ഭരതസ്പർശം
പി.പി
ഇന്ന് ജൂലൈ മുപ്പത്. ഭരതൻ എന്ന അതുല്യ പ്രതിഭ നമ്മിൽ നിന്നും വേർപിരിഞ്ഞിട്ട് ഇരുപത് വർഷമാകുന്നു. വർഷങ്ങൾ ഇങ്ങിനെ കൊഴിഞ്ഞു വീണിട്ടും ഭരതൻ എന്ന സംവിധായകൻ ജിവിച്ചിരിക്കുന്നില്ലെന്ന് വിശ്വസിക്കുവാൻ ചലചിത്രാസ്വദകരായ മലയാളികൾ ഇന്നും ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന്റെ സിനിമകൾ ടെലിവിഷനിൽ വരുന്പോഴൊക്കെ ഗൃഹാതുരമായ മനസ്സോടുകൂടി അവ ഏറ്റുവാങ്ങുന്നു. വൈശാലിയും, അമരവും, വെങ്കലവും, തകരയും, ചാമരവും, താഴ്്വാരവും സൃഷ്ടിച്ച ഈ പ്രതിഭ നമ്മുടെ മനസ്സിൽ നിന്ന് അല്ലെങ്കിലും എങ്ങിനെ മറയാനാണ്.
കണ്ണിനു മുന്പിലെ ഓരോ ദൃശ്യവും ഓരോ ജീവിതമാണെന്ന് ചിന്തിക്കുകയും അത്തരം ചിന്തകളിലൂടെ മലയാളികൾക്ക് ജീവിത ഗന്ധിയായ ഒട്ടേറെ നല്ല ചിത്രങ്ങൾ കാഴ്ചവെക്കുകയും ചെയ്തിട്ടുള്ള മലയാളത്തിലെ ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് ഭരതൻ. അതുകൊണ്ട് തന്നെ അദ്ദേഹം നമ്മിൽ കോറിയിട്ട ഓർമ്മകൾക്ക് മരണമില്ല. ചിത്രകാരനായിരുന്നു മലയാളത്തിന്റെ സ്വന്തം ഭരതൻ. അഭ്രപാളിയിൽ മിഴിവാർന്ന ചിത്രങ്ങൾ വരച്ചിട്ട മാന്ത്രികനായ ചിത്രകാരൻ. ഓരോ ഫ്രെയിമിനും സൗന്ദര്യത്തിന്റെ നിറക്കൂട്ട് ചാർത്തിച്ച കലാകാരൻ. സ്നേഹവും പകയും കാമവും കാരുണ്യവുമെല്ലാം ഒരു ചിത്രം പോലെ ഭരതൻ സിനിമകൾ പ്രേക്ഷകമനസ്സിൽ കോറിയിട്ടു. ഭരതന്റെ നായികമാർ ഫ്രയിമിന്റെ പുറത്ത് ഉള്ളതിനേക്കാൾ സുന്ദരിമാരായി സ്ക്രീനിൽ തിളങ്ങി. തകരയിലെ നായികയ്ക്ക് ഭരതന്റെ കാമറയിൽ ലഭിച്ച സൗന്ദര്യം തന്നെ ഉദാഹരണം. സ്ത്രീ സൗന്ദര്യത്തിന്റെ അഭൗമഭാവങ്ങൾ ഭരതൻ സിനിമകളിൽ നിറഞ്ഞു നിന്നു എന്നാൽ ഭരതന്റെ സിനിമയിൽ രതി കഥയുടെ ഭാഗമായിരുന്നു. ജീവിതത്തിലെ മറ്റെല്ലാ വികാരങ്ങളേയും പോലെ രതിയും സ്വാഭാവികമായി കടന്നുവന്നു. ഒരിക്കലും അശ്ലീലമായതൊന്നും അവിടെ കണ്ടില്ല. നിറക്കൂട്ടുകൾക്ക് സംഗീതവും ഒരു പക്ഷെ ഗന്ധവുമുണ്ടെന്ന് നാം തിരിച്ചറിയുന്നത് ഭരതൻ ചിത്രങ്ങളിലൂടെയാണ്. പെയിന്റിംഗുകളും ശിൽപങ്ങളും തീർക്കുന്ന അതേ ഏകാഗ്രതയോടെയാണ് ഭരതൻ തന്റെ ഓരോ സിനിമകളും ഒരുക്കിയത്. സിനിമ എന്ന മാധ്യമത്തിന്റെ കരുത്തും വശ്യതയും സൗന്ദര്യവും ലയിപ്പിച്ച ചിത്രങ്ങളായിരുന്നു ഭരതൻ സൃഷ്ടിച്ചത്.
