കലാം : കാലത്തിന്റെ നഷ്ടം...
സ്വന്തം േലഖകൻ
ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന ഡോക്ടർ എ.പി.ജെ അബ്ദുൾ കലാം ലോകത്തോട് വിടപറഞ്ഞിട്ട് ഇന്നേയ്ക്ക് മൂന്ന് വർഷം തികയുകയാണ്. ഇന്ത്യയുടെ രാഷ്ട്രപതിയെന്നതിനപ്പുറം ഇന്ത്യയുടെ മിസൈൽ മനുഷ്യൻ എന്ന വിളിപ്പേരും അബ്ദുൾ കലാമിനുണ്ടായിരുന്നു. തന്റെ ജനകീയനയങ്ങളാൽ, “ജനങ്ങളുടെ രാഷ്ട്രപതി” എന്ന പേരിൽ പ്രശസ്തനായ കലാം 2015 ജൂലൈ 27നാണ് ഇഹലോകം വെടിയുന്നത്. പ്രശസ്തനായ മിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു കലാം. തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO), ബഹിരാകാശഗവേഷണകേന്ദ്രം (ISRO) തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുൾകലാം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. മിസൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്തുകൊണ്ടാണ് ‘ഇന്ത്യയുടെ മിസൈൽ മനുഷ്യൻ’ എന്ന് കലാമിനെ വിശേഷിപ്പിച്ചു പോന്നിരുന്നത്. പൊക്രാൻ അണ്വായുധ പരീക്ഷണത്തിന് പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കലാം ഒരു സാങ്കേതികവിദ്യാവിദഗ്ദ്ധൻ മാത്രമായിരുന്നില്ല, രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞൻ കൂടിയായിരുന്നു. വിവിധ വിദ്യാലയങ്ങൾ സന്ദർശിച്ച് അവിടത്തെ വിദ്യാർത്ഥികളുമായി സംവദിക്കുക എന്നത് കലാമിന് ഇഷ്ടമുള്ള കാര്യമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വിദ്യാർത്ഥികൾക്ക് വളരെയധികം പ്രചോദനം നൽകുന്നവയാണ്. അഴിമതി വിരുദ്ധ ഇന്ത്യ സൃഷ്ടിക്കുവാനായി യുവജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള ഒരു ദൗത്യവും അദ്ദേഹം ഏറ്റെടുത്തു നടത്തിയിരുന്നു. തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു സാധാരണ മുസ്്ലിം കുടുംബത്തിൽ 1931 ഒക്ടോബർ 15ന് ജൈനുലാബ്ദീന്റേയും, ആഷിയമ്മയുടേയും ഇളയമകനായാണ് അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം (എ.പി.ജെ. അബ്ദുൽ കലാം) ജനിച്ചത്. “സത്യസന്ധതയും, അച്ചടക്കവും എനിക്ക് എന്റെ മാതാപിതാക്കളിൽ നിന്നും ലഭിച്ചതാണ്, എന്നാൽ ശുഭാപ്തിവിശ്വാസവും, ദയാവായ്പും എനിക്ക കിട്ടിയത് എന്റെ മൂന്ന് സഹോദരന്മാരിൽ നിന്നും സഹോദരിയിൽ നിന്നുമാണ്”. ആത്മകഥയായ അഗ്നിച്ചിറകുകളിൽ കലാം ഇങ്ങനെ പറഞ്ഞിട്ടുണ്ട്.
