത് കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. ഈ അവസരത്തിൽ ഒരു കണക്ക് കൂടി ഉദ്ധരിക്കുന്നത് സന്ദർഭോചിതമായിരിക്കും. പ്രവാസികൾ ഏകദേശം എഴുപത്തയ്യായിരം കോടി രൂപ കേരളത്തിലോട്ട് അയക്കുന്നുണ്ട് എങ്കിൽ കേരളത്തിൽ നിന്നും അന്യസംസ്ഥാന തൊഴിലാളികൾ തങ്ങളുടെ നാട്ടിലേയ്ക്ക് അയക്കുന്നത് ഇരുപത്തി അയ്യായിരം കോടി എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അതിൽ നിന്ന് തന്നെ കേരളത്തിലെ വ്യാപാര മേഖല, വസ്ത്ര വിപണനം, ഹോട്ടൽ, പലചരക്ക്, മത്സ്യം-കോഴി, മൊബൈൽ, ഗതാഗതം തുടങ്ങി വിവിധ മേഖലകൾക്ക് ഉണ്ടാകുന്ന വ്യാപര സാധ്യത ഇപ്പോൾ നാം മനസിലാക്കി തുടങ്ങിയിരിക്കുന്നു. വീട്, റൂം വാടക ഇനത്തിൽ ലക്ഷക്കണക്കിന് രൂപയാണ് ഗ്രാമപ്രദേശങ്ങളിൽ പോലും കേരളീയർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതോടൊപ്പംതന്നെ ഇവരിൽ ക്രിമിനൽ വാസനയുള്ള ഒരു വിഭാഗം ഉയർത്തുന്ന ഭീഷണികളെ കുറിച്ചും നാം ആശങ്ക പെടേണ്ടതായുണ്ട്.
ഇപ്പോൾ അന്യസംസ്ഥാന തൊഴിലാളികളെ പറ്റി ആധികാരികമായ ഒരു കണക്കും നമ്മുടെ അധികാരികൾ വശം ഇല്ല. അതിനുള്ള മാർഗ്ഗം ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത്. അതോനോടൊപ്പം സ്ഥിരമായ നിരീക്ഷണ സന്പ്രദായവും ആവിഷ്കരിക്കണം. മയക്കുമരുന്ന് ഉപയോഗങ്ങൾ കർശ്ശനമായി കണ്ടെത്തി ശിക്ഷിക്കണം. ഇവരുടെ തൊഴിൽ കേന്ദ്രങ്ങളിലേയ്ക്കുള്ള അനധികൃത മദ്യ ഒഴുക്ക് കർശ്ശനമായി തടയണം. അതോടൊപ്പം പഞ്ചായത്ത് വഴി എങ്കിലും രജിസ്ട്രേഷനും ഐഡന്റിറ്റി കാർഡും നിർബന്ധമാകണം. ഐഡൻറ്റിറ്റി കാർഡിന് മെഡിക്കൽ പരിശോധന റിപ്പോർട്ട് നിർബന്ധമാക്കുകയും വേണം. അങ്ങനെയുള്ള ഒട്ടേറെ നിയന്ത്രണങ്ങളിലൂടെ അന്യസംസ്ഥാന തൊഴിലാളികളിൽ ഒരു വിഭാഗം ഉയർത്തുന്ന ഭീഷണികളെ നേരിടുവാൻ കഴിയും.
