വേലക്കാരിയായിരുന്താലും!...
ധനേഷ് പത്മ
‘ഒരു മനുഷ്യന്റെ മുതുകത്തു കയറി ഇരിക്കുകയാണു ഞാൻ. അയാളെ ശ്വാസം മുട്ടിക്കുകയാണു ഞാൻ. അയാളെക്കൊണ്ട് എന്നെ ചുമപ്പിക്കുകയാണു ഞാൻ. എന്നിട്ട് എന്നെത്തന്നെയും മറ്റുള്ളവരെയും ഞാൻ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ്, എനിക്കയാളുടെ കാര്യത്തിൽ വലിയ സങ്കടമുണ്ടെന്നും ആ തലവിധിയിൽ നിന്ന് അയാളെ മോചിപ്പിക്കാൻ എനിക്കു സാദ്ധ്യമായതൊക്കെ ഞാൻ ചെയ്യുമെന്നും”.
ലിയോ ടോൾസ്റ്റോയിയുടെ വാക്കുകളാണ് മുകളിൽ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം മുതുകുള്ളവരും മുതുകത്ത് കയറിയിരുന്ന് ശ്വാസം മുട്ടിപ്പിക്കുന്നവരും മറ്റുള്ളവരുടെ തലവിധിയിൽ വേവലാതിയുള്ളവരും കഥകളിയാടുന്നത് കണ്ടിരുന്നു. നാട്യശാസ്ത്രത്തിൽ ഡിഗ്രിയെടുത്ത ഇവർ ഭരതമുനിയെ പോലും ജാള്യനാക്കി കളഞ്ഞു. ലെവലേശം ഉളുപ്പില്ലാത്ത ഉണ്ണികളും, എംഎൽഎമാരും എംപിമാരും മൈതാനത്ത് നെയ്മർ ഉരുണ്ടുകളിച്ചതിനേക്കാൾ വൃത്തിയായി ഉരുണ്ടു. “ചേട്ടാ സഹപ്രവർത്തക ആക്രമണത്തിനിരയായതിൽ കുറ്റാരോപിതനെ താരസംഘടനയിൽ തിരിച്ചെടുത്തതിനെ കുറിച്ച്? വരൂ നമുക്ക് ഒരു മുറം പച്ചക്കറിയെ കുറിച്ച് സംസാരിക്കാം.! ചേച്ചി ഈ സംഭവത്തിൽ ചേച്ചിക്കെന്താണ് പറയാനുള്ളത്, നമുക്ക് വേറെന്തൊക്കെ സംസാരിക്കാനിരിക്കുന്നു, ഇപ്പോൾ ഓണത്തിന് സദ്യ വിളന്പുന്നതിനെ കുറിച്ച് സംസാരിക്കാം... നാട്യശാസ്ത്രത്തിലെ നവരസങ്ങളൊഴിച്ച് പച്ചാളം ഭാസി കണ്ടെത്തിയ ചില പ്രത്യേക രസങ്ങളാണ് നിഷ്ക്കളങ്കനായ എംപിയുടെ മുഖത്ത് ഈ ചോദ്യത്തിന് മറുപടിയായി ഉണ്ടായത്. ഇവരൊക്കെ സിനിമയിൽ മാത്രം അഭിനയിക്കുന്നു എന്നു കരുതുന്ന സമൂഹം മനസ്സിലാക്കേണ്ടത് ഇവരുടെജീവിതം തന്നെ വലിയൊരു അഭിനയമാണെന്നാണ്.
