ഗുഡ് ടച്ചും ബാഡ് ടച്ചും; രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്
കൂക്കാനം റഹ്മാൻ
നമ്മുടെ പെൺകുട്ടികൾ വഴിതെറ്റി സഞ്ചരിക്കാൻ ഇടവരുത്തുന്നതിൽ അവരെ മാത്രം കുറ്റപ്പെടുത്തിയതുകൊണ്ട് കാര്യമില്ല. രക്ഷിതാക്കളാണ് അവരെ നേർവഴിക്ക് നയിക്കാൻ ശ്രമിക്കേണ്ടത്. പെൺകുട്ടികളെ സ്വതന്ത്രമായി വിടണം, പക്ഷേ നിയന്ത്രണം രക്ഷിതാക്കളുടെ കൈയ്യിലാകണം. ചില കാര്യങ്ങൾ ചെയ്യുന്പോൾ അച്ഛനും, അമ്മയും പഴഞ്ചനാണെന്ന പഴി കേൾക്കേണ്ടിവരും. കുട്ടികളുടെ പ്രശ്നങ്ങൾ നേരിട്ട് പഠിച്ചതിൽ നിന്നാണ് ചില കാര്യങ്ങൾ സൂചിപ്പിക്കുന്നത്. അവർ നേരിടുന്ന പ്രശ്നങ്ങളിൽ നിന്ന് മോചിതരാകാൻ താഴെ പറയുന്ന പ്രവർത്തനങ്ങൾ ചെയ്തുനോക്കൂ..
പ്രശ്നങ്ങൾ തുടങ്ങുന്നതിനും, അതീവ ഗുരുതരമായ പ്രവർത്തനങ്ങളിലേക്ക് പെൺകുട്ടികളെ നയിക്കുന്നതിനും, ഇടവരുത്തുന്ന വില്ലൻ മൊബൈലാണ്. അതുകൊണ്ട് തന്നെ പെൺകുട്ടികൾക്ക് അത്യാവശ്യത്തിനല്ലാതെ മൊബൈൽഫോൺ കൊടുക്കാതിരിക്കുക. സുഹൃത്തുക്കൾ വിളിക്കുന്പോൾ രക്ഷിതാക്കളുടെ സാന്നിധ്യത്തിലല്ലാതെ സംസാരിക്കാൻ അനുവദിക്കാതിരിക്കുക. അറിഞ്ഞിടത്തോളം പെൺകുട്ടികളെ കാമപൂർത്തീകരണത്തിന് വിധേയരാക്കുന്നത് ബന്ധുക്കളും, വീട്ടിൽ സ്ഥിരമായി എത്തുന്ന അതിഥികളും, ജോലിക്കാരുമാണ്. അതുകൊണ്ടുതന്നെ വീട്ടിൽ വരുന്നവർക്കു വേണ്ട ഭക്ഷണവും മറ്റും രക്ഷാകർത്താക്കൾ തന്നെ എത്തിച്ചു കൊടുക്കുക. അത്തരക്കാരുമായുള്ള കുട്ടിയുടെ പെരുമാറ്റം നിരീക്ഷിക്കുക. പരിചിതരും, അപരിചിതരുമായ പുരുഷന്മാരോട് സംസാരിക്കേണ്ടി വരുന്പോൾ ഗൗരവത്തിൽ തന്നെ സംസാരിക്കാൻ പഠിപ്പിക്കുക. പലപ്പോഴും പെൺകുട്ടികളുടെ മൃദുലഭാഷ അന്യരുടെ മനസ്സിൽ വേണ്ടാത്ത ചിന്ത ഉണ്ടാക്കും.
പെൺകുട്ടികളുടെ രഹസ്യങ്ങൾ അമ്മമാർക്ക് ലഭിക്കണമെങ്കിൽ മകളുടെ കൂട്ടുകാരികളോട് ചങ്ങാത്തം കൂടുക. മകളെ ഒറ്റയ്ക്ക് വീട്ടിൽ നിർത്താതിരിക്കാൻ ശ്രദ്ധ വേണം. വീട്ടിൽ മകൾ മാത്രമേ ഉള്ളൂ എന്ന് തിരിച്ചറിയുന്ന കാമവെറിയാർ ഇത്തരം അവസരങ്ങൾ ചൂഷണം ചെയ്യാൻ സാധ്യതയുണ്ട്. പെണ്മക്കൾ പഠിക്കുന്ന സ്ഥാപനങ്ങളുമായി രക്ഷിതാക്കൾ ബന്ധപ്പെടണം. അവർ സഞ്ചരിക്കുന്ന വഴികളും അവർ അറിഞ്ഞും അറിയാതെയും സന്ദർശിക്കുന്നതും നല്ലതാണ്. പഠിക്കുന്ന സ്ഥാപനങ്ങളിലെ സമയക്രമം അറിഞ്ഞിരിക്കണം. സ്പെഷ്യൽ ക്ലാസ് ഉണ്ട് എന്ന് കുട്ടി പറഞ്ഞാൽ, പഠിക്കുന്ന സ്ഥാപനങ്ങളിൽ വിളിച്ച് ഉറപ്പു വരുത്തണം.
