ശാസ്ത്രം ജയിക്കുന്നു ; മനുഷ്യൻ തോൽക്കുന്നു
സുമ സതീഷ്
‘അറിവ്’ എന്നർത്ഥം വരുന്ന ‘സയന്റിയ’ എന്നലാറ്റിൻ പദത്തിൽ നിന്നാണ് സയൻസ് (ശാസ്ത്രം) എന്ന നാമകരണം ഉടലെടുത്തത്. പ്രപഞ്ചത്തെ പറ്റിയുള്ള ഏതൊരറിവും സമാഹരിക്കുകയും ക്രോഡീകരിച്ചു പഠനം നടത്തുകയും പരീക്ഷണങ്ങളിലൂടെ പ്രവചനങ്ങൾ നടത്തി തെളിയിക്കുകയും സത്യത്തെ അറിയുകയും നേടിയ അറിവുകളെ ക്രമീകരിച്ച് ജനങ്ങളെ ബോധവാൻമാർ ആക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് ശാസ്ത്രം. പ്രകൃതിയെപ്പറ്റിയുള്ളഅറിവിനെയായിരുന്നു ശാസ്ത്രം എന്ന് വിളിച്ചിരുന്നത്. ഇത്തരം അറിവ് എല്ലാ സമൂഹങ്ങളിലും ഒന്നു തന്നെയായിരുന്നു. ശാസ്ത്രം ഉപയോഗപഥത്തിൽ കൊണ്ടുവരുന്നയാളെ ശാസ്ത്രജ്ഞൻ എന്നാണ് വിളിക്കുന്നത്.
ശാസ്ത്രജ്ഞർ അവരുടെ പ്രശ്ന പരിഹാരത്തിന് ബുദ്ധിശക്തിയും ചിന്തകളും ഉപയോഗിക്കുന്നു. തുറന്ന കണ്ണുകളും ശുനകന്റെ മൂക്കും കൂർപ്പിച്ച കാതും, തൊട്ടും രുചിച്ചും കൊണ്ട് സകല ഇന്ദ്രിയങ്ങളും ഉപയോഗപ്പെടുത്തി എന്തും അറിയാനുള്ള ആർജവം കൈവരിച്ചു കണ്ടുപിടുത്തങ്ങൾ നടത്തുന്നു. ശാസ്ത്രജ്ഞർ ഒരുപാടു ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാകുന്നു. ലോകത്തെ നയിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരങ്ങൾ ശാസ്ത്രജ്ഞരാണ് നൽകുന്നത്. ഇത് നടപ്പിലാക്കുന്നത് വിവിധ ഗവൺമെന്റുകളും മറ്റനേകം വകുപ്പുകളും ആണെന്ന് മാത്രം. ലോകത്തിന്റെ നാഡി ആണ് ശാസ്ത്രജ്ഞർ. ലോകത്തിന്റെ സ്പന്ദനം അവരുടെ കൈകളിലാണ്.
ശാസ്ത്രത്തിന്റെ ശാഖകൾ ഉൾക്കൊള്ളുന്നത് ശാസ്ത്രമേഖലയിലെ ഗവേഷണങ്ങളും ശാസ്ത്രപരമായ വിഷയങ്ങളും ആണ്. ശാസ്ത്രത്തെ പ്രധാനമായും മൂന്നായി തരം തിരിച്ചിരിക്കുന്നു. അവ പ്രകൃതി ശാസ്ത്രങ്ങൾ (നാച്ചുറൽ സയൻസസ്), ഔപചാരിക ശാസ്ത്രങ്ങൾ (ഫോർമൽ സയൻസസ്), സാമൂഹ്യശാസ്ത്രങ്ങൾ (സോഷ്യൽ സയൻസസ്) എന്നിങ്ങനെ ആണ്. അതിൽ ജ്യോതിശാസ്ത്ര, ഭൗമശാസ്ത്ര, രാസഘടന-ജീവശാസ്ത്രപരമായ ഘടകങ്ങൾ ഒക്കെ ഉൾപ്പെടുന്ന പ്രകൃതിതത്ത്വ ശാസ്ത്രവും, അടിസ്ഥാന ഗണിതവും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉൾപ്പെടുന്ന ഫോർമൽസയൻസും, മാനുഷിക മൂല്യങ്ങളും സമൂഹവും അടങ്ങുന്ന സാമൂഹികശാസ്ത്രവും ഇന്ന് വളരെ അധികം ഉന്നതിയിൽ എത്തിയിരിക്കുന്നു.
ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്ത് നടക്കുന്ന പ്രതിഭാസങ്ങളേയും ഗ്രഹങ്ങൾ, ധൂമകേതുക്കൾ, നക്ഷത്രങ്ങൾ, താരാപഥങ്ങൾ തുടങ്ങിയവയേയും കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ജ്യോതിഃശാസ്ത്രം (Astronomy). ഭൗതികമായി നിലനിൽക്കുന്ന എല്ലാം ചേർന്ന പ്രപഞ്ചത്തിനു 1382 കോടി വർഷമാണ് പഴക്കം എന്ന് നമ്മുടെ ജ്യോതിശാസ്ത്രം പറയുന്നു. ജ്യോതിശാസ്ത്രത്തിൽ ഭാരതത്തിന്റെ പങ്കു വളരെ വലുതാണ്. എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ ചില ശാസ്ത്രങ്ങൾ വിവക്ഷിക്കപ്പെട്ടതും ജനങ്ങളിൽ എത്തിക്കപ്പെട്ടതും പലതരത്തിലാണ്. ഇന്നും പല അന്ധവിശ്വാസങ്ങളും വിശ്വാസങ്ങളും ശാസ്ത്രത്തിനു മുന്നിൽ ചോദ്യ ചിഹ്നമായി കാണുന്നു. അതിനൊരു ശാശ്വത പരിഹാരവും നമ്മുടെ ശാസ്ത്രജ്ഞർ കണ്ടെത്തിയേ മതിയാകൂ.
ബാഹ്യാകാശത്തേയ്ക്കോ, ബാഹ്യാകാശത്തിലൂടെയോ നടക്കുന്ന യാത്രയെയാണ് ശൂന്യാകാശയാത്ര (ബഹിരാകാശയാത്ര) എന്നു വിളിക്കുന്നത്. മനുഷ്യർ ഉള്ള ശൂന്യാകാശപേടകങ്ങളിലും ഇല്ലാത്തവയിലും ഇത്തരം യാത്ര നടത്താവുന്നതാണ്. ഭൗമോപരിതലത്തിൽ നിന്ന് 100 കിലോമീറ്ററിൽ (62 മൈൽ) കൂടുതൽ ഉയരത്തിൽ സഞ്ചരിക്കുന്ന ആളാണ്` ബഹിരാകാശസഞ്ചാരി. അതിനെ കുറിച്ച് പഠനവും ഗവേഷണവും നടത്തി ശാസ്ത്ര സത്യങ്ങൾ കണ്ടെത്തുന്ന ആളാണ് ബഹിരാകാശ ശാസ്ത്രജ്ഞൻ. ബഹിരാകാശ യാത്രയെ പറ്റിയുള്ള പല വാർത്തകളും നമ്മെ ഉദ്വേകജനകരാക്കുന്നു.
