നിറഞ്ഞ കണ്ണുകളുമായി തമിഴകം ; കരുണാനിധി ഇനി ഓർമ്മയിൽ
വാരാന്ത്യ വീക്ഷണം - ഫിറോസ് വെളിയങ്കോട്
ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആചാര്യനും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ ഡിഎംകെ അദ്ധ്യക്ഷൻ എം. കരുണാനിധിക്ക് നിറഞ്ഞ കണ്ണുകളോടെ യാത്രാമൊഴി. വിഷാദം മുറ്റിയ പ്രാർത്ഥനകളുടെ, ആശങ്കകളുടെ 24 മണിക്കൂറിനൊടുവിൽ തമിഴകം മുങ്ങിയത് വിലാപ കടലിൽ. മൂർച്ചയേറിയ വാക്ക് പ്രവാഹം നിലച്ചു. മുന കൂർത്ത രാഷ്ട്രീയ തന്ത്രങ്ങൾ ഇനി ഇല്ല. ചെന്നൈ കാവേരി ആശുപത്രി പരിസരം അലമുറകളാൽ നിറഞ്ഞു. നിഷ്ഫലമെങ്കിലും, എഴുന്തുവാ കലൈഞ്ജറെ എന്ന് അണികൾ നെഞ്ചുപൊട്ടി വിളിച്ചു. ചിത്രങ്ങളുമായി കാത്തുനിന്ന പലരും തളർന്ന് വീണു. തന്ത്രങ്ങളുടെ തുറുപ്പു ചീട്ടാണ് ഇദ്ദേഹം.
എപ്പോഴാണ് വൈകാരിക പരമായി പ്രതികരിക്കേണ്ടതെന്ന് കരുണാനിധിക്ക് അറിയാം. ദ്രാവിഡത്തവും നാസ്തിക നിലപാടുകളുമായി രംഗത്തെത്തിയ ഡിഎംകെ അങ്ങിനെ തന്നെ മുന്നോട്ട് പോയാൽ വളരില്ലെന്നു കരുണാനിധി കണക്കു കൂട്ടി. ആചാരങ്ങൾക്കൊന്നും പോയില്ലെങ്കിലും അതിൽ വിശ്വസിച്ചു ജീവിക്കുന്നവർക്കെതിരെ താൻ എതിരല്ലെന്ന് പ്രഖ്യാപിച്ചത് വലിയ മാറ്റം തന്നെയായിരുന്നു. ബ്രാഹ്മണർക്കല്ല, ജാതി വ്യവസ്ഥയ്ക്കും, ബ്രാഹ്മണ മേധാവിത്തത്തിനും എതിരെയാണ് എന്ന നിലപാട് മയപ്പെടുത്തി എന്നു തന്നെ പറയാം. മലയാളി അറിയുന്ന കരുണാനിധി കടും പിടിത്തക്കാരനായ രാഷ്ട്രീയക്കാരനാണ്. മക്കൾ രാഷ്ട്രീയത്തിന്റെ വക്താക്കളും. എന്നാൽ ഈ ധാരണകൾക്ക് അപ്പുറമുളള വ്യക്തിത്വം അദ്ദേഹത്തിനുണ്ട്. രാഷ്ട്രീയവും, സാഹിത്യവും, കവിതയും, ചലച്ചിത്ര പ്രതിഭയും കൂടിയാണദ്ദേഹം. പതിനൊന്ന് പ്രാവശ്യമാണ് ഇദ്ദേഹം നിയമ സഭയിൽ എത്തിയത്. അവിടെ 50 വർഷം പിന്നിട്ട തമിഴ് നാട്ടിലെ ഏക നേതാവ്.
തമിഴകത്ത് രാഷ്ട്രീയത്തിലേയ്ക്കുള്ള എളുപ്പ വഴി സിനിമയാണ്. അഭ്ര പാളികളിൽ നിന്ന് അധികാരത്തിലേയ്ക്കുള്ള കുറുക്കു വഴിയാണ് രാഷ്ട്രീയം. ഇതു നന്നായി അറിഞ്ഞവരായിരുന്നു ഡിഎംകെയും, അണ്ണാദുരൈയും. ഇരുവരും സിനിമയെ പിന്തുടർന്ന് രാഷ്ട്രീയത്തിൽ വേരുറപ്പിച്ചവർ. നിരക്ഷരരായ തമിഴ് മക്കൾക്ക് മേൽ ആദർശങ്ങൾ പ്രചരിപ്പിക്കാൻ ഏക മാർഗ്ഗം സിനിമയാണെന്ന് മനസിലാക്കി അതിനെ ഒരായുധമായി എടുത്തവർ.ഒരിക്കലും വിശ്രമിക്കാത്ത മനുഷ്യന് ഇവിടെ വിശ്രമം എന്ന വാക്ക് കരുണാനിധിക്ക് തയ്യാറാക്കിയ സ്വർണ്ണ നിറമുള്ള ശവ മഞ്ചത്തിൽ എഴുതിയത് വളരെ അർത്ഥവത്തായ വാക്കുകളാണ്. 30 വർഷം മുന്പ് തന്റെ ശവമഞ്ചത്തിൽ ഇങ്ങിനെ എഴുതണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മതം നിർണ്ണായക ശക്തിയായ തമിഴ് നാട്ടിലെ മതമില്ലാത്ത നേതാവ്. അതായിരുന്നു കലൈഞ്ജർ. രാമൻ എവിടെയാണ് എൻജിനീയറിംഗ് പഠിച്ചതെന്ന് ചോദിച്ച് ഹിന്ദു വിശ്വാസികളെ ചൊടിപ്പിച്ചു. രാമായണം രചിച്ച വാത്മീകി തന്നെ രാമനെ രാമനെ മദ്യപാനിയെന്നാണ് വിശേഷിപ്പിച്ചതെന്നും പറഞ്ഞു അടുത്ത വിവാദം. എന്തിനും ഏതിനും മുന്നിട്ടു ഇറങ്ങുന്ന ഈ നേതാവിനെ സ്മരിച്ചുകൊണ്ട് തൽക്കാലത്തേയ്ക്ക് ഈ വാരാന്ത്യ വീക്ഷണം വിട പറയുന്നു.