വെള്ളപ്പൊക്കം 2018: അവസാനിക്കുന്നില്ല
ഇ.പി അനിൽ
epanil@gmail.com
“ചേന്നപ്പറയൻ ഒരു രാത്രിയും ഒരു പകലുമായി വെള്ളത്തിൽത്തന്നെ നിൽക്കുന്നു. അവനു വള്ളമില്ല. അവന്റെ തന്പുരാൻ മൂന്നായി, പ്രാണനും കൊണ്ടു കരപറ്റി. ആദ്യം പുരയ്ക്കകത്തേക്കു വെള്ളം എത്തിനോക്കി ത്തുടങ്ങിയപ്പോഴേ മടലും കന്പുംകൊണ്ടു തട്ടും പരണം കെട്ടിയിരുന്നു. വെള്ളം പെട്ടെന്നിറങ്ങുമെന്ന് കരുതി രണ്ടു ദിവസം അതിൽ കുത്തിയിരുന്നു കഴിച്ചുകൂട്ടി. കൂടാതെ നാലഞ്ചു വാഴക്കുലയും തുറുവും കിടക്കുന്നു. അവിടെ നിന്നും പോയാൽ അവയെല്ലാം ആണുങ്ങൾ കൊണ്ടുപോകയും ചെയ്യും.”
കുട്ടനാടിന്റെ കഥാകാരന്റെ വെള്ളപൊക്കം എന്ന കഥ ആരംഭിക്കുന്നത് മുകളിൽ സൂചിപ്പിച്ച രീതിയിൽ ആണ്.കഥയുടെ തുടർച്ചയായി ചേന്നനും കുടുംബങ്ങളും വള്ളത്തിൽ കയറി രക്ഷപ്പെടുന്നു. തങ്ങളുടെ പട്ടിയെ ഉപേക്ഷിക്കേണ്ടി വരുന്നു. പട്ടി ഒറ്റപ്പെട്ട്, രക്ഷപ്പെടുവാൻ കഴിയാതെ, വീടിന്റെ പുറത്തിരിന്നുകൊണ്ട് വാഴ ക്കുല മോഷ്ടിക്കുവാൻ വന്ന കള്ളനെ കടിച്ചോടിക്കുന്നു.വെള്ളം ഇറങ്ങികഴിഞ്ഞ് ചേന്നൻ മടങ്ങി വന്നപ്പോഴേക്കും തന്റെ നായുടെ ശവം തെങ്ങിൻ ചുവട്ടിൽ കിടക്കുന്നത് കാണേണ്ടി വരുന്നു. കുട്ടനാടിന്റെ വെള്ളപൊക്ക ഭീഷണികളും അതിനിടയിലെ വളർത്തു മൃഗങ്ങളോടു വൈകാരികമായ ബന്ധവും കഥയിലൂടെ തകഴി വിവരിക്കുന്നു.
കേരളത്തിന്റെ കാലവസ്ഥകളുടെ പ്രത്യേകതകൾകൊണ്ട് നാട്ടിലെ മഴക്കും കാറ്റുകൾക്കും വ്യത്യസ്ത സ്വഭാവങ്ങൾ കാണാം. നമ്മുടെ നാട്ടിൽ പ്രതിവർഷം 120 മുതൽ 140 ദിവസങ്ങൾ വരെ മഴ പെയ്യുന്നു. ഇന്ത്യയിൽ ലഭിക്കുന്ന ശരാശരി മഴയുടെ മൂന്നിരട്ടി(ഇന്ത്യൻ ശരാശരി 1083 mm) കേരളത്തിന് ലഭിക്കാറുണ്ട്.ലോകത്തെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കൊളംബിയയുടെ തോതിന് ഏകദേശം അടുത്താണ് (3230 mm) കേരളത്തിനു ലഭിക്കുന്ന മഴ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മേഘാലയയിലെ മൗസൻറാം, ചിറാപുഞ്ചി (11850 mm,11450 mm)യും അകുംബ സ്ഥിതി ചെയ്യുന്ന കർണ്ണാടകയെക്കാളും കൂടുതൽ മഴ ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ കേരളം ഇന്ത്യയിൽ വരൾച്ച അനുഭവിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ മോശമല്ലാത്ത സ്ഥാനം നേടിക്കഴിഞ്ഞു.
