സിപിഐ(എം) രാമായണം വായിക്കുന്പോൾ...
ജെ. ബിന്ദുരാജ്
എന്റെ മുത്തശ്ശി കല്യാണിക്കുട്ടിയമ്മ ഒരു കടുത്ത ഭക്തയായിരുന്നു. കടുത്ത ഭക്ത എന്നു ഞാൻ പറഞ്ഞത് വെറുതെയല്ല. വൈകുന്നേരമായാൽ അവർ നമശ്ശിവായ ചൊല്ലലും അതിനുശേഷം സന്ധ്യാനാമ കീർത്തനം ചൊല്ലലുമെല്ലാം തുടങ്ങുമെന്നു മാത്രമല്ല കുട്ടികളായ ഞങ്ങളെ നിർബന്ധപൂർവ്വം പുകപടലങ്ങൾ നിറഞ്ഞ ഒരു അടഞ്ഞ മുറിയിലേയ്ക്ക് എത്തിക്കുകയും അവർ ചൊല്ലുന്ന കീർത്തനങ്ങൾ ചൊല്ലാൻ നിർബന്ധിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെയാണ് ‘രാമ രാമ രാമ രാമ രാമരാമ പാഹിമാം, രാഘവാ മനോഹരാ ഹരേ മുകുന്ദ പാഹിമാം, രാക്ഷസാന്തകാ മുകുന്ദ രാമ രാമ പാഹിമാം, ലക്ഷ്മണ സഹോദര ശുഭാവതാര പാഹിമാം....’ ഒക്കെ അർത്ഥമറിയാതെ ഞങ്ങൾ കുട്ടികൾ കളിതമാശയായി ആർത്തുവിളിച്ചിരുന്നത്. കുറെ ചിത്രങ്ങൾക്ക് മുന്നിൽ കുത്തിയിരുന്ന്, കുറെ പുകയും വിളക്കിൽ നിന്നുള്ള എണ്ണക്കരിയും ശ്വസിച്ച് അസ്വസ്ഥരായി ഈ അഭ്യാസം നടത്തുന്നതെന്തിനായിരുന്നുവെന്ന് അന്നൊന്നും ഞങ്ങൾക്കറിയില്ലായിരുന്നു. മുത്തശ്ശി ബാക്കിയെല്ലാ കാര്യത്തിലും ശല്യക്കാരിയൊന്നുമല്ലാതിരുന്നതിനാൽ മുത്തശ്ശിയെ വിഷമിപ്പിക്കേണ്ടെന്നു കരുതി ഞങ്ങളത് സഹിച്ചിരുന്നുവെന്നതാണ് സത്യം. സന്ധ്യാനേരത്ത് ശിവൻ കൈലാസത്തിൽ താണ്ധവമാടുന്പോൾ കാലിനടിയിൽ ചവിട്ടിപ്പിടിച്ചിരിക്കുന്ന പിശാചുക്കൾ പുറത്തുചാടുമെന്നും ആ ഭൂതങ്ങളെ നമ്മുടെ അടുത്തേക്ക് വരാതിരിക്കാനാണ് നമശ്ശിവായ ചൊല്ലുന്നതെന്നും ഹനുമാൻ സന്ധ്യാസമയത്ത് രാമനാമം ജപിച്ചിരിക്കുന്ന സമയത്ത് ഭൂമിയിൽ മനുഷ്യർ അത് ജപിക്കാൻ തുടങ്ങിയാൽ ഹനുമാൻ തന്റെ ജപം മുടക്കി രാമനാമം ജപിക്കുന്നയിടത്തു പോകുമെന്നതിനാൽ, ഹനുമാന്റെ ജപത്തിന് ഭംഗം വരാതിരിക്കാനാണ് നമ്മൾ സന്ധ്യ കഴിഞ്ഞതിനുശേഷം രാമനാമം ജപിക്കുന്നതെന്നുമൊക്കെ ഞാൻ മനസ്സിലാക്കിയത് ‘ഗൂഗിൾ ഭഗവാൻ’ രംഗപ്രവേശം ചെയ്തശേഷമാണ്.
