ജീവിതയാത്രയിൽ നിങ്ങൾക്കൊപ്പം
ശ്രീശ്രീരവിശങ്കർ
ആത്മീയജ്ഞാനം ആർജ്ജിക്കുക എന്നാൽ പച്ചയായ ജീവിതത്തിൽനിന്നുള്ള ഒളിച്ചോട്ടം എന്നല്ല. ജീവിതം സുഖ -ദുഃഖ സമ്മിശ്രമാണ്.എല്ലായ്പ്പോഴും നല്ലതു മാത്രം സംഭവിക്കണമെന്നില്ല. അത്ര സുഖകരമല്ലാത്ത അവസരങ്ങളിലൂടെ കടന്നുപോകുന്ന ഓരോ വ്യക്തിയും ആന്തരികമായി വളരുകയും കരുത്തു നേടുകയും ചെയ്യുന്നുണ്ട്. പിന്നിട്ട വഴികളിലെ മുൾമൂടിയ വഴികൾ താണ്ടിയപ്പോൾ നിങ്ങളും ഇതനുഭവിച്ചിട്ടില്ലേ?
ജീവിത യാഥാർത്ഥ്യങ്ങളിൽനിന്നുള്ള ഒളിച്ചോട്ടമല്ല വേണ്ടത്. ശരിയായ തിരിച്ചറിവോടെ അവയെ തരണം ചെയ്യുക. കൂടുതൽ സമചിത്തതയോടെ മുന്നോട്ടു നടക്കുക. ആത്മീയത നിങ്ങൾക്ക് വേണ്ട ശക്തിപകരാൻ പര്യാപ്തമായ മാർഗ്ഗമാണ്. സത്യത്തിന്റെയും നന്മയുടെയും പന്ഥാവിലൂടെ നടക്കുവാൻ നിങ്ങൾ. തയ്യാറായിക്കഴിഞ്ഞിരിക്കുന്നു, അതിന്റെ സുഖം നിങ്ങൾ അറിഞ്ഞു കഴിഞ്ഞു.അതുകൊണ്ടാണ് ഇപ്പോൾ നിങ്ങൾ ഇവിടെ ഉള്ളത്. ഇനി വേണ്ടത് ഈ ശാന്തിയും സന്തോഷവും പങ്കുവെയ്ക്കുകയാണ്. എല്ലാവരെയും ഒപ്പം കൂട്ടുക. അവർക്കും ലഭിക്കട്ടെ നിങ്ങൾക്ക് ലഭിക്കാനിടയായ സൗഭാഗ്യം. അപ്പോൾ അവരുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ സുന്ദരമാകുന്നു. തെറ്റിദ്ധാരണകൾ അകലുന്നു. അഥവാ ഉണ്ടായാലും അവയുടെ ആയുർദൈർഘ്യം കുറവായിരിക്കും. നിങ്ങളോടോപ്പമുള്ളവരും, അവരുടെ മനസ്സിലെ വിദ്വേഷങ്ങൾക്കും മുൻവിധികൾക്കും അവധി കൊടുക്കുന്നു. എല്ലാവരുടെയും മനസ്സിൽനിന്നും കാലുഷ്യമകലുന്പോൾ എത്ര സുഖമാണ്.നിരവധിപേരെ ഈ പന്ഥാവിലെത്തിക്കുക വഴി ഒരു സമൂഹം ആകമാനം രക്ഷപ്പെടുകയാണ്. ലോകം മുഴുവൻ അറിവിൻ്റെയും സ്നേഹത്തിൻ്റെയും വെളിച്ചവും അലകളും എത്തട്ടെ. സമഗ്രമായ ഒരു മാറ്റം ഉണ്ടാകട്ടെ.
