കാൽപ്പന്ത് : കളിയും കാര്യവും
ഇ.പി അനിൽ
epanil@gmail.com
ലോകത്തെ ഏറ്റവും ശ്രദ്ധ നേടിയ കളി/പരിപാടി ഏതാണ് എന്ന ചോദ്യത്തിന് ഒന്നിൽ കൂടുതൽ ഉത്തരങ്ങൾ നമുക്കുണ്ടാകില്ല. ലോകം മാറി വരുന്പോഴും 211 രാജ്യങ്ങളിലെ ജനങ്ങളുടെ ഇടയിലും ചർച്ചയാകുന്ന കാൽപ്പന്തു കളിയോടുള്ള ഇഷ്ടങ്ങൾ കൂടി വരുന്നു. കൂടുതൽ കളിക്കാർ, കൂടുതൽ കാണികൾ, ലോകത്ത് 27 കോടി ജനങ്ങൾ പന്തുകളിക്കുന്നവരും അവരെ കളിയിൽ സാങ്കേതികമായി സഹായിക്കുന്നവരുമായി ഉണ്ട് എന്നാണ് പറയപ്പെടുന്നത്. (ജനസംഖ്യയിലെ 4% ആളുകൾ). പണവും വാതുവെപ്പും അധികാര കേന്ദ്രങ്ങളുടെ ഇടപെടലുകളുമെല്ലാം പന്തുകളിയുടെ സംഘാടനത്തെ ശക്തമായി ബാധിക്കുന്നു എങ്കിൽ കൂടി അത്തരം പരിമിതികളെ മറികടന്നു കൊണ്ട് സാധാരണക്കാർ കാൽപന്തുകളിയോട് സമാനതകളില്ലാത്ത താൽപ്പര്യം കാട്ടുന്നത് എന്തുകൊണ്ടായിരിക്കാം?
മനുഷ്യന്റെ ശാരീരിക ക്ഷമതയും അവന്റെ യുക്തിബോധവും ഒന്നിച്ച് മാറ്റുരയ്ക്കുന്ന, ഏറ്റവും കൂടുതൽ അംഗങ്ങൾ ഇട കലർന്ന് അണി നിരക്കുന്ന കളി ഏതൊരാളുടെ ചെറിയ പോരായ്മ പോലും പരാജയത്തിലേക്ക് വഴി തുറക്കും. ഒരേസമയം വ്യക്തിത്വവും അതിൽ ഉപരി കൂട്ടായ്മയും ഇവിടെ ഒത്തുചേരുന്നു. ഇത്തരം കളിയിൽ ഉണ്ടാകുന്ന നിർവ്വചനാതീതമായ അനിശ്ചിതത്വങ്ങൾ ആരാധകരെ എപ്പോഴും മുൾമുനയിൽ നിർത്തികൊണ്ടിരിക്കും. 90 മിനിട്ടിനുള്ളിൽ വിധിപറയുവാൻ കഴിയുന്ന, രക്തം ചൊരിയാത്ത, കരുത്തിന്റെ കളി ഓരോ നിമിഷവും മുന്നേറ്റത്തിന്റെയും ഒപ്പം തിരിച്ചടികളുടെയും നിമിഷങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഒളിന്പിക്സ് കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ കായിക ഉത്സവമായി മാറിയ 4 വർഷത്തിൽ ഒരിക്കൽ നടക്കുന്ന ലോക ഫുട്ബോൾ മേള സാർവ്വദേശീയ ഐക്യത്തിന്റെ നല്ല മാതൃകയായി നിലനിൽക്കുന്നു.
