പ്രതീക്ഷയുടെ പൊൻ വെളിച്ചം
വി.ആർ സത്യദേവ്
പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശേഷിയാണ് പോരാളികൾക്ക് വേണ്ടത്. അതി കഠിനമായ സാഹചര്യങ്ങളെ നേരിടാൻ അത്യപാരമായ മനക്കരുത്തും മികച്ച കായിക ശേഷിയും അവശ്യമാണ്. അത്തരത്തിലുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നവൻ വിജയം അനായാസമാണ്. സ്വന്തം വിദ്യാർത്ഥികളെ അതിനു സജ്ജരാക്കുക എന്നതായിരുന്നു അക്കാപോൾ ചാന്താവോംഗിൻ്റെ സദുദ്ദേശം. അതിനായി ചാന്താപോൾ തെരഞ്ഞെടുത്ത വഴികളിലൊന്നായിരുന്നു ട്രെക്കിംഗ്. തായ്ലൻറിലെ സാഹസിക സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ട്രക്കിംഗ് കേന്ദമായ മായേ സായ് പർവ്വത പ്രദേശം. അവിടുത്തെ ഇരുളടഞ്ഞ ഗുഹയിലൂടെയുള്ള സഞ്ചാരമായിരുന്നു മായേ സായ് പ്രാസിത്സാർട് സ്കൂളിലെ ഫുട്ബോൾ കോച്ചായ ചാന്താവോംഗ് ഇത്തവണ തെരഞ്ഞെടുത്തത്. അതു പക്ഷേ ലോകത്തിൻ്റെ കരളലിയിക്കുന്ന പ്രതിസന്ധിയ്ക്കാണ് വഴിവച്ചത് എന്ന് മാത്രം.
ജൂൺ 24ന് വൈകിട്ട് പതിവു ഫുട്ബോൾ പരിശീലനത്തിനു ശേഷം ഉത്തര തായ്ലാൻഡിലെ താം ലുവാംഗ് ഗുഹാ കവാടത്തിൽ ട്രെക്കിംഗ് സൈക്കിളുകളും മറ്റും വച്ച് കൂരിരുട്ടു നിറഞ്ഞ ഗുഹയിലേയ്ക്കു സധൈര്യം കയറിപ്പോയ 12 കൊച്ചു ഫുട്ബോളർമാരും അവരുടെ കോച്ചും ഗുഹയ്ക്കുള്ളിൽ അപ്രത്യക്ഷരാവുകയായിരുന്നു. തായ്ലൻഡിൽ ഇത് മഴക്കാലമാണ്. ഇറക്കങ്ങളും കയറ്റങ്ങളും ഏറെ നിറഞ്ഞതാണ് ഈ ഗുഹ. ഗുഹയ്ക്കുള്ളിൽ പലയിടങ്ങളിലും പ്രാണവായു തീരെ കുറവും. ദുർഘടമായ ഗുഹയിലൂടെ കയറിപ്പോകുന്നവർക്ക് തിരിച്ചിറങ്ങൾ അസാദ്ധ്യമല്ല. എന്നാൽ പ്രകൃതിയൊരുക്കിയ വികൃതി അവരെ ആ ഗുഹയിൽ കുടുക്കുകയായിരുന്നു. തകർത്തു പെയ്ത മഴയാണ് ഇവിടെ വില്ലനായത്. ഗുഹാ കവാടത്തിലൂടെ ഇരച്ചെത്തിയ വെള്ളം ഗുഹയിലെ കുഴികളിൽ നിറഞ്ഞതോടേ കൂടുതൽ ഉള്ളിലേക്കു നീങ്ങുവാൻ അക്കാപോൾ ചാന്താവോംഗും കുട്ടികളും നിർബന്ധിതരായി.