മൊത്തം അന്യസംസ്ഥാന തൊഴിലാളികളെ നിരോധിക്കുക എന്നത് ഒട്ടും പ്രയോഗികവും ഒരു ജനാധിപത്യ സമൂഹത്തിന് ചേർന്നതുമായ നടപടി അല്ല. ജോലി ചെയ്യുവാൻ സന്നദ്ധതയുള്ളവർക്ക് അതിന് അവസരം നൽകുക എന്നത് ഭരണഘടന വരെ പറയുന്ന മൗലിക അവകാശമാണ്. എന്നാൽ പൊതുസമൂഹത്തിൽ ക്രിമിനൽ വാസന തടയുന്നത് പോലെ തന്നെ ഇവർക്കിടയിലെ ക്രിമിനൽ വാസനകളെയും ഇല്ലാതാക്കി അത്തരക്കാർക്ക് നല്ല ശിക്ഷ കൊടുക്കുകയും വേണം. ഈ ലക്ഷ്യം മുൻനിർത്തി കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഒട്ടേറെ നടപടികൾ സ്വീകരിക്കുന്നു എന്നത് ശുഭോതർക്കമാണ്. അവരുടെ ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, ഇൻഷൂറൻസ് തുടങ്ങി വിവിധ രംഗങ്ങളിൽ കേരളത്തിലെ സർക്കാർ ശ്രദ്ധ പതിപ്പിച്ചു കഴിഞ്ഞു. ആയതിനാൽ കൃത്യമായ രേഖപ്പെടുത്തലിന്റെ അടിസ്ഥനത്തിൽ അന്യസംസ്ഥാന തൊഴിലാളികളെ ജോലി ചെയ്യാൻ അനുവദിക്കുകയും, ക്രിമിനൽ കുറ്റകൃത്യങ്ങൾക്കെതിരെ കർശ്ശന നടപടി സ്വീകരിക്കുകയും വേണം. ഇവരുടെ താവളങ്ങൾ കർശ്ശന പരിശോധനകൾക്ക് വിധേയമാക്കണം. അതോടൊപ്പം ബഹുഭൂരിപക്ഷം വരുന്ന ജീവിത ഉപാധി തേടി വരുന്നവർക്ക് മതിയായ സംരക്ഷണം നൽകുകയും വേണം. ഇത്തരമൊരു സമീപനം സ്വീകരിച്ചാൽ ഈ തൊഴിൽ വിഭാഗം ഒരു ഭീഷണി ആകില്ല എന്ന് മാത്രമല്ല കേരളത്തിന്റെ ഉത്തമ സുഹൃത്തുക്കളാകുകയും ചെയ്യും.
അനിൽകുമാർ കണ്ണപുരം
കേരളത്തിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളാൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യത്തിന്റെ എണ്ണം വർദ്ധിക്കുന്നു എന്ന ആശങ്ക കേരളത്തിൽ ഇന്ന് വളരെയേറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കയാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ കുറ്റകൃത്യത്തിന്റെ എണ്ണം പരിശോധിക്കപ്പെടുന്പോൾ കേരളം എത്രയോ മെച്ചപ്പെട്ട സംസ്ഥാനമായി മുന്നിൽ നിൽക്കുന്നു എന്ന യാഥാർത്ഥ്യ ബോധത്തിൽ ഊന്നിയ ശാശ്വത പരിഹാരമാണ് ഈ വിഷയത്തിൽ ഉണ്ടാവേണ്ടത് എന്ന് തോന്നുന്നു. കേരളത്തിലെ നല്ലൊരു ശതമാനം ജനങ്ങളും അന്യസംസ്ഥാനങ്ങളിലോ വിദേശരാജ്യങ്ങളിലോ തൊഴിൽ ചെയ്ത് ജീവിക്കുന്നവരാണ്. അവരുടെ ഇടയിൽ ഉണ്ടായിപ്പോകുന്ന കുറ്റകൃത്യത്തിന്റെ സ്വഭാവവും എണ്ണവും പരിശോധിക്കപ്പെടുന്പോൾ കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യത്തിന്റെ എണ്ണം ഏറെ കുറവാണ് എന്ന ചിന്തയോടെയുള്ള പരിഹാരത്തിനാണ് നാം തുടക്കം കുറിക്കേണ്ടത്. കേരളത്തിന്റെ സമഗ്രപുരോഗതിക്ക് അന്യസംസ്ഥാന തൊഴിലാളികൾ വഹിക്കുന്ന പങ്ക് ഏറെയാണ്. അവരുടെ ഇടയിലുള്ള ചിലരിൽ ഉണ്ടായിപ്പോകുന്ന കുറ്റവാസന ഇല്ലാതാക്കി ഇന്ത്യൻ നിയമത്തെ അനുസരിച്ച് ജീവിക്കുന്ന ഉത്തമനായ ഒരു പൗരനാക്കി അവരെ മാറ്റി എടുക്കുവാനാണ് നിയമ വ്യവസ്ഥയിലൂടെ അധികാരികളുടെ ശ്രദ്ധ തിരിയേണ്ടത്.