ഒരിക്കൽപോലും നേരിട്ട് പരിചിതമില്ലാത്ത രാജ്യത്തിന്റെ വിജയത്തിനായി നാട്ടിൽ ആരവം മുതൽ ആത്മാ ഹൂതി വരെ നടക്കുന്പോൾ അത്തരം കൂട്ടങ്ങൾ മനുഷ്യ നിർമ്മിതമായ അതൃത്തിക്കളെ അപ്രസക്തമാക്കി തീർക്കുകയാണ്. ചെയ്യുന്നത്. ദേശിയത, ദേശം മുതലായ വിഷയങ്ങളെ ഉപയോഗിച്ച് നമ്മുടെ നാട്ടിൽ ചിലരെങ്കിലും ഉയർത്തുന്ന വിദ്വേഷം, അവിശ്വാസം, അപരത്വം മുതലായ സംഭവങ്ങൾക്ക് പകരം മറ്റു ജനതയെ സ്നേഹിക്കുവാനും അവരുടെ വിജയത്തിൽ അഭിമാനിക്കുവാനും കഴിയുന്ന ഇടങ്ങളെയും അതിലെ അംഗങ്ങളെയും ഇതിനു കാരണമാകുന്ന പന്തു കളിയെയും എത്ര കണ്ടു പ്രശംസിച്ചാലും മതിയാകില്ല. (ദേശഭ്രാന്തിലും മതഭ്രാന്തിലും ഊന്നി പ്രവർത്തിക്കുന്നവരെ കാൽപന്തുകളി ആവേശം കൊള്ളിക്കാറില്ല.) ജനങ്ങളെ പരസ്പരം സ്നേഹിക്കുവാൻ മാത്രം പഠിപ്പിക്കേണ്ട മത-രാഷ്ടീയ സ്ഥാപനങ്ങൾ ഇവിടെ ആവർത്തിച്ചു പരാജയപ്പെടുന്പോൾ കാൽപ്പന്തുകളിക്കും അതിന്റെ ആരവങ്ങൾക്കും ലോകത്തെ ഒന്നിപ്പിക്കുവാൻ കഴിയുമെങ്കിൽ ആ നന്മയെ സാർവ്വലൗകികതയുടെ ഉത്തമ മാതൃകയായി നമ്മൾക്ക് പരിഗണിക്കുവാൻ കഴിയണം.
ലോക രാഷ്ടീയ ചരിത്രത്തിലെ വില്ലന്മാരായി കരുതി വരുന്ന മുസോളിനിയും ഹിറ്റ്ലറും കളികളേയും അതിന്റെ സംഘാടനത്തെയും അവരുടെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിച്ചു വന്നു. ബർലിൻ ഒളിന്പിക്സ് ഉയർത്തി കാട്ടിയാണ് നാസി നേതാവ് തന്റെ ഭരണ പാടവത്തെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയത്. കളിയുടെ വിജയത്തെ അധികാരം ഉറപ്പിക്കുവാനുള്ള ആയുധമാക്കുക എന്ന തന്ത്രം മുസോളിനി തുടങ്ങിവെച്ചു. അത് കുറേക്കൂടി മെച്ചപ്പെട്ട രീതിയിൽ നടപ്പിൽ കൊണ്ടുവരുവാൻ നാസി പാർട്ടി ശ്രമിച്ചു. രണ്ടാം ലോക യുദ്ധകാലത്ത് ജർമ്മനി ഓസ്ട്രിയയെ കീഴ്പ്പെടുത്തി. ഓസ്ട്രിയ ജർമ്മനിയുടെ ഭാഗമായി തീരുന്നതിനു തൊട്ടു മുന്പ് ജർമ്മനി-ഓസ്ട്രിയ കാൽപന്തു കളിയിൽ സ്റ്റാർ കളിക്കാരൻ മാത്യു സിണ്ട്ലർ നേടിയ ഓസ്ട്രിയയുടെ വിജയ ഗോൾ അദ്ദേഹത്തെ മരണത്തിലേയ്ക്കു നയിക്കുകയായിരുന്നു. തന്റെ രാജ്യത്തിന്റെ കൊടിക്കീഴിൽ അല്ലാതെ അധിനിവേശ ശക്തിക്കുവേണ്ടി ബൂട്ടണിയില്ല എന്ന് തീരുമാനിച്ച ആ കാൽപ്പന്തുകളി പ്രതിഭയെ കൊന്നു തള്ളുവാൻ ഹിറ്റ്ലർ മടി കാട്ടിയില്ല.
