വികാരം അമിതമാകുന്പോൾ...
പ്രദീപ് പുറവങ്കര
കേരളത്തിലെ രണ്ട് പ്രമുഖ ക്രിസ്ത്യൻ സഭകളിലെ പുരോഹിതൻമാർ ഉൾപ്പെട്ട ലൈംഗിക അപവാദങ്ങൾ മാധ്യമങ്ങളിലും സമൂഹ ചർച്ചകളിലും നിറഞ്ഞുവരികയാണ്. വനിത കമ്മീഷൻ, മനുഷ്യവാകാശ കമ്മീഷൻ എന്നിവരോടൊപ്പം പോലീസും സംഭവങ്ങളെ പറ്റി അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം ബന്ധപ്പെട്ട സഭാ മേലധികാരികളും ആരോപണത്തെ പറ്റി അവരുടേതായ സംവിധാനങ്ങൾ ഉപയോഗിച്ച് അന്വേഷിക്കുന്നുണ്ടെന്ന് അറിയുന്നു. ഇതാദ്യമായിട്ടല്ല പൗരോഹത്യവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ ഉയർന്നുവരുന്നത്. അതോടൊപ്പം ക്രിസ്ത്യൻ സഭകളെ മാത്രം ബാധിക്കുന്ന ഒറ്റപ്പെട്ട സംഭവമായിട്ടും ഇതിനെ കാണാൻ സാധിക്കില്ല. പലപ്പോഴും ഇത്തരം കാര്യങ്ങൾ പുറത്ത് വരാതെ മൂടിവെക്കാനുള്ള പ്രവണതയാണ് വിശ്വാസവുമായി ബന്ധപ്പെട്ട എല്ലായിടങ്ങളിലും കാണാറുള്ളത്.
പ്രായപൂർത്തിയായ സ്ത്രീപുരുഷന്മാർ ഉഭയസമ്മതപ്രകാരം സ്വതന്ത്രമായി ഏർപ്പെടുന്ന ഒരു ബന്ധത്തെയും ഒരു നിയമത്തിനും നിഷേധിക്കാനാവില്ല. സമൂഹത്തിന്റെ പുരോഗതിക്കും നിലനിൽപ്പിെയും ബാധിക്കുന്നുണ്ടെങ്കിൽ മാത്രമേ നിയമം പോലും ഇതിനെ ഒരു കുറ്റകൃത്യമായി കാണുന്നുള്ളൂ. അതേ സമയം വിശ്വാസവമുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരിൽ ചിലരയെങ്കിലും സമൂഹം നോക്കി കാണുന്നത് പരിശുദ്ധിയുടെ അടയാളങ്ങളായിട്ടാണ്. ആ ഒരു കാഴ്ച്ചപാട് ചൂഷണം ചെയ്തുകൊണ്ട് മതവിശ്വാസങ്ങളെയും അതിന്റെ ആചാരക്രമങ്ങളെയും തങ്ങളുടെ ലൈംഗിക അഭിലാഷ പൂർത്തീകരണത്തിനുവേണ്ടി ദുരുപയോഗം ചെയ്യുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് പറയാതെ വയ്യ. നമ്മുടെ കുടുംബ-സാമൂഹ്യ ബന്ധങ്ങളെ തകർക്കുന്നതിന് തുല്യമാണ് അത്. അവ നിയമത്തിന്റെയും, സമൂഹത്തിന്റെയും മുന്നിൽ കുറ്റകൃത്യം തന്നെയായി മാറുന്നു. അതു കൊണ്ട് തന്നെ അവർ മാതൃകാപരമായി ശിക്ഷിക്കപ്പെടേണ്ടവരാണ് എന്നതിന് യാതൊരു തർക്കവുമില്ല. മതവിശ്വാസങ്ങളുടെയും ആചാരക്രമങ്ങളുടെയും മറവിൽ നടക്കുന്ന അവകാശ ലംഘനങ്ങളും അതിക്രമങ്ങളും ഈ ഒരു ശിക്ഷാനടപടിയിലൂടെ ഇല്ലാതാക്കാൻ കൂടിയുള്ള അവസരമാണ് കേരള സമൂഹത്തിന് കൈവന്നിരിക്കുന്നത്. മതത്തിന്റെ പേരിൽ നടക്കുന്ന അനാശാസ്യപ്രവണതകൾക്കും തട്ടിപ്പുകൾക്കും എതിരെയുള്ള ചെറുത്ത് നിൽപ്പാകണം ആ അന്വേഷണം. അതേസമയം മതത്തിന്റെ അധികാര ശക്തിയും സാമൂഹികവും രാഷ്ട്രീയവുമായ സ്വാധീനവും അളവറ്റ സന്പത്തിന്റെ പിൻബലവും ഒക്കെ ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങളെ അട്ടിമറിച്ചേക്കാം എന്ന യാത്ഥാർത്ഥ്യവും നമുക്ക് മറച്ച് വെക്കാൻ സാധ്യമല്ല. അങ്ങിനെ സംഭവിക്കാതിരിക്കാനുള്ള നിശ്ചയദാർഢ്യം ഭരണകൂടത്തിന് ഉണ്ടാകണമെന്ന് തന്നെയാണ് പൊതുസമൂഹത്തിന്റെ ആഗ്രഹം.
അതോടൊപ്പം ഈ അന്വേഷണം കേവലം മതവിശ്വാസവും, അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി മാത്രം കോർത്തിണക്കേണ്ട ഒന്നല്ല മറിച്ച് നമ്മുടെ സമൂഹത്തിൽ പരിശുദ്ധി കൽപ്പിക്കപ്പെടുന്ന മനുഷ്യാവകാശ സംഘടനങ്ങൾ ഉൾപ്പടെയുള്ള ഇടങ്ങളിലേയ്്ക്ക് കൂടി വ്യാപിപ്പിക്കണം. എന്നാൽ മാത്രമേ കപട ധാർമികതയുടെയും സദാചാര കാപട്യത്തിന്റെയും മുഖംമൂടികൾ അഴിഞ്ഞുവീഴുകയുള്ളൂ എന്ന ഓർമ്മപ്പെടുത്തലോടെ...