നെൽവയൽ സംരക്ഷണ നിയമം അട്ടിമറിച്ചത് ആർക്കു വേണ്ടി ?
ഇ.പി അനിൽ
epanil@gmail.com
ലോകത്തെ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഡൽഹി ആരവല്ലി താഴ്്വര എന്ന നിലയിൽ ഒരു കാലത്ത് ഏവരെയും ത്രസിപ്പിച്ചു വന്നിരുന്നു. ഇന്ന് ആ നഗരം പൊടിക്കാറ്റിനാലും സ്മോഗിനാലും (പൊടികൾ നിറഞ്ഞ മഞ്ഞുതുള്ളികൾ) കൊടും ചൂടിനാലും കൊടും തണുപ്പിനാലും നമ്മുടെ ഉറക്കം കെടുത്തുന്നുണ്ട്. അങ്ങനെയുള്ള നഗരത്തിലെ 14000ലധികം മരങ്ങൾ വികസനത്തിന്റെ പേരിൽ വെട്ടിവീഴ്ത്തു ന്നതിൽ സർക്കാർ ഒരു തെറ്റും കാണുന്നില്ല.
ചെന്നൈ നഗരത്തിൽ തുലാമഴയുടെ കാലത്ത് ഉണ്ടാകുന്ന വെള്ളപൊക്കവും മറ്റനുബന്ധ പ്രശ്നങ്ങളും എത്ര വലിയ ദുരന്തങ്ങളാണ് ജനങ്ങൾക്ക് ആവർത്തിച്ചു നൽകിവരുന്നത്. തമിഴ്നാട്ടിൽ (സേലം-ചെന്നൈ) പുതിയതായി പണിയുന്ന കോറി ഡോറിനായി മുറിച്ചു മാറ്റുന്ന മരങ്ങൾ നിരവധി ലക്ഷങ്ങൾ ആണ്. ജനങ്ങൾ പ്രതിഷേധിച്ചു മുന്നേറുന്നു. മുംബൈ നഗരത്തിൽ മിക്ക വർഷങ്ങളിലും ഉണ്ടാകുന്ന വെള്ളപൊക്കം കോടികളുടെ നഷ്ടവും നിരവധി ജീവഹാനികളും വരുത്തി വെയ്ക്കുന്നു. ഇത്തരം ദുരിതങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ വിവിധ രൂപത്തിൽ സംഭവിക്കുന്നുണ്ട്. അവയെ ദുരന്തത്തിന് മുൻപോ ശേഷമോ സർക്കാർ ഗൗരവതരമായി പരിഗണിക്കാറില്ല.
കേരളീയരുടെ സമീകൃത ആഹാര ലഭ്യതയിൽ വലിയ പങ്കു വഹിക്കുന്ന മത്സ്യങ്ങളുടെ തോത് അറബിക്കടലിൽ പോലും കുറവ് ഉണ്ടായിരിക്കുന്നു. സുനാമിയും അതിനു ശേഷം അടിക്കടി ഉണ്ടാകുന്ന കൊടുങ്കാറ്റുകളും കടലിന്റെ അടിത്തട്ടുകളെ ഇളക്കി മറിച്ചു. കടലിൽ എത്തുന്ന കോടിക്കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കടൽ ജീവികൾക്ക് ഭീഷണിയായി. മലയാളികൾക്ക് ആവശ്യമുള്ള മീനുകൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇവിടെ എത്തേണ്ട അവസ്ഥയുണ്ടായി. അതിൽ അടങ്ങിയ അപകടകരമായ രാസപദാർത്ഥങ്ങൾ ഇന്നു നമ്മുടെ ആരോഗ്യ രംഗത്തിന് ഭീഷണിയാണ്. ഫോർമാലിൻ, സോഡിയം ബാൻസോയറ്റ് തുടങ്ങിയ ശരീരത്തിനു ഹാനീകരമായ വസ്്തുക്കൾ അടങ്ങിയ മത്സ്യങ്ങൾ വൻതോതിൽ കേരളത്തിൽ എത്തുന്നു എന്ന വാർത്ത മലയാളികളെ ആശങ്ക പെടുത്തികൊണ്ടിരിക്കുകയാണ്. ഇങ്ങനെയുള്ള വിവിധ പ്രശ്നങ്ങൾ നമ്മുടെ ഇടയിൽ ഉണ്ടാക്കുവാൻ പരിസ്ഥിതിയിലെ അട്ടിമറികൾ അവസരം ഒരുക്കിവരുന്നു. കേരളം പോലെ വളരെയധികം പാരിസ്ഥിതിക പ്രത്യേകതകൾ ഉള്ള ഇടങ്ങളിലെ ഭൂ ഘടനയിലെ മാറ്റങ്ങൾ കാലാവസ്ഥാ വ്യതിയാനമായി പെട്ടെന്നു പ്രതിഫലിക്കും. ഉരുൾപൊട്ടൽ മുതൽ നിപ്പയും വിവിധ തരം പുതിയ രോഗങ്ങളും ജലക്ഷാമവും സൂര്യഘാതവും കടലാക്രമണവും ഒക്കെ ഇവിടെ അനുഭവപ്പെടുന്നത് സ്വാഭാവിക പരിസ്ഥിതിയിൽ മനുഷ്യർ നടത്തുന്ന തെറ്റായ ഇടപെടലുകളിലൂടെയാണ്.