1946 നവംബർ 14ന് വടക്കാഞ്ചേരിയിലായിരുന്നു ഭരതന്റെ ജനനം. അച്ഛൻ വടക്കാഞ്ചേരി എങ്കക്കാട് പാലിശ്ശേരി പരമേശ്വരൻ നായർ. അമ്മ കാർത്ത്യായനിയമ്മ. ഭരതന്റെ ഓരോ ഫ്രെയിമും പോലെ ഏറെ മനോഹരമാണ് ഭരതന്റെ ജന്മഗ്രാമവും. അടിസ്ഥാനപരമായി ചിത്രകാരായിരുന്നു ഭരതൻ. ബാല്യം മുതൽ വരകളുടേയും വർണ്ണങ്ങളുടേയും ലോകമായിരുന്നു ഭരതന്റേത്. അതുതന്നെയാണ് മനുഷ്യബന്ധങ്ങളുടെ ചായക്കൂട്ടുകൾ കൊണ്ട് സെല്ലുലോയ്ഡിന്റെ ക്യാൻവാസിൽ ജീവിത ചരിത്രങ്ങൾ വരയ്ക്കാൻ ഭരതനെ പ്രേരിപ്പിച്ചതും.
സിനിമയുമായുള്ള ബന്ധം തുടങ്ങുന്നത് അച്ഛന്റെ സഹോദരൻ പി.എൻ മേനോനിൽ നിന്നാണ്. തൃശ്ശൂർ ഫൈൻ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹത്തിന്റേയും കലാ സംവിധായകൻ എസ്കെ പാലിശ്ശേരിയുടേയും സഹായിയായി പരസ്യകലയിലും കലാസംവിധാനത്തിലും പരിചയിച്ച ശേഷമാണ് ഭരതന്റെ സിനിമയിലേയ്ക്കുള്ള വഴി തുറന്നത്. ഗന്ധർവ്വ ക്ഷേത്രത്തിന്റെ കലാസംവിധായകനായി സിനിമാ ലോകത്തെത്തിയതോടെ ആഴത്തിൽ സൗന്ദര്യബോധമുള്ള ഒരു ചലച്ചിത്രകാരൻ ജനിക്കുകയായിരുന്നു. ചിത്രംവരയും പോസ്റ്ററെഴുത്തുമായി കഴിയാനായിരുന്നു ഭരതനിഷ്ടം. നടൻ കുഞ്ചനും സുധീറുമൊത്ത് ഹോട്ടൽ മുറി പങ്കിട്ടു താമസം. കുഞ്ചനും സുധീറുമൊക്കെ ശ്രദ്ധിക്കപ്പെട്ടപ്പോൾ ഭരതന് അഷ്ടിക്കു ബുദ്ധിമുട്ടില്ലാതെയായി. തുടർന്ന് പത്മരാജന്റെ രചനയിൽ പ്രയാണം എന്ന ചിത്രത്തിലൂടെ സംവിധായകനായി. പിന്നീട് അന്പതോളം ചിത്രങ്ങൾ ഭരതൻ സംവിധാനം ചെയ്തു. തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഭരതൻ സ്പർശമുള്ള ചിത്രങ്ങളുണ്ടായി. കമലഹാസനും ശിവാജി ഗണേശനും തകർത്തഭിനയിച്ച തേവർ മകനും, തകരയുടെ റിമേക്കായ ആവാരം പൂവുമെല്ലാം ഭരതൻ തമിഴകത്തിന് നൽകിയ ചലചിത്ര കാവ്യങ്ങളാണ്. തന്റെ ചിത്രങ്ങൾക്കും മറ്റു ചിത്രങ്ങൾക്കും ഭരതൻ ചെയ്ത പോസ്റ്ററുകൾ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മലയാള സിനിമാ പരസ്യരംഗത്ത് മാറ്റങ്ങളുടെ കേളകൊട്ടായി. വൈശാലി, താഴ്്വാരം, ചുരം, ചാട്ട, വെങ്കലം, സന്ധ്യമയങ്ങും നേരം, കാറ്റത്തെ കിളിക്കൂട്, കേളി തുടങ്ങിയവയുടെ ശീർഷകങ്ങൾ രൂപകല്പ്പനയിൽ പുതിയ വികാരവും വിചാരവും വ്യക്തമാക്കുന്നവയായിരുന്നു.
