അറേബ്യയിലെ പെൺവസന്തം...
ധനേഷ് പത്മ
ഉറക്കമുണർന്ന് മാറുന്ന ചരിത്രത്തിലേയ്ക്ക് കാലെടുത്തുവെയ്ക്കാൻ ലഭിക്കുന്ന ഒരവസരത്തെ കുറിച്ച് ഒന്നാലോചിച്ച് നോക്കു... സങ്കൽപ്പിക്കാൻ കഴിയുന്നതിലും ആനന്ദമുണ്ടാകും അതിന്. സൗദി അറേബ്യ ഇന്നലെ ഉറക്കമുണർന്നത് അത്തരത്തിലൊരു ചരിത്ര മുഹൂർത്തത്തിലേയ്ക്കായിരുന്നു. സ്ത്രീകൾക്ക് രാജ്യത്ത് വാഹനമോടിക്കാം എന്നതുമാത്രം കൊണ്ടല്ലത്. അറേബ്യൻ രാജ്യങ്ങളിൽ വെച്ചേറ്റവും പരിഷ്കാരങ്ങൾ കുറഞ്ഞൊരു രാജ്യത്ത് മാറ്റങ്ങളുടെ പൊൻവെളിച്ചം വന്ന് പതിച്ചു തുടങ്ങിയിരിക്കുന്നു എന്നതുകൊണ്ട് കൂടിയാണത്.
‘ഈ ലോകത്ത് ജനിച്ചുവീണത് മുതൽ യാത്രകളിലെ എന്റെ സ്ഥാനം എന്നും പിൻസീറ്റിലായിരുന്നു. അപരിചിതനായ ഡ്രൈവർക്കൊപ്പം. ഇതുവരെ പിൻസീറ്റിലിരുന്ന ശേഷം ഇന്ന് എന്റെ കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരിക്കുന്പോൾ സന്തോഷത്താൽ ശരീരം മുഴുവൻ വിറയ്ക്കുകയാണ്’- സൗദി അറേബ്യയിൽ ടെലിവിഷൻ അവതാരകയും എഴുത്തുകാരിയുമായ സമർ അൽ മോഗ്രേനിന്റെ ഈ വാക്കുകൾ സൗദിയിലെ മുഴുവൻ സ്ത്രീകളുടേയും ആവേശം കാണിക്കുന്നതായിരുന്നു. സ്ത്രീകൾ വാഹനമോടിക്കുന്നതിന് നൂറ്റാണ്ടുകളായി നിലനിന്ന വിലക്കെടുത്തുമാറ്റിയ ഇന്നലെ റിയാദിലെയും മറ്റ് പ്രധാനനഗരങ്ങളിലെയും വീഥികൾ ആഹ്ലാദത്തിമർപ്പിലായിരുന്നു. ക്ലോക്കിൽ അർദ്ധരാത്രി പന്ത്രണ്ട് കഴിഞ്ഞപ്പോൾ വാഹനങ്ങളുമായി റോഡിലിറങ്ങി സ്വാതന്ത്ര്യത്തിന്റെ പുതുപ്പിറവിയാഘോഷിച്ച അനേകം സൗദി വനിതകളിൽ ഒരാളാണ് സമർ. “എന്നെങ്കിലും ഒരിക്കൽ ഈ ദിവസമുണ്ടാകുമെന്നറിയാമായിരുന്നു. എന്നാലിത് പ്രതീക്ഷിച്ചതിലും കുറച്ച് നേരത്തേയാണ്. ചരിത്രം തിരുത്തിയെഴുതിയ ഈ വേളയിൽ ധരിക്കാൻ വെള്ളവസ്ത്രമാണ് ഞാൻ തിരഞ്ഞെടുത്തത്. അത് സമാധാനത്തിന്റെനിറമാണ്. ഞാനൊരു പൂന്പാറ്റയാണെന്നാണ് ഇപ്പോളെനിക്ക് തോന്നുന്നത്. അല്ല ഒരു പക്ഷിയെപ്പോലെ സ്വതന്ത്രയാണ് ഞാനിന്ന് മുസ്ലിം സ്ത്രീകളുടെ പരന്പരാഗത വസ്ത്രമായ കറുത്ത അബായയെ ഈ നിമിഷം ഞാൻ മാറ്റിനിർത്തുന്നു”- സമർ പറഞ്ഞു. ജോലിസ്ഥലത്തേയ്ക്ക് ആദ്യമായി സ്വയം വാഹനമോടിച്ചുപോകാനായ ജിദ്ദയിലെ വീട്ടമ്മ റോവ അൽത്താവേലിയും സമറിന്റെ അതേ ആവേശത്തിലായിരുന്നു. “പതിവിലേറെ നേരത്തേയാണ് തിങ്കളാഴ്ച ഉണർന്നെഴുന്നേറ്റത്. പിറ്റേന്ന് ലഭിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചോർത്ത് തലേന്നുരാത്രി ശരിക്കുറങ്ങാൻ കഴിഞ്ഞില്ലെന്നു പറയുന്നതാകും കൂടുതൽ ശരി. ഇന്ന് തനിച്ചാണ് വാഹനമോടിച്ചുപോയതെന്ന് ഇപ്പോഴും എനിക്ക് വിശ്വസിക്കാനാവുന്നില്ല-”, റോവ പറഞ്ഞു.
