അച്ഛന്റെ കണ്ണുനോക്കൂ, കണ്ണീരിന്റെ നനവ് കാണാം...
കൂക്കാനം റഹ്്മാൻ
വിവാഹം നടന്ന് വർഷം ഒന്ന് പിന്നിട്ടതേയുള്ളൂ. അയാൾ അച്ഛനായി. അതേവരെ മകന്റെ വേഷം കെട്ടി നടന്നു. അമ്മയെയും അച്ഛനെയും ഒരുപോലെ സ്നേഹിച്ചു. അയാൾക്ക് ആദ്യം പിറന്നത് മകനാണ്. രണ്ടാമത്തേത് മകളും. രണ്ടു കുട്ടികളുടെ അച്ഛനായി ആഹ്ലാദത്തോടെ ജീവിച്ചു വരികയായിരുന്നു. കുടുംബത്തിന്റെ എല്ലാ ഭാരവും അച്ഛനെന്ന നിലയിൽ അദ്ദേഹം ഏറ്റെടുത്തു. കുഞ്ഞുങ്ങൾക്ക് സ്നേഹം ആവോളം നൽകി. അവരെ വളർത്തി വലുതാക്കാൻ അച്ഛനെന്ന മനുഷ്യൻ രാപകലില്ലാതെ അധ്വാനിച്ചു. പല ജോലികളും ചെയ്തു. പല സ്ഥലങ്ങളിലും ചെന്നു പണിയെടുത്തു. എല്ലാം കുടുംബത്തിനു വേണ്ടിയായിരുന്നു. മക്കൾക്കു വേണ്ടിയായിരുന്നു.
മക്കൾ പ്രായപൂർത്തിയായി. തന്റെ സാന്പത്തിക സ്ഥിതിക്കനുസരിച്ച് അവർക്ക് വിദ്യാഭ്യാസം നൽകി. രണ്ടുപേരും ഔദ്യോഗിക ജീവിതത്തിൽ പ്രവേശിച്ചു. ഇനി വീടൊന്ന് പുതുക്കി പണിയണം. വിവാഹം നടത്തിക്കൊടുക്കുന്നതിന് മുന്പായി വീടെന്ന സ്വപ്നം പൂവണിയണം. അതിനായി അദ്ദേഹം നെട്ടോട്ടമോടി. കിട്ടാവുന്ന സ്ഥലത്തു നിന്നൊക്കെ കടം വാങ്ങി. ചെറുതാണെങ്കിലും മനോഹരമായൊരു വീട് പണിതു. ഇനി വിവാഹം കഴിച്ചു കൊടുക്കണം. അനുയോജ്യമായൊരു ബന്ധത്തിനായി ആ അച്ഛൻ പെടാപാടുപെട്ടു. ഒടുവിൽ തന്റെ സ്ഥിരം പരിശ്രമം മൂലം മക്കളുടെ വിവാഹവും നടത്തിക്കൊടുത്തു.
സദ്യവട്ടങ്ങൾക്കും, അത്യാവശ്യ ആഭരണങ്ങൾക്കും അച്ഛൻ വീണ്ടും കഷ്ടപ്പെട്ടു. എപ്പോഴും തിരക്കൊഴിഞ്ഞ സമയമില്ല അദ്ദേഹത്തിന്. അച്ഛൻ എന്ന മനുഷ്യന്റെ ജീവിതം ഹോമിക്കുന്നത് മക്കൾക്കുവേണ്ടി മാത്രമാണ്. ഇങ്ങനെയൊക്കെ പ്രവർത്തിച്ച അച്ഛൻ ആരോഗ്യം നഷ്ടപ്പെട്ടപ്പോൾ അയാൾ വീട്ടിനുള്ളിലായി. പുറത്തിറങ്ങാൻ വയ്യാതായി. യുവത്വം നിറഞ്ഞു നിന്ന കാലത്ത് എല്ലാം മറന്ന് അയാൾ അധ്വാനിച്ചു. അധ്വാനിച്ചതെല്ലാം തന്റെ രക്തത്തിലുണ്ടായ മക്കൾക്കു വേണ്ടി മാത്രവും കൂട്ടത്തിൽ ഭാര്യയെയും ശ്രദ്ധിച്ചു. അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തു.