വിദേശ ഇന്ത്യക്കാരുടെ കൃത്യമായിട്ടുള്ള കണക്കുകൾപോലും സൂക്ഷിക്കുവാൻ കഴിയാത്ത ഒരു രാജ്യത്തിനുള്ളിലെ കേരളം എന്ന കൊച്ചു സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ കണക്ക് കൃത്യമായി രേഖപ്പെടുത്തുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും ഏതൊക്കെ സംസ്ഥാനങ്ങളിൽ നിന്ന് എത്രമാത്രം തൊഴിലാളികൾ കേരളത്തിൽ തൊഴിലെടുക്കുന്നുണ്ട് എന്നതിന്റെ കണക്ക് കൃത്യമായി സൂക്ഷിച്ചുകൊണ്ടും, അവർക്കെല്ലാവർക്കും തിരിച്ചറയൽ കാർഡ് നിർബന്ധമാക്കിക്കൊണ്ടും, താമസിക്കുന്ന പോലീസ് േസ്റ്റഷൻ പരിധിയിൽ വിവരങ്ങൾ ശേഖരിച്ചുകൊണ്ടും തൊഴിലാളികളുടെ പൂർണ്ണ ഉത്തരവാദിത്വം തൊഴിലുടമയിൽ നിക്ഷിപ്തമാക്കിക്കൊണ്ടും ഇന്ത്യൻ നിയമ സംവിധാനം സദാ ഇവരെ നിരീക്ഷിക്കപ്പെടുന്നുണ്ട് എന്ന ചിന്ത അവരിൽ ഉണ്ടാക്കിയെടുക്കണം. അത് ലംഘിക്കപ്പെടുന്പോൾ അർഹമായ ശിക്ഷ നൽകുന്നുണ്ട് എന്ന ബോധവും ഇവരിൽ വളർത്തിയെടുത്ത് ഒരു ഇന്ത്യൻ പൗരന്റെ എല്ലാ അവകാശത്തോടെയും ഫെഡറൽ സംവിധാനത്തിനുള്ളിൽ പ്രവർത്തിക്കുന്ന ഒരു സംസ്ഥാനം എന്ന നിലയിലുള്ള ശക്തമായ തീരുമാനമാണ് കേരളം കൈകൊള്ളേണ്ടത്.
അശ്വതി കെ.ആർ - എഴുത്തുകാരി, ബഹ്റൈൻ
കേരളത്തിൽ നിർമ്മാണ മേഖലകളിലേയ്ക്കും മറ്റ് പല ചെറുകിട കന്പനികളിലേയ്ക്കും പ്രവഹിച്ചിരുന്ന അന്യ സംസ്ഥാന തൊഴിലാളികൾ ഇപ്പോൾ മറ്റ് പ്രധാന ജോലിയിടങ്ങൾ കൂടി കൈയടക്കി വരികയാണ്. ക്രിമിനൽ പശ്ചാത്തലം ഒളിപ്പിച്ചുവെച്ച് കേരളത്തിലേയ്ക്ക് വണ്ടി കയറുന്നതിനാൽ തന്നെ അതിന്റെ പ്രത്യാഘാതം പിന്നീടൊരിക്കൽ അനുഭവിക്കേണ്ടി വരുന്നതും നമ്മുടെ നാട്ടിലെ സാധാരണക്കാരായ ജനങ്ങളാണ്. മയക്കു മരുന്നിന് അടിമയായവരും