കുനിയാൻ പറയും, കിടന്നേക്കുക...
ശരശയ്യ : നിതിൻ നാങ്ങോത്ത്
“ഞാനൊരു പാതകിയാണെങ്കിൽ എന്റെ അവസാനത്തെ ഒളിസങ്കേതമാണ് എഴുത്ത്. വേറെ പലയിടത്തും സുരക്ഷയുണ്ടെന്നു കരുതി വഴിതെറ്റി അലഞ്ഞു. അവസാനം തിരികെ ഭൂമിക്കടിയിലെ ഈ ഗുഹയിലെത്തി. ഇവിടെവെച്ച് പിടിക്കപ്പെട്ടാൽ പണി തീർന്നു...’’ ഇങ്ങനെ എഴുതിയത് എസ്.ഹരീഷെന്ന പ്രതിഭാധനനായ എഴുത്തുകാരനാണ്.ആദം എന്ന തന്റെ മാസ്റ്റർപീസ് കഥാപുസ്തകത്തിന്റെ മുഖമൊഴിയിൽ. സംഗതി ഇപ്പം അച്ചട്ടായി. പിടിക്കപ്പെട്ടു. നാട്ടാർ പണി തീർത്തുകൊണ്ടിരിക്കുന്നു.വിവരവും മീശയുമില്ലാത്ത കേരളധാടിക്കാർ!! ധാടി മോടിയായി ഉക്കത്തുതിരുകുന്ന വർഗ്ഗീയിസ്റ്റുകൾ.ലജ്ജ വായിക്കുക കേരളമേ. തസ്ലീമാ നസ്റീന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു. ഹിന്ദുവിരുദ്ധതയോ സ്ത്രീവിരുദ്ധതയോ പൂജാരിവിരുദ്ധതയോ എന്തോ ആയിക്കോട്ടെ. എന്റ് ഓഫ് ദ ഇമാജിനേഷൻ അടുക്കളവാതിൽ വഴി കിടപ്പറയിലെത്തി. ഭാവനയുടെ അന്ത്യവിശ്രമസ്ഥലത്ത് നൂറുപൂക്കൾ വിരിയട്ടെ.ഹരീഷിന്റെ ആദം എന്ന കഥയിൽ യുവമ്യാവോ ഈ മുദ്രാവാക്യം എഴുതിയിടുന്നത് സ്ക്കൂൾ മൂത്രപ്പുരയുടെ ഭിത്തിയിലാണ്. അതും ആറേഴുമാസത്തെ പ്ലാനിങിനും ശേഷം ആരും കാണാണ്ട് അർദ്ധരാത്രിയിൽ!! കഥയിലെ നായകൻ എൻ.കെ കുറുപ്പ് പട്ടാളത്തിൽ നിന്നും അവധിക്ക് നാട്ടിൽവരുന്ന ഒരു രംഗമുണ്ട്. ഹരീഷ്ജിയുടെ ഭാഷയിൽ തന്നെയായിക്കോട്ടെ. ഞമ്മക്ക് തല കുറച്ചുകാലം കൂടി കഴുത്തുമ്മേൽ ഇരിക്കണമെന്ന് ചിന്ന ആഗ്രഹമുണ്ട്. ഹരീഷ് ചെറുപ്പക്കാരുടെ കമന്റായി, കുറുപ്പിന്റെ ഭാര്യയെ ഓർത്ത് ഇങ്ങനെ പറയുന്നു.’’ അയാൾ ഷഡ്ഢി ഊരി തോളിലിട്ടുകൊണ്ടാണ് വരുന്നത്”!! ഹഹഹ... ഇങ്ങനെ ഭാവനയുടെ രാഷ്ട്രീയം എടുത്തലക്കുന്ന ദ ഗ്രേറ്റ് സറ്റയറിസ്റ്റാണ് മീശപിരി താഴ്ത്തി ബാർബർഷാപ്പിൽ വെള്ളപുതച്ച് കിടക്കുന്നത്. തെറിയേറും ഭീഷണിയും ഫാമിലിപാക്കേജായിട്ടാണുപോലും വന്നു കൊണ്ടിരിക്കുന്നത്.മീശവായിച്ചാസ്വദിക്കാൻ നിലവാരമില്ലാത്ത ജനതയിൽ നിന്നും ഇപ്പോൾ കിട്ടിബോധിക്കുന്നതെന്തും അസറ്റായി കരുതി വാങ്ങി പത്തായത്തിൽ സേവ് ചെയ്യുക. സൊസൈറ്റി മൂത്തുപഴുത്താൽ നാലാമധ്യായത്തിൽ അതൊക്കെ സമം ചേർത്ത് ഒരു ബെസ്റ്റ് സെല്ലർ ഉണ്ടാക്കുക. മാതൃഭൂമി വീട്ടീ വന്ന് റോയൽറ്റി തരും. മറ്റൊരു ഖണ്ധശഃയ്ക്ക് ധൈര്യത്തുകയും മാപ്പും കവറിലിട്ടു തന്നേക്കും. കച്ചോടത്തിന്റെ മുന്പിൽ വർഗ്ഗീയത തുലയട്ടെ. ആത്മാർത്ഥത എഴുത്തിന് ഗുണം ചെയ്യും. ജീവിതത്തിന് ഡോണ്ടു ഡോണ്ടു.