കേരളത്തിൽ കഴിഞ്ഞ 140വർഷം ലഭിച്ച മഴയുടെകണക്കുകൾ പരിശോധിച്ചാൽ അളവിൽ വ്യതിയാനം ഉണ്ടായതായി കാണാം. എന്നാൽ മഴയിൽ ഉണ്ടായ കുറവ് നാമ മാത്രമാണ്. (പ്രതി വർഷം 1.7 mm മഴക്കുറവ്).ഇടവപ്പാതിയിൽ ഇത്തരം കുറവ് ഉണ്ടായിരിക്കെ തണുപ്പ് കാലാവസ്ഥയിൽ മഴയുടെ അളവിൽ ഒരു ശതമാനത്തിൽ കുറവവിനടുത്ത് വർദ്ധനവ് ഉണ്ടായി. എന്നാൽ കേരളം അനുഭവിക്കുന്ന വളർച്ചയുടെ കാഠിന്യം വളരെ കൂടുതലാണ്. സംസ്ഥാനത്തെ 157 താലൂക്കുകളിൽ 120 എണ്ണത്തെ ഒഴിച്ചു നിർത്തിയാൽ സ്ഥിതി അപകടകരമാണ്. അതിൽ ചിറ്റൂരിനെ വരൾച്ച ബാധിതമായ ഏറ്റവും രൂക്ഷമായ താലൂക്കായി സർക്കാർ തന്നെ അംഗീകരിച്ചു കഴിഞ്ഞു. കാലവസ്ഥയിൽ ഉണ്ടായ മാറ്റങ്ങൾ, മഴയുടെ സ്വഭാവത്തിലെ വ്യതിയാനം, കാടിനും ചതുപ്പുകൾക്കും ഉണ്ടായ ശോഷണം, നദികൾ ക്ഷയിച്ചത്, കായലുകളുടെ വിസ്തൃതിയിൽ ഉണ്ടായ കുറവ് അങ്ങനെ നിരവധി വിഷയങ്ങൾ നാടിനു പരിചിതമല്ലാതിരുന്ന ജലക്ഷാമത്തെ ക്ഷയിച്ചു വരുത്തി.
സംസ്ഥാനത്തു ലഭിക്കുന്ന മഴയുടെ 70% മുതൽ 85% വരെ ലഭിക്കുന്നത് ഇടവപ്പതായിലും 15% വരെ മഴ തുലാവർഷത്തിലും കിട്ടുന്നുണ്ട്. വേനൽ മഴ അളവിൽ കുറവ് ആണെങ്കിലും അത് നാടിനു നൽകുന്ന സേവനം വളരെ കൂടുതലാണ്. ജൂൺ ജൂലൈ മാസങ്ങളിൽ യഥാക്രമം 650,680 mm മഴ കേരളത്തിൽ വെള്ളപൊക്കം ഉണ്ടാക്കും എന്നറിയാത്തവർ ആരും ഉണ്ടാകില്ല. സംസ്ഥാനത്തെ ഭേദപ്പെട്ട മഴ പെയ്യുന്ന ജില്ലകളിൽ പ്രധാനമായ ഇടുക്കിക്കും കോട്ടയത്തിനും അവരുടെ വെള്ളം അറബിക്കടലിലേയ്ക്ക് ഒഴുക്കി കളയുവാൻ സഹായിക്കുന്ന ജില്ലയാണ് ആലപ്പുഴ. മീനച്ചിലാർ, പന്പ തുടങ്ങിയ 5 നദികൾ ചെന്നു ചേരുന്ന ഇടമാണ് ആലപ്പുഴ. അതിൽ തന്നെ പത്തനംതിട്ട, കോട്ടയം ജില്ലകളുമായി ചേർന്ന് കിടക്കുന്ന കുട്ടനാട് 880 ച.km വരും. കുട്ടനാടിന് ചുറ്റും 92 ച.km വേന്പനാട് കായൽ സ്ഥിതി ചെയ്യുന്നു. കടൽ നിരപ്പിനു താഴെ (2.2 മീറ്റർ) സ്ഥിതി ചെയ്യുന്ന കുട്ടനാട് പ്രകൃതിയുടെ ഒരത്ഭുത പ്രതിഭാസമായി നമുക്ക് കാണാം. എന്നാൽ ഇന്നു കുട്ടനാട് വലിയ പ്രതിസന്ധിയിൽ എത്തി നിൽക്കുന്നു. അതിന്റെ പരിഹാരമായി എത്തിയ കുട്ടനാട് പാക്കേജ് പദ്ധതി (2010)ക്കായി 2139.75 കോടി രൂപ ബജറ്റ് ഉണ്ടെങ്കിലും മറ്റേതൊരു സർക്കാർ പദ്ധതിപോലെ ഇവിടെയും ലക്ഷ്യം വഴി തെറ്റിയിരിക്കുന്നു എന്ന് ഇപ്പോഴത്തെ ദുരന്തം തെളിവാണ്.
