സമൻ കുനോൻ-ത്യാഗത്തിനൊരു മറുവാക്ക്
വി.ആർ സത്യദേവ്
മലയാളത്തിൻ്റെ വിശ്വസാഹിത്യകാരൻ സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീർ എഴുതിയ തേന്മാവ് എന്നൊരു കഥയുണ്ട്. അതിൽ അശരണനായി ദാഹിച്ചു വലഞ്ഞു കിടക്കുന്ന വൃദ്ധന് ഒരാൾ ഒരു പാത്രം വെള്ളം നൽകുന്ന രംഗമുണ്ട്. തനിക്കു ലഭിച്ച വെള്ളത്തിൻ്റെ പാതി വൃദ്ധൻ അടുത്തു കണ്ട മാവിൻ തൈയുടെ ചുവട്ടിൽ ഒഴിക്കുന്നു. നിസ്വാർത്ഥമായ പ്രകൃതി സ്നേഹമാണ് ഇവിടെ കാണാനാവുന്നത്. എന്നാൽ അതിലുപരിയാണ് ഇവിടെ ത്യാഗമെന്ന പരമോന്നത ഗുണത്തിനുള്ള സ്ഥാനം. തനിക്കു ലഭിച്ച വെള്ളത്തിൻ്റെ പാതി മാത്രമാണ് സ്വന്തം ദാഹമകറ്റാനും ജീവൻ നിലനിർത്താനുമായി വൃദ്ധൻ ഉപയോഗിക്കുന്നത്. പാത്രത്തിലെ വെള്ളം മുഴുവൻ സ്വന്തമായി ഉപയോഗിച്ചാൽ ആയാൾക്ക് കൂടുതൽ നേരം ജീവൻ നിലനിർത്താം. പക്ഷേ അതിനെക്കാളേറെ അയാൾ പ്രാധാന്യം നൽകുന്നത് ആ മരത്തിനും കുടിനീർ പങ്കുവയ്ക്കുക എന്നതാണ്. പണ്ടെന്നോ വായിച്ച ഈ കഥ വീണ്ടുമോർമ്മിക്കാൻ കാരണം സമൻ കുനോൻ്റെ ജീവബലിയാണ്.
വാർത്തകളിലൂടെ കണ്ണോടിക്കുന്നവർക്കൊക്കെ മുഖവുര ആവശ്യമില്ലാത്ത നാമമാണ് ഇന്ന് സമൻ. തായ്ലൻഡുകാരനായ മുങ്ങൽ വിദഗ്ദ്ധൻ. സമൻ ഇന്ന് തായ്ലൻഡുകാരുടെ വീരപുരുഷനും വേദനയുണർത്തുന്ന ഓർമ്മയുമാണ്. ലോകത്തിൻ്റെ മുഴുവൻ ശ്രദ്ധയുമാകർഷിച്ച താം ലുവാംഗ് ഗുഹാ ദൗത്യമാണ് സമനെ ലോകത്തിൻ്റെ ശ്രദ്ധാകേന്ദ്രമാക്കിയത്. രക്ഷാദൗത്യത്തിനായി വീർഭൂമി വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്ന സമൻ്റെ സെൽഫി ശ്രദ്ധേയമായി. തുടർന്ന് ഗുഹയ്ക്കുള്ളിൽ ബ്രിട്ടീഷ് മുങ്ങൽ വിദഗ്ദ്ധർ കണ്ടെത്തിയ കുട്ടികളുടെ പ്രതീക്ഷാഭരിതമായ മുഖങ്ങൾക്കൊപ്പമുള്ള സമൻ്റെ സെൽഫി പതിനായിരങ്ങളുടെ മനസ്സിൽ പ്രതീക്ഷയുടെ പൊൻ വെളിച്ചമായി. ആയിരങ്ങൾ ആ ചിത്രം പങ്കുവച്ചു. ഇരുട്ടു വീണ അതീവ ദുർഘടമായ ഗുഹാ വഴികളിലൂടെ ജീവൻ പണയം വച്ച് കുട്ടികളെ രക്ഷിക്കാനുള്ള ദൗത്യത്തിൽ പങ്കാളിയായ സമൻ വീരപുരുഷന്മാരിൽ ഒരാളായി. പക്ഷേ തിളങ്ങി നിന്ന ആ താരകം പെട്ടെന്ന് പൊലിഞ്ഞ് ഇല്ലാതെയായി. പതിമൂന്നു വിളക്കുകൾ അണയാതിരിക്കാൻ തുനിഞ്ഞിറങ്ങിയ ആ താരകം പ്രശസ്തിയുടെ കൊടുമുടിയിൽ തികച്ചും അപ്രതീക്ഷിതമായി പടുതിരികത്തി ഓർമ്മമാത്രമായി.