രാമായണത്തിലെ കഥാതന്തുവാണ് സന്ധ്യാനാമത്തിലെ പ്രധാന വർണനകൾ. രാമായണം എന്നു പറഞ്ഞാൽ ഭക്തിരസപ്രധാനമായി തുഞ്ചത്ത് രാമാനുജൻ എഴുതിയ രാമായണമെന്നാണ് ഒരു സാധാരണ മലയാളി മനസ്സിലാക്കിയിട്ടുള്ളത്. വാൽമീകി രാമായണത്തിലെ പിൽക്കാല കൂട്ടിച്ചേർക്കലുകളായ ഉത്തരകാണ്ധത്തിൽ നിന്നും ബാലകാണ്ധത്തിൽ നിന്നും വ്യത്യസ്തമായി രാമനെ ഒരു അവതാരപുരുഷനായി സങ്കൽപ്പിച്ചുകൊണ്ടാണ് ഭക്തിരസപ്രധാനമായ മലയാളിയുടെ രാമായണവും രചിച്ചിട്ടുള്ളത്. വാൽമീകിയുടെ രാമായണ കാവ്യത്തിനു മുന്പു തന്നെ രാമകഥ ആഖ്യാന കാവ്യമായി ഉണ്ടായിരുന്നുവെന്നും അത് പലമട്ടിൽ പലദേശങ്ങളിൽ പ്രചരിച്ചിരുന്നുവെന്നുമാണ് പണ്ധിതശ്രേഷ്ഠരുടെ മതം. ബൗദ്ധദശരഥ ജാതകത്തിലാണ് രാമകഥയുടെ മൂലരൂപമെന്നും തീർത്തും മാനുഷികമായ ഒരു കഥാപാത്രത്തെ പിൽക്കാലത്ത് കവികൾ ദൈവികത ആരോപിച്ച് അവതരിപ്പിക്കുകയാണ് ഉണ്ടായിട്ടുള്ളതെന്നുമാണ് പൊതുവേ കണക്കാക്കപ്പെട്ടിട്ടുള്ളത്. വാൽമീകിക്ക് ഭൂമിശാസ്ത്രപരമായുള്ള അറിവില്ലായ്മയും വാനരന്മാരെന്ന് വിശേഷിപ്പിക്കപ്പെടുന്നവർ ആദിവാസിജനവിഭാഗമാണെന്നുമൊക്കെ പിൽക്കാല വ്യാഖ്യാനങ്ങൾ വന്നിട്ടുമുണ്ട്. പല ഭാഷകളിലും പല മട്ടിൽ രാമായണകഥ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇന്തോനേഷ്യയിലും തായ്ലന്റിലും ടിബറ്റിലും കന്പോഡിയയിലും മലേഷ്യയിലും നേപ്പാളിലും ജപ്പാനിലും ലാവോസിലും ശ്രീലങ്കയിലും ബർമ്മയിലുമൊക്കെ അവരുടേതായ മട്ടിലുള്ള രാമകഥകളുണ്ട്. എന്തിന് മലയാളത്തിൽപോലും എഴുത്തച്ഛന്റെ ആദ്ധ്യാത്മരാമായണം കിളിപ്പാട്ടിനുപുറമേ, ചീരാമകവിയുടെ രാമചരിതവും കണ്ണശ്ശപ്പണിക്കരുടെ കണ്ണശ്ശരാമായണവും പുനം നന്പൂതിരിയുടെ രാമായണം ചന്പുവും കൊട്ടാരക്കര തന്പുരാന്റെ രാമായണം ആട്ടക്കഥയും മലബാറിലെ മാപ്പിള രാമായണവുമൊക്കെയുണ്ട്.
ഇത്രയും പറഞ്ഞത് എന്തിനാണെന്നല്ലേ? സിപിഎമ്മിന്റെ സംസ്കൃത സംഘം കേരളത്തിൽ രാമായണ മാസം ആചരിക്കാൻ പോകുന്ന വാർത്തകളാണ് അതിന് അടിസ്ഥാനം. ജൂലൈയിൽ കർക്കിടം ആരംഭിക്കുന്നതോടെ സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള സംസ്കൃത സംഘവും രാമായണ മാസ ആചരണവും ആരംഭിക്കുമത്രേ. വിപ്ലവ പാർട്ടി എന്തിനാണ് രാമനും സീതയും രാവണനുമൊക്കെയുള്ള ഒരു ഇതിഹാസകൃതി ആഘോഷിക്കുന്നതെന്നതിന് പ്രത്യേകിച്ച കൃത്യമായ ഒരു ഉത്തരമൊന്നും നൽകാൻ ഇതുവരെ പാർട്ടിക്കായിട്ടുമില്ല. ബിജെപിയിലേയ്ക്ക് ഹൈന്ദവരായ അണികൾ പോകുന്നത് തടയാനാണ് ഏതാനും വർഷം മുന്പ് ശ്രീകൃഷ്ണജയന്തി ആഘോഷവും ഇപ്പോൾ രാമായണ മാസാചരണവുമൊക്കെ പാർട്ടി നടത്തുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
