കടക്കു പുറത്ത്
സോന പി.എസ്
ആദ്യമാദ്യം വളരെ പ്രസരിപ്പോടും നിറഞ്ഞ ചിരി ചിരിച്ചും സംസാരിച്ചു തുടങ്ങിയ പെൺകുട്ടിയെ പിന്നെ കണ്ടത് ശബ്ദം ഇടറിയും കണ്ണീർവാർത്തും ജീവിക്കാൻ അനുവദിക്കണമെന്ന് പറഞ്ഞ് കെഞ്ചിയുമാണ്. അപ്പോഴും അവൾക്ക് ചുറ്റുമുണ്ടായിരുന്നു ഒരു കൂട്ടം ആളുകൾ. പിന്നെയും പിന്നെയും ചോദ്യങ്ങൾ ചോദിച്ച് മന:സഘർഷത്തിലേയ്ക്ക് പറഞ്ഞ് വിടുന്ന മാധ്യമപ്രവർത്തകരും. പിന്നീട് ആ പെൺകുട്ടിയുടെ കേണപേക്ഷിക്കുന്ന ദൃശ്യമടങ്ങിയ വീഡിയോ അപ് ലോഡ് ചെയ്തപ്പോൾ അതിനു താഴെ വന്ന കമന്റുകൾ ഇതിലും ഭേദം ആ പെങ്കൊച്ചിനെ അങ്ങ് കൊന്നുകൂടെ എന്ന രീതിയിലായിരുന്നു. ഇന്നത്തെ കച്ചോടം മുടങ്ങി എന്നും പറഞ്ഞ് ഇരിക്കുന്ന ആ പെൺകുട്ടിക്കും മുന്നിൽ തടിച്ചു കൂടിയമാധ്യമ പ്രവർത്തകരിൽ ഏതെങ്കിലും ഒരു മാധ്യമ പ്രവർത്തകനു പറയാമായിരുന്നു, കുറച്ചു നേരത്തേക്കെങ്കിലും ആ കുട്ടിയെ ഒന്ന് വെറുതേ വിടാനോ അല്ലെങ്കിൽ ആ കുട്ടിയോട് അൽപ്പം മനുഷ്യത്വം കാണിച്ചുകൂടെയെന്നോ മറ്റോ. എങ്കിൽ വൈറലുകൾക്ക് വേണ്ടി മാത്രം നെട്ടോട്ടം ഓടുന്ന മാധ്യമ സമൂഹത്തെ ആരും പുച്ഛത്തോടെയും വെറുപ്പോടെയും നോക്കുകയില്ലായിരുന്നു.
വൈറലുകളിൽ നിന്നും മാറി മാധ്യമ ധർമ്മത്തോടൊപ്പം മനുഷ്യത്വപരമായ സമീപനങ്ങളോടും നിലപാടു പുലർത്തുന്ന മാധ്യമ പ്രവർത്തകർ ഉണ്ടായിരുന്നു എന്ന വാർത്ത ഇന്നത്തെ കാലത്ത് കൗതുകമായിരിക്കാം. എന്നാൽ പത്രപ്രവർത്തന ചരിത്രത്തിൽ അത്തരത്തിലുള്ളവരും ഉണ്ടായിരുന്നു. ടി.ജെ.എസ് ജോർജ്ജിന്റെ ഘോഷയാത്രയിൽ അദ്ദേഹം വിവരിക്കുന്നുണ്ട്. അത്ഭുത സോപ്പ് പൊടി നഗരത്തിൽ വന്നിരിക്കുന്നു എന്ന തലക്കെട്ടോടെ ഒരു പരസ്യത്തെ വാർത്താവേഷം കെട്ടി അവതരിപ്പിച്ച എഡിറ്ററുടെ നടപടിയിൽ പ്രതിഷേധിച്ച് ആറു പത്രപ്രവർത്തകർ രാജിവെച്ചു പോയിട്ടുണ്ട് ഇന്ത്യൻ പത്രപ്രവർത്തന ചരിത്രത്തിൽ.
മാർക്കറ്റിംഗ് മേഖലയുമായി വലിയ വിത്യാസം ഇല്ലാത്ത ഒരു മേഖല തന്നെയാണ് മാധ്യമപ്രവർത്തനമെന്ന് മാധ്യമരംഗത്ത് ജോലി നോക്കുന്ന ചിലരെങ്കിലും പറഞ്ഞു കേൾക്കാറുണ്ട്. വിറ്റു പോകുന്ന വാർത്തകൾ പരമാവധി സൃഷ്ടിച്ചു കൊണ്ടിരിക്കുക. പരസ്യവരുമാനത്തെ കണ്ടെത്തുന്ന തരത്തിലേക്ക് വാർത്തകളെ മാറ്റുക. അതുമല്ലെങ്കിൽ നല്ല വാർത്തകൾ ആണെങ്കിൽ പോലും അവ പരസ്യവരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നതാണെങ്കിൽ അത്തരം വാർത്തകൾ കൊടുക്കാതിരിക്കുക. ഏതൊരു ചെറിയ മാധ്യമ സ്ഥാപനത്തിനും നിലനിന്ന് പോകണമെങ്കിൽ ഇങ്ങനെയൊക്കെ പോകേണ്ടതുണ്ട് എന്ന യാഥാർത്ഥ്യം പലർക്കും അറിയാം. ആദർശത്തിനും മാധ്യമധർമ്മത്തിനും അപ്പുറമാണ് മാധ്യമസ്ഥാപനങ്ങളുടെ നിലനിൽപ്പ് എന്നു മനസ്സിലാക്കികൊണ്ട് തന്നെയാണ് മാധ്യമപഠനം കഴിഞ്ഞെത്തുന്ന വിദ്യാർത്ഥികൾ തങ്ങളുടെ തൊഴിലിടങ്ങളിലേയ്ക്ക് കയറി ചെല്ലുന്നത്. വാർത്തകളേക്കാൾ വൈറലുകൾക്ക് പ്രാധാന്യം നൽകി പലരും മാധ്യമങ്ങൾക്കിടയിലെ മത്സരങ്ങൾക്കിടയിൽ കൊന്പുകോർക്കുന്നു. ഇതിനിടയിൽ എപ്പോഴോ യഥാർത്ഥ വാർത്തയും വായനക്കാരും നഷ്ടമാകുന്നു. വാർത്തകളെ വൈറലുകളാക്കാൻ ശ്രമിച്ചതിന്റെ ഫലമാണ് ഒരു പെൺകുട്ടിയെ വിടാതെ പിൻതുടരുന്ന മാധ്യമങ്ങൾക്ക് നേരെ ജനം വെറുപ്പോടെയും പുച്ഛത്തോടെയും നോക്കിയത്.
പത്രപ്രവർത്തന മേഖലയിൽ നിലപാടു കൊണ്ട് അല്ലെങ്കിൽ മനുഷ്യത്വപരമായ സമീപനങ്ങൾകൊണ്ട് ഞെട്ടിച്ചവരും ഉണ്ടെന്ന് മനസ്സിലാക്കുന്നത് ആൾക്കൂട്ടം കല്ലെറിയുന്നതിന് മുന്പോ, കടക്കു പുറത്ത് എന്ന് ആക്രോശിക്കുന്നതിനു മുന്പോ മാധ്യമ സമൂഹം മനസ്സിലാക്കുന്നത് നന്നായിരിക്കും. കാരണം ജനാധ്യപത്യ രാജ്യത്തിന് മാധ്യമങ്ങളും മാധ്യമപ്രവർത്തകരും അനിവാര്യമാണ്.