ഗുഹാ കവാടത്തിൽ നിന്നും 4 കിലോമീറ്ററോളം ഉള്ളിലായിരുന്നു അവർ എത്തിച്ചേർന്നത്. ലോക പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് തായ്ലൻഡിലെ പട്ടായ ബീച്ച്. കുഹയ്ക്കുള്ളിലും ഈ പേരിൽ ഒരു ഭാഗമുണ്ട്. മഴ കനത്തതോടേ ഈ പട്ടായ ബീച്ചിലും വെള്ളം നിറഞ്ഞു. ഇതോടേ ഗുഹയ്ക്കുള്ളിലെ ഒരു ചരിഞ്ഞ പാറയിൽ ഗുരുവും ശിഷ്യൻമാരും വലിഞ്ഞു കയറി. വഴുക്കലുള്ള ആ പാറയിൽ പ്രതീക്ഷയറ്റവരായി ഇരിപ്പു തുടരാൻ മാത്രമാണ് പിന്നീട് അവർക്കായത്. ഇതിനിടെ കോച്ചും കുട്ടികളും അപ്രത്യക്ഷരായ വിവരം കാട്ടു തീ പോലെ പരന്നു. ഗുഹാ കവാടത്തിൽ അവരുടെ സൈക്കിളുകളും മറ്റു വസ്തുക്കളും കണ്ടെത്തിയതോടേ ആ പതിമൂന്നു പേരും ഗുഹയ്ക്കുള്ളിൽ കുടുങ്ങിയെന്ന് ഉറപ്പായി.
അന്നു തൊട്ടിങ്ങോട്ട് പ്രതീക്ഷയും നിരാശയും മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. വെള്ളം നിറയാത്ത സാഹചര്യങ്ങളിൽ പോലും സാഹസികർക്ക് ജീവൻ പണയം വെച്ചു മാത്രം കടന്നെത്താവുന്ന ഗുഹാന്തർഭാഗത്തേയ്ക്ക് കടന്നുള്ള തെരച്ചിൽ പ്രായേണ അസാദ്ധ്യം തന്നെയായിരുന്നു. ഇവിടെയാണ് ആഗോള സമൂഹത്തിൻ്റെ കരുണ ഒരു പ്രവാഹമായത്. ലോകത്തിൻ്റെ വിവിധയിടങ്ങളിൽ നിന്നുള്ള രക്ഷാ പ്രവർത്തകരും സാങ്കേതിക സഹായങ്ങളും താം ലുവാംഗിലേക്ക് പ്രവഹിച്ചു. യൂറോപ്യൻ രാജ്യങ്ങളും ഏഷ്യൻ അയൽക്കാരും ഓസ്ട്രേലിയയും അകലെ അമേരിക്കയിൽ നിന്നുമൊക്കെയുള്ള രക്ഷാ സൈനികരും വിദഗ്ദ്ധരും താം ലുവാംഗിലെത്തി. ഗുഹയിൽ പ്രവേശിക്കാനായാൽ പോലും കോച്ചിനെയും കുട്ടികളെയും ജീവനോടെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയും ഏതാണ്ട് അസ്തമിച്ച മട്ടായിരുന്നു.
ആംബുലൻസുകളും അഗ്നിശമന സേനാംഗങ്ങളും സാഹസിക സഞ്ചാര വിദഗ്ദ്ധരുമെല്ലാമടങ്ങുന്ന രക്ഷാ ദൗത്യ സംഖം ഗുഹയ്ക്കുള്ളിൽ തന്പടിച്ചു
ഒടുവിൽ രക്ഷാ സംഘത്തിലെ വിദഗ്ദ്ധർ അതി സാഹസികമായി പ്രതീക്ഷയറ്റ ആ പതിമൂന്നു പേരെയും കണ്ടെത്തി. തണുത്തു വിറങ്ങലിച്ച് വിശപ്പിൻ്റെ ആഴമറിഞ്ഞ പതിമൂന്നു പേർ. അവരുടെ മുഖങ്ങൾ കണ്ടതോടേ ലോകം സന്തോഷിച്ചു. എന്നാൽ പ്രതിസന്ധികൾ അതോടേ അവസാനിച്ചു എന്ന് ഉറപ്പാക്കാനാവുമായിരുന്നില്ല. മുങ്ങൾ വിദഗ്ദ്ധർക്ക് തനിയെ പോലും സഞ്ചരിക്കാനാത്ത ഗുഹയിലെ വെള്ളക്കെട്ടുകളിലൂടെ മികച്ച നീന്തൽക്കാർ പോലുമല്ലാത്ത കുട്ടികൾ തിരിച്ചെത്തുക അസാദ്ധ്യം തന്നെയായിരുന്നു. ഇതിനിടെ രക്ഷാ ദൗത്യത്തിൽ പങ്കെടുത്ത സമൻ കുനോന്തെന്ന യുവാവിൻ്റെ ദാരുണാന്ത്യം ദൗത്യത്തിനേറ്റ വലിയ തിരിച്ചടിയായി. തായ് സേനാംഗമായിരുന്ന കുനോന്ത് 2006ൽ സുവർണ ഭൂമി വിമാനത്താവളത്തിൽ ജോലി ചെയ്യുകയായിരുന്നു. രക്ഷാ ദൗത്യത്തിനിടെ ഓക്സിജൻ തീർന്നായിരുന്നു കുനോന്തിൻ്റെ മരണം. ഒരു വിദഗ്ദ്ധനു പോലും എത്ര ദുഷ്കരമാണ് ഗുഹയിലൂടെയുള്ള സഞ്ചാരമെന്ന വ്യക്തമാക്കുന്നതായിരുന്നു ആ മരണം.
