കേരളത്തിലെ ഊർജ്ജവിപ്ലവം
സ്വന്തം ലേഖകൻ
കേരളം ഇപ്പോൾ ഏറെ വേവലാതിയോടെ നോക്കി കാണുന്ന വിഷയം ഇടുക്കി ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ടതാണ്. ഡാം തുറന്നാൽ ഉണ്ടാകാൻ പോകുന്ന നാശനഷ്ടങ്ങൾ തിട്ടപ്പെടുത്താൻ കഴിയില്ല. ഡാമിലെ ജലനിരപ്പ് ഉയർന്നുവരുന്നതുകൊണ്ട് ഡാം തുറക്കാതിരിക്കാനും സാധ്യമല്ല. സർക്കാർ വേണ്ട സുരക്ഷ മുൻകരുതലുകളെല്ലാം ഒരുക്കിയിട്ടുണ്ട്. ജനങ്ങൾ അവരുടെ നിർദ്ദേശങ്ങൾ കൈകൊണ്ട് സഹകരിക്കുക മാത്രമാണ് ഇപ്പോൾ ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം.
കനത്തമഴയെ തുടർന്ന് ചരിത്രത്തിലാദ്യമായാണ് ജൂലൈ മാസത്തിൽ ഡാം നിറയുന്നത്. ഡാം കമ്മീഷൻ ചെയ്തത് 1976ലായിരുന്നു. രണ്ടുതവണ ഡാമിന്റെ ഷട്ടറുകൾ തുറക്കേണ്ടിവന്നിട്ടുണ്ട്. 1981-ൽ രണ്ടുവട്ടം. ഒക്ടോബർ 29 മുതൽ നവംബർ നാലുവരെയും നവംബർ ഒന്പത് മുതൽ 11 വരെയും. 1992-ലും രണ്ട് വട്ടം ഷട്ടറുകൾ തുറന്നു. ഒക്ടോബർ 13 മുതൽ 16 വരെയും നവംബർ 16 മുതൽ 23 വരെയും. കുറവൻ, കുറത്തി മലകളുടെ ഇടുക്കിലൂടെ കുത്തിയൊഴുകുന്ന പെരിയാർ അണകെട്ടി നിർത്തിയാലോ എന്ന് ആദ്യം ചിന്തിച്ചത് ഇറ്റലിക്കാരനായ ജേക്കബ് എന്ന എഞ്ചിനീയറായിരുന്നു. ഇദ്ദേഹം 1919-ൽ തിരുവിതാംകൂർ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല. 1922-ൽ ആദിവാസി മൂപ്പനായ കരുവെള്ളായൻ കൊലുന്പൻ മലങ്കര എേസ്റ്ററ്റ് സൂപ്പർവൈസറായ ഡബ്ല്യു.ജെ. ജോണിന് പ്രകൃതിയുടെ ഈ അത്്ഭുതം ചൂണ്ടിക്കാട്ടിയതോടെയാണ് അണക്കെട്ടിന്റെ ശരിക്കുള്ള ചരിത്രം തുടങ്ങുന്നത്. 1932-ൽ ഇദ്ദേഹം എഞ്ചിനീയറും സഹോദരനുമായ പി.ജെ തോമസിന്റെ സഹായത്തോടെ ഈ ഇടുക്കിൽ എളുപ്പത്തിൽ അണകെട്ടി ജലസേചനവും വൈദ്യുതോത്പാദനവും സാധിക്കുമെന്ന് തിരുവിതാംകൂർ സർക്കാരിനെ അറിയിച്ചു.
ഇതിനുശേഷം പഠനങ്ങളും മറ്റും നടന്നെങ്കിലും പദ്ധതിയെക്കുറിച്ച് അത്യാവശ്യം സമഗ്രമായ ഒരു റിപ്പോർട്ട് തയ്യാറാക്കുന്നത് 1947-ൽ തിരുവിതാംകൂർ ഇലക്ട്രിക്കൽ എഞ്ചിനീയറായ ജോസഫ് ജോണാണ്. 1961-ലാണ് പദ്ധതിക്കായി ആധുനികരീതിയിലുള്ള പ്ലാൻ തയ്യാറാക്കിയത്. ഇതിന് 1963 ജനുവരിയിൽ പ്ലാനിങ് കമ്മിഷന്റെ അംഗീകാരം ലഭിക്കുകയും വൈദ്യുതബോർഡ് സാന്പത്തികച്ചുമതല ഏറ്റെടുക്കുകയും ചെയ്തു. 1967-ൽ 78 ലക്ഷം ഡോളറിന്റെ സഹായധനവും 115 ലക്ഷം ഡോളറിന്റെ ദീർഘകാല വായ്പയും നൽകാമെന്ന കരാറിൽ കാനഡ ഇന്ത്യയുമായി ഒപ്പുവെച്ചു. 1968 ഫെബ്രുവരി 17-ന് നിർമ്മാണം ആരംഭിച്ച ഡാം 1976 ഫെബ്രുവരി 12-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് രാഷ്ട്രത്തിന് സമർപ്പിച്ചത്. മൂലമറ്റം പവർഹൗസിലെ ആറ് ജനറേറ്ററുകൾ പിന്നീട് ഘട്ടംഘട്ടമായാണ് പ്രവർത്തന ക്ഷമമായത്. സമുദ്രനിരപ്പിൽ നിന്നും 925 മീറ്റർ ഉയരമുള്ള കുറത്തിമലയ്ക്കും 839 മീറ്റർ ഉയരമുള്ള കുറവൻ മലയ്ക്കും ഇടയിൽ കമാനം വിരിച്ച് കിലോമീറ്ററുകളോളം പരന്നുകിടക്കുകയാണ് ഈ പദ്ധതി. ഉയരത്തിൽ ഏഷ്യയിൽ രണ്ടാമനായ ചെറുതോണിയിലെ ആർച്ച് ഡാം, അഞ്ച് ഷട്ടറുകളുള്ള ചെറുതോണി അണക്കെട്ട്, കുളമാവ് ഡാം, മൂലമറ്റം പവർ ഹൗസ് എന്നിവയൊക്കെ ഉൾപ്പെടുന്നതാണ് ഇടുക്കി പദ്ധതി.
