ചരിത്രം വിണ്ടുകീറുന്പോൾ !
ജെ. ബിന്ദുരാജ്
ചരിത്രത്തിൽ അലക്സാണ്ടർ ചക്രവർത്തി സ്ഥാനം പിടിച്ചത് രാജ്യങ്ങൾ യുദ്ധം ചെയ്ത് വെട്ടിപ്പിടിച്ചായിരുന്നുവെങ്കിൽ അലക്സാണ്ടർ കണ്ണിങ്ഹാം എന്ന സാധാരണക്കാരനായ മനുഷ്യൻ ഇടം കണ്ടെത്തിയത് ചരിത്രത്തെ നാളേയ്ക്കായി സംരക്ഷിച്ചുകൊണ്ടായിരുന്നു. ഇന്ത്യൻ പുരാവസ്തുശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഈ പഴയ ബ്രിട്ടീഷ് സൈനിക എഞ്ചിനീയർ ഇന്ത്യൻ ചരിത്രസ്മാരകങ്ങളുടെ ഇന്നത്തെ അവസ്ഥ കണ്ട് പരലോകത്തിരുന്ന് കണ്ണുനീർ വാർക്കുന്നുണ്ടാകാം. അത്രയ്ക്ക് പരിതാപകരമാണ് ഈ ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കാൻ നിയുക്തരായിരിക്കുന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) അവസ്ഥ. പത്തൊന്പതാം വയസ്സിൽ ബംഗാൾ എഞ്ചിനീയേഴ്സിൽ സെക്കൻഡ് ലഫ്റ്റനന്റായി ബ്രിട്ടീഷ് ഇന്ത്യയിൽ തൊഴിൽ ജീവിതം ആരംഭിച്ച അലക്സാണ്ടർ കണ്ണിങ്ഹാം ഇന്ത്യയിലെ ബുദ്ധമതക്കാരുടെ പുരാലിഖിതങ്ങൾക്കും ചരിത്രത്തിനും പിറകേ സഞ്ചരിച്ചതും പുരാവസ്തു ഖനനങ്ങളിലൂടെ കണ്ടെത്തിയ ഇന്ത്യയുടെ ചരിത്ര ഖനികൾ നാളേയ്ക്കായി സൂക്ഷിക്കാൻ ബ്രിട്ടീഷ് ഭരണാധികാരികളെ ഉദ്ബുദ്ധരാക്കിയതും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പിറവിക്കു തന്നെ അത് വഴിവെച്ചതും ഒരുപക്ഷേ ഇന്ത്യക്കാർ ഇന്ന് മറന്നിട്ടുണ്ടാകാം. ആ ചരിത്രാന്വേഷിയുടെ ശക്തമായ ഇടപെടലുകൾ ഇല്ലായിരുന്നുവെങ്കിൽ 1861-ൽ എഎസ്ഐ സ്ഥാപിതമാകുകയില്ലായിരുന്നു.