സ്ത്രീകൾക്ക് വാഹനം ഓടിക്കുന്നതിന് വിലക്കുള്ള ഏകരാജ്യം എന്ന പേരുദോഷമാണ് ഇന്നലെ സൗദി തിരുത്തിയത്. സൗദി നഗരങ്ങളിലെ മിക്ക റോഡുകളും ഞായറാഴ്ച പുലർച്ചെ മുതൽ സ്ത്രീകളോടിച്ച വാഹനങ്ങൾ കൊണ്ട് നിറഞ്ഞു. ചരിത്രത്തിന്റെ ഭാഗമാകാൻ തയ്യാറായി ആയിരക്കണക്കിന് വനിതകളാണ് റോഡിലേക്കിറങ്ങിയത്. പലയിടത്തും പൂച്ചെണ്ടുകൾ നൽകി പുരുഷ പോലീസുകാർ സ്ത്രീ ഡ്രൈവർമാരെ അഭിനന്ദിച്ചു പോന്നിരുന്നത് സൗദിയിലെ പുരുഷസമൂഹം ഈ മാറ്റത്തെ എത്രമാത്രം അംഗീകരിക്കുന്നു എന്നതിന് തെളിവായിരുന്നു. ചിലയിടങ്ങളിൽ സ്ത്രീകളുടെ പുതിയ അവകാശത്തിന് ഐക്യദാർഢ്യവുമായി പിതാക്കൻമാരും ഭർത്താക്കൻമാരും സഹോദരങ്ങളും ആൺമക്കളും ഒപ്പം യാത്ര ചെയ്തു.
വാഹനമോടിക്കാനുള്ള അവകാശത്തിനായി സൗദിയിൽ പരസ്യ പ്രതിഷേധങ്ങളുണ്ടാകുന്നത് ഗൾഫ് യുദ്ധം അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ്. 1990 നവംബറിൽ 47 വനിതകൾ റിയാദിൽ വാഹനമോടിച്ച് പ്രതിഷേധിച്ചിരുന്നു. അവരെയെല്ലാം അന്ന് ഭരണകൂടം അറസ്റ്റുചെയ്ത് ജയിലിലടക്കുകയും ചെയ്തു. തുടർന്ന് സ്ത്രീകൾ വാഹനമോടിക്കുന്നത് വിലക്കിക്കൊണ്ട് രാജ്യത്തെ ഉന്നത മതനേതൃത്വം നിയമമിറക്കുകയും ചെയ്തു. അവകാശങ്ങൾക്കുവേണ്ടിയുള്ള ശബ്ദത്തെ നിയമംകൊണ്ട് തത്കാലം അടക്കാനായെങ്കിലും 2011-ലെ അറബ്വസന്തത്തിൽ ഇവ വീണ്ടും പുനരുജ്ജീവിച്ചു. ‘വിമൻ ടു ഡ്രൈവെ’ന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ കാന്പയിൻ ആരംഭിച്ചത് ഇക്കാലത്താണ്.