പെൺകുട്ടികളോട് അമ്മയും അച്ഛനും സുഹൃത്തിനെപ്പോലെ പെരുമാറുക. എല്ലാം തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാക്കിയെടുക്കുക. രക്ഷിതാക്കൾ തങ്ങളോട് സ്നേഹവും കരുതലും പ്രകടിപ്പിക്കുന്നുണ്ട് എന്ന് ബോധ്യപ്പെടുത്തണം. സ്നേഹവും, ലാളനയും, കിട്ടാതിരിക്കുന്പോഴാണ് കപട സ്നേഹം കാണിക്കുന്നവരുടെ ചതിക്കുഴികളിലേക്ക് അവർ ആകർഷിക്കപ്പെടുന്നത്.
‘ഇന്ന് നീ സുന്ദരിയായിട്ടുണ്ടല്ലോ’. ‘നിനക്ക് ഈ ഡ്രസ് നന്നായി ചേരുന്നു’, തുടങ്ങിയ പ്രശംസാ വാക്കുകളും, അഭിനന്ദന പ്രകടനങ്ങളും, കുട്ടികൾക്ക് നൽകേണ്ടത് രക്ഷിതാക്കളാണ്. ഇങ്ങനെ ചെയ്തില്ലായെങ്കിൽ വഴിയരികിലെ കഴുകന്മാരുടെ പ്രശംസയ്ക്ക് അവൾ പ്രധാന്യം നൽകും.
പഠന സാമഗ്രികളും, ബാഗുകളും മറ്റും അവർ അറിഞ്ഞും, അറിയാതെയും പരിശോധിക്കണം. രക്ഷിതാക്കൾ നൽകാത്ത പണമോ, മൊബൈൽ പോലുള്ള വസ്തുക്കളോ, കണ്ടെത്തുകയാണെങ്കിൽ അതേക്കുറിച്ച് അന്വേഷിച്ച് ഉറപ്പു വരുത്തണം.
ഇറുകിയ വസ്ത്രങ്ങൾ ഒരു കാരണവശാലും, മക്കൾക്ക് വാങ്ങിക്കൊടുക്കാതിരിക്കുക. ഇങ്ങനെ ചെയ്താൽ കഴുകൻ കണ്ണുകളിൽ നിന്ന് ഒരു പരിധി വരെ സംരക്ഷണം ലഭിക്കും. മകൾ വിവാഹജീവിതത്തോടുള്ള ആഗ്രഹം നേരിട്ട് പ്രകടിപ്പിക്കുകയോ, സുഹൃത്തുക്കൾ അറിയിക്കുകയോ ചെയ്താൽ എത്രയും പെട്ടെന്ന് വിവാഹത്തിനുള്ള തുടക്കം കുറിക്കുക.
ഇതിനെല്ലാം ഉപരിയായി കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണം. സ്ത്രീ പുരുഷ ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള പാഠം അല്ല ഇത്. അവർക്കെതിരായി നടക്കുന്ന ലൈംഗിക ചൂഷണങ്ങളെപ്പറ്റിയും മറ്റൊരാൾ തന്നോട് ചെയ്യുന്നത് ലൈംഗിക അതിക്രമം ആണെന്നു മനസ്സിലാക്കാനുള്ള വിവേകം കുട്ടികൾക്കുള്ള ലൈംഗിക വിദ്യാഭ്യാസത്തിലൂടെ നൽകണം. കുട്ടികളെ ബാഡ് ടച്ചും, ഗുഡ് ടച്ചും എന്താണെന്ന് മനസ്സിലാക്കിക്കൊടുക്കണം. മറ്റൊരാളിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടാകുന്ന സമയം ഒരു നിമിഷം പോലും പാഴാക്കാതെ അവിടെ നിന്നും വിട്ടുപോകാൻ പഠിപ്പിക്കണം.
ഇത്തരം കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ രക്ഷിതാക്കളോട് തുറന്നു പറയാനുള്ള മാനസിക ശക്തി ഉണ്ടാക്കിക്കൊടുക്കണം. ചില കുട്ടികൾ ഭയപ്പാടുമൂലം രക്ഷിതാക്കളോട് കാര്യങ്ങൾ പറയാറില്ല. താൻ ലൈംഗിക കാര്യങ്ങൾ പഠിച്ചു വച്ചിട്ടുണ്ട് എന്ന് രക്ഷിതാക്കൾ സംശയിക്കുമോ എന്ന് ഭയന്നാണ് പല കുട്ടികളും ഇത്തരം കാര്യങ്ങൽ പങ്കുവെയ്ക്കാത്തത്. ഇതിന് രക്ഷിതാക്കൾ കുട്ടികളുമായി ഇടപെഴകണം. സുഹൃത്തിനെപ്പോലെ പെരുമാറാനും കുറച്ച് സമയം നീക്കി വെച്ചേ പറ്റൂ.
ഇതിൽ പറഞ്ഞ നിർദ്ദേശങ്ങൾ അനുഭവത്തിന്റെ വെളിച്ചത്തിൽ സൂചിപ്പിച്ചതാണ്. പലതും പഴഞ്ചനാണെന്ന് തോന്നാമെങ്കിലും ഇത്തരം കാര്യങ്ങളിൽ രക്ഷിതാക്കൾ ഇടപെട്ടേ പറ്റൂ. രക്ഷിതാക്കളുടെ മുന്നിൽ ഇതൊരു ചർച്ചയ്ക്കായി വെയ്ക്കുകയാണ്.