ലൈംഗികതയെ അറിയാത്ത നിയമങ്ങൾ
ജെ. ബിന്ദുരാജ്
എബിസി ചാനലിലെ നൈറ്റ് ലൈന്റെ അവതാരകയായ കാറ്റി കോറിക് കഴിഞ്ഞ ഏപ്രിലിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസുള്ള സെക്സ് റോബോട്ടുകളുമായി ഒരു അഭിമുഖം നടത്തിയിരുന്നു. ലെസ്ബിയൻ റോബോട്ടായ ഹാർമണിയോട് അവരുടെ സുഹൃത്താകാൻ താൻ താൽപര്യപ്പെടുന്നുവെന്ന് കാറ്റി പറഞ്ഞപ്പോൾ ‘ഒരു സുഹൃത്തിനപ്പുറം പലതുമാകാൻ തനിക്ക് താൽപര്യമുണ്ടെന്നായിരുന്നു’ ഹാർമണിയുടെ മറുപടി. അൽപ്പമൊന്ന് പതറിപ്പോയ കാറ്റി ‘തനിക്ക് ഫ്രണ്ട്ഷിപ്പിനപ്പുറം മറ്റൊന്നുമാകാൻ താൽപ്പര്യമില്ലെന്ന്’ മറുപടി നൽകുകയും ചെയ്തു. റോബോട്ടുമായി സെക്സിലേർപ്പെടുന്നതിനെപ്പറ്റി വരെ ലോകം ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ഭാരതീയ സംസ്കാരം നിലനിർത്താൻ ഇന്ത്യയിൽ അവിഹിത ബന്ധത്തിൽ ഭർത്താവിനൊപ്പം ഭാര്യയേയും കുറ്റക്കാരിയാക്കുന്ന മട്ടിൽ നിയമം ഭേദഗതി ചെയ്യണമെന്ന് കേന്ദ്ര സർക്കാർ വാദിക്കുന്നതും സ്വവർഗരതി കുറ്റകരമാണെന്ന 377ാം വകുപ്പ് ഇല്ലാതാക്കാൻ സുപ്രീം കോടതിയിൽ നിയമപോരാട്ടം നടക്കുന്നതുമൊക്കെ. ഇതൊക്കെ സംഭവിക്കുന്നത് ലൈംഗികതയുടെ കാര്യത്തിൽ ഒരു കാലത്ത് തുറന്ന സമീപനം വെച്ചുപുലർത്തുകയും രതിരീതികളെപ്പറ്റി ആഴത്തിൽ പഠിച്ച വാത്സ്യായന്റെ കാമസൂത്രം എഴുതപ്പെട്ട നാട്ടിലാണെന്നുമാണ് ഏറ്റവും ദയനീയമായ കാര്യം.
ലൈംഗികതയെ അറിയുകയും ആസ്വദിക്കുകയും ചെയ്യുന്നതിനു പകരം ലൈംഗികതയെ ഒരു വലിയ കുറ്റകൃത്യം പോലെ കാണുന്ന സമൂഹത്തിന്റെ ഇടയിലാണ് ഇന്ന് നമ്മുടെ ജീവിതം. അടിച്ചമർത്തപ്പെട്ട ലൈംഗികതയാണ് ബലാത്സംഗത്തിലേക്കും ലൈംഗിക പീഡനങ്ങളിലേക്കുമൊക്കെ നയിക്കുന്നതെന്ന യാഥാർത്ഥ്യം തിരിച്ചറിയാതെ, മാറിയ കാലത്തും ലൈംഗികതയെപ്പറ്റി ചർച്ച ചെയ്യുന്നതുപോലും വിലക്കുന്ന ഒരു സമൂഹമാണ് കേരളത്തിലുള്ളത്. യന്ത്രമനുഷ്യരുമായുള്ള ലൈംഗികബന്ധത്തെപ്പറ്റിയും വിവാഹത്തെപ്പറ്റിയുമൊക്കെ വരെ ലോകം ചിന്തിക്കുന്പോഴും നമ്മൾ സദാചാരം പറഞ്ഞും നൂറ്റാണ്ടുകളുടെ കാലഹരണപ്പെട്ട നിയമങ്ങൾ പുറത്തെടുത്തും മതപരമായ വിഡ്ഢിത്തങ്ങൾ വിളന്പിയും ജനതയെ ഭയപ്പെടുത്തി വെച്ചിരിക്കുകയാണ് ഇപ്പോഴും. ശരീരത്തിലുള്ള ലൈംഗികാവയവത്തെ ഭീതിയോടെ നോക്കിക്കാണുകയും എല്ലാ ജീവജാലങ്ങൾക്കും നൈസർഗികമായ ലൈംഗികചോദനയുണ്ടെങ്കിലും മനുഷ്യന്റേതിന് നൂറുകണക്കിനു നിയമങ്ങളുടെ നൂലാമാലകളിടുകയും ചെയ്തിരിക്കുന്നു നമ്മൾ. സദാചാര സംബന്ധിയായ അബദ്ധ വിചാരങ്ങളാൽ മലിനമാക്കപ്പെട്ട മനസ്സുള്ള, ഇന്ത്യയിലെ സ്വയം പ്രഖ്യാപിത പരിഷ്കൃതസമൂഹം എത്രത്തോളം അപരിഷ്കൃതമാണെന്ന് നമ്മുടെ നിയമചർച്ചകളും സംവാദങ്ങളും തെളിയിക്കുന്നുണ്ട്. പ്രണയത്തെ ഭയക്കുകയും ലൈംഗികതയെ അമർച്ച ചെയ്തുെവയ്ക്കുകയും ചെയ്യുന്ന സമൂഹത്തിന് സ്വയംഭോഗം പോലും വലിയ പാപമാണ്. പിന്നെ എങ്ങനെയാണ് ആ സമൂഹത്തിന് സ്വവർഗ ലൈംഗികതയേയും സ്വാഭാവിക ലൈംഗികതയേയും പോലും ഉൾക്കൊള്ളാനാകുക?
സാമൂഹികമായും മാനസികമായും കുടുംബപരമായും വരിഞ്ഞുമുറുക്കപ്പെട്ട ഒരു ജീവിതമാണ് ഇന്ത്യക്കാരന്റേത്. ലൈംഗികതയുടെ കാര്യത്തിലാണ് ആ പിരിമുറുക്കം അതിന്റെ മൂർധന്യത്തിലെത്തി നിൽക്കുന്നത്. പുരുഷനും പുരുഷനും തമ്മിലുള്ള ആകർഷണവും സ്ത്രീയും സ്ത്രീയും തമ്മിലുള്ള ആകർഷണവുമെല്ലാം സ്ത്രീയും പുരുഷനും തമ്മിലുള്ള ആകർഷണം പോലെ തന്നെ സ്വാഭാവികമാണെന്നും അതിൽ അന്പരക്കേണ്ടതായി ഒന്നുമില്ലെന്നും ശാസ്ത്രലോകം കാലങ്ങൾക്കു മുന്നേ പറഞ്ഞുവച്ചുവെങ്കിലും ഇനിയും അതൊന്നും ബോധമണ്ഡലത്തിലേയ്ക്ക് ഉൾക്കൊള്ളാൻ നമുക്കായിട്ടില്ലെന്നതാണ് സത്യം. അസംഖ്യം സദാചാരക്കുരുക്കുകളിൽപ്പെട്ട യാഥാസ്ഥിതിക മതങ്ങൾ പോലും സ്വവർഗലൈംഗികതയെ അംഗീകരിച്ചിട്ടും ഇന്ത്യൻ സമൂഹവും നിയമവും ഇപ്പോഴും അതിനുനേരെ മുഖം തിരിച്ചു നിൽക്കുകയാണ്. സ്വവർഗലൈംഗികത ആയാലും കുടുംബത്തിനുള്ളിലെ അവിഹിതബന്ധമായാലുമെല്ലാം എല്ലാത്തിനേയും ക്രിമിനൽ കുറ്റമായിക്കാണുകയും പ്രതി ചേർക്കപ്പെടുന്നവന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന കാര്യത്തിൽ നീതിന്യായാസനങ്ങളും പുരോഗമനവാദികളുമെല്ലാം ഒറ്റക്കെട്ടായിരുന്നു ഇതുവരെ. അഞ്ചു വർഷം മുതൽ പത്തുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളായി മാറി അവയിൽ പലതുമെന്നതിനു പുറമേ, പോലീസുകാർക്ക് എൽ ജി ബി ടി കമ്യൂണിറ്റിയുടെ മേൽ തങ്ങളുടെ അതിക്രമങ്ങൾ നിർബാധം നടത്താനുള്ള തുറുപ്പുശീട്ടു കൂടിയായിരുന്നു ഈ നിയമം.
ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 377ാം വകുപ്പു തന്നെ ആദ്യം പരിശോധനയ്ക്കെടുക്കാം. സ്വകാര്യതയിൽ ഒരേ ലിംഗക്കാർ തമ്മിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമാണെന്ന 377ാം വകുപ്പ് ദൽഹി ഹൈക്കോടതി റദ്ദാക്കിയത് 2009ലായിരുന്നു. ഇന്ത്യയിലെ ലൈംഗിക ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം ഈ വിധിന്യായം തുടർന്ന് പല അവകാശങ്ങളും ചോദിച്ചുവാങ്ങാനുള്ള ഒരു ചവിട്ടുപടിയായി മാറേണ്ടതായിരുന്നു ലിംഗസമത്വത്തിലേക്കും ലിംഗനീതിയിലേക്കുമൊക്കെ മുന്നേറാൻ അതവർക്ക് വലിയ ഊർജം പകർന്നുകൊടുക്കാൻ ഏറെ സഹായകമാകുകയും ചെയ്യുമായിരുന്നു. എന്നാൽ യാഥാസ്ഥിതിക മതസംഘടനകൾ ഈ വിധിന്യായത്തെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയിൽ അപ്പീൽ നൽകി. 2013ൽ സുപ്രീം കോടതി ദൽഹി ഹൈക്കോടതിയുടെ വിധിന്യായം റദ്ദാക്കുകയും സ്വവർഗഭോഗം ശിക്ഷാർഹമാണെന്ന 377ാം വകുപ്പ് ഭരണഘടനാപരമായി നിലനിൽക്കുന്നതാണെന്നും വിധിച്ചു. ഇന്ത്യയിൽ വളരെ ചെറിയൊരു ശതമാനം പേർ മാത്രമേ സ്വവർഗരതിക്കാരായി ഉള്ളുവെന്ന വിചിത്രമായ ഒരു ന്യായവും സ്വവർഗരതിയുടെ നിരോധനം തുടരുന്നതിന് അനുമതി നൽകിയ വിധിയിൽ സുപ്രീം കോടതി ഉന്നയിച്ചിരുന്നുവെന്നതാണ് ദയനീയം. ഇതിനു പുറമേ, 377ാം വകുപ്പ് ഭേദഗതി ചെയ്യുന്നതും റദ്ദാക്കുന്നതിന്റേയുമൊക്കെ ഉത്തരവാദിത്തം ഇന്ത്യൻ പാർലമെന്റിനാണെന്ന് പറഞ്ഞ് സുപ്രീം കോടതി കൈയൊഴിയുകയും ചെയ്തു. ഇതേ തുടർന്ന് നാസ് ഫൗണ്ടേഷനും സ്വവർഗരതിക്കാരുടെ സംഘടനകളും ക്യുറേറ്റീവ് ഹർജി നൽകി. 2016 ഫെബ്രുവരി ആറിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂർ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ ചുമതലപ്പെടുത്തി. 2017 ഓഗസ്റ്റിൽ സ്വകാര്യത മൗലികാവകാശമായി സുപ്രീം കോടതി അംഗീകരിച്ചതോടെ സ്വകാര്യമായി സ്വവർഗ്ഗ ലൈംഗികതയിൽ ഏർപ്പെടുന്നത് കുറ്റകരമല്ലെന്ന് വരുമെന്നു വന്നു. ഇതേ തുടർന്നാണ് 2018യിൽ പഴയ വിധിന്യായം പുനപ്പരിശോധിക്കാൻ കോടതി തീരുമാനിക്കുന്നത്. ആണായാലും പെണ്ണായാലും രണ്ടു വ്യക്തികൾ തമ്മിൽ പരസ്പര സമ്മതത്തോടെ, ലൈംഗികതയിൽ ഏർപ്പെടുന്നതിൽ രാഷ്ട്രത്തിനെന്തു കാര്യം എന്ന സ്വാഭാവികമായ ചോദ്യത്തിന് മറുപടി നൽകാൻ പോലും ഇത്രകാലമായിട്ടും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് കഴിഞ്ഞിട്ടില്ലെന്നത് ദയനീയമായ കാര്യമാണെന്ന കാര്യത്തിൽ തർക്കമില്ല. മതസ്ഥാപനങ്ങളാണ് 377ാം വകുപ്പ് നിലനിർത്തണമെന്ന കാര്യത്തിൽ ശാഠ്യം പിടിക്കുന്നത്. അവരുടെ ദൃഷ്ടിയിൽ സ്വവർഗരതി കുടുംബവ്യവസ്ഥിതിക്കു നേരെയുള്ള വെല്ലുവിളിയും അവരുടെ മതപ്രമാണങ്ങളുടെ ലംഘനവുമാണ്. 