ചുവരിൽ ചിത്രമെഴുതുന്പോൾ...
നിതിൻ നാങ്ങോത്ത്
പഠിക്കുക, പോരാടുക, രക്തസാക്ഷിയാവുക... ശവകുടീരത്തിൽ നിന്നും സമ്മേളന നഗരിയിലേയ്ക്ക് ദീപശിഖ പ്രയാണിച്ചുകൊണ്ടേയിരിക്കും. ചുവരിൽ “ചരിത്ര’’മെഴുതുന്പോൾ പുഷ്പചക്രങ്ങൾക്ക് ഒരുപാട് അടക്കം പറയാനുണ്ടാവും. ധീരനും പ്രിയങ്കരനുമായ അഭിമന്യുവേ... ചക്രവ്യൂഹവിധിയിൽ ഒരുപിടി മിഴിനീർപൂവുകൾപകരം തരുന്നു. വീണാൽ വീണുപൂവേ... ക്യാന്പസ്കനലിന്റെ കഠാരമൂർച്ചയിൽ വീണുടഞ്ഞ കൗമാരകനവുകളെത്ര? തേവര സേക്രട്ട്ഹാർട്ടിലെ ടികെ മുരളിയെന്ന സെക്കന്റ് പീഡിസീക്കാരനായിരുന്നു ഉമ്മൻചാണ്ടിയിലെയും വയലാർ രവിയിലെയും എകെ ആന്റണിയിലെയും “രാഷ്ട്രമീമാംസ’’യ്ക്ക് ഓക്സിജൻ നൽകിയത്. മുരളിയുംലാത്തിച്ചാർജും ഹാർട്ടറ്റാക്കുമില്ലായിരുന്നുവെങ്കിൽ ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനമായ കെഎസ്്യു ഉണ്ടാവുമായിരുന്നോ? കൂടുതൽ സത്യമറിയാൻ എഎൻ സത്യവ്രതനെന്ന പഴയ പത്രക്കാരനിലേയ്ക്ക് ഗൂഗിൾ ചെയ്താൽ മതി. ഒന്നുചീഞ്ഞ് മറ്റൊന്നിന് വളമാവുന്ന കന്പോസ്റ്റിയൻ തിയറി!! ചരിത്രത്തിന്റെ ചുവരുകളിൽ ചോരകൊണ്ട് എഴുത്തുപൂർത്തിയാക്കിയ കൗമാരചാവേറുകളേ...നിങ്ങൾക്കു മരണമില്ല! എറണാകുളം മഹാരാജാസ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, തലശ്ശേരി ബ്രണ്ണൻ, കണ്ണൂർ എസ്എൻ ആദിയായ പൊളിറ്റിക്കൽ റിക്രൂട്ടിങ് “ലാബു”കളിലെ വിറകുകൊളളികൾക്ക് എത്രമാത്രം വീരാപദാനങ്ങൾ ഷെയറുചെയ്യാനുണ്ടാവും! കാലൻ സാക്ഷി, ചരിത്രൻ സാക്ഷി... സൈമൺ ബ്രിട്ടോ കോമ്റേഡിനോട് ബാക്കികൂടി ആരായുക! കൊല്ലാം. അതോടൊപ്പം തോൽപ്പിക്കുകയും സാധ്യമാണ്.
നാദാപുരം ഡിഫൻസ് ഫോഴ്സിന്റെ (NDF) അക്കൗണ്ടിൽ ക്രഡിറ്റുചെയ്യപ്പെട്ട അഭിമന്യുവധം വരാനിരിക്കുന്ന സർജിക്കൽ കേരളത്തിന്റെ പ്ലക്കാർഡാണ്. അഞ്ചുവർഷം വൈകിപ്പോയ ചെങ്ങന്നൂർ വിശാൽഫോട്ടോസ്റ്റാറ്റ്. അരിയിൽ ഷുക്കൂറും മട്ടന്നൂർ ഷുഹൈബും ചോരയിറ്റുന്ന സ്മാരകശിലകളായി ഗൂഢാലോചന നടത്തുന്നുണ്ടാവണം.ന്യായീകരണത്തൊഴിലാളികളും ബുദ്ധികൂടിയ ജീവികളും അച്ചുനിരത്തിക്കഴിഞ്ഞു. കൈവെട്ടുകളിക്ക് മംഗളപത്രങ്ങളെത്ര കിട്ടി? കീർത്തീഫലകങ്ങൾ അറഞ്ചം പുറഞ്ചം ചാർത്തിക്കൊടുക്കപ്പെട്ടു. ഓടുന്ന ബസ്സിൽ അശ്വനീകുമാരന്മാർ ഇനിയുമുണ്ടായേക്കും. പായുന്ന ബൈക്കിലേയ്ക്ക് വടിവാളുകൾ ഇരുട്ടിലും വെളിച്ചത്തിലും പറന്നുവരും. പ്രിയപ്പെട്ടവരേ, കേരളം കൊലയാളികളുടെ മാതൃഭൂമിയായിരിക്കുന്നു. വർഗ്ഗീയത തുലയട്ടെ... മതംനോക്കി പറയുന്നവന്റെ മുഖം നോക്കി തുപ്പുക...