ഇടുക്കി ഡാമും പെരിയാറും
ഇ.പി അനിൽ
epanil@gmail.com
പൊതുവെ മോശമായിരുന്ന ഇടവപ്പാതി മഴക്കാലം ഏറെ നാളുകൾക്ക് ശേഷം കൂടുതൽ ലഭിച്ചത് സംസ്ഥാനത്തിന് മറ്റൊരു തിരിച്ചടിയാകുന്നു എങ്കിൽ അതിനുള്ള കാരണങ്ങൾ കൂടി ഭാവിയിൽ പരിഗണിക്കുവാൻ സർക്കാരിന് ഉത്തരവാദിത്തം ഉണ്ട്. കേരളം വരൾച്ചയുടെ പിടിയിൽ ആയി എന്ന് പൊതുവേ പരിഭവിക്കുന്പോൾ മഴക്കാലം മഴക്കെടുതിയിൽ മുങ്ങി പോകുകയും ചെയ്യുന്നു. അങ്ങനെ കാലാവസ്ഥയുടെ ഭാഗമായി എല്ലാ മാസങ്ങളും ദുരന്തങ്ങൾ പേറുന്ന സംസ്ഥാനമായി കേരളം മാറുന്നു എങ്കിൽ അത് കേരളത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കാതെ തരമില്ല.
കേരളത്തിന് 3000 mm പ്രതിവർഷം മഴ ലഭിക്കുന്നുണ്ട്. ഇതിന്റെ അർത്ഥം 38860 ച.km വിസ്താരമുള്ള കേരളത്തെ 3 മീറ്റർ ഉയരത്തിൽ നിറയ്ക്കുവാൻ ആവശ്യമായ വെള്ളം കിട്ടുന്നു എന്നാണ്. അതുകൊണ്ട് തന്നെ ജലക്ഷാമം മലയാളിക്ക് കേട്ടു കേൾവി മാത്രമായിരുന്നു. മല നിരകളിലെ ചോലകളിൽ നിന്നും മറ്റു നീരുറവകളിൽ നിന്നും പൈപ്പുകളിൽ നേരിട്ട് വീടുകളിലേയ്ക്ക് വെള്ളം എത്തിക്കുക സാധാരണമായിരുന്നു. വർഷത്തിൽ എല്ലാ മാസവും ഇങ്ങനെ വെള്ളം കിട്ടി വന്നിരുന്നു. ഇന്നിപ്പോൾ സാഹചര്യങ്ങൾ മാറിയതായി കാണാം. 1975 മുതൽ കാലാവസ്ഥയിൽ ഉണ്ടായ മാറ്റങ്ങൾ വരൾച്ചക്ക് കാരണമായി. 2001 മുതൽ തുടർച്ചയായി വരൾച്ച കേരളത്തിന്റെ കാർഷിക രംഗത്തെ ബാധിച്ചതായി നമുക്കറിയാം. അധിക മഴയെ എങ്ങനെയാണ് ഗുണപരമായി മാറ്റുവാൻ കഴിയുക എന്ന് കേരളത്തിലെ വിവിധ വകുപ്പുകൾ പരിഗണിക്കേണ്ടതുണ്ട്. മഴക്കാല രോഗങ്ങൾ വർദ്ധിച്ചു വരുന്നു എന്നത് നമ്മുടെ ആരോഗ്യ രംഗത്തിന്റെ കാര്യക്ഷമതയില്ലായ്മയെ സൂചിപ്പിക്കുന്നുണ്ട്.