ലൈംഗിക വൈകൃതം കാട്ടുന്നവരും ഇവർക്കിടയിൽ കൂടുതാലായി കാണപ്പെടുന്നതുകൊണ്ട് ഒറ്റയ്ക്കും അല്ലാതെയും ഇവർ കൂടുതലായി ആക്രമണ സ്വഭാവമുള്ളവരാണെന്ന് നിരവധി ക്രൂരമായ ബലാൽസംഗ കേസുകളിലും അതിക്രൂരമായ രീതിയിലുള്ള കൊലപാതകങ്ങളിലും കണ്ടുകഴിഞ്ഞതാണ്. ജനനേന്ദ്രിയം തകർത്ത് വയർപിളർന്ന് ബലാൽസംഗത്തിന്നിരയായ ജിഷ കൊലപാതകം... മോഷണം നടത്തുവാൻ ക്രൂരമായി കൊല്ലപ്പെട്ട മറിയാമ്മ, ഇതുപോലെ ഞെട്ടിച്ച വാർത്തകൾ നിരവധി. ഇത്തരം കേസുകൾ ആവർത്തിക്കുന്പോഴും ശക്തമായ രീതിയിൽ വേണ്ട നടപടികൾ എടുക്കുവാൻ നമ്മുടെ ഭരണകൂടത്തിനോ പോലീസിനോ സാധികുന്നില്ല. ഇവരുടെ ക്രമാതീതമായ ഒഴുക്കിന്റെ കണക്കെടുക്കാൻ തയ്യാറാവേണ്ടത് അത്യന്താപേക്ഷിതമാണ്.
ശിവകുമാർ കുളത്തുപ്പുഴ - നാടക,സിനിമാ പ്രവർത്തകൻ
മനുഷ്യന്റെ ചരിത്രത്തോളം തന്നെ അവന്റെ പ്രവാസത്തിനും പഴക്കമുണ്ട്. ഒരു ദേശത്ത് നിന്ന് മറ്റൊരു ദേശത്തേയ്ക്ക് കുടിയേറി താമസമാക്കേണ്ടി വരുന്നത് തൊഴിൽ അടക്കം ജീവസന്ധാരണോപാധിക്ക് വേണ്ടിയാണ്. ആ പ്രക്രിയ കാലദേശഭേദമന്യേ അനവരതം തുടർന്നുകൊണ്ടുമിരിക്കുന്നു. ഈ വിഷയം ഇവിടെ ചർച്ച ചെയ്യുന്ന നമ്മളും പ്രവാസികളാണ്. മറ്റൊരു രാജ്യത്തേയ്ക്ക് തൊഴിലിനായുള്ള കുടിയേറ്റമാണ് നമ്മളും നടത്തിയിരിക്കുന്നത്. എന്നാൽ ഇവിടങ്ങളിലെ നിയമസംഹിതകൾക്ക് വിധേയമായാണ് നമ്മുടെ കുടിയേറ്റം എന്നതാണ് നമ്മുടെ കുടിയേറ്റത്തെ സാധുവാക്കുന്നതും. അനധികൃതമായി കുടിയേറിയിട്ടുള്ളവരെയും നിയമം ലംഘിച്ച് പാർക്കുന്നവരെയും നിയമവിധേയരാക്കാനോ തിരിച്ച് അവരുടെ നാടുകളിലേയ്ക്ക് അയയ്ക്കാനോ ഉള്ള കൃത്യമായ നിയമ സംവിധാനങ്ങളും ഇവിടങ്ങളിൽ നിലനിൽക്കുന്നുണ്ട്.
