ഇത്, നീതിനിഷേധത്തിന്റെ നേർച്ചിത്രം
ജെ. ബിന്ദുരാജ്
സുപ്രീം കോടതി സമീപകാലത്ത് വാർത്തകളിൽ നിറഞ്ഞത് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ മൂന്ന് മുതിർന്ന ന്യായാധിപരും കൊളീജിയം അംഗങ്ങളുമായവർ രംഗത്തുവന്നപ്പോഴാണ്. കേസ്സുകൾ ഏതു ബെഞ്ചിലേക്ക് നൽകണമെന്ന് തീരുമാനിക്കുന്പോൾ ചീഫ് ജസ്റ്റിസ് കൊളീജിയം അംഗങ്ങളുടെ കൂടി അഭിപ്രായം ആരായണമെന്നായിരുന്നു അവരുടെ വാദം. ചീഫ് ജസ്റ്റിസ് തന്നെയാണ് സുപ്രീം കോടതിയിലെ പരമാധികാരിയെന്നും മറ്റാരോടും അക്കാര്യത്തിൽ ചീഫ് ജസ്റ്റിസ് അഭിപ്രായം തേടേണ്ടതില്ലെന്നുമായിരുന്നു പിന്നീടു വന്ന വിധിന്യായം. ആ കോലാഹലങ്ങൾക്കിടയിൽ സുപ്രധാനമായ മറ്റൊരു വാർത്ത പക്ഷേ മുങ്ങിപ്പോയി. കേന്ദ്ര നീതീന്യായമന്ത്രാലയത്തിന് സുപ്രീം കോടതി നൽകിയ ഒരു കണക്കായിരുന്നു അത്. രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ അന്തിമതീർപ്പിനായി 54,719 കേസ്സുകൾ കെട്ടിക്കിടക്കുന്നുണ്ടെന്നായിരുന്നു ആ കണക്ക്. ഈ കേസ്സുകളിൽ മുപ്പതു ശതമാനത്തിലധികവും (15,929) അഞ്ചു വർഷത്തിനു മേലെയായി കെട്ടിക്കിടക്കുന്നവയും 1550 കേസ്സുകൾ കഴിഞ്ഞ പത്തു വർഷത്തിലധികമായി കെട്ടിക്കിടക്കുന്നതുമാണെന്നതായിരുന്നു ആ കണക്കിന്റെ ലജ്ജിപ്പിക്കുന്ന മറ്റൊരു വശം.
ഇത് സുപ്രീം കോടതിയുടെ മാത്രം അവസ്ഥയാണെന്ന് കരുതരുത്. രാജ്യത്തെ 24 ഹൈക്കോടതികളിൽ ഓരോന്നിലും ശരാശരി 1.65 ലക്ഷം കേസ്സുകളെങ്കിലും കെട്ടിക്കിടക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. നാഷണൽ ജുഡീഷ്യൽ ഡാറ്റാ ഗ്രിഡിന്റെ കണക്കുകൾ പ്രകാരം മൊത്തം 37.47 ലക്ഷം കേസ്സുകളാണ് ഹൈക്കോടതികളിൽ മാത്രം കെട്ടിക്കിടക്കുന്നത്. ഈ കേസ്സുകളിൽ 22 ശതമാനവും (7.46 ലക്ഷം) അഞ്ചു മുതൽ പത്തുവർഷം വരെ പഴക്കമുള്ള കേസ്സുകളാണു താനും. അതേസമയം 6.42 ലക്ഷം കേസ്സുകൾ (19 ശതമാനം) പത്തു വർഷത്തിനുമേലെ പഴക്കമുള്ളവയാണെന്നതും നമ്മെ അന്പരപ്പിച്ചേക്കാം. സുപ്രീം കോടതിയുടേയും ഹൈക്കോടതികളുടേയും കഥ ഇതാണെങ്കിൽ കീഴ്ക്കോടതികളുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളു. രാജ്യത്തെ കീഴ്ക്കോടതികളിൽ മൊത്തം 2.6 കോടി കേസ്സുകളാണ് കെട്ടിക്കിടക്കുന്നതത്രേ. ഇതിനെ നീതിന്യായ അരാജകത്വമെന്നല്ലേ വിളിക്കേണ്ടത്?
