ദളിത് പോരാട്ടങ്ങളുടെ വസന്തകാലം വരുന്നു...
അബൂബക്കർ ഇരിങ്ങണ്ണൂർ
ഇന്ത്യയിൽ ദളിത് പോരാട്ടങ്ങളുടെ ഭൂമികയിൽ വിപ്ലവ വസന്തം ആഗതമായതിന് രാജ്യം നേർസാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. പുതിയൊരു മാനത്തിന്റെ നാന്ദി കുറിക്കലാണ് രാജ്യത്ത് ഉടനീളം ഇലയനക്കങ്ങൾ കൊടുങ്കാറ്റായി മാറിക്കൊണ്ടിരിക്കുന്നത്. ദളിതർക്ക് നേർക്കുള്ള വരേണ്യവർഗ്ഗം നടത്തിക്കൊണ്ടിരിക്കുന്ന വംശീയ അതിക്രമങ്ങളെ ജനാധിപത്യ രീതിയിൽ നേരിട്ടുകൊണ്ടാണ് ദളിതർക്കൊപ്പം മറ്റ്പിന്നോക്ക വിഭാഗവും കൈ കോർക്കുന്നത്. ദളിത് വിപ്ലവ നക്ഷത്രമെന്ന് വിളിക്കപ്പെടുന്ന രോഹിത് വെമൂലയിൽ നിന്ന് വിപ്ലവ ഊർജ്ജമുൾക്കൊണ്ട് കൊണ്ടാണ് രാജ്യത്തെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലും നീതിനിഷേധത്തിനെതിരെ വംശീയ അതിക്രമങ്ങൾക്കെതിരെ ദളിതരെ ഒറ്റച്ചരടിൽ ഏകോപിപ്പിച്ച ഘടകം.
കേന്ദ്രസർക്കാറിന്റെ നിസംഗതയാണ് ദളിതരെ പ്രകോപിപ്പിച്ചതും പ്രക്ഷോഭത്തിലേക്ക് മാറ്റിയതും. ദളിത്് സമരങ്ങളെ അടിച്ചമർത്താനുള്ള കേന്ദ്രസർക്കാറിന്റെ ശ്രമങ്ങൾ വെടിവെപ്പിലും മരണത്തിലും കലാശിച്ചിട്ടും ദളിത് പോരാട്ടങ്ങൾ പിറകോട്ട് പോയില്ല എന്നത് സമരവീര്യത്തിന്റെ മാറ്റ് കൂട്ടുകയാണ്. ഇന്ത്യൻ സാമൂഹ്യ യാഥാർത്ഥ്യങ്ങളെ നിരീക്ഷിക്കുന്നതിലും വിശകലനം നടത്തുന്നതിലും നീതിപീഠങ്ങൾ പരാജയപ്പെടുന്നത് ഗൗരവമായി നാം കാണേണ്ടതുണ്ട്.
ഇന്ത്യയിൽ വ്യാപകമായി ദളിതനെയും മറ്റ് ന്യൂനപക്ഷവിഭാഗങ്ങളെയും കൊന്നും കൊല വിളിച്ചും സംഹാരതാണ്ധവമാടുന്ന വരേണ്യ ഫാസിസ്റ്റ് വിഭാഗങ്ങൾക്ക് നേരെ രാജ്യത്തെ നിയമങ്ങൾക്ക് വിധേയമാക്കി കേസെടുക്കാൻ ഭരണവർഗ്ഗം മടികാണിക്കുന്നു. ഈ നീതി പാലകരുടെ പക്ഷത്ത് നിന്നും അടിസ്ഥാന ജനതയ്ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷയും ഇല്ല. പട്ടികജാതി പട്ടിക വിഭാഗം ജനങ്ങൾക്ക് മതിയായ സംരക്ഷണവും സുരക്ഷയും നൽകിക്കൊണ്ടിരുന്ന ‘ആക്ട്’ ഉണ്ടായിട്ടും ദളിതർ സുരക്ഷിതരല്ല. സുരക്ഷാ കവചം തീർക്കേണ്ട നീതിപീഠങ്ങൾ വരേണ്യവിഭാഗത്തിന്റെ താൽപ്പര്യത്തിന് അനുസരിച്ച് നിയമങ്ങളെ ദുർബലപ്പെടുത്തുകയാണ്.