മുഖത്ത് വാരിതേച്ച ചിരിയുമായി ചാനലുകളിൽ വന്നിരുന്ന് വിശേഷങ്ങൾ പങ്കുവെയ്ക്കുന്പോൾ പലപ്പോഴും നിഷ്ക്കളങ്കരായ നമ്മളൊക്കെ, ഹൊ ഇവരൊക്കെ വലിയൊരു സംഭവമാണല്ലോ എന്ന് മൂക്കത്ത് വിരൽ വെച്ച് ചോദിക്കും. എന്നാൽ നമ്മളൊക്കെ വിചാരിച്ചതിനേക്കാൾ വലിയ സംഭവങ്ങളാണ് ഇവരൊക്കെയെന്ന് തിരിച്ചറയുന്നത് പിന്നീടാണെന്ന് മാത്രം. എ.എം.എം.എ എന്ന താരസംഘടനയിൽ മുന്പൊക്കെ മാധ്യമങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നു. സംഘടനയുടെ ജനറൽ ബോഡി മീറ്റിംഗ് കഴിഞ്ഞാൽ വിവരങ്ങൾ അവർ മാധ്യമങ്ങളെ അറിയിക്കുമായിരുന്നു. പൊടുന്നനെ മാധ്യമങ്ങൾക്ക് അവിടെ വിലക്കേർപ്പെട്ടു. സംശയിക്കണ്ട ഭയം കൊണ്ട് തന്നെ. നീതികേടിന് നേർക്ക് വിരൽചൂണ്ടി മാധ്യമങ്ങൾ ചോദ്യങ്ങൾ ചോദിച്ചാൽ, അതിനുത്തരം പറയേണ്ടി വന്നാൽ കാര്യങ്ങൾ കുഴയുമല്ലോ. താരരാജക്കൻമാരുടെ സിംഹാനത്തിന് കോട്ടം പറ്റരുതല്ലോ.
ഒരു കഥ സൊല്ലട്ടുമാ...
‘മാതൃരാജ്യം’ എന്ന രാജ്യത്ത് നിഷ്കളങ്കനായ ഒരു രാജാവുണ്ടായിരുന്നു. നിഷ്കളങ്കനായ രാജാവ് രാജ്യം ഭരിച്ചിരുന്ന സമയത്ത് കൊട്ടാരത്തിലെ മന്ത്രി രാജ്യത്തെ ഒരു സാധാരണ സ്ത്രീ ബലാത്സംഗത്തിനിരയായ സംഭവത്തിൽ ആരോപണ വിധേയനാകുന്നു. പ്രജകളുടെ പ്രതിഷേധത്തിൽ ആദ്യമൊന്ന് മടിച്ചെങ്കിലും കൊട്ടാരം നടത്തിപ്പുകാർ മന്ത്രിയെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്നു. പിന്നീട് നിഷ്കളങ്കനായ രാജാവ് കിരീടം അഴിച്ച് വെയ്ക്കുന്നു. ഊരിവച്ച കിരീടവും ചെങ്കോലുമേന്തി അധികാരമേറ്റത് രാജ്യകൊട്ടാരത്തിലെ മറ്റൊരു താരരാജാവായിരുന്നു. രാജാവ് രാജ്യഭരണം ഏറ്റെടുത്ത അടുത്തനിമിഷം പുറത്താക്കിയ മന്ത്രിയെ തിരിച്ചുവിളിക്കാൻ തീരുമാനമാകുന്നു. കുറച്ചെങ്കിലും പ്രജകൾ ഈ വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തുകയുണ്ടായി.
പ്രതിഷേധത്തിന്റെ ശക്തി വർദ്ധിച്ചപ്പോൾ പ്രജകളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വമുള്ള രാജാവ്, താൻ തനിച്ചെടുത്ത തീരുമാനമല്ലെന്നും ഭൂരിപക്ഷം കൊട്ടാരം നിവാസികളും തീരുമാനത്തെ അനുകൂലിച്ചെത്തിയപ്പോൾ അത് നടപ്പിലാക്കിയതാണെന്നും കൊട്ടാരം ചെയ്യുന്ന സൽപ്രവർത്തികൾ ആരും കാണാതെ പോകരുതെന്നും തന്റെ നിസ്സഹായത ഓരോ വാക്കിലും കുത്തിനിറച്ച് പെരുംബറകൊട്ടി അദ്ദേഹം വിളംബരം ചെയ്തു (ഒരു മാതിരി ഭാരതരാജ്യത്തെ മോദിരാജാവിന് പഠിക്കുന്നതുപോലെ)!!. രാജാവ് ജനങ്ങൾക്ക് മേൽ നടത്തിയത് ഒരു സൈക്കോളജിക്കൽ മൂവായിരുന്നെന്ന് പിന്നീട് മന്ത്രിയുൾപ്പെടെ കൊട്ടാരം അന്തേവാസികളും ചിരിയമർത്തി അടക്കംപറഞ്ഞു. രാജാക്കൻമാർക്ക് വാഴ്ത്തുപാടുന്ന ചിലർ പ്രജകൾക്കിടയിൽ സംഘടിച്ചുകൊണ്ട് പിന്തുണ വർദ്ധിപ്പിക്കാൻ ‘ഘോഷയാത്ര’കൾ സംഘടിപ്പിച്ചു. പൊന്നുതന്പുരാനെ തൊട്ടുകളിച്ചാൽ അക്കളി ഇക്കളി സൂക്ഷിച്ചോ മട്ടിൽ മുദ്രാവാക്യങ്ങൾ ഉയർന്നു.