എന്നാൽ മാറിവന്ന സർക്കാരുകൾ ഈ സ്മാരകങ്ങൾ ശരിയായ രീതിയിൽ സംരക്ഷിക്കാൻ മതിയായ ധനസഹായം നൽകാതിരുന്നതു മൂലവും ഉദ്യോഗസ്ഥരുടെ കാര്യശേഷിക്കുറവു മൂലവും പരിശോധനകളുടെ അഭാവം മൂലവും മതകലഹങ്ങൾ മൂലവും ഇന്ത്യയുടെ ചരിത്ര സ്മാരകങ്ങൾ പലതും നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നതാണ് വാസ്തവം. 2013-ൽ ഇന്ത്യയിലെ 3678 ചരിത്ര സ്മാരകങ്ങളിൽ 1655 എണ്ണം കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ പരിശോധനകൾക്ക് വിധേയമാക്കിയപ്പോൾ അതിൽ 92 ചരിത്രസ്മാരകങ്ങൾ കാണാതായെന്നാണ് അവർ ഞെട്ടലോടെ തിരിച്ചറിഞ്ഞത്. മാത്രവുമല്ല ഈ ചരിത്ര സ്മാരകങ്ങളിൽ മതപരമായ ചടങ്ങുകൾ അനുവദിക്കരുതെന്ന് 1958-ലുണ്ടാക്കിയ ഏൻഷ്യന്റ് മോണിമെന്റ്സ് ആന്റ് ആർക്കിയോളജിക്കൽ സെറ്റ്സ് ആന്റ് റിമെയ്ൻസ് (എഎംഎഎസ്ആർ) നിയമം വ്യക്തമായി പറയുന്നുണ്ടെങ്കിലും 955 ചരിത്ര സ്മാരകങ്ങളിൽ മതപരമായ ചടങ്ങുകൾ എഎസ്ഐ അനുവദിക്കുന്നുണ്ടെന്നും കണ്ടെത്തപ്പെട്ടു. എന്തിന് 2018 മേയിൽ, താജ് മഹൽ പോലൊരു ലോക പൈതൃക സ്മാരകം ശരിയായ വിധത്തിൽ സംരക്ഷിക്കാൻ എഎസ്ഐയ്ക്കു കഴിയുന്നില്ലെന്നും ശരിയായ വിധത്തിൽ അത് ചെയ്യാനാകുന്ന മറ്റേതങ്കിലും ഏജൻസിയെ അതിന്റെ സംരക്ഷണച്ചുമതല ഏൽപ്പിക്കാൻ സുപ്രീംകോടതി പച്ചയ്ക്ക് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
എത്ര ഗുരുതരമായ ഒരു കൃത്യവിലോപമാണ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പക്ഷത്തു നിന്നും ഉണ്ടായിരിക്കുന്നതെന്ന് നോക്കൂ. ചരിത്ര സ്മാരകങ്ങളെ തച്ചുതകർക്കാനും തങ്ങളുടേതാക്കാനും ഫാസിസ്റ്റ് ശക്തികൾ ഇന്ത്യയിൽ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് നിയമത്തെ വെല്ലുവിളിച്ചുകൊണ്ടും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ കൈയിലെടുത്തുകൊണ്ടും ചരിത്ര സ്മാരകങ്ങൾ വിവിധ മതവിഭാഗങ്ങൾ കൈവശപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്. വരുംകാലത്തിന് തങ്ങളുടെ സംസ്കൃതിയെപ്പറ്റി അറിയാനുള്ള അവശേഷിക്കുന്ന സ്മാരകങ്ങൾ സംരക്ഷിക്കാൻ 975 കോടി രൂപയാണ് 2018−2019 വർഷത്തേയ്ക്ക് കേന്ദ്ര സർക്കാർ എഎസ്ഐയ്ക്ക് അനുവദിച്ചിരിക്കുന്നതെങ്കിലും ഈ തുക ശരിയായ വിധത്തിലല്ല ചെലവഴിക്കപ്പെടുന്നതെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്. ഡെറാഡൂൺ മേഖലയിൽ നൈനിടാലിലെ ധിക്കുലിയിലുള്ള ഒരുസ്മാരകത്തിന്റെ അറ്റകുറ്റപ്പണികൾക്കായി എഎസ്ഐ പണം അനുവദിക്കുന്നുണ്ടെങ്കിലും ആ സ്മാരകം എവിടെയാണെന്ന് കണ്ടെത്തുന്നതിൽ പോലുംസിഎജി പരാജയപ്പെട്ടത്രേ. അതിനർത്ഥം ഗുരുതരമായ സാന്പത്തിക ക്രമക്കേടുകൾ എഎസ് ഐയെ ബാധിച്ചിട്ടുണ്ടെന്നു തന്നെയാണ്. സർക്കാർ പണം ഉദ്യോഗസ്ഥരുടെ പോക്കറ്റിലോ കരാർ സ്ഥാപനങ്ങളുടെ പോക്കറ്റിലേക്കോ രാഷ്ട്രീയ മേലാളന്മാരുടെ പോക്കറ്റിലേക്കോ പുരാവസ്തു സ്മാരക സംരക്ഷണത്തിന്റെ പേരിൽ പോകുന്നുണ്ടെന്ന് ചുരുക്കം.