നൂറ്റാണ്ടുകളായി തുടർന്നു കൊണ്ടിരിക്കുന്ന വംശീയ വിവേചനങ്ങളും അതിക്രമങ്ങളും ഏറ്റുവാങ്ങിയ ജനതയ്ക്ക് ന്യായമായ സംരക്ഷണം നൽകേണ്ട ബാധ്യത നീതിപീഠത്തിനില്ലേ? സംഘ് പരിവാർ ഫാസിസത്തെ തുടച്ചു നീക്കണമെന്നാണ് രാജ്യത്തെ പ്രധാനപ്പെട്ട ക്യാന്പസുകളിലെ മാസങ്ങൾക്ക് മുന്പ് നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ വിളിച്ചോതുന്നത്. ക്ഷുഭിതയൗവനം ഫാസിസത്തിന്റെ താണ്ധവങ്ങൾക്കെതിരെ പടയോട്ടം നടത്തുമെന്നാണ് തിരഞ്ഞെടുപ്പ് ചിത്രങ്ങൾ സമൂഹത്തിന് നൽകുന്ന ശുഭസൂചനകൾ. ഇവിടങ്ങളിൽ എല്ലാം തന്നെ സംഘ് പരിവാർ സംഘടനകളുടെ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് പ്രതിപക്ഷ വിദ്യാർത്ഥികൾ തീർത്ത പ്രതിഷേധാഗ്നിക്ക് മുന്പിൽ പരാജയത്തിന്റെ രുചി അറിയുകയായിരുന്നു ഫാസിസ്റ്റ് മുക്കൂട്ട് മുന്നണികൾ എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
രാജ്യത്തെ പല സർവ്വകലാശാലകളിലും ഫാസിസ്റ്റ് മുന്നണികൾക്ക് ഇത്തവണ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ല. ഇവിടങ്ങളിലെ മുഴുവൻ സീറ്റുകളിലും ഇടത്−മുസ്ലീം−ദളിത് −ആദിവാസി സംഖ്യത്തിന് വൻ വിജയമാണ് ഈ ക്യാന്പസുകൾ ഒക്കെ സമ്മാനിച്ചത്. ബഹുസ്വരതയുടെ ചൈതന്യമുള്ള രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് ഫാസിസ്റ്റ് ഭരണം നിലനിർത്താൻ വേണ്ടി കോടികൾ വാരിയെറിഞ്ഞു നടപ്പാക്കി കൊണ്ടിരിക്കുന്നത്. ഇത് രാജ്യത്തെ യുവത്വങ്ങൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നുണ്ടെന്ന് അടയാളപ്പെടുത്തലുകളാണ് ജനാധിപത്യ മതേതര രാജ്യത്ത് നാം കണ്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തെ യുവത്വങ്ങളെ മാറ്റി നിർത്തിക്കൊണ്ടുള്ള ഭരണകൂടങ്ങളുടെ മുന്നേറ്റങ്ങൾ എവിടെയും വിജയം കണ്ടിട്ടില്ല. ഏതൊരു രാജ്യത്തിന്റെയും ശക്തി അവിടങ്ങളിലെ യുവാക്കളാണ്. വിപ്ലവങ്ങൾ നടന്ന രാജ്യങ്ങളിൽ ഒക്കെ യുവത്വത്തിന് മുന്പിൽ കീഴടങ്ങിയ ഭരണ കൂടങ്ങളെയാണ്. ഇന്ത്യയിലും ഒരു വിമോചന സമരത്തിന് സമയമായിട്ടുണ്ടെന്നാണ് രാജ്യത്തെ ഗ്രാമങ്ങളിൽ നിന്നും കേൾക്കുന്ന രോദനങ്ങളും പട്ടിണിയുടെയും നിലവിളികളുടെയും നാദങ്ങൾ നാം ഓരോരുത്തരെയും ചിന്തിപ്പിക്കുന്നത്.
മുൻ സർക്കാറുകളുടെ ഭരണകാലത്ത് ക്യാന്പസുകളിൽ അസ്വസ്ഥതകൾ ഉണ്ടായിരുന്നില്ല. എന്നാൽ ഫാസിസ്റ്റുകൾ ഭരണത്തിലേറിയതിനു ശേഷമാണ് വ്യാപകമായി പ്രശ്നങ്ങൾ ഉടലെടുത്തു കൊണ്ടിരിക്കുന്നത്. ജെ.എൻ.യുവിലെ വിദ്യാർത്ഥി യൂണിയൻ നേതാക്കളായ കനയ്യകുമാറിനെയും ഉമർഖാലിദിനെയുമെല്ലാം രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് രാജ്യത്തെ പല ക്യാന്പസുകളിലും ഇപ്പോഴും വ്യാപക പ്രതിഷേധങ്ങൾ അലയടിച്ചു കൊണ്ടിരിക്കുന്നത്. ഫാസിസ്റ്റുകളുടെ കൊടിയ മർദ്ദനത്തിന് വിധേയനായ ജെ.എൻ.യുവിലെ ഗവേഷക വിദ്യാർത്ഥിയായ നജീബിനെ കാണാതായിട്ട് വർഷങ്ങൾ പിന്നിടുന്നു. നജീബിന് വേണ്ടി രാജ്യം കേഴുകയാണ്. നജീബിനെ പോലെ രാജ്യത്തിന് നഷ്ടമായത് പലരുമുണ്ട്. പാൻസാരെ, എം.എം കൽബുർഗി, ഒടുവിൽ ഗൗരി ലങ്കേഷ് എന്നിവർക്കെതിരെ തൊടുത്തു വിട്ട വെടിയുണ്ടകൾ രാജ്യത്തെ ദളിത് സംഖ്യം നേഞ്ചേറ്റുകയാണ്. ഫാസിസത്തിനെതിരെ ക്യാന്പസുകളിൽ മാത്രമല്ല, തെരുവകളിലും പോരാട്ടങ്ങൾ തുടങ്ങി കഴിഞ്ഞിരിക്കുകയാണ്.