രാമനാഥപുരത്തെ ഷെവാർട് സ്കൂളിലായിരുന്നു ക ലാമിന്റെ പ്രാഥമിക വിദ്യാഭ്യാസം. സ്കൂൾ വിദ്യാഭ്യാസ കാലത്ത് അബ്ദുൾകലാം ഒരു ശരാശരി വിദ്യാർത്ഥി മാത്ര മായിരുന്നു. എങ്കിലും, പുതിയ കാര്യങ്ങൾ പഠിക്കുന്നതിന്വേണ്ടി എത്ര കഠിനാദ്ധ്വാനം ചെയ്യാനും അദ്ദേഹം തയ്യാറായിരുന്നു. പഠനത്തിനുവേണ്ടി മണിക്കൂറുകളോളം അബ്ദുൾകലാം ചിലവഴിക്കാറുണ്ടായിരുന്നു. ഗണിതം ആയിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം. കലാമിന്റെ മുതിർന്ന സഹോദരിയുടെ ഭർത്താവ് ജലാലുദ്ദീൻ ആയിരുന്നു ആ ഗ്രാമത്തിൽ ഇംഗ്ലീഷ് ഭാഷ സംസാരിക്കാനറിയാവുന്നവരിൽ ഒരാൾ. ജലാലുദ്ദീൻ പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ചും, ശാസ്ത്രനേട്ടങ്ങളെക്കുറിച്ചും അബ്ദുൾ കലാമിനോട് പറയുമായിരുന്നു.
രാമേശ്വരം സ്കൂളിൽ പ്രാഥമികപഠനം പൂർത്തിയാക്കിയശേഷം, കലാം തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളേജിൽ ഉപരിപഠനത്തിനായി ചേർന്നു. 1954−ൽ കലാം, ഈ കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. ഈ കാലഘട്ടത്തിൽ ഇംഗ്ലീഷ് സാഹിത്യത്തോടും കലാമിന് താൽപ്പര്യമുണ്ടായിരുന്നു. ‘ആകാശങ്ങളിൽ പറക്കുക’ എന്ന തന്റെ സ്വപ്നം യാഥാർത്ഥ്യമാകണമെങ്കിൽ ഭൗതികശാസ്ത്ര പഠനം കൊണ്ട് മാത്രം കാര്യമാവില്ല എന്ന് മനസ്സിലാക്കിയ കലാം, 1955−ൽ എയ്റോസ്പേസ് എഞ്ചിനീയറിംഗ് പഠിക്കുവാനായി മദ്രാസിലേക്ക് പോയി. അക്കാലത്ത് സാങ്കേതികവിദ്യാ പഠനത്തിൽ പ്രശസ്തമായ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഉപരിപഠനത്തിനായി ചേർന്നു. വിമാനത്തിന്റെ സാങ്കേതികവശങ്ങൾ മനസ്സിലാക്കുവാൻ കോളേജിൽ പ്രദർശിപ്പിച്ചിരുന്ന രണ്ട് വിമാനങ്ങൾ കലാം സൂക്ഷ്മതയോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. പഠനത്തിന്റെ രണ്ടാം വർഷത്തിൽ ഏതെങ്കിലും ഒരു വിഷയം ഐച്ഛികമായി എടുത്ത് പഠിക്കേണ്ടിയിരുന്നു. എയ്റോനോട്ടിക്സ് അഥവാ വ്യോമയാനവിജ്ഞാനീയം എന്ന വിഷയമാണ് തന്റെ ഐച്ഛികമായി കലാം തിരഞ്ഞെടുത്തത്. 1958ൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ ട്രെയിനിയായി ചേർന്നു. വിമാനങ്ങളുടെ പൈലറ്റാവാനായിരുന്നു കലാമിനു ആഗ്രഹം.
1960−ൽ ബിരുദം നേടിയ ശേഷം കലാം, ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ ഡെവലപ്പ്മെന്റ് ആൻഡ്് പ്രൊഡക്ഷൻ (എയർ) എന്ന സ്ഥാപനത്തിൽ ശാസ്ത്രജ്ഞനായി ജോലിക്ക് ചേർന്നു. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ളതായിരുന്നു ഈ സ്ഥാപനം. പ്രതിരോധ മേഖലയ്ക്കായി സാങ്കേതികവിദ്യയും ഉപകരണങ്ങളും വികസിപ്പിക്കുന്ന ഒരു കേന്ദ്രമായിരുന്നു ഇത്. ഇന്ത്യൻ സൈന്യത്തിന് വേണ്ടി ഒരു സൂപ്പർസോണിക്ക് ടാർജറ്റ് എയർക്രാഫ്റ്റ് നിർമ്മിക്കുക എന്നതായിരുന്നു ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ കലാമിന്റെ ആദ്യ ദൗത്യം.
ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ ഡയറക്ടർ പ്രൊഫ. എം.ജി.കെ മേനോനാണ് കലാമിലെ റോക്കറ്റ് എഞ്ചിനീയറെ കണ്ടെത്തിയത്. തുടർന്ന് കലാമിന്റെ പ്രതിഭ കണ്ടറിഞ്ഞ പ്രമുഖ ശാസ്ത്രജ്ഞനായിരുന്ന ഡോക്ടർ വിക്രം സാരാഭായി താൻ നേതൃത്വം നൽകിയിരുന്ന ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് എന്ന സ്ഥാപനത്തിൽ ചേരുവാനായി അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം തുന്പയിൽ ഒരു വിക്ഷേപണ കേന്ദ്രം തുടങ്ങാൻ കലാമിനെ ഏൽപ്പിച്ചു. 1962−ലായിരുന്നു അത്. തിരുവനന്തപുരത്തുള്ള തുന്പയിൽ അബ്ദുൾകലാമിന് എല്ലാം ആദ്യം മുതൽ തുടങ്ങേണ്ടിയിരുന്നു. “തിരുവനന്തപുരത്തെ തുന്പ മേരി മഗ്ദലിൻ പള്ളിയിലെ പ്രാർത്ഥനാമുറിയിലായിരുന്നു എന്റെ ആദ്യ ലബോറട്ടറി. ഡിസൈൻ ആൻഡ് ഡ്രോയിംഗ് റൂം ബിഷപ്പിന്റെ മുറിയായിരുന്നു” എന്ന് കലാം തന്റെ ആത്മകഥയായ അഗ്നിച്ചിറകുകളിൽ അനുസ്മരിക്കുന്നു.
ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ച ആദ്യറോക്കറ്റായ നൈക്കി− അപാച്ചി, കലാമിന്റെ നേതൃപാടവത്തിന്റെ ഫലമായി, അധികം താമസിയാതെ, 1963 നവംബർ 1−ാം തീയതി തുന്പയിൽ നിന്ന് ആകാശത്തിലേക്ക് കുതിച്ചു. 1969−ൽ കലാം, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ നിയമിതനായി. ഇതോടേ കലാം, ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹവിക്ഷേപണവാഹനം വിക സിപ്പിച്ചെടുക്കാനുള്ള സംഘത്തിന്റെ തലവനായി നിയമിക്ക പ്പെട്ടു. ഇന്ത്യ ആദ്യ റോക്കറ്റ് വിക്ഷേപിക്കുന്പോൾ റേഞ്ച് സേഫ്റ്റി ഡയറക്ടർ ആയിരുന്ന കലാം, മനസ്സും ശരീരവും പൂർണമായി അർപ്പിച്ചു കൊണ്ട് തന്റെ സംഘത്തോടൊപ്പം എസ്.എൽ.വി 3 എന്ന വിക്ഷേപണവാഹനം വികസിപ്പിച്ചെടുത്തു. പന്ത്രണ്ട് വർഷത്തെ കഠിനതപസ്യയുടെ ഫലമായി 1979 ആഗസ്ത് 10−ന് ശ്രീഹരിക്കോട്ടയിൽ എസ്.എൽ.വി−3 വിക്ഷേപണത്തിന് തയ്യാറായി. 23 മീറ്റർ നീളവും 17 ടൺ ഭാരവുമുള്ള റോക്കറ്റ് ഭ്രമണപഥത്തെ ലക്ഷ്യമാക്കി ഉയർന്നു. രാഷ്ടം മുഴുവൻ ഉറ്റുനോക്കിയ വിക്ഷേപണമായിരുന്നു അത്. എന്നാൽ, 317 സെക്കൻഡുകൾക്ക് ശേഷം ഇന്ത്യൻ മഹാസമുദ്രത്തിൽ റോക്കറ്റ് തകർന്ന് വീണു. വിക്ഷേപണപരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്ത് തന്നിലേക്ക് ഒതുങ്ങിക്കൂടിയ കലാമിന് അന്നത്തെ വി.എസ്.എസ്.സി ഡയറക്ടർ ഡോ. ബ്രഹ്്മപ്രകാശ് വീണ്ടും ആത്മവീര്യം പകർന്നു. തുടർന്ന് നടന്ന എസ്.എൽ.വി മൂന്നിന്റെ അടുത്ത പരീക്ഷണപ്പറക്കലിൽ, 1980 ജൂലൈ 17−ന് രോഹിണി കൃത്രിമോപഗ്രഹം എന്ന കൃത്രിമോപഗ്രഹത്തെ അദ്ദേഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു.