നമ്മുടെ സംസ്ഥനത്തെ മൊത്തം ജല ലഭ്യത 6.62 billion ക്യുബിക്ക് മീറ്റർ ആയിരിക്കെ പെയ്തിറങ്ങുന്ന മഴയിൽ 55% വെള്ളം മാത്രമേ മണ്ണിലേയ്ക്ക് ഇറങ്ങി പോകുന്നുള്ളു. കേരളത്തിലെ മണ്ണുകൾക്ക് വെള്ളത്തെ ആഗിരണം ചെയ്യുവാനുള്ള കഴിവ് മറ്റിടങ്ങളുമായി താരതമ്യം ചെയ്താൽ കുറവാണ്. മണ്ണിന്റെ ഘനം 30 മീറ്റർ വരുന്നു. പെയ്തിറങ്ങുന്ന മഴയിൽ 45%വും കടലിൽ എത്തുവാൻ പരമാവധി 12 മണിക്കൂർ പോലും വേണ്ടി വരുന്നില്ല. കേരളത്തിന്റെ ഭൂഗർഭ ജലത്തിന്റെ വർദ്ധന ശരാശരി 47% ആണ്. ഈ കാര്യത്തിൽ ചെങ്കൽ കല്ലുകൾ നിറഞ്ഞ കാസർഗോഡ് 71% മുന്നിൽ ഉണ്ട്. പാലക്കാട് കേവലം 17% ഭൂഗർഭ ജല വർദ്ധനവേ ഉണ്ടാകുന്നുള്ളൂ. ഭൂഗർഭ ജലവിതാനം 980 mm ക്യുബ് വെച്ച് കുറയുന്പോൾ മണ്ണിലേയ്ക്ക് എത്തുന്ന വെള്ളം 8134 mm ക്യൂബ് ആണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഭൂഗർഭ ജല വിതാനത്തിൽ 5% എങ്കിലും കുറവ് ഉണ്ടായി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ചിറ്റൂർ, മലന്പുഴ തുടങ്ങി 23 ബ്ലോക്കുകൾ ജല ക്ഷാമത്തിൽ എത്തിക്കഴിഞ്ഞു.
കഴിഞ്ഞ രണ്ടു മാസമായി പെയ്യുന്ന മഴ സംസ്ഥാനത്തെ 78 ഡാമുകളെയും നിറച്ചു. അതിൽ ഏറ്റവും വലിയ ഡാമാണ് ഇടുക്കിയിൽ സ്ഥിതി ചെയ്യുന്ന ഇടുക്കിയിലെ ആർച്ച് ഡാം. പെരിയാർ നദിയിലെ ആകെയുള്ള 12 ഡാമുകളിൽ ഏറ്റവും മുകളിൽ മുല്ലപ്പെരിയാർ. സ്ഥിതി ചെയ്യുന്നു. അതിനു താഴെ ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂന്ന് ഡാമുകൾ ഇടുക്കി, ചെറുതോണി, കുളമാവ് എന്നിവ പണികഴിപ്പിച്ചു. അതിനും താഴെ ലോവർ പെരിയാർ, ഭൂതത്താൻകെട്ട് അങ്ങനെ പോകുന്നു ഡാമുകളുടെ പട്ടിക. കേരളത്തിലെ വൈദ്യുതി ഉത്പ്പാദനത്തിൽ നല്ലപങ്കും വഹിക്കുന്ന (780 MW) ഇടുക്കി ഡാം ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമുകളിൽ ഒന്നാണ്. 1992നു ശേഷം പരമാവധി സംഭരണ ശേഷിയിലേയ്ക്ക് സംഭരണി അടുത്തു വരുന്നു. ഏകദേശം 4.5 ലക്ഷം ക്യുബിക്ക് മീറ്റർ വെള്ളം 60 ചതു.km ലായി ഉണ്ട്. ജല വിതാന ശേഷി 2400 അടിക്ക് മുകളിൽ ആണെങ്കിലും 2397 അടിയിലെത്തിയാൽ ചെറുതോണി ഡാം ഷട്ടറുകൾ തുറക്കുവാനുള്ള തയ്യറെടുപ്പുകൾ സർക്കാർ വേഗത്തിലാക്കും. ഡാമുകൾ സ്ഥിതി ചെയ്യുന്ന പെരിയാർ നദിയുടെ താഴെ ഭാഗങ്ങളിലൂടെ വെള്ളം സ്വതന്ത്രമായി ഒഴുകുവാൻ അവസരം ഉണ്ടായെങ്കിൽ മാത്രമേ ഡാമിൽ നിന്നും വരുന്ന വെള്ളം അപകടം വരുത്തി വെക്കാതെ അറബിക്കടലിൽ പതിക്കുകയുള്ളൂ. ഇതിനു മുന്പ് ഡാമുകൾ നിറയുന്ന അവസ്ഥ ഉണ്ടായപ്പോൾ 1 കോടി ഘന അടി വെള്ളം ഒഴുക്കി വിട്ടിരുന്നു. (28.32 കോടി ലിറ്റർ വെള്ളം അഥവ 2.83 ലക്ഷം ഘനമീറ്റർ) ഒഴുകി ഇറങ്ങുന്ന വെള്ളത്തെ സ്വീകരിക്കുവാൻ എത്ര മാത്രം ശക്തമാണ് ഇന്നു ചെറുതോണിപ്പുഴയും പെരിയാറും? ചെറുതോണി ഗ്രാമത്തിലൂടെ ഒഴുകുന്ന വെള്ളം കീരിത്തോട് വഴി ലോവർ പെരിയാർ, നേര്യമംഗലം, ഭൂതത്താൻ കെട്ട് (ഡാം) പെരുന്പാവൂർ, കാലടി, നെടുന്പാശ്ശേരി, ആലുവ, ഏലൂർ വഴി വേന്പനാട് കായലിൽ എത്തി അറബിക്കടലിൽ പതിക്കുന്നു.