2018 ജൂലൈ-യിലെ കണക്കുകൾ പ്രകാരം രാജ്യത്തെ എല്ലാ കോടതികളിലുമായി പത്ത്് വർഷത്തിന് മേലെയായി കെട്ടിക്കിടക്കുന്നത് 22,77,423 കേസ്സുകളും അഞ്ച് വർഷത്തിനും 10 വർഷത്തിനുമിടയിലായി കെട്ടിക്കിടക്കുന്നത് 44,14,467 കേസ്സുകളും രണ്ടു വർഷമായി കെട്ടിക്കിടക്കുന്നത് 79,13,511 കേസ്സുകളും രണ്ട് വർഷത്തിൽ താഴെ 1,28,35,215 കേസ്സുകളുമാണ്. അതിനർത്ഥം വളരെ ലളിതമാണ്. വീട്ടുടമയായ താങ്കൾ താങ്കളുടെ വാടകക്കാരനുമായി വീട് ഒഴിയുന്നതു സംബന്ധിച്ച് ഒരു കേസ്സുകൊടുത്തുവെന്നു കരുതുക. താങ്കളുടെ നാൽപതു വയസ്സിൽ കൊടുത്ത കേസ്സിൽ അന്തിമവിധിയാകുന്പോഴേയ്ക്ക് താങ്കൾ മരിച്ചുമണ്ണടിഞ്ഞിട്ടുണ്ടാകും. അതല്ലെങ്കിൽ താങ്കളുടെ ഭർത്താവ് മരിച്ചതിനെ തുടർന്ന് താങ്കൾക്ക് ലഭിക്കേണ്ട ഇൻഷുറൻസ് തുക സംബന്ധിച്ച കേസ്സ് നീളുന്നുവെന്നിരിക്കട്ടെ. താങ്കളുടെ മകനോ മകൾക്കോ അത് വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ ആവശ്യമായ സമയത്തൊന്നും തന്നെ അത് ലഭിക്കില്ലെന്നും വരും. നീതി ശരിയായ സമയത്ത് കിട്ടിയില്ലെങ്കിൽ അത് നീതി നിഷേധമല്ലാതെ മറ്റെന്താണ്?
കോടതികളിലെത്തുന്ന കേസ്സുകൾ തീർപ്പാക്കുന്നതിൽ വലിയ കാലതാമസം ഉണ്ടാകുന്നതിന് പലവിധ കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം കേസ്സുകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുന്പോൾ ന്യായാധിപന്മാരുടെ എണ്ണം വളരെ കുറവാണെന്നതു തന്നെയാണ്. ഇന്ത്യയിൽ പത്ത് ലക്ഷം പൗരന്മാർക്ക് 17 ജഡ്ജിമാർ മാത്രമേയുള്ളുവെന്നാണ് 2014-ലെ കണക്കുകൾ പറയുന്നത്. അമേരിക്കയിൽ 10 ലക്ഷം ജനങ്ങൾക്ക് 107 ജഡ്ജിമാരും കാനഡയിൽ 10 ലക്ഷം പേർക്ക് 51 ജഡ്ജിമാരുമാണ് ഉള്ളതെന്ന് അറിയുക.