മുപ്പതോളം സർവ്വകലാശാലകളിൽ നിന്നും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. മാത്രമല്ല ഭാരത സർക്കാർ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികൾ നൽകിയും ഡോ. കലാമിനെ ആദരിച്ചിരിച്ചു. 1981ൽ പദ്മഭൂഷൺ, 1990ൽ പദ്മവിഭൂഷൺ, 1997ൽ ഭാരത രത്നം എന്നീ ബഹുമതികളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.
കെ.ആർ നാരായണന് ശേഷം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിട്ടാണ് കലാം രാഷ്ട്രപതി ഭവനിൽ പ്രവേശിക്കുന്നത്. ഇന്ത്യയുടെ മുൻനിര രാഷ്ട്രീയകക്ഷികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ഭാരതീയ ജനതാ പാർട്ടിയും ഒരേ പോലെ പിന്തുണച്ച ഒരു സ്ഥാനാർത്ഥിയായിരുന്നു അബ്ദുൾ കലാം. തന്റെ എതിർ സ്ഥാനാർത്ഥിയായിരുന്ന ക്യാപ്റ്റൻ ലക്ഷ്മിയേക്കാൾ 8,15,548 വോട്ട് അധികം നേടിയാണ് കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയാവുന്നത്. രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ ശാസ്ത്രജ്ഞൻ കൂടിയായിരുന്നു കലാം. രാഷ്ട്രപതി ഭവനിലും വളരെ ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹം പിന്തുടർന്നു പോന്നത്. രാഷ്ട്രപതിക്ക് നിയമം മൂലം അനുവദിച്ചുകിട്ടിയിരിക്കുന്ന പല സൗജന്യ സഹായങ്ങളും സ്വീകരിക്കുവാൻ കലാം തയ്യാറായിരുന്നില്ല. ഭാരതത്തിന്റെ ഭാവിതലമുറയെ വാർത്തെടുക്കേണ്ട കുട്ടികളുമായി നിരന്തരമായി സംവദിക്കാനും, സല്ലപിക്കുവാനും കലാം സമയം കണ്ടെത്തിയിരുന്നു. കുട്ടികൾ അദ്ദേഹത്തെ ചാച്ചാ കലാം എന്നു വിളിക്കുമായിരുന്നു.
2015 ജൂലൈ 27ന് ഷില്ലോംഗിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വെച്ച്, ‘വാസയോഗ്യമായ ഗ്രഹങ്ങൾ’ എന്ന വിഷയത്തിന്റെ പേരിൽ കുട്ടികൾക്ക് ക്ലാസെടുത്തുകൊണ്ടിരിക്കുന്പോൾ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ആ വീഴ്ചയിൽ ഇന്ത്യയ്ക്കും ലോകത്തിനും നല്ലൊരു വ്യക്തിത്വം നഷ്ടപ്പെട്ടു. ജന്മനാടായ രാമേശ്വരത്ത് കർമ്മനിരതനായ കലാം വിശ്രമിക്കുകയാണിപ്പോൾ...