പെരിയാർ നദിയുടെ ഏറ്റവും മുകളിൽ സ്ഥിതി ചെയ്യുന്ന മുല്ലപെരിയാർ ഡാമിന്റെ പഴക്കവും അതിന്റെ ബാലക്ഷതവും പരക്കെ ഉൽഖണ്ധ ഉണ്ടാക്കിയിട്ടും പെരിയാർ നദിയുടെ വീതിയിലും മറ്റും ഉണ്ടായ കുറവും നദിയുടെ ഉത്ഭവ സ്ഥലങ്ങളിൽ സംഭവിച്ച വനനശീകരണം മുതലുള്ള വിഷയങ്ങളിൽ നമ്മുടെ സർക്കാർ ഗൗരവതാരമായി ഇടപെടുവാൻ വിമുഖരാണ്. നദിയുടെ സംരക്ഷണത്തിന് അതിന്റെ വൃഷ്ടി പ്രദേശവും തീരവും നിർണ്ണായകമാണ്. നദിയുടെ പകുതി വീതി ഓരോ വശത്തേയ്ക്കും നദിക്കായി മാറ്റിയിടണമെന്ന് അറിയാത്തവരായി ആരും ഉണ്ടാകില്ല. Costal Regulation Zone Act 100 മീറ്ററിനെ സംരക്ഷിക്കേണ്ടതിനെ പറ്റി പറയുന്നു. എന്നാൽ പ്രസ്തുത നിയമത്തിൽ ഇളവ് അനുവദിക്കുവനുള്ള സർക്കാർ പ്രയത്നം ആരെ പരിഗണിച്ചായിരിക്കും എടുത്തുകൊണ്ടിരിക്കുന്നത്?
പെരുന്പാവൂർ ആലുവ തീരങ്ങളിൽ 200 ലധികം കെട്ടിട സമുച്ചയങ്ങൾ പണിതുയർത്തിയത് ഒറ്റപ്പെട്ട സംഭവമല്ല. വൻകിട കടന്നുകയറ്റങ്ങൾ ചെറുതോണി മുതൽ വേന്പനാട് കായൽ വരെ തുടർന്നു വരുന്നു. വേന്പനാട് കായലിന്റെ വിസ്താരം 45% കുറഞ്ഞു (55000 ഹെക്ടർ ഇപ്പോൾ വലിപ്പം 13500ലെത്തി) ആഴത്തിൽ 60% കുറവുണ്ടായി. Carrying Capacity 2.45 cubic Kilo meter ൽ നിന്നും 0.56 Cubic kilo Meter ആയി മാറി. തോടുകൾ വിഷം ഒഴുകുന്ന കനാലുകൾ ആയി മാറുകയും പെരിയാർ, ചാലക്കുടി പുഴകൾ വിഷനദികളായി അറിയപ്പെടുന്നു. പുഴ ചുമന്ന് ഒഴുകുന്നതും മത്സ്യങ്ങൾ കൂട്ടത്തോടെ ഇല്ലാതാകുന്നതും ഒക്കെ നിരവധി വ്യവസായ യുണിറ്റുകൾ നടത്തുന്ന അപകടകരമായ മലിനീകരണം കൊണ്ടാണ് എന്ന് സർക്കാർ സമ്മതിക്കുന്നില്ല. ചാലക്കുടി പുഴയും മലീനകരണത്താൽ അമ്ലമയമായി മാറി. ചാലിയാർ പുഴയുടെ അവസ്ഥയും വ്യത്യസ്തമല്ല.ലോകത്തെ ഏറ്റവും കൂടുതൽ കോളി ഫോം ബാക്റ്റീരിയയുടെ സാന്നിദ്ധ്യം ഉള്ള നദിയായി പന്പ ഒഴുകുന്നു. (ഒരു ലിറ്ററിൽ 500നു പകരം 3.5 ലക്ഷം എണ്ണം) കടൽ മത്സ്യം പോലും വൻതോതിൽ കുറയുന്നു. ഉൾനാടൻ മത്സ്യവും കക്കയും വിരളമായി.