ഓരോ കേസ്സും ഒരുപാടു പേരുടെ ജീവിതങ്ങളെ ബാധിക്കുന്നതാണെന്ന് പലപ്പോഴും നാം തിരിച്ചറിയാറില്ല. നിരപരാധിയായ വ്യക്തികൾ പലരും സാഹചര്യത്തെളിവുകളുടെയോ സമ്മർദ്ദങ്ങളുടെയോ മാത്രം അടിസ്ഥാനത്തിൽ ജയിലുകളിൽ കഴിയുന്നുണ്ടാകാം. കെട്ടിക്കിടക്കുന്ന കേസ്സുകളിൽ 15.8 ശതമാനം ക്രിമിനൽ കേസ്സുകളാണെന്നത് ഭീതിദമായ ഒരവസ്ഥ തന്നെയാണ്. വ്യക്തികളുടെ ജീവിതവും അവരുടെ സ്വാതന്ത്ര്യവും അവിടെ വർഷങ്ങളോളം വിധിന്യായത്തിനായി കാത്തുകിടക്കുകയാണ്. ഈ സമയത്ത് ഇവർക്ക് നഷ്ടപ്പെടുന്ന ജീവിതം പിന്നീടാർക്കും തിരിച്ചു നൽകാനാവില്ലല്ലോ. ഇരയുടെ കാര്യവും അതുപോലെ തന്നെ. കുറ്റവാളി ശിക്ഷിക്കപ്പെടുന്പോഴാണ് ഇരയ്ക്ക് നീതികിട്ടുന്നത് എന്നാണെങ്കിൽ നീതി സമീപഭാവിയിലൊന്നും ലഭ്യമാവില്ലെന്ന മട്ടിലാണ് ഇന്ന് വിവിധ കോടതികളിലുള്ള കേസ്സുകളുടെ അവസ്ഥ. വിചാരണത്തടവുകാരുടെ കണക്കെടുത്താൽ തന്നെ നിലവിലെ ഭീകരാവസ്ഥ വ്യക്തമാകും. ഇന്ത്യയിലെ ജയിലുകളിലെ മുഴുവൻ തടവുകാരിൽ 67.2 ശതമാനം പേർ വിചാരണത്തടവുകാരാണെന്ന് ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ പറയുന്നു. മൂന്നു തടവുകാരിൽ രണ്ടു പേർ വിചാരണത്തടവുകാരാണെന്നാണ് അതിനർത്ഥം. 2000 ആണ്ട് മുതൽ ഇന്ത്യൻ ജയിലുകളിൽ വിചാരണത്തടവുകാരുടെ എണ്ണം വർധിച്ചുകൊണ്ടേയിരിക്കുകയാണ്. ഇതിനു കാരണം ന്യായാധിപന്മാരുടെ അഭാവമല്ലാതെ മറ്റൊന്നുമല്ല.
നമ്മുടെ ഹൈക്കോടതികളുടെ കാര്യമെടുത്താൽ കൂടുതൽ വലിയ അപാകതകൾ വെളിവാകും. യഥാർത്ഥത്തിൽ അനുവദിക്കപ്പെട്ട ജഡ്ജിമാരുടെ എണ്ണത്തേക്കാൾ കുറവാണ് അവിടെയുള്ളത്. രാജ്യത്തെ 24 ഹൈക്കോടതികളിലായി ആകെ വേണ്ട ന്യായാധിപന്മാരുടെ എണ്ണം 1079 ആണ്. നിലവിൽ 411 ജഡ്ജിമാരുടെ കുറവുണ്ട് ഹൈക്കോടതിയിൽ. അതായത് 40 ശതമാനം ന്യായാധിപന്മാരില്ലാതെയാണ് ഇന്ന് ഹൈക്കോടതികൾ പ്രവർത്തിക്കുന്നതെന്നു ചുരുക്കം. അതേപോലെ തന്നെയാണ് ജില്ലാകോടതികളിലേയും കീഴ്ക്കോടതികളിലേയും ജഡ്ജിമാരുടെ അവസ്ഥ. മൊത്തം 22,677 ന്യായാധിപന്മാർ വേണ്ട ഈ കോടതികളിലാകെ ഇന്ന് 5984 ന്യായാധിപന്മാരുടെ കുറവാണുള്ളത്. സുപ്രീം കോടതിയിൽ 31 ന്യായാധിപന്മാരാണ് വേണ്ടതെങ്കിലും 23 പേർ മാത്രമേ 2018 ജൂലൈ ഒന്നിലെ കണക്കുകൾ പ്രകാരമുള്ളു. എട്ടു പേരുടെ ഒഴിവ് അവിടെയുണ്ടാക്കുന്ന പ്രശ്നങ്ങളും ചില്ലറയല്ല.