കേന്ദ്ര സാംസ്ക്കാരിക വകുപ്പിന്റെ കീഴിലാണ് എഎസ്ഐ പ്രവർത്തിക്കുന്നത്. 1958-ലെ എഎംഎഎസ്ആർ നിയമത്തിനു കീഴിൽ നിലവിൽ 3678 സ്മാരകങ്ങളാണ് എഎസ്ഐ കൈകാര്യം ചെയ്യുന്നത്. ഗുഹകളും വലിയ പടികളുള്ള കുളങ്ങളും ശവകുടീരങ്ങളും കൊട്ടാരങ്ങളും തറവാടുകളും ആദിമ മനുഷ്യന്റെ വിഹാരയിടങ്ങളും ആരാധനാലയങ്ങളുമൊക്കെ അക്കൂട്ടത്തിലുണ്ട്. രാജ്യത്തെ 27 സർക്കിളുകളായി തിരിച്ചുകൊണ്ട് അതിനു കീഴിൽ സബ് സർക്കിളുകളുമുണ്ടാക്കി ഒരു സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റിന്റെ നേതൃത്വത്തിലാണ് ഈ സ്മാരകങ്ങൾ സംരക്ഷിക്കപ്പെടുന്നത്. 1871 മുതൽ 1885 വരെ അതിന്റെ ഡയറക്ടറായിരുന്ന അലക്സാണ്ടർ കണ്ണിങ്ഹാം മുതൽ നിലവിലെ ഡയറക്ടറായ ഉഷാ ശർമ്മ വരെ ഇതുവരെ മുപ്പത് ഡയറക്ടർമാരും സ്ഥാപനത്തിനുണ്ടായി. മലയാളികളായ കെജി മേനോനും സി ബാബു രാജീവുമൊക്കെ രണ്ടായിരത്തിനുശേഷം സ്ഥാപനത്തിന്റെ മേധാവികളായിട്ടുണ്ട്. കോടിക്കണക്കിനു രൂപയുടെ ഫണ്ടുണ്ടായിട്ടും ചരിത്ര സ്മാരകങ്ങൾ ശരിയായവിധത്തിൽ സംരക്ഷിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് കഴിയാതെ പോകുന്നതിനു പ്രധാന കാരണം സർക്കാർ ജീവനക്കാർ പുലർത്തുന്ന കടുത്ത അലംഭാവം തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. പഴക്കം ചെന്നസ്മാരകങ്ങൾ ഏതുവിധത്തിൽ വിദഗ്ദ്ധമായി സംരക്ഷിക്കാമെന്ന കാര്യത്തിൽ വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ അവർ തേടുന്നില്ലെന്ന് മാത്രമല്ല ചരിത്ര സ്മാരകങ്ങളെ ടാർപോളിൻ ഉപയോഗിച്ച് മഴയിൽ നിന്നും വെയിലിൽ നിന്നും തടുക്കാമെന്ന് വരെ അവർ കണ്ടെത്തുകയും ടാർപോളിനിടയിൽ ചരിത്രത്തെ കുഴിച്ചുമൂടാൻ അവർ തയ്യാറാകുകയും ചെയ്തിരിക്കുന്നു.