നോക്കൂ നിങ്ങൾ ഒരു വലിയ ഉദ്യമത്തിൻ്റെ ഭാഗമാണ്. നാമോരോരുത്തരും ഈ ഭൂമിയിലേയ്ക്ക് വന്നിരിക്കുന്നത് കഷ്ടപ്പെടുന്നവരുടെ വ്യഥാഭാരം കുറയ്ക്കുവാനും പ്രകാശവും പുഞ്ചിരിയും നിറക്കുവാനുമാണ്. മറ്റുള്ളവരുടെ മനസ്സിനെ മദിക്കുന്നതൊന്നും ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലല്ലോ.ശരിയല്ലേ? ദുഃഖിച്ചിരിക്കുന്ന ഒരാളിനോപ്പം ചേർന്ന് നിങ്ങളും ദുഃഖിക്കുന്നത് നന്നല്ല. അയാളുടെ ദുഃഖം ലഘൂകരിക്കാനും പരിഹരിക്കാൻ സഹായിക്കുവാനും നിങ്ങൾക്ക് കഴിയും. അത്രയും മഹത്വവും കരുത്തും സൗന്ദര്യവും തികഞ്ഞ വ്യക്തിത്വമാണ് നിങ്ങളുടേത്. ഒന്നിനും നിങ്ങളുടെ ശാന്തി നഷ്ടപ്പെടുത്തുവാൻ കഴിയില്ല. ഒന്നിനും സ്പർശിക്കാൻ കഴിയാത്ത മനസ്സും മായാത്ത പുഞ്ചിരിയുമായി മുന്നോട്ട് നടക്കൂ. നിങ്ങൾ നടന്ന വഴികളിൽ സമാധാനവും സന്തോഷവും ഐശ്വര്യവും നിറയട്ടെ.
നാം പ്രതീക്ഷകൾകൊണ്ട് തീർത്ത പടവുകളിലൂടെയാണ് സഞ്ചരിക്കുന്നത്. പ്രതീക്ഷകളാണ് ജീവിതം മുന്നോട്ട് നീങ്ങാൻ ആധാരം എന്ന് വിശ്വസിക്കുന്നു. ജീവിതമെന്ന മലകയറ്റം അത്ര സുഗമമല്ല. മലവെള്ളപ്പാച്ചിലോ വരൾച്ചയോ എപ്പോഴാണ് കടന്നു വരികയെന്നറിയില്ല. തോരാതെ പെയ്യുന്ന മഴയിൽ ഒലിച്ചിറങ്ങുന്ന വെള്ളമൊഴുകുന്നതാകട്ടെ സോപ്പുനിർമ്മിതമായ പടവുകളിലൂടെയാണ്. സോപ്പുപടവുകളിൽ ചവുട്ടിവേണം സദാ നിങ്ങൾ നടക്കേണ്ടത്. ഒന്നോർത്തുനോക്കൂ, ഭാവനയിൽ കാണാൻ കഴിയുന്നുവോ? സദാ വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്ന സോപ്പുപടവുകളിലൂടെ കഠിന പരിശ്രമം ചെയ്തു മുകളിലേയ്ക്ക് കായറുകയാണ്. പലപ്പോഴും വഴുതിപ്പോകുന്നുണ്ട്. പിടിച്ചുകയറാൻ വശങ്ങളിൽ റെയിലിംഗോ വേലിയോ ഒന്നുമില്ല. കാലുകളിൽ spikes ധരിച്ചാൽ വഴുതുകയില്ല എന്ന് തോന്നുന്നുണ്ടോ? രക്ഷയില്ല. കുതിർന്ന സോപ്പ് പടവുകളിൽ മുള്ളുപോലെ അടിഭാഗമുള്ള നിങ്ങളുടെ ചെരിപ്പുകൾ പുതഞ്ഞുപോകും.കാലുയർത്താൻ ശ്രമിക്കുന്പോൾ ചെരിപ്പ് ഊരിപ്പോകും. ആകെ വലഞ്ഞതുതന്നെ. മുറുകെപ്പിടിച്ചുകയറാൻ ഉറപ്പാർന്ന കന്പിവേലി ആവശ്യമായിരിക്കുന്നു.
