മദ്ധ്യനിരയിലെ മാന്ത്രികൻ
സ്വന്തം ലേഖകൻ
ആവേശവും ആരവവും തിരതല്ലിയ ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് തിരശ്ശീല വീണിരിക്കുന്നു. 2022ൽ അത്തറിന്റെ മണമുള്ള അറേബ്യൻ രാജ്യമായ ഖത്തറിൽ അടുത്ത ലോകകപ്പ് കാണാം. റഷ്യയിൽ നിന്ന് ലോകകപ്പ് പിൻവാങ്ങുന്പോൾ മനസ്സിൽ ചേർക്കാവുന്ന ഒത്തിരി താരങ്ങൾ ഉദയം ചെയ്തിട്ടുണ്ട്. അതോടൊപ്പം ക്രൊയേഷ്യയെന്ന രാജ്യം ഏവരുടേയും ഹൃദയത്തിൽ കയറിപ്പറ്റുകയും ചെയ്തു. റഷ്യയിൽ ഫ്രാൻസ് കപ്പടിച്ചപ്പോൾ ഏവരും ക്ലാപ്പടിച്ചത് ക്രൊയേഷ്യക്ക് വേണ്ടിയായിരുന്നു, ഫ്രാൻസ് ലോകം കീഴടക്കിയപ്പോൾ ക്രൊയേഷ്യ ആ ലോകത്തിന്റെ ഹൃദയം കീഴടക്കി.
കാൽപ്പന്ത് കളിയിൽ എന്ത് എപ്പോൾ സംഭവിക്കും എന്ന് ആർക്കും പറയാൻ കഴിയില്ല. അതിന് ഏറ്റവും പുതിയ ഉദാഹരണം 2018 ലോകകപ്പിൽ ക്രൊയേഷ്യ ഫൈനൽ കളിച്ചു എന്നത് തന്നെയാണ്. ലോകകപ്പ് യോഗ്യത നേടുന്പോൾ വേൾഡ് റാംങ്കിംഗിൽ 23ാം സ്ഥാനത്തായിരുന്നു ക്രൊയേഷ്യ. ഇന്നവർ 13ാം സ്ഥാനത്താണ്. ക്ലബ്ബ് ഫുട്ബോളിൽ പ്രമുഖ ക്ലബ്ബുകളിലെ കളിക്കാരുള്ളക്രൊയേഷ്യ പക്ഷെ ദേശീയ മത്സരങ്ങളിൽ തങ്ങളുടെ ഒരു സ്പേസ് കണ്ടെത്തുന്നതിൽ എന്തോപിന്നോട്ടായിരുന്നു. റഷ്യയിൽ പക്ഷെ അവർ ഗ്രൂപ്പ് ഘട്ടത്തിൽ വന്പൻമാരായ അർജന്റീനയെ പരാജയപ്പെടുത്തിയപ്പോൾ അവർക്ക് വ്യക്തമായൊരു ലക്ഷ്യം ഉണ്ടെന്ന് മനസ്സിലായിരുന്നു. ആ ലക്ഷ്യം അവരെ ഫൈനലിൽ എത്തിച്ചു.
റഷ്യയിൽ നിന്നും ക്രൊയേഷ്യ തലയുയർത്തി തന്നെയാണ് മടങ്ങിയത്. റഷ്യയിലേയ്ക്ക് വരുന്പോൾ കളി പ്രേമികളും, നിരീക്ഷകരും അവരെ വിലമതിച്ചില്ല. കളി പുരോഗമിച്ചിട്ടും ‘കറുത്ത കുതിരകൾ’ എന്ന ക്ലീഷേ വിശേഷണമല്ലാതെ അവർക്ക് മറ്റൊന്നും ഫുട്ബാൾ ലോകം സമ്മാനിച്ചില്ല. എന്നിട്ടും എല്ലാം തച്ചുടച്ച് അവർ കുതിക്കുക തന്നെ ചെയ്തു. അവരുടെ കുതിപ്പിൽ അർജന്റീനയും, ഇംഗ്ലണ്ടും വരെ അടിയറവ് പറഞ്ഞു. ക്രൊയേഷ്യയെ ഫൈനൽ വരെ വീഴാതെ താങ്ങി നിർത്തിയ, മധ്യനിരയിലെ ഉറവ വറ്റാത്ത അരുവിയെന്ന് വിശേഷണമുള്ള ലുക്കാ മോഡ്രിച്ചിനെ കുറിച്ചാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഫുട്ബോൾ ലോകം ചർച്ച ചെയ്തത്.