66 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഒറ്റയൊരു ജലസംഭരണി. ഉപ്പുതറ മുതൽ കുളമാവ് വരെ. ഇതിനുള്ളിൽ വെള്ളം തടഞ്ഞ് നിർത്താനായി മൂന്ന് അണക്കെട്ടുകൾ. പെരിയാറിന് 526.29 ചതുരശ്ര കിലോമീറ്റർ, ചെറുതോണിയാറിന് 123.02 ചതുരശ്ര കിലോമീറ്റർ, കിളിവള്ളിത്തോടിന് 0.91 ചതുരശ്രകിലോമീറ്റർ എന്നിവിടങ്ങളിൽനിന്നുള്ള വെള്ളം സംഭരണിയിലേക്ക് എത്തും. ആദ്യമുള്ളത് ചെറുതോണിയിലെ ആർച്ച് ഡാം (കമാന അണക്കെട്ട്). ഡബിൾ കർവേച്ചർ പരാബോളിക് തിൻ ആർച്ച് രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ആർച്ച് ഡാമിൽ മൂന്ന് വ്യത്യസ്ത നിലകളിൽ ഇൻസ്പെക്ഷൻ ഗാലറികളുമുണ്ട്.
അടുത്തത് ചെറുതോണി അണക്കെട്ടാണ്. ഉയരം 138.38 മീറ്റർ. പെരിയാറിന്റെ കൈവഴിയായ ചെറുതോണി പുഴയെ ഗതിമാറ്റിയാണ് ഈ അണകെട്ടിയിരിക്കുന്നത്. 34 അടി വീതിയും 50 അടി ഉയരവുമുള്ള അഞ്ച് ഷട്ടറുകളുള്ളത് ഇവിടെയാണ്. അതിനാൽ തന്നെ ഇടുക്കി അണക്കെട്ടിലെ ഏറ്റവും പ്രധാനഭാഗം ഇവിടെയാണെന്ന് പറയാം. പെരിയാറിൽനിന്നും കവിയുന്ന വെള്ളം ചെറുതോണി പുഴയിലൂടെ രക്ഷപ്പെടാതിരിക്കാനാണ് ആർച്ച് ഡാമിന് മൂന്നു കിലോമീറ്റർ ഇപ്പുറത്ത് മാറി ഒരു അണകൂടി കെട്ടിയത്.
2080.26 മീറ്റർ അകലത്തിലുള്ള കുളമാവാണ് അവസാനത്തെ അണക്കെട്ട്. മൂവാറ്റുപുഴയാറിന്റെ പോഷക നദിയായ കിളിവള്ളിവരെ നീണ്ടു കിടക്കുന്ന സംഭരണിയിൽ കിളിവള്ളി തോടിനുകുറുകെ ഒരു അണകെട്ടിയിരിക്കുകയാണ്. പകുതി കരിങ്കല്ലിലും ബാക്കി കോൺക്രീറ്റിലും തീർത്ത ബലവത്തായ അണ. ഇവിടെ നിന്നാണ് തുരങ്കം വഴി മൂലമറ്റം പവർഹൗസിലേയ്ക്ക് വെള്ളം എത്തിക്കുന്നത്. ഈ വെള്ളം ഉപയോഗിച്ച് ആറ് ജനറേറ്ററുകൾ കറക്കിയാണ് കേരളത്തിന് വെളിച്ചംപകരുന്നത്. ഒരുദിവസം പൂർണ്ണതോതിൽ ജനറേറ്ററുകൾ പ്രവർത്തിപ്പിച്ചാൽ 18 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും. വൈദ്യുതി ഉത്പാദനത്തിനുശേഷം വെള്ളം കുടയത്തൂർ പുഴയിലേക്ക് ഒഴുക്കിവിടും.
അതികഠിനമായ വെള്ളപ്പൊക്കങ്ങളിൽനിന്നും ദുരിതങ്ങളിൽനിന്നും കൊച്ചിയെയും എറണാകുളം, തൃശ്ശൂർ ജില്ലകളിലെ പടിഞ്ഞാറൻ ദേശങ്ങളെയും പെരിയാറിന്റെ ഇരുകരകളിലുള്ളവരെയും കാക്കുന്നത് ഇടുക്കി അണക്കെട്ടാണ്. അതുകൊണ്ട് തന്നെ രണ്ട് മലകളുടെ ഇടുക്കിൽ പ്രകൃതി ഒളിപ്പിച്ച മഹാദ്ഭുതമെന്ന് അണക്കെട്ടിനെ വിശേഷിപ്പിക്കാറുണ്ട്.