377-ാം വകുപ്പ് ഇല്ലാതാക്കിയാൽ സംഘരതിയും ലൈംഗികരോഗങ്ങളുമൊക്കെ വ്യാപിക്കുമെന്നാണ് അവരുടെ വാദം. പക്ഷേ തീർത്തും വ്യക്തിപരമായ ഒരു തെരഞ്ഞെടുപ്പാണ് സ്വന്തം ലൈംഗികതയെന്നതിനാൽ മതസ്ഥാപനങ്ങൾക്ക് ഒരു വ്യക്തിയുടെ സ്വകാര്യതയിൽ ഇടപെടാൻ എന്താണ് അധികാരം എന്നതാണ് പ്രധാനപ്പെട്ട കാര്യം.
മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി സമൂഹത്തിന്റെ ഉന്നത ശ്രേണികളിൽ വിരാജിക്കുന്നവർ സ്വവർഗ ലൈംഗികതയ്ക്ക് അനുകൂലമായും 377-ാം വകുപ്പ് ഇല്ലാതാക്കുന്നതിനുമായി നിലകൊള്ളാൻ തുടങ്ങിയിട്ടുണ്ടെന്നതുമാണ് കുറച്ചെങ്കിലും ആശ്വാസം പകരുന്ന വ്യതിയാനം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) യിൽ നിന്നും എഞ്ചിനീയർമാരായി മാറിയ 350 പേരോളം വ്യക്തികളെ പ്രതിനീധീകരിക്കുന്ന പ്രവിറ്റി എന്ന സംഘടന സ്വവർഗ്ഗ ലൈംഗികതയ്ക്കു മേലുള്ള ഇന്ത്യൻ സർക്കാരിന്റെ നിരോധനം ഇല്ലാതാക്കണമെന്നും 377-ാം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോൾ സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഐഐടികളിലെ പൂർവവിദ്യാർത്ഥികളും വിദ്യാർത്ഥികളുമായ 20 പേർ തങ്ങൾ സ്വവർഗതിക്കാരാണെന്നും നിലവിലെ നിയമം തങ്ങളെ ക്രിമിനലുകളായാണ് കണക്കാക്കുന്നതെന്നും അത് തങ്ങളെ കടുത്ത വിഷാദരോഗത്തിലേക്ക് നയിച്ചുവെന്നുമൊക്കെ സുപ്രീം കോടതിക്കു നൽകിയ പരാതിയിൽ പറയുന്നുമുണ്ട്. സ്വവർഗരതി ഒരു മനുഷ്യസഹജമായ ഒരു യാഥാർത്ഥ്യമാണെന്നും അത് കുറ്റകൃത്യത്തിന്റെ തലത്തിൽ വരേണ്ടുന്ന ഒന്നല്ലെന്നും സുപ്രീം കോടതിയെ ഇതിനകം തന്നെ അവർക്ക് ബോധ്യപ്പെടുത്താനായി എന്നതിന്റെ തെളിവാണ് 377-ാം വകുപ്പിന്റെ കാര്യത്തിൽ സുപ്രീം കോടതി ഇതിനകം നടത്തിയ ചില പരാമർശങ്ങൾ. സ്വവർഗരതിക്കാരായവർ വഴിപിഴച്ചവരല്ലെന്നും അവർ സാധാരണയിൽ നിന്നുള്ള ഒരു വ്യതിയാനം മാത്രമാണെന്നുമാണ് അവർ നിരീക്ഷിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസുമാരായ ആർഎഫ് നരിമാനും എഎം ഖാൻവിൽക്കറും ഡിവൈ ചന്ദ്രചൂഡും ഇന്ദു മൽഹോത്രയുമടങ്ങിയ ബെഞ്ച് മൗലികാവകാശങ്ങൾക്ക് വിരുദ്ധമായി വരുന്ന ഒരു നിയമവും നിലനിൽക്കാൻ അനുവദിക്കില്ലെന്നാണ് വാദത്തിനിടെ പരാമർശം നടത്തിയത്. ഇന്ത്യൻ ഭരണഘടന പൗരന്മാരുടെ സെക്ഷ്വൽ ഓറിയന്റേഷനെപ്പറ്റി മൗനം പാലിക്കുന്നത് ഒരു യാഥാർത്ഥ്യമാണെങ്കിലും ആർട്ടിക്കിൾ 14-നു മുകളിലുള്ള ഒരു കടന്നുകയറ്റവും അത് അനുവദിക്കുന്നില്ലെന്നതും പ്രധാനമാണ്.