പതിനഞ്ചു വർഷത്തെ കഠിനാദ്ധ്വാനത്തിന് ശേഷമാണ് മോഡ്രിച്ച് ലോക കപ്പ് ഫുഡ്ബോളിലിടം നേടുന്നതും, ഫുട്ബോൾ രംഗത്തെ കുലപതികളെന്നവകാശപ്പെടുന്നവരോടേറ്റുമുട്ടി ഫൈനൽ വരെ എത്താൻ ക്രൊയേഷ്യയെ പ്രാപ്തമാക്കുന്നതും. മെസിയോടും റൊണാൾഡോയോടും എന്തിനേറെ നെയ്മറോടു വരെയുള്ള അന്ധമായ താരാരാധനയുടെ നടുവിലാണ് മോഡ്രിച്ച് തന്റെ കഴിവുകൾ കൊണ്ട് മാത്രം ശ്രദ്ധേയനാകുന്നത്. ഒരു കൊച്ചു രാജ്യത്തെ ലോകകപ്പ് ഫൈനൽ വരെ എത്തിക്കുന്നത്. ക്രൊയേഷ്യയുടെ ക്യാപ്റ്റൻ ഏറ്റവും കൂടുതൽ പേ ചെയ്യപ്പെടുന്നവരുടെ ലിസ്റ്റിൽ പേരുള്ളയാളല്ല. അയാൾക്ക് പേഴ്സണൽ സ്പോൺസേഴ്സും ഇല്ല. പക്ഷേ അയാൾ കരുത്തനായ ഒരു എതിരാളിയാണ്, മത്സരങ്ങളിൽ ഗോളുകൾ സ്കോർ ചെയ്യാനറിയാവുന്നവനും, അഭിനയനവും പ്രകടനവുമില്ലാതെ ഊർജസ്വലതയോടെ കളത്തിലിറങ്ങിക്കളിക്കുന്നവനുമാണ്. അതുകൊണ്ടാണ് ഫുട്ബോൾ ലോകം അദ്ദേഹത്തിന്റെ നീക്കങ്ങളെ മോഡ്രിച്ച് മാജിക് എന്ന് വിളിക്കുന്നതും. ഒരേസമയം എതിർ ഗോൾ മുഖത്തേയ്ക്ക് പാഞ്ഞടുക്കുകയും അതേ വേഗതയിൽ പ്രതിരോധ നിരയിൽ വൻമതിലാകാനും ശേഷിയുള്ള മോഡ്രിച്ച് മദ്ധ്യനിരയിൽ കളമികവ് നെയ്തു. ആ മികവിന് റഷ്യയിൽ ഗോൾഡൻ ബോൾ സമ്മാനമായി ലഭിച്ചു. കുതിച്ചെത്തുന്ന ഡിഫൻഡേഴ്സിനെ സ്പോട്ട് ടൈമിങ്ങിൽ കൃത്യമായ ആക്സിലറേഷനോടെ വെട്ടിയൊഴിഞ്ഞുള്ള മുന്നേറ്റം ലോകഫുട്ബാളിൽ മോഡ്രിച്ചിന്റെ മാത്രം കരവിരുതാണെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും ക്ലബ് ഫുട്ബോളിലെ ഏറ്റവും മികച്ച മിഡ്ഫീൽഡറും ആയ റയാൻ ഗിഗ്സ് പറയാറുണ്ട്.
