തെയ്യങ്ങളുടെ അവതരണത്തിലെ ‘നാട്യശാസ്ത്ര’ പ്രയോഗങ്ങൾ
മധു കെ
അനുഷ്ഠാന കലയായ തെയ്യത്തിലെ നാട്യശാസ്ത്ര പ്രയോഗങ്ങൾ വിശകലനം ചെയ്യുകയെന്നത് സങ്കീർണ്ണമായ ഒരു പ്രവർത്തനമാണ്. കാരണം മറ്റു കലകൾ അനുവർത്തിക്കുന്നതു പോലെ മനുഷ്യ മനസിനെ ആനന്ദിപ്പിക്കുകയെന്നതല്ല തെയ്യത്തിന്റെ ദൗത്യം. മറിച്ച്, മനുഷ്യൻ ദൈവവും ദൈവം മനുഷ്യനുമായി മാറുന്ന ഒരു പകർന്നാട്ടമാണതിൽ സംഭവിക്കുന്നത്. കലാപ്രകടനങ്ങൾ ആസ്വദിക്കുന്പോൾ അത് തങ്ങൾക്കു വേണ്ടി കൃത്രിമമായി കലാകാരൻ പ്രകടിപ്പിക്കുന്നതാണെന്ന ചിന്തയിലായിരിക്കും പ്രേക്ഷകൻ. അവതരണ സമയത്ത് താത്കാലികമായ വികാര വിസ്തോഭങ്ങൾക്ക് വിധേയരാകാമെങ്കിലും അതു കഴിഞ്ഞാൽ അത് കേവലം അഭിനയം മാത്രമാണെന്ന തിരിച്ചറിവിലേക്ക് പ്രേക്ഷകൻ എത്തിച്ചേരും.
എന്നാൽ തെയ്യത്തെ സംബന്ധിച്ചിടത്തോളം കലാകാരനും വേദിയും പ്രേക്ഷകനുമെല്ലാം വിശ്വാസത്തിന്റേയും ഭക്തിയുടേതുമായ പരിതസ്ഥിതിയിലാണ് ഉരുവം കൊള്ളുന്നതും അവതരിപ്പിക്കപ്പെടുന്നതും. അതുകൊണ്ടുതന്നെ എല്ലാം യഥാതഥമെന്ന നിലയിലാണ് ആശയ വിനിമയം ചെയ്യപ്പെടുന്നത്. പ്രേക്ഷകന്റെ ആസ്വാദക മനസിനെയല്ല തെയ്യം തൃപ്തിപ്പെടുത്തുന്നത്. മറിച്ച് അവനിലെ ഭക്തമനസിനെയാണ്. അതുകൊണ്ടു തന്നെ തെയ്യത്തിലെ നൃത്ത-നാട്യങ്ങളെ സ്വീകരിക്കാൻ പലപ്പോഴും ഒരു കേവല പ്രേക്ഷകൻ തയ്യാറാകില്ല.
കലകൾ, കലാകാരന്റെ മുൻനിശ്ചിതമായ പദ്ധതികൾ, ബോധപൂർവ്വം, ഭാവാത്മകമായി അവതരിപ്പിക്കപ്പെടുന്ന ഒരു പ്രക്രിയയാണ്. തെയ്യത്തിലും ഇതു തന്നെയാണ് സംഭവിക്കുന്നതെങ്കിലും ഉദ്ദേശ്യം തികച്ചും വ്യത്യസ്തമായതു കൊണ്ടാണ് തെയ്യം മറ്റു കലകളിൽ നിന്ന് വ്യത്യസ്തമാകുന്നത്. ഈ യാഥാർത്ഥ്യം മനസിലാക്കി മാത്രമേ തെയ്യത്തിന്റെ കലാപരതയും സൗന്ദര്യപരതയും വിശകലനം ചെയ്യാൻ കഴിയുകയുള്ളു.
‘അംഗോപാംഗങ്ങൾ ചേർന്നുണ്ടാകുന്ന പ്രയോഗത്താൽ പലവസ്തുക്കളും പ്രത്യക്ഷമാക്കി കാണിക്കുന്നതുകൊണ്ടാണ് അഭിനയമെന്ന പേര് വന്നത്’
“വിഭാവയതി യസ്മാച്ച
നനാനാർത്ഥാൻ ഹി പ്രയോഗതഃ
ശാഖാംഗോപാംഗ സംയുക്ത-
സ്തസ്മാദഭിനയഃസ്മൃതഃ”
(നാട്യശാസ്ത്രം, അദ്ധ്യായം -8, ശ്ലോകം - 5)
എന്ന നാട്യശാസ്ത്രാചാര്യന്റെ നിർവചന പ്രകാരം തെയ്യങ്ങളിലെ നാട്യത്തെ പരിശോധിക്കുന്നതിൽ അപാകതയില്ല. കാരണം അംഗോപാംഗങ്ങളാൽ ഐതിഹ്യങ്ങളിലേയും ചരിത്രത്തിലേയും നിരവധി കാര്യങ്ങൾ പ്രത്യക്ഷമാക്കുകയാണ് തെയ്യങ്ങളും ചെയ്യുന്നത്.