നഗ്നനായ രാജാവ് അത് സ്വയം തിരിച്ചറിയാത്ത അവസ്ഥ നിലനിൽക്കെ അയാൾ നഗ്നനാണെന്ന് ഉറക്കെ വിളിച്ച് പറയുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാൻ പ്രജകൾക്കിടയിൽ സംഘടിച്ച കുറച്ച് ‘രാജകുമാരികൾ’ മൂന്നും കൽപ്പിച്ച് ഇറങ്ങിപുറപ്പെട്ടു. രാജ്യത്ത് വേണ്ടത് ജനാധിപത്യമാണെന്ന് അവർ ഉറക്കെ വിളിച്ചു പറഞ്ഞു. ഏറ്റുപിടിക്കാൻ രാജകുമാരികൾക്കൊപ്പം രാജകുമാരൻമാരുണ്ടായി. എതിർശബ്ദങ്ങൾ വിറങ്ങലിക്കുന്നതാണെങ്കിൽ രാജാക്കൻമാർക്ക് അതില്ലാതാക്കാൻ വലിയ പ്രയാസമുണ്ടാകില്ല. പക്ഷെ ഈ രാജകുമാരികളുടെ ശബ്ദം പെരുന്പറയേക്കാൾ മുഴക്കമുള്ളതായിരുന്നു. അവഗണിക്കപ്പെടുന്നതായി പലയാവർത്തി അവർ വെളിപ്പെടുത്തിയിട്ടും രാജാക്കൻമാർ ഉറക്കം നടിച്ചു. ജീവിതം തന്നെ വഴിമുട്ടിച്ചെന്ന് മന്ത്രിമന്തിരത്തിൽ പരാതിപ്പെട്ടിട്ടും രാജാവ് അന്തപുരത്തിൽ ഉറങ്ങിക്കിടന്നു. പുറത്ത് കുമാരികൾ ഒത്തുകൂടി നീതിക്കും സത്യത്തിനുംവേണ്ടി പോരാടുന്പോൾ അന്തപുരത്തിലെ തന്പ്രാട്ടിമാർ അതിനെ എതിർത്തു. തന്പ്രാട്ടിമാരായ ഞങ്ങളും സ്ത്രീകളല്ലേ? രാജ്യഭരണത്തിൽ ഞങ്ങൾക്കില്ലാത്ത എതിർപ്പ് കേവലം സ്വയം ‘രാജകുമാരികൾ’ എന്ന് വിശേഷിപ്പിക്കുന്നവർക്കെന്തിനാ? രാജാവിന് നോ ഏൻസർ!
കൊട്ടാരത്തിൽ ധീരതയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന അവാർഡായ ‘പുട്ടും കടലയും’ രാജാവിന്റെ കയ്യിൽ നിന്നും വാങ്ങിയ ആളാണ് ഉണ്ണിതന്പ്രാട്ടി. തന്പ്രാട്ടിക്ക് മന്ത്രിയെന്ന് വെച്ചാ ജീവനാ. ഒരിക്കൽ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവെ തന്പ്രാട്ടി ജനങ്ങളുടെ വിചാരണക്ക് മുന്പിൽ അകപ്പെട്ടു. പുറത്താക്കപ്പെട്ട മന്ത്രിയെ തിരികെയെത്തിക്കാൻ ഉണ്ണിതന്പ്രാട്ടി കഴിവതും പരിശ്രമിച്ചത് അതിനോടകം രാജ്യത്ത് പ്രചരിച്ചിരുന്നു. ജനങ്ങൾ വളഞ്ഞ് നിന്ന് അവരോട് നിലപാടുകൾ വ്യക്തമാക്കണമെന്ന് ശഠിച്ചു. അപ്പോഴാണ് ഉണ്ണിതന്പ്രാട്ടിക്ക് ഒരു വേല തോന്നിയത്. പണ്ട് ഒന്നാം ക്ലാസിൽ പഠിക്കുന്പോൾ കരടി കടിക്കാൻ വന്ന സമയത്ത് രക്ഷപ്പെടാൻ വേണ്ടി ജിവൻ നഷ്ടപ്പെട്ടതുപോലെ കിടന്ന രണ്ട് യുവാക്കളുടെ കഥ. കഥ ഓർത്തെടുത്ത ഉണ്ണിതന്പ്രാട്ടി അക്കഥയിൽ ചെറിയൊരുമാറ്റം വരുത്തി അഭിനയത്തിൽ പച്ചാളം ഭാസി കണ്ടെത്തിയ പുതിയ രസങ്ങൾ ഉൾകൊള്ളിച്ച് ഒരു ആട്ടമങ്ങാടി. കഥാന്ത്യം ജീവൻ നഷ്ടപ്പെട്ടപോലെ കിടന്ന മനുഷ്യരെ മൈന്റ് ചെയ്യാതെ കരടി പോയിരുന്നു. പക്ഷെ ഉണ്ണി തന്പ്രാട്ടിക്ക് ചുറ്റും കൂടിയ പ്രജകൾ അവരെ വിട്ടില്ല. അവരോട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. ഉരുണ്ടുകളിച്ച ഉണ്ണിതന്പ്രാട്ടി രാജ്യത്ത് വരാൻ ഇരിക്കുന്ന ഓണാഷോഷങ്ങളെ കുറിച്ചും ഊഞ്ഞാലാടുന്നതിനെ കുറിച്ചും ഉണ്ടകണ്ണുകൾകൊണ്ട് ഗോഷ്ഠി കാണിച്ചുകൊണ്ട് സംസാരിച്ചു. പ്രജകൾക്ക് അത്ഭുതം കൂറാനെ കഴിഞ്ഞുള്ളു. കൊട്ടാരത്തിൽ ഇത്തരത്തിലുള്ള ഇനങ്ങളുടെ സഹവാസാമണോ എന്നൊരു നിമിഷം അവർ ചിന്തിച്ചു. അവസാനമായി അവർ ചോദിച്ചു തെറ്റുചെയ്തെന്ന് ആരോപിക്കപ്പെടുന്ന മന്ത്രിക്കൊപ്പമാണോ അതോ ഇരയായ സാധാരണ പ്രജക്കൊപ്പമാണോ താങ്കളെന്ന്. തന്പ്രാട്ടിക്ക് അതിൽ സന്തോഷമായത് മന്ത്രിയെ തെറ്റ് ചെയ്തെന്ന് ആരോപിക്കപ്പെടുന്നവൻ എന്ന് വിശേഷിപ്പിച്ചതിലാണ്. മറ്റു ചോദ്യങ്ങളെ അവർ നേരിട്ടത് താനൊരു മന്ദബുദ്ധിയാണെന്ന് പ്രജകളായ നിങ്ങളെല്ലാം വിശ്വസിച്ചോളു, അതിൽ ലെവലേശം സങ്കടമില്ല എന്ന് പറഞ്ഞുകൊണ്ടാണ്. തന്പ്രാട്ടിയെ കൈകൂപ്പി തൊഴുതുകൊണ്ട് നീട്ടിയൊരു തുപ്പും തുപ്പി പ്രജകൾ പിരിഞ്ഞു.