എഎസ്ഐയ്ക്കു കീഴിലുള്ള ചരിത്ര സ്മാരകങ്ങളിൽ കേവലം 45 ശതമാനം മാത്രമേ സിഎജിയ്ക്ക് പരിശോധനയ്ക്ക് വിധേയമാക്കാൻ കഴിഞ്ഞുള്ളുവെന്നിരിക്കേ, യഥാർത്ഥത്തിൽ കാണാതായിട്ടുള്ളത് കേവലം 92 ചരിത്ര സ്മാരകങ്ങൾ മാത്രമാകാനിടയില്ല. 3678 സ്മാരകങ്ങളിൽ 1655 എണ്ണം പരിശോധിച്ചപ്പോൾ 92 എണ്ണം കാണാതായിട്ടുണ്ടെങ്കിലും ബാക്കിയുള്ളവ പരിശോധിച്ചാൽ വീണ്ടും അത്രയും തന്നെയെണ്ണം കണ്ടില്ലെന്നു വരാം. കാണാതായ 92 സ്മാരകങ്ങളിൽ 16 എണ്ണം എഎസ്ഐയുടെ ഉത്തരപ്രദേശിലുള്ള ആഗ്ര, ലക്നൗ സർക്കിളുകളിൽ നിന്നാണെങ്കിൽ 15 കാണാതായ സ്മാരകങ്ങളോടെ ദൽഹി രണ്ടാം സ്ഥാനത്തു നിൽക്കുന്നു. ബീഹാറിലെ പാറ്റ്ന സർക്കിളാണ് 11 കാണാതായ സ്മാരകങ്ങളോടെ മൂന്നാം സ്ഥാനത്ത്. രാജസ്ഥാനിൽ മൂന്നും കർണാടകയിൽ ഒന്നും തമിഴ്നാട്ടിൽ മൂന്നും സ്മാരകങ്ങൾ അപ്രത്യക്ഷമായി. ഉത്തരപ്രദേശിലും ദൽഹിയിലും കാണാതായ സ്മാരകങ്ങളിലേറെയും മുഗൾ കാലഘട്ടത്തിലേയും ബ്രിട്ടീഷ് കാലഘട്ടത്തിലുള്ളവയുമാണ്. 549 ചരിത്ര സ്മാരകങ്ങളുടെ ഭൂമി കൈയ്യേറപ്പെട്ടുവെന്നും അതിൽ 46 കൈയേറ്റങ്ങൾ നടത്തിയത് സർക്കാർ സ്ഥാപനങ്ങൾ തന്നെയാണെന്നും സിഎജി റിപ്പോർട്ട് പറയുന്നുണ്ട്. അതിനു പുറമേ ഈ ചരിത്രസ്മാരകങ്ങൾക്കു പരിസരം 9122 അനധികൃത കെട്ടിടങ്ങളും നിർമ്മിക്കപ്പെട്ടിരിക്കുന്നു. പരിശോധിക്കപ്പെട്ട സ്മാരകങ്ങളിൽ 1468 സ്മാരകങ്ങൾക്ക് സുരക്ഷയൊരുക്കാൻ ജീവനക്കാരുമില്ലത്രേ. ഇടയ്ക്കിടെ ആ സ്മാരകങ്ങൾ അവിടെ തന്നെ നിലകൊള്ളുന്നുണ്ടോയെന്നും അവയ്ക്ക് അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ടോയെന്നും പരിശോധിക്കാൻ ഒരു ഉയർന്ന റാങ്കിലുള്ള ഓഫീസറെ നിയമിക്കണമെന്ന് സിഎജി നിർദ്ദേശിച്ചുവെങ്കിലും അഞ്ചു വർഷത്തിനുശേഷവും അത് പ്രാവർത്തികമായിട്ടുമില്ല.