സർവ്വകലകളും സമ്മേളിതമായ അനുഷ്ഠാനമാണ് തെയ്യം. നൃത്ത നൃത്യ നാട്യാദികളുടെ സമഞ്ജസ ഭാവം നമുക്കതിൽ ദർശിക്കാം. നാട്യത്തെക്കുറിച്ച് ലഭ്യമായ ഏറ്റവും പ്രാചീന ഗ്രന്ഥമായ ഭരതമുനിയുടെ ‘നാട്യശാസ്ത്ര’ സിദ്ധാന്തങ്ങൾ തെയ്യങ്ങൾക്ക് എത്രമാത്രം അനുരൂപമാണെന്നു നോക്കിക്കാണുന്നത് സാർത്ഥകമായിരിക്കും. അത്തരമൊരു വിശകലനം നടത്തുന്പോൾ കേരളത്തിൽ ഇന്നു നിലവിലുള്ള ‘ക്ലാസ്സിക് - ക്ലാസ്സിക്കേ’തര കലകളുടെയെല്ലാം വിഭവ സ്രോതസ് അഥവാ ആരൂഢം തെയ്യമാണെന്നു നമുക്ക് ബോധ്യപ്പെടും.
ചതുർവിധാഭിനയം തെയ്യങ്ങളിൽ
നാട്യശാസ്ത്ര പ്രകാരം നാട്യസംബന്ധിയായ അഭിനയങ്ങൾ നാലുവിധമാണ്. ആംഗികം, വാചികം, ആഹാര്യം, സാത്വികം എന്നിവയാണവ.
“ ആംഗികോ വാചികശ്ചൈവ
ഹ്യാഹാര്യഃസാത്ത്വിക സ്തഥാ
ജ്ഞേയസ്ത്വഭിനയോ വിപ്രാ -
ശ്ചതുർദ്ധാ പരികല്പിതഃ”
(നാട്യശാസ്ത്രം, അദ്ധ്യായം - 8, ശ്ലോകം - 7)
നിരവധി വിഭാഗങ്ങളടങ്ങിയ നാട്യത്തിന്റെ അടിസ്ഥാനം ഈ അഭിനയമാണ്. അനുഷ്ഠാനവും കലയും വേർപെടുത്തിയെടുക്കാൻ കഴിയാത്തവിധം ഇഴചേർന്നിരിക്കുന്ന തെയ്യത്തിൽ ചതുർവിധാഭിനയം എങ്ങനെ പ്രതിഫലിക്കുന്നുവെന്നു നോക്കാം.
തെയ്യങ്ങളിലെ ആംഗികം
തെയ്യത്തെ സംബന്ധിച്ചിടത്തോളം ചതുർവിധാഭിനയങ്ങളിൽ ആംഗികമൊഴികെയുള്ള മൂന്നു ഘടകങ്ങളും നമുക്ക് സാർവത്രികമായി കാണാം. എന്നാൽ ആംഗികം പ്രകടമായി പ്രത്യക്ഷവത്കരിക്കുന്ന തെയ്യങ്ങൾ വിരളമാണ്. കടവങ്കോട്ട് മാക്കത്തിന്റെ തോറ്റവും ബാലി, വിഷ്ണു മൂർത്തി തുടങ്ങിയ തെയ്യങ്ങളിലുമാണ് ആംഗികാഭിനയത്തിന്റെ മനോഹാരിത പൂർണതയിൽ നമുക്ക് കാണാൻ കഴിയുക. കൈ മുദ്രകൾ, അംഗങ്ങൾ, ഉപാംഗങ്ങൾ എന്നിവയടങ്ങിയ അഭിനയം മൂന്നു വിധമാണെന്നാണ് നാട്യശാസ്ത്രം പറയുന്നത്. ശരീരാഭിനയം, മുഖാഭിനയം, ചേഷ്ടാഭിനയം എന്നിവയാണവ. മേല്പറഞ്ഞ തെയ്യങ്ങളിൽ ഈ മൂന്നു വിധത്തിലുള്ള ആംഗികാഭിനയങ്ങളും സമന്വയിച്ചിരിക്കുന്നു. നാട്യത്തിന്റെ ആറംഗങ്ങളായ ശിരസ്, കൈ, അരക്കെട്ട്, മാറിടം, വാരി, പാദം എന്നിവയും ഉപാംഗങ്ങളായ കണ്ണ്, പുരികം, മൂക്ക്, ചുണ്ട്, കവിൾ, താടി എന്നിവയും ഏറിയും കുറഞ്ഞും മാക്കം തോറ്റത്തിലും, ബാലി, വിഷ്ണുമൂർത്തി തെയ്യങ്ങളിലും നന്നായി ഉപയോഗിക്കുന്നുണ്ട്.