താം ലിവാംഗ് ഗുഹയിലെ രക്ഷാ ദൗത്യത്തിലെ ഏക രക്തസാക്ഷിയാണ് സമൻ. അതീവ വിജയകരമെന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന ദൗത്യത്തിൻ്റെ ശോഭ അൽപ്പമെങ്കിലും കെടുത്തിക്കളയുന്നതായി ആ വീര നായകൻ്റെ അകാലത്തിലെ വിയോഗം.
ബഷീറിൻ്റെ കഥയിലെ വൃദ്ധൻ്റേതിനു സമാനമാണ് സമൻ കുനോനെന്ന രക്ഷാ സേനാംഗത്തിൻ്റെയും ത്യാഗം. ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ കുട്ടികളും കോച്ചും അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് പ്രാണവായുവിൻ്റെ ദൗർലഭ്യമായിരുന്നു. താം ലുവാംഗിൽ 800 മീറ്റർ ഉള്ളിലേയ്ക്കു മാത്രമാണ് അധികൃതർ പ്രവേശാനുമതി നൽകിയിട്ടുള്ളത്. എന്നാൽ കുട്ടിത്താരങ്ങളും കോച്ചു അഭയം തേടിയ ചരിഞ്ഞ പാറ ഗുഹാമുഖത്തു നിന്നും നാലു കിലോമീറ്ററോളം ഉള്ളിലായിരുന്നു. ഉയർന്നും താഴ്ന്നുമൊക്കെയുള്ള ഗുഹാമാർഗ്ഗത്തിൽ പലയിടത്തും വെള്ളം നിറഞ്ഞതോടേ വെളിലോകവുമായുള്ള ബന്ധവുമറ്റു. പ്രണവായുവിനു കടന്നു വരാനുള്ള വഴിയില്ലാതായി. പുറം ലോകത്തുനിന്നും ഏറെ അകലത്തുള്ള രക്ഷാസ്ഥാനത്ത് പുറത്തുള്ളതുമായി താരതമ്യം ചെയ്താൽ 21 ശതമാനം മാത്രം പ്രാണവായുവിൻ്റെ സാന്നിദ്ധ്യമായിരുന്നു ഉണ്ടായിരുന്നത്. ഗുഹയ്ക്ക് പുറം ലോകവുമായുള്ള ബന്ധമറ്റതോടേ ഇതിനു കുറവു വന്നു. അതിനുമപ്പുറത്തൊരു പ്രതിസന്ധിയും രക്ഷാ ദൗത്യസംഘത്തെ കാത്തിരുന്നു.