ഹരീഷ് പോയിട്ട് മുഖ്യധാരാത്തെറി ഇന്നുതൊട്ട് അലിഅക്ബർ കേൾക്കും. ബീജേപ്പിയുടെ ബൗദ്ധിക ഭീഷണിപ്പെടുത്തലുകാരനായി ചങ്ങായി ഉയിർത്തെഴുന്നേറ്റിട്ടുണ്ട്. സോഷ്യൽമീഡിയാ തെറിവർക്കേഴ്സിന് ഇനി പിടിപ്പത് പണിയായി. അക്ബർക്കാന്റെ ഫാമിലി ആൽബം പരതണം. ഫോട്ടോഷോപ്പ് നടത്തണം. പൂരപ്രബന്ധം രചിക്കണം. അതിയാനെ രക്ഷിക്കാൻ ‘ബാംബൂബോയ്സന്നെ’ എറങ്ങേണ്ടി വരും. ചീത്തവാങ്ങിച്ച് ഫെയ്മസാവുക എന്നത് ബുദ്ധിയുളള സോഷ്യൽവർക്കായി മാറിയിട്ടുണ്ട് ഈയിടെയായി. എം.എ ബേബിസാറിനും രമേശ് ചെന്നിത്തലജീക്കും വല്ല ആവശ്യവുമുണ്ടായിരുന്നോ. കൊട്ടക്കണക്കിന് പച്ചത്തെറിയുമായി കട്ടവെയ്റ്റിങ്ങിലാണ് സോഷ്യൽഗറില്ലകൾ. സൂക്ഷിച്ചാൽ നാറ്റത്തിൽ നിന്നും കരകയറാം.
ആവിഷ്ക്കാരത്തിന്റെ ഭ്രൂണഹത്യയെപ്പറ്റിയാണ് നാടെങ്ങും ചർച്ച. പേനയുടെ സമരമുഖങ്ങളിൽ എഴുത്തുകാർ വരിയുടയ്ക്കപ്പെട്ടിരിക്കുന്നു. ഇനിയൊരു തിരിച്ചുപോക്ക് അസാധ്യം. പെരുമാൾ മുരുകന്മാരും തീക്കുനിമാരും ഹരീഷുമാരും ലോങ്മാർച്ച് ചെയ്യത്തേയുളളൂ. ഫാസിസ്റ്റുകളെയും വർഗ്ഗീയവാദികളെയും കുളംകലക്കുന്നവരെയും സാഹിത്യമീമാംസയും കാവ്യപ്രയോജനവും സഹൃദയത്വവും പഠിപ്പിച്ച് തലമണ്ടയിൽ ഇൻസ്റ്റാളുചെയ്യൽ ഒരിക്കലും നടക്കില്ല. അപ്പം റിസ്ക്കെടുക്കാതെ ബിഗ്ബോസുപോലുളള ക്ലോസറ്റുപരിപാടിക്ക് തിരക്കഥയെഴുതി അക്കൗണ്ട് ചലിപ്പിക്കാം.കംപ്ലീറ്റ് പുരുഷവിരുദ്ധതയും ജീവിതവിരക്തിതോന്നിപ്പിക്കുന്നതുമായ സീരിയലുകൾക്ക് ഭാവനയെ വ്യഭിചരിക്കാൻ വിട്ടുകൊടുക്കാം. ടോം വട്ടക്കുഴിയുടെ അവസാനത്തെ അത്താഴത്തിലെ ആപ്പിൾ ചെത്തിയ കത്തി അൾത്താരയിലെവിടെയോ നിന്നോ ഇപ്പഴും പുഞ്ചിരിക്കുന്നുണ്ട്. ക്രിസ്തുവിന്റെ ആറാംതിരുമുറിവിന് പി.എം ആന്റണിക്ക് കിട്ടിയ സ്വീകരണം ജോറായിരുന്നല്ലോ? രാജീവലോചനൻ രാജീവ്ഗാന്ധിയാണെന്ന് ഗവേഷണം നടത്തി വികെഎന്നിന്റെ അധികാരനോവൽ കത്തിയതിന്റെ പൊക അന്തരീക്ഷത്തിലിപ്പോഴും അലമുറയിടുന്നുണ്ട്. പവിത്രന്റെ പർദ്ദാപ്രണയത്തിന് “കൈ” കൈമോശം വരാതിരുന്നത് അവരുടെ കുടുംബത്തിന്റെ ഭാഗ്യം.