സംസ്കൃത സംഘവും ഇതു തന്നെയാണ് പറയുന്നത്. ഫാസിസ്റ്റ് ശക്തികളെ അകറ്റിനിർത്താൻ രാമായണ വ്യാഖ്യാനങ്ങൾ നടത്തുകയാണ് ലക്ഷ്യമെന്നാണ് സംഘത്തിന്റെ രാമായണ മാസചരണ മേൽനോട്ടം വഹിക്കാൻ നിയുക്തനായ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഡോക്ടർ വി ശിവദാസൻ പറയുന്നത്. ഹിന്ദു സമുദായത്തെ വേദനിപ്പിക്കാത്ത തരത്തിലാകും വ്യാഖ്യാനങ്ങളെന്നും അദ്ദേഹം പറഞ്ഞുെവയ്ക്കുന്നു. അതായത് പരന്പരാഗതസങ്കൽപങ്ങളെ അത് ചെറുക്കില്ലെന്നു തന്നെ. സംസ്കൃത സംഘത്തിന്റെ ഇത്തരത്തിലുള്ളപ്രതികരണങ്ങൾ വന്നത് സംഭവം വിവാദമായതിനുശേഷമാണെന്നത് സിപിഎമ്മിന്റെ യഥാർത്ഥ ലക്ഷ്യം ഹൈന്ദവ സമൂഹത്തെ പ്രീണിപ്പിക്കുകയായിരുന്നുവെന്ന് പൊതുസമൂഹത്തിനു മുന്നിൽ തുറന്നുകാട്ടപ്പെടുകയും ചെയ്തു. പ്രീണനത്തെ അക്കാദമിക അഭ്യാസമായി ചിത്രീകരിച്ച് തടിയൂരാനുള്ള ശ്രമം അല്ലാതെ മറ്റെന്താണിത്? അതായത് അപകടകരവും അയുക്തികവുമായ ഒരു ചിന്തയാണ് സിപിഎമ്മിനെ ഇക്കാര്യത്തിൽ നയിച്ചിരുന്നതെന്ന് പറയാതിരുന്നു കൂടാ. അതിന് ഏറ്റവും വലിയ ഉദാഹരണം ആദ്ധ്യാത്മരാമായണത്തെ കൂട്ടുപിടിച്ച് ജി സുധാകരനും കടകംപള്ളി സുരേന്ദ്രനുമൊക്കെ ഇതിനകം തന്നെ നടത്തിക്കഴിഞ്ഞ രാമായണ വ്യാഖ്യാനങ്ങളാണ്. മുഖ്യമന്ത്രി പിണറായി വിജയൻ പോലും രാമായണം സ്ംപുഷ്ടമായി വായിച്ചാണ് വളർന്നതെന്നു വരെ പറഞ്ഞുവച്ചുകളഞ്ഞു ജി സുധാകരൻ. സംഘ്പരിവാറിന്റെ അതേ രാമായണ വായനയിലേക്ക് സിപിഎം വീഴുകയാണെന്നതിന്റെ പ്രഥമ സൂചനകളാണ് അവ.
സിപിഎമ്മിനെ പിൻപറ്റി കോൺഗ്രസിന്റെ വിചാർ വിഭാഗും രാമായണ മാസാചരണത്തിന് ഇറങ്ങിച്ചിരിക്കുന്നതും സംഘ് പരിവാറിനെ സംബന്ധിച്ചിടത്തോളം അത്യാഹ്ലാദകരമായ കാര്യം തന്നെ. ഗാന്ധി വിഭാവനം ചെയ്ത രാമരാജ്യം എന്ന മാതൃകാ സർക്കാരിന്റെ സ്ഥാപനമാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് വിചാർ വിഭാഗിന്റെ ന്യായീകരണം. നാലഞ്ച് വോട്ടുകൾക്കുവേണ്ടി ഹൈന്ദവപ്രീണനത്തിന് ഇറങ്ങുന്നതിലെ അയുക്തികതയും അസംബന്ധവും കെപിസിസി മുൻ അദ്ധ്യക്ഷൻ കെ.മുരളീധരൻ പോലും മനസ്സിലാക്കിയിട്ടും സിപിഎമ്മിന് അത് മനസ്സിലാകുന്നില്ലെന്നതാണ് കഷ്ടം.
ഇനി സിപിഎമ്മിന്റെ ഈ ഹൈന്ദവവൽക്കരണത്തിന്റെ അപകടങ്ങളിലേയ്ക്ക് വരാം. ബി ജെപിയും സംഘ്പരിവാർ ശക്തികളും ആഗ്രഹിക്കുന്നിടത്തേക്കാണ് സിപിഎം ചലിച്ചുകൊണ്ടിരിക്കുന്നതെന്ന് നേതാക്കൾ തിരിച്ചറിയുന്നില്ലെന്നതാണ് അതിന്റെ ഏറ്റവും ദയനീയമായ വശം. രാമായണം ഹിന്ദുക്കളുടെഭവനങ്ങളിൽ വായിച്ചിരുന്നുവെങ്കിലും അതിനെ സംഘടിതമായ ഒരു രൂപത്തിലേയ്ക്കും രാമായണമാസാചരണം എന്ന രീതിയിലേക്കുമൊക്കെ എത്തിച്ചത് കേരളത്തിലെ ഹിന്ദു സംഘടനകളുടെ അജണ്ടയുടെ ഭാഗമായിരുന്നു. സ്വർണം വിൽക്കാൻ അക്ഷയത്രിതീയ ജുവലറികൾ എങ്ങനെ വിദഗ്ദ്ധമായി വിപണനം ചെയ്തുവെന്നതു പോലെ തന്നെയാണ് ഹിന്ദുത്വയെ വിപണനം ചെയ്യാൻ രാമായണത്തെ ഹൈന്ദവ സംഘടനകൾ ഉപകരണമാക്കിയെടുത്തത്.