രക്ഷാ ദൗത്യത്തിനായി മുങ്ങൽ വിദഗ്ദ്ധരും അഗ്നിശമന സേനാംഗങ്ങളും ഡോക്ടർമാരും സുരക്ഷാ സൈനികരും ഉൾപ്പെടെ വലിയൊരു സംഘമാണ് ഗുഹയ്ക്കുള്ളിൽ നിലയുറപ്പിക്കേണ്ടി വന്നത്. ഗുഹാകവാടത്തിൽ നിന്നും ഒന്നേകാൽ കിലോമീറ്ററുള്ളിൽ സജ്ജീകരിച്ച കമാൻഡ് സെൻ്ററിലായിരുന്നു ഇവരിൽ ഏറെപ്പേരും. ഇവരുടെ സാന്നിദ്ധ്യം ഗുഹയ്ക്കുള്ളിലെ പ്രാണവായു സാന്നിദ്ധ്യം പതിനഞ്ചു ശതമാനമായി കുറയാൻ ഇടയാക്കി. സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നതായിരുന്നു ഈ സാഹചര്യം. ഗുഹയ്ക്കുള്ളിൽ കുട്ടികൾ സുരക്ഷിതരായി ഇരിക്കുന്നിടത്ത് ആവശ്യത്തിന് ഓക്സിജൻ എത്തിക്കുക എന്നതായിരുന്നു ഈ പ്രതിസന്ധി മറികടക്കാനുള്ള ഏകമാർഗ്ഗം.
സ്വന്തം ആവശ്യത്തിനുള്ള ഓക്സിജൻ സിലിണ്ടറുകൾക്കൊപ്പം കൂടുതൽ സിലിണ്ടറുകളും വഹിച്ച് മുങ്ങൽ വിദഗ്ദ്ധർ അതിസാഹസികമായി കുട്ടികൾക്കടുത്ത് എത്തുകയായിരുന്നു. ഈ ദൗത്യത്തിലെ പ്രധാനികളിലൊരാളായിരുന്നു സമൻ. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി മുപ്പത് സിലിണ്ടർ ഓക്സിജനാണ് സമനും സംഘവും കുട്ടികൾക്കും കോച്ചിനുമായി ഗുഹാന്തർഭാഗത്ത് എത്തിച്ചത്. അങ്ങനെ കുടുങ്ങിയ സംഘത്തിൻ്റെ സുരക്ഷ ഉറപ്പാക്കി മടങ്ങുന്നതിനിടെയാണ് പ്രാണവായു തീർന്ന് സമൻ പിടഞ്ഞു മരിച്ചത്. ഒപ്പമുണ്ടായിരുന്ന സംഘാംഗം ആവുന്നതു ശ്രമിച്ചെങ്കിലും സമനെ രക്ഷിക്കാനായില്ല. കമാൻഡ് സെൻ്ററിന് മീറ്ററുകളകലെയായിരുന്നു അപ്പോൾ സമനും കൂട്ടാളിയും. തേന്മാവിനു ജീവജലം പകുത്തു നൽകിയ ബഷീറിൻ്റെ കഥാപാത്രത്തെപ്പോലെ കുരുന്നുകൾക്കും കോച്ചിനും കരുതലിൻ്റെ ജീവവായു സമ്മാനിച്ച് ഒടുക്കം ജീവവായു കിട്ടാതെ സമൻ വീരമൃത്യുവടഞ്ഞു.
സമൻ്റെ ജീവത്യാഗം സമാനതകളില്ലാത്തതാണ്. സാധാരണഗതിയിൽ സുരക്ഷാ സേനാംഗങ്ങളാണ് ഇത്തരത്തിലുള്ള രക്ഷാ ദൗത്യങ്ങളിൽ പങ്കെടുക്കുക. താം ലുവാംഗ് ദൗത്യത്തിലാവട്ടെ സേനയ്ക്കൊപ്പം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരും രക്ഷാ ദൗത്യത്തിൽ പങ്കാളികളായി. മുങ്ങൽ വിദഗ്ദ്ധരും മുങ്ങൽ വിദഗ്ദ്ധനായ ഡോക്ടറും സാഹസിക സഞ്ചാരികളുമൊക്കെയുണ്ടായിരുന്നു രക്ഷാദൗത്യ സംഘത്തിൽ. കോടീശ്വരനായ സംരംഭകൻ ഇലോൻ മസ്കിനെപ്പോലുള്ളവരും രക്ഷാ ദൗത്യത്തിന് സഹായ വാഗ്ദാനവുമായെത്തി. ഇങ്ങനെ സന്നദ്ധസേവകരായി എത്തിയവരിൽ ഒരാളായിരുന്നു സമൻ.