ആദ്യത്തെ ബഹിരാകാശ സഞ്ചാരി യൂറിഗഗാറിൻ, ബഹിരാകാശ യാത്രനടത്തിയത് വോസ്റ്റൊക്ക്- 1 -ലായിരുന്നു. വോസ്റ്റൊക്ക് -6 -ൽ യാത്ര നടത്തിയ വാലന്റീന തെരഷ്കോവ ആദ്യ വനിതാ ബഹിരാകാശ യാത്രക്കാരിയായിരുന്നു. വോസ്റ്റോക്ക് ആയിരുന്നു പ്രഥമ ബഹിരാകാശ വാഹനം. ഏറ്റവും കൂടുതൽ ബഹിരാകാശ യാത്ര നടത്തിയ റെക്കോർഡ് സോയുസ് ബഹിരാകാശ വാഹനങ്ങൾക്കാണ്. ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ് ഇസ്രോ (ISRO) (ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ). ബഹിരാകാശ ഗവേഷണ പ്രസ്ഥാനത്തിന് ഇന്ത്യയിൽ അടിത്തറ പാകിയത് വിക്രം സാരാഭായ് എന്ന അതുല്യ പ്രതിഭയായിരുന്നു. അതുകൊണ്ടു തന്നെ ബഹിരാകാശ ഗവേഷണപദ്ധതിയുടെ പിതാവായി അദ്ദേഹം അറിയപ്പെടുന്നു. ഇന്ത്യയിലെ ബഹിരാകാശ ഗവേഷണം ഔപചാരികമായി തുടക്കം കുറിച്ചത് 1961-നാണ്. 1963 നവംബർ 21 ന് തുമ്പയിലെ INCOSPAR കേന്ദ്രത്തിൽ നിന്നും ആദ്യ റോക്കറ്റ് കൂതിച്ചുയർന്നു. പിന്നീട് തിരുവനന്തപുരം വിക്രം സാരാഭായിയുടെ കർമ്മ മണ്ധലമായി തീർന്നു. ബഹിരാകാശവകുപ്പിന് കേന്ദ്രസർക്കർ രൂപം നൽകൂകയും ISRO-യെ ഈ കുടക്കീഴിൽ കൊണ്ടു വരികയും ചെയ്തു. ഡോ. എ.പി.ജെ. അബ്ദുൾ കലാം, യു.ആർ. റാവു, കസ്തൂരിരംഗൻ, ജി. മാധവൻ നായർ എന്നിവരെ ഇക്കാലത്താണ് വിക്രം സാരാഭായിക്ക് ശിഷ്യരായി ലഭിക്കുന്നത്. ഇന്ന് ഭാരതം ഈ മേഖലയിൽ അത്യുന്നതിയിലെത്തിയിരിക്കുന്നു.
ശാസ്ത്രവും വിശ്വാസവും എങ്ങിനെയൊക്കെ ബന്ധപ്പെടുത്തിയിരിക്കുന്നു അല്ലെങ്കിൽ എന്താണ് ശരി എന്ന ഒട്ടനവധി ചോദ്യങ്ങൾക്കു ഉത്തരം ലഭിക്കേണ്ടതുണ്ട്. സമൂഹത്തെ ശരിയായി നയിക്കുന്നതിൽ ബന്ധപ്പെട്ടവർ തികച്ചും ഉത്തരവാദികളാണ്. നിരീശ്വരവാദികളുടേയും അന്ധമായ കമ്മ്യൂണിസത്തിന്റേയും അതിപ്രസരം നമ്മുടെ സംസ്കാരത്തിന് പല തരത്തിലും ദോഷം വരുത്തുന്നുണ്ട്. അന്ധവിശ്വാസങ്ങളും ദൂരീകരിക്കേണ്ടതുണ്ട്. എല്ലാത്തിനേയും ക്രോഡീകരിച്ച് ശ്രേഷ്ടമായ നിർവചനം പുതുതലമുറക്ക് അത്യാവശ്യം തന്നെ ആണ്. നമ്മുടെ വിദ്യാഭ്യാസ കാലഘട്ടത്തിലൊന്നും ഇന്നത്തെ അത്ര ശാസ്ത്ര സാങ്കേതിക വളർച്ച ഉണ്ടായിട്ടില്ല. അത്കൊണ്ടു തന്നെ ഇന്നത്തെ കുട്ടികളെ പോലെ ലോകം കൈവെള്ളയിലൊതുക്കാനും നമുക്കായിട്ടില്ല. എന്നാലും അന്നത്തെ പത്രങ്ങളിലൂടെയും റേഡിയോ വഴിയും ടെലിവിഷൻ വഴിയും ബഹിരാകാശത്തെ കുറിച്ചു കുറച്ചെങ്കിലും കേട്ടിട്ടും കണ്ടിട്ടും അറിയാൻ പറ്റിയിട്ടുണ്ട്.