സ്വവർഗരതിക്കാരനാണെന്ന് തിരിച്ചറിഞ്ഞാൽ പോലും രക്ഷിതാക്കളുടെ മുന്നിൽ അത് അവതരിപ്പിക്കാനും അവരെ തന്റെ ലൈംഗികചോദനയുടെ വ്യതിയാനം മനസ്സിലാക്കി നൽകാനും പലപ്പോഴും യുവാക്കൾക്ക് കഴിയാതെ പോകുന്നു. അത്തരക്കാർ വീട്ടുകാരുടെ സമ്മർദ്ദത്തിനു വഴങ്ങി വിവാഹം ചെയ്യുന്നതോടെ കൂടുതൽ വലിയ പ്രശ്നങ്ങളിലേയ്ക്ക് അത് എത്തപ്പെടുകയും ചെയ്യുന്നു. അമരാവതിയിൽ നിന്നും രണ്ടു മാസം മുന്പ് റിപ്പോർട്ട് ചെയ്യപ്പെട്ട കേസിൽ പതിനെട്ടു വർഷത്തെ ദാന്പത്യജീവിതത്തിനുശേഷമാണ് ഡോക്ടറായ ഭാര്യ ഡോക്ടറായ ഭർത്താവിനെതിരെ വിശ്വാസലംഘനത്തിനും പീഡനത്തിനും കേസ്സുകൊടുത്തിരിക്കുന്നത്. സ്വവർഗതിക്കാരനായ ഭർത്താവ് തന്നെ കാലങ്ങളോളം ലൈംഗികമായി അവഗണിച്ചുവെന്നും ഭർത്താവിന്റെ സ്വവർഗ ഭോഗം ഒളിക്യാമറ ഉപയോഗിച്ച് പിടികൂടുകയായിരുന്നുവെന്നുമാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വിവാഹബന്ധത്തിന് തയാറായതിനാലാണ് ഇന്ന് ഈ നിയമക്കുരുക്കിലേക്ക് ഡോക്ടർക്ക് പോകേണ്ടി വന്നതെന്നതാണ് വാസ്തവം. തന്റെ ലൈംഗികചോദന ഏതുമട്ടിലുള്ളതാണെന്ന് പറയാനുള്ള ധൈര്യം ഡോക്ടർക്കുണ്ടായിരുന്നുവെങ്കിൽ ഒരുപക്ഷേ പതിനെട്ട് വർഷക്കാലം ലൈംഗികത നിഷേധിക്കപ്പെട്ട ജീവിതം ആ സ്ത്രീയും നയിക്കേണ്ടതായി വരുമായിരുന്നില്ല. ഇതേപോലെ തന്നെ ലെസ്ബിയനായ സ്ത്രീകൾക്കൊപ്പം ജീവിക്കേണ്ടി വരുന്ന പുരുഷന്മാരുടെ അവസ്ഥയും. ക്രോമോസോമുകളിലെ വ്യതിയാനങ്ങളും ഹോർമോണൽ വ്യതിയാനങ്ങളുമെല്ലാം ഓരോരുത്തരുടേയും സ്വഭാവത്തേയും ലൈംഗികതയേയുമൊക്കെ മാറ്റിമറിക്കുന്നതിൽ നിർണായകമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് ശാസ്ത്രീയ പഠനങ്ങൾ പറയുന്നത്. അത്തരം വസ്തുതകളൊന്നും തന്നെ മനസ്സിലാക്കാതെ, മതസംഹിതകളിൽ പറഞ്ഞിട്ടുള്ള വാദമുഖങ്ങളുമായി സുപ്രീം കോടതിയിൽ വാദിക്കാനെത്തിയവർ അക്ഷരാർത്ഥത്തിൽ സ്വയം വഞ്ചിക്കുകയും മറ്റുള്ളവരുടെ അവകാശങ്ങൾക്കുമേൽ കുതിര കയറുകയുമാണ് ചെയ്യുന്നത്.