താം ലുവാംഗ് ഗുഹയിൽ 800 മീറ്റർ ഉള്ളിലേയ്ക്കു മാത്രമാണ് അധികൃതർ സഞ്ചാരാനുമതി നൽകിയിട്ടുള്ളത്. എന്നാൽ ഫുട്ബോൾ സംഘം ഇതെല്ലാം താണ്ടുകയായിരുന്നു. ഒരുപക്ഷേ പാഞ്ഞെത്തിയ വെള്ളത്തിൽ നിന്നും രക്ഷപെടാൻ കൂടുതൽ കൂടുതൽ ഉള്ളിലേക്കു നീങ്ങാൻ അവർ നിർബന്ധിതരാവുയായിരിക്കാം എന്നു വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. കുട്ടികളുടെ ചിത്രങ്ങൾ ലോകം കണ്ടു എങ്കിലും എന്താണു സംഭവിച്ചത് എന്ന് അറിവായിട്ടില്ല. ഭീതിദമായ അനുഭവങ്ങൾ പങ്കുവയ്ക്കാൻ അവരിൽ എത്രപേർ സജ്ജരായിട്ടുണ്ടാവും എന്നും വ്യക്തമല്ല. ലോകത്തിന് കൗതുകമുണ്ടാവുമെങ്കിലും ഇപ്പോൾ അതൊന്നും പ്രസക്തവുമല്ല.
കുട്ടികളെയും കോച്ചിനെയും കണ്ടെത്തിയതിനു പിന്നാലെ അവർക്ക് ആവശ്യമുള്ളത്ര ഭക്ഷണവും പ്രാണവായുവും എത്തിക്കുന്നതിലാണ് അധികൃതർ ശ്രദ്ധവച്ചത്. നാലുമാസക്കാലത്തേക്ക് അവർക്കാവശ്യമുള്ള വസ്തുക്കൾ ഗുഹയ്ക്കുള്ളിലെത്തിച്ചത് പക്ഷേ ലോകത്തിൻ്റെ പ്രതീക്ഷ തല്ലിക്കെടുത്തുന്നതായിരുന്നു. ഗുഹയ്ക്കുള്ളിലൂടെ കുട്ടികളെയും കൊണ്ടു വരാൻ കഴിഞ്ഞില്ലെങ്കിൽ മഴക്കാലം കഴിഞ്ഞ് ഗുഹയിലെ വെള്ളം വറ്റും വരെ കാത്തിരിക്കുകയെന്ന മാർഗ്ഗം അവലംബിക്കാനുള്ള തീരുമാനമായിരുന്നു ഇതിനു പിന്നിൽ.