അയോധ്യയിൽ ബാബറി മസ്ജിദിന്റെ തകർക്കലിലേയ്ക്ക് ഹിന്ദുത്വ ഫാസിസ്റ്റുകൾ നീങ്ങിയത് രാമജന്മഭൂമി എന്ന വിഷയം ആളിക്കത്തിച്ചുകൊണ്ടായിരുന്നു. ബാബറി മസ്ജിദ് ഒരു ക്ഷേത്രം തകർത്താണ് നിർമ്മിച്ചതെന്നും അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്നുമുള്ള പ്രചാരണത്തിന്റെ തുടക്കമായിരുന്നു അദ്വാനിയുടെ രഥയാത്രയും ഇന്ത്യയെ രാമന്റെ പേരിൽ വിഘടിപ്പിച്ചതും. രാമായണത്തിലെ ഒരു കഥാപാത്രത്തെ എത്ര വിദഗ്ധമായാണ് ബിജെപി തങ്ങളുടെ വോട്ട് ബാങ്ക് വളർത്താനും മതസ്പർദ്ധ വളർത്താനും ഉപയോഗിച്ചതെന്ന് കഴിഞ്ഞ മുപ്പതു വർഷത്തെ ഇന്ത്യാ ചരിത്രം പരിശോധിച്ചാൽ മതിയാകും. രാമൻ അവരെ സംബന്ധിച്ചിടത്തോളം ഇന്ത്യയെ വർഗീയമായി വിഭജിക്കാനാകുന്ന ഒരു ഉപകരണം മാത്രമായിരുന്നു. രാമാനന്ദ സാഗറിന്റെ ടെലിവിഷൻ രാമായണത്തിനു ലഭിച്ച വന്പൻ സ്വീകാര്യതയാകട്ടെ, രാമന്റെ ഉപയോഗം ബിജെപിയുടെമുഖ്യ അജണ്ടകളിലൊന്നായി മാറുകയും ചെയ്തു.ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനും ഇന്ത്യൻ ഭരണഘടനയെ അട്ടിമറിക്കാനുമുള്ള ആർഎസ്എസ്സിന്റെ പദ്ധതി ഒരു കരടുരൂപത്തിലേക്ക് ബിജെപി എത്ര പെട്ടെന്നാണ് എത്തിച്ചതെന്ന് പിന്നീട് നടന്ന സംഭവങ്ങൾ തന്നെ വ്യക്തമാക്കുന്നുണ്ടു താനും.
ലോക്സഭയ്ക്കു പുറമേ, രാജ്യസഭയിലും ബിജെപിക്ക് ആധിപത്യം കൈവന്നാൽ ഒരു ഹിന്ദു പാകിസ്ഥാനാക്കി ഇന്ത്യയെ ബിജെപി മാറ്റുമെന്ന് ശശി തരൂർ പറഞ്ഞത് വെറുതെയല്ല. ഭരണഘടനയെ അട്ടിമറിച്ച് മതാധിഷ്ഠിതമായ രാഷ്ട്രം കെട്ടിപ്പടുക്കുക തന്നെയാണ് സംഘ്പരിവാറിന്റെ അജണ്ട. വരുന്ന തെരഞ്ഞെടുപ്പിനു മുന്പ് വീണ്ടും വർഗ്ഗീയത ആളിക്കത്തിക്കാൻ ബിജെപി അദ്ധ്യക്ഷൻ തന്നെ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് കഴിഞ്ഞയാഴ്ച പ്രസ്താവനയിറക്കിക്കഴിഞ്ഞിരിക്കുന്നു. വർഗ്ഗീയമായ ഇന്ത്യയെ ഇന്ന് ഏറ്റവുമെളുപ്പം ഭിന്നിപ്പിക്കാൻ പറ്റിയ ഉപാധി രാമനും രാമക്ഷേത്രവുമാണെന്ന് ബിജെപിക്ക് നന്നായി അറിയാം. ഉത്തരേന്ത്യയിൽ രൂപമെടുത്ത ഗോ സംരക്ഷണ പ്രസ്ഥാനങ്ങളും പശുവിറച്ചി വിറ്റുവെന്ന പേരിൽ ആസൂത്രിത ഹിന്ദുത്വ ശക്തികൾ നടത്തുന്ന മുസ്ലിം കൊലപാതകങ്ങളും ഹിന്ദുത്വയിലേക്ക് കൂടുതൽ ആളെ എത്തിക്കാനുള്ള വർഗീയ വിഷം നിറച്ച ബ്രഹ്മാസ്ത്രങ്ങളുമാണ്. ഇതൊന്നുംമനസ്സിലാക്കാതെയാണ് രാമായണ മാസാചരണത്തിലൂടെ ഹിന്ദു സമുദായത്തെ ഒപ്പം നിർത്താനാകുമെന്ന് സി പി എം തെറ്റിദ്ധരിച്ചിരിക്കുന്നത്. മതേതര മൂല്യങ്ങളിൽ വിശ്വസിക്കുന്ന വലിയൊരുജനവിഭാഗത്തെയാണ് മതത്തിന്റെ പേരിൽ ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്തതിലൂടെ പാർട്ടിയിൽ നിന്നും നിഷ്കാസിതരാക്കാൻ പോകുന്നത്.
എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഒന്നുറച്ചു ചിന്തിക്കൂ. ശ്രീരാമന്റെ പേരിൽ അയോധ്യയിൽ ബാബറി മസ്ജിദ് തകർക്കപ്പെടുകയും രാമക്ഷേത്രം ആ സ്ഥലത്ത് നിർമ്മിക്കണമെന്ന് ബിജെപി ആവശ്യമുന്നയിക്കുകയും ചെയ്യുന്പോഴാണ് രാമൻ എന്ന സങ്കൽപ പുരുഷന് ദൈവികമായ പരിവേഷം നൽകുന്ന ആദ്ധ്യാത്മരാമായണ വായനയുമായി സിപിഎം ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നതാണ് ചരിത്രപരമായ മഠയത്തം. ഹിന്ദു സമൂഹത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്താതെയാണ് തങ്ങൾ രാമായണ മാസാചരണം നടത്തുകയെന്ന് സംസ്കൃതസംഘം തന്നെ വെളിപ്പെടുത്തിയ സ്ഥിതിക്ക് ആധ്യാത്മക രാമായണം തന്നെയാകും അടിത്തറയെന്ന് മനസ്സിലാക്കാൻ അപാരചിന്താശേഷിയൊന്നും വേണ്ട. രാമനെ മനുഷ്യനായി കാണുകയാണ് ലക്ഷ്യമെങ്കിൽ കർക്കിടക മാസത്തിൽ തന്നെ ഈ പരിപാടി സംഘടിപ്പിച്ചതിന്റെ യുക്തി പോലും ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. ‘വർഗീയത തുലയട്ടെ’ എന്നു ചുവരെഴുതിയതിനാണ് എസ്എഫ്ഐക്കാരൻ അഭിമന്യുവിനെ വർഗീയശക്തികൾ കൊലപ്പെടുത്തിയതെന്നു പോലും മറന്നുകൊണ്ടാണ് ഹൈന്ദവ വർഗ്ഗീയതയെ വിദഗ്ദ്ധമായി ഉപയോഗിക്കാൻ സിപിഎം ഇപ്പോൾ രാമായണം വായിക്കാൻ തുടങ്ങിയിരിക്കുന്നതെന്നത് ദയനീയമായ കാര്യം തന്നെ. ഈ പാരായണത്തിന് എന്തു തന്നെ ന്യായവാദങ്ങൾ സിപിഎം നിരത്തിയാലും പാർട്ടിയുടെ മൃദുഹിന്ദുത്വ സമീപനം ഇപ്പോൾ അണികൾ തിരിച്ചറിഞ്ഞുവരികയാണെന്നും അത് എത്രയോ ഇതര സമുദായക്കാരേയും മതേതരമായി ചിന്തിക്കുകയും യുക്തിപരമായി കാര്യങ്ങളെ കാണുകയും ചെയ്യുന്നവരേയും പാർട്ടിയിൽ നിന്നും അകറ്റിക്കൊണ്ടിരിക്കുകയാണെന്നും സിപിഎം തിരിച്ചറിയുന്നതേയില്ല.
കാവിയെ പ്രതിരോധിക്കാൻ പാർട്ടിയെ കാവിപുതപ്പിക്കാൻ നടക്കുന്നവരോട് എന്തു പറയാൻ? സിപിഎമ്മിലെ അണികൾക്ക് അകത്തും അനുകൂലികൾക്കിടയ്ക്കും അതുണ്ടാക്കുന്ന ആശയ സംഘർഷവും സംശയവും എത്രത്തോളം വലുതായിരിക്കും. അത് പാർട്ടിയുടെ ശവക്കച്ചയായി മാറുമെന്ന കാര്യത്തിൽ ആർക്കാണ് സംശയം? മനുഷ്യനെ നന്മയിലേയ്ക്ക് നയിക്കുന്ന ഏതൊരു പ്രത്യയശാസ്ത്രത്തേയും പുരോഗമന പ്രസ്ഥാനങ്ങൾ സ്വീകരിക്കുമെന്നും അതിന്റെ ഭാഗമായാണ് ദൈവ വഴിയിലൂടെ കൂടുതൽ ജനതയിലേക്കെത്താൻ ശ്രമിക്കുന്നതെന്നുമാണ് പുരോഗമനക്കാരെന്ന് മേനി നടിക്കുകയും പിന്തിരിപ്പൻ വാദങ്ങൾ മാത്രം പറയുകയും ചെയ്യുന്ന സിപിഎം അനുഭാവികളുടേയും പണ്ധിതമ്മന്യരുടേയും ചില വാദമുഖങ്ങൾ. മതത്തിനും ദൈവത്തിനുമപ്പുറം മനുഷ്യന്റെ നന്മയിലും