ഏറ്റവും കൂടുതൽ കേസ്സുകൾ കെട്ടിക്കിടക്കുന്നത് ഉത്തർപ്രദേശിലാണെങ്കിൽ (61.58 ലക്ഷം) തൊട്ടു പിന്നിൽ മഹാരാഷ്ട്രയും (33.22 ലക്ഷം) പശ്ചിമ ബംഗാളും (17.59 ലക്ഷം) ബീഹാറും (16.58 ലക്ഷം) ഗുജറാത്തും (16.45 ലക്ഷം) ഉണ്ട്. ഇതിനു പ്രധാന കാരണം കീഴ്കോടതികളിലെ ജഡ്ജിമാരുടെ കുറവു തന്നെയാണ്. സുപ്രീം കോടതിയുടെ ഗവേഷണ വിഭാഗം 2017-ൽ നടത്തിയ ഒരു പഠനപ്രകാരം പൊലീസ് സംവിധാനവും ബ്യൂറോക്രസിയുമായി താരതമ്യപ്പെടുത്തുന്പോൾ കീഴ്ക്കോടതികളുടെ കാര്യത്തിൽ ന്യായാധിപരുടെ എണ്ണം ആവശ്യത്തിലും വളരെ കുറവാണെന്നന്നു കണ്ടെത്തിയിരുന്നു. രാജ്യത്തെ ഓരോ പത്തുലക്ഷം പൗരന്മാർക്കും ഇൻസ്പെക്ടർ റാങ്കിലും അതിനു മേലെയുമുള്ള റാങ്കിലുള്ള 51,523 പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാകുന്പോൾ നീതിന്യായ വ്യവസ്ഥയിൽ കേവലം 20,174 ജഡ്ജിമാരുടെ സേവനം മാത്രമാണ് ലഭ്യമാകുന്നതെന്ന് പഠനം പറയുന്നു. അതായത് ഓരോ പത്തുലക്ഷം പേർക്കും 42 പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാകുന്പോൾ ജഡ്ജിമാരുടെ കാര്യത്തിൽ അത് 17 മാത്രമാണ്. ഗ്രൂപ്പ് എ-യിൽപ്പെട്ട സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കാര്യമെടുത്താൽ ഇത് കൂടുതൽ വെളിവാകുകയും ചെയ്യും. ഏഴാം കേന്ദ്ര ശന്പള കമ്മീഷന്റെ കണക്കുകൾ പ്രകാരം 91,501 സിവിൽ സെർവന്റുകൾ ഗ്രൂപ്പ് എ-യിൽ വരുന്നുണ്ടെങ്കിൽ അതേസമയത്ത് അതേ ഗ്രേഡിൽ കേവലം 19,526 ജുഡീഷ്യൽ ഓഫീസർമാർ മാത്രമേയുള്ളു. എന്തിന്, ഇത്രയും ജുഡീഷ്യൽ ഓഫീസർമാർക്ക് 15,540 കോടതി മുറികൾ മാത്രമേയുള്ളുവെന്നത് വേറെ കാര്യം. ഏതാണ്ട് അയ്യായിരത്തോളം കോടതിമുറികളുടെ അഭാവം!