സമൻ മികച്ച ഡൈവറായിരുന്നു. സാഹസികതയുടെ പ്രിയ തോഴൻ. മികച്ച ഓട്ടക്കാരൻ. ട്രയാത്ലണിൽ കഴിവു തെളിയിച്ചയാൾ. അതിലെല്ലാമുപരി സൗഹൃദങ്ങളുടെ സുവർണ നൂലിഴ പൊട്ടിപ്പോകാതെ ബന്ധങ്ങളുടെ ഊഷ്മളത എന്നും കാത്തു സൂക്ഷിച്ച വിശാല ഹൃദയനുമായിരുന്നു ആ മുപ്പത്തെട്ടുകാരൻ. തായ് സീലുകൾ എന്നറിയപ്പെടുന്ന സംഘത്തിലെ മികച്ച മുങ്ങൽ വിദഗ്ദ്ധനായിരുന്നു 2006 വരെ സമൻ. സേനയിൽ നിന്നും സ്വയം വിരമിച്ച് സുവർണ ഭൂമി വിമാനത്താവളത്തിലെ ജോലിയിൽ പ്രവേശിച്ച് സമൻ ഗുഹാരക്ഷാ ദൗത്യത്തിൽ സ്വയം അണിചേരുകയായിരുന്നു. സേനയിൽ നിന്നു വിരമിച്ചിട്ടും മുൻ സഹപ്രവർത്തകരുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നു സമനെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഓർമ്മിക്കുന്നു. ഇപ്പോഴത് വേദനിപ്പിക്കുന്ന ഓർമ്മയായി മാറുന്നു.
രക്ഷാദൗത്യത്തിന്റെ യഥാർത്ഥ ഹീറോ സമനാണ് എന്ന് ദൗത്യസംഘ നായകൻ നരോംഗ്സാക് ഒസോട്ടാനാകോൺ ഉറപ്പിച്ചു പറയുന്നു. തികഞ്ഞ ആദരവോടെയും ആവേശത്തോടെയുമാണ് ദൗത്യത്തിലെ ഏക രക്തസാക്ഷിയെ സംഘാംഗങ്ങളെല്ലാം അനുസ്മരിക്കുന്നത്. സംഘാംഗങ്ങൾ മാത്രമല്ല ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ സംഘവും അവരുടെ കുടുംബങ്ങളുമൊക്കെ കണ്ണീരോടെയാണ് ആ പൊലിഞ്ഞ താരകത്തെ ഓർമ്മിക്കുന്നത്. രക്ഷപെട്ട കുട്ടികളിൽ ചിലർ സമനോടുള്ള ആദരവായി സന്യാസം സ്വീകരിക്കുമെന്ന് രക്ഷപെട്ട കുട്ടികളിലൊരാളായ ദുവാംഗ്പെച്ച് പ്രോംപ്തേപിന്റെ അച്ഛൻ പറഞ്ഞു. ആരൊക്കെ, എന്ന്, എത്രകാലം എന്നീ കാര്യങ്ങൾ പിന്നീട് തീരുമാനിക്കും.
