ബാങ്കിംഗ് രംഗത്തെ ജനവിരുദ്ധ സമീപനങ്ങൾ
ഇ.പി അനിൽ
epanil@gmail.com
കഴിഞ്ഞ നാളുകൾ ഇന്ത്യൻ ബാങ്കിംഗ് രംഗത്ത് നിന്നും കേൾക്കുന്ന വാർത്തകൾ ഒന്നും നാട്ടുകാർക്ക് പുതുമയുള്ളതല്ല. അതി സന്പന്നർ പൊതുമേഖലാ ബാങ്കുകളിൽ നിന്നും വൻ തുകകൾ വായ്പ്പ എടുത്തു രാജ്യം വിടുന്നു. കോർപ്പറേറ്റുകൾ പതിനായിരം കോടികളുടെ വായ്പ തിരിച്ചടക്കാതെയിരിക്കുകയും നിഷ്ക്രിയ ആസ്തികളായി പരിഗണിച്ച് തിരിച്ചു വാങ്ങാതെയിരിക്കുകയും ചെയ്യുന്നു. (Non performing asset) ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി 2017 ഓടെ 8.5 ലക്ഷം കോടി രൂപയിലെത്തി. 2013 ൽ രാജ്യത്തെ നിഷ്ക്രിയ ആസ്തി 2 ലക്ഷം കോടിയായിരുന്നു. അടുത്ത 2 വർഷത്തിനുള്ളിൽ തുക 12 ലക്ഷം കോടിയായി ഉയരും. ഒരു വശത്ത് നിഷ്ക്രിയ ആസ്തി ദിനം പ്രതി ഉയർന്നു വരുന്പോൾ സാധാരണക്കാരുടെ ബാലി കേറാ മലയായി ബാങ്കുകൾ മാറുന്നു. ന്യൂ ജനറേഷൻ ബാങ്കുകളുടെ ഇരകളിൽ ഒന്നാണ് കൊച്ചിയിലെ പ്രീത-ഷാജി കുടുംബവും. രണ്ടു ലക്ഷം വായ്പ്പക്കായി ജാമ്യം നിന്ന കുടുംബം 2 കോടി 78 ലക്ഷം രൂപ തിരിച്ചു നൽകുവാൻ ബാധ്യസ്ഥമാണ് എന്ന് എച്ച്ഡിഎഫ്സി ബാങ്ക് പറയുന്നു. ബാങ്കിംഗ് രംഗത്ത് സാധാരണക്കാരെ കുരുക്കിൽ പെടുത്തുന്ന നിയമങ്ങൾ നമ്മുടെ രാജ്യത്ത് 1990 മുതൽ വർദ്ധിച്ച തോതിൽ പ്രവർത്തിച്ചു വരികയാണ്.
ബാങ്ക് ദേശസാൽക്കരണത്തിന്റെ 50ാം വാർഷികമാണ് ജൂലൈ 19. 1969ൽ ശ്രീമതി ഇന്ദിരാഗാന്ധി 14 ബാങ്കുകളെ സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരുവാൻ നിയമം പാസ്സാക്കിയതിനു മുന്പ് ഒരു ബാങ്കുമാത്രമാണ് പൊതുമേഖലയിൽ ഉണ്ടായിരുന്നത്. (ഇന്പീരിയൽ ബാങ്കിനെ സർക്കാർ ഏറ്റെടുത്ത് (1955) state bank of India സ്ഥാപിതമായി. സ്വതന്ത്ര്യം കിട്ടിയ കാലത്ത് (1947 മുതൽ 55വരെ) 361 ബാങ്കുകൾ നിലവിലുണ്ടായിരുന്നു. അവയിൽ മിക്കതും നിക്ഷേപകരെ കബളിപ്പിക്കുകയും കർഷക വായ്പകൾ നൽകാതെ വൻകിട കച്ചവട വ്യവസായികളെ മാത്രം സഹായിക്കുകയും ചെയ്തുവന്നു. ബാങ്ക് വായ്പയിൽ 98%വും ഉടമകളുടെ നിയന്ത്രണത്തിൽ തന്നെ കറങ്ങി തിരിയുവാൻ ഇടയുണ്ടാക്കി. രാജ്യത്തെ കർഷകർ സ്വകാര്യ ഹുണ്ടികക്കാരുടെ പലിശയിൽ കുരുങ്ങി വന്നു. ബാങ്ക് ദേശസാൽക്കരണത്തെ ഇടതുപക്ഷം