പ്രതിസന്ധികൾക്കിടയിൽ കളിച്ച് വളർന്ന മോഡ്രിച്ചിന്റെ ജീവിത ചരിത്രം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ ഏറ്റവുമധികം യുദ്ധങ്ങൾക്ക് സാക്ഷിയായ മനുഷ്യരാണ് ക്രൊയേഷ്യൻ ജനത. 1914 മുതൽ 19 വരെ തുർക്കിഓട്ടോമൻ സാമ്രാജ്യത്വത്തിനെതിരെ നടന്ന ഒന്നാംബാൽക്കൻ യുദ്ധം. 1989 ഓടെ സോവിയറ്റു പതനത്തിനുശേഷം നടന്ന വംശീയ യുദ്ധം. 1.4 ലക്ഷം ജനങ്ങൾ കൊല്ലപ്പെടുകയും 4 ലക്ഷത്തിലധികം ആളുകൾ ലൂക്കയെ പോലെ അഭയാർത്ഥികളാകുകയുംചെയ്ത വർണവെറിയുടെ, വംശീയ ഉന്മൂലനത്തിന്റെ നാളുകൾ. അതിനെല്ലാം ഇടയിൽ ചതച്ചരക്കപ്പെട്ട ജീവിതമായിരുന്നു ഇന്ന് ഫുട്ബാൾ മാന്ത്രികൻ എന്ന് വിളിക്കുന്ന ലൂക്ക മോഡ്രിച്ചിന്റേതും.
ലോകകപ്പ് ഫൈനലിലേയ്ക്ക് തന്റെ രാജ്യത്തെ ചങ്കുറപ്പോടെ നയിച്ച് താരമാകുന്നതിന് മുന്പ് മോഡ്രിച്ചിന് അവിശ്വസനീയമായ ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു. 1991 ഡിസംബറിൽ മോഡ്രിച്ചിന് ആറ് വയസ് ഉള്ളപ്പോൾ ബാൽക്കൻ യുദ്ധം നടക്കുകയായിരുന്നു. സെർബിയൻപട ഡാൽ മേഷ്യയിലെ ക്രൊയേഷ്യൻ ഗ്രാമങ്ങളിൽ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടു. നാട് വിടാത്ത കുടുംബങ്ങളെ അവർ തേടിപിടിച്ച് വേട്ടയാടി. ആ ക്രൂര ആക്രമണത്തെ അതിജീവിച്ചവരിൽ മോഡ്രിച്ചിന്റെ കുടുംബവും ഉണ്ടായിരുന്നു.
താൻ ഏറെ ബഹുമാനിക്കുകയും നെഞ്ചോട് ചേർക്കുകയും ചെയ്യുന്ന മുത്തച്ഛനെ അക്രമികൾ കൺമുന്നിൽ വെടിവെച്ചു കൊല്ലുന്പോൾ നിസ്സഹായതയോടെ എല്ലാ വിഷമവും നെഞ്ചിലൊളിപ്പിച്ച് നിൽക്കേണ്ടി വന്നു ആറു വയസ്സുകാരൻമോഡ്രിച്ചിന്. ഗത്യന്തരമില്ലാതെ നാടുവിട്ട മോഡ്രിച്ചിന്റെ കുടുംബം എത്തിച്ചേർന്നത് ഒരു അഭയാർത്ഥി ക്യാന്പിലാണ്. വെളളവും വൈദ്യുതിയും ഇല്ലാതെബോംബുകളുടെയും വെടിയുണ്ടകളുടെയും ശബ്ദത്തിലായിരുന്നു ബാല്യകാലം. ഇതൊന്നും മോഡ്രിച്ചിന്റെ ഫുട്ബോൾ പ്രേമത്തെ തകർത്തിരുന്നില്ല. അയാൾ ഫുട്ബോളിനെ സ്നേഹിച്ചു. ഒരു കാലത്ത് താരമായി അവരോധിക്കപ്പെടുന്നത് സ്വപ്നം കണ്ടു. അഭയാർത്ഥി ക്യാന്പിൽ കഷ്ടപ്പാടുകളും ദുരിതകളും പേറിയ ആബാലനാണ് ക്രൊയേഷ്യയുടെ ഫുട്ബോൾ സ്വപ്നങ്ങളുടെ നെടും തൂൺ. 2014 ലോകകപ്പിൽ സൂപ്പർ താരവിശേഷണമുള്ള ലയണൽ മെസിയലങ്കരിച്ച ഗോൾഡൻ ബോൾ പദവിയിൽ 2018ൽ മോഡ്രിച്ച് എത്തിയത് ആ സ്വപ്നങ്ങളെ കൂട്ടുപിടിച്ചായിരുന്നു.