കേരളത്തിൽ പരിസ്ഥിതി പ്രശ്നങ്ങൾ രാഷ്ട്രീയ മണ്ധലങ്ങളിൽ ചർച്ചയായി മാറിയിട്ട് ഏറെ നാളുകൾ ആയിട്ടില്ല. സ്റ്റോക്ക് ഹോം സമ്മേളനത്തിന്റെ ഭാഗമായി ലോകത്താദ്യം പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുവാൻ ഭരണകൂടം ബാധ്യതപ്പെട്ടിരിക്കുന്നു എന്ന് നിയമ ഭേദഗതി ഉണ്ടാക്കിയ ഇന്ത്യയിലെ ഏറ്റവും സാക്ഷരത അവകാശപ്പെട്ടുവരുന്ന കേരളത്തിൽ പക്ഷേ പരിസ്ഥിതി വിഷയങ്ങളോടെ രാഷ്ട്രീയ പാർട്ടികൾ മുഖം തിരിച്ചു വന്നു. സയലന്റ്വാലീ (കുന്തി പുഴ), മാവൂർ റയോൺസ് മുതലായ വിഷയങ്ങളിൽ ശാസ്ത്ര സാഹിത്യ പരിഷത്തും മറ്റു പരിസ്ഥിതി ഗ്രൂപ്പുകളും സജീവമായി സമരങ്ങൾ സംഘടിപ്പിക്കുന്പോൾ അതിനെതിരെ തൊഴിലാളി അവകാശങ്ങൾ പറഞ്ഞ്, പരിസ്ഥിതി പ്രവർത്തകർ വികസനവിരുദ്ധരും തൊഴിലാളി വിരുദ്ധരും ആണ് എന്ന് സംഘടിതമായി പ്രതികരിക്കുവാൻ വിവിധ രാഷ്ട്രീയ പാർട്ടികൾ മടികാണിച്ചില്ല. മാവൂർ വ്യവസായ യൂണിറ്റ് സംരക്ഷിക്കൽ ആണ് ചാലിയാർ പുഴയുടെ സംരക്ഷണത്തിലും പ്രധാനം എന്ന് വാദമുയർത്തിയ നേതാക്കൾ ചാലിയാർ തീരങ്ങളിൽ വർദ്ധിച്ച തോതിൽ അർബുദം ഉണ്ടാകുന്നു എന്ന വാർത്തകളെ പോലും താമസ്ക്കരിച്ചു. കുന്തി പുഴയും അതിന്റെ വൃഷ്ടി പ്രദേശവും നിലനിർത്തേണ്ടതിന്റെ ആവശ്യകതെ മറന്നുകൊണ്ട് സിംഹവാലൻ കുരങ്ങുകൾക്ക് മനുഷ്യരേക്കാൾ പ്രാധാന്യം എന്ത് എന്ന ചോദ്യം ഉയർത്തുവാൻ തൊഴിലാളി സംഘടനാ നേതാക്കളും അവരുടെ പാർട്ടികളും മുന്നിൽ ഉണ്ടായിരുന്നു. എന്നാൽ കേരളത്തിലെ പൊതുജനങ്ങൾ പതുക്കെ പതുക്കെ പരിസ്ഥിതിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞു തുടങ്ങിയതായി ആണവ-താപ നിലയ വിരുദ്ധ സമരങ്ങളിൽ നിന്നും മനസ്സിലാക്കുവാൻ കഴിയും. നെൽപ്പാടങ്ങളിൽ നടത്തുന്ന നെൽഇതര കൃഷിക്കെതിരെ തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുവാൻ വിഎസ് അച്ചുതാനന്ദൻ നേതൃത്വം കൊടുത്തു നടത്തിയ നെൽവയൽ സംരക്ഷണ സമരം