ജി.എസ്.ടി ഒന്നാം വാർഷികം പിന്നിട്ടു
ഇ.പി അനിൽ
epanil@gmail.com
രാജ്യത്ത് ജി.എസ്.ടി നടപ്പാക്കിയിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു. ജി.എസ്.ടി നിലവിൽ വരുന്ന 166ാമത്തെ രാജ്യമാണ് ഇന്ത്യ. (ഫ്രാൻസ് 1952ൽ ഇതിനു തുടക്കം കുറിച്ചു) രാജ്യത്തെ നികുതി ഘടനയിൽ വൻ പൊളിച്ചെഴുത്തുകൾ വരുത്തുന്നതിലൂടെ സർക്കാരിനു വരുമാനം ഉണ്ടാകുകയും വിലയിൽ കുറവ് ഉണ്ടാകുകയും ചെയ്യും എന്ന് ദേശിയ സർക്കാരും കേരളാ ധനവകുപ്പ് മന്ത്രിയും നമ്മളോടു പറഞ്ഞിരുന്നു. കേന്ദ്രസർക്കാർ GDPയുടെ വളർച്ചയിൽ ഒരു ശതമാനം മുതൽ 1.7% വരെ വർദ്ധനയും കയറ്റുമതിയിൽ 3.2 മുതൽ 6.3 % വരെ കുത്തിപ്പും ഉണ്ടാകും എന്നാണ് വാദിച്ചത്. ഇറക്കുമതിയിൽ മൈനസ്സ് 4.7 വരെ കുറവ് പ്രതീക്ഷിക്കാം എന്നായിരുന്നു പറഞ്ഞുവന്നത്. ഉപഭോഗ സംസ്ഥാനമായ കേരളത്തിന്റെ നികുതിയിൽ 25 % വർദ്ധനവ് ഉണ്ടാകും അത് സംസ്ഥാന വികസനത്തിൽ കുതിപ്പുകൾ ഉണ്ടാക്കും എന്ന് ഇടതു ധനവകുപ്പ് മന്ത്രി വ്യക്തമാക്കി. ആദ്യ വർഷത്തെ ജി.എസ്.ടി സംവിധാനം എങ്ങനെയാണ് ജനങ്ങൾക്ക് അനുഭവവേദ്യമായത്?.
നമ്മുടെ രാജ്യത്തെ നികുതികളെ രണ്ടായി തിരിക്കാം. പ്രത്യക്ഷ നികുതിയും പരോക്ഷ നികുതിയും സന്പന്നരായ ജനങ്ങൾ നൽകുന്ന പ്രത്യക്ഷ നികുതിയുടെ അടിസ്ഥാനം വ്യക്തിയുടെ സന്പത്തിക വരുമാനമാണ്. അതിൽ income, Corporate, Estate നികുതി തുടങ്ങിയവ ഉൾപ്പെട്ടിട്ടുണ്ട്. പരോക്ഷ നികുതികൾ Excise tax, വിവിധ തരം Sales taxകൾ, സെസുകൾ തുടങ്ങിയവയാണ് രണ്ടാമത്തെ നികുതി ഘടനയിൽ എല്ലാ ജനങ്ങളും പങ്കാളിയാണ്. പല വ്യഞ്ജനങ്ങൾ, മരുന്നുകൾ മറ്റും വാങ്ങുന്നതു മുതൽ വിമാനയാത്ര ചെയ്യുന്പോൾ വരെ എല്ലാ വ്യക്തികളും സർക്കാരിലേക്ക് നൽകുന്ന പണം (പരോക്ഷ നികുതി) വളരെ വിപുലമായ മേഖലകളിൽ നിന്നും പിരിച്ചെടുക്കുന്നു. ഇന്ത്യയുടെ നികുതി ഘടനാ സംവിധാനം മാതൃകാപരമല്ല എന്ന വസ്തുത എല്ലാവിഭാഗം ജനങ്ങളും പൊതുവായി അംഗീകരിക്കുന്ന കാര്യമാണ്. അതിലെ താളപ്പിഴകൾ സാന്പത്തിക രംഗത്തെ അനാരോഗ്യകരമായ പ്രവണതകളിലേക്കെത്തിക്കുന്നു. സർക്കാർ പാപ്പരാണ് എന്ന വാദം തന്നെ ഉയരുന്നതിന് ഇതിട നൽകുന്നു.