പള്ളിവാളും കാൽച്ചിലന്പിലെ എംറ്റിയാവിഷ്ക്കാരത്തിന് കാലാനന്തരസൂചകമായി ഗിഫ്റ്റുണ്ടാവുമെന്നാണ് കേൾക്കുന്നത്. ലജ്ജയും സാത്താന്റെ വചനങ്ങളും മര്യാദക്ക് ഞമ്മള നാട്ടിലെ ആൾക്കാരിക്ക് തിരിയാത്തത് ഭാഗ്യം. തസ്ലീമയുടെ ഇന്ത്യൻ ഗർജ്ജനത്തിന് പത്തരമാറ്റാണ്. റുഷ്ദിക്കും എംഎഫ് ഹുസൈനും ഭയം നിശാവസ്ത്രമായിരുന്നു. കഴുത്തിൽ തലയില്ലാണ്ട് എന്ത് സാഹിത്യവിപ്ലവം. ആർട്ട് ഈസ് എ സീരിയസ് ബിസിനസ്സ്. മാതൃഭൂമി വീക്കിലിക്ക് അത് നന്നായറിയാം. അതാണ് ഈയാഴ്ച സക്കറിയയെക്കൊണ്ട് യേശുദേവന് നേർക്ക് വിശറിയെടുപ്പിച്ചിരിക്കുന്നത്.
വൈദികരും ബിഷപ്പുമാരും കന്യാസ്ത്രീകളും പ്രതിരോധത്തിലായതിന്റെ ജാള്യതയിലാണ് “മീശ” കിളിർത്തുവന്നത്.എന്നാലതങ്ങ് വടിപ്പിച്ചുകളഞ്ഞേക്കാമെന്ന് തുല്യദുഃഖിതസഹകരണസംഘങ്ങൾക്ക് തോന്നിയതിനെ കുറ്റം പറയാൻപറ്റൂല. അതുകൊണ്ടെന്തായി പാവം അഭിമന്യു സഖാവ് കാലയവനികയ്ക്കുളളിൽ മറഞ്ഞു. എസ്ഡിപിഐയും എസ് കത്തിയും രക്ഷപ്പെട്ടു. കുറേ പുസ്തകക്കെട്ടുകൾ ഘോഷയാത്ര നടത്തി പൊത്തകശാല മോർച്ചറിയാവുന്നത് മെച്ചം. അഹല്യാമോക്ഷം ആഗ്രഹിച്ച് വിതുന്പുന്ന എന്റെയും നിങ്ങളുടെയും സഹയാത്രികരായിരുന്ന പുസ്തകങ്ങളെയോർത്ത് സങ്കടംവരുന്നു. പണ്ടാണ്ടെങ്ങോ യുദ്ധഭൂമിയിലേക്ക് ശേഖരിക്കപ്പെട്ട ഔഷധക്കൂട്ടങ്ങൾ മുറിനിറഞ്ഞ് പൊട്ടിയൊലിച്ചതിന് കാലം സാക്ഷി. പെണ്ണുങ്ങളിനിയും “കുളിച്ച്” അന്പലത്തിലേക്കോ ശബരിമലയിലേക്കോ പൊക്കോട്ടെ. മതവ്രണം കോടതിയോ വികാരിയോ പൂജാരിയോ “വികാര”പ്പെടുത്തിക്കോട്ടെ.പെൺകുട്ടികളെ എങ്ങനെ പ്രണയത്തിൽ നിന്ന് രക്ഷിക്കാമെന്നതിനെക്കുറിച്ചുളള മസ്തിഷ്ക്ക പ്രക്ഷാളനമാമാങ്കങ്ങൾ ഉസ്താദുമാർ ഒരുക്കുന്നുണ്ട്. ആദ്യം വേണ്ടവർക്ക് ആദ്യമാദ്യം കോച്ചിങ്. എന്റെ ബദരീങ്ങളെ ഈ നാട് എങ്ങോട്ടാ...