ബാംഗ്ലൂർ നഗരവും ചെന്നെ മുംബൈ ഒക്കെ വെള്ളപോക്കത്താൽ വീർപ്പു മുട്ടികൊണ്ടിരിക്കുന്ന വാർത്തകൾ നമ്മുടെ ആസൂത്രൂകരെ ഒന്നും പഠിപ്പിച്ചിട്ടില്ല. എന്ന് കാണാം. കുട്ടനാട് മുങ്ങിതാഴുന്ന സാഹചര്യം ചേർത്തലക്കു വടക്കോട്ടും അവർത്തിക്കുവാൻ പെരിയാറിലെ വെള്ളപൊക്കം അവസരം ഉണ്ടാക്കും.
നദികളെ നവീകരിക്കാം. നദികളെ വൃത്തിയാക്കി നിലനിർത്താം തുടങ്ങിയ സർക്കാർ വാദങ്ങൾ ഇവിടെ ഓർക്കേണ്ടതുണ്ട്. നദിയുടെ കരകളിലെ 50 മീറ്റർ മുതൽ 100 മീറ്റർ വരെയുള്ള കടന്നുകയറ്റം ഒഴിവാക്കി സംരക്ഷിക്കുവാൻ ബാധ്യതയുള്ള സർക്കാർ ഇവിടെ നിശബ്ദരാണ്. മലകളും താഴ്്വരകളും നദികളും ചതിപ്പുകളും പാടങ്ങളും ഉണ്ടായതും നിലനിൽക്കുന്നതും അതിനു ചുറ്റുമുള്ള പ്രകൃതിയുടെ നിരന്തരമായ ഇടപെടലിലൂടെയാണ് എന്ന് എവർക്കുമറിയാം.
മൺസൂണും പശ്ചിമഘട്ടവും അറബിക്കടലും കൂടി സമ്മാനിച്ച കേരളക്കരയിലെ ഓരോ മഴയും ഓരോ നീരുറവയും ഒരോ കാലാവസ്ഥയും അനുഭവിക്കുവാൻ മാത്രം അർഹതയുള്ളവരായ നമ്മളിൽ ചിലർ, തങ്ങളുടെ താൽപ്പര്യങ്ങളെ മാത്രം മുൻനിർത്തി നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങൾ കേരളത്തെ അട്ടിമറിക്കുകയാണ്. കാട് ഖനികൾക്കുള്ളതും മരം തടി വ്യവസായത്തെയും പുഴകൾ പൂഴികൾക്കായും പാടവും ചതുപ്പുകളും കെട്ടിട നിർമ്മാണത്തിനും കായൽ ടൂറിസം വ്യവസായത്തിനും കടൽ തീരം പഞ്ചനക്ഷത്ര ഹോട്ടലുകൾക്കും എന്ന ബോധം നമ്മുടെ പ്രകൃതി നിരക്ഷരതയെ, അതുവഴി പാളം തെറ്റിയ വികസന സമീപനത്തെ ഓർമ്മിപ്പിക്കുന്നു.