ഉക്രയിൻ എന്ന പഴയ സോവിയറ്റ് പ്രവിശ്യയെ കീഴ്പ്പെടുത്തിയ ഹിറ്റ്ലർ അവിടുത്തെ കാൽപ്പന്തുകളി ക്ലബ്ബുകളെ പിരിച്ചു വിട്ടു. ഡയനമോ, ലോക്കൊമോട്ടിവ് എന്നീ രണ്ടു പ്രസിദ്ധ ക്ലബ്ബുകൾ ഇല്ലാതെയായി. ഉക്രയിനിലെ ആത്മാഭിമാനമുള്ള ജനങ്ങൾ ചെന്പടയെ സഹായിക്കുവാൻ വിവിധ രൂപത്തിൽ അണിനിരന്നു. പന്തുകളിക്കാരിൽ ചിലർ നടത്തിവന്ന ബേക്കറിയിലെ തൊഴിലാളികൾ പന്തുകളി മത്സരങ്ങൾ സംഘടിപ്പിച്ചു. അവിടെ എത്തിയ ഹംഗറിക്കാരായ പട്ടാളക്കാരുടെ ടീമിനെ ഇവർ തോൽപ്പിച്ചു. എതിരാളികളെ തോൽപ്പിച്ചു മുന്നേറിയ ഉക്രയിൻകാർ അവസാനം ഹിറ്റ്ലർ പട്ടാള ടീമുമായി ഏറ്റുമുട്ടുവാൻ തയ്യാറായി. ആര്യ രക്തത്തിൽ അഭിമാനിച്ചു വന്ന flak elf എന്ന നാസ്സി പട്ടാള കാൽപന്തു കളി ക്ലബ്ബിനു മേൽ വിജയം ഉണ്ടായാൽ അത് കളിക്കാരുടെ അന്ത്യത്തിന് ഇടയുണ്ടാക്കുമെന്ന് ഭയപ്പെട്ടവരുണ്ട്. 1942ൽ കീവ് േസ്റ്റഡിയത്തിലെ മത്സരത്തിൽ റഫറി നാസ്സി പട്ടാള ആപ്പീസർ ആയിരുന്നു. ഉക്രയിൻ ഗോളിയെ പീഡനം ഏൽപ്പിച്ചു കുഴക്കികൊണ്ട് ഗോളുകൾ നേടിയ ജർമ്മൻ പട്ടാള ടീമിനെ കളി അവസാനിക്കുന്പോൾ 3 നെതിരെ 5 ഗോളുകൾക്ക് പരാജയപ്പെടുത്തുവാൻ ഉക്രയിൻ ക്ലബ്ബിന് കഴിഞ്ഞു. മാസങ്ങൾക്ക് ശേഷം ഉക്രയിനു വേണ്ടി കളിച്ച 5 പേരെ കൊലപ്പെടുത്തുവാൻ ഹിറ്റ്ലർ തയ്യാറായി. ലോകത്തെ ഒരുമയുടെ കളികളെ പോലും വിദ്വേഷത്തിന്റെ ഇടങ്ങളാക്കി, കളിക്കാരെ കൊലപ്പെടുത്തുവാൻ മടിക്കാതിരുന്ന ഹിറ്റ്ലർ അധികാര ഗർവ്വിന്റെ മികച്ച അടയാളമായി മാറി.