ഉണ്ണാനും ഉറങ്ങാനും ആടാനും പാടാനും പറയാനുമുള്ള സ്വാതന്ത്ര്യത്തെ ഹനിക്കാൻ ആര് വന്നാലും അംഗീകരിച്ചു കൊടുക്കുന്ന പ്രശ്നമില്ലെന്നാണ്് ഇരകൾ നല്കുന്ന മുന്നറിയിപ്പുകൾ. ക്യാന്പസുകളിൽ ഫാസിസ്റ്റുകളുടെ അജണ്ടകൾ നടപ്പിലാക്കാൻ വേണ്ടി സംഘ്പരിവാർ അനുകൂല വി.സിമാരെ കേന്ദ്രസർക്കാർ തിരുകി കയറ്റുന്നത് ക്യാന്പസുകളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ മെനഞ്ഞ കൃത്യമായ പദ്ധതികളുടെ ഭാഗമാണ്. ചരിത്രപാഠങ്ങളെ വളച്ചൊടിച്ച് അവതരിപ്പിക്കുന്ന സംഘ് ശക്തികൾ അക്കാദമിക് ലോകത്തെയും മലീസമാക്കപ്പെടുകയാണ് ഇവരിലൂടെ. വിദ്യാസന്പന്നരായ ആധുനിക സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ കനപ്പെട്ട ആശയങ്ങളും യുക്തിഭദ്രമായ ആദർശങ്ങളും ഇല്ലാതെ വരുന്പോഴാണ് ബലപ്രയോഗത്തിന്റെയും പ്രലോഭനങ്ങളുടെയും മാർഗ്ഗം ഫാസിസ്റ്റുകൾ സ്വീകരിക്കപ്പെടുന്നത്.
രാജ്യത്ത് സംഘർഷത്തിനും കുഴപ്പങ്ങൾക്കും വഴിമരുന്നിടുന്ന ഇത്തരം ചെയ്തികളെ ജനാധിപത്യ രീതിയിൽ ചെറുത്ത് തോൽപിക്കേണ്ടതുണ്ട്. നീതിപീഠങ്ങൾ ഇരകൾക്കൊപ്പം നിന്നുകൊണ്ട് നീതി നടപ്പാക്കേണ്ടതുണ്ട്. രാജ്യത്ത് മതസ്വാതന്ത്ര്യം ഉറപ്പ് വരുത്താനുള്ള ശക്തമായ നടപടികളും ഉണ്ടാകേണ്ടതുണ്ട്.
കൈയൂക്കുള്ളവൻ മേൽക്കോയ്മ നേടുന്ന അവസ്ഥകൾ രാജ്യത്തിന് ചേർന്നതല്ല. ജനങ്ങളുടെ വികാരത്തെ രാഷ്ട്രീയ പാർട്ടികൾ കാണാതെ പോകരുത്. പ്രതിപക്ഷ പാർട്ടികൾ അഴിമതിക്കഥകളുടെയും ഇല്ലാതെ പോയ ആദർശങ്ങളുടെയും പേരിലല്ല തെരുവുകളിൽ മുഷ്ടി ചുരുട്ടി മുദ്രാവാക്യങ്ങൾ മുഴക്കേണ്ടത്. രാജ്യം അസ്ഥിരപ്പെടുന്പോൾ എതിർപ്പുകൾ മാറ്റിവെച്ച് നല്ല ഒരു പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കാനാണ് ശ്രമിക്കേണ്ടത്. രാജ്യത്ത് നല്ല ഒരു ശതമാനം ജനങ്ങളും ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വാസമർപ്പിച്ചവരാണ്, അവരോടൊപ്പമാണ് രാഷ്ട്രീയ പാർട്ടികളും നിലകൊള്ളേണ്ടത്.