നികുതി പിരിവിലൂടെ കണ്ടെത്തുന്ന പണം ജനങ്ങൾക്കായി ചെലവഴിക്കുക എന്നാണ് സർക്കാർ ലക്ഷ്യമാക്കുക. സമൂഹത്തിലെ സന്പന്നരും ദരിദ്രരും തമ്മിലുള്ള (സാന്പത്തിക) വിടവുകൾ നികത്തുവാനായി ജനാധിപത്യ സർക്കാരുകൾ നികുതിയെ ഉപയോഗിക്കുന്നു. നിയമ നിർമ്മാണ സഭകൾക്ക് പ്രാദേശിക താൽപ്പര്യങ്ങൾ പരിഗണിച്ച് നികുതി ചുമത്തുവാൻ അവസരം ഉണ്ട്.കേന്ദ്ര സംസ്ഥാന സർക്കാരുകൾ 26 തരം നികുതികൾ പിരിച്ചെടുത്തിരുന്നു. അതിൽ സന്പന്നർ നൽകുന്ന പ്രത്യക്ഷ നികുതികൾ 5 എണ്ണം ഒഴിച്ച് നിർത്തിയാൽ ബാക്കി നികുതികൾ എല്ലാ ജനങ്ങളും കൊടുക്കുവാൻ ബാധ്യസ്ഥമാണ്. ഓരോ സംസ്ഥാനത്തെയും നികുതി നിർദ്ദേശങ്ങൾ (Sales Tax, Excise Tax, Local body tax, property tax, സെസ്സ് മുതലായവ) അതാതു സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി അവതരിപ്പിക്കും. ഭരണ പ്രതിപക്ഷങ്ങളുടെ ചർച്ചകൾക്കുശേഷം നികുതി ഘടന തീരുമാനിക്കും. ജനങ്ങൾക്ക് തൃപ്തികരമാകാത്ത വിഷയങ്ങളിൽ പ്രക്ഷോഭങ്ങൾ സംഘപ്പിച്ച് നികുതി സംവിധാനത്തിൽ ഇടപെടുവാൻ അവസരം ഉണ്ടാകുന്നു. ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങൾ നികുതി ഘടനയെ തീരുമാനിക്കുന്പോൾ സംസ്ഥാനങ്ങൾ തമ്മിൽ നികുതി ഘടനയിൽ വ്യത്യസം ഉണ്ടാകുക സ്വാഭാവികമാണ്. ഈ വ്യത്യാസം പാലപ്പോഴും കള്ളകടത്തുകൾക്കും മറ്റും അവസരങ്ങൾ ഒരുക്കി. ചുരുക്കത്തിൽ നികുതികളുടെ തോതുകൾ തീരുമാനിക്കുവാനും ഒഴിവാക്കുവാനും നിയമ നിർമ്മാണ സഭകൾക്ക് പരിപൂർണ്ണമായും അധികാരം ഉണ്ടായിരുന്നു. ആ അധികാരങ്ങൾജി.എസ്.ടി സംവിധാനത്തിൽ നഷ്ടപെട്ടു.
നാളിതുവരെയുള്ള നമ്മുടെ നികുതി രൂപത്തെ ആകെ തിരുത്തി എഴുതുന്ന Goods and Service Tax (GST) ജനാധിപത്യ സർക്കാരിന്റെ ജനകീയ അധികാരത്തെ പരിമിതപെടുത്തുന്നുണ്ട്. രണ്ടു ഡസനിലധികം നികുതികൾക്ക് പകരം 0, 5 , 12, 18, 28 എന്ന തരത്തിൽ പരിമിതപ്പെടുത്തുവാൻ കേന്ദ്രീകൃതമായി എടുത്ത തീരുമാനം, നികുതികൾ തീരുമാനിക്കുവാനുള്ള അധികാരം ദേശീയ കൗൺസിലിൽ (GST Council) നിക്ഷിപ്തമാകുകയാണ്. GST Councilൽ സംസ്ഥാന സർക്കാരുകൾക്ക് ശക്തമായ അവസരങ്ങൾ ലഭിക്കുകയില്ല. GST Council