പോക്സോ ആക്ടിനെ കുറിച്ച് രക്ഷിതാക്കൾ പഠിക്കേണ്ടതുണ്ട്
കൂക്കാനം റഹ്്മാൻ
വളരെ ചെറിയ കുഞ്ഞുങ്ങളെപ്പോലും ലൈംഗിക വൈകൃതങ്ങൾക്ക് കരുവാക്കുന്ന വാർത്തകൾ ദിനേനയെന്നോണം നാം കേട്ടുകൊണ്ടിരിക്കുകയാണ്. ഇതിനൊരറുതി വരുത്താൻ സർക്കാർ പോക്സോ ആക്ട് നടപ്പിൽ വരുത്തി. പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻസ് ഫ്രം സെക്ഷ്വൽ ഒഫൻസസ് (Protection of children from sexual offences (POCSO) 2012 മുതലാണ് നടപ്പിലായത്. താഴെപറയുന്ന തരത്തിലാണ് കുഞ്ഞുങ്ങളെ ലൈഗിംകമായി ചൂഷണം ചെയ്യുന്നത്.
1. ലൈംഗിക കടന്നുകയറ്റത്തിലൂടയുള്ള ആക്രമണം
2. ഗൗരവമായ ലൈംഗിക കടന്നുകയറ്റത്തിലൂടയുള്ള ആക്രമണം
3. ലൈംഗിക ആക്രമണം
4. ഗൗരവപരമായ ലൈംഗിക ആക്രമണം
5. ലൈംഗിക പീഡനം
6. അശ്ലീലകാര്യങ്ങൾക്കു വേണ്ടി കുട്ടിയെ ഉപയോഗിക്കുന്നത്.
ഇത്തരം കേസുകൾ ഒരു വർഷത്തിനകം പൂർത്തിയാക്കി വിധി പ്രസ്താവിക്കണം എന്നും, പീഡിപ്പിക്കപ്പെട്ട കുഞ്ഞുങ്ങളുടെ മൊഴി എടുക്കുന്പോഴും, കോടതിയിൽ ഹാജരാക്കുന്പോഴും, വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്പോഴും ശിശുസൗഹൃദ അന്തരീക്ഷം ഉണ്ടാവണമെന്നും പ്രസ്തുത ആക്ട് നിർദ്ദേശിക്കുന്നു. കുട്ടിയുടെ പേരോ വിവരങ്ങളോ മാധ്യമങ്ങളിലൂടെയോ, മറ്റു തരത്തിലോ പുറത്തറിയിക്കാൻ പാടില്ലാ എന്നും ഈ ആക്ടിൽ നിഷ്കർഷിക്കുന്നു.
ഇത്രയൊക്കെ ആയിട്ടും തങ്ങളുടെ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് അിറഞ്ഞാൽ പോലീസിലോ, ചൈൽഡ്ലൈനിലോ അറിയിക്കാൻ രക്ഷിതാക്കൾ വിമുഖത കാട്ടുന്നു. ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കേണ്ടത് അമ്മമാരാണ്. അവരാണ് വൈമുഖ്യം കാട്ടുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത്. കുഞ്ഞുങ്ങൾ തങ്ങൾക്കുണ്ടായ ദുരനുഭവം തെളിച്ചു പറഞ്ഞാലും, അത് പൊത്തിവെക്കാനാണ് രക്ഷിതാക്കൾക്കിഷ്ടം. ഇനിയും ഇത്തരം ഞരന്പുരോഗികൾ ഇതാവർത്തിക്കും എന്ന ധാരണ പോലും രക്ഷിതാക്കൾക്കില്ല. മക്കൾ തങ്ങൾ അനുഭവിച്ച പ്രയാസങ്ങൾ അമ്മമാരോടാണ് പറയാറ്. അത് അച്ഛനെ അറിയിക്കേണ്ട ബാധ്യത അമ്മമാർക്കുണ്ട്. അച്ഛനറിഞ്ഞാലും തങ്ങൾക്കും തങ്ങളുടെ കുടുംബത്തിനും അപമാനം വരുത്തിവെയ്ക്കും എന്ന ചിന്തയാണ് വേട്ടക്കാരനെതിരെ കേസുമായി പോകാൻ താൽപ്പര്യമില്ലാത്തത്.