മഴയുടെ തീവ്രത അളക്കുന്നത് മണിക്കൂറിൽ പെയ്തിറങ്ങുന്ന മഴയുടെ അളവിനെ അടിസ്ഥാനപ്പെടുത്തിയാണ്. ഒരു മണിക്കൂറിൽ 0.25 mmൽ കുറവ് മഴ ലഭിച്ചാൽ അത് ചെറിയ തോതിലെ മഴ എന്നും അളവ് 0.25 മുതൽ 1 mm മഴ കിട്ടിയാൽ അതിനെ ഭേദപ്പെട്ട മഴയെന്നും അളവ് 1 നും 4 നും ഇടയിൽ ആണ് എങ്കിൽ താരതമ്യേന നല്ല മഴയെന്നും വിളിക്കും. മഴയുടെ തോത് 4 നും 16 mm നും ഇടയിൽ ആണ് എങ്കിൽ കനത്ത മഴയും ആളവ് 16 മുതൽ 50 mm ആയാൽ കൊടും മഴയും 50 mm ത്തിനു മുകളിൽ ആണെങ്കിൽ കടുത്ത പേമാരി എന്നും വിളിക്കും. പ്രതിദിനം 650 mm മഴ ലഭിച്ചാൽ അത് കനത്ത മഴയാണ്. കാലാവസ്ഥയെ പറ്റി പൊതുവായ ധാരണകൾ നമുക്ക് ഉണ്ട് എങ്കിലും മഴയുടെ തോതിൽ മാറ്റങ്ങൾ ഉണ്ടാകുക സ്വാഭാവികമാണ്. പ്രതീക്ഷിത മഴയുടെ അളവിൽ 20%ത്തിലധികം വ്യതിയാനം ഉണ്ടായാൽ മാത്രമേ മഴ/വരൾച്ചക്കെടുതി എന്നൊക്കെ പറയുവാൻ കഴിയൂ. കേരളത്തിൽ കഴിഞ്ഞ കുറേ നാളുകളായി മഴക്കുറവുള്ള ഇടവപ്പാതി മാസങ്ങൾ ആവർത്തിച്ചുണ്ടായി. 96, 98, 2005, 2008, 2010 വർഷങ്ങളെ ഒഴിച്ച് നിർത്തിയാൽ പലപ്പോഴും മഴക്കുറവുകൾ ഉണ്ടായിട്ടുണ്ട്. എൽനിനോ എന്ന പ്രതിഭാസം മഴ കുറയ്ക്കുന്നു എന്ന പോലെ ലാനിനോ മൂലം മഴയുടെ അളവിൽ വർദ്ധനവ് ഉണ്ടാക്കുന്നുണ്ട്. കാലിഫോർണിയ, തായ്ലന്റ് പോലെയുള്ള വെള്ളപൊക്കത്തിന് ലാനിനോ കാരണമായി. നമ്മുടെ സംസ്ഥാനത്ത് അധികം മഴ ലഭിച്ചത് ഇടുക്കി, കോട്ടയം, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിൽ ആണ്.വയനാട്ടിൽ നാമമാത്രമായ അളവിൽ മാത്രമാണ് അധിക മഴ കിട്ടിയത്. മൊത്തത്തിൽ 20% അധികം മഴ ലഭിച്ചു എന്നത് സത്യമാണ്. എന്നാൽ ഇത്രയും ഒരു വ്യത്യാസം 6.5 ലക്ഷം ആളുകളെ വീടുകൾ ഉപേക്ഷിച്ച് ആഴ്ച്ചയിൽ അധികം ക്യാന്പുകളിൽ എത്തിച്ച അവസ്ഥയുടെ കാരണങ്ങൾ കേവലം മഴയിൽ ഉണ്ടായ വർദ്ധനവായി മാത്രം കാണുന്നത് ശരിയായ സമീപനമല്ല. മുംബൈയിലും ചെന്നയിലും ആവർത്തിച്ചുണ്ടാകുന്ന വെള്ളപൊക്കവും ബാംഗ്ലൂർ നഗരത്തിൽ വർദ്ധിച്ചു വരുന്ന ജലക്ഷാമവും അവിടവിടങ്ങളിൽ ഉണ്ടായ നദികളും കുളങ്ങളും ഇല്ലാതാക്കിയതും വർദ്ധിച്ച കെട്ടിടങ്ങളുടെ സാന്നിദ്ധ്യവും കാരണമാണ്. കേരളത്തിന്റെ അവസ്ഥ ഇതിലും അപകടകരമാണ്.
കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായ വൻ വെള്ളപൊക്കങ്ങൾ 1341ലെയും 1924ലെയുമാണ്. അതിൽ ആദ്യത്തെ വെള്ളപൊക്കം പെരിയാറിന്റെ ഗതിമാറ്റി എന്നും കൊടുങ്ങല്ലൂർ തുറമുഖം ക്ഷയിക്കുവാൻ ഇടയുണ്ടാക്കി എന്നും പറയുന്നു. കൊച്ചി ദ്വീപ സമൂഹവും കപ്പൽ അടുക്കുവാൻ ഉതകുന്ന തരത്തിൽ തുരുത്തുകൾ ഉണ്ടായതും ഈ മഴയിലൂടെ ആണ് എന്ന് വാദിക്കുന്നുണ്ട്. വൈക്കത്തിന് പടിഞ്ഞാറേയ്ക്ക് കര ഉണ്ടായത് 1341ലെ വെള്ളപൊക്കം കൊണ്ടാണ് എന്ന് ചില ഗ്രന്ഥങ്ങൾ പറയുന്നു. 99ലെ വെള്ളപ്പൊക്കത്തെ പറ്റി ആധികാരികമായ രേഖകൾ ലഭ്യമാണ്. 9ലെ വെള്ളപ്പൊക്കം (1924) മൂന്നാറിൽ ഉണ്ടാക്കിയ ദുരന്തം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും മറക്കുവാൻ കഴിയാത്തതാണ്. ജൂലൈയിലെ മൂന്നാഴ്ച പെയ്ത മഴ 4350 mm ആയിരുന്നു. കേരളത്തിന് ഒന്നര വർഷം ലഭിക്കേണ്ട മഴ രണ്ടാഴ്ചയിൽ പെയ്തിറങ്ങിയപ്പോൾ പെരിയാറിൽ വൻവെള്ളപൊക്കം ഉണ്ടായി. മൂന്നാറിലെ കരിന്തിരി മല തന്നെ ഒഴുകി പോയി. പ്രവർത്തിച്ചു വന്ന റെയിൽ പൂർണ്ണമായി തകർന്നു. എറണാകുളം-മുന്നാർ റോഡ് എന്നത്തേയ്ക്കുമായി നഷ്ടപ്പെട്ടു. അന്നത്തെ മൂന്നാറിലെ ജനവാസം വിരലിൽ എണ്ണാവുന്നതു മാത്രമായിരുന്നു. എന്നിട്ടും അവിടെ 100 ലധികം ആളുകൾ മരിച്ചു. അത്തരം വൻ പേമാരികൾ ഇനിയും ഉണ്ടാകുവാനുള്ള സാധ്യത തള്ളികളയുവാൻ കഴിയുകയില്ല.
കഴിഞ്ഞ ബജറ്റിൽ ശ്രീ തോമസ് ഐസക്ക് പരാമർശിച്ച 99ലെ വെള്ളപ്പൊക്കവും ഓഖി ദുരന്തവും പ്രകൃതി നശീകരണത്തിന്റെ ചൂണ്ടുപലകയായിരുന്നു. എന്നാൽ കേരളത്തിലെ മുൻകാല ഭരണ കർത്താക്കൾ തുടർന്നുവന്ന പ്രകൃതി വിരുദ്ധ സമീപനങ്ങൾ ഇടതുപക്ഷ സർക്കാർ കൂടുതൽ ശക്തിയോടെ നടപ്പിലാക്കുന്നതായി കാണാം. ഗാഡ്ഗിൽ നിർദ്ദേശങ്ങൾ അട്ടിമറിക്കുവാൻ വേണ്ടതെല്ലാം ചെയ്തവർ, തണ്ണീർത്തട നിയമത്തെ നിരായുധമാക്കി. കേരളത്തിന്റെ കാലാവസ്ഥയിൽ നിർണ്ണായക പങ്കുവഹിക്കുന്ന 14000 ഹെക്റ്റർ Fragile land, പ്ലാന്റേഷൻ മുതലാളിമാരുടെ സ്വകാര്യ സ്വത്താക്കുവാൻ അനുവദിച്ചു. തീരദേശ നിയമത്തിൽ ടൂറിസം മുതലാളിമാർക്കായി വെള്ളം ചേർക്കുന്നു. ക്വാറികളുടെ എണ്ണം കൂട്ടുവാൻ പുതിയ അവസരങ്ങൾ ഒരുക്കി. അനധികൃത ക്വാറികൾക്ക് കൂടി പ്രവർത്തിക്കുവാൻ പിന്തുണയുമായി സർക്കാർ നിലയുറപ്പിച്ചു. കടൽ തീരങ്ങൾ നാളിതുവരെ ഇല്ലാത്ത കടലാക്രമണത്തിൽ പെട്ടിരിക്കുന്നു. തിരുവനന്തപുരത്തെ കോവളം മുതൽ തെക്കോട്ടുള്ള പ്രദേശങ്ങൾ വൻ കടലാക്രമണത്തിനു വിധേയമായി. മത്സ്യബന്ധനം അസാധ്യമാകും വിധം കാര്യങ്ങൾ എത്തിച്ചേർന്നു. പശ്ചിമഘട്ടത്തിൽ ആവർത്തിച്ചുണ്ടാകുന്ന ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും നിരവധി ജീവിതങ്ങൾ നഷ്ടപ്പെടുത്തി കഴിഞ്ഞു.