കടുത്ത നീതി നിഷേധത്തിനാണ് നീതിന്യായ സംവിധാനത്തിലെ ന്യായാധിപന്മാരുടെ ഈ എണ്ണക്കുറവ് ഇടയാക്കുന്നതെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. പലവട്ടം ഇത് സർക്കാരിന്റെ ശ്രദ്ധയിൽ പല സ്ഥാപനങ്ങളും കൊണ്ടുവന്നിട്ടുള്ളതുമാണ്. ലോ കമ്മീഷൻ ഓഫ് ഇന്ത്യയും സുപ്രീം കോടതിയും ഈ പ്രശ്നം പരിഹരിക്കാനാവശ്യമായ കാര്യങ്ങൾ എത്രയും വേഗം നടപ്പാക്കണമെന്നാവശ്യപ്പെട്ടിട്ടു തന്നെ രണ്ടു ദശാബ്ദക്കാലങ്ങളാകുന്നു. ന്യായാധിപന്മാരുടെ എണ്ണം കൂട്ടിയതു കൊണ്ടു മാത്രം പക്ഷേ കോടതികളിൽ കേസ്സുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാകില്ല. ഇന്ത്യയിൽ പ്രതിദിനം ശരാശരി 18,000 കേസ്സുകൾ വിവിധ കോടതികളിലായി ഫയൽ ചെയ്യപ്പെടുന്നുണ്ടെന്നാണ് ഔദ്യാഗിക കണക്ക്. അതായത് പ്രതിവർഷം 65 ലക്ഷത്തോളം കേസ്സുകൾ. കോടതികളെക്കൊണ്ടു മാത്രം ഇത്തരം കേസ്സുകളിൽ വിധിന്യായം പുറപ്പെടുവിക്കുക അസാധ്യമാണ്. അതിനാലാണ് നാഷണൽ ലീഗൽ സർവീസ് അതോറിട്ടി രാജ്യത്ത് രണ്ടു മാസം കൂടുതൽ നാഷണൽ ലോക് അദാലത്തുകൾ നടത്തുന്നത്. കോടതിക്കു പുറത്ത് പല കേസ്സുകളും ഒത്തുതീർപ്പാക്കാൻ സഹായിക്കുന്ന മധ്യസ്ഥന്റെ റോളിലാണ് ഈ ലോക് അദാലത്തുകളുടെ പ്രവർത്തനം. ജുഡീഷ്യൽ അധികാരമില്ലെങ്കിലും ഇത്തരം അദാലത്തുകളിലൂടെ വലിയൊരു ഭാഗം കേസ്സുകളും കോടതികളിൽ നിന്നും പിൻവലിക്കപ്പെടാനും ഒത്തുതീർപ്പിലേക്ക് നീങ്ങുന്നതായും കാണുന്നുമുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 50 ലക്ഷം കേസ്സുകളെങ്കിലും ഈ അദാലത്തുകൾ വഴി പരിഹൃതമാകുന്നുണ്ടെന്നാണ് കേന്ദ്ര നിയമമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ലോക് അദാലത്തുകൾ തുടങ്ങിയശേഷം ഇതുവരെ 15.14 ലക്ഷം ലോക് അദാലത്തുകൾ നടത്തിയിട്ടുണ്ടെന്നും 8.25 കോടി കേസ്സുകൾ പരിഹരിച്ചിട്ടുണ്ടെന്നുമാണ് സർക്കാർ കണക്കുകൾ പറയുന്നത്.
ഉപഭോക്തൃ കോടതികൾ വഴിയും വലിയൊരു വിഭാഗം കേസ്സുകളും കോടതികളിലേക്ക് എത്തുന്നത് ഒഴിവാക്കാനാകും. പക്ഷേ ഉപഭോക്തൃകോടതികളിലും കേസ്സുകൾ വർധിച്ചുവരുന്നത് ആശങ്കാജനകമായ കാര്യമാണ്. 2017-ലെ കണക്കുകൾ പ്രകാരം 4.5 ലക്ഷം കേസ്സുകളാണ് രാജ്യത്തെ ഉപഭോക്തൃ കോടതികളിൽ കെട്ടിക്കിടക്കുന്നത്. ഇവിടേയും പ്രശ്നം പക്ഷേ ജീവനക്കാരുടെ അഭാവം തന്നെയാണ്. ഉപഭോക്തൃ കോടതികളിൽ പ്രസിഡന്റും അംഗങ്ങളുമാണുള്ളത്. അവരെ നിയമിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാരുകളുടേതുമാണ്. രാജ്യത്തെ 500 ജില്ലാ ഉപഭോകതൃ കോടതികളിലുള്ള 1884 പോസ്റ്റുകളിൽ 383 പോസ്റ്റുകളും ശൂന്യമായി കിടക്കുകയാണ്. ഇതിന്റെ അപ്പലേറ്റ് അതോറിട്ടിയായ സംസ്ഥാന ഉപഭോക്തൃ കോടതിയിലും 20 പോസ്റ്റുകളോളം നിയമനം കാത്തുകിടക്കുന്നു. റിയൽ എേസ്റ്ററ്റ് സംബന്ധിയായ കേസ്സുകളും ഇൻഷുറൻസ് സംബന്ധിയായ കേസ്സുകളുമാണ് ഉപഭോക്തൃ കോടതികളിൽ ഏറ്റവുമധികം കെട്ടിക്കിടക്കുന്നത്.