ഒന്നു രണ്ടു സംഭവങ്ങൾ വായനക്കാരുമായി പങ്കിടുകയാണ്. ഒരു മതപഠന കേന്ദ്രത്തിലെ അദ്ധ്യാപകൻ താൻ പഠിപ്പിക്കുന്ന ക്ലാസിലെ പെൺകുട്ടികളോട് പെരുമാറിയ വിധം കൃത്യമായി കുട്ടികൾ പറഞ്ഞിട്ടും രക്ഷിതാക്കൾ പരാതി ഇല്ലാ എന്ന് പറയുകയാണ്. മൂന്നാം ക്ലാസിൽ മൂന്നു കുട്ടികളേയുള്ളൂ. രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയും, ഈ അദ്ധ്യാപകൻ രണ്ടു പെൺകുട്ടികളെയും ദ്രോഹിക്കാറുണ്ട്. അതിൽ ഒരു പെൺകുട്ടി നല്ല വിദ്യാഭ്യാസമുള്ള രക്ഷിതാക്കളുടെ മക്കളാണ്. ആ കുട്ടിപറയുന്നു. അയാൾ മോശമാണ്. എന്നെ (കവിൾ തൊട്ടു കാണിച്ച്) ഇവിടെ മുത്തം വെയ്ക്കും. അപ്പോൾ അയാളെ ശക്തിയായി തള്ളിമാറ്റും. അയാൾ അടുത്തുവരുന്പോൾ ഞാൻ പേടിച്ച് ബെഞ്ചിനടിയിൽ ഒളിക്കും. കുട്ടിക്ക് ഏഴുവയസ്സേ ആയിക്കാണൂ. രണ്ടാമത്തെ പെൺകുട്ടിയെ കാണാൻ പറ്റിയില്ല. അവളുടെ കവിളിലും മുറിവ് പറ്റിയിട്ടുണ്ട് പോലും.
ഇത്രയൊക്കെ ആയിട്ടും ഈ പെൺകുട്ടികളുടെ രക്ഷിതാക്കൾ പരാതിപ്പെടാൻ തയ്യാറല്ല. രണ്ടു പെൺകുട്ടികളുടെയും രക്ഷിതാക്കൾ ഉയർന്ന വിദ്യാഭ്യസമുള്ളവരാണ്. പ്രസ്തുത അദ്ധ്യാപകൻ ഇനിയും മറ്റു വിദ്യാലയങ്ങളിൽ പോയി പഠിപ്പിക്കും. ഇത്തരം ലൈഗിംക ക്രീഡകൾ തുടരുകയും ചെയ്യും.
ക്വാർട്ടേർസിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ മൂത്ത പെൺകുട്ടിയെ ഒരാൾ വന്ന് വണ്ടിയിൽ കയറ്റിക്കൊണ്ടുപോവുകയും തിരിച്ച് ആ കുട്ടിയുടെ വീട്ടിൽ എത്തിക്കുകയും ചെയ്യുന്ന കാര്യം നേരിട്ട് കണ്ട ഒരാൾ ചൈൽഡ് ലൈനിൽ വിളിച്ചു പറയുന്നു. പ്രവർത്തകർ ചെന്നു അന്വേഷിച്ചു വസ്തുത ശരിയാണെന്ന് തിരിച്ചറിഞ്ഞു. പക്ഷേ കുട്ടിയുടെ രക്ഷിതാക്കൾ കേസുമായി മുന്നോട്ട് പോകാൻ തയ്യാറല്ല. ഞങ്ങൾക്ക് പരാതിയൊന്നുമില്ല എന്നാണ് രക്ഷിതാക്കൾ പറഞ്ഞത്.
പോക്സോ ആക്ടിൽ നിർദ്ദേശിക്കുന്ന പ്രധാനപ്പെട്ട വകുപ്പുകളിലൊന്ന്, ഒരു കുട്ടിയെ പീഡിപ്പിച്ച വിവരം ഒരാൾ അറിഞ്ഞിട്ട് അത് ബന്ധപ്പെട്ട സ്ഥാപനത്തിലോ പോലീസിലോ അറിയിക്കണമെന്നാണ്. അങ്ങനെ അറിയിക്കാത്തവർക്കും പോക്സോ പ്രകാരം ശിക്ഷ ലഭിക്കും.