തിരുവനന്തപുരത്തു ബുദ്ധിജീവികളുടെ കേദാരമായിരുന്നു ടാഗോർ തീയറ്ററിനടുത്തുള്ള നികുഞ്ജം ഹോട്ടൽ. അവിടുത്തെ സായാഹ്ന ചർച്ചകളിൽ ആ കാലത്ത് തലസ്ഥാനത്ത് തന്പടിച്ച ഭരതനും പത്മരാജനും നെടുമുടിയും അരവിന്ദനുമൊക്കെ പങ്കെടുത്തിരുന്നു.
കന്പോള സിനിമയുടെ വർണ്ണപ്പകിട്ടിഴിവാക്കി ജീവിതഗന്ധികളായ കഥകൾ, പച്ചമനുഷ്യരുടേയും പ്രകൃതിയുടേയും കഥകൾ വളച്ചുകെട്ടില്ലാതെ അഭ്രപാളികളിലാവിഷ്കരിക്കാനായിരുന്നു ഭരതനിഷ്ടം. അതിൽ സെക്സിനും വയലൻസിനും അമിത പ്രാധാന്യം നൽകുന്നുവെന്ന് വിമർശകർ ദോഷം കണ്ടെത്തി. പക്ഷേ മറ്റുള്ളവർ തൊടാൻ മടിച്ച വിഷയങ്ങൾ അസാമാന്യ കയ്യൊതുക്കത്തോടെ സധൈര്യം വെള്ളിത്തിരയിലെത്തിക്കാൻ ഭരതനെ കഴിഞ്ഞേ ഒരു സംവിധായകനുള്ളുവെന്ന് ഈ നിരൂപകർ പോലും സമ്മതിച്ചു. ഭരതൻ പത്മരാജൻ കൂട്ടുകെട്ടിൽ പുറത്തുവന്ന രതിനിർവ്വേദം, തകര, തുടങ്ങിയ ചിത്രങ്ങൾ കന്പോളവിജയവും കലാമുല്യവും ഒരുമിച്ച് ഉരപ്പുവരുത്തി. കാക്കനാടന്റെ പറങ്കിമല, അടിയറവ് തുടങ്ങിയ കഥകളും നാഥന്റെ ചാട്ട, വിജയൻ കാരോട്ടിന്റെ മർമ്മരം, ജോൺ പോളിന്റെ ചാമരം, മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, സന്ധ്യമയങ്ങു നേരം, തിക്കോടിയന്റെ ഇത്തിരിപ്പൂവേ ചുവന്നപൂവേ, ലോഹിദാസിന്റെ പാഥേയം, വെങ്കലം, അമരം തുടങ്ങിയ സിനിമകൾക്ക് പ്രത്യേക സ്ഥാനം ഇന്നും പ്രേക്ഷക മനസ്സിലുണ്ടെങ്കിൽ അതിന് ഭരതനോട് നാം കടപ്പെട്ടിരിക്കുന്നു.
മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ എം.ടി വാസുദേവൻ നായരുടെ രണ്ടു തിരക്കഥകൾ, വൈശാലിയും, താഴ്്വാരവും സിനിമയാക്കിയപ്പോഴും നിരൂപകർ വാഴ്ത്തുന്ന ഭരതൻ സ്പർശം അവയ്ക്കു നൽകി പുതുമയുള്ള ദൃശ്യാനുഭൂതിയാക്കി മാറ്റാൻ ഭരതനു കഴിഞ്ഞു. ഗ്രാമീണനായ ഭരതന്റെ മനസ്സു നിറയെ ഗ്രാമങ്ങളായിരുന്നു. ചിത്രങ്ങളിലെല്ലാം ആ ഗ്രാമീണന്റെ വീക്ഷണം തെളിഞ്ഞു. ഭരതൻ ചിത്രങ്ങളിലാണ് ഭരത് ഗോപിയും നെടുമുടിവേണുവും തിളങ്ങുന്ന പ്രകടനം കാഴ്ചവെച്ചത്. മർമ്മരവും ഓർമ്മയ്ക്കായും വൈശാലിയും ഒക്കെ അംഗീകാരങ്ങൾ വാരിക്കൂട്ടി.