വർഗ്ഗസമരത്തിലും വിശ്വസിച്ച ഒരു പ്രസ്ഥാനമാണ് വർഗീയത ഉപയോഗിച്ച് അനുയായികളെ ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്നത് എത്രയോ ദയനീയമായ കാര്യമാണ്. സിപിഎമ്മിന്റെ ഈ നയം സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം ഹിന്ദുത്വ അജണ്ട വ്യാപിപ്പിക്കുന്നതിൽ ഏറെ സഹായിക്കുകയും ചെയ്യും. ആത്യന്തികമായി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന് ഉറപ്പിച്ചിരിക്കുന്നവർക്കിടയിലേക്കാണ് ഒരു വിപ്ലവപാർട്ടി ഹിന്ദുത്വയുടെ ഉപകരണങ്ങളുമായി വോട്ടുപിടിക്കാനിറങ്ങുന്നതെന്നാണ് ഏറ്റവും ദയനീയം. ഒരു മിത്തോളജിക്കൽ കഥാപാത്രത്തെ ഇതിഹാസത്തിൽ നിന്നും പുറത്തെടുത്ത് അവതരിപ്പിക്കുകയും അയാൾക്ക് ചരിത്രപരമായ പ്രാധാന്യം നൽകാനായി ഉൽഖനനങ്ങൾ പോലും നടത്തുകയും ചെയ്യുന്ന ബിജെപി സർക്കാർ അധികാരത്തിലിരിക്കുന്ന സമയമാണ് ഇന്ത്യയിലേത്. ഹിന്ദു എന്നത് ഒരു മതമല്ലെന്നും സംസ്കാരമാണെന്നുമുള്ള പുരോഗമനക്കാരുടെ വാദങ്ങളെയെല്ലാം അട്ടിമറിച്ചുകൊണ്ട് ദൈവികസ്വരൂപമുള്ള ഒരു രാമനെ ഇന്ത്യയിൽ പ്രതിഷ്ഠിക്കുകവഴി ഹിന്ദുരാഷ്ട്രയിലേക്കുള്ള ആദ്യചവിട്ടുപടികളാണ് ബിജെപി അതീവശ്രദ്ധയോടെ പാകുന്നതെന്ന് എന്തുകൊണ്ടാണ് ഇടതു ബുദ്ധിജീവികൾ പോലും തിരിച്ചറിയാത്തത്? അതിനെ പ്രതിരോധിക്കുന്നതിനു പകരം അപകടകരമായ ആ അവസ്ഥയ്ക്ക് തങ്ങളാൽ ആകുന്ന സഹായം കൂടി ചെയ്തു കൊടുക്കുകയും രാമനും രാമായണത്തിനും കൂടുതൽ പ്രസക്തി ഉണ്ടാക്കുകയും ചെയ്യുകയാണ് സിപിഎമ്മിന്റെ രാമായണ മാസാചരണത്തിലൂടെ സംഭവിക്കുന്നത്.
ബിജെപി ആഗ്രഹിച്ചതെന്തോ അത് അവർ സിപിഎമ്മിലൂടെ നേടിയെടുത്തു കൊണ്ടിരിക്കുന്നുവെന്നതാണ് വാസ്തവം. ഇന്ത്യയെ മതപരമായ ഒരു അസ്തിത്വത്തിലേയ്ക്ക് കൊണ്ടുപോകാനാണ് ബിജെ പിയുടേയും സംഘപരിവാർ ശക്തികളുടേയും ശ്രമമെന്ന കാര്യത്തിൽ ആർക്കാണ് സംശയം? മതം ഇന്ത്യയിലെ ഓരോ ജനതയിലേയ്ക്കും ആഴത്തിൽ വേരോടിയിരിക്കുന്നതിനാലും ഒരു വികാരമായി ഇന്ത്യക്കാരൻ അതിനെ കാണുന്നതിനാലും മതത്തെ കൂട്ടുപിടിച്ചുകൊണ്ട് ഹിന്ദുരാഷ്ട്ര നിർമ്മിതിയിലേക്ക് കടക്കാനുള്ള ശ്രമങ്ങളാണ് സംഘപരിവാർ കാലങ്ങളായി നടത്തിവന്നിരുന്നത്. രാമനെ ദൈവമായല്ല മറിച്ച് ഉത്തമ മനുഷ്യനായിക്കണ്ട മഹാത്മാഗാന്ധി കൊല്ലപ്പെട്ടതു പോലും അതുകൊണ്ടാണ്. ശശി തരൂർ കൃത്യമായാണ് അത് പറഞ്ഞത്. ബിജെപി ഇന്ത്യയെ ഒരു ഹിന്ദു പാകിസ്ഥാൻ ആക്കി മാറ്റും. പാകിസ്ഥാൻ എങ്ങനെയാണ് ഇസ്ലാമിനെ അവരുടെ രാഷ്ട്രനിർമ്മിതിക്ക് ഉപയോഗിക്കുകയും ഇസ്ലാമിക രാഷ്ട്രമായി വിശേഷിപ്പിക്കുകയും