ഇപ്പോൾ മക്കൾ ആ അച്ഛനെ വേണ്ടത്ര ശ്രദ്ധിക്കാതെയായി. അദ്ദേഹം ഒരധികപ്പറ്റാണെന്ന് തോന്നിത്തുടങ്ങി. മറ്റൊന്നും കൊണ്ടല്ല. അവരിപ്പോൾ എല്ലാം പങ്കുവെക്കുന്നത് അവരുടെ അമ്മയോടാണ്. അവർ വരുന്നതും പോകുന്നതും മറ്റും അച്ഛൻ അറിയുന്നില്ല. അല്ലാത്തവർ അച്ഛനെ അറിയിക്കുന്നില്ല. വീട്ടിലേക്ക് അഥിതികൾ വരുന്നതും പോകുന്നതും അച്ഛൻ കാണുന്നുണ്ട്. അവർ ആരാണെന്നോ, എന്തിന് വന്നതാണെന്നോ അച്ഛൻ അറിയില്ല. വീട്ടിൽ ഒരു വാടകക്കാരനെപ്പോലെ കഴിയേണ്ടി വരുന്നു ചില അച്ഛന്മാർക്ക്.
അയാൾക്കുള്ളിലെ പിതാവ് എന്നും ഒരു തോൽവിയായി മാറിക്കൊണ്ടിരിക്കുന്നു. താൻ പൊന്നുപോലെ വളർത്തിയ മക്കൾ ഇങ്ങനെയായിത്തീർന്നതിൽ അദ്ദേഹം ഒരുപാട് ദു:ഖിച്ചു. ഇവരെന്തേ ഇങ്ങനെയായി എന്ന് മനസ്സ് സ്വയം ചോദിക്കാൻ തുടങ്ങി. അത് ഉത്തരം കിട്ടാത്ത ചോദ്യവുമായിരുന്നു. സ്വന്തം ഇഷ്ടങ്ങളും, ആഗ്രഹങ്ങളും, സ്വപ്നങ്ങളും ഉപേക്ഷിച്ച് കുടുംബത്തിന് വേണ്ടി ജീവിച്ച ആ മനുഷ്യനെ ആരും മനസ്സിലാക്കുന്നില്ലല്ലോ... വേണ്ടത്ര പരിഗണന തരുന്നില്ലല്ലോ എന്ന കാര്യമാണ് അദ്ദേഹത്തെ മഥിച്ചുകൊണ്ടിരുന്നത്.
ഇത്തരം അച്ഛന്മാരെ നമ്മുടെ ചുറ്റും കാണാം. ലക്ഷക്കണക്കിന് പേർ ഇങ്ങനെ മനമുരുകി ജീവിക്കുന്നുണ്ട്. മാതാവിന്റെ മഹത്വത്തെക്കുറിച്ച് എല്ലാവരും വാ തോരാതെ സംസാരിക്കും. പക്ഷേ പിതാവിനെ മറക്കും. ഇവിടെയും ഒരു പ്രശ്നമുണ്ട്. മക്കൾ കാണുന്നത് പലപ്പോഴും കണ്ണീർ പൊഴിക്കുന്ന മാതാവിനെയാണ്. കരയുന്ന പിതാവിനെ മക്കൾ കാണാറില്ല. പുരുഷന്മാർ പൊതുവെ ആളുകൾ കാൺകെ കരയില്ല. ദു:ഖം മനസ്സിൽ ഒളിപ്പിച്ചുവയ്ക്കും. ഏങ്ങലടിച്ചു കരയുക എന്നത് പുരുഷത്വത്തിന്റെ ലക്ഷണമല്ല. അതുകൊണ്ട് കണ്ണുനീർ പുറത്തു വരാതെ അവർ ഉള്ളുരുകി കരയുന്നുണ്ട്.
പത്തുമാസം നൊന്തുപെറ്റ അമ്മയുടെ കഥ എത്രയോ വട്ടം മക്കൾ കേട്ടുകാണും. അമ്മമാർ അനുവദിച്ച പത്തുമാസത്തിന്റെ വേദന മക്കളുമായി പങ്കിടാൻ അവർക്ക് വളരെ താൽപര്യമാണ്. മക്കളുടെ സഹതാപവും, സ്നേഹവും, പിടിച്ചു പറ്റാനാണ് അമ്മമ്മാർ ഇങ്ങനെയൊക്കെ ചെയ്യുന്നത്. രാത്രിയെ പകലാക്കി മാറ്റി എല്ലുമുറിയെ പണിയെടുത്ത അച്ഛന്റെ കഥ ഒരിക്കൽപോലും അവർ കേട്ടുകാണില്ല. ഒരു പക്ഷേ അവർ ആ കഥ പറഞ്ഞാലും, മക്കൾക്ക് അത് രസിക്കാൻ തരമില്ല. അത് അച്ഛന്റെ ബാധ്യതയാണ് എന്നാണ് മക്കളുടെ വെപ്പ്.