തീരുമാനങ്ങളിൽ മാറ്റമുണ്ടാകണമെങ്കിൽ 75% വോട്ടുകൾ ഉണ്ടായിരിക്കണം. കേന്ദ്ര സർക്കാരിന് സമിതിയിൽ മൂന്നിൽ ഒന്ന് വോട്ടവകാശം ഉണ്ടായിരിക്കും. ഇതിനർത്ഥം സംസ്ഥാനങ്ങൾ എല്ലാം കൂടി ഒറ്റകെട്ടായി നിന്നാൽ പോലും നികുതി ഘടനയിൽ മാറ്റങ്ങൾ ഉണ്ടാക്കുവാൻ അവർക്ക് അവസരങ്ങൾ കിട്ടുന്നില്ല എന്നു മനസ്സിലാക്കാം. ജി.എസ്.ടി സംവിധാനം ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും നടപ്പിൽ വരുത്തി എന്ന് വാർത്ത പ്രചരിപ്പിക്കുന്പോൾ ആരുടെ താൽപര്യമാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുക എന്നുകൂടി നമ്മൾ അറിയേണ്ടതുണ്ട്. നടപ്പിലാക്കിയ രാജ്യങ്ങളിൽ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാക്കിയത്, വിശിഷ്യ വിലയിൽ എന്തു ചലനമാണ് ഉണ്ടാക്കിയത് തുടങ്ങിയ വിഷയങ്ങൾ ഗൗരവതരമായി ചർച്ച ചെയ്യുവാൻ നമ്മുടെ പ്രതിപക്ഷ പാർട്ടികൾ പോലും തയ്യാറായിട്ടില്ല.
1995ൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ച WTO യുടെ ഭാഗമായ GATT ( General Agreement on Tariff and Trade) കച്ചവടവുമായി ബന്ധപ്പെട്ട കരാറുകൾക്കായി വിവിധ രാജ്യങ്ങളെ സാമ്രാജത്വ രാജ്യങ്ങൾ നിർബന്ധിക്കുകയാണ്. GATS സേവന രംഗത്ത് നടപ്പിൽ വരുത്തുവാൻ നിർദ്ദേശിച്ച വിദ്യാഭ്യാസ, ആരോഗ്യ, ബാങ്കിംഗ് പരിഷ്കാരങ്ങൾ നാട്ടിൽ ഉണ്ടാക്കിയ അനുഭവങ്ങൾ എത്രമാത്രം ജന വിരുദ്ധമാണ് എന്ന് ഓർക്കേണ്ടതുണ്ട്. സ്വാശ്രയ വിദ്യാലയങ്ങൾ, സ്വകാര്യ ആശുപത്രികളും ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയവ അന്തർദേശിയ സാന്പത്തിക സ്ഥാപനങ്ങളുടെ മാതൃകകളാണ്. GST രൂപത്തിലുള്ള ഏകശിലാ നികുതി സംവിധാനം ഫെഡറൽ സംവിധാനത്തിനെതിരാണ് എന്ന കാരണത്താൽ അമേരിക്ക ഇതു നടപ്പിലാക്കുവാൻ തയ്യാറായിട്ടില്ല. ആഗോള വിപണി താൽപര്യങ്ങൾക്കായി നില കൊള്ളുന്ന അമേരിക്ക GSTയെ തള്ളി പറയുന്നത് അവരുടെ ഭരണ ഘടനയോടുള്ള ബാധ്യതയുടെ ഭാഗമായിട്ടായിരുന്നു. എന്നാൽ ഇന്ത്യൻ ഫെഡറൽ സംവിധാനങ്ങളിൽ അനാരോഗ്യപരമായ മാറ്റങ്ങൾ ഉണ്ടാക്കുവാൻ കഴിയുന്ന GST സംവിധാനത്തെ നടപ്പിൽ കൊണ്ടുവരുന്നതിൽ നമ്മുടെ രാജ്യം വിമുഖത കാട്ടിയില്ല.