കടവാങ്കോട്ട് മാക്കത്തിന്റെ തോറ്റത്തിൽ മാക്കത്തിന്റെ സംഭവബഹുലമായ ജീവിതം ഒരു നാടകത്തിലെന്ന പോലെ എത്ര തന്മയത്വത്തോടെയാണ് അഭിനയിച്ചു പ്രതിഫലിപ്പിക്കുന്നത്!
ബാലിയുടെ വെള്ളാട്ടവും തെയ്യവും അഭിനയ പ്രധാനമാണ്. ബാലി അരങ്ങിലെത്തുന്പോൾ അതിബലവാനായ ഒരു ചക്രവർത്തിയുടെ ഭാവഹാവാദികൾ നോക്കിലും ചലനത്തിലുമെല്ലാം പ്രകടിപ്പിക്കുന്നതു കാണാം. ബാലി- സുഗ്രീവ യുദ്ധവും, ബാലി- ശ്രീരാമ സംവാദവുമെല്ലാം ഈ തെയ്യത്തിലൂടെ അനാവൃതമാകുന്പോൾ നാം ശരിക്കും വിസ്മയഭരിതരായിത്തീരും.
ആംഗികാഭിനയത്തിന്റെ അനന്ത സാധ്യതകൾ പകർന്നു നല്കുന്ന മറ്റൊരു തെയ്യമാണ് വിഷ്ണുമൂർത്തിയുടേത്. ഭക്തപ്രഹ്ലാദന്റെ രക്ഷക്കായി അവതരിച്ച നരസിംഹമൂർത്തി ഹിരണ്യകശിപുവിന്റെ വയർ പിളർന്ന് കുടൽമാല പുറത്തെടുക്കുന്നതെല്ലാം കൈമുദ്രകളും ഉപാംഗങ്ങളും (കണ്ണ്, പുരികം, മൂക്ക്, ചുണ്ട്, കവിൾ, താടി) ഉപയോഗിച്ച് അവതരിപ്പിക്കുന്നതു കാണുന്പോൾ ഇതു ചിട്ടപ്പെടുത്തിയ പൂർവ്വസൂരികളെ മനസുകൊണ്ട് നമിക്കാതിരിക്കാൻ നമുക്ക് കഴിയില്ല. കൂടിയാട്ടത്തിലെ പകർന്നാട്ടം എന്ന അഭിനയ സങ്കേതത്തിന്റെ മാതൃക നമുക്ക് വിഷ്ണുമൂർത്തി തെയ്യത്തിൽ കാണാം. വളരെ പ്രകടമായി ആംഗികാഭിനയമുള്ള തെയ്യങ്ങളാണ് മേല്പറഞ്ഞവ. എന്നാൽ ഭാഗികമായോ പരിമിതമായോ ആംഗികാഭിനയമുള്ള നിരവധി തെയ്യങ്ങൾ വേറെയുമുണ്ട്. തൊണ്ടച്ഛൻ, കതിവന്നൂർ വീരൻ തുടങ്ങിയ തെയ്യങ്ങൾ ചില ഉദാഹരണങ്ങൾ മാത്രം. ഇനിയും വിശദമായ പഠനത്തിന് ഏറെ സാധ്യതകളുള്ള ഒരു മേഖലയാണിത്.
മൂന്നു വിധത്തിലുള്ള ആംഗികാഭിനയത്തിൽ അംഗോപാംഗ അഭിനയമാണ് ഇവിടെ പരാമർശിക്കപ്പെട്ടത്. മൂന്നാമത്തെ വിധത്തിലുള്ള ആംഗികമായ കൈമുദ്രകളുടെ പ്രയോഗം തെയ്യങ്ങളിൽ അത്യപൂർവമാണ്. ഇതിനൊരു പ്രധാന കാരണം ആശയവിനിമയത്തിന് തെയ്യങ്ങൾക്ക് അതിശക്തമായ വാചികങ്ങൾ ഉള്ളതുകൊണ്ട് മുദ്രകളുടെ ആവശ്യമില്ല എന്നതുകൊണ്ടാകാം.
