ലഹരിക്കടിപ്പെടുന്ന കുട്ടികൾ : രക്ഷിതാക്കൾ മുൻകരുതലെടുക്കണം
കൂക്കാനം റഹ്്മാൻ
ഹൃദയത്തിൽ ഒരുപാട് സ്വപ്നങ്ങളുമായി ജീവിച്ചു വരികയായിരുന്നു നബീസ ഉമ്മ. അവർക്ക് ആകെ ഉള്ളത് രണ്ട് ആൺമക്കളാണ്. പത്ത് സെന്റ് ഭൂമിയിൽ ഒരു ചെറിയ വീട് വെച്ച് കഴിയുകയാണ് അവർ. അദ്ധ്വാനി അല്ലാത്ത ഭർത്താവിൽ നിന്ന് യാതൊരു വിധ സഹായവും അവർക്ക് കിട്ടുമായിരുന്നില്ല. അങ്ങേർക്ക് എന്തെങ്കിലും ചെറിയ തൊഴിൽ ലഭ്യമായാൽ തന്നെ അതൊക്കെ ലഹരിക്ക് വേണ്ടി മാത്രം ചെലവാക്കി കളയും.
നബീസ രാപ്പകലില്ലാതെ മക്കളെ ഒരു കരക്കെത്തിക്കാൻ കഠിനാദ്ധ്വാനം ചെയ്യുകയാണ്. പകൽ സമയത്ത് തയ്യൽ പണി എടുത്തും രാത്രിയുടെ അന്ത്യ യാമങ്ങളിൽ പോലും പലഹാരങ്ങൾ ഉണ്ടാക്കി വിൽപ്പനക്ക് തയ്യാറാക്കി വെച്ചും വിശ്രമമില്ലാതെ പ്രവർത്തിക്കുകയാണ്. അവരെ കണ്ടാൽ തന്നെ രൂപത്തിലും ഭാവത്തിലും കഠിനമായി പരിശ്രമിച്ചു കൊണ്ടിരിക്കുന്ന സ്ത്രീയാണെന്ന് തിരിച്ചറിയും.
രണ്ട് ആൺമക്കളും ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്ലസ് വണ്ണിന് പഠിക്കുകയാണ്. ചേട്ടനും, അനിയനും ഒരേ ക്ലാസ്സിൽ ആവാൻ കാരണം ചേട്ടൻ ഒരു വർഷം പരാജയപ്പെട്ടതുകൊണ്ടാണ്. രണ്ട് കുട്ടികളെയും ഞാൻ കണ്ടു. മൂത്തവന്റെ മുഖത്ത് അൽപ്പം ക്ഷീണഭാവമുണ്ട്. രണ്ടാമൻ ചുറുചുറുക്ക് ഉള്ളവനാണ്. നബീസ ഉമ്മ വേദനയോടെ സൂചിപ്പിച്ച കാര്യം അമ്മമാരെല്ലാം അറിയേണ്ടതാണ്. രണ്ട് ആൺമക്കളും ലഹരി ഉപയോഗിക്കുന്നവരാണ്. ഉപദേശം കൊണ്ടും, ഭയപ്പെടുത്തിയതുകൊണ്ടും മാറ്റം കാണുന്നില്ല. ഇവരുടെ ബാപ്പയും മദ്യത്തിനടിമയാണ്. അദ്ദേഹത്തിന് മക്കളോട് പ്രതികരിക്കാനാവുന്നില്ല. ഈ അവസ്ഥയിൽ എന്തു ചെയ്യണമെന്നാണ് നബീസയുടെ വേവലാതി.
ആ കുടുംബത്തിന്റെ സ്ഥിതി വെച്ചു നോക്കുന്പോൾ കുട്ടികൾ വഴി തെറ്റാൻ എളുപ്പമാണ്. കഴിഞ്ഞ ആറു മാസമായി ബാപ്പ ഗൾഫിലേക്കെന്നും പറഞ്ഞ് പോയതാണ്. ബാപ്പ അങ്ങനെ ആയാൽ ഞങ്ങൾക്കും ആയിക്കൂടെ. ഇതാണ് മക്കളുടെ ചോദ്യം. കുട്ടികളുടെ തെറ്റായ പോക്കിനെക്കുറിച്ച് ഉമ്മ അറിഞ്ഞത് അയൽവക്കക്കാർ സൂചിപ്പിച്ചപ്പോഴാണ്. മക്കളുടെ തെറ്റ് കണ്ട് ശരിപ്പെടുത്താൻ ബന്ധുക്കൾ ആരുമില്ലാതാനും. മക്കളെ പഠിപ്പിച്ച് ഒരു നല്ല വഴിയിൽ എത്തിക്കണമെന്ന് അതിയായ മോഹമുണ്ട് ബലഹീനയായ ഈ ഉമ്മയ്ക്ക്.
ലഹരിക്കടിമയായ ഇവരുടെ മൂത്ത മകനോട് സ്വകാര്യമായി ഞാൻ സംസാരിച്ചു. സ്നേഹപൂർവ്വം ഇടപ്പെട്ടപ്പോൾ അവൻ ഉള്ളുതുറന്നു. പലപ്പോഴും കൗമാരക്കാരായ ആൺകുട്ടികളെ ഇത്തരം ദുഷിച്ച പ്രവണതകളിലേയ്ക്ക് നയിക്കുന്നത് സമപ്രായക്കാരായ സുഹൃത്തുക്കളാണ്. ഇവനെയും ആദ്യം പുകവലിയിലേയ്ക്ക് ആകർഷിച്ചത് ഒരു കൂട്ടുകാരനാണ്. പുകവലി ശീലിച്ചപ്പോൾ അത് മാറ്റാൻ കഴിയാത്ത അവസ്ഥയായി. വീട്ടിലറിയാതെ സിഗരറ്റ് വലിക്കാൻ ഇവൻ തിരഞ്ഞെടുത്ത സമയം രാത്രി കാലങ്ങളിൽ മദ്രസ്സയിലേയ്ക്കും പള്ളിയിലേയ്ക്കും പോകുന്ന ആരുമില്ലാത്ത ഇടവഴികളിൽ വെച്ചാണ്. ഇതിന്റെ മണം ഇല്ലാതിരിക്കുവാനുള്ള വിദ്യയും സുഹൃത്ത് പഠിപ്പിച്ചിട്ടുണ്ട്. ക്രമേണ ‘തംബാക്ക്’ എന്ന ലഹരി വസ്തുവിന്റെ ഉപയോഗത്തിലേയ്ക്ക് അവനെ എത്തിച്ചു.
അവൻ പറയുന്നത് ദിവസം 10 രൂപ ഉണ്ടായാൽ എനിക്ക് ആവശ്യമായ തംബാക്ക് കടയിൽ നിന്ന് കിട്ടും. സ്ക്കൂളിനടുത്താണ് പ്രസ്തുത േസ്റ്റഷനറി കട. ലഹരി ഉപയോഗിക്കുന്നവരെ കച്ചവടക്കാരന് പ്രത്യേകം തിരിച്ചറിയാം. വിരലുകൊണ്ട് പ്രത്യേക ആക്ഷൻ കാണിച്ചാൽ 10 രൂപക്ക് ഒരു പാക്കറ്റ് അവിടെ നിന്ന് കിട്ടും. അതിൽ നിന്ന് ഒരു നുള്ള് എടുത്ത് ചുണ്ടിന്റെയും പല്ലിന്റെയും ഇടയിൽ വെയ്ക്കും. കുറച്ച് സമയം കഴിഞ്ഞാൽ തലയ്ക്ക് എന്തോ ഒരു പരുപരുപ്പ് തോന്നും. മനസ്സിന് സന്തോഷം ഉണ്ടാകും. ആരെയും ഭയമുണ്ടാകില്ല. തംബാക്ക് കിട്ടിയില്ലെങ്കിൽ അന്ന് മനസ്സിനെന്തോ വെപ്രാളം തോന്നും. ഒന്നിനും ഒരു മൂഡ് ഉണ്ടാവില്ല.
ഇതിനുള്ള പണം എവിടെ നിന്ന് ലഭ്യമാകുന്നു എന്നും അവൻ പറഞ്ഞു. ദിവസേന സ്കൂളിലേയ്ക്ക് ചെല്ലാൻ ബസ്സിനും, ഭക്ഷണത്തിനുമായി ഉമ്മ തരുന്ന പൈസയിൽ നിന്ന് ഭക്ഷണം കഴിക്കാതെ മാറ്റിവെയ്ക്കും. അതുപയോഗിച്ചാണ് ലഹരി വസ്തു വാങ്ങുന്നത് എന്നാണ് കൂസലന്യേ അവൻ സൂചിപ്പിച്ചത്. നല്ല ആരോഗ്യവാനായിരുന്നു പോലും ഇവൻ. കഴിഞ്ഞ ഒരു വർഷമായി തംബാക്ക് ഒഴിവാക്കി വളരെ രഹസ്യമായി കിട്ടുന്ന കഞ്ചാവിലേയ്ക്ക് നീങ്ങി. ഇതിന്റെ ആവശ്യത്തിലേയ്ക്ക് ഉമ്മ കഷ്ടപ്പെട്ടുണ്ടാക്കിയ പണം മോഷ്ടിക്കാൻ തുടങ്ങി. ഇപ്പോൾ ഞാൻ ഈ കോലത്തിലായി.