ചരിത്ര സ്മാരകങ്ങളെ സംരക്ഷിക്കാനുള്ള തുക ടിക്കറ്റ് കൗണ്ടറുകളിലൂടെ ചരിത്ര സ്മാരകങ്ങളിൽ നിന്നു തന്നെ എന്തുകൊണ്ട് സമാഹരിച്ചു കൂടാ എന്നു ചോദിക്കുന്നവരുണ്ട്. ഇന്ത്യയിലെ 3678 ചരിത്ര സ്മാരകങ്ങളിൽ കേവലം 116 എണ്ണത്തിനു മാത്രമേ ടിക്കറ്റ് കൗണ്ടറുകൾ ഉള്ളുവെന്നതാണ് ദയനീയമായ മറ്റൊരു സത്യം. ഇവിടെ ഈടാക്കുന്ന തുകയോ തുലോം തുച്ഛവും. ഈ സ്മാരകങ്ങളിൽ നിന്നും അതുകൊണ്ട് പ്രതിവർഷം ലഭിക്കുന്ന തുക കേവലം 20 കോടി രൂപയോളം മാത്രമാണ്. അതിൽ തന്നെ രണ്ടു കോടി രൂപ താജ്മഹലിൽ നിന്നും ഒരു കോടി രൂപ ആഗ്ര കോട്ടയിൽ നിന്നുമാണ്. ലോകത്തിനു മുന്നിൽ എങ്ങും എപ്പോഴും സാംസ്കാരിക പൈതൃകത്തിന്റെ കഥ പറയുകയും അതേപ്പറ്റി ഊറ്റം കൊള്ളുകയും ചെയ്യുന്ന ഇന്ത്യയിൽ ഈ സ്ഥിതി തുടർന്നാൽ ചരിത്രം ഒരു ചരിത്രമാകുമെന്ന കാര്യത്തിൽ തർക്കം വേണ്ട. ലോകത്തെ എല്ലാ രാഷ്ട്രങ്ങളും തങ്ങളുടെ ചരിത്ര സ്മാരകങ്ങളും മ്യൂസിയങ്ങളുമൊക്കെ ഭാവി തലമുറയ്ക്കായി കരുതലോടെ സംരക്ഷിക്കുന്പോൾ ഇന്ത്യ അതിന്റെ പൈതൃകശേഷിപ്പുകൾ മുഴുവനും എഎസ്ഐ എന്ന അലംഭാവ സമീപനം പുലർത്തുന്ന സർക്കാർ സ്ഥാപനത്തിനു വിട്ട് സുഖനിദ്രയിലാണ്. ഈ നിദ്രയിൽ നിന്നും അവർ ഉണരുന്പോൾ കാണുന്ന കാഴ്ച ദയനീയമായിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.
സർക്കാർ സ്ഥാപനത്തിന് പുരാവസ്തു സംരക്ഷണം സാധ്യമല്ലെന്ന് ഇതിനകം തെളിഞ്ഞ സ്ഥിതിക്ക് ലോകരാജ്യങ്ങളിൽ എന്നപോലെ സർക്കാർ - സ്വകാര്യ പങ്കാളിത്തത്തോടെ അവ യഥാവിധം സംരക്ഷിക്കാനുള്ള നടപടികളാണ് ഏറ്റവും ഉചിതമായ കാര്യം. വന്പൻ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കു മാത്രമേ അത്തരം ശ്രമങ്ങൾക്കായി വൻതുക ചെലവിടാനും അവ പിന്നീട് ടിക്കറ്റിങ്ങിലൂടെ ജനങ്ങളിൽ നിന്നും ഈടാക്കി അവയെ തുടർന്നും സംരക്ഷിക്കാനും കഴിയുകയുള്ളു. പക്ഷേ അത്തരം ശ്രമങ്ങൾക്കായി ഇന്ത്യ മുന്നിട്ടിറങ്ങിയ സമയത്തു തന്നെ അൽപ്പജ്ഞാനികളുടെ വലിയൊരു പട തന്നെ അവയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. അഡോപ്റ്റ് എ ഹെറിറ്റേജ് സൈറ്റ് എന്ന പേരിൽ 2017 സെപ്തംബറിൽ കേന്ദ്ര സർക്കാർ കൊണ്ടു വന്ന പദ്ധതി പ്രകാരം 2018 ഏപ്രിലിൽ ഡാൽമിയ ഭാരത് പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിച്ച ചെങ്കോട്ട (റെഡ് ഫോർട്ട്) അഞ്ചു വർഷക്കാലയളവിലേയ്ക്ക് 25 കോടി രൂപയ്ക്ക് അറ്റകുറ്റപ്പണികൾക്കും പരിഷ്കരണങ്ങൾക്കും മെച്ചപ്പെട്ട സംവിധാനങ്ങൾ ഒരുക്കുന്നതിനുമായി നൽകിയപ്പോൾ ചെങ്കോട്ട സർക്കാർ വിറ്റുവെന്ന പ്രചാരണമാണ് ഇന്ത്യയിലുണ്ടായത്. പ്രസ്തുത പുരാവസ്തു സ്ഥലം വിപണനം ചെയ്യാനും ചെങ്കോട്ടയ്ക്കുള്ളിൽ ഡാൽമിയ ഭാരതിന്റെ പേര് ഉപയോഗിക്കാൻ അനുവാദം നൽകിയതാണ് പലരേയും ചൊടിപ്പിച്ചത്. പക്ഷേ യാഥാർത്ഥ്യം മനസ്സിലാക്കാൻ അത്തരക്കാർ ഒരിക്കലും ശ്രമിക്കുകയില്ലല്ലോ. സർക്കാർ സ്വകാര്യ പങ്കാളിത്തത്തിലൂടെ മാത്രമേ ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങൾ നിലനിർത്താനും അവ ടൂറിസ്റ്റ് ആകർഷണങ്ങളാക്കി മാറ്റാനും സാധിക്കുകയുള്ളുവെന്ന് അവർ മനസ്സിലാക്കുന്നതേയില്ല. ഹുമയൂണിന്റെ ശവകുടീരം അഗാ ഖാൻ ഫൗണ്ടേഷൻ എങ്ങനെയാണ് പ്രൗഢസുന്ദരമാക്കി മാറ്റിയതെന്ന കാര്യം പോലും അവർ കണ്ടില്ലെന്നു നടിക്കുന്നു.
ലോകത്തെല്ലായിടത്തും സർക്കാർ - സ്വകാര്യ പങ്കാളിത്തത്തിലൂടെയാണ് ചരിത്ര സ്മാരകങ്ങളും മ്യൂസിയങ്ങളുമെല്ലാം സംരക്ഷിച്ചു പോരുന്നത്. ലോകത്തെ 100 ചരിത്ര മ്യൂസിയങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയിൽ നിന്നുള്ള ഒരു മ്യൂസിയം പോലും ഇല്ലാതെ പോയതിനു കാരണം മറ്റൊന്നുമല്ല. പൊടിയും അഴുക്കും കൊണ്ട് നിറഞ്ഞ ഇന്ത്യൻ മ്യൂസിയങ്ങളിൽ എലിയും പെരുച്ചാഴിയും പാറ്റയും മറ്റ് ക്ഷുദ്രജീവികളും മാത്രമാണ്. ഗാന്ധിജി വധിക്കപ്പെടുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രം അദ്ദേഹത്തിന്റെ രക്തക്കറയോടു കൂടി സൂക്ഷിക്കുകയും അദ്ദേഹത്തിന്റെ കത്തുകൾ സംരക്ഷിക്കുകയും ചെയ്തിരുന്ന മധുരയിലെ മഹാത്മാഗാന്ധി മ്യൂസിയത്തിൽ എലികൾ അവ നശിപ്പിച്ചുകളഞ്ഞതായി നാം വായിച്ചതാണ്. പലയിടങ്ങളിൽ നിന്നും നൂറിലധികം ചരിത്ര വസ്തുക്കൾ മോഷണം പോയതായി എഎസ്ഐ തന്നെ തുറന്നുസമ്മതിക്കുകയും ചെയ്യുന്നു. പൈതൃകത്തോട് മറ്റ് ലോകരാജ്യങ്ങൾ ആദരവോടെയുള്ള സമീപനം സ്വീകരിക്കുന്പോൾ ഇന്ത്യയിൽ എത്ര ഹീനമായ രീതിയിലാണ് ചരിത്രശേഷിപ്പുകൾ സൂക്ഷിക്കുന്നതെന്നതിന് ഇതിനേക്കാൾ വലിയ മറ്റെന്ത് തെളിവു വേണം?