പിന്താങ്ങി. എന്നാൽ കോൺഗ്രസിലെ മോറാർജിദേശായിയും ആർഎസ്എസ് നേതൃത്വവും എതിർത്തു. പൊതു മേഖലാ ബാങ്കുകളിൽ നിക്ഷേപം വർദ്ധിച്ചു. ഒന്നാം ഘട്ട ദേശസാൽക്കരണം ബാങ്ക് ഇടപാടുകളിൽ 85%ത്തെയും സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവന്നു. രണ്ടാം ഘട്ട ദേശസാൽക്കരണത്തിൽ (1980) 6 ബാങ്കുകൾ കൂടി സർക്കാരിന്റെ ഉടമസ്ഥതയിൽ ആയതോടെ 91% ബാങ്കിംഗ് രംഗവും പൊതുമേഖലയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ എത്തി. സാന്പത്തിക മാന്ദ്യം നിരവധി അന്തർദേശീയ ബാങ്കുകൾ തകരുവാനും നിക്ഷേപങ്ങൾ നഷ്ടപ്പെടുവാനും ഇടയുണ്ടാക്കി ഇന്ത്യയിൽ ബാങ്കുകൾ തകരാതെയിരുന്നതും സർക്കാർ വൻ സാന്പത്തിക പ്രതിസന്ധിയിൽ പെടാതെ പിടച്ചു നിന്നതും ഇന്ത്യൻ സാന്പത്തിക രംഗത്ത് ദേശീയബാങ്കുകൾക്ക് മുൻഗണന ഉണ്ടായിരുന്നതുകൊണ്ടുമാത്രമാണ് എന്ന് കാണാം.
നമ്മുടെ രാജ്യം മുന്നോട്ടു വെച്ച സോഷ്യലിസ്റ്റ് സങ്കൽപ്പങ്ങൾ നടപ്പിൽ കൊണ്ടുവരുവാൻ വേണ്ടത്ര ശ്രമങ്ങൾ കോൺഗ്രസ് നടത്തിയില്ല എങ്കിലും നെഹ്്റുവും ഇന്ദിരാഗാന്ധിയും പുരോഗമനപരമായ ചില തിരുമാനങ്ങൾ കൈകൊണ്ടിട്ടുണ്ട്. നെഹ്റു പൊതു മേഖലയിൽ ഇൻഷുറൻസ് സ്ഥാപനങ്ങൾ തുടങ്ങിയതും ഇന്ദിരാഗാന്ധി പൊതുമേഖലാ ബാങ്കുകളെ ശക്തി പെടുത്തുവാൻ നടപടികൾ എടുത്തതും അത്തരം ശ്രമങ്ങളുടെ ഭാഗമായിരുന്നു. എന്നാൽ കോൺഗ്രസ് 1990 കളോടെ അത്തരം നിലപാടുകൾ ഉപേക്ഷിച്ചു. ആഗോളവൽക്കരണത്തിന്റെ തുടക്കത്തിൽ തന്നെ ഏറ്റവും അധികം പൊളിച്ചെഴുത്തുകൾ നടന്നത് ബാങ്കിംഗ് രംഗത്താണ്. അതിനുള്ള കാരണം ആഗോളവൽക്കരണത്തിന്റെ തനതു സ്വഭാവം തന്നെ. ആഗോളവൽക്കരണത്തിൽ ഊഹ മൂലധനത്തിന്റെ സ്വാധീനം ഏറെ വർദ്ധികേണ്ടതുണ്ട്. നിയന്ത്രണമില്ലാതെ ഊഹ വിപണികൾ വളരണം. പൊതുസ്വത്തുക്കൾ സ്വകാര്യവ്യക്തികളിലേയ്ക്ക് കൈമാറുവാൻ സ്വകാര്യ വൽക്കരണം ഇവിടെ പ്രോത്സാഹിപ്പിക്കുന്നു. സബ്സിഡികൾ ഒഴിവാക്കണം. വിദ്യാഭ്യാസം, ആരോഗ്യം മുതലായ അടിസ്ഥാന അവകാശങ്ങൾ പോലും അംഗീകരിക്കുവാൻ തയ്യാറല്ലാത്ത അവസ്ഥയിലേയ്ക്ക് നമ്മുടെ രാജ്യം എത്തിക്കഴിഞ്ഞു. കർഷകർ മുതൽ കച്ചവടക്കാർ വരെ പ്രതിസന്ധിയിൽ എത്തി നിൽക്കുന്ന ഇന്ത്യയിൽ, ബാങ്കിംഗ് രംഗത്ത് കടന്നുവന്ന സ്വകാര്യ സ്ഥാപനങ്ങളുടെ താൽപ്പര്യങ്ങൾക്കായി