എന്നാൽ ഒരു രാജ്യത്തിനകത്ത് തൊഴിൽ തേടിയുള്ള അന്യസംസ്ഥാന കുടിയേറ്റങ്ങൾ നിയന്ത്രിക്കുക എളുപ്പമല്ല. പ്രത്യേകിച്ചും ഇന്ത്യയെപ്പോലെ ഫെഡറൽ സംവിധാനം നിലനിൽക്കുന്ന ഒരു രാജ്യത്ത്. ഏതൊരു ഇന്ത്യൻ പൗരനും ഇന്ത്യയ്ക്കകത്ത് എവിടെയും തൊഴിൽ ചെയ്യുവാനും വസിക്കുവാനുമുള്ള സ്വാതന്ത്ര്യമുണ്ട്. കേരളത്തിൽ നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് ബോംബെ, ഡൽഹി പോലുള്ള സ്ഥലങ്ങളിൽ തൊഴിലെടുക്കുകയും സ്ഥിരവാസമാക്കിയിരിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലന്വേഷികളുണ്ട്. അവരുടെ കുടുംബങ്ങളുമുണ്ട്. മലയാളിക്ക് ഒരു പ്രത്യേകതയുണ്ട്, ഏത് ദേശത്തു ചെന്നുപെട്ടാലും അവിടുത്തെ സംസ്കാരത്തെയും സാമൂഹിക ചുറ്റുപാടുകളെയും ജീവിത രീതികളെയും മനസിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നതോടൊപ്പം ആ ജനതയെ മാനിക്കുകയും ആ നാടുമായി പൊരുത്തപ്പെട്ട് ആ നാടിന്റെ നിയമങ്ങൾക്ക് വിധേയമായി ജീവിക്കുവാൻ പരമാവധി ശ്രമിക്കുന്നു. അതുപോലെ തന്നെ നമ്മുടെ നാട്ടിലെത്തുന്ന അന്യസംസ്ഥാനക്കാരിൽ നിന്നും നാം അതുതന്നെ പ്രതീക്ഷിക്കുന്നു.
കേരളത്തിലേയ്ക്കുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ വരവ് ആരംഭിച്ചത് ഏതാണ്ട് 1980കളോടെ ആണെന്ന് കരുതണം. പ്ലൈവുഡ് ഫാക്ടറി പോലെയുള്ള ചില പ്രത്യേക തൊഴിൽ മേഖലകളിലേയ്ക്കാണ് അവരെ ആദ്യമൊക്കെ കൊണ്ടുവന്നു തുടങ്ങിയത്. പിന്നീട് കേരളത്തിലെ വിവിധങ്ങളായ നിർമ്മാണ മേഖലകളിലേയ്ക്ക് അവരുടെ അഭൂതപൂർവ്വമായ കടന്നുവരവുണ്ടായി. അവർ കൈവെയ്ക്കാത്ത ഒരു തൊഴിൽ മേഖലയും കേരളത്തിൽ ഇല്ലാതായി. വാർക്കപ്പണി മുതൽ ഞാറു നടീൽ വരെയുള്ള ഏത് തൊഴിലും ചെയ്യാൻ നമ്മുടെ കൊച്ചു കേരളത്തിൽ ഇന്ന് അന്യസംസ്ഥാന തൊഴിലാളികൾ വേണം. കടത്തിണ്ണകളിലും തടിപ്പുറത്തും കലുങ്കിലും സൊറ പറഞ്ഞിരുന്ന് ലോഡുമായി വരുന്ന ലോറികൾക്കോ ലോഡ് കയറ്റുന്ന ലോറികൾക്കോ ആയി കാത്തിരിക്കുകയും റോഡിന്റെ അറ്റത്ത് കൈമുട്ടിച്ച് അന്യായ കൂലി ഈടാക്കുന്നതിൽ തൽപ്പരരാണ് നമ്മുടെ സ്വന്തം നാട്ടിലെ തൊഴിലാളികളിൽ പലരും. അധികം അദ്ധ്വാനിക്കാതെ പണമുണ്ടാക്കാനുള്ള നമ്മുടെ തൊഴിലാളികളുടെ മനോഭാവമാണ് നമ്മുടെ നാട്ടിലെ തൊഴിൽ സംസ്കാരത്തെ മാറ്റിയതും അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുവരവിനെ സഹായിച്ചതും. തൊഴിലുടമയെ സംബന്ധിച്ച് ചെറിയ കൂലി കൂടുതൽ അദ്ധ്വാനം, അന്യസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ചെങ്കിൽ താരതമ്യേന മികച്ച കൂലി, മെച്ചപ്പെട്ട കാലാവസ്ഥ നൽകുന്ന സുഖം.
അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം മലയാളികളുടെ സ്വൈര്യജീവിതത്തിന് വിഘാതമാകുന്നുണ്ടോ എന്ന് ചോദിച്ചാൽ ‘ഉണ്ട്’ എന്ന് തന്നെയാണ് മറുപടി. സ്വതവേ സ്വസ്ഥവും സ്വൈര്യവുമായ ജീവിതം ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ.