ദീർഘവീക്ഷണമില്ലാത്ത സർക്കാർ നയങ്ങൾ എങ്ങനെയാണ് ജൈവ സാന്നിദ്ധ്യത്തെ തന്നെ അസാധ്യമാക്കുന്നതെന്ന് തെക്കൻ ആഫ്രിക്കയിലെ Cape Town ഓർമ്മിപ്പിക്കുന്നു. 2014ൽ ജലസംരക്ഷാ അവാർഡ് വാങ്ങി എടുത്ത നാട്ടിലെ ജനങ്ങളോടായി പ്രതിദിനം 50 ലിറ്റർ വെള്ളമേ പരമാവധി ഉപയോഗിക്കാവൂ എന്ന കർക്കശ നിർദ്ദേശം ഉണ്ടായിരിക്കുന്നു. നൈറോബി നഗരവും വൻ പ്രതിസന്ധിയിലാണ്. ബീജിംഗ് നഗരത്തിൽ പ്രതിവർഷം ഒരു മീറ്റർ വീതം ഭൂഗർജലം കുറയുന്നു. മെക്സിക്കോയിൽ ഒഴുകി ഇറങ്ങുന്ന ജലത്തിന്റെ മൂന്നിലധികം ജലം എടുത്തു കൊണ്ടിരിക്കുന്നു.
രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന ബാംഗ്ലൂർ ജലക്ഷാമത്തിലാണ്. 1973ൽ കെട്ടിടങ്ങളുടെ സാന്നിദ്ധ്യം നഗര ഭൂമിയുടെ 8% ആയിരുന്നു. ഇന്നത് 77% സ്ഥലങ്ങളിൽ വ്യാപിച്ചു. ഉണ്ടായിരുന്ന 250 കുളങ്ങൾ എല്ലാം നാമാവിശേഷമായി. വരും നാളുകളിൽ ജനസംഖ്യ 2 കോടിയിൽ എത്തും. കേപ്ടൗൺ ഇന്നനുഭവിക്കുന്ന ക്ഷാമത്തിലേയ്ക്ക് ബാംഗ്ലൂർ എത്തിച്ചേരുവാൻ കൂടുതൽ നാളുകൾ വേണ്ടി വരില്ല. ഒരു നദി ഉണ്ടാകണമെങ്കിൽ എത്ര വലിയ കാടുകൾ (catchment-drainage ഏരിയ) അനുബന്ധ പരിസരങ്ങൾ ഉണ്ടാകണം.എന്ന് ശാസ്ത്രൻജ്ഞമാർ വിശദമാക്കുന്നുണ്ട്. 100 sq km വൃഷ്ടി പ്രദേശം ഒരു നദിയുടെ രൂപീകരണത്തിന് വേണ്ടിവരും. അവിടെ ഉണ്ടാകുന്ന വന നശീകരണം അതിന്റെ നിലനിൽപ്പിനു ഭീക്ഷണിയാണ്. കബിനി നദിയുടെ catchment area 7040 sq km ആണ്.ചാലിയാർ പുഴയുടെ drainage area കേരളത്തിൽ 2535 ഉം തമിഴ്നാട്ടിൽ 388 ഉം ആണ്. പെരിയാറും ഭാരതപുഴയും 5400, 6185 sq km ൽ വെള്ളം എത്തിക്കുന്നു. നദികൾ സംരക്ഷിക്കുവാൻ നമ്മുടെ കാടും മല നിരകളും നിലനിർത്തി. ഏക വിള തോട്ടങ്ങളെ പരമാവവധി നിരുത്സാഹപ്പെടുത്തി, കീടനാശിനി, കളനാശിനികളെ, നിയന്ത്രിച്ച്, മലിനജലം ശുദ്ധീകരിച്ച്, വെള്ളത്തിന്റെ ph 7ൽ നിലനിർത്തി, ഭൂഗർഭ ജല സ്രോതസ്സുകളെ പൂർണ്ണമായും സംരക്ഷിക്കണം. മലയാളത്തിന്റെ മഴകൾ (വയനാടിന്റെ നൂൽ മഴകൾ, ഇടവപ്പാതിയും കർക്കിട മഴയും മറ്റും) എന്നും ഒഴുകുന്ന നദികളും മീനും. അവയുടെ എക്കൽ തീർത്ത ഇടനാട്, പാടവും തോപ്പുകളും കായലും കടൽ തീരവും. ഇടവപ്പാതിയിൽ ഒഴുകി മറിയുന്ന തോടുകളിലെ ഊത്തകളുടെ കയറ്റം. ലോകത്തിൽ എവിടെയും ഇല്ലാത്ത എല്ലാവർഷവും ഉണ്ടാകുന്ന ചാകര ഇവയൊക്കെ എന്നവേശിക്കുന്ന ഇടങ്ങൾ നാട്ടിൽ വിരളമായി കഴിഞ്ഞു. സംസ്ഥാനത്തെ 50% ഗ്രാമങ്ങളും അതിലേറെ നഗരങ്ങളും നാമവിശേഷമാണ്. 65 ലക്ഷം കിണറുകൾ 10000 ലധികം കുളങ്ങൾ ഉപയോഗ ശൂന്യമാണ്. എന്നിട്ടും നമ്മുടെ സർക്കാർ വികസനത്തിന്റെ പേരിൽ നദികളുടെയും കായൽ കൈയ്യേറ്റം നടത്തിയുള്ള വികസനത്തെയും വാനോളം പുകഴ്ത്തുന്നു. ഏറ്റവും അവസാനം കായൽ നികത്തി നിർമ്മിച്ച കൊച്ചിയിലെ ഗൾഫ് കച്ചവടക്കാരന്റെ കണവെൻഷൻ സെന്റർ നാടിന്റെ അഭിമാനമായി മുഖ്യമന്ത്രി അവതരിപ്പിക്കുന്നു.