ചില കമ്മീഷനുകളെ സർക്കാർ നിയമിച്ചു. അത്തരം കമ്മീഷനുകൾ ഇന്ത്യൻ ബാങ്കിംഗ് രംഗത്ത് നിലവിൽ നിന്ന സാധാർണക്കാർക്ക് ഗുണപരമായ പല നിലപാടുകളും ഒഴിവക്കണം എന്ന് ചൂണ്ടിക്കാട്ടി. ലോൺ എടുത്ത ആളുകളിൽ നിന്നും തിരിച്ചു പിടിക്കുവാൻ സർക്കാരും കോടതികളും നൽകുന്ന ഇളവുകൾ ഒഴിവാക്കണം എന്നവർ നിർദ്ദേശിച്ചു. വൻകിടക്കാർക്ക് വായ്പകൾ അനുവദിക്കുന്ന വേഗത കൂട്ടുകയും കർഷകർക്ക് നൽകി വരുന്ന ചെറു വായ്പകൾ നിരുത്സാഹപെടുത്തണമെന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് ഒന്നാം നരസിംഹം കമ്മീഷനും രണ്ടാം നരസിംഹം കമ്മീഷനും നിലവിൽ വന്നത്.
ബാങ്കുകളുടെ ലോണുകൾ തിരിച്ചു പിടിക്കുവാൻ വേണ്ടി ഉണ്ടാക്കിയ 1993 സംവിധാനമാണ് Debt recovery tribunal(DRT). ആ നിയമവും കടങ്ങൾ തിരിച്ചു പിടിക്കുന്നതിൽ കാര്യക്ഷമമല്ല എന്ന സർക്കാർ ധാരണയാണ് 2002ൽ അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ സെക്യൂരിറ്റൈസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസ്സെറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റീസ് ഇന്ററസ്റ്റ് ആക്ട് എന്ന സർഫാസി നിയമം നടപ്പിൽ കൊണ്ടുവന്നത്. മുൻ നിയമത്തിൽ 10 ലക്ഷത്തിനു മുകളിൽ ഉള്ള കടം മാത്രമേ തിരിച്ചു പിടിക്കുവാൻ നിഷ്കർഷിച്ചിട്ടുള്ളൂ. പുതിയ നിയമത്തിൽ ഒരു ലക്ഷത്തിനു മുകളിലുള്ള വായ്പകൾ തിരിച്ചു പിടിക്കുവാൻ അവസരം ഉണ്ട്. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ ധനകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ട് ജപ്തി നടപടികൾ നടത്താനുള്ള അധികാരം കൊടുക്കുന്ന നിയമമാണിതെന്ന് പുതിയ നിയമത്തെപറ്റി വിശദീകരിക്കാം. തിരിച്ചടവ് മുടങ്ങിയാൽ പ്രസ്തുത അക്കൗണ്ട് നോൺ പെർഫോമിങ് അസറ്റ് ആയി പ്രഖ്യാപിക്കാനും തുടർന്ന് കടമെടുത്തയാൾ 60 ദിവസത്തിനുള്ളിൽ പൂർണ്ണമായും തിരിച്ചടവ് നടത്തണമെന്ന് നോട്ടീസ് അയയ്ക്കാനും ബാങ്കിന് കഴിയും. ഈ സമയത്തിനുള്ളിൽ സംഖ്യ പൂർണ്ണമായി തിരിച്ചടയ്ക്കാൻ സാധിച്ചില്ലെങ്കിൽ ജപ്തി നടപടികൾ സ്വീകരിക്കാം. കടക്കാരനിൽ നിന്ന് സംഖ്യ ജപ്തി മുഖാന്തിരം ഈടാക്കാനായില്ലെങ്കിൽ ജാമ്യം നിന്നവരുടെ സ്ഥാവരജംഗമങ്ങൾ ജപ്തി ചെയ്യാനും ബാങ്കിന് അധികാരമുണ്ടായിരിക്കും.
സർഫാസി നിയമം പൊതുജനവിരുദ്ധമാണ് എന്ന് മനസ്സിലാക്കുവാൻ നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഈ നിയമത്തിലൂടെ ജപ്തി നടപടികളിൽ കോടതിയുടെ ഇടപെടൽ സാധ്യമല്ല. ആസ്തിയിന്മേൽ ആൾത്താമസമുണ്ടെങ്കിൽ അത് ഒഴിപ്പിക്കാനും ബാങ്കിന് നേരിട്ട് സാധിക്കും. കോർപ്പറേറ്റുവത്ക്കരണം കൂടുതൽ ശക്തമാക്കുക എന്ന നയത്തിന്റെ ഭാഗമായാണ് വാജ്പേയി സർക്കാർ ഈ നിയമം നടപ്പിലാക്കിയത്. നിയമത്തിന്റെ ഭരണഘടനാപരമായ സാധുത 2004ൽ തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. മാർദിയ കെമിക്കൽസുമായി ഐസിഐസിഐ ബാങ്ക് നടത്തിയ വ്യവഹാരത്തിൽ ബാങ്കിന് അനുകൂലമായ വിധി വന്നു. ലോണിന്റെ 75 ശതമാനം തിരിച്ചടയ്ക്കാതെ കിടക്കുന്നതിനാൽ ജപ്തിനടപടികളുമായി മുന്പോട്ടു പോകാമെന്നും സർഫാസി നിയമത്തിൽ ഭരണഘടനാ വിരുദ്ധമായി യാതൊന്നുമില്ലെന്നും കോടതി വിധിച്ചു.
ബാങ്കുകൾക്ക് ദുരുപയോഗം ചെയ്യാൻ നിരവധി പഴുതുകളും സർഫാസി നിയമത്തിലുണ്ട്. ന്യൂ ജനറേഷൻ ബാങ്കുകളുടെയും വിപണിയിലെ കടുത്ത മത്സരത്തിൽ ന്യൂജനറേഷൻ ബാങ്കുകളുടെ രീതിയിലേയ്ക്ക് മാറിയ പൊതുമേഖലാ സ്ഥാപനങ്ങളും ദയാരഹിതമായി ഈ നിയമം നടപ്പാക്കി വരുന്നുണ്ട്. കുടുങ്ങുന്നവരിലധികവും സാന്പത്തികമയും സാമൂഹികമായും പിന്നാക്കാവസ്ഥയിലുള്ളവരാണ്. 2002ൽ സർഫാസി നിയമം രാജ്യത്തെ കർഷക ആത്മഹത്യകൾ വലിയ തോതിൽ കൂട്ടുന്നതിനും കാരണമായി എന്നത് ശ്രദ്ധേയമാണ്. സർവ്വാധികാരികളായി മാറിയ ബാങ്കുകൾ ഈ രംഗത്ത് ഒരുതരം സമാന്തരഭരണം തന്നെയാണ് നടത്തുന്നതെന്നു കാണാം. സഹകരണബാങ്കുകൾ ശക്തമായ കേരളത്തിൽപ്പോലും കർഷകർ സർഫാസി നിയമത്തിന്റെ കുരുക്കുകളിൽ പെട്ട് വലയുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. ദളിതരും പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളും ആണ് ഈ നിയമത്തിലൂടെ വ്യാപകമായി പീഡിപ്പിക്കപ്പെടുന്നത്.
ജപ്തി നടപടികൾക്കു മുന്പ് പാലിക്കേണ്ട നടപടിക്രമങ്ങൾ ബാങ്കുകൾ കൃത്യമായി പാലിക്കാറില്ല. കടത്തിൽ കുടുങ്ങിയവർ ഇത്തരം നിയമങ്ങളെക്കുറിച്ച് അജ്ഞരാണ് എന്നതിനെ മുതലെടുക്കുകയാണ് ബാങ്കുകൾ ചെയ്യുന്നത്. ഇതിൽ ആർബിഐ നൽകിയിട്ടുള്ള ചില മാർഗ്ഗനിർദ്ദേശങ്ങളുണ്ട്. താത്ക്കാലികമായ വീഴ്ചകൾ നോൺ പെർഫോമിങ് അസ്സറ്റായി പ്രഖ്യാപിക്കരുത് എന്നതാണ് അവയിലൊന്ന്. സ്റ്റോക്ക് േസ്റ്ററ്റ്മെന്റ് നൽകുന്നത് വൈകൽ, സ്ഥാപനത്തിന്റെ ക്രയശേഷിയെ കവിഞ്ഞു നിൽക്കുന്ന വായ്പാബാക്കി തുടങ്ങിയവയൊന്നും ഒരു വായ്പയെ നോൺ പെർഫോമിങ് അസറ്റായി പ്രഖ്യാപിക്കാൻ പര്യാപ്തമല്ല. എന്നാൽ ബാങ്കുകൾ ഈ മാനദണ്ധങ്ങൾ പാലിക്കുന്നത് അപൂർവ്വമായി വന്നിട്ടുണ്ട് സർഫാസി നിയമത്തിനു ശേഷം. മേൽപ്പറഞ്ഞ ചെറിയ വീഴ്ചകൾ പോലും പർവ്വതീകരിച്ച് വായ്പയെ നോൺ പെർഫോമിങ് അസ്സറ്റായി പ്രഖ്യാപിക്കുന്ന രീതി ഉണ്ടാകുന്നു.