പുതുകാല കരിക്കട്ടയെഴുത്തുകൾ ഇങ്ങനെയായിരിക്കുന്നു. തുലയട്ടെ എന്ന അക്ഷരവൈരത്തിന്റെ ഫിനിഷിങ്ങായിരുന്നു മഹാരാജാസിന്റെ വിരിമാറിൽ സംഭവിച്ചത്. നെഞ്ചിലൂടെ കഠാരയിറക്കി ഒറ്റക്ലിക്കിൽ ലോഗ്ഔട്ടാക്കുന്ന വെൽട്രെയ്ൻഡ് ആപ്ലിക്കേഷൻ. വെട്ടുകൾ എണ്ണി കൺഫ്യൂഷനാവാതിരിക്കാൻ സർജിക്കൽ ബ്ലേഡ് അറ്റാക്ക്. കണ്ണൂരിലെ പരന്പരാഗത ക്രിമിനലുകൾ കണ്ടുപഠിക്കുക. അന്പത്തൊന്നും തൊണ്ണൂറ്റിയേഴുമൊക്കെയായി എനർജികളയുന്ന പ്രൊഫഷണൽ എത്തിക്സില്ലായ്മ! അരിവാളുകൊണ്ടൊരു പരിപാടിയൊക്കെ അറുപഴഞ്ചനായി. വടിവാൾവിപ്ലവം ഗോ ബാക്ക്.
അഭിമന്യുവിന് പത്മവ്യൂഹമൊരുക്കിയവരിൽ രണ്ടുപേർ സഹപഠിയന്മാർ തന്നെ. തടസ്സങ്ങളെ തകർത്തുതരിപ്പണമാക്കാൻ കണ്ടീഷനിങ് ചെയ്യപ്പെട്ടവർ. എസ്എഫ്ഐയുടെ “കോട്ട, തറവാട്, ചുവന്നമണ്ണ്” പോലെയുളള കുത്തകഭാഷകൾ ഇതരസംഘടനക്കാരെ എല്ലായ്പ്പോഴും അസഹിഷ്ണുവാക്കാറുണ്ട്. ഈ ഭൂതത്താന് (രാവണൻ) കോട്ടയിൽപെട്ടുപോയ കെഎസ്്യു കുഞ്ഞാടുകൾ അടിയും, തൊഴിയും ചവിട്ടിക്കൂട്ടലും കിട്ടിക്കിട്ടി ചോരഛർദ്ദിച്ച് പത്തിമടക്കി. വർഗ്ഗീയത നിലനിൽക്കേണ്ടത് അനിവാര്യതയാകയാൽ പലയിടത്തും എബിവിപിയുംഎംഎസ്എഫും ഒളിപ്പോർ ക്യാന്പയിൻ നടത്തുന്നുണ്ട്. ഈ ശൂന്യസ്ഥലിയിലേക്കാണ് ഐഎസ് എജ്യുക്കേഷൻ സിദ്ധിച്ചപുത്തൻകൂറ്റുകാർ കടന്നുവരുന്നത്. പാർട്ടിഗ്രാമമെന്ന സാമ്രാജ്യത്വത്തിലേക്ക് തുരന്നു കയറുന്ന സാമ്രാജ്യത്വ വിരുദ്ധർ. സഹിക്കുവതെങ്ങനെ. അടിയും തടയും തലമുടിയും തലച്ചോറും നരച്ച നേതാക്കളുടെ മസ്തിഷ്കപ്രക്ഷാളനവും കൂടിയാവുന്പോൾ വിദ്യാർത്ഥിജീവിതം ഗുദാഗവാ... കുട്ടിക്കുരങ്ങന്മാർ ചുടുചോറ് വാരി വാരി... ചുടുചോര വീഴ്ത്തി വീഴ്ത്തി ചന്തികൊണ്ട് ചിന്തിച്ച് ബുദ്ധിയും പൊത്തകവും ഇസത്തിന്റെ മതിലേൽ മഴയത്തുവെയ്ക്കും. ഭാവി ശോഭനം! വർത്തമാനം ഭീകരം. ഭൂതോദയത്തിൽ പിന്നെ പണ്ടേ വല്യ ധാരണയില്ലല്ലോ. കോടതി ഈ കച്ചോടം പൂട്ടിക്കാൻ ഒരുപാടുതവണ മുട്ടിയെടുത്ത് മേശേലിടിച്ചതാ. എവിടുന്നോ ഫയങ്കര പ്രഷർ. അരാജകത്വവും അരാഷ്ട്രീയതയും സ്റ്റുഡന്റ്ലൈഫിനെ മാറിമാറി റേപ്പു ചെയ്യും പോലും! അയ്യോ, എന്നാപ്പിന്നെ വേണ്ട. വിദ്യാർത്ഥി രാഷ്ട്രീയം സിന്ദാബാദ്... വിദ്യാർത്ഥി തോന്ന്യാസവും സിന്ദാബാദ്.
നാളെയീ നാടുവാഴേണ്ട പ്രൊഫഷണൽ ലീഡേഴ്സിന്റെ നെറ്റ്സാണ് കലാശാലകൾ. സ്വതന്ത്രവും ധീരവും ആദർശാധിഷ്ഠിതവുമായ മുഷ്ടിചുരുട്ടലുമായി, ഈ പത്തുവർഷത്തിനിടയിൽ എത്ര കുട്ടിനേതാക്കളെ കേരളത്തിന് കിട്ടിബോധിച്ചിട്ടുണ്ട്. വെറ്റിലച്ചെല്ലമെടുത്തും മുറുക്കാൻ കത്രിക അരയിൽ തിരുകിയും പെട്ടിചുമന്നും ചാരവൃത്തിചെയ്തും ഇസ്തിരിചുളിയാത്ത കുപ്പായം ലഭിച്ചവരെപ്പറ്റിയാണ് പ്രതിപാദ്യം.വിത്തിനു വെയ്ക്കാൻ ഒന്നോ രണ്ടോ ഉണ്ടെന്നുള്ളത് മറച്ചുവെയ്ക്കുന്നില്ല. ഈ പിൻവാതിൽ സാമർത്ഥ്യക്കാരുടെ ഇടയിലേക്കാണ് സ്ട്രേറ്റ്ഫോർവേഡായ അഭിമന്യുവിനെപ്പോലുളള ക്ഷുഭിതകൗമാരങ്ങൾ പെട്ടുപോവുന്നത്. ഉന്മൂലന സിദ്ധാന്തം കേരളക്കരിക്കുലത്തിന്റെ സിലബസിലുള്ളിടത്തോളം കാലം ഇക്കൂട്ടർ രക്ഷപ്പെടാനിടയില്ല.രക്തപ്പെടാനാട് ഏറെ സാധ്യത. പിന്നെ ഡിഫൻസും അറ്റാക്കും ടാക്ലിങും ഡ്രബ്ലിങും പരിശീലിച്ചവരാണേൽ ശിഷ്യപ്പെട്ടേക്കും.എല്ലാമറിയുന്ന കാവിപ്പടയ്ക്കിനിയും സംസ്ഥാന “തല” ആയിട്ടില്ല.മൂവർണ്ണപ്രസ്ഥാനത്തിനും തലയുറച്ചിനില്ല. അപ്രത്തെ കോർട്ടിൽ തല പലതും മൈനസ്പാസ് കളിക്കുന്നതിനാൽ ഇപ്രത്തെടീമിലെ ചോന്ന ഗോളിക്ക് പോസ്റ്റിൽ പായയും തലയിണയും വിരിച്ചുകിടക്കാം. ഇങ്ങനെ വൺസൈഡായിപ്പോയൊരു കളി ഇനിയീ നൂറ്റാണ്ടിലുണ്ടാവാനിടയില്ല. അപ്പോൾ തദ്വാരാ, അതായതു മാളം വഴി തീവ്രആശയങ്ങൾ ഇഴഞ്ഞെത്തി പത്തിവിടർത്തിയാടും. കടികൊളളുകയോ മകുടി ഊതുകയോ ആവാം. പത്തായമല്ല. വിത്താണ് വലുത്. വിത്തിടാനുളള പെട്ടിമാത്രമാണ് പത്തായം. ശരീരമാദ്യം ഖലുധർമ്മ ‘സാധനം’എന്നാണല്ലോ...
അഭിമന്യുപതനം വിവിധ ആംഗിളുകളിലൂടെയാണ് ലോകം ചർച്ചയ്ക്കെടുത്തിരിക്കുന്നത്. ഇംഗ്ലീഷ് വാറോല എസ്്എഫ്ഐക്ക് അതേനാണയത്തിൽ എന്ന വെണ്ടക്കയിൽ! ഹാ പുഷ്പമേ... പീതപുഷ്പ ലെവലിൽ ഒറ്റപ്പെട്ടസംഭവമായി സാഹിത്തീകരിച്ച് യുവജനചിന്തിസ്റ്റുകളും!! കഷ്ടം കൂട്ടുകാരാ... കൂടപ്പിറപ്പിന്റെ ശവത്തിൽ തൊട്ട് കണ്ണീരൊലിപ്പിച്ച് മൂക്കുവലിച്ച് ക്യാമറാഫ്ലാഷിന് ഏറുകണ്ണിട്ടുനോക്കി ഫേസൂക്കിൽ മുതലമൂത്രം ഒഴുക്കുന്ന... മോനേ ആത്മശാന്തി നേരുന്നു... മഹാരാജാസ് ചാക്കുകണക്കിന് ടൂൾസ് (പണിയായുധങ്ങൾ) പുജയ്ക്കുവെച്ചിരിക്കുന്ന പുണ്യ പുരാതന പവിത്ര സരസ്വതീ ഇടം ആണല്ലോ...?