2008ൽ ഇംഗ്ലണ്ടിലെ ഗ്ലാമർ ക്ലബ്ബായ ടോട്ടൻഹാമുമായി കരാർ ഒപ്പുവെച്ചതോടെയാണ് ലുക്കാ മോഡ്രിച്ച് എന്ന പേര് യൂറോപ്പിൽ പരിചിതമാകുന്നത്. ടോട്ടൻഹാമിൽ 127 കളിയിൽ ബൂട്ടുകെട്ടി 13 ഗോളടിച്ച താരം 2012ൽ റയൽ മഡ്രിഡിലെതിയതോടെ ഫുട്ബോൾ ലോകത്ത് അറിയപ്പെട്ടു തുടങ്ങി. ഇതിനിടെ, ക്രൊയേഷ്യയുടെ ദേശീയ ടീമിലെയും സ്ഥിരസാന്നിദ്ധ്യമായി. സിദാനും, റൊണാൾഡോയും, മെസിയും, റൊമാരിയോയും പോലുള്ള മഹാരഥന്മാർക്കൊപ്പം ക്രൊയേഷ്യൻ നായകൻ മോഡ്രിച്ചിന്റെ പേര് കൂടി എഴുതി ചേർക്കപ്പെടുകയാണ്. മെസിയും, റൊണാൾഡൊയും, നെയ്മറുമെല്ലാം പാതിവഴിക്കിറങ്ങിപ്പോയ ലോകകപ്പിന്റെ ഏറ്റവും വലിയ ആവേശമായി മോഡ്രിച്ച് മാറിയെങ്കിൽ അത് കേവലം കളിക്കളത്തിനകത്തെ മികവ് കൊണ്ട് മാത്രമല്ല പ്രതിസന്ധികൾ മാത്രം നിറഞ്ഞ തന്റെ ജീവിതത്തിലുടനീളം നടത്തിയ അതിജീവനത്തിനുള്ള അംഗീകാരം കൂടിയാണ്.
സ്വന്തം നാട്ടിൽ പുകയുന്ന വിവാദങ്ങൾക്കിടയിൽ ആരാധകർക്കു തന്നോടുള്ള ഇഷ്ടക്കേട് കഴുകിക്കളയാൻ ലോകകപ്പിലെ ഈ നേട്ടത്തോടെ മോഡ്രിച്ചിന് കഴിഞ്ഞിട്ടുണ്ടാകും. ക്രൊയേഷ്യൻ ഫുട്ബോൾ രംഗത്തെ അതികായനായിരുന്ന സ്ദ്രാവ്കോ മാമിച്ചുമായുള്ള വഴിവിട്ട ബന്ധം മോഡ്രിച്ചിനെ നാട്ടുകാർക്ക് വെറുക്കപ്പെട്ടവനാക്കിയിരുന്നു. ക്രൊയേഷ്യൻ ഫുട്ബോൾ ഫെഡറേഷൻ മുൻ വൈസ് പ്രസിഡന്റും ക്രൊയേഷ്യയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ ഡൈനാമോ സാഗ്രെബിന്റെ ഡയറക്ടറുമായിരുന്നു മാമിച്ച്. ക്രൊയേഷ്യൻ ഫുട്ബോളിലെ അഴിമതിയുടെ പേരിൽ നാട്ടുകാർക്കിടയിൽ അവമതിപ്പുണ്ടായിരുന്ന മാമിച്ചിന് അനുകൂലമായി കോടതിയിൽ മൊഴിമാറ്റിപ്പറഞ്ഞതോടെയാണ് മോഡ്രിച്ചിനോട് ഇഷ്ടക്കേട് തുടങ്ങിയത്. സത്യവാങ്മൂലത്തിനു വിരുദ്ധമായി മൊഴിനൽകിയ മോഡ്രിച്ചിനെതിരെ കോടതി വഞ്ചനക്കുറ്റം ചുമത്തി. ‘ഞാൻ ഓർക്കുന്നില്ല,’ എന്നു മോഡ്രിച്ച് കോടതിയിൽപ്പറഞ്ഞ വാക്കുകൾക്ക്, ‘ലൂക്കാ, എന്നെങ്കിലും നിങ്ങൾ ഇക്കാര്യം ഓർക്കും’ എന്നു ഫുട്ബോൾ പ്രേമികൾ ചുവരിലെഴുതിയിരുന്നു. എന്നാൽ ലൂക്ക ഇന്ന് ക്രൊയേഷ്യയുടെ പേര് ലോകത്തിന്റെ ചുവരിൽ എഴുതിചേർത്തിരിക്കുകയാണ്...