ഈ വർഷത്തെ മഴയിലൂടെ 110ലധികം ആളുകൾ മരണപ്പെട്ടു. വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യുവാൻ പോയ ചാനൽ പ്രവർത്തകരിൽ രണ്ടു പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവം കേരളത്തിൽ ആദ്യത്തേതാണ്. (വർഷങ്ങൾക്ക് മുന്പ് ഉരുൾപ്പൊട്ടൽ പ്രസിദ്ധ മാധ്യമ ഫോട്ടോഗ്രാഫറുടെ മരണത്തിനിടയാക്കിയിരുന്നു.) 6.5 ലക്ഷം ആളുകൾ വീടുകൾ ഉപേക്ഷിക്കുവാൻ നിർബന്ധിതമായി. ഇതുവരെ നാട്ടിൽ ഉണ്ടായ മഴക്കെടുതി 19486.59 കോടിയുടേതാണ് എന്ന് സർക്കാർ കണക്കുകൾ പറയുന്നു. രണ്ടു ജില്ലകളിൽ മാത്രം ഉണ്ടായ തൊഴിൽ നഷ്ടവും മറ്റും എത്ര ഭീകരമായിരിക്കും. 950 ഗ്രാമങ്ങൾ വെള്ളപൊക്ക ഭീക്ഷണിയിൽ പെട്ടിരിക്കുന്നു.
പെയ്തിറിങ്ങുന്ന മഴ വെള്ളം മണ്ണിൽ ഊർന്നിറങ്ങുവാൻ കൂടുതലായി സഹായിക്കുന്നത് കാടുകളും നെൽപ്പാടങ്ങളും ചതിപ്പുകളും നദികളും അതിന്റെ തീരങ്ങളുമാണ്. ഒരു ഹെക്റ്റർ നെൽപ്പാടത്തിന് 8 ലക്ഷം ലിറ്റർ വെള്ളത്തെ സംഭരിക്കുവാൻ കഴിവുണ്ട്. കാടുകൾക്ക് 50000 ലിറ്ററും സാധരണ തറകൾക്ക് 30000 ലിറ്ററും സ്വീകരിക്കുവാൻ കഴിവുണ്ട്. പൊതുവെ മഴ കൂടുതലുള്ള മല നാട്ടിൽ നിന്നും പെയ്തിറിങ്ങുന്ന മഴവെള്ളം നദികളിൽ എത്തി അതിന്റെ തീരങ്ങളിലെ പാടങ്ങളെയും കൃഷി ഇടങ്ങളെയും നിറച്ചിരുന്നു. വെള്ളത്തിനൊപ്പം എത്തുന്ന എക്കൽ അടിഞ്ഞ് മണ്ണിന്റെ ഫലഫൂഷ്ടി വർദ്ധിപ്പിച്ചു. നദിയുടെ പകുതി വീതികളെ ഇരുവശവും നടിക്കരയായി കണ്ട് സംരക്ഷിക്കുവാൻ കഴിഞ്ഞാൽ മാത്രമേ നദികൾ സംരക്ഷിക്കപെടുകയുള്ളൂ. കാടുകൾ വെള്ളത്തിന്റെ ഒഴുക്കു കുറച്ച് മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും വിരളമാക്കി. 12 മാസവും അരുവികളിലൂടെ ജലം ഒഴുകി. കാടും പാടവും നദിക്കരയും നാടിനെ തണുപ്പിച്ചു. കടൽ താരതമ്യേന ശാന്തമായിരുന്നു. എല്ലാ വർഷവും ഉണ്ടാകുന്ന ചാകര പ്രകൃതിയുടെ സമ്മാനമായി ആവർത്തിച്ചു.