ലോകത്തെ മൂന്നാമത്തെ വൻ കിട മാർക്കറ്റായ ഇന്ത്യയിൽ നികുതിയും GDPയും തമ്മിലുള്ള അനുപാതം 17% മാത്രമാണ്. ബ്രസീൽ GDPയുടെ 27% നികുതി പിരിക്കുന്നു. ഇന്ത്യയെ പോലെ ദരിദ്രർ അധികമായിട്ടുള്ള നാട്ടിൽ വൻ കിടക്കാരെ മുന്നിൽ കണ്ടു കൊണ്ടുള്ള നികുതി പിരിവുകൾ സജ്ജീവമല്ല. 3% ആളുകൾ പോലും പ്രത്യക്ഷ നികുതി കൊടുക്കുന്നില്ല. അമേരിക്കയിൽപോലും കാണുവാൻ കഴിയാത്ത തരത്തിൽ രാജ്യത്തെ അസമത്വം വർദ്ധിച്ചു വരുന്നു. ഇന്ത്യയിലെ 58% സ്വത്തും 1% ആളുകളുടെ നിയന്ത്രണതിൽ ആണ്. (അമേരിക്കയിൽ ചരിത്രത്തിൽ ആദ്യമായി 10% ആളുകൾ 52% സ്വത്തുക്കൾ കൈവശം വെച്ചിരിക്കുന്നു എന്ന സംഭവത്തെ ഗൗരവതരമായി അമേരിക്കൻ പൊതു സമൂഹം നോക്കി കാണുന്നുണ്ട്. വാൽ സ്ട്രീറ്റ് കലാപത്തിനു കാരണം തന്നെ സ്വത്തിന്റെ കേന്ദ്രീകരണമായിരുന്നു).
ജി.എസ്.ടിയെ പറ്റി കേട്ടിരുന്നത് രാജ്യത്ത് എല്ലാ സാധനങ്ങൾക്കും എല്ലാ ഇടങ്ങളിലും ഒരു നികുതി എന്നുപറഞ്ഞാണു ജി.എസ്.ടി എത്തിയത്. പല രാജ്യങ്ങളിലും അങ്ങനെയാണ് സംവിധാനം നടപ്പിൽ കൊണ്ടുവന്നത്. (ഓസ്ട്രേലിയ, നെതർലൻഡ്സ് തുടങ്ങിയ 49 രാജ്യങ്ങൾ) ഓസ്ട്രേലിയ മരുന്നിനും ആഹാരത്തിനും ഒക്കെ നികുതി ഒഴിവാക്കി. സിംഗപ്പൂർ ജി.എസ്.ടി വൗച്ചർ നടപ്പിൽ കൊണ്ടുവന്നു. സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കുവാൻ ഈ തുക മാറ്റിവെക്കുന്നു. കാനഡ ജി.എസ്.ടിക്കൊപ്പം കൂടുതൽ ക്രെഡിറ്റ് പദ്ധതികൾ നടപ്പിലാക്കി. മലേഷ്യയെ പോലെയുള്ള ഏഷ്യൻ രാജ്യങ്ങൾ ജി.എസ്.ടി നടപ്പിൽ വരുത്തുവാൻ നീണ്ട തയ്യാറെടുപ്പുകൾ നടത്തി. ഇന്ത്യാ സർക്കാർ 2000 മുതൽ ജി.എസ്.ടിയിൽ താൽപര്യം കാട്ടി. അതിനു ശേഷം 10 വർഷം ഭരണത്തിൽ ഉണ്ടായിരുന്ന കോൺഗ്രസ് സർക്കാർ ജി.എസ്.ടി നടപ്പിലാക്കുവാൻ തയ്യാറായിരുന്നു. അവർ അതിനായി ചില പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്തു. ജി.എസ്.ടി നടപ്പിൽ വരുന്നതിനൊപ്പം ലാഭത്തെ നിയന്ത്രിക്കുവാൻ ഒരു കമ്മിറ്റി നിലവിൽ വന്നു. സാധനങ്ങളുടെ വില തീരുമാനിക്കുന്നത് നമ്മുടെ നാട്ടിൽ അതിന്റെ ഉത്പാദകർ ഏകപക്ഷീയമായിട്ടാണ്. അടിസ്ഥാന വിലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ നിന്നും മാറിനിൽക്കുന്ന സർക്കാർ സംവിധാനം നികുതിയിൽ ഇടപെട്ട്മാത്രം എങ്ങനെയാണ് വിലക്കയറ്റം ഒഴിവാക്കുവാൻ കഴിയുക?