‘’സോവിയറ്റ് യൂണിയൻ’’ എന്ന മാഗസിൻ വർണ്ണാഭമായ പേജുകളിൽ കിട്ടിയിരുന്നത് വായിച്ചെടുക്കാൻ വലിയ ആവേശമായിരുന്നു. മാഗസിനിലെ ബഹുവർണ്ണ ചിത്രങ്ങളോടെ വന്ന ബഹിരാകാശ യാത്രയുടെ വാർത്തകൾ നമ്മളെ എത്ര ആവേശം കൊള്ളിച്ചിട്ടുണ്ട്. ബഹിരാകാശ വിഷയത്തിൽ പഠിക്കാനും കൂടുതലറിയാനും നാമേവരും ഉദ്വേഗജനിതരാണ്. ഭാരം അനുഭവപ്പെടാതെയുള്ള ഒഴുകി നടത്തം തന്നെയാണ് ഏറ്റവും പ്രിയം. അന്നത്തെ നമ്മുടെ കൗതുകവും ജിജ്ഞാസവും ഒന്നും ഇന്നത്തെ മക്കൾക്കില്ലാതെ പോകുന്നത് സോഷ്യൽ മീഡിയയുടെ കടന്നു കയറ്റം തന്നെ യാണ്. ലോകം തന്റെ കൈ പിടിയിലൊതുക്കുന്ന ന്യൂജെൻ, ഫലത്തിൽ ഒന്നുമാകാതെ പോകുന്നോ?. മറിച്ചുള്ള കുട്ടികൾ അനേകം ഉണ്ടെങ്കിലും ഒരു കൂട്ടം പുതു തലമുറയെ മാറ്റേണ്ടതുണ്ട്.
ബഹിരാകാശ യാത്രയിലെ നിർണ്ണായക നിമിഷങ്ങളേയും അനുഭവങ്ങളേയും കുറിച്ച് അറിയുന്പോൾ നമ്മൾ കോരിത്തരിക്കാറുണ്ട്. ഇന്നിപ്പോ എല്ലാം വിശദമായി വീഡിയോ വഴി മക്കൾ കണ്ടു രസിക്കുന്നു. മനസിന്റെ കോണിൽ ശാസ്ത്രത്തോട് ആഗ്രഹം തോന്നാൻ പലകാരണങ്ങൾ ഉണ്ട്. ഒരിക്കൽ മാനത്ത് അവിചാരിതമായി അത്യപൂർവ്വ കാഴ്ച നേരിട്ട് കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. നല്ല നിലാവുള്ള രാത്രി. ഒരില പോലും അനങ്ങാതെ, നിശ്ചലമായുറങ്ങുന്ന പ്രകൃതി, അങ്ങിങ്ങായി ചീവീടുകളുടെ തുളയ്ക്കുന്ന ശബ്ദം, പെട്ടെന്ന് തലയ്ക്കു മുകളിലൂടെ എന്തോ നീങ്ങുന്നതായി തോന്നി. മുകളിലേയ്ക്ക് നോക്കിയപ്പോ കണ്ട കാഴ്ച.! ആകാശത്തു ‘’പേടകം’’ പോലൊന്ന് പറക്കുന്നു. ആ മനോഹര കാഴ്ച അവിശ്വസനീയമായി കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നു ഇപ്പഴും. അതെന്തായിരുന്നെന്ന ചോദ്യം ഇന്നും ബാക്കി നിൽക്കുന്നു. ബഹിരാകാശ യാത്രികരുടെ അനുഭവങ്ങൾ വായിക്കാനും അറിയാനും മറ്റേതു വിഷയത്തേക്കാളും കൗതുകവും ആവേശകരവുമാണ്. ചന്ദ്രനിലും ആളുകൾ ഭൂമി വാങ്ങി തുടങ്ങിയിരിക്കുന്നെന്നു കേൾക്കുന്നു. ആദ്യം തമാശയായി തോന്നാമെങ്കിലും ഇതും ഒരു യാഥാർഥ്യമാണെന്നറിയുക. വ്യക്തമായ രേഖകളും നിയമാവലിയും ഉള്ള അനവധി സ്ഥലങ്ങൾ ചിലരൊക്കെ സ്വന്തമാക്കിയിരിക്കുന്നു!!. അത് നമ്മുടെ നാട്ടുകാരനായ കാസർകോട്ടുകാരൻ മലയാളി എന്നറിയുന്പോൾ അത്ഭുതം തോന്നാതിരിക്കില്ല. അന്പിളിമാമനെ നോക്കി ഞങ്ങളും കൂടി വന്നോട്ടെ എന്ന് പാടുന്ന മാലോകരെ എന്നായിരിക്കും കുന്പിളിലേറ്റുക അദ്ദേഹം?. വരും തലമുറക്കാവും ആ ഭാഗ്യം.
ഭൗമാന്തരീക്ഷത്തിലും ഉൾക്കടലിലും സംഭവിക്കുന്ന അത്യപൂർവ്വ മാറ്റങ്ങൾക്കും പലതരത്തിലുള്ള പ്രകൃതി ദുരന്തങ്ങൾക്കും വലിയ ക്ഷോഭങ്ങൾക്കും നമ്മൾ സാക്ഷിയായിക്കൊണ്ടിരിക്കയാണ്. അതി ബുദ്ധിമാനെന്നു അവകാശപ്പെടുന്ന മനുഷ്യർ കാട്ടികൂട്ടുന്ന പല ഉത്തവാദിത്തമില്ലാത്ത പ്രവൃത്തികളിലൂടെ തന്നെ ഭൂമിക്കു നാശം സംഭവിച്ചു കൊണ്ടിരിക്കയാണ്. പല നേതാക്കളും വിവിധ സംഘടനകളും അത്യാപത്തുകളെ തടയാനും വേണ്ട നടപടികളെ കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കാനും ഒരു പരിധിവരെ ശ്രമിക്കുന്നുണ്ടെങ്കിലും വലിയൊരു വിഭാഗം ജനങ്ങളുടെ തെറ്റായ പ്രവൃത്തികൾ ഭൂമിക്കെന്നല്ല പ്രപഞ്ചത്തിനു തന്നെ ഭീഷണി ആകുന്നുണ്ട്. ലോകാവസാനം അടുത്തെന്നും പുതിയ മേച്ചിൽ പുറങ്ങൾ തേടേണ്ടി വരുമെന്ന കണക്കു കൂട്ടലുമായി ശാസ്ത്രലോകം തന്നെ ഒരു നിഗമനത്തിൽ എത്തപ്പെടുന്പോൾ അറിയാമല്ലോ സാധാരണക്കാരായ ജനങ്ങളുടെ പരക്കം പാച്ചിലുകൾ. അടുത്ത ഗ്രഹങ്ങളും മറ്റും ജനവാസമാണോ എന്നും അന്യ ജീവികൾ ഉണ്ടോ എന്നുമുള്ള കണ്ടുപിടുത്തങ്ങൾ നടക്കുന്നു.