അമ്മ ഒട്ടും നിസ്സാരമായ പങ്കല്ല മക്കളെ വളർത്തുന്നതിൽ നിർവ്വഹിക്കുന്നത്. പക്ഷേ മക്കൾ പ്രായമാകുന്പോൾ അച്ഛന്റെ സാമീപ്യത്തെ ഇഷ്ടപ്പെടാതിരിക്കുകയും, ഉപദേശ നിർദേശങ്ങൾ ആരായാതെ തന്നിഷ്ടം പോലെ പ്രവർത്തിക്കുന്നതാണ് അച്ഛനെ വേവലാതിപ്പെടുത്തിയത്. പക്ഷേ അവർ എല്ലാ കാര്യങ്ങളും അമ്മയുമായി ആലോചിക്കുന്നുമുണ്ട്. എല്ലാവരിൽ നിന്നും വയസ്സുകാലത്ത് ഒറ്റപ്പെട്ടു പോകുന്നു എന്ന ദു:ഖത്താൽ മനസ്സു വേദനിക്കുന്നു.
ഇത്തരം സ്വഭാവക്കാരായ മക്കളോട് ഒരപേക്ഷയേ ഉള്ളൂ.. അമ്മയെന്ന പുഴയെ ധ്യാനിക്കുന്പോൾ അച്ഛനെന്ന കടലിനെ മറക്കാതിരിക്കുക. അച്ഛന് സ്നേഹം പ്രകടിപ്പിക്കാനറിയില്ല, പക്ഷേ സ്നേഹമൊക്കെ ഉള്ളിലൊതുക്കി കഴിയുകയാണ് മിക്ക അച്ഛന്മാരും തന്റെ മകളെ വിവാഹം കഴിച്ചയക്കുന്പോൾ അച്ഛന്റെ കണ്ണുകളിലേയ്ക്കൊന്നു നോക്കണം. ഒരുപാട് അധ്വാനിച്ച് മകളെ ഒരു പുരുഷന് കൈപിടിച്ചേൽപ്പിച്ച് കഴിയുന്പോൾ മനസ്സിനഭിമാനമുണ്ടാകും. പക്ഷേ അതിനുവേണ്ടി സഹിച്ച ത്യാഗവും, മനോവിഷമങ്ങളും കടലോളം ഉണ്ടാകും. അച്ഛന്റെ ആ കണ്ണുകളിൽ സൂക്ഷിച്ചു നോക്കിയാൽ നമുക്കു കാണാം കണ്ണീരിന്റെ നനവ്.
അച്ഛനോട് അകൽച്ച കാണിക്കുന്ന മക്കൾ അദ്ദേഹത്തിന്റെ വേദന വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിനു പരിഹാരം കാണേണ്ടത് അമ്മമ്മാരാണ്. അച്ഛന്റെ പെടാപാടുകളും, മക്കളുടെ കുട്ടിക്കാലത്ത് അച്ഛനനുഭവിച്ച ജീവിത ക്ലേശങ്ങളും മക്കളോട് പറഞ്ഞു ബോധ്യപ്പെടുത്തേണ്ട ബാധ്യത അമ്മമാർക്കാണ്. അമ്മ അച്ഛനോട് കാണിക്കുന്ന സ്നേഹവും ആദരവും മക്കൾ കാണുകയും അതനുസരിച്ച് അവർ പ്രവർത്തിക്കുകയും ചെയ്യും.
കുറച്ച് മാസങ്ങൾക്കു മുന്പ് ഞാൻ എന്റെ ഒരു സുഹൃത്തിന്റെ വീട് സന്ദർശിച്ചു. സുഹൃത്തിന്റെ ഭാര്യ വലിയ ഈശ്വര വിശ്വാസിയാണ്. ഭർത്താവിനെ ദൈവതുല്യം സ്നേഹിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ അവരുടെ മക്കളും അച്ഛനെ വേണ്ടുവോളം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ഞാൻ ചെല്ലുന്പോൾ അവരുടെ മൂത്ത മകൻ എവിടെയോ യാത്ര പോകാനുള്ള പുറപ്പാടിലാണ്. ആ മകൻ അച്ഛന്റെ കാൽ തൊട്ടു വന്ദിച്ച് യാത്ര ചോദിക്കുന്നത് ഞാൻ കണ്ടു. ഇങ്ങനെയുള്ള നിരവധി അച്ഛന്മാർ നമുക്കു ചുറ്റും കണ്ടേക്കാം.
അച്ഛനെയും, അമ്മയെയും ഒരേപോലെ സ്നേഹിക്കുകയും രണ്ട് പേരോടും എല്ലാക്കാര്യങ്ങളും തുറന്ന മനസ്സോടെ സംവദിക്കുകയും ചെയ്യുന്ന മനസ്സ് ന്യൂജെൻസിനുണ്ടാകട്ടെയെന്നും ആശ്വസിക്കട്ടെ..