എന്നാൽ തായ്ലൻഡിൽ മഴ കനത്തത് ഈ തീരുമാനത്തിന് കനത്ത തിരിച്ചടിയായി. ഗുഹാ മാർഗ്ഗത്തിൽ മുകളിൽ നിന്നു മല തുരന്ന് പുതിയ രക്ഷാ മാർഗ്ഗമുണ്ടാക്കുക എന്നതായിരുന്നു മറ്റൊരു മാർഗ്ഗം. എന്നാൽ മല തുരക്കൽ വലിയ തോതിലുള്ള മണ്ണിടിച്ചിലിനു വഴിവച്ചേക്കുമെന്ന ആശങ്ക ഇതിനും വിഘാതമായി. മഴകഴിയും വരെ കാത്തിരുന്നാൽ ഗുഹയ്കുള്ളിൽ മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധർ വിലയിരുത്തി. ഇത് ലോകത്തിൻ്റെ നെഞ്ചിടിപ്പ് കൂട്ടി. അതുവരെ ചെയ്തതെല്ലാം വൃഥാവിലാകുന്ന അത്തരത്തിലൊരു കാത്തിരിപ്പു വേണ്ടെന്ന് അതോടെ തീരുമാനമായി. തുടർന്നാണ് ബഡ്ഡീ ഡൈവിംഗെന്ന മാർഗ്ഗം അവലംബിച്ച് കുട്ടികളെ പുറത്തെത്തിക്കാമെന്ന ആശയം അവലംബിച്ചത്. സാധാരണ ഗതിയിൽ ആശക്കടൽ മുങ്ങലിൽ ഉപയോഗിക്കുന്ന ഒരു രീതിയാണ് ഇത്. പ്രത്യേകിച്ച് സ്കൂബാ ഡൈവർമാർ. ആഴക്കടലിലുണ്ടാകാവുന്ന അപകടങ്ങളെ ഒന്നിച്ചു നേരിടാൻ സംഘങ്ങളായുള്ള മുങ്ങലാണ് ഇത്. താം ലുവാംഗ് ഗുഹാ ദൗത്യത്തിൽ നീന്തൽ വശമില്ലാത്ത ഒരു കുട്ടിയും ഒരു വിദഗ്ദ്ധനും ഒരുമിച്ചു സംഘമായി ഗുഹ താണ്ടുക എന്നതായിരുന്നു തന്ത്രം.
ബഡ്ഡീ ഡൈവിംഗിലൂടെയാണ് നാല് കുട്ടികളെ ഗുഹയ്ക്ക് പുറത്തെത്തിച്ചത്. ഇവർക്ക് വൈദ്യ പരിശോധനകൾക്കു ശേഷം തുടർ ചികിൽസകൾ നൽകി വരികയാണ്. മറ്റുള്ളവരെ രക്ഷിക്കാനുള്ള ദൗത്യം തുടരുന്പോൾ ലോകം പ്രാർത്ഥനയിലാണ്. അകത്തുള്ള കുട്ടികളുമായി നിരന്തരെ സാമൂഹ്യമാദ്ധ്യമങ്ങൾ വഴി ബന്ധപ്പെട്ടുകൊണ്ടിരിക്കാനാണ് അധികൃതരുടെ നിർദ്ദേശം. പിടിച്ചു നിൽക്കാൻ അവർക്ക് ഇത് കരുത്തു പകരുമെന്നുറപ്പ്. കാലാവസ്ഥ പ്രതികൂലമായതോടേ രക്ഷാ ദൗത്യത്തിൻ്റെ രണ്ടാം നാൾ പ്രാദേശിക സമയം പതിനൊന്നരയോടെയാണ് പ്രവർത്തനങ്ങൾ തുടങ്ങാനായത്. വെളിച്ചക്കുറവും പ്രാണവായുവിൻ്റെ അഭാവവും അടക്കമുള്ള രാവണൻ കോട്ടകളൊക്കെ സാഹസികരായ രക്ഷാ സേനയുടെ മനക്കരുത്തിനും ലോകത്തിൻ്റെയാകെ പ്രാർത്ഥനയ്ക്കും മുന്നിൽ തകർന്നടിയുകയാണ്. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാനുള്ള മനുഷ്യകുലത്തിൻ്റെ ശേഷിയും പ്രതിസന്ധി ഘട്ടത്തിൽ എല്ലാം മറന്ന ഒന്നിക്കാനുള്ള ലോകത്തിൻ്റെ ഹൃദയ വിശാലതയ്ക്കും ഉത്തമോദാഹരണമാണ് തായ്ലാൻഡിലെ താം ലുവാംഗ് ഗുഹയിലെ രക്ഷാ ദൗത്യത്തിലൂടെ ഒരിക്കൽ കൂടി വ്യക്തമാകുന്നത്. ആ കുട്ടികളുടെയും കോച്ചിൻ്റെയും പുഞ്ചിരിക്കുന്ന മുഖങ്ങൾക്കായി ലോകം കാത്തിരിക്കുകയാണ്. അത് സാദ്ധ്യമാകട്ടെ.