ഒരു ആസ്തിയെ നോൺ പെർഫോമിങ് അസറ്റായി പ്രഖ്യാപിച്ചു കഴിഞ്ഞാലും ബാങ്കുകൾക്ക് എടുത്തുചാടി ജപ്തി നടത്താനാകില്ല. ഇതിനുമുണ്ട് മാനദണ്ധങ്ങൾ. വായ്പയെടുത്തയാൾ 90 ദിവസം തുടർച്ചയായി തിരിച്ചടവ് മുടക്കുകയും ഇത് വീണ്ടും 12 മാസത്തോളം പോകുകയും ചെയ്താൽ അയാളുടെ ഈടു നൽകിയ ആസ്തി നോൺ പെർഫോമിങ് അസറ്റായി മാറുന്നു. ഇതോടെ നിയനടപടികളിലേയ്ക്ക് ബാങ്കിന് പോകാം. ഇതിനായി, അടുത്ത അറുപത് ദിവസത്തിനകം വായ്പ തിരിച്ചടയ്ക്കണമെന്ന നോട്ടീസ് വായ്പയെടുത്തയാൾക്ക് നൽകണം. വായ്പയെടുത്തയാൾക്ക് 17 മാസത്തോളം ലഭിക്കുന്നു. എന്നാൽ, ആർബിഐ നിർദ്ദേശിക്കുന്ന മാനദണ്ധങ്ങൾ മിക്കപ്പോഴും ബാങ്കുകൾ പാലിക്കാറില്ല. തിരിച്ചടവ് മുടങ്ങിയാൽ ഉടൻ തന്നെ അറുപത് ദിവസത്തെ നോട്ടീസ് നൽകി നേരിട്ട് ജപ്തി ചെയ്യാൻ ചെല്ലുന്നു. ബാങ്ക് ശരിയായ മാനദണ്ധങ്ങൾ പാലിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കാതെ പോലീസ് ആളെ ഒഴിപ്പിക്കാൻ പിന്തുണ നൽകുകയും ചെയ്യുന്നു.
സർഫസി നിയമത്തിൽ മൂന്നുതരം തിരിച്ചു പിടിക്കൽ നടത്താം. പണം തിരിച്ചടയ്ക്കുവാൻ കഴിയാത്ത സ്ഥാപനം മറ്റൊരു മാനേജ്മെന്റിനെ ഏൽപ്പിക്കുകയോ വസ്തുകൾ വാടകയ്ക്ക് കൊടുക്കുകയോ ചെയ്യാം. മറ്റൊന്ന് നിയമപ്രകാരം തിരിച്ചു പിടിക്കലിനായി ഒരു ഏജൻസിയെ ഏൽപ്പിക്കാം. സർഫാസി നിയമത്തിലെ സന്പന്ന പക്ഷപാതം മനസ്സിലാക്കുവാൻ ആസ്തി തിരിച്ചു പിടിക്കൽ സമിതി (Asset Reconstruction company) യുടെ ഉടമകൾ ആരെന്നും അവ വൻകിട കന്പനികളോടെ എടുത്ത സമീപനങ്ങൾ പരിശോധിച്ചാലും മതിയാകും. കിംഗ് ഫിഷർഎന്ന വിജയ് മല്യയുടെ സ്ഥാപനം എടുത്ത 7000 കോടി രൂപ തിരിച്ചു പിടിക്കുവാൻ പരാജയപ്പെട്ട തിരിച്ചുപിടിക്കൽ സമിതി തന്നെ 2 ലക്ഷം രൂപ വായ്പയ്ക്കു ജാമ്യം നിന്ന സാധാരണ വീട്ടമ്മയിൽ നിന്നും 2.78 കോടി രൂപയുടെ ആസ്തി ഏറ്റെടുക്കുവാൻ ശ്രമിക്കുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബാങ്ക് വായ്പ തിരിച്ചടയ്ക്കുവാൻ ഉള്ള കന്പനികളുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്നത് റിലയൻസ് ആണ്. അവർ 1.25 ലക്ഷം കോടി രൂപ ബാങ്കുകൾക്ക് നൽകുവാനുണ്ട്. അതേ മുകേഷ് അംബാനി നിയന്ത്രിക്കുന്ന സ്ഥാപനം ബാങ്കുകളുടെ വായ്പ തരിച്ചു പിടിക്കുവാൻ യോഗ്യത നേടി എങ്കിൽ അതിന്റെ യുക്തി എത്ര പരിഹാസ്യമാണ്. കേരളത്തിലെ വിദ്യാഭ്യസ വായ്പകൾ തിരിച്ചു പിടിക്കുവാൻ ചുമതലപ്പെടുത്തിയിരിക്കുന്ന റിലയൻസിനു വായ്പയുടെ 50% തുക സ്വന്തമാക്കാം എന്നാണ് കരാർ.