കേരളത്തിന്റെ മരിച്ചു കൊണ്ടിരിക്കുന്ന നദികൾ, അരുവികൾ കായൽ പരപ്പുകൾ ഇവയെ നിലനിർത്തണമെങ്കിൽ നമ്മുടെ മലനിരകൾ, കാടുകൾ പൂർണ്ണമായും സംരക്ഷിക്കാതെ കഴിയില്ല. നമുക്ക് നഷ്ടപ്പെട്ട 9 ലക്ഷം ഹെക്റ്റർ കാടുകൾ, 7 ലക്ഷത്തോളം ഹെക്ക്ടർ നിലം, ഒഴുക്ക് നിലച്ച നിറം മാറി ഒഴുകുന്ന നദികളിലേയ്ക്ക് എത്തുന്ന വിഷ ദ്രാവകങ്ങൾ, മനുഷ്യ വിസർജ്ജ്യം ഇവയെ പറ്റി ഗൗരവതരമായി പഠിക്കുവാനും നഷ്ടപ്പെട്ടവയെ പൂർവ്വ സ്ഥിതിയിൽ ആക്കുവനും പദ്ധതികൾ ആവിഷ്ക്കരികണം. നിയമ ലംഘന ക്വാറികളെ നിയമപരമാക്കുവാൻ വെന്പുന്ന കേരള സർക്കാർ, കുറുഞ്ഞി താഴ്്വരയെ പരിഗണിക്കാത്ത സർക്കാർ, തോട്ടം കോർപ്പറേറ്റുകളുടെ മാത്രം താൽപര്യങ്ങളെ മാനിക്കുന്ന സർക്കാർ, വിഷം വമിക്കുന്ന വ്യവസായ ശാലകളെ നിയന്ത്രിക്കാത്ത സർക്കാരും അവരുടെ സഹായികളും ഒക്കെ കേരളത്തിൽ ബഹുമുഖമായ പ്രതിസന്ധികൾ ക്ഷണിച്ചു വരുത്തുകയാണ്.
പുഴ നടത്തത്തിലൂടെ മാത്രം നദികളും നീരുറവകളും സംരക്ഷിക്കുവാൻ കഴിയും എന്ന് പറഞ്ഞാൽ അതിനെ മറ്റൊരു തമാശയായി കരുതണം. CRZ നിർദ്ദേശങ്ങളെ അട്ടിമറിക്കുന്നതിൽ തൽപ്പരരായ സർക്കാർ സംവിധാനങ്ങൾ വരൾച്ചയെ പറ്റിയും ഒപ്പം വെള്ളപ്പൊക്കത്തെ പറ്റിയും വ്യാകുലപ്പെടുന്നത് ദുരന്തം വിതക്കുന്പോൾ മാത്രമാണെങ്കിൽ കേരളത്തിന്റെ സ്ഥിതി ഗതികളെ കുറെക്കൂടി വഷളാക്കി തീർക്കും. മഴയെ അനുഗ്രഹമായി കണ്ടു കൊണ്ട്, നീരൊഴുക്കുകൾ ദുരന്തമായി തീരാ തിരിക്കണമെങ്കിൽ നമ്മുടെ കാടുകളും നദികളും നെൽപ്പാടങ്ങളും സ്വാഭാവികമായി നിലനിൽക്കേണ്ടതുണ്ട്.