ഭരതൻ ചിത്രങ്ങളിലെ ഓരോ ഫ്രെയിമിലും ചിത്രകാരന്റെ കരസ്പർശം തെളിഞ്ഞു നിന്നു. വൈശാലിയും പ്രയാണവുമടക്കം പല ചിത്രങ്ങളുടേയും തിരക്കഥ പൂർണ്ണമായും പെയിന്റിംഗുകളാക്കി മുൻകൂട്ടി വരച്ചു. മലയാളത്തിൽ ഒട്ടേറെ കഴിവുറ്റ നടീനടൻമാരെ അവതരിപ്പിച്ചതിനുള്ള ക്രെഡിറ്റും ഭരതനുതന്നെ. അരവിന്ദന്റെ തന്പിലൂടെ രംഗത്തുവന്ന നെടുമുടിവേണുവിന്റെ അഭിനയനൈപുണ്യം നാം അനുഭവിച്ചറിഞ്ഞത് ആരവം, ആരോഹണം, തുടങ്ങിയ ഭരതൻ ചിത്രങ്ങളിലൂടെയാണ്. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലെ അഭിനയത്തിന് നെടുമുടി വേണു ദേശീയ തലത്തിൽ മികച്ച നടനുള്ള അവാർഡിന് അവസാനവട്ടം വരെ മത്സരിച്ചു. ഭരത് ഗോപിക്ക് അവാർഡുകൾ നേടികൊടുത്ത കാറ്റത്തെ കിളിക്കൂട്, മർമ്മരം, ഓർമ്മയ്ക്കായി, സന്ധ്യമയങ്ങും നേരം തുടങ്ങിയവയും ഭരതന്റേതു തന്നെ. മമ്മൂട്ടി എന്ന നടന്റെ നടനവൈഭവം മുഴുവൻ അമരം, പാഥേയം, കാതോടുകാതോരം, ഇത്തിരിപ്പൂവെ ചുവന്ന പൂവെ തുടങ്ങിയ ചിത്രങ്ങളിലൂടെ പുറത്തുകൊണ്ടുവന്ന ഭരതൻ കാറ്റത്തെ കിളിക്കൂട്, താഴ്്വാരം എന്നീ ചിത്രങ്ങളിലൂടെ മോഹൻലാൽ എന്ന നടന്റെ തീർത്തും വ്യത്യസ്ത മുഖങ്ങളും കാണിച്ചു തന്നു.
ലോറിയിലൂടെ ഭരതൻ അവതരിപ്പിച്ച പുതുമുഖമാണ് പിന്നീട് ശ്രദ്ധേയനായ അച്ചൻകുഞ്ഞ്. പറങ്കിമലയിലൂടെ നടി സൂര്യയേയും ലോറിയിലൂടെ നിത്യയേയും അവതരിപ്പിച്ചു. നിദ്രയിലൂടെ ശാന്തികൃഷ്ണ, വിജയ് മേനോൻ, തകരിയിലൂടെ സുരേഖ, പ്രതാപ് പോത്തൻ, കെജി മേനോൻ, രതിനിർവ്വേദത്തിലൂടെ കൃഷ്ണചന്ദ്രൻ, കാറ്റത്തെ കിളിക്കൂടിലൂടെ രേവതി, ചിലന്പിലൂടെ ബാബുആന്റണി, വൈശാലിയിലൂടെ സഞ്ജയ്, സുപർണ, ഓർമ്മയ്ക്കായിലൂടെ നടൻ രാമു, താഴ്്വാരത്തിലൂടെ സലീം ഗൗസ്, പാർവ്വതിയിലൂടെ തമിഴ് നടി ലത, നീലക്കുറിഞ്ഞി പൂത്തപ്പോൾ എന്ന ചിത്രത്തിലൂടെ ഗിരീഷ് കർണാഡ്, മാളൂട്ടിയിലൂടെ ബേബി ശ്യാമിലി, പാഥേയത്തിലൂടെ ചിപ്പി എന്നിവരെയെല്ലാം മലയാളത്തിൽ അവതരിപ്പിച്ചത് ഭരതനാണ്. ഒഴിവുകാലം എന്ന ചിത്രത്തിൽ പുത്രി ശ്രീകുട്ടിയേയും ഭരതൻ അഭിനയിപ്പിച്ചു.