കേരളത്തിന്റെ വനവിസ്തൃതിയിൽ വൻ കുറവ് ഉണ്ടായികൊണ്ടിരിക്കുന്നു. കഴിഞ്ഞ അര നൂട്ടാണ്ടിനിടക്ക് 9 ലക്ഷം ഹെക്റ്റർ വനങ്ങൾ വെട്ടി വെളുപ്പിച്ചു. യഥാർത്ഥ വന വിസ്തൃതി 11% ആയി കുറഞ്ഞു. നെൽപ്പാടങ്ങളുടെ വിസ്താരം 8.8 ലക്ഷത്തിൽ നിന്നും 1.79 ലക്ഷം ആയി ചുരുങ്ങി. കുളങ്ങൾ മൂടുകയും കായൽ പരപ്പുകളുടെ 80% കയ്യേറുവാൻ സർക്കാർ കൂട്ടുനിന്നു. നദികളുടെ ഒഴുക്ക് നിലച്ചു. സർക്കാർ ഇത്തരം സമീപനങ്ങളെ തിരുത്തുവാൻ തയ്യാറായിട്ടില്ല.
പശ്ചിമഘട്ടത്തിൽ പരിസ്ഥിതി ലോല മേഖലയിൽ തടസ്സങ്ങൾ കൂടാതെ ജല പാർക്കുകൾ നടത്തുവാൻ ഭരണ കക്ഷി MLA ക്ക് അവസരം ഉണ്ടാക്കിയ തീരുമാനം ആരെ സംരക്ഷിക്കുവാനാണ്? വട്ടവട ഗ്രാമത്തിന്റെ തുടർച്ചയായ കുറുഞ്ഞി താഴ്്വരയിൽ ഭൂമി കൈയേറിയത് നമ്മുടെ രണ്ട് MPമാർ. കുട്ടനാട്ടിൽ നിയമം ലംഘിച്ച് പാടം നികത്തിയ ആൾതന്നെ ക്യാബിനറ്റ് പദവിയിൽ എത്തി. പൊതു ഫണ്ട് ഉപയോഗിച്ച് അനധികൃതമായി റോഡു നിർമ്മിച്ച മന്ത്രിക്ക് വിവിധ പാർട്ടി നേതാക്കൾ സഹായം നൽകി. ഇതിനെ ഒന്നും തെറ്റായി കാണാത്ത പാർട്ടിക്കാർ നാടിനെ നയിക്കുന്നു.
9 ലക്ഷം ഹെക്റ്റർ വനവും 7 ലക്ഷം ഹെക്ടർ പാടങ്ങളും തോടുകളും കുളങ്ങളും എല്ലാം തകർത്തു കൊണ്ടുള്ള വികസനത്തിൽ അഭിരമിക്കുന്ന സർക്കാർ സമീപനം ഇടുക്കിയേയും കോട്ടയത്തെയും കുട്ടനാടിനെയും സന്പൂർണ്ണമായി വെള്ളത്തിൽ മുക്കികൊണ്ടിരിക്കുന്നു.
സർക്കാർ ദുരിതാശ്വാസ ക്യാന്പുകൾ ഉയർത്തി ആളുകളെ സഹായിക്കുന്നതിൽ നിർവൃതി അടയുന്പോൾ 100ലധികം പേരുടെ ജീവൻ നഷ്ടപ്പെട്ടതും പതിനായിരക്കണക്കിന് ആളുകൾ വീട് ഉപേക്ഷിക്കേണ്ടി വന്നതും കേരളം പിന്തുടരുന്ന തെറ്റായ വികസനത്തിന്റെ ഫലമായിട്ടാണ് എന്ന് നമ്മൾ ഓർക്കുന്നില്ല. തെറ്റായ വികസന സമീപനങ്ങൾ തിരുത്തുക മാത്രമാണ് ഇത്തരം പ്രകൃതി പ്രതിഭാസങ്ങളെ നേരിടുവാനുള്ള ഏക മാർഗ്ഗം. അതിനു നമ്മുടെ നേതാക്കൾ മാതൃകയാകുമോ?