തമാശയ്ക്കണേലും കോമഡി സ്കിറ്റുകളിൽ പറയുന്ന ഒരു കുപ്പി ശുദ്ധമായ വെള്ളത്തിന് ഇനി ചൊവ്വയിൽ പോകേണ്ടി വരുമെന്ന അവസ്ഥ ഒരുപാടു വിദൂരമല്ലലോ? നാൽപ്പത്തിനാലു പുഴകളും എണ്ണമറ്റ അരുവികളും കുളങ്ങളും തടാകങ്ങളും നീരുറവകളും ഒക്കെ ഉള്ള, കടലിനോടു ചേർന്ന് നീണ്ടു നിവർന്നു കിടക്കുന്ന ഒരു കൊച്ചു സംസ്ഥാനമായ കേരളത്തിൽ പോലും വെള്ളമില്ലാതെ ഉഴലുന്ന ജീവികൾ...!!! ഉഷ്ണ രാജ്യം തേടി പോകുന്ന കിളികളും മറ്റും കേരളത്തിൽ എത്തി എന്ന് പറഞ്ഞാൽ മരുഭൂമിക്ക് തുല്യമായിക്കൊണ്ടിരിക്കുന്ന അവസ്ഥ ഭീകരമാണ്. പരിഷ്കരിച്ചു ഭൂമിയെ ഇല്ലാതാക്കുന്ന മനുഷ്യൻ എന്നാണ് തിരിച്ചു പ്രകൃതിയിലേക്ക് വരിക?
എത്ര വലിയ നേട്ടങ്ങൾ ശാസ്ത്രം നേടുന്പോഴും മനുഷ്യൻ തോൽക്കുന്നു എന്നതാണ് സത്യം. ഭൗതിക ശാസ്ത്രാചാര്യൻ സ്റ്റീവ് ഹോക്കിങ് പ്രവചിച്ച ലോകാവസാനത്തിന്റെ ഒരു കാരണം കൃത്രിമ ബുദ്ധിശക്തി എന്നതായിരുന്നു. അതിന്റെ വ്യാപനം കൂടുന്നതിലൂടെ ഭയപ്പെടേണ്ട പലതുമുണ്ട്. നാളെ ദന്പതികൾ റോബോട്ട് മക്കളെയും മക്കൾ റോബോട്ട് മുത്തച്ഛൻമാരെയും മാത്രം ആശ്രയിക്കില്ലെന്നാരു കണ്ടു. യന്ത്രം വഴി മനുഷ്യന് നേരിടേണ്ട പലതും ചാർളിചാപ്ലിൻ തന്റെ സിനിമയിൽ വളരെ ഭംഗിയായി അവതരിപ്പിച്ചിരുന്നു. ഇന്നത്തെ ലോകം എല്ലാം അധീനതയിലാക്കി ഇരിക്കുന്നു. ഡ്രൈവർ ഇല്ലാത്ത കാറും റോബോട്ടുകളും അലെക്സയും തുടങ്ങി പല പല ബുദ്ധിയുള്ള യന്ത്രങ്ങളെ സൃഷ്ടിക്കുവാനുള്ള ശാസ്ത്രവും എൻജിനീയറിങ്ങും വളർന്നു വളർന്നു ആകാശം മുട്ടി നിൽക്കുന്നു. ശാസ്ത്രം വളരുന്പോഴും മനുഷ്യർ ഭൂമിയെ ഇഞ്ചിഞ്ചായി വെട്ടി നുറുക്കി തോൽവി പുൽക്കുന്നു. അങ്ങിനെ ഒക്കെ ആണെങ്കിലും ശാസ്ത്രം അജയ്യമാണ് അത് പ്രപഞ്ചം ഉള്ള കാലം വരേയും ചിലപ്പോൾ അതിനപ്പുറവും കാണും. അതുകൊണ്ടു തന്നെ പുതുതലമുറ ചൊവ്വയിലേയ്ക്കും ചന്ദ്രനിലേയ്ക്കും ചേക്കേറുന്നത് സ്വപ്നം മാത്രമല്ല യാഥാർഥ്യമാകും അധികം വൈകാതെ. നമ്മളിൽ ആരൊക്കെ അത് കാണും എന്നത് മാത്രമാണ് വിഷയം. യുറേക്കാ... യുറേക്കാ... യുറേക്കാ...