കോടതികളുടെ ജോലി ഭാരം കുറയ്ക്കാനും സർക്കാരിന്റെ വിവിധ കക്ഷികൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനുമായി സ്ഥാപിക്കപ്പെട്ട വിവിധ ട്രൈബ്യൂണലുകളിലും ഇന്ന് കെട്ടിക്കിടക്കുന്ന കേസ്സുകളുടെ എണ്ണം വർധിച്ചുവരികയാണ്. അഞ്ച് കേന്ദ്ര ട്രൈബ്യൂണലുകളിലായി 3.5 ലക്ഷം കേസ്സുകളാണ് കെട്ടിക്കിടക്കുന്നതെന്നാണ് ലോ കമ്മീഷൻ ഓഫ് ഇന്ത്യ 2017-ൽ കണ്ടെത്തിയത്. ഇത്തരം ട്രൈബ്യൂണലുകൾ അർദ്ധ ജുഡീഷ്യൽ സംവിധാനങ്ങൾ മാത്രമായതിനാൽ ഇവർ പുറപ്പെടുവിക്കുന്ന വിധിന്യായങ്ങൾ പിന്നീട് കോടതികളിൽ ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. ഇൻകംടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിൽ 91,538 കേസ്സുകളും കസ്റ്റംസ്, എക്സൈസ് ആന്റ് സർവീസ് ടാക്സ് അപ്പീൽ ട്രൈബ്യൂണലിൽ 90,592 കേസ്സുകളും സെൻ്ട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ 44,333 കേസ്സുകളും റെയിൽവേ ക്ലൈംസ് ട്രൈബ്യൂണലിൽ 45,604 കേസ്സുകളും ഡെബിറ്റ് റിക്കവറി ട്രൈബ്യൂണലിൽ 78,118 കേസ്സുകളുമാണ് കെട്ടിക്കിടക്കുന്നത്.
ലോ കമ്മീഷന്റെ 239-ാമത് റിപ്പോർട്ട്, നീതി വൈകുന്നത് ഉണ്ടാക്കുന്ന സാമൂഹികമായ പ്രത്യാഘാതങ്ങളെപ്പറ്റി വിശദമായി തന്നെ പറഞ്ഞിട്ടുണ്ട്. ജനങ്ങൾക്ക് ക്രിമിനൽ നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നതിനു പുറമേ, കോടതികളിൽ പോയാൽ നീതി വൈകുമെന്നതിനാൽ ബദൽ മാർഗങ്ങളിലൂടെ തങ്ങൾക്ക് ശരിയെന്ന് തോന്നുന്നത് നടപ്പാക്കാൻ അത് പ്രേരണ ചെലുത്തുമെന്നും റിപ്പോർട്ട് പറയുന്നു. അത് സമൂഹത്തെ അരാജകത്വത്തിലേക്ക് കൊണ്ടെത്തിക്കുമെന്ന കാര്യത്തിലും സംശയമില്ല.