സംഘാംഗങ്ങളും കുട്ടികളും കുടുംബവും മാത്രമല്ല രാജ്യവും ആ ബലിദാനത്തെ വാഴ്ത്തുന്നു. നേവീ സീലായിരുന്ന സമന് മരണാനന്തര പദവി കയറ്റം പ്രഖ്യാപിച്ചുകൊണ്ടാണ് രാജ്യം ആ രക്തസാക്ഷിത്വത്തെ ആദരിച്ചത്. ലഫ്റ്റനൻ്റ് കമാൻഡറായാണ് സമന് മരണാനന്തര പദവികയറ്റം നൽകിയത്. തായ്ലാൻഡ് രാജാവ് മഹാ വജിറലോങ്കോൺ നേരിട്ടാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദേശീയ ബഹുമതികളോടെയുള്ള അന്ത്യോപചാരങ്ങളാണ് സമന് രാജ്യം നൽകിയത്. ചിയാംഗ് റായിയിലെ മേ ഫാ ലുവാംഗ് വിമാനത്താവളത്തിൽ നിന്നും രാജോചിതമായാണ് സമന്റെ നാടായ റായ്യിലേക്ക് അദ്ദേഹത്തിന്റെ ഭൗതിക ശരീരം എത്തിച്ചത്.
ലോകം സമനെയോർത്ത് സങ്കടപ്പെടുന്നു. പക്ഷേ ആ നഷ്ടത്തിന്റെ വേദന ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത് വലീപോവാൻ കുനാനെ തന്നെയാണ്.
“എന്തു ചെയ്യണമെന്ന് എനിക്കറിയില്ല.”
സമന്റെ വിയോഗം ഉൾക്കൊള്ളാനാവാതെ വാലീപോവാൻ ട്വിറ്ററിൽ കുറിച്ച വാക്കുകൾ ആ വേദനയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നു. സമന്റെ ജീവിത പങ്കാളിയാണ് വാലീപോവാൻ.
“ I Love you so much.
I miss you.
I love you like you are my very heart.
From now on when I wake up... who will kiss me..?”
“എന്റെ ഹൃദയം പോലെ ഞാൻ സ്നേഹിക്കുന്നവനേ, ഇനി ഞാനുണർന്നെണീക്കുന്പോൾ എനിക്ക് ആര് മുത്തം തരും....”
സദാ പ്രസന്നതയോട് ഓരോ നിമിഷങ്ങളെയും സചേതനമാക്കിക്കൊണ്ടിരുന്ന ഊർജ്ജപ്രവാഹം പെട്ടെന്ന് നിലച്ചുപോയിരിക്കുന്നു. അത് ഏറ്റവും കൂടുതൽ ഉലയ്ക്കുന്നത് ഉറപ്പായും ജീവിത പങ്കാളിയെത്തന്നെയായിരിക്കും. സമനെപ്പോലുള്ളവരുടെ ത്യാഗം ലോകത്തിനു പൊതുവിൽ നഷ്ടമാണ്. എന്നാൽ അത് തച്ചു തകർത്തത് വാലീപോവാൻ എന്ന പെൺകൊടിയുടെ ജീവിതമാണ്.
വിധി അങ്ങനെയൊക്കെയാണ്. താം ലുവാംഗിൽ വിധിയൊരുക്കിയത് സമൻ കുനാനെന്ന മനുഷ്യ സ്നേഹിയായ സാഹസികൻെറ ജീവനെടുക്കാനുള്ള നാടകമായിരിക്കാം. കുട്ടികളുടെയും കോച്ചിന്റെയും ജീവനുകൾ കാട്ടി വിധി സമനെ മരണക്കുടുക്കിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നിരിക്കാം. അതെന്തായാലും ആ താരകം മറഞ്ഞിരിക്കുന്നു. വാലീപോവാനെ നിത്യദുഖത്തിലാക്കി, ലോകത്തിന്റെ നെഞ്ചിലെ നൊന്പരമായി, താം ലുവാംഗ് രക്ഷാ ദൗത്യത്തിന്റെ നിത്യ സ്മാരകമായി മാറിയിരിക്കുന്നു സമൻ കുനാൻ. ത്യാഗത്തിന്റെ മൂർത്തരൂപമായ വീരപുരുഷൻ.
സമൻ, മറക്കില്ല ലോകം നിങ്ങളെ...