ഫലത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായിരുന്നു. എന്നാൽ ആ സമരത്തെ നമ്മുടെ പത്രങ്ങൾ വെട്ടി നിരത്തൽ സമരമായി ചുരുക്കിക്കണ്ടു. തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കുവാൻ പരിസ്ഥിതി രംഗത്തെ ഇടപെടൽ സഹായകരമാണ് എന്ന് അറിയിക്കുന്ന നെൽവയലുകൾ നെൽകൃഷി എന്ന ആവശ്യം ഉന്നയിച്ച കർഷക തൊഴിലാളി സമരം പരിസ്ഥിതി വിഷയത്തിലേയ്ക്ക് രാഷ്ട്രീയ പാർട്ടികൾ പടിപടിയായി എത്തുകയാണ് എന്ന് തോന്നിപ്പിച്ചു. പിൽക്കാലത്ത് മതികെട്ടാൻ മല നിരകളുടെ സംരക്ഷണം, പെരിയ മരം മുറിക്കൽ വിരുദ്ധ പ്രചാരണങ്ങളിൽ ഒക്കെ പാർട്ടികൾ അഭിപ്രായം പറയുവാൻ തുടങ്ങി. മുന്നാർ തോട്ടങ്ങൾ കുത്തകകളിൽ നിന്നും പിടിച്ചെടുക്കുവാൻ വി.എസ്സർക്കാർ നടത്തിയ ശ്രമങ്ങൾ പരിസ്ഥിതി വിഷയം രാഷ്ട്രീയ രംഗത്തും സജീവമായി മാറുന്നു എന്ന് ഓർമ്മിപ്പിച്ചു.
2008ൽ കേരളത്തിൽ ഉണ്ടായ രണ്ടു നിയമങ്ങൾ പരിസ്ഥിതി വിഷയങ്ങളിലുള്ള ജനങ്ങളുടെ ഉത്കണ്ഠയുടെ പരിണിത ഫലമായി കാണാം. സർക്കാർ കൊണ്ടുവന്ന ജല നയം സംസ്ഥാനത്തെ ജലശ്രോതസുകളുടെ ശോഷണത്തെ അംഗീകരിക്കുന്നു. നീരുറവകൾ ഇല്ലാതെയാകുന്നു എന്നും നദികളുടെ രൂപീകരണത്തിൽ സഹായിക്കുന്ന ഒന്നാം നിര ഒഴുക്കുകൾ (ഊറ്റ്) (first grade stream), അവയിൽ നിന്നും എത്തുന്ന രണ്ടാം നിര ചാലുകൾ, അവയിൽ നിന്നും ഉണ്ടാകുന്ന അരുവികൾ പിന്നീട് തോടുകൾ, നദികൾ, പുഴകൾ അതാതിന്റെ പ്രത്യേകതകളാൽ സംരക്ഷിക്കപ്പെടണം എന്ന് നയം വ്യക്തമാക്കിയിരുന്നു. അവയുടെ സുരക്ഷ സർക്കാരിന്റെ പ്രധാന ലക്ഷ്യമായി നിയമം വിവരിച്ചു. അതേ കാലത്ത് തന്നെ നെൽപ്പാടങ്ങൾ, തണ്ണീർ തടങ്ങൾ ഇവയെ സംരക്ഷിക്കുവാൻ രാജ്യത്താദ്യം നിയമം ഉണ്ടാക്കിയ സംസ്ഥാനം കേരളമായിരുന്നു (2008). അങ്ങനെ പരിസ്ഥിതി സംരക്ഷണം എന്ന ചുമതല ഭരണകൂടത്തിനുണ്ട് എന്ന വസ്തുതയിലേയ്ക്ക് നമ്മുടെ സർക്കാർ എത്തിച്ചേരുവാൻ നിർബന്ധിതമായി.