വ്യാപകമായി ഉപയോഗിക്കുന്ന കുപ്പിവെള്ളത്തിന്റെ MRP ലിറ്ററിന് ഇപ്പോഴും 20 രൂപയാണ് എന്ന് നമ്മൾക്കറിയാം. ഒരു ലിറ്റർ വെള്ളം ഉൽപ്പാദിപ്പിക്കുവാൻ വരുന്ന ആകെ ചെലവ് 3.79 രൂപയും നിർമ്മിതാക്കൾ 1.71 രൂപ ലാഭം എടുത്ത് 5.50 രൂപക്ക് വിതരണം ചെയ്യുന്നു. കുപ്പിയിൽ പതിച്ചിരിക്കുന്ന വിൽപ്പന വില തീരുമാനിക്കുന്നതിൽ സർക്കാരിനധികാരം ഇല്ല എങ്കിൽ എങ്ങനെയാണ് വില നിയന്ത്രണം സാധ്യമാകുക. കുപ്പി വെള്ളത്തിന്റെ നികുതിയെ പറ്റി വ്യാകുലപെടുന്ന സർക്കാർ ഉൽപ്പാദന ചെലവിന്റെ ആറ് ഇരട്ടി രേഖപെടുത്തുന്നത് ഗൗരവതരമായി കാണുന്നില്ല. വിലനിലവാരം തീരുമാനിക്കൽ ഇന്നു വ്യവസായികളുടെ സ്വകാര്യ വിഷയമായിനിൽക്കുന്നു.
സംസ്ഥാനങ്ങളുടെ നികുതികൾ ഏകീകരിക്കുന്നതിനായി നടപ്പിൽ കൊണ്ടുവന്ന value added tax സംവിധാനം നിലവിൽ വരുന്നതോടെ ആവർത്തിച്ചു നികുതി കൊടുക്കൽ അവസാനിക്കും എന്നായിരുന്നു വാദം. ചരക്ക് കൈമാറുന്ന ഘട്ടങ്ങളിൽ മാത്രം (പുതുതായി ഉണ്ടാകുന്ന) വിലക്ക് (value added) അധികം നികുതി ഉണ്ടാകുക എന്നതായിരുന്നു VAT കൊണ്ട് ഉദ്ദേശിച്ചത്.അതുവഴി ഉപഭോഗത്താക്കൾക്ക് വില കുറവ് ഉണ്ടാകും എന്നായിരുന്നു സർക്കാർ ഉറപ്പ്. കണക്കുകൾ എല്ലാം ശരി വെക്കുന്പോൾതന്നെ VAT വഴി ഉണ്ടാകേണ്ട വിലക്കുറവ് മാത്രം ഇവിടെ സംഭവിച്ചില്ല..
ജി.എസ്.ടിസംവിധാനത്തിൽ രാജ്യത്താകമാനം ഒരു നികുതി മാത്രം എന്ന സംവിധാനം ആകർഷകമായി തോന്നാം.ഭക്ഷ്യ സാധനങ്ങൾക്കും ഖാദി, അച്ചടിച്ച പുസ്തകങ്ങൾ, പത്രങ്ങൾ, വളകൾ, സിന്ദൂരം ഇവക്ക് 0% നികുതിയായിരിക്കും. 5% നികുതി പട്ടികയിൽ പാൽ പൊടി, കാപ്പി, ചായ, ബ്രാണ്ട് ചെയ്ത ഭക്ഷണ ഭക്ഷ്യ പാക്ക്, ബ്രഡ്, ഇൻസുലിൻ മുതലായ ജീവൻ രക്ഷാ മരുന്നുകൾ, തീവണ്ടി ടിക്കറ്റ്, ചെറിയ ഭക്ഷണ ശാല ഇവയൊക്കെ വരും. ആയുർവേദ മരുന്നുകൾ, കുട, രോഗ നിർണ്ണയ കിറ്റ്, റബ്ബർ ബാൻഡ്, ദോശ മാവ്, തൊപ്പി എന്നിവക്ക് 12% നികുതിഉണ്ട്. സാധരണ ഹോട്ടലുകൾ 12% നികുതിയിൽ വരും. എല്ലാത്തരം ബിസ്ക്കറ്റുകളും ജാമുകളും മുള ഉൽപ്പന്നങ്ങൾ, കൈ ഉറ, ക്യാമറ മുതലായവ 18% ഇനത്തിൽ പെടുന്നു. ഏറ്റവും അധികം നികുതി സ്ലാബിൽ (28%) പഞ്ച നക്ഷത്ര ഹോട്ടൽ സേവനം മുതലായവ പെടുന്നു. 1211 ഇനങ്ങൾ ജി.എസ്.ടി പട്ടികയിൽ ഉണ്ട്. ഇതിൽ ഏറ്റവും അധികം ഉൾപെടുന്നത് 18% സ്ലാബിൽ ആണ്. 28% പട്ടികയിൽ നിന്നും 177 ഇനങ്ങൾ 18% നികുതി ഘടനയിൽ എത്തി. ഇന്നത്തെ ഉയർന്ന സ്ലാബിൽ 50 ഇനങ്ങൾ ഉണ്ട്.