അതുപോലെ തന്നെയാണ് അവിഹിതബന്ധത്തിൽ പുരുഷനെപ്പോലെ സ്ത്രീയേയും കുറ്റക്കാരിയായി കണ്ട് ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിക്ക് നൽകിയ മറുപടി. നിലവിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 497-ാം വകുപ്പ് പ്രകാരം അവിഹിതബന്ധ കേസുകളിൽ പുരുഷൻ മാത്രം കുറ്റക്കാരനാകുകയും സ്ത്രീയെ ഇരയായി കണക്കാക്കുകയും ചെയ്യുന്നതാണ് നിയമം. ഈ വകുപ്പു പ്രകാരം നിലവിൽ അവിഹിതബന്ധത്തിൽ ഏർപ്പെട്ട സ്ത്രീയുടെ ഭർത്താവിന് മാത്രമാണ് പരാതി നൽകാൻ കഴിയുക. ഭർത്താവിന്റെ അനുമതി കൂടാതെ ഭർതൃമതിയായ സ്ത്രീയുമായി അന്യപുരുഷൻ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമല്ലെങ്കിൽക്കൂടി അവിഹിതബന്ധമെന്ന കുറ്റമായി കണക്കാക്കണമെന്നും അഞ്ചു വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി നൽകണമെന്നും ഇത്തരം സംഭവത്തിൽ ഭർതൃമതിയായ സ്ത്രീയെ തെറ്റുകാരിയായി കണ്ട് ശിക്ഷിക്കേണ്ടതില്ലെന്നുമാണ് നിയമം പറയുന്നത്. ഈ നിയമത്തിന്റെ ഏറ്റവും പ്രശ്നം പുരുഷനെ മാത്രം ശിക്ഷിക്കുന്നതാണെന്ന മട്ടിലാണ് ഇപ്പോൾ വാദങ്ങൾ നടക്കുന്നത്. യഥാർത്ഥത്തിൽ ഈ നിയമം എത്രത്തോളം സ്ത്രീവിരുദ്ധമാണെന്ന കാര്യമാണ് നാം ചർച്ച ചെയ്യേണ്ടത്. ഭർത്താവിന്റെ അനുമതിയോടു കൂടിയാണ് അന്യപുരുഷനുമായി ബന്ധപ്പെടുന്നതെങ്കിൽ ആ ബന്ധം കുറ്റകരമാകില്ലെന്ന മട്ടിലാണ് നിയമത്തിന്റെ വാചകഘടന. അതിന്റെ പച്ചയായ അർത്ഥം ഈ നിയമം സ്ത്രീയെ പുരുഷന്റെ ഒരു അടിമവസ്തുവായാണ് കണക്കാക്കുന്നതെന്നാണ്. പുരുഷന് ഇഷ്ടമുള്ള രീതിയിൽ ഉപയോഗിക്കാവുന്ന ഒരു വസ്തു.