തെയ്യങ്ങളിലെ വാചികം
ആംഗികത്തിനൊപ്പം വാചികത്തിനും തെയ്യങ്ങളിൽ ഏറെ പ്രാധാന്യമുണ്ട്. തെയ്യത്തിന്റെ പ്രധാന വാചികം അതിന്റെ ജീവനാഡിയായ തോറ്റമാണ്. ഓരോ തെയ്യത്തിന്റെയും വിവിധ തോറ്റങ്ങളിലൂടെ പ്രസ്തുത ദേവതകളുടെ ഐതിഹ്യവും ചരിത്രവുമെല്ലാം പ്രേക്ഷകരിലേക്ക് സംവേദിക്കപ്പെടുന്നു. ഇതിനുപുറമെ മുന്പ് സ്ഥാനം പറയുന്നതും അനുഗ്രഹമൊഴികളും ചില തെയ്യങ്ങൾ നർത്തനത്തിനിടയിൽ പുറപ്പെടുവിക്കുന്ന ശബ്ദങ്ങളും തെയ്യങ്ങളിലെ വാചികങ്ങൾക്ക് ഉദാഹരണങ്ങളാണ്.
ആഹാര്യം തെയ്യങ്ങളിൽ
നാട്യശാസ്ത്രപ്രകാരം ആഹാര്യാഭിനയമെന്നാൽ വേഷവിധാനം തന്നെയാണ്. “നാട്യം നന്നാവണമെന്നുള്ളവർ വേഷവിധാനത്തിൽ ആവോളം യത്നിക്കണം” എന്നാണ് ആചാര്യമതം.
അനുഷ്ഠാനത്തിന്റെ തീവ്രതയും അനന്യതയുമാണ് തെയ്യത്തെ സമാനരീതിയിലുളള മറ്റു കലകളിൽ നിന്ന് വ്യതിരിക്തമാക്കുന്നത്. എന്നാൽ തെയ്യത്തിൽ നമ്മെ അത്ഭുതപരതന്ത്രരാക്കുന്ന ഘടകം അതിന്റെ ആഹാര്യ ഭംഗിയും വൈവിദ്ധ്യവുമാണ്. വ്യത്യസ്ത സമുദായങ്ങൾ അവതരിപ്പിക്കുന്ന വിവിധ തെയ്യങ്ങളുടെ ആഹാര്യം അതിസൂക്ഷ്മമായാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.
ദേവതകളുടെ ആഗമനത്തിനും സ്വഭാവത്തിനും അനുസരിച്ച് അവരുടെ മുഖത്തെഴുത്ത്, മേക്കെഴുത്ത്, മുടി, അണിയലങ്ങൾ, ഉടയാടകൾ എന്നിവയിലെല്ലാം ഉണ്ടാകുന്ന മാറ്റങ്ങൾ പ്രേക്ഷകനെ ഒരു അലൗകികാനുഭവത്തിലേക്ക് നയിക്കുന്നു. അവതരിപ്പിക്കപ്പെടുന്ന തെയ്യത്തിന്റെ അമാനുഷിക തലം പ്രേക്ഷക മനസിലേക്ക് സംക്രമിപ്പിക്കുന്നത് മേല്പറഞ്ഞ ഘടകങ്ങൾ ഉൾപ്പെട്ട ആഹാര്യത്തിലൂടെയാണ്. തെയ്യങ്ങളിൽ, രൂപഭംഗിയിൽ പ്രഥമ ഗണനീയയായ മുച്ചിലോട്ടു ഭഗവതിയുടെ തിരുമുടിയും ഉടയാടകളും ആഹാര്യശോഭയ്ക്ക് ഏറ്റവും നല്ല ഉദാഹരണമാണ്.