പ്രതിവർഷം ഒരു കോടിയിലധികം പേർ സന്ദർശിക്കുന്ന മ്യൂസിയങ്ങളും ചരിത്രസ്മാരകങ്ങളുമാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽ സ്വകാര്യ- സർക്കാർ പങ്കാളിത്തത്തോടെ പ്രവർത്തിക്കുകയും വന്പൻ വരുമാനമുണ്ടാക്കി, അവയുടെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്തുകയും ചെയ്യുന്നതെങ്കിൽ ഇന്ത്യയിൽ അവയ്ക്കു നേരെ ഇന്നും കണ്ണടച്ചു നിൽക്കുകയാണ് ഇവിടുത്തെ ജനത. അഡോപ്റ്റ് എ ഹെറിറ്റേജിന്റെ കീഴിൽ 100ൽ താഴെ മാത്രം ചരിത്ര സ്മാരകങ്ങൾ മാത്രമേയുള്ളുവെന്നതാണ് ദയനീയമായ കാര്യം. കേരളത്തിലെ മുസിരിസ് ഹെറിറ്റേജ് പദ്ധതി പോലെ പരസ്പര ബന്ധിതമായ ചരിത്രത്തെ സ്മാരകങ്ങളിലൂടെ ബന്ധിപ്പിച്ച് ടൂർ പാക്കേജുകൾക്ക് രൂപം നൽകാൻ അതാത് സർക്കാരുകൾ തയ്യാറായാൽ വലിയൊരളവു വരെ നമ്മുടെ പൈതൃകം സംരക്ഷിക്കാൻ നമുക്കാകും. കൂടുതൽ പണം ആവശ്യമായ സ്ഥലങ്ങളിലെല്ലാം സ്വകാര്യ കോർപ്പറേറ്റുകളുടെ പിന്തുണയും സഹായവും ചെങ്കോട്ടയിലെന്ന പോലെ സ്വീകരിക്കാൻ നാം മടിക്കുകയും ചെയ്യരുത്. അതല്ലെങ്കിൽ ഈ ചരിത്ര സ്മാരകങ്ങൾ പതിയെപ്പതിയെ മതഭ്രാന്തരുടെ കലഹങ്ങളിൽപ്പെട്ട് തകർക്കപ്പെടുകയോ പുരാവസ്തുക്കൾ മോഷ്ടിക്കപ്പെടുകയോ ചെയ്യാം. എന്തിനധികം പറയുന്നു, താജ്മഹലിന്റെ പടിഞ്ഞാറേ കവാടം വിശ്വഹിന്ദു പരിഷത്തിന്റെ ഭ്രാന്തന്മാർ തകർത്തതു പോലുള്ള സംഭവങ്ങളും അരങ്ങേറാം. ചരിത്ര സ്മാരകങ്ങളിലോ അതിന്റെ പരിസരങ്ങളിലോ മതപരമായ പരിപാടികൾ നടത്താനുള്ള ഏതൊരു സംഘത്തിന്റെ നീക്കങ്ങളും നിയമം മൂലം മുളയിലേ സർക്കാർ നുള്ളുകയും വേണം. അങ്ങനെ ചെയ്തില്ലെങ്കിൽ നാളെ സ്മാരകങ്ങളിൽ തങ്ങൾക്കുള്ള അവകാശം സ്ഥാപിക്കാൻ അവർ കുത്സിതശ്രമങ്ങൾ നടത്തുകയും ചെയ്യും. ഒരു ചരിത്ര സ്മാരകവും ഏതെങ്കിലുമൊരു വിഭാഗത്തിന്റേതായി അവകാശപ്പെടാതിരിക്കാൻ അത്തരമൊരു നിയന്ത്രണം വരേണ്ടത് കാലത്തിന്റെ ആവശ്യവുമാണ്.