ഭർത്താവിന്റെ അനുമതിയോടെ അന്യപുരുഷനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ തെറ്റല്ലാതിരിക്കുകയും അനുമതി കൂടി അന്യപുരുഷനുമായി ഭാര്യ ബന്ധപ്പെട്ടാൽ അന്യപുരുഷനെതിരെ ഭർത്താവിന് കേസ്സുകൊടുക്കാനാകുമെന്ന് എഴുതിവെയ്ക്കുകയും ചെയ്തതിൽപരം വലിയ തോന്ന്യാസം വേറെ ഉണ്ടാകാനുണ്ടോ? സ്ത്രീയുടെ സ്വതന്ത്രമായ അസ്തിത്വത്തിനും വ്യക്തിത്വത്തിനും പുല്ലുവില കൽപ്പിക്കുന്ന ഈ നിയമം തന്നെ ഇല്ലാതാക്കുന്നതിനെപ്പറ്റിയാണ് വാസ്തവത്തിൽ നാം നിലകൊള്ളേണ്ടതെന്ന് ആർക്കാണ് ബോധ്യപ്പെടാത്തത്? ബ്രിട്ടീഷ് വിക്ടോറിയൻ കാലഘട്ട നിയമത്തെ ആധാരമാക്കിയാണ് ഈ നിയമം ഐപിസിയിൽ ഉൾപ്പെടുത്തിയതെങ്കിലും ഇന്ന് ബ്രിട്ടനടക്കമുള്ള രാജ്യങ്ങൾ ഇത്തരം നിയമങ്ങളെ ക്രിമിനൽ നിയമങ്ങളിൽ നിന്നും എടുത്തുകളഞ്ഞിരിക്കുന്നു. അവിഹിത ബന്ധം മിക്ക രാജ്യങ്ങളിലും ഒരു സിവിൽ കേസ് മാത്രമാണിന്ന്. പല രാജ്യങ്ങളിലും പങ്കാളിയുടെ അവിഹിതം കണ്ടെത്തിയാൽ ആരും കേസ്സിനു പോലും പോകാറില്ല. ബന്ധത്തിൽ നിന്നും മോചനം നേടുകയെന്ന സാധാരണ കാര്യം മാത്രമേ അവിടെ സംഭവിക്കാറുള്ളു. പക്ഷേ ഇന്ത്യയിൽ അവിഹിതബന്ധത്തിലേർപ്പെട്ടാൽ അത് ക്രിമിനൽ കേസ്സാകുമെന്നു മാത്രമല്ല അഞ്ചു വർഷം വരെ ജയിൽശിക്ഷയും അനുഭവിക്കേണ്ടി വരും. എന്നാൽ മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ത്യയിൽ കുടുംബത്തിന് വലിയ പ്രാമുഖ്യം കൽപിക്കപ്പെടുന്നതിനാൽ കുടുംബഘടനയെ സംരക്ഷിക്കാൻ ഈ ഒരു സിവിൽ നിയമമായി നിലനിർത്തപ്പെടണമെന്നാണ് അഭിഭാഷകനായ ഡി ബി ബിനുവിനെപ്പോലുള്ളവർ ചൂണ്ടിക്കാട്ടുന്നത്.
പ്രാഥമികമായി അവിടെ ചില ചോദ്യങ്ങളുയരുന്നുണ്ട്. പരസ്പരം സഹവർത്തിത്വത്തോടെ നീങ്ങാത്ത ഒരു കുടുംബം കുടുംബമായി തന്നെ നിലനിൽക്കേണ്ടതിന്റെ ആവശ്യമുണ്ടോ എന്നതാണ് അടിസ്ഥാനപരമായ ചോദ്യം. കുടുംബവ്യവസ്ഥിതിയ്ക്ക് വലിയ പ്രാമുഖ്യം നൽകുന്ന ഒരു സമൂഹത്തിൽ കുടുംബം നിലനിൽക്കുന്നതിനും നിയമങ്ങളുണ്ടാക്കപ്പെട്ടുവെന്നതിൽ അത്ഭുതമില്ല. വിദേശരാജ്യങ്ങളിൽ സ്ത്രീകൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷിയും കഴിവുമൊക്കെ ഉണ്ടെങ്കിലും ഇന്ത്യയിലെ അവസ്ഥ വിഭിന്നമാണെന്നും അതിനാൽ അവർ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നുമാണ് നിയമത്തെ അനുകൂലിക്കുന്നവരുടെ വാദം. വിവാഹേതര രതി അതുകൊണ്ടു തന്നെ ഇന്ത്യയിൽ പങ്കാളിയോടുള്ള കടുത്ത വഞ്ചനയെന്ന നിലയിലും