എടപ്പാളിലെ തിയേറ്ററിൽ പ്രായപൂർത്തി ആവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ വിവരവും തെളിവും നൽകിയ തിയേറ്റർ ഉടമ അഭിനന്ദനമർഹിക്കുന്നു. അദ്ദേഹം ചൈൽഡ്ലൈൻ പ്രവർത്തകരെയാണ് വിവരം അറിയിച്ചത്. ചൈൽഡ്ലൈൻ പ്രവർത്തകർ ചട്ടമനുസരിച്ച് പോലീസിന് കൈമാറി. പോലീസ് കേസ് വെച്ചു താമസിപ്പിച്ചു.
സന്നദ്ധ പ്രവർത്തനം നടത്തുന്ന ചൈൽഡ്ലൈൻ പ്രവർത്തകർക്ക് പോലീസിന്റെ ഭാഗത്തുനിന്നുള്ള നിഷ്ക്രിയത്വം സഹിക്കാൻ പറ്റാത്തപ്പോൾ പീഡിപ്പിക്കുന്ന ചിത്രമടക്കം പത്രങ്ങൾക്കും ചാനലുകൾക്കും നൽകി. അപ്പോഴാണ് പോലീസ് ഉണർന്നത്. പീഡനവിവരം നൽകിയ തിയേറ്റർ ഉടമയെ ശ്ലാഘിക്കേണ്ടതിനു പകരം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയാണ് പോലീസ് ചെയ്തത്. ചൈൽഡ്ലൈൻ പ്രവർത്തകരെയും കേസിൽ കുടുക്കാൻ ശ്രമിക്കുന്നുഎന്നാണ് കേട്ടറിവ്. കഴിഞ്ഞ കുറേ വർഷങ്ങളായി കുട്ടികൾക്ക് താങ്ങും തണലുമായി പ്രവർത്തിക്കുന്ന 1098 എന്ന ടോൾ ഫ്രീ നന്പറിലേക്ക് ഇനി വിളിവരുമോ? തങ്ങളെയും കുടുക്കിക്കളയും എന്ന ചിന്ത ഇൻഫർമേഷൻ നൽകുന്ന വ്യക്തികളെയും ബാധിക്കില്ലേ?
ഈ ക്രൂരതയ്ക്ക് ഒരു വിരാമമിടണം. രക്ഷിതാക്കൾ, പ്രത്യേകിച്ച് അമ്മമാർ ഉൽബുദ്ധരാവണം. എന്റെ കുട്ടിക്ക് വന്ന ഈ അവസ്ഥ മറ്റൊരു കുട്ടിക്ക് ഉണ്ടാവരുത് എന്ന് അവർ മനസ്സിൽ ഉറപ്പിക്കണം. തെറ്റ് ചെയ്യുന്നവനെ ചൂണ്ടിക്കാട്ടി ഇവനാണ് ആക്രമിച്ചതെന്ന് പറയാൻ ചങ്കൂറ്റം കാണിക്കണം.
വർത്തമാനകാലത്ത് കുട്ടികളെ സംരക്ഷിക്കുന്നതിന് വിവിധ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. ജില്ലതോറും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുകളുണ്ട്. ചൈൽഡ് വെൽഫെയർ കമ്മറ്റികളുണ്ട്, ശിശുക്ഷേമസമിതികളുണ്ട്, ചൈൽഡ്ലൈനുണ്ട്. ഇവ പ്രയോജനപ്പെടുത്തി നമ്മുടെ കുഞ്ഞുങ്ങൾക്ക് സുരക്ഷ നൽകണം. പീഡിപ്പിക്കപ്പെടുന്ന വേട്ടക്കാർക്ക് കടുത്തശിക്ഷ വാങ്ങിക്കൊടുക്കാൻ രക്ഷിതാക്കൾ തയ്യാറാവണം. നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതരായി വളരണം. അവരെ പീഡിപ്പിക്കുന്ന അവസ്ഥ ഇല്ലാതാവണം. കേസും കൂട്ടവുമായി പോയാൽ നാണക്കേടിലാവും എന്ന തോന്നൽ ഉപേക്ഷിക്കണം. പകരം തന്റേടത്തോടെ നേരിട്ടാൽ സമൂഹത്തിന്റെ അംഗീകാരമാണ് ലഭിക്കുക.
മക്കളെ സുഹൃത്തുക്കളായി കാണണം. എല്ലാം തുറന്നു പറയാനുള്ള മാനസിക കരുത്ത് അവർക്ക് ഉണ്ടാക്കിക്കൊടുക്കണം എങ്കിലേ ഇന്ന് കാണുന്ന ബാല ലൈഗിംക പീഡനങ്ങൾക്ക് അറുതി വരൂ...