ജനസംഖ്യാദിനമെത്തുന്പോൾ...
പ്രദീപ് പുറവങ്കര
നാളെ ലോക ജനസംഖ്യാദിനമാണ്. ജനപെരുപ്പമെന്ന വലിയ പ്രശ്നത്തിലേയ്ക്ക് ജനശ്രദ്ധകൊണ്ടുവരാനാണ് 1989ൽ ഐക്യരാഷ്ട്രസംഘടന എല്ലാ വർഷവും ജൂലൈ 11-ാം തീയതി ലോക ജനസംഖ്യാദിനമായി ആചരിക്കാൻ നിർദ്ദേശിച്ചത്. ഈ വർഷം “ജനസംഖ്യാദിനാചരണത്തിന് കുടുംബാസൂത്രണം ഒരു മനുഷ്യാവകാശം” എന്ന ആശയത്തിന് പ്രാധാന്യം നൽകിയാണ് ആചരിക്കുന്നത്. ലോകത്ത് തന്നെ ജനസംഖ്യയുടെ കാര്യത്തിൽ രണ്ടാം സ്ഥാനം അലങ്കരിക്കുന്ന ഇന്ത്യയിൽ ഇന്നും ജനപെരുപ്പമെന്ന പ്രശ്നം രൂക്ഷമായി തന്നെ തുടരുന്നു. നിലവിൽ ഇന്ത്യയിലെ ജനസംഖ്യ 130 കോടിയോളമാണ്. 2101 ആകുന്പോഴേയ്ക്കും ഇത് 200 കോടിക്കുമേൽ എത്തിച്ചേരുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതുകാരണം വികസിത രാജ്യമെന്ന പദവി നേടാൻ നടത്തുന്ന ശ്രമങ്ങളേക്കാൾ കൂടുതൽ പോരാട്ടം ദാരിദ്ര്യത്തിനെതിരെ നടത്തേണ്ടി വരുമെന്നും ഈ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയിൽ ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വർദ്ധിക്കുമെന്നതാണ് മുൻകാല പഠനങ്ങളും വെളിപ്പെടുത്തുന്നത്.
ജനസംഖ്യപെരുപ്പം സംഭവിക്കുന്പോഴും ലോക രാഷ്ട്രങ്ങൾക്കിടയിൽ ഏറ്റവും യുവത്വം നിലനിർത്തുന്ന സന്പദ്വ്യവസ്ഥയാണ് ഇന്ന് ഇന്ത്യ. തൊഴിലെടുക്കുന്ന ജനസംഖ്യ കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളവരാണ് എന്നർത്ഥം. എന്നാൽ ഇതിനെ നേട്ടമാക്കി മാറ്റാൻ ഇന്ത്യക്ക് സാധിക്കുന്നില്ല. വ്യവസായവൽക്കരണം, ആഗോളവൽക്കരണം, സാങ്കേതിക പുരോഗതി, എന്നിവയിലൂടെ മികച്ച തൊഴിലവസരങ്ങൾ ഇന്ത്യയിൽ ഉണ്ടാകുന്നുവെങ്കിലും സ്വകാര്യ സംരഭകരുടെ താഴ്ന്ന മൂലധനം കാരണം അതിനെ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്നില്ല. അതുകാരണം ഒന്നുകിൽ സർക്കാറിന്റെതോ, വലിയ വ്യവസായികളുടെയോ നിക്ഷേപങ്ങൾ അനിവാര്യമായി മാറുന്നു.
ഇന്ത്യയിലെ ഭൂരിഭാഗം തൊഴിലെടുക്കുന്ന ജനസംഖ്യയും ഭൂരിഭാഗവും താമസിക്കുന്നത് ‘ബിമാരു’ സംസ്ഥാനങ്ങളായി അറിയപ്പെടുന്ന ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ്. ഉയർന്ന നിരക്കിലുള്ള ദാരിദ്ര്യം, പട്ടിണി, പോഷകാഹാരകുറവ്, മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കുറവ്, മോശപ്പെട്ട ജീവിത നിലവാരം എന്നിവ മൂലം ഇവിടെയുള്ളവർ അതിജീവനത്തിനുവേണ്ടി പോരാടുന്നവരാണ്. ഇവിടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പോലും അവസ്ഥ പരിതാപകരമാണ്. ഇവിടെയുള്ള വലിയ തൊഴിൽ ശക്തിയെ വൈദഗ്ധ്യമുള്ളതും കാര്യക്ഷമതയുള്ളതുമാക്കി മാറ്റിയെടുക്കുന്നതിന് വലിയ നിക്ഷേപങ്ങൾ ആവശ്യമാണ്. പക്ഷെ ആ ഉദ്ദേശത്തിൽ രൂപം കൊടുത്ത ‘മെയ്ക്ക് ഇൻ ഇന്ത്യ’, ‘നൈപുണി ഇന്ത്യ’ പോലുള്ള പല പദ്ധതികളും ലക്ഷ്യം പൂർത്തീകരിച്ചിട്ടില്ല എന്നതും ആശങ്കപ്പെടുത്തേണ്ട കാര്യമാണ്. വർദ്ധിച്ച ജനസംഖ്യയെ നാടിന്റെ സാന്പത്തിക വളർച്ചയ്ക്ക് അനുകൂലമായി മാറ്റുന്നതിന് വേണ്ടിയുള്ള പദ്ധതികളാണ് രൂപീകരിക്കേണ്ടത്. അതോടൊപ്പം പുതിയ കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന അറിവും, വൈദഗ്ധ്യവും യുവാക്കൾക്കിടയിൽ ശക്തിപ്പെടുത്തണം. അങ്ങിനെ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും, സ്ത്രീകളുടെയും, യുവാക്കളുടെയും ക്ഷേമത്തിലൂന്നിയ വികസന നയപരിപാടികൾ വിഭാവനം ചെയ്യുകയാണെങ്കിൽ ഇന്ത്യയ്ക്ക് ജനസംഖ്യയെ മൂല്യവത്തായ മനുഷ്യമൂലധനമാക്കി മാറ്റാൻ സാധിക്കുമെന്നത് ഉറപ്പാണെന്ന് ഓർമ്മിപ്പിക്കട്ടെ!!