കുടുംബഛിദ്രത്തിലേക്ക് നയിക്കുന്ന പ്രശ്നമായുമാണ് കണക്കാക്കപ്പെടുന്നത്. ഐപിസി 497-ാം വകുപ്പിനു പുറമേ, ഹിന്ദു വിവാഹ നിയമത്തിന്റെ 13-ാം വകുപ്പു പ്രകാരവും സ്പെഷ്യൽ മാര്യേജ് ആക്ടിന്റെ 27-ാം വകുപ്പുപ്രകാരവും അവിഹിതബന്ധം വിവാഹമോചനത്തിനായുള്ള കാരണമായി പറയുന്നുണ്ട്. പക്ഷേ അതൊന്നും തന്നെ ഒരു ക്രിമിനൽ ശിക്ഷാ നിയമമായി എന്തുകൊണ്ട് അവിഹിതബന്ധത്തെ കാണുന്നതിന് മറുപടിയാകുന്നില്ല. വിക്ടോറിയൽ കാലഘട്ടത്തിന്റെ സദാചാരബോധത്തേയും കുടുംബബന്ധത്തിൽ പാലിക്കേണ്ടുന്ന മര്യാദയേയുമൊക്കെ ബ്രിട്ടീഷുകാർ ഇവിടേയ്ക്ക് ഇറക്കുമതി ചെയ്തതിന്റെ പരിണതഫലമാണിതെന്ന് വ്യക്തം. പുരുഷാധിപത്യ സമൂഹത്തിൽപോലും പക്ഷേ കേരളത്തിൽ നായർ വീടുകളിൽ ഏതു പുരുഷനൊപ്പം ശയിക്കണമെന്ന് സ്ത്രീകൾ തീരുമാനിച്ചിരുന്ന നാടാണ് കേരളമെന്നതും മറന്നുകൂടാ. അക്കാലത്തെ സ്ത്രീകളുടെ സ്വാതന്ത്ര്യബോധത്തിന്റെ ചെറിയൊരു ഭാഗം പോലും ഇന്നത്തെ സ്ത്രീകൾക്കില്ലെന്നു വ്യക്തം.
ലൈംഗികതയേയും ദാന്പത്യത്തേയും വിവാഹേതരബന്ധങ്ങളേയും സംബന്ധിച്ച നിയമങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ ഇന്ത്യൻ സമൂഹം ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇനിയും അവയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ നമുക്കായിട്ടില്ലാത്തതിനാലാണ് ഇപ്പോഴും സ്വവർഗരതിക്കാരെ നാം ക്രിമിനലുകളെപ്പോലെ കണക്കാക്കുന്നതും എൽജിബിടി സമൂഹം ഇപ്പോഴും പൊതുധാരയിൽ നിന്നും അകറ്റിനിർത്തപ്പെടുകയും ചെയ്യുന്നതുമൊക്കെ. എന്നാൽ ഈ നിയമങ്ങൾ അവർക്ക് അനുകൂലമായി പൊളിച്ചെഴുതുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നതിനുള്ള ശ്രമങ്ങളാണ് അടിയന്തരമായി നമുക്കാവശ്യം. കഴിഞ്ഞയാഴ്ച നിയമമന്ത്രി രവിശങ്കർ പ്രസാദ് 377-ാം വകുപ്പ് ഇല്ലാക്കേണ്ടതാണെന്നും ലൈംഗികതയുടെ തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ മനുഷ്യന് പൂർണ സ്വാതന്ത്ര്യം നൽകണമെന്നും പറഞ്ഞത് സർക്കാരിൽ പ്രതീക്ഷ നൽകുന്നുണ്ട്. അവിഹിതബന്ധങ്ങളെ സംബന്ധിച്ചിട്ടുള്ള ക്രിമിനൽ നിയമങ്ങൾ നീക്കുകയും അതിനെ സിവിൽ നിയമത്തിന്റെ പരിധിയിലേക്കെത്തിക്കുകയും ചെയ്താൽ കുറഞ്ഞപക്ഷം സ്വന്തം ശരീരത്തെ സ്ത്രീയ്ക്കും പുരുഷനും അവനവന്റെ കൈയിലൊതുക്കാനുമാകും. എന്നാൽ അതിലേക്കുള്ള പാത ദുഷ്ക്കരമാണ്; പ്രത്യേകിച്ചും മതവും മതജീവികളും മനുഷ്യനെ അവയിലേക്ക് തളച്ചിട്ടിരിക്കുന്നതിനാൽ.