തെറ്റാണെന്നറിഞ്ഞു കൊണ്ടു തന്നെയാണ് ഞാനിന്ന് ഉപയോഗിക്കുന്നത്... നിർത്താനാവുന്നില്ല. ഞാനെന്തു ചെയ്യും. നിർത്തിയാൽ ഭ്രാന്തനെ പോലെ പലതും പിറുപിറുക്കും. ചിലപ്പോൾ നിർത്താതെ ചിരിക്കും. ഈ കോപ്രായങ്ങൾ എല്ലാം കാട്ടുന്നത് വീടിനു പുറത്തു വെച്ചാണ്. പാവം ഉമ്മ ഈ വിവരം അറിഞ്ഞിട്ട് ഒരാഴ്ചയേ ആയുള്ളൂ.
അവന്റെ മനസ്സ് തുറന്ന സംസാരം കേട്ട് അവനോട് സ്നേഹത്തോടെ പ്രതിവചിച്ചു. ‘കുഞ്ഞേ ഇതൊക്കെ ഉപയോഗിച്ചാലുള്ള പ്രയാസത്തെക്കുറിച്ച് ശരിക്കും മനസ്സിലായില്ലേ?. ഉമ്മയുടെ വേദന കണ്ടറിഞ്ഞില്ലേ?. ഇതിനെന്താണ് പ്രതിവിധി എന്ന് ഞാൻ പറയണോ?.’
‘വേണ്ട സർ, എന്റെ ഉമ്മയുടെ കണ്ണുനീർ കാണാൻ എനിക്ക് വയ്യ. ഞാൻ ലഹരിയിൽ ആണെങ്കിലും ഉമ്മ അനുഭവിക്കുന്ന സങ്കടക്കടൽ ഞാൻ കണ്ടു. എന്റെ അനിയനും എന്നെപ്പോലെ ആവുമോ എന്നു ഞാൻ ഭയപ്പെടുന്നു. അതിനാൽ ഞാൻ സാറിന്റെയും, ഉമ്മയുടെയും മുന്പിൽ വെച്ച് ശപഥം ചെയ്യാം. ഞാനീ നിമിഷം മുതൽ ഇതേവരെ ഉപയോഗിച്ച ലഹരി വസ്തുക്കളിൽ നിന്നെല്ലാം മോചനം നേടും. ഈ നിമിഷം മുതൽ ഞാൻ അതിൽ നിന്നൊക്കെ സ്വതന്ത്രനാകും. അവൻ ഉമ്മയുടെ കാൽക്കൽ വീണ് മാപ്പ് അപേക്ഷിച്ചു. ഇത്രയുമായപ്പോഴേയ്ക്കും അവന്റെ അനിയനും കയറി വന്നു. കഴിഞ്ഞ കാര്യങ്ങളൊക്കെ അവനോട് പങ്കിട്ടു. കാര്യങ്ങൾ ഗ്രഹിച്ച മാത്രയിൽ തന്നെ അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ പ്രവഹിക്കാൻ തുടങ്ങി. ആ സമയത്തും അൽപം തംബാക്ക് ലഹരിയിലായിരുന്നു അവൻ. അക്കാര്യം തുറന്നു പറഞ്ഞ് അവനും ഉമ്മയോട് മാപ്പിരന്നു. ഇനി കെണിയിൽപ്പെടില്ലാ എന്ന് അവനും ഉറപ്പിച്ചു പറഞ്ഞു.
നോക്കണേ... കൊച്ചു കുഞ്ഞുങ്ങളെ വഴിതെറ്റിക്കാൻ കഴുകൻ കണ്ണുകളുമായി നിൽക്കുന്ന കച്ചവടക്കാർ സ്വഭവനങ്ങളിലെ അനുകൂല പരിസ്ഥിതി ഇതിലൊക്കെയാണ് സമൂഹം ഇടപെടേണ്ടത്. ആ വീട്ടിൽ നിന്ന് സന്തുഷ്ടിയോടെയാണ് ഞാൻ യാത്ര പറഞ്ഞത്. അടുത്ത ആഴ്ച കാണാം എന്ന വാഗാദാനവുമായി...