അപ്പോൾ ഈ നീതി വൈകലിന് എന്താണ് ഒരു പരിഹാര മാർഗം? ലോക് അദാലത്തുകൾ സംഘടിപ്പിക്കുക വഴി കോടതികൾക്കുമേലുള്ള ഭാരം കുറയ്ക്കാനാകുമെങ്കിലും ഇത്തരം അദാലത്തുകൾ വഴിയുള്ള ഒത്തുതീർപ്പുകളുടെ നിലവാരം പലപ്പോഴും നീതിന്യായ വ്യവസ്ഥയെ തന്നെ പരിഹസിക്കുംവിധമാണ്. സർക്കാർ ഫാസ്റ്റ് ട്രാക്ക് കോടതികളും ജയിൽ അദാലത്തുകളുമൊക്കെ ആരംഭിച്ചെങ്കിലും അവയൊന്നും തന്നെ ഉദ്ദേശിച്ച ഫലപ്രാപ്തി ഇനിയും കൈവരിച്ചിട്ടില്ല. പതിനൊന്നാം ഫിനാൻസ് കമ്മീഷനാണ് രാജ്യത്ത് 1734 അതിവേഗ കോടതികൾ സ്ഥാപിക്കാനുള്ള നിർദ്ദേശം നൽകിയത്. സെഷൻസ് കോടതികളിൽ കാലങ്ങളായി കെട്ടിക്കിടക്കുന്ന കേസ്സുകളും വിചാരണത്തടവുകാരുടേയും കേസ്സുകളിൽ തീർപ്പുണ്ടാക്കുകയായിരുന്നു ഫാസ്റ്റ്ട്രാക്ക് കോടതികളുടെ ലക്ഷ്യം. ഹൈക്കോടതികളിൽ നിന്നും സംസ്ഥാന സർക്കാരുകളിൽ നിന്നും കേന്ദ്ര നിയമമന്ത്രാലയത്തിന് ലഭിച്ച വിവരങ്ങൾ പ്രകാരം ഈ കോടതികളിലേക്ക് കൈമാറിയ 38.90 ലക്ഷം കേസ്സുകളിൽ 2005 മുതൽ ഇതുവരെ 32.34 ലക്ഷം കേസ്സുകൾക്ക് തീർപ്പുണ്ടാക്കിയതായാണ് കാണുന്നത്. ഇപ്പോഴും പക്ഷേ ഈ അതിവേഗ കോടതികളിൽ പോലും 6.56 ലക്ഷം കേസ്സുകൾ തീർപ്പാകാനായി ബാക്കി നിൽക്കുന്നു.
ന്യായാധിപരുടെ ഒഴിവുകൾ നികത്തിയാൽ തന്നെ വലിയൊരു പരിധി വരെ കേസ്സുകൾ ബെഞ്ചിലെത്തുന്നതിലെ അപാകം ഒഴിവാക്കാം. കൂടുതൽ കോടതി മുറികളും കോടതികളും ന്യായാധിപരും നമുക്കാവശ്യമാണെന്ന യാഥാർത്ഥ്യം സർക്കാരും മനസ്സിലാക്കേണ്ടിയിരിക്കുന്നു. കേരള ഹൈക്കോടതിയിൽ 47 ജഡ്ജിമാരാണ് വേണ്ടതെങ്കിൽ പന്ത്രണ്ടു ജഡ്ജിമാരുടെ അഭാവം കേരളം നേരിടുന്നുണ്ട്. ജഡ്ജിമാരുടെ ഈ കുറവിനു പുറമേ, ഒരേ സമയം അന്വേഷണം നടത്തുകയും കോടതിയിൽ ഹാജരാകേണ്ടതായും വരുന്ന പൊലീസ് ഓഫീസർമാരുടെ ദുരിതങ്ങളും കുറഞ്ഞ ശന്പളത്തിന് അമിതജോലി ഭാരം വഹിക്കേണ്ടി വരുന്ന പ്രോസിക്യൂട്ടർമാരുടേയും മടുപ്പും കോടതികളിൽ കേസ്സുകളെ വലിച്ചിഴയ്ക്കുന്നു. എന്തിനധികം പറയുന്നു, െസ്റ്റനോഗ്രാഫർമാരില്ലാത്തതിനാൽ സ്വയം കാര്യങ്ങൾ എഴുതിത്തയ്യാറാക്കേണ്ടി വരുന്ന ന്യായാധിപന്മാർ പോലുമുണ്ട് ഇന്ത്യയിൽ. നീതിയുടെ വൈകിക്കലും തന്മൂലമുള്ള നീതി നിഷേധവും ഇന്ത്യയിൽ സമീപകാലത്തൊന്നും നേരെയാകാൻ പോകുന്നില്ലെന്നതിന്റെ സൂചനകളാണ് ഇതെല്ലാം തന്നെ.