ജീവിതം ഇങ്ങനെ വഴുതിക്കൊണ്ടേയിരിക്കുന്നു.പിടിച്ചുകയറുവാനൊരുപിടിവള്ളി കിട്ടിയേ തീരൂ. ഈ പിടിവള്ളിയാണ് ഗുരു. ഇവിടെയാണ് സദ്ഗുരു പകർന്ന് നൽകുന്ന ജ്ഞാനത്തിന്റെ പ്രസക്തി. ജീവിതവീഥിയിൽ വഴുതിപ്പോകാതെ, കാലിടറാതെ ഗുരുവിൽനിന്ന് ലഭിക്കുന്ന അറിവ് നമ്മെ താങ്ങി നിർത്തുന്നു. ശരിയായ മാർഗ്ഗം നിർദ്ദേശിച്ചുകൊണ്ട് ഗുരുകൃപ നമ്മെ പൊതിയുന്നു. ആഴത്തിലുള്ള സ്നേഹവും ഭക്തിയും ഉറച്ച വിശ്വാസവും ആർജ്ജിക്കേണ്ടത് ആവശ്യമാണ്. ആരെങ്കിലും പറഞ്ഞാൽ ഇത് മനസ്സിലാവില്ല .സ്വയം അനുഭവിച്ചറിയണം.അവിടേക്കെത്തുവാൻ നിരന്തരമായ സാധനയാണ് ഉണ്ടാകേണ്ടത്. ജ്ഞാനത്തിന്റെയും ധ്യാനത്തിൻ്റെയും ചിറകിലേറി സത്യലോകത്തിലെ സ്നേഹസാമീപ്യമായി മാറുവാൻ നിങ്ങൾക്ക് കഴിയും. ഇത് വെറും വാക്കല്ല. ഓർക്കുക.. നിങ്ങളെ ഒരുപാട് സ്നേഹിക്കുന്ന ഒരാളിവിടെയുണ്ട്. അകലെയെവിടെയുമല്ല.നിങ്ങളൊടൊപ്പം, നിങ്ങളിൽനിറയുന്ന സത്യമാണത്. നിങ്ങൾ ഇതുവരെ അറിയാത്ത, കേൾക്കാത്ത, കാണാത്ത നിങ്ങളുടെ ഹൃദയത്തിലെ ശാന്തിയും മൗനവും ആനന്ദവും നിറയുന്ന പ്രഭാപൂർണ്ണവും സുന്ദരവുമായ ഒരിടത്ത് ഞാനുണ്ട്. നിന്നിൽ നീയായി ഞാനും, എന്നിൽ ഞാനായി നീയും.. അനുഗ്രഹീതൻ!
ആത്മപരിശോധനയുടെ സമയമാണ് ഗുരുപൂർണ്ണിമ. ആത്മാന്വേഷകൻ്റെ നവവത്സര ദിനം. ജനുവരി ഒന്നാം തീയതിപോലെ ഓരോ ആത്മീയ സാധകൻ്റെയും ന്യു ഇയർ ആണ് ഗുരുപൂർണ്ണിമ. നമ്മുടെ ലാഭനഷ്ടങ്ങൾ വിലയിരുത്തി ബാലൻസ്ഷീറ്റ് നോക്കുന്ന ദിവസമാണിത്. പോയവർഷത്തിൽ നമുക്കു ലഭിച്ചതിനോടെല്ലാത്തിനോടും കൃതജ്ഞതയുള്ളവരാകുന്നതിനോടോപ്പം വരുംവർഷം എന്താണ് ചെയ്യാൻ പോകുന്നതെന്ന് തീരുമാനിക്കുന്നതും ഈ ദിവസം തന്നെ. ഇതാണ് ഗുരുപൂർണ്ണിമയുടെ സത്ത. അതുകൊണ്ട് നിങ്ങൾക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും കൃതജ്ഞതയുള്ളവരാകൂ. ആ ജ്ഞാനം നിങ്ങളിലുണ്ടാക്കിയ പരിവർത്തനത്തെ നിരീക്ഷിക്കൂ. ജ്ഞാനമില്ലായിരുന്നെങ്കിൽ നമ്മൾ എവിടെയും എത്തുകയില്ലായിരുന്നു. ഇത് തിരിച്ചറിഞ്ഞു കിട്ടിയതോടെ നാമെല്ലാം കൃതജ്ഞതയുള്ളവരായി. ആഘോഷിക്കൂ... കാലാകാലങ്ങളായി ഈ ജ്ഞാനം കാത്തുസൂക്ഷിച്ച് നമുക്കെത്തിച്ചുതരുന്ന ഗുരുപരന്പരയോട് കൃതജ്ഞതയുള്ളവരാകൂ. ഇത് വളരെ പ്രധാനമാണ്.