ലോകത്ത് എവിടെയെല്ലാം ചുറ്റിക്കറങ്ങിയാലും ജീവിച്ചാലും സ്വന്തം നാടിന്റെയും വീടിന്റെയും നനുത്ത സ്വാസ്ഥ്യത്തിലേയ്ക്ക് ചുരുങ്ങി ചേക്കേറാൻ താൽപ്പര്യമുള്ളവരാണ് നാം മലയാളികൾ. നമ്മുടെ സാമൂഹിക ജീവിതത്തെ അലോസരപ്പെടുത്തുന്നതൊന്നും നമുക്ക് ഇഷ്ടമല്ല. അതിനാൽ തന്നെ ഈ സങ്കലനം മലയാളിയെ അസ്വസ്ഥരാക്കുന്നു. മാത്രവുമല്ല, അന്യസംസ്ഥാന തൊഴിലാളികളിൽ ചിലരിൽ നിന്നും കേരള സമൂഹം ഇപ്പോൾ ഏറെക്കുറെ നിരന്തരമായി നേരിട്ടുകൊണ്ടിരിക്കുന്ന സ്ത്രീപീഡനം, കൊലപാതകം, മോഷണം തുടങ്ങിയ കൃത്യങ്ങളിൽ നാം ഏറെ ആശങ്കാകുലരാണ്. ഇത്തരം ആശങ്കകൾ കൂടിയാണ് ആൾക്കൂട്ട കൊലപാതകങ്ങൾ പോലെയുള്ള ഈ കർമ്മങ്ങളിലേയ്ക്ക് ചിലരെയെങ്കിലും നയിക്കുന്നതും.
ഈ തൊഴിൽ തേടിയുള്ള വരവിനെ അവസാനിപ്പിക്കാനാവില്ല. എന്നാൽ അവർക്ക് മേലുള്ള നിരീക്ഷണ സംവിധാനം ശക്തിപ്പെടേണ്ടതുണ്ട്. അക്കാര്യത്തിൽ ഗവൺമെന്റിന്റെ ഭാഗത്തു നിന്നും വളരെ കർശ്ശനമായ, കാര്യക്ഷമമായ നിർദ്ദേശങ്ങളും (നിയമങ്ങളും) ഉണ്ടാവേണ്ടതുണ്ട്. കോർപ്പറേഷൻ, മുൻസിപ്പാലിറ്റി, പഞ്ചായത്തുകൾ എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ ഈ തൊഴിലാളികളുടെ കൃത്യമായ വിവരശേഖരണം നടത്തണം. അവർക്ക് താമസരേഖകളോ തൊഴിൽ രേഖകളോ നൽകണം. രേഖകളില്ലാത്തവരെ പണിയെടുപ്പിക്കരുത് എന്ന കർശ്ശന നിർദ്ദേശം തൊഴിലുടമകൾക്ക് നൽകണം. നിയമലംഘനങ്ങൾക്കെതിരെ നിയമം ശക്തമാക്കണം. തൊഴിലാളികൾക്ക് മെച്ചപ്പെട്ട തൊഴിൽ സൗകര്യങ്ങളും താമസസൗകര്യങ്ങളും തൊഴിൽ ദാതാവ് നൽകുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം. അന്യസംസ്ഥാനക്കാരുടെ താമസ ഇടങ്ങളിലും തൊഴിലിടങ്ങളിലും കൃത്യമായ പോലീസ് എക്സൈസ് പരിശോധനകൾ ഉണ്ടാകണം. മയക്കുമരുന്ന്് വാഹകരോ, ഉപഭോക്താക്കളോ ഇവർ ആകാതിരിക്കാൻ ശ്രദ്ധിക്കണം.
മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ജീവിതസാഹചര്യവും നൽകി അവരെ ചേർത്തു നിർത്തി പോവുക എന്നല്ലാതെ, ഒഴിവാക്കി പരിഹരിക്കാവുന്ന പ്രശ്നമല്ല ഇത്.