സാത്ത്വികം തെയ്യങ്ങളിൽ
ചതുർവിധാഭിനയങ്ങളിൽ നാലാമത്തേതാണ് സാത്വികം. മാനുഷികമായ ഏത് പ്രവർത്തിയിലും മനസ് ഒരു നിർണ്ണായക ഘടകമാണ്. മനസാന്നിദ്ധ്യമില്ലെങ്കിൽ ഒരു കാര്യവും ശരിയായി ചെയ്യാൻ കഴിയില്ല. “ഭാരതി (വാക്ക്), സാത്ത്വതി (മനസ്), ആരഭടി (ശരീരം) ഇവ മൂന്നുമാണ് നാട്യത്തിൽ പ്രധാനം”. മനസിന്റെ ഏകാഗ്രതയിൽ നിന്നാണ് സത്ത്വം ഉത്ഭവിക്കുന്നത്. ആവിഷ്കരിക്കപ്പെടുന്ന ഭാവങ്ങൾ തികഞ്ഞ മനസാന്നിദ്ധ്യത്തോടെയാകുന്പോഴേ അത് ശരിയായ രീതിയിലാവുകയുള്ളു എന്ന് നാട്യശാസ്ത്രം പറയുന്നു. തെയ്യക്കാരനെ സംബന്ധിച്ചിടത്തോളം പരിശീലനത്തിലൂടെയും വ്രതനിഷ്ഠയിലൂടെയും നേടിയെടുക്കുന്ന ആന്തരികമായ കരുത്താണ് വിവിധ ദേവതകളെ ആവിഷ്കരിക്കുവാൻ അയാളെ പ്രാപ്തനാക്കുന്നത്. മുത്തപ്പന്റെ മാനവികത, പൊട്ടൻ ദൈവത്തിന്റെയും ഉച്ചിട്ട ഭഗവതിയുടെയും ഹാസ്യം, പൊയിൽ ഭഗവതിയുടെ രൗദ്രം തുടങ്ങിയവയിലെല്ലാം കോലക്കാരന്റെ മനസ് നമുക്ക് കാണാം. തെയ്യം കേവലം ഒരു കലയല്ലെങ്കിലും അതിലെ സൗന്ദര്യ ദർശനത്തിന് നാട്യശാസ്ത്ര സിദ്ധാന്തങ്ങൾ സഹായകരമാണെന്ന് തെയ്യങ്ങളിലെ ചതുർവിധാഭിനയ തലങ്ങൾ വിശകലനം ചെയ്യുന്പോൾ നമുക്ക് മനസിലാക്കാം.
തെയ്യങ്ങളുടെ അനുഷ്ഠാനാത്മകമായ ചടങ്ങുകൾ, ഐതിഹ്യം, ചരിത്രം, സാമൂഹിക പ്രസക്തി എന്നിവയോടൊപ്പം തന്നെ അവയുടെ സൗന്ദര്യാത്മക തലവും ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടത് അനിവാര്യമാണ്. വാണിജ്യ താല്പര്യങ്ങൾ, സങ്കുചിത താല്പര്യങ്ങൾ, വരേണ്യബോധം ഇവ ചേർന്ന് ഈ മഹത്തായ അനുഷ്ഠാന കലയെ പാർശ്വവത്കരിക്കാനും കേവലം ചരക്കാക്കി മാറ്റാനും ശ്രമിക്കുന്ന വർത്തമാനകാലത്ത് അതിനെ പ്രതിരോധിക്കേണ്ട കടമ ഓരോ തെയ്യ പ്രേമിക്കുമുണ്ട്. തെയ്യത്തിന്റെ ഔന്നത്യവും അനന്യതയും അതിന്റെ അനുഷ്ഠാനങ്ങൾക്കും ചരിത്രപരതയ്ക്കുമൊപ്പം സൗന്ദര്യാത്മകതയും കൂടിയാണെന്ന യാഥാർത്ഥ്യം നാം വിസ്മരിക്കരുത്. തെയ്യത്തിനൊരു സൗന്ദര്യ ശാസ്ത്രവും ദർശനവുമുണ്ടെന്ന് പൊതുസമൂഹത്തിനു ബോധ്യപ്പെടുന്പോൾ മാത്രമേ അരൂപിയായ ജാതി ബോധത്തിന്റെ അവശേഷിക്കുന്ന തടസങ്ങളിൽ നിന്നു കുതറി മാറി ഈ അനുഷ്ഠാന കലയ്ക്ക് വികാസം പ്രാപിക്കാൻ കഴിയുകയുള്ളു. എങ്കിൽ മാത്രമെ ഇതിൽ വ്യാപരിക്കുന്ന കലാകാരന്മാർക്ക് മറ്റു കലകളിലേതു പോലെ വ്യാപകമായ ആദരവും അംഗീകാരവും ലഭിക്കുകയുള്ളു. അത്തരത്തിലുള്ള പഠനങ്ങൾക്കാവട്ടെ ഈ മേഖലയിലെ വിദദ്ധരുടെയും ആസ്വാദകരുടെയും കൂടുതൽ ശ്രദ്ധ.