കാൽപ്പന്തുകളിയുടെ തുടക്കം ഇംഗ്ലണ്ടും മറ്റു യുറോപ്യൻ രാജ്യങ്ങളും ആയിരുന്നു. തുടക്കത്തിൽ ഇംഗ്ലീഷ് രീതിയും ജർമ്മൻ രീതിയും കാൽപ്പന്തുകളിക്ക് വ്യത്യസ്ത ശൈലികൾ നൽകി യൂറോപ്യൻ രാജ്യങ്ങളുടെ കളി ലാറ്റിൻ അമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവരുടെ കളികൾ കൂടിയായി. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ അന്തർദേശീയ സംഘടനാ സംവിധാനത്തിന് കീഴിലായ കാൽപ്പന്തുകളി ലോകത്തെ ഏറ്റവും കൂടുതൽ കാണികളെ ആകർഷിക്കുന്ന ഇനമായി മാറി. കാൽപ്പന്ത് കളിയുടെ നിയമങ്ങൾ ഒരേ രീതിയിൽ ആണ് എങ്കിലും ഓരോ രാജ്യവും അവരവരുടെ രീതികൾ വികസിപ്പിച്ചു കൊണ്ടാണ് ശ്രദ്ധ നേടിയിട്ടുള്ളത്. ലോകത്തെ പ്രധാനപ്പെട്ട ടീമുകളെ ഇഷ്ടപ്പെടുന്ന വ്യത്യസ്ത ദേശക്കാരുടെ രാഷ്ട്രീയ സമീപനങ്ങൾക്കു പോലും ആരാധനയുടെ കാരണങ്ങളായി അവർ അറിയാതെ പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. ലാറ്റിൻ അമേരിക്കൻ, തെക്കേ അമേരിക്കൻ, ആഫ്രിക്കൻ ടീമുകളുടെ ആരാധകരായി കേരളീയർ മാറുന്നതിനു പിന്നിൽ കോളനി വിരുദ്ധ സമരരാഷ്ട്രീയം നിശബ്ദദമായ പങ്കുവഹിക്കുന്നു. (കൽക്കത്തയിലും ധാക്കയിലും കറാച്ചിയിലും കേരളത്തിലും ഏതാണ്ട് ഒരുപോലെ ബ്രസീൽ അർജന്റീന അരാധകർ വളരെ കൂടുതലാണ്)
ഒരു കാലത്ത് ഹോക്കിയിൽ നന്പർ വൺ ആയിരുന്ന ഇന്ത്യയുടെ കളിയെ ആരാധനയോടെ ലോകം നോക്കി കണ്ടത് കളികളിൽ നേടിയ വിജയം ഒന്നു കൊണ്ടുമാത്രമായിരുന്നില്ല. കളികളിൽ അവർ (ഇന്ത്യയും പാകിസ്ഥാനും) അവലംബിച്ച രീതി അതി മനോഹരമായിരുന്നു എന്ന് ആസ്വാദകർ പറഞ്ഞിരുന്നു. ഇതുപോലെ ലോക കാൽപ്പന്തു കളിയിൽ ആകർഷകമായ ശൈലിയിൽ കളിച്ചു വന്ന ബ്രസീലിന്റെ പ്രകടനത്തെ സാംബാ നൃത്തത്തോടെ ചേർത്തു വിളിക്കാറുണ്ട്. കളിയിൽ അവലംബിച്ചു വരുന്ന താളാത്മകമായ രീതിയെ ഓർത്തിട്ടാകാം അങ്ങനെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴത്തെ ബ്രസീൽ ടീമിൽ കളിക്കുന്നവരും വലിയ ആരാധകരെ സ്വന്തമാക്കുവാൻ വിജയിച്ചു നിൽക്കുന്നു. അർജന്റീനയും സെനഗലും മറ്റു ലാറ്റിൻ-ആഫ്രിക്കൻ രാജ്യങ്ങളും മനോഹരമായ കളികളെ ലക്ഷ്യം വെയ്ക്കുന്പോൾ യുറോപ്യൻ രാജ്യങ്ങൾ വിജയങ്ങൾക്ക് പ്രധാന പരിഗണ നൽകുന്നു എന്ന് കാണാം.