കേരളത്തിന്റെ സ്വാഭാവിക ഭൂഘടനയിൽ വലിയ പങ്കുവഹിക്കുന്ന പശ്ചിമഘട്ടം, അതിന്റെ തുടർച്ചയായ ഇടനാട്, ഇടനാടിന്റെ പടിഞ്ഞാറ് മുതൽ വീതി കുറഞ്ഞു കടലുമായി ഉരുമി നിൽക്കുന്ന തീരം ഇവക്കൊരോന്നിനും വലിയ പ്രാധാന്യമാണ് കാലാവസ്ഥയിൽ ഉള്ളത്. പശ്ചിമഘട്ടം നേരിടുന്ന പ്രതിസന്ധി കേരളത്തിനും പുറത്തേയ്ക്ക് വ്യാപിച്ചു നിൽക്കുന്നു. അവിടെ ഉണ്ടായികൊണ്ടിരിക്കുന്ന വനനശീകരണം പശ്ചിമഘട്ടത്തിന്റെ നിലനിൽപ്പിനു തന്നെ ഭീക്ഷണിയാണ്. പ്രതിവർഷം 5000 ഹെക്റ്റർ വനം നശിച്ചു കൊണ്ടിരിക്കുന്നു. കാട്ടുതീ സ്ഥിരം പ്രതിഭാസമായി. വനത്തിന്റെ 60 ശതമാനവും ഇല്ലാതെയായി. സംസ്ഥാനത്തെ യഥാർത്ഥ വന വിസ്തൃതി ഇന്ന് 11% മാത്രമാണ്. മൊത്തത്തിൽ 65 നുശേഷം 9 ലക്ഷം ഹെക്ടർ വനം വെട്ടിനിരത്തി. കാടുകൾ വെട്ടി വെളിപ്പിക്കുന്നതിലൂടെ എത്ര വലിയ തിരിച്ചടികൾക്കാണ് സർക്കാർ തന്നെ വഴി ഒരുക്കുന്നത്? പശ്ചിമഘട്ടത്തിന്റെ ശോഷണത്തിൽ പരിതപിക്കുന്ന ഗാട്ഗിൽ കമ്മീഷൻ നിർദ്ദേശങ്ങൾ ചർച്ചകൾക്ക് പോലും അവസരം ഉണ്ടാക്കാതെ അട്ടിമറിക്കുവാൻ കസ്തൂരി രംഗൻ എന്ന റിപ്പോർട്ട് ഉണ്ടാക്കി. അതിലും വെള്ളം ചേർത്ത് മല നിരകളെ മാഫിയകൾക്ക് കൈമാറുവാൻ വിവിധ രാഷ്ടീയ പാർട്ടികൾക്ക് ഒരു മടിയുമില്ല.
