കൊച്ചിയിലെ മരണക്കെണികൾ
സുധീർ ബാബു
റോഡിലെ കുഴികളെക്കുറിച്ച് പറഞ്ഞു പഴകി. നാം ജനിച്ചപ്പോൾ മുതൽ കാണാൻ തുടങ്ങിയവ അതിലെന്ത് പുതുമ. കേരളം ഇങ്ങിനെയാണ്. തുടർച്ചയായി, കഠിനമായി മഴപെയ്യുന്ന ഒരു നാട്ടിൽ റോഡുകൾ ഇങ്ങിനെ തന്നെയേ ഉണ്ടാകൂ. അതിന് നമ്മൾ ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സ്ഥിരം കേൾക്കുന്ന പല്ലവി. റോഡ് പണിയുന്ന കോണ്ട്രാക്ടറും സർക്കാർ ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധബന്ധമെന്നും റോഡ് പണിയിലെ മായമെന്നും അലറി വിളിച്ചു പറഞ്ഞ് തൊണ്ടയിലെ വെള്ളംപറ്റും എന്നല്ലാതെ ഒരു കാര്യവുമില്ല. അതൊരു നാട്ടുനടപ്പായി മാറിപ്പോയി.
അതുകൊണ്ട് കുഴികൾ നമുക്ക് ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. കുഴികളില്ലാത്ത റോഡുകളാണ് നമ്മളെ ഇപ്പോൾ ആശ്ചര്യഭരിതരാക്കുന്നത്. അത്രമാത്രം കുഴികൾ നമുക്ക് പരിചിതമായിക്കഴിഞ്ഞു. അവയില്ലാത്ത ഒരു റോഡിനെക്കുറിച്ചുപോലും ചിന്തിക്കാനാവാത്ത വിധം നമ്മുടെ മാനസികനിലയ്ക്ക് രൂപമാറ്റം സംഭവിച്ചുകഴിഞ്ഞു. സ്വപ്നത്തിൽ കാണുന്ന റോഡുകളിൽ കുഴികളില്ലെങ്കിൽ അത് കേരളത്തിലെ റോഡുകളല്ല എന്ന് നമുക്ക് തിരിച്ചറിയാൻ കഴിയുന്നു. കുഴികളില്ലാതെ മലയാളിക്ക് എന്ത് ആനന്ദം.
ഞാൻ സംസാരിക്കാൻ ഉദ്ദേശിച്ചത് റോഡുകളിലെ കുഴികളെക്കുറിച്ചല്ല. മറിച്ച് ഭരണസംവിധാനങ്ങൾ തിരിക്കുന്ന ബുദ്ധിരാക്ഷസരുടെ തലച്ചോറിൽ രൂപം കൊള്ളുന്ന ചില കുഴികളെക്കുറിച്ചാണ്. ഈ കുഴികളെ നമുക്ക് നാടിനെ നശിപ്പിക്കുന്ന, ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്ന ചതിക്കുഴികളായി വിശേഷിപ്പിക്കാം. കാരണം ബുദ്ധിയെ കാർന്ന് തിന്ന് രൂപം കൊള്ളുന്ന ഇത്തരം കുഴികൾ സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണ്.
ഭരണ സംവിധാനം നയിക്കുന്നവർ വളരെ ധിഷണാശാലികളാണ്. ഭരണനയങ്ങൾക്കനുസരിച്ച് ആ സംവിധാനത്തെ മുന്നോട്ട് നയിക്കാൻ വളരെ പ്രാപ്തരായവർ. നിയമങ്ങളും നയങ്ങളും വളരെ സുവ്യക്തമാണ്. അതിനനുസരിച്ച് ഭരണസംവിധാനത്തെ നയിക്കുന്ന പരിപൂർണ്ണ അഡ്മിനിസ്ട്രെറ്റർമാരായ ഇവർ പലപ്പോഴും ദീർഘവീക്ഷണമുള്ള ഭരണാധികാരികളാകുന്നില്ല. അഡ്മിനിസ്ട്രേഷനും മാനേജ്മന്റും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയപ്പെടാതെ അവർ ഭരണചക്രം തിരിക്കുകയാണ്. അതിന് ഇരയാകുന്നവർ പാവം പൊതുജനം മാത്രം.
ഇതിന് ഒരുദാഹരണം ആവശ്യമാണ്. കൊച്ചിയിൽ വൈറ്റിലയിൽ മേൽപ്പാലം പണിയാൻ പോകുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ പണി തുടങ്ങി. ട്രാഫിക്കിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. സ്വാഭാവികമായും തിരക്ക് ഉണ്ടാകും. ജനങ്ങളും സഹകരിക്കണം. ആദ്യം നെല്ലിക്ക കയ്ക്കും പിന്നെ മധുരിക്കും. മേൽപ്പാലം പണി കഴിയുന്നതോടുകൂടി പ്രശ്നങ്ങൾ അവസാനിക്കുകയല്ലേ. അതുകൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സഹിക്കാൻ ജനവും തയ്യാറായി.