കാൽപ്പന്തുകളിയിൽ 11 പേരും കൂടി നടത്തുന്ന ആക്രമണ-പ്രതിരോധ പ്രവർത്തനങ്ങൾ ഒരു യന്ത്രം കണക്കിന് എന്ന് പറയുന്നതിലും 11 മനസ്സുകൾ, 22 കാലുകൾ ചേർന്നു നടത്തുന്ന പരസ്പര ധാരണയുടെ ആകെ ഫലമാണ്. എതിരാളിയുടെ ഗോൾ മുഖം നിരന്തരമായി ആക്രമിച്ചുകൊണ്ട് മുന്നേറുക, ഒപ്പം പ്രതിരോധ കോട്ടകൾ ഉയർത്തുക മുതലായ തന്ത്രങ്ങൾക്കായി പല ശൈലികൾ പരീക്ഷിക്കുന്നു. ആക്രമണം നടത്തുന്ന ടീമുകളുടെ പഴുതുകളെ പ്രധാനമായി മുതലെടുത്ത് പരമാവധി കളിക്കാരുടെ കാലുകളിൽ നിന്നും കാലുകളിലേക്കുള്ള ഒഴിക്കിനു പകരം വീണു കിട്ടുന്ന അവസരങ്ങളെ മുതലെടുത്ത് എതിർ ഗോൾ മുഖത്തേയ്ക്ക് പെട്ടെന്ന് ഓടി എത്തി ചുരുക്കം പാസ്സുകളിലൂടെ ഗോളിയെ കബളിപ്പിച്ച് ലക്ഷ്യം കാണുന്ന രീതികൾ (counter attack) യുറോപ്പ് അവലംബിക്കുകയും അതിലൂടെ അവർ വിജയം നേടുകയും ചെയ്യുന്നു. ഇവിടെ ബ്രസീൽ, അർജന്റീന മുതലായ പഴയകാല കാൽപന്തുകളിയുടെ തുടർച്ചക്കാർ ഒരുക്കുന്ന സുന്ദര നിമിഷങ്ങൾ പുതിയ യുറോ തന്ത്രങ്ങളുടെ മുന്നിൽ വിലപോകാതെയായി തീരുന്പോൾ കാൽപന്തുകളികളിൽ മറ്റൊരു താളബോധം ഉണ്ടായി വരികയാണ് എന്ന് കാണാം.
കളികളിലും പരീക്ഷണങ്ങൾ (കാലാകാലങ്ങളിൽ) നടക്കാറുണ്ട്. പാരന്പര്യവാദം എവിടെയും എന്നപോലെ ഇവിടെയും കാണാം. പഴയ ശൈലികൾ മാറി മാറിവരുന്നതിനെ പ്രോത്സാസാഹിപ്പിക്കേണ്ടതുണ്ട്. എന്നാൽ അത്തരം മാറ്റങ്ങൾ കേവലം വിജയങ്ങളെ മാത്രം ലക്ഷ്യം വെച്ചുള്ള പദ്ധതികൾ ആകുന്പോൾ കാൽപ്പന്തുകളിയുടെ മനോഹാരിത ചോർന്നു പോകുന്നു എന്ന് ഭയപ്പെടുന്നവരുണ്ട്. അത് പല ആരാധകരെയും നിരാശപ്പെടുത്തുന്നു. കാൽപ്പന്തുകളിക്ക് വ്യത്യസ്ത നിമിഷങ്ങൾ നൽകി വരുന്ന തെക്കേ അമേരിക്കൻ--ലാറ്റിൻ-അമേരിക്കൻ ശൈലിക്കാർ അവരുടെ തനതു ശൈലികൾക്കൊപ്പം വിജയ ഗോളുകൾ നേടുവാൻ കഴിയുന്നില്ല എങ്കിൽ അത്് അവരുടെെ പ്രതാപത്തെ പ്രതികൂലമായി ബാധിക്കും. കാനറി പക്ഷികളെ ബ്രസീലിയൻ പന്തുകളിയുടെ പ്രതീകമായി 1954 മുതൽ പരിഗണിച്ചു വരുന്നു. അതിന്റെ മഞ്ഞ നിറം തന്നെ ബ്രസീൽ കളിക്കാരുടെ യുണിഫോം നിറമായി മാറി. ഒരുകാലത്ത് പാട്ടുപാടി ശ്രദ്ധ നേടിയിരുന്ന കാനറി പക്ഷികൾ സമയക്ലിപ്ത പാലിക്കുന്നതിൽ പ്രസിദ്ധമായിരുന്നു. ഈ സ്വഭാവങ്ങൾ എല്ലാം പന്തുകളിയെ പറ്റിയുള്ള മനോഹര നിമിഷങ്ങളുമായി കൂട്ടി വായിക്കാം. (മഞ്ഞ നിറം പ്രതീക്ഷകളെ പ്രതിനിധീകരിക്കുന്നു.)