ഉപഭോഗ സംസ്ഥാനമായ കേരളത്തിന് വലിയ നേട്ടങ്ങൾ ഉണ്ടാകും എന്നു പറഞ്ഞ നമ്മുടെ ധന മന്ത്രി ഒരു വർഷത്തിനകം തന്നെ അഭിപ്രായം മാറ്റി പറയുവാൻ നിർബന്ധിതാനായി. സാന്പത്തിക വിദഗ്ദ്ധനും ജനകീയ ശാസ്ത്ര പ്രസ്ഥാന നേതാവും ആയി അറിയപെടുന്ന ഒരാൾക്ക് എന്തികൊണ്ടാണ് ഈ വസ്തുത നേരത്തെ മനസ്സിലാക്കുവാൻ കഴിയാതെ പോയത്?
സംസ്ഥാനങ്ങൾക്ക് ലഭികേണ്ട നികുതി വിഹിതം യഥാ സമയത്ത് എത്തി ചെരുന്നില്ല. ചെക്ക് പോസ്റ്റുകളിൽ പരിശോധന ഇല്ലാതെയാകുകയും പകരം സംവിധാനം ഉണ്ടാകാതെയിരിക്കുകയും ചെയ്ത അവസ്ഥ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിൽ ആക്കി. അതേ സമയം സാധാരണ ജനങ്ങൾ പുതിയ പല നികുതികളും കൊടുക്കുവാൻ നിർബന്ധിതരായി. (ഉദാഹരണം ഫോൺ ബില്ലുകൾ, ഹോട്ടൽ ഭക്ഷണം, തീവണ്ടി ടിക്കറ്റുകൾ അങ്ങനെ പോകുന്നു പട്ടിക) 14% നികുതി ഉണ്ടായിരുന്ന കോഴി ഇറച്ചിയുടെ നികുതി പൂജ്യം ആയിട്ടും വിലയിൽ കുറവുണ്ടായില്ല. വില കുറക്കുവാൻ സംസ്ഥാന ധനമന്ത്രി ആവശ്യപെട്ടു എങ്കിലും വിലവർദ്ധനവിനു പുതിയ ന്യായങ്ങൾ കണ്ടെത്തുകയാണ് കച്ചവടക്കാർ.
നികുതികളുടെ വ്യാപ്തി കുറക്കുക, പരമാവധി നികുതി 28% ആക്കി കഴിഞ്ഞു എന്ന് പറഞ്ഞ സർക്കാർ പെട്രോൾ ഉൽപന്നങ്ങൾ, മദ്യം എന്നിവയെ ജി.എസ്.ടി സ്ലാബിൽ ഉൾപെടുത്തിയില്ല. യഥാർഥത്തിൽ. പെട്രോൾ/ഡീസൽ വില ലിറ്ററിന് 30 രൂപയിൽ താഴേയിരിക്കെ വിലക്കൊപ്പം 150% നികുതി ചുമത്തുവാൻ സർക്കാരുകൾ മറ്റു ന്യായങ്ങൾ നിരത്തി വരുന്നു. സ്വർണ്ണത്തിന് 3% നികുതി. (ബിസ്കറ്റു നികുതി 18%) വജ്രത്തിന് 3%ത്തിൽ നിന്നും വീണ്ടും നികുതി കുറച്ചത് കച്ചവക്കാരെമാത്രം ലക്ഷ്യം വെച്ചാണ്.
നമ്മുടെ സ്വാതന്ത്ര്യ സമരങ്ങളിൽ ഏറ്റവും പ്രധാനപ്രക്ഷോഭം നികുതി ബഹിഷ്കരണവുമായി ബന്ധപെട്ടാണ് നടന്നത് എങ്കിൽ ലോക കുത്തകകളുടെ കച്ചവട താൽപ്പര്യങ്ങളെ മുഖ്യമായി പരിഗണിച്ച്, രാജ്യത്തെ ഫെഡറൽ സംവിധാനത്തെ തന്നെ ക്ഷയിപ്പിക്കുവാൻ ഉപകരിക്കുന്ന ജി.എസ്.ടിയെ പറ്റി പുനർവിചിന്തനം നടത്തുവാൻ ഇനിയെങ്കിലും നമ്മൾ വൈകി കൂടാ.