ബിഹേവിയറൽ മോഡിഫിക്കേഷനും, എവർലാസ്റ്റിങ് എൻജോയ്മെന്റും, കെമിസ്ട്രി ഓഫ് ലവും താങ്ങാന്പറ്റുവോ ആ പാവത്തുങ്ങൾക്ക്. മദം ബല്ലാത്ത എടങ്ങാറ് തന്നപ്പാ.എന്തായാലും അന്പലങ്ങൾ അശാന്തിനിലയങ്ങളായി. ശാന്തിക്കാരുടെ നേർക്ക് ചരിത്രബോധമുളള പെണ്ണുങ്ങൾ ഇപ്പോൾ അഡാറ് നോട്ടമാണ് പാസാക്കുന്നതു പോലും. വൈദികരെന്നാൽ വേദം പഠിച്ചവരെന്നല്ലേ. അച്ചമ്മാർ ചതുർവേദത്തിൽ ഏത് വേദം പഠിച്ചിട്ടാണ് കുന്പസാരരഹസ്യങ്ങൾ പരസ്യമാക്കിയതെന്ന് തീവ്രഹിന്ദുക്കൾ ആരായുന്നുണ്ട്. എന്നായാലും സംഗതി ജഗപൊഗ. കേരളം വിക്ടോറിയൻ കാലഘട്ടത്തിലേക്ക് റീവേഴ്സ് ഗിയറിൽ.. എല്ലാം പുനരവതരിക്കട്ടെ. സതിയും മണ്ണാപ്പേടിയും പുലപ്പേടിയും. ചന്ദ്രോത്സവവും വൈശികതന്ത്രവും ദേവദാസികളും സ്മാർത്തവിചാരവും. അങ്ങനെ നമ്മുടെ കേരളവും സ്മാർട്ടാവട്ടെ. ഒരു രോഗാണു കൂടി വണ്ടി സ്റ്റാർട്ടാക്കിയിട്ടുണ്ട്. ഷിഗെല്ലാ!! ശൈലജ ടീച്ചറേ സമ്മാനം വാങ്ങാൻ ഒരുങ്ങിക്കോളീ... അങ്ങ് യൂപീന്നെല്ല. ഗുജറാത്തീന്നും വാങ്ങിക്കണം.
പ്രിയപ്പെട്ട എഴുത്താളുകളേ... തെളിവില്ലായ്മയുടെ കഷണ്ടിയിൽ നമുക്ക് വിവാദം കൊണ്ടുളള ചരിത്രരചന നടത്താം. അധികാരമതവർഗ്ഗീയ രാഷ്ട്രീയലോബികൾ നിങ്ങളോട് കുനിയാൻ പറയും. നട്ടെല്ലു വളയ്ക്കാൻ പറയും.നിങ്ങൾ യാതൊരു കാരണവശാലും അനുസരിച്ചേക്കരുത്.വീഴുക. സാഷ്ടാംഗം. കിടന്ന് വാലനക്കുക. ശയനപ്രദക്ഷിണവും ആവാം. വജ്രകേരളം പോലും!! കരിക്കട്ട സംസ്ഥാനമെന്നാണ് ആപ്റ്റ്. പ്രളയബാധിത പ്രദേശത്ത് ജീവിതം ഹോമിച്ച മാധ്യമപ്രവർത്തകന്റെ പേരിലും ആളുകൾ ചേരിതിരിഞ്ഞ് കുഷ്ഠം വാരി വിതറുന്നുണ്ട്. മഹാത്മാവേ പൊറുത്തേക്കുക.ഇനിയങ്ങോട്ട് കേരളം ഇങ്ങനെയൊക്കെയാണ്. ആദരാഞ്ജലികൾ സജിയാത്രികാ...