എറണാകുളത്തുള്ള പ്രീത തന്റെ ബന്ധുവിന്റെ 2 ലക്ഷം രൂപയുടെ വായ്പക്കായി lord krishna ബാങ്കിൽ നൽകിയ ഉറപ്പ് 19 വർഷം കഴിഞ്ഞപ്പോൾ (ഒരു ലക്ഷം മടക്കിഅടച്ചിരുന്നു) 2.78 കോടിരൂപയുടെ ബാധ്യതയായി മാറി. പഴയ ബാങ്ക് പുതു തലമുറയിൽപെട്ട സെഞ്ചൂറിയൻ ബാങ്കായി മാറുകയും അവസാനം എച്ച്ഡിഎഫ്സിയുടെ കയ്യിൽ എത്തിയപ്പോൾ കുടുംബത്തിന്റെ കോടികൾ വില മതിക്കുന്ന സ്വത്തുക്കൾ നഷ്ടപ്പെടുന്ന സാഹചര്യം ഇവിടെ ഉണ്ടായി. ബാങ്കുകൾ സാധാരണക്കാരെ പല പേരു പറഞ്ഞ് കൊള്ളയടിക്കുന്പോൾ മറുവശത്ത് കോടികൾ വെട്ടിപ്പ് നടത്തി ബാങ്കുകളെ തന്നെ അസ്ഥിരപ്പെടുത്തുന്നവർക്ക് വഴി ഒരുക്കുന്നതിനെ ദേശീയ നിയമങ്ങൾ കണ്ടില്ല എന്നു നടിക്കുന്നു. DRT, SARFAESIയും അതിന്റെ ഭാഗമായ ARC മുതലായ സംവിധാനവും സാധാരണക്കാരുടെ ബാങ്കിം അവകാശങ്ങൾ കവർന്നെടുത്ത് സാന്പത്തിക സ്ഥാപനങ്ങളെ കുത്തകകൾക്ക് മാത്രമാക്കി മാറ്റി എടുക്കുകയാണ്.
1969ലെ ബാങ്കിംഗ് ദേശസാൽക്കരണത്തെ എതിർത്ത ജനസംഘത്തിന്റെ ആളുകൾ തന്നെ ഭരണയന്ത്രം ചലിപ്പിക്കുന്പോൾ സാന്പത്തിക സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം ത്വരിതഗതിയാൽ മുന്നേറുന്നു. രാജ്യത്തെ ബാങ്കു വായ്പ്പയിൽ (86 ലക്ഷം കോടി) 53% തുകയും 500 കോടിക്കു മുകളിൽ വായ്പ എടുത്തവർക്കായി മാറ്റിവെച്ചു. 5 കോടിക്കു താഴെയുള്ള വായ്പകൾ 9%ത്തിനു താഴെ മാത്രം. കിട്ടാക്കടത്തിൽ കോടികൾ വെട്ടിച്ചു രാജ്യം വിടുവാൻ പലർക്കും അവസരം നൽകുന്ന സർക്കാർ നയം തിരുത്തി എടുക്കുവാനും ബാങ്കുകളെ ജനസേവന കേന്ദ്രങ്ങൾ ആക്കി തീർക്കുവാനുമുള്ള പ്രതിരോധ സമരങ്ങൾ നാട്ടിൽ ശക്തമാകേണ്ടിയിരിക്കുന്നു.