കാൽപ്പന്തുകളിയുടെ തുടക്കക്കാർ ഇംഗ്ലണ്ടുകാരാണെങ്കിലും കാൽപ്പന്തുകളിൽ ശ്രദ്ധേയമായ പടക്കുതിരകൾ ഇംഗ്ലീഷ് കോളനിയുടെ ഭാഗമായിരുന്നില്ല. സാധാരണക്കാരുടെ ആവേശമായി മാറിയ കാൽപ്പന്തുകളി ലാറ്റിൻ-തെക്കൻ- അമേരിക്കൻ ആഫ്രിക്കൻ രാജ്യങ്ങൾക്ക് അവർ ജീവിതത്തിൽ അനുഭവിക്കുന്ന പരാജയങ്ങളോടുള്ള പ്രതിക്ഷേധവും ഒപ്പം നാളെ നേടുവാൻ വെന്പുന്ന വിജയത്തെ പറ്റിയുള്ള പ്രതീക്ഷയുമായി പ്രവർത്തിച്ചു.
ലോക കാൽപ്പന്തുകളിയിൽ ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന കാലമായിരുന്നു 1940 മുതൽ 1970 വരെയുണ്ടായിരുന്നത്. 1948ലെയും 1960 വരെയുള്ള ഒളിന്പിക്സ്, ഏഷ്യൻ മത്സരവേദികളിൽ ഇന്ത്യൻ കാൽപ്പന്തുകളി ആസ്വദിച്ച ഇംഗ്ലീഷ് രാജാവ് ജോർജ്ജ് VI എസ്. മന്നയുടെ കാലുകൾ ഇരുന്പു ചട്ടകൾ കൊണ്ട് നിർമ്മിച്ചിതാണോ എന്ന ചോദ്യം അക്കാലത്തെ പ്രധാന വാർത്തയായി മാറി. പിൽക്കാലത്ത് ഇന്ത്യയേക്കാൾ പിന്നിലായിരുന്ന ജപ്പാനും കൊറിയയും ചൈനയും ലോക റാങ്കിംഗിൽ മെച്ചപ്പെട്ട സ്ഥാനങ്ങൾ കൈയ്യടക്കി. ഫുഡ്ബോൾ മെച്ചപ്പെടുത്തുവാൻ 20000 പരിശീലന കേന്ദ്രവും 70000 കളിസ്ഥലങ്ങളും അന്തർദേശീയ മത്സരങ്ങളും സംഘടിപ്പിച്ചാണ് ചൈന പടിപടിയായി മുന്നേറുന്നത്. 2050 ഓടെ ലോകകാൽ പ്പന്തുകളിയിൽ പ്രധമ സ്ഥാനങ്ങളിലേയ്ക്ക് എത്തുകയാണ് അവരുടെ ലക്ഷ്യം.
ഉറുേഗ്വ എന്ന ചെറു രാജ്യത്ത് 13 വയസ്സിനു താഴെയുള്ള കുട്ടികളെ വിദഗ്ദ്ധ പരിശീലനം നൽകി വളർത്തുന്നു. മൂന്നര ലക്ഷം മാത്രം ജന സംഖ്യയുള്ളതും കടുത്ത മഞ്ഞു വീഴ്ചയുള്ളതുമായ ഐസ്ലാന്റ് തങ്ങളുടെ കളിക്കാരെ വിദേശ ക്ലബ്ബുകളിൽ കളിപ്പിച്ച് നേടിയ പരിചയത്തെ ദേശത്തിന്റെ യശസ്സ് ഉയർത്തുവാനുള്ള അവസരമാക്കി മാറ്റി. സെനഗലും നൈജീരിയയും ഇതേ പരീക്ഷണങ്ങൾ നടത്തി വിജയം നേടിയവരാണ്.