വൈറ്റിലയിൽ പണി ആരംഭിച്ചു. തുടർന്നു കുണ്ടന്നൂരും പണി തുടങ്ങി. പണി തുടങ്ങും മുന്പ് ഇരുപത് മിനിട്ട് കൊണ്ട് എറണാകുളം എത്തികൊണ്ടിരുന്നവർ ഇപ്പോൾ രണ്ടുമണിക്കൂർ എടുത്താലും എത്തില്ല എന്ന അവസ്ഥയായി. സ്കൂളുകളിലേക്ക് പോകുന്ന കൊച്ചുകുട്ടികൾ മുതൽ പെൻഷൻ വാങ്ങാൻ പോകുന്ന വയോവൃദ്ധർ വരെ ഈ പീഡനം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ശരിയാണ് വരാൻ പോകുന്ന വലിയൊരു നേട്ടത്തിന് വേണ്ടി കുറച്ചധികം ത്യാഗം ആവശ്യമാണ്. പാലാരിവട്ടം മേൽപ്പാലം പണിതുകൊണ്ടിരുന്നപ്പോഴും ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നതല്ലേ? ഇപ്പോൾ എത്ര സുന്ദരമായി യാത്ര ചെയ്യാം. യാഥാർത്ഥ്യങ്ങളെ നാം സ്വീകരിച്ചേ പറ്റൂ.
ഇതൊന്നുമല്ല വിഷയം. ഞാൻ നേരത്തേ ചൂണ്ടിക്കാട്ടിയ തലച്ചോറിലെ ചില കുഴികളാണ് പ്രശ്നം. കേരളത്തിലെ ഏറ്റവും വലിയ കവലയിലെ മേൽപ്പാലം നിർമ്മാണം ആസൂത്രണം ചെയ്ത രീതി നമ്മുടെ ഭരണസംവിധാനങ്ങളുടെ അപര്യാപ്തതയും അത് നയിക്കുന്നവരുടെ ബുദ്ധിശൂന്യതയും വെളിവാക്കുന്നതാണ്. വൈറ്റിലയിലും കുണ്ടന്നൂരും കൂടി കടന്നുപോകുന്ന വാഹനങ്ങളുടെ ബാഹുല്യമോ തിരക്കോ കണക്കിലെടുക്കാതെ സാധാരണ ഒരു റോഡുപണിപോലെ ഇതിനെ കൈകാര്യം ചെയ്തു. മികച്ച റോഡ് സൗകര്യങ്ങളോ ട്രാഫിക് സൗകര്യങ്ങളോ ഒരുക്കാതെ ചെയ്ത ഈ വിഡ്ഢിത്തത്തിന്റെ ഫലം മുഴുവൻ ഇപ്പോൾ ജനങ്ങൾ അനുഭവിക്കുന്നു.
വൈറ്റിലയിലും കുണ്ടന്നൂരും ഉള്ള റോഡിലെ കുഴികൾ ആരുടെ തമാശയുടെ ദുരന്തങ്ങളാണ്? റോഡ് പണിത് ഒരു മാസത്തിനുള്ളിൽ തന്നെ റോഡിൽ രൂപപ്പെട്ട കുഴികൾ അടയ്ക്കാൻ കാട്ടിയ അലംഭാവം നമ്മുടെ നിഷേധ കാഴ്ച്ചപ്പാടുകൾക്ക് വലിയൊരു തെളിവാണ്. അഗാധമായ കുഴികൾ ഉള്ള റോഡിലൂടെ ഒരു വാഹനത്തിനും വേഗത്തിൽ സഞ്ചരിക്കുവാൻ സാധിക്കില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്ന കവലയിലെ ഈ കുഴികൾ നശിപ്പിക്കുന്നത് അവിടെക്കൂടി കടന്നുപോകുന്ന വാഹനങ്ങളെയാണ്, മനുഷ്യശരീരങ്ങളെയാണ്.ഓരോ ദിവസവും ലക്ഷങ്ങളുടെ ഇന്ധനമാണ് ഇവിടെ എരിഞ്ഞു തീരുന്നത്. സമയത്ത് ജോലിസ്ഥലങ്ങളിൽ എത്താൻ വിഷമിക്കുന്നവർ, അതുമൂലം അന്നത്തെ ജോലി ഇല്ലാതെയാകുന്നവർ, സമയത്ത് സ്കൂളിൽ എത്താൻ കഴിയാത്ത വിദ്യാർത്ഥികൾ, ആശുപത്രികളിൽ എത്താൻ കഴിയാതെ വലയുന്ന രോഗികൾ ഇവരെല്ലാം ഭരിക്കുന്നവരുടെ ദീർഘവീക്ഷണമില്ലായ്മയുടെ ഫലം അനുഭവിക്കുന്നവർ.