മലകൾ വെട്ടി വെളിപ്പിക്കുന്നതിനൊപ്പം ഇടനാടിന്റെ ജീവനായി നിലനിൽക്കുന്ന നെൽപ്പാടങ്ങളും അതിന്റെ ഭാഗമായ നീരുറവകളും അവിശ്വസനീയമായ രീതിയിൽ ഇല്ലാതെയാക്കിയതിലൂടെ കേരളത്തിന് കേട്ടുകേൾവി ഇല്ലാത്ത പ്രശ്നങ്ങൾ വരുത്തി കൊണ്ടിരിക്കുകയാണ്. കേരളം ഒരിക്കലും ഭക്ഷ്യ സ്വയം പര്യാപ്തത നേടിയിരുന്നില്ല. എന്നാൽ 1957ലെ മലയാളികൾക്ക് ആവശ്യമായ ഭക്ഷണത്തിന്റെ ഏകദേശം പകുതി നെല്ല് നാട്ടിൽ ഉത്പാദിപ്പിച്ചു വന്നു. കൂടുതൽ കൃഷി നടത്തുവാൻ പദ്ധതികൾ ഉണ്ടാക്കുന്നതിനെ പറ്റി സംസ്ഥനത്തിന്റെ ആദ്യ മന്ത്രിസഭ ചർച്ചകൾ നടത്തിയതായി രേഖകളിൽ കാണാം. എന്നാൽ അരനൂറ്റാണ്ടിനിപ്പുറം നെൽകൃഷി മാത്രമല്ല പാടങ്ങൾ തന്നെയില്ലാതെയായി. 1979ൽ സംസ്ഥാനത്തെ നെൽവയൽ 8.8 ലക്ഷം ഹെക്റ്റർ ആയിരുന്നു. ഇന്നത് 1.79 ലക്ഷം ഹെക്റ്റർ ആയി ചുരുങ്ങി. നെൽ വയലുകൾ മാത്രമല്ല കായൽ വിസ്തൃതിയുടെ 85%വും മണ്ണിട്ടു മൂടി. കണ്ടൽക്കാടുകൾ നൂറിൽ ഒന്നായി ചുരുങ്ങി. ഈ പശ്ചാത്തലത്തിൽ ഇവയെ സംരക്ഷിക്കുവാനായി നെൽവയൽ -തണ്ണീർത്തട സംരക്ഷണ നിയമം ഉണ്ടാക്കുവാൻ സംസ്ഥാന സർക്കാർ മുന്നോട്ട് വന്നു.
നെൽപ്പാടങ്ങൾ സമൂഹത്തിനു നൽകുന്ന സേവനങ്ങൾ: ഭക്ഷ്യ സുരക്ഷ, ജല സുരക്ഷ, വെള്ളപൊക്കം നിയന്ത്രിക്കൽ, അന്തരീക്ഷ ഊഷ്മാവ് നിയന്ത്രിക്കൽ, എക്കൽ അടിയുവാൻ അവസരം, 200ലധികം (സൂക്ഷ്മ-സ്ഥൂല) ജീവികളുടെ ആവാസം, വെള്ളപ്പൊക്ക നിയന്ത്രണം, ഉപ്പുവെള്ളം നിയന്ത്രിക്കൽ ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്തവയാണ്. എന്നാൽ ഭൂമി ഊഹ വിപണിയുടെ ചരക്കായി തീർന്നതോടെ നെൽപ്പാടങ്ങൾക്ക് മറ്റൊരു ധർമ്മം ഉണ്ട് എന്ന് റിയൽ എേസ്റ്ററ്റുകാർ കണ്ടുപിടിച്ചു. അതേസമയം നെൽകൃഷിയിൽ നിന്നും ഉള്ള വരുമാനം ഇല്ലാതെയായി. മഴയിലെ ചെറിയ തിരിച്ചടികൾ പോലും കൃഷിയെ പ്രതികൂലമായി ബാധിച്ചു. തൊഴിലാളി ക്ഷാമവും തുണ്ട് കൃഷിയും ചെലവ് വർദ്ധിപ്പിച്ചു. എല്ലാത്തിനും ഉപരി ഉത്പാദന ക്ഷമതയിലെ കുറവ് കൃഷിയെ അനാകർഷകമാക്കി. ഈ സാഹചര്യത്തിൽ ഉണ്ടായ നെൽവയൽ സംരക്ഷണനിയമം നെൽവയലുകൾ നികത്തുന്നത് ഒരു കുറ്റമാണ് എന്നെങ്കിലും ഉള്ള ധാരണ ജനങ്ങളിൽ ഉണ്ടാക്കി. നെൽവയൽ എല്ലാം തന്നെ നിലനിർത്തുക, 2008നു മുന്പേ നികത്തിയവ ആണെങ്കിൽ അവയെ തറ ഭൂമി എന്ന ശീർഷകത്തിൽ പെടുത്തുക, നിലം നികത്തൽ വിഷയത്തിൽ പഞ്ചായത്ത് തലത്തിൽ സമിതി ഉണ്ടാകണം. അവർക്ക് വിഷയത്തിൽ ഇടപെടുവാൻ അവസരം ഉണ്ടാകണം. നെൽവയൽ വിഷയങ്ങളിൽ പരിശോധനയും മറ്റും RDO യും അതിനു മുകളിൽ അധികാരം ഉള്ളവരുടെ ചുമതലയായിരിക്കും. സ്വകാര്യ ആവശ്യത്തിനായി നികത്തുന്ന നിലത്തിന്റെ വിസ്തൃതി (ഗ്രാമങ്ങൾ 5 സെന്റ്, നഗരങ്ങൾ 10 സെന്റ്) എന്ന് നിജപെടുത്തി എന്നൊക്കെ നിയമം വ്യക്തമാക്കി. എന്നാൽ നിയമത്തിൽ തന്നെ അട്ടിമറികൾ നടത്തുവാൻ ഉതകുന്ന അവസരവും അതിൽ ഉണ്ടായിരുന്നു. ഉദാഹരണമായി നെൽപ്പാടങ്ങളുടെ അവസ്ഥ മനസ്സിലാക്കുവാൻ 2008 ആഗസ്റ്റ് മാസത്തെ ഡാറ്റ ബാങ്ക് അടിസ്ഥാനമായിരിക്കണം എന്ന് നിയമം പറയുന്നു. എന്നാൽ ഡേറ്റാബാങ്ക് നിർമ്മാണം 10 വർഷം കഴിഞ്ഞും ഉണ്ടാക്കി കഴിഞ്ഞില്ല. സ്വാഭാവികമായും നെൽവയൽ നികത്തലിനെ അട്ടിമറിക്കുവാൻ ഇത് അവസരം ഉണ്ടാക്കും എന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നിയമം നിലവിൽ ഇരിക്കെ 25000 ഹെക്ടർ നികത്തി എന്ന് പഠനങ്ങൾ പറയുന്നു. ഈ നിയമത്തെ അട്ടിമറിക്കുവാൻ ഐക്യ ജനാധിപത്യ മുന്നണി 2011ൽ ഭേദഗതി ഉണ്ടാക്കി. അന്ന് ഉമ്മൻചാണ്ടി സർക്കാർ പറഞ്ഞ ന്യായം വികസനത്തിന് നെൽപ്പാടങ്ങളുടെ സംരക്ഷണ നിയമം തടസ്സം നിൽക്കുന്നു എന്നായിരുന്നു. ഇടതുപക്ഷ സർക്കാർ ഐക്യമുന്നണിയുടെ ഈ നിലപാടിനെ എതിർത്തു. അവരുടെ പ്രകടന പത്രികയിൽ നെൽ വയൽ സംരഷണനിയമ ഭേദഗതി ഒഴിവാക്കി നിയമത്തെ ശക്തിപ്പെടുത്തും എന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ ഈ കഴിഞ്ഞ ദിവസം ശ്രീ പിണറായി സർക്കാർ അവരുടെ മുൻകാല ഭരണകാലത്ത് അഭിമാനത്തോടെ ഉണ്ടാക്കി എന്ന് പറയുന്ന നിയമത്തെ പരിപൂർണ്ണമായും അട്ടിമറിക്കുവാൻ അവസരം ഉണ്ടാക്കുന്ന തരത്തിൽ നിയമഭേദഗതി അവതരിപ്പിച്ചു. അവയെ ഇങ്ങനെ ചുരുക്കി പറയാം.
2015ൽ തണ്ണീർത്തടങ്ങളെ Data ബാങ്കുകളുടെ അടിസ്ഥാനത്തിൽ എന്നത്, നികുതി രേഖയുടെ അടിസ്ഥാനത്തിൽ എന്നാക്കി മാറ്റി. ഇടതുസർക്കാർ ഇന്നലെ നിയമസഭയിൽ പാസാക്കിയ ഭേദഗതികൾ ഏറെ അപകടകരങ്ങളാണ്. വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ സ്വഭാവ വ്യതിയാനം എന്നത് ഭൂമിയുടെ സ്വഭാവം, പൂർവ്വ സ്ഥിതിയിലേയ്ക്ക് കൊണ്ടുവരുവാൻ കഴിയാത്തതെന്നാക്കി എന്നു പുതുക്കി നിശ്ചയിച്ചു. നെൽവയലിലേയ്ക്കും എന്ന വാക്കിന് ശേഷം അല്ലെങ്കിൽ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയിലേക്കും എന്നാക്കി. പദ്ധതികൾക്ക് എന്നത് പദ്ധതികളും പ്രൊജക്റ്റുകളും എന്നു തുടങ്ങുന്നു.