ഇന്ത്യൻ കാൽപ്പന്തുകളിയിലെ ശ്രദ്ധേയരായ പി.കെ ബാനർജി, അബ്ദുൾ റഹിം, ഗോസ്വാമി മുതലായ താരങ്ങളും കൊൽക്കത്തയും ധാക്കയും കറാച്ചിയും മലബാറും ഉയർത്തിയ ആവേശവും വളരെ ശ്രദ്ധേയങ്ങളായിരുന്നു. ഇന്ത്യൻ കാൽപ്പന്തുകളി ക്ലബ്ബിൽ ശ്രദ്ധേയമായ സ്ഥാനം നേടിയ മുഹമ്മദൻ സ്പോർട്ടിംഗിലെ കോച്ചായിരുന്ന ടി. അബ്ദുദുൾ റഹ്മാൻ കാൽപന്തുകളി തീർക്കുന്ന ഒരുമയെ പറ്റി വിവരിച്ചിട്ടുണ്ട്. കളിത്തട്ടിലെ ഓരോ കളിക്കാരും (എല്ലാം മറന്നു കൊണ്ട്) ഒരുക്കുന്ന ഐക്യമത്വം എത്ര ശക്തമായിരിക്കുന്നു എന്ന് അദ്ദേഹത്തിന്റെ അനുഭവങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാൻകാരനായ ഖ്യയാം അലി ചാംഗസിക്ക് കോഴിക്കോട്ടെ കാൽപന്തു പ്രേമികൾ നൽകിയ അംഗീകാരം എത്ര മഹത്തായ സന്ദേശമാണ് അക്കാലത്തു നമുക്കായി നൽകിയത്.പാകിസ്ഥാനിൽ നിന്നും കറാച്ചി കിക്കേഴ്സ്, ഫ്രോണ്ടിയർ ഹിലാൽ, കറാച്ചി മക്രാൻ മുതലായ ക്ലബ്ബുകൾ കേരളത്തിൽ വന്നു മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. വെട്ടി മുറിക്കപ്പെട്ട രാജ്യത്തെ ജനങ്ങൾ കാൽപ്പന്തുകളിയിലൂടെ പരസ്പരം സ്നേഹിച്ചു വന്ന പഴയ കാല ചരിത്രം കോഴിക്കോട്ടെ പന്തുകളി പ്രേമികൾ മറന്നിട്ടുണ്ടാകില്ല. കോഴിക്കോട് സംഘടിപ്പിച്ച ക്ലബ്ബ മത്സരത്തിൽ (മാനാഞ്ചിറ) പാകിസ്ഥാൻ കളിക്കാരൻ വിജയഗോൾ നേടിയപ്പോൾ തോളിലേറ്റി തെരുവിലൂടെ അദ്ദേഹത്തിന് (അഹമ്മദ്ൽ ഖാൻ) നൽകിയ സ്വീകരണവും ക്ഷേത്രത്തിൽ നിന്നും വിശ്വാസികൾ എത്തിച്ചു കൊടുത്ത പ്രസാദവും കാൽപ്പന്തുകളി ഉയർത്തുന്ന സാഹോദര്യത്തെ ഒർമ്മിപ്പിക്കുന്നു.
ലോകത്തെ കാൽ പന്തുകളിയുടെ വന്പൻ നായകരെയും അവരുടെ ടീമിനെയും പിന്നിലാക്കി പുതിയ കളിക്കാർ നടത്തിയ വിജയക്കുതിപ്പുകൾ വരും നാളുകളിലും കാൽപ്പന്തുകളി കൂടുതൽ ഉയരങ്ങൾ തേടി പോകുന്ന പാതയിലാണ് എന്നു തെളിയിക്കുന്നു.
2018 ലോക കാൽപ്പന്തുകളിക്ക് വരുന്ന ഞായറാഴ്ച വിരാമമാകും. കലാപങ്ങൾ കൊണ്ടും അഭയാർത്ഥി പ്രവാഹം കൊണ്ടും വംശീയ, മത സ്പർദ്ധ കൊണ്ടും മുറിവേറ്റ ലോകത്തിനെ സാഹോദര്യത്തിന്റെ പരസ്പര വിശ്വാസത്തിന്റെ നാളുകളിലേയ്ക്ക് കൈപിടിച്ചുയർത്തുവാൻ കൽപന്തുകളി പോലെയുള്ള കലാകായിക വേദികൾക്കു കഴിയട്ടെ എന്നു പ്രത്യാശിക്കാം.