ഇതൊക്കെ മുൻകൂട്ടി കാണാമായിരുന്നു. വിദഗ്ദ്ധരുടെ സഹായത്തോടെ കുറ്റമറ്റ ഒരു സംവിധാനം നടപ്പിലാക്കാമായിരുന്നു. മഴക്കാലം മുൻകൂട്ടിക്കണ്ട് അതിനെ നേരിടാൻ തക്കവിധം റോഡിനെ സജ്ജമാക്കാമായിരുന്നു. ഏറ്റവും മോശമായ ഒരവസ്ഥയിലേയ്ക്ക് ഇതൊക്കെ എത്തിക്കുന്നതിനുമുന്പേ പരിഹരിക്കാമായിരുന്നു. പക്ഷേ ആ തലത്തിലേയ്ക്ക് ഭരണ നായകന്മാർ മാറണമെങ്കിൽ അഡ്മിനിസ്ട്രേഷൻ മാത്രം പഠിച്ചാൽ പോര മാനേജ്മന്റും പഠിക്കണം.
വൈറ്റിലയിലും കുണ്ടന്നൂരും മേൽപ്പാലം പണിതീരുന്പോൾ അതിന് മുടക്കിയ തുകയെക്കാളും പലമടങ്ങ് തുക കേരളത്തിന് നഷ്ടപ്പെട്ടിരിക്കും. ആ നഷ്ടം കൃത്യമായി തിട്ടപ്പെടുത്തുക എളുപ്പമല്ല. ഈ വീക്ഷണമില്ലായ്മ കൊണ്ട് നഷ്ടപ്പെടുന്ന സമയം, മനുഷ്യപ്രയത്ന ദിനങ്ങൾ, വാഹനങ്ങളുടെ അറ്റകുറ്റപണിക്ക് ചിലവാകുന്ന തുക, നഷ്ടപ്പെടുന്ന ബിസിനസ് എന്നിവ കണക്കിലെടുക്കാനാവാത്ത നഷ്ടങ്ങൾ സംഭവിപ്പിക്കുന്നു. ഓരോ ദുരന്തങ്ങളും നഷ്ടങ്ങളാണ്. അത്തരമൊരു ദുരന്തമാണ് ഈ സംഭവിച്ചതും. ആരെ വേണമെങ്കിലും കുറ്റം പറയാം മഴയേയോ, റോഡ്പണിക്കാരനെയോ, ബുദ്ധിമുട്ടുകൾ സഹിക്കാൻ വയ്യാതെ കുറ്റം പറയുന്ന പൊതുജനത്തിനെയോ ആരെ വേണമെങ്കിലും. പക്ഷേ യാഥാർത്ഥ്യം എന്താണ്? ഇതിനേക്കാൾ നന്നായി ഇത് സംവിധാനം ചെയ്യാൻ പറ്റില്ലായിരുന്നോ? ഇവിടങ്ങളിൽ ജനങ്ങൾ റോഡിലൂടെയല്ല സഞ്ചരിക്കുന്നത്. കാരണം അതിന്റെ പ്രകൃതി അതിന് നഷ്ടപ്പെട്ടിരിക്കുന്നു. വാഹനങ്ങൾ നീന്തിയാണ് കടന്നുപോകുന്നത്. ആരുടെയൊക്കെയോ തലച്ചോറിലെ കുഴികളുടെ ദുരന്തഫലം അനുഭവിക്കാൻ വിധിക്കപ്പെട്ടവർ സാധാരണക്കാർ.
ഇതൊന്നും ഇങ്ങിനെയല്ല കൈകാര്യം ചെയ്യേണ്ടത് എന്നറിയുന്നവർ കേരളത്തിൽ ഉണ്ട്. ഇത്തരം കാര്യങ്ങൾ വിദഗ്ദ്ധമായി വിലയിരുത്താനും പ്രശ്നങ്ങൾ പരിഹരിക്കാനും കഴിവുള്ളവർ തന്നെയാണ് നാം. പക്ഷേ എത്ര നന്നായി ചെയ്യേണ്ട കാര്യങ്ങൾ പോലും എത്രയും മോശമായി കൈകാര്യം ചെയ്യാൻ കഴിയും എന്ന് തെളിയിക്കുവാൻ നമ്മൾ കഷ്ടപ്പെടുന്നു. പ്രശ്നങ്ങൾ മുൻകൂട്ടിക്കണ്ട് അവയ്ക്ക് പരിഹാരം കാണുന്നവരാണ് വിദഗ്ദ്ധരായ ഭരണാധികാരികൾ. ഈ കുഴികളിൽ പെട്ട് ഏതെങ്കിലും ഒരു യാത്രക്കാരന്റെ ജീവൻ പൊലിയുന്നതുവരെ തലച്ചോറിൽ കുഴികളുള്ള ഇവർ കാത്തുനിൽക്കും. ഇവിടെ വിലയില്ലാത്തത് സാധാരണക്കാരന്റെ സമയത്തിനും ജീവനും മാത്രമാണ്. ആരോട് പറയാൻ, ആര് കേൾക്കാൻ. ദുരന്തങ്ങൾക്കായി നമുക്കിനിയും കാത്തിരിക്കാം.