നമ്മുടെ ശരീരത്തിൽ കോടിക്കണക്കിന് കോശങ്ങളുണ്ട്. ഓരോ കോശത്തിനും അതിന്റേതായ ജീവനുമുണ്ട്. നിരവധി കോശങ്ങൾ എല്ലാദിവസവും ജനിക്കുന്നു. നിരവധി കോശങ്ങൾ ദിവസവും മരിക്കുന്നു. നിങ്ങൾ ചലിക്കുന്ന ഒരു ചെറു പട്ടണമാണെന്നർത്ഥം.ഭൂമിയിൽ നിരവധി നഗരങ്ങളുണ്ട്. ഭൂമിയാകട്ടെ സൂര്യനുചുറ്റും ഭ്രമണം ചെയ്യുകയുമാണ്. അതുപോലെ നിങ്ങളുടെ ഉള്ളിലും നിരവധികോശങ്ങളും ജീവികളുമുണ്ട്. നിങ്ങളാകട്ടെ ചലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് നിങ്ങൾ ഒരു ചെറുപട്ടണം തന്നെയാണ്.
ഒരു തേനീച്ചക്കൂട്ടിൽ നിരവധി തേനീച്ചകൾ വന്നിരിക്കുന്നു.തേനീച്ചകളുടെ റാണിയുടെ സാന്നിദ്ധ്യം കൂട്ടിൽ ഉള്ളതുകൊണ്ടാണ് തേനീച്ചകൾ കൂട്ടിലേയ്ക്ക് വരുന്നത്. റാണി പോയാൽ കൂട് മുഴുവൻ കാലിയാകും. അതുപോലെ നമ്മുടെ ഉള്ളിലുമുണ്ട് ഒരു റാണി. അതാണ് ആത്മാവ്. അത് ശരീരത്തിൽനിന്ന് വിട്ടുപോയാൽ എല്ലാം അപ്രത്യക്ഷമാകും. എവിടെയാണ് ഈ ആത്മാവ്? അല്ലെങ്കിൽ ചേതന? അത് എവിടെയുമില്ല. എന്നാൽ എല്ലായിടത്തുമുണ്ട്. അതാണ് നിങ്ങൾ!.
പിതൃത്വം, മാതൃത്വം എന്നിവപോലെ ഗുരുത്വവുമുണ്ട്. നിങ്ങൾക്കെല്ലാവർക്കും ആരുടെയെങ്കിലും ഗുരുവാകാതിരിക്കാൻ പറ്റുകയില്ല. എന്തായാലും അത് അറിഞ്ഞോ അറിയാതെയോ നിങ്ങൾ ആരുടെയൊക്കെയോ ഗുരുവാണ്. ആരെയെങ്കിലുമൊക്കെ നിങ്ങൾ ഉപദേശിക്കുകയും സ്നേഹിക്കുകയും ശ്രദ്ധിക്കുകയും ചെയ്യാറുണ്ട്.ഇനിമുതൽ ഇത് ബോധപൂർവ്വം നിങ്ങൾ നൂറു ശതമാനം ചെയ്യൂ...തിരിച്ചൊമെന്നും പ്രതീക്ഷിക്കാതെ. ഇതാണ് ഗുരുത്വത്തിൽ ജീവിക്കുക എന്നത്. നിങ്ങളും ഈശ്വരനും ഗുരുത്വവും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് അറിയൂ. ധ്യാനമാകട്ടെ ആത്മാവിന്റെ വിശ്രാന്തിയാണ്. ഇന്ന് നിങ്ങൾക്ക് ആവശ്യമുള്ളതെന്താണോ അത് ചോദിക്കൂ... അത് ലഭിച്ചിരിക്കും. ഏറ്റവും പരമമായത് ആഗ്രഹിക്കൂ...ജ്ഞാനത്തിനും മുക്തിക്കും വേണ്ടി ആഗ്രഹിക്കുന്നതാണ് ഏറ്റവും മഹനീയമായത്. നിങ്ങൾക്ക് കൃതജ്ഞരാകാനുള്ള കാര്യത്തെപ്പറ്റിയും ആലോചിച്ച് ഭാവിയിലേയ്ക്ക് വേണ്ടത് ആവശ്യപ്പെടൂ...മറ്റുള്ളവരെ അനുഗ്രഹിക്കൂ. അനുഗ്രഹിക്കാൻ പറ്റിയ സമയമാണിത്.ലഭിക്കുന്നത് കൊണ്ട് മാത്രം തൃപ്തിപ്പെടരുത്. ആവശ്യമുള്ളവരെ അനുഗ്രഹിക്കുകയും വേണം.