ചെയ്തുവോ അതു തന്നെയാണ് ബിജെപിയും ഇന്നു ചെയ്തുകൊണ്ടിരിക്കുന്നത്. സംസ്ഥാനങ്ങളുടെ കൂട്ടുചേരലിൽ നിന്നും ഭരണഘടനാപരമായി നിർമ്മിക്കപ്പെട്ട ഇന്ത്യയല്ല ബിജെപിയുടെ ഇന്ത്യ. പകരം പൗരാണിക ആര്യന്മാരുടെ പിന്തുടർച്ചാവകാശികളെന്ന് സ്വയം ധരിച്ചുവച്ചിരുന്ന ആർഎസ്എസ് വിഭാവനം ചെയ്യുന്ന ഇന്ത്യയാണ് അവർ ലക്ഷ്യം വെയ്ക്കുന്നത്. മുസ്ലിം സമുദായം അപരിഷ്കൃതമാണെന്നും അവരെ ശുദ്ധീകരിക്കേണ്ടത് ആവശ്യമാണെന്നും പറഞ്ഞ ഭാരതീയ ജനസംഘിന്റെ ദീൻദയാൽ ഉപാധ്യായയുടെ വചനങ്ങൾക്ക് പുതിയ വ്യാഖ്യാനം ചമച്ചുകൊണ്ടും ദീൻദയാലിനെ പരമാവധി പ്രെമോട്ട് ചെയ്തുകൊണ്ടും ബി ജെപി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന കാര്യപരിപാടി കണ്ടില്ലെന്ന് നടിക്കരുത്.
ഉപാധ്യായ മുന്നോട്ടു വെച്ച അന്ത്യോദയ സങ്കൽപമാണ് കേന്ദ്ര സർക്കാരിന്റെ വികസനപദ്ധതികളുടെ ആണിക്കല്ലായി ഇന്ന് നരേന്ദ്രമോഡി പറയുന്നത്. സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിലുള്ളവനെ മറ്റുള്ളവർക്കൊപ്പം എത്തിക്കുക എന്നതാണ് അന്ത്യോദയ കൊണ്ട് അർത്ഥമാക്കുന്നതെന്നാണ് ബിജെപി പറയുന്നതെങ്കിലും ജാതിയും ജാത്യാധിഷ്ഠിതമായ തൊഴിലുകളും നിലനിൽക്കണമെന്ന് ആഗ്രഹിച്ച ദീൻദയാൽ ആഗ്രഹിക്കുന്ന അന്ത്യോദയ, ജനസംഘിലേക്ക് താഴ്ന്ന സമൂഹങ്ങളിൽ നിന്നും സാന്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്ന പ്രചാരണം നൽകി ആകർഷിക്കാനുള്ള അടവു മാത്രമായിരുന്നു. പ്രധാനമന്ത്രിയുടെ അന്ത്യോദയ പ്രഖ്യാപനമാകട്ടെ, പാവപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുള്ള വിദഗ്ദ്ധമായ തന്ത്രവും. സംഘ് പരിവാർ നേതാക്കളുടെ ആശയങ്ങൾ ഓരോന്നോരാന്നായി ഇന്ത്യയുടെ മതേതരസ്വത്വത്തിലേക്ക് കടത്തിവിടുകയും വികസനം എന്ന മുഖം മുന്നിൽ നിർത്തിക്കൊണ്ട് ഹിന്ദുരാഷ്ട്രയിലേക്കുള്ള മുന്നേറ്റം നടത്തുകയുമാണ് ഇപ്പോൾ മോഡി ചെയ്തു കൊണ്ടിരിക്കുന്നത്. യോഗാഭ്യസനവും ആയുർവേദ വാഴ്ത്തലുകളുമൊക്കെ അതിന്റെ ആദ്യപടികൾ മാത്രം. ഒരു ഭാഗത്ത് അത് നടക്കുന്പോൾ മറുഭാഗത്ത് ഗോവധത്തിന്റെ പേരിൽ ഒരു സമുദായക്കാർ നിരന്തരം ആക്രമിക്കപ്പെടുന്നു. മതാധിപത്യത്തിലൂന്നി ന്യൂനപക്ഷങ്ങളെ അടിച്ചമർത്താനും അവരെ രണ്ടാംതരം പൗരന്മാരാക്കാനുമുള്ള ‘കു’ബൗദ്ധിക അഭ്യാസത്തിന്റെ ഭാഗമാണ് ഇതെല്ലാം തന്നെ. ഹിന്ദുത്വയുടെ പ്രചാരണകന്മാർ അതിനുള്ള ചരടുവലികൾ ഇതിനകം തന്നെ നടത്തിക്കൊണ്ടിരിക്കുകയുമാണ്. കഴിഞ്ഞ വർഷം ഹിന്ദു ജാഗ്രുതി സമിതി ഗോവയിൽ നടത്തിയ ഓൾ ഇന്ത്യ ഹിന്ദു കൺവെൻഷനിൽ ഇന്ത്യയെ സമീപഭാവിയിൽ തന്നെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള മാർഗങ്ങളാണ് ചർച്ച ചെയ്തത്. അതിനായി രാജ്യവ്യാപക പ്രചാരണവും അവർ സംഘടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഉത്തരപ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് ഇത് ബിജെപിയുടെ അജണ്ടയുടെ ഭാഗം തന്നെയാണെന്ന് ഇക്കഴിഞ്ഞ ഏപ്രിലിൽ പരസ്യമായി പ്രസ്താവിക്കുകയും ചെയ്തിരുന്നു. ദൂരദർശനു നൽകിയ അഭിമുഖത്തിൽ ഹിന്ദുരാഷ്ട്രവാദം ഉയർത്തുന്നതിൽ തെറ്റില്ലെന്ന് അദ്ദേഹം പരസ്യമായ നിലപാടാണ് എടുത്തത്. ഇടതുപ്രസ്ഥാനത്തെ നയിക്കുന്നവർ ഇതൊന്നും മനസ്സിലാക്കുന്നതിനു പകരം നരേന്ദ്രമോഡിക്കൊപ്പം തറയിൽ മലർന്നുകിടന്ന് ശവാസനം ചെയ്യുകയാണ്. രാമായണ മാസാചരണം പോലുള്ള അക്കാദമിക് മുഖമൂടിയിട്ടുള്ള മഠയത്തരങ്ങളാകട്ടെ ആ മലർന്നുകിടപ്പിൽ കിടന്നുള്ള തുപ്പുകളും. രാജ്യത്തിന്റെ മുൻ വൈസ് പ്രസിഡന്റായ ഹമീദ് അൻസാരിയെ എത്ര അനായാസതയോടെയാണ് പ്രധാനമന്ത്രി മോഡി മുസ്ലിം ഭൂമികയിൽ പ്രവർത്തിക്കുകയും ന്യൂനപക്ഷങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്ത ഒരാൾ എന്ന നിലയിലേക്ക് മാത്രം ഇകഴ്ത്തിക്കെട്ടിയത്.
ഇന്ത്യയുടെ ഉപരാഷ്ട്രപതിയായ അദ്ദേഹം ഇന്ത്യയ്ക്കായി പ്രവർത്തിച്ചുവെന്നതിനു പകരം ഒരു സമുദായത്തിന്റെ വക്താവാക്കി ചുരുക്കിക്കെട്ടുകയാണ് അൻസാരിയുടെ വിടവാങ്ങൽ ചടങ്ങിൽ മോഡി ചെയ്തത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ അതുകൊണ്ടു തന്നെയാണ് താൻ വളർന്ന ഇന്ത്യയിൽ നിന്നും വിഭിന്നമായ ഇന്ത്യയാണ് ഇന്നത്തേതെന്നും മുസ്ലിം ജനവിഭാഗത്തിന് ഈ ഭരണത്തിന്റെ കീഴിൽ ആശങ്കകളുണ്ടെന്നും തുറന്നടിച്ചത്. സംഘ്പരിവാറിന്റെ ദേശീയവാദം ഇന്ത്യൻ ദേശീയവാദമല്ലെന്നും ഇവിടെ ചോദ്യങ്ങൾ ചോദിക്കുന്നതുപോലും അപകടകരമായി മാറുകയാണെന്നും ഉപരാഷ്ട്രപതി പദവിയിലിരുന്ന ഒരാൾ പോലും തുറന്നടിച്ചതും സിപിഎം കേൾക്കുന്നു പോലുമില്ല. അവർ സംഘ് പരിവാർ ലക്ഷ്യമിടുന്ന അതേ ഹൈന്ദവതയെ പരിപോഷിപ്പിക്കാൻ രാമായണ മാസാചരണത്തിന്റെ തിരക്കിലാണല്ലോ.സംഘ് പരിവാറിന്റെ അജണ്ടയ്ക്കും വർഗീയതയുടെ വ്യാപനത്തിനും വാതിൽ തുറന്നുകൊടുത്തുകൊണ്ട്, രാമായണം വായിച്ചുകൊണ്ട് ശവാസനത്തിൽ കിടക്കുന്ന കമ്യൂണിസ്റ്റ് കുംഭകർണ്ണന്മാരെ ഉണർത്താനുള്ള ധൈര്യം ഏറാൻമൂളികളായ അണികൾക്കില്ലല്ലോ. അവർ സഖാവ് ഏത് ആസനത്തിലാണോ, ആ ആസനത്തിൽ നിന്നുള്ള അപാനവായുവിനെ സുഗന്ധമായിക്കണ്ട്, ധർമ്മപുരാണത്തിലെന്ന പോലെ അവർക്കായി സ്തുതിഗീതങ്ങൾ രചിച്ചുകൊണ്ടേയിരിക്കും.