സർക്കാർ പദ്ധതികൾക്കൊപ്പം പൊതുവായ ആവശ്യത്തിന് നിലം നികത്താമെന്നും അതിൽ അഭിപ്രായം പറയുവാൻ കൂടിയുള്ള അധികാരം പ്രാദേശിക സർക്കാരുകൾക്കില്ല എന്നും പുതിയ ഭേദഗതി തീരുമാനിച്ചു. സംസ്ഥാനത്തെ 50% പഞ്ചായത്തുകളും കുടിവെള്ളക്ഷാമം നേരിടുന്നു. 50 മുനിസിപ്പാലിറ്റികളിൽ ജല ലഭ്യത കുറവ് കൊണ്ട് ജനങ്ങൾ പൊറുതി മുട്ടുകയാണ്. സുലഭമായി വെള്ളം കിട്ടുന്ന ഇടങ്ങൾ ഏറെ കുറഞ്ഞു. പരിഹാരമായി സർക്കാർ പഞ്ചായത്തുകൾക്ക് ടാങ്കുകൾ വെള്ളം എത്തിക്കുവാൻ 11 ലക്ഷവും മുൻസിപ്പൽ അതൃത്തിയിൽ 16 ലക്ഷവും നൽകുന്നു. കുടിവെള്ള ക്ഷാമം വരുത്തി വെയ്ക്കുന്ന കാടുകളുടെ നശീകരണം, കുളങ്ങൾ വറ്റിക്കൽ, പാടങ്ങൾ നികത്തൽ മുതലായ വിഷയങ്ങളോടെ സർക്കാർ മുഖം തിരിച്ചു വരുന്നു. എല്ലാ അട്ടിമറികളും വികസനത്തിന്റെ മേൽവിലാസം ചാർത്തി അവതരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കുന്നു.
41 നദികളും അതിന്റെ അരുവികളും തടാകങ്ങളും 65 ലക്ഷം കിണറുകളും ഉള്ള കേരളത്തിലെ 50%ലധികം ഗ്രാമങ്ങളിലും അതിലധികം നഗരങ്ങളിലും ജലക്ഷാമം രൂക്ഷമായത് മഴയിൽ കുറവുണ്ടായതു കൊണ്ടു മാത്രമല്ല. ലോകത്തെ ഏറ്റവും കൂടുതൽ മഴ പെയ്യുന്ന നഗരം ചിറാപുഞ്ചിയും ജലക്ഷാമത്തിലാണ്. കാരണം വളരെ ലളിതവും. മരങ്ങൾ ഇല്ലാത്ത വരണ്ട മേൽ ഭൂമി മണ്ണൊലിപ്പിനവസരം ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. ഭൂഗർഭത്തിലേയ്ക്ക് വെള്ളം ഒഴുകി ഇറങ്ങുവാൻ അനുവദിക്കുന്നില്ല.അതിന്റെ ഫലമായി വരൾച്ച രൂക്ഷമായി മേഘാലയെ ബാധിച്ചു കൊണ്ടിരിക്കുന്നു.
കേരള സംസ്ഥാനത്തിനു ആയുസ്സ് 33 വർഷം കൂടി മാത്രം (2050) എന്നു പറയുന്ന പഠനങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നത്, വരൾച്ചയിൽ കരിഞ്ഞു പോയ ഹാരപ്പ നാടിനെയാണ്. ആ പട്ടികയിലേയ്ക്ക് ജൂലൈ 15ന് കേപ്പ്ടൗൺ നഗരവും ഏറെ വൈകാതെ ബാംഗ്ലൂർ സിറ്റിയും എത്തിച്ചേരും. കേരളത്തിന്റെ ഊഴവും അകലെയല്ല. എന്നാൽ നമ്മുടെ അധികാരി വർഗ്ഗത്തെ ഇത്തരം വിഷയങ്ങൾ അലോസരപ്പെടുത്താത്തത് എന്തുകൊണ്ടായിരിക്കും?