പിറ്റേന്ന് കൊട്ടാരത്തിലേയ്ക്ക് പച്ചക്കറികൾ വാങ്ങാൻ പോയ സൈന്യാധിപനെ ചന്തയിൽ വെച്ച് കണ്ട ഒരു കൂട്ടർ ചോദിച്ചു, അല്ലയോ മഹാമനസ്സേ മന്ത്രിയെ കൊട്ടാരത്തിൽ തിരിച്ചെടുത്തെന്ന് േകട്ടല്ലോ താങ്കൾക്ക് അതിൽ എതിർപ്പൊന്നുമില്ലേ. ‘ഇടം കാലുയർത്തി’ കുതിരപ്പുറത്ത് കയറാനിരുന്ന സൈന്യാധിപൻ ധൃതിയിൽ പറഞ്ഞു. കൊട്ടാരം ഇത്തവണ ഓണത്തിന് ഒരു മുറം പച്ചക്കറി എല്ലാ പ്രജകൾക്കും നൽകുന്നുണ്ട്. താങ്കൾ അത് രാജ്യത്ത് എല്ലായിടത്തും വിളംബരം ചെയ്യൂ. ഒരു നിമിഷം അവിടെ കൂടിയവർ ആ ‘കുതിരക്കൊന്ന് മദമിളകിയെങ്കിൽ’ എന്നാശിച്ചുപോയി. നിസ്സഹായരായ പ്രജകൾ പക്ഷെ പിന്നോട്ടല്ലായിരുന്നു. ശക്തമായി തന്നെ അവർ പ്രതികരിച്ചു. അയൽ രാജ്യക്കാർ പോലും പ്രജകളുടെ ഭാഗത്ത് സത്യമുണ്ടെന്ന് തിരിച്ചറിയുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ കൊട്ടാരം സ്തംഭിച്ചു. രാജ്യത്തിന്റെ മുഖം രക്ഷിക്കാൻ മന്ത്രി തന്നെ ഇറങ്ങിപുറപ്പെട്ടു. തന്റെ പേരിൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റത്തിൻമേൽ അന്തിമവിധി വരുന്നത് വരെ കൊട്ടാരത്തിൽ പ്രവേശിക്കാൻ താൻ ഒരുക്കമല്ലെന്നും കൊട്ടാരത്തിലേയ്ക്ക് തന്നെ തിരിച്ചുവിളിച്ച രാജാവിന്റെ തിരുഹൃദയത്തിന് നന്ദിയറിക്കുന്നതായും അറിയിച്ചുകൊണ്ട് സുക്കർബർഗൻ എന്ന ഭടന്റെയടുത്ത് മന്ത്രി ‘ഓല’ കൊടുത്തുവിട്ടു. പ്രജകൾ ആവേശത്തിൽ തുള്ളിച്ചാടി. അവർ ചെറുതായെങ്കിലും ഒന്നാശ്വസിച്ചു. ആ സമയം അഭിനയക്കളരിയിലെ അവസാനത്തെ അടവും പഠിച്ച കൊട്ടാരത്തിലെ രാജാവടക്കമുള്ള അന്തേവാസികൾ മറ്റൊരു നാടകത്തിന്റെ വിജയഭേരിയിൽ വീഞ്ഞൊഴിച്ചു കുടിച്ചുൻമാദിക്കുകയായിരുന്നു...
(കഥയിലെ കഥാപാത്രങ്ങൾ തികച്ചും സാങ്കൽപ്പികം മാത്രം)
കഥയിലെ പ്രജകളോട് കുറച്ച് ചോദ്യം. രാജാക്കൻമാരെ ഉണ്ടാക്കിയതരാണ്്? മന്ത്രിപട്ടം ചാർത്തികൊടുത്തതാരാണ്? തന്പ്രാട്ടിമാർ ഇത്ര ലഘവത്തോടെ എങ്ങനെ സംസാരിക്കാൻ പഠിച്ചു? ആക്രമിക്കപ്പെട്ട ഒരു പ്രജ എങ്ങനെയാണ് ഒറ്റപ്പെടുന്നത്? സൈന്യാധിപരും മുൻ രാജാക്കൻമാരും പൊട്ടൻ കളിക്കാൻ എങ്ങനെ പഠിച്ചു? ആരുടെ മുന്നിലാണ് അവർ പൊട്ടൻവേഷം കെട്ടിയാടുന്നത്? വേഷം കെട്ടിയാടൽ കാണാൻ ചെന്നിരുന്നുകൊടുക്കുന്നത് ആരൊക്കെയാണ്? താരദൈവങ്ങളായി കണ്ട് ഇവരെ പാലും പഴവും നേതിച്ച് പൂജിക്കുന്നതാരാണ്? ഒരേയൊരുത്തരം, നമ്മൾ എല്ലാം അടങ്ങുന്ന പ്രജകൾ... അതിന്റെ അധിപരാണ് പ്രജാധിപതികൾ... കാലം പക്ഷെ കാത്തുവെയ്ക്കുന്നത് ഈ ആധിപത്യങ്ങൾക്ക് മേൽവീഴുന്ന വെള്ളിടികളെയാണ്. അതിന്റെ ഒരുക്കം രാജ്യത്ത് പ്രതിഫലിച്ചു തുടങ്ങി... സൂക്ഷിപ്പിൻ...