കലാസംവിധായകനായി പ്രവർത്തിക്കുന്ന സമയത്തു തന്നെ പിന്നീട് ഭാര്യയായ കെപിഎസി ലളിതയ്ക്കു ഭരതനെ പരിചയമുണ്ട്. ഒരിക്കൽ നെല്ലിയാന്പതിയിൽ ഭരതന്റെ ചിത്രത്തിലഭിനയിക്കാനെത്തിയ ലളിതയോട് ഭരതൻ ചോദിച്ചു “നമ്മളെ ചേർത്ത് എല്ലാവരും കഥ മെനയുന്നു എന്നാൽ പിന്നെ നമുക്കങ്ങ് പ്രേമിച്ചാലോ” അങ്ങിനെ കുടുംബങ്ങൾ തമ്മിൽ ആലോചിച്ച് ഇവർ തമ്മിലുള്ള വിവാഹം നടക്കുകയും ലളിത ഭരതന്റെ ജിവിത സഖിയാകുകയുമായിരുന്നു.
ചിത്രകാരനെന്ന പോലെ നല്ലൊരു സംഗീതജ്ഞനുമായിരുന്നു ഭരതൻ. ഈണം എന്ന സ്വന്തം ചിത്രത്തിനാണ് ഭരതൻ ആദ്യമായി സംഗീതം പകർന്നത്. തുടർന്ന് കാതോട് കാതോരത്തിലൂടെ വയലിനിസ്റ്റായിരുന്ന ഒൗസേപ്പച്ചനുമായി ചേർന്ന് പാട്ടുകൾ ചിട്ടപ്പെടുത്തി. ചിലന്പ് തുടങ്ങി കുറേ ചിത്രങ്ങൾക്ക് ഈ കൂട്ടുകെട്ട് ഈണം നൽകിയിട്ടുണ്ട്. സംഗീത സംവിധായകൻ ജോൺസനെ പരിചയപ്പെടുത്തിയതും ഭരതൻ തന്നെ. കേളയിലെ “താരം വാൽക്കണ്ണാടി നോക്കി” എന്ന ഗാനം ഭരതന്റെ സംഗീത സ്പർശത്തിൽ പുറത്തുവന്നതാണ്.
കുഞ്ചൻ നന്പ്യാർ എന്ന ഇതിഹാസം എന്നും ഭരതനെ മോഹിപ്പിച്ചിരുന്നു. നന്പ്യാരുടെ ജിവിതകഥ സിനിമയുടെ കാൻവാസിലേയ്ക്ക് പകർത്തുവാൻ അദ്ദേഹം ആഗ്രഹിച്ചു. പക്ഷേ ആ മോഹം ബാക്കിയാക്കിയാണ് ഭരതൻ വിടപറഞ്ഞത്. 1998 ജൂലൈ 30നാണ് ഭരതൻ മരണത്തിന് കാൻവാസ് സമർപ്പിച്ച് മടങ്ങിയത്. പക്ഷേ നമ്മുടെയൊക്കെ മനസ്സിൽ ആ പ്രതിഭയുടെ മിന്നലാട്ടങ്ങൾ അണഞ്ഞുപോകില്ല. കാരണം അമരത്വം നേടിയ ഭരതൻ ചിത്രങ്ങളും, ഭരതൻ സിനിമാവേദിക്കു സമ്മാനിച്ച ഒരുപറ്റം കഴിവുറ്റ സിനിമാക്കാരും ഇവിടെയുണ്ട്. ചലചിത്രരംഗത്തുള്ള അവരുടെ ഓരോ ശ്രമങ്ങളും ഭരതനുള്ള അഞ്ജലിയാണ്.