ഇത്തരത്തിലൊരു ചരിത്ര സംഭവം രാജ്യത്ത് നടക്കുന്പോൾ സൗദി അറേബ്യയിലെ സ്ത്രീകൾ നന്ദിയോടെ ഓർക്കുന്ന രണ്ട് പേരുണ്ട്. 2011 മുതൽ ഈ അവകാശം നേടാനായി പോരാടിയ മനാൽ അൽ ഷെറീഫ്, ലൂജെയിൻ ഹൽതോൾ തുടങ്ങിയവർ. മക്കയിൽ ജനിച്ചുവളർന്ന മനാൽ മോസൂൽ അൽ ഷെറീഫ് എന്ന മുപ്പത്തിരണ്ടുകാരി അവകാശങ്ങൾക്കു വേണ്ടിയുള്ള അറബ് വസന്തസമരം ശക്തമായ 2011-ലാണ് സ്വയം കാറോടിച്ച് നഗരത്തിലെ റോഡിലെത്തിയത്. തന്റെ ‘സമരയോട്ടം’ സുഹൃത്ത് വജേഹ അൽ ഹുവൈദറിന്റെ സഹായത്തോടെ ചിത്രീകരിച്ച് യുട്യൂബിലും ഫെയ്സ്ബുക്കിലുമിട്ടു. ശരീഅത്ത് നിയമങ്ങൾ കർശനമായ സൗദിയിൽ വനിതകൾ വാഹനം ഓടിക്കുന്നത് നിഷേധിച്ചിരുന്നു. സ്ത്രീകൾ വണ്ടി ഓടിക്കരുതെന്ന് എഴുതപ്പെട്ട നിയമത്തിലില്ലായിരുന്നെങ്കിലും അതൊരു കീഴ്വഴക്കമായിരുന്നു. മനാൽ വണ്ടി ഓടിക്കുന്ന വീഡിയോ വൈറലായതോടെ സൗദിയിലെ മതകാര്യപോലീസ് അവരെ അറസ്റ്റുചെയ്തു. ഒന്പത് ദിവസം തടവിലായ മനാലിനെ ഉപാധികളോടെ ജാമ്യത്തിൽ വിട്ടു. പിന്നീടിങ്ങോട്ട് വനിതകൾക്ക് റോഡിൽ പുരുഷന്മാരോടൊപ്പം വണ്ടി ഓടിക്കാനുള്ള അവകാശത്തിനുവേണ്ടി പോരാടിയ മനാൽ അന്തർദേശീയ മാധ്യമങ്ങളിൽ ഈ അവകാശത്തിനുവേണ്ടി സംസാരിച്ചു. ടെഡ് ടോക് അടക്കമുള്ള വേദികളിൽ സൗദിയിലെ സ്ത്രീകളുടെമേൽ പുരുഷാധിപത്യത്തിനുള്ള സ്വാധീനത്തെക്കുറിച്ചും അവർ വാചാലയായി. സൗദിയുടെ ദേശീയദിനാഘോഷച്ചടങ്ങുകൾ കാണാൻ വനിതകൾക്ക് ആദ്യമായി അനുമതി നൽകിയതിന് തൊട്ടുപിന്നാലെയുള്ള വലിയ വാർത്തയെപ്പറ്റി മനാൽ തന്റെ ട്വിറ്ററിൽ കുറിച്ചത്- സൗദി ഇനി മുതൽ പഴയ സൗദിയല്ല. ഇന്നത് യാഥാർത്ഥ്യമായിരിക്കുന്നു എന്നായിരുന്നു. മാനാലിനെ പിന്തുടർന്ന സൗദി വനിതയായിരുന്നു ലുജെയിൻ ഹൽതോൾ. ഭർത്താവിനെ അരികിലിരുത്തിയാണ് താൻ അറസ്റ്റ് ചെയ്യപ്പെടുമെന്ന ഉത്തമബോധ്യത്തോടെ രാത്രിയിൽ സൗദിയിലെ റോഡിലൂടെ ലൂജെയിൻ വാഹനമോടിച്ചിരുന്നത്. നിരവധിതവണ ഇതേ കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റിലാവുകയും വിചാരണ ചെയ്യപ്പെടുകയും ചെയ്തു. ചരിത്രമാറ്റത്തിൽ ‘അള്ളാഹുവിന് നന്ദിയും സ്തുതിയും’ അർപ്പിച്ചായിരുന്നു ലൂജെയിന്റെ ട്വിറ്റർ സന്ദേശം.
സൗദി അറേബ്യ ആഗോള മാനവ മുന്നേറ്റങ്ങൾക്കനുസൃതമായി മുഖം മാറുന്നതിന്റെ നിരവധി സൂചനകൾ അടുത്ത കാലത്തു പുറത്തു വരാൻ തുടങ്ങിയിരുന്നു. കാഴ്ചപ്പാടിലും വീക്ഷണത്തിനും ഒരു രാഷ്ട്രം തങ്ങളുടെ പ്രജകളെ വിശ്വമാനവരാക്കി മാറ്റാൻ ശ്രമിക്കുന്നതിന്റെ അടയാളങ്ങളാണതിലേറെയും. കറുത്ത അബായകളില്ലാതെ സൗദി സ്ത്രീ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു എന്നത് കൊഴിഞ്ഞുപോയ തലമുറകൾക്കു സങ്കൽപ്പിക്കാനാവാത്ത തീരുമാനം തന്നെ. കളിക്കളങ്ങളിലും േസ്റ്റഡിയങ്ങളിലും അവർക്കിരിപ്പിടമുണ്ടാകുന്നു. വിലക്കു നീങ്ങി രാജ്യത്ത് സിനിമകൾ വരുന്നു. തീയേറ്ററിൽ പോയി സ്ത്രീകൾക്ക് അത് കാണാൻ സാധിക്കുന്നു. ലോകത്തിനു മുന്നിൽ മിഴി തുറന്നു വെച്ച സൗദി അറേബ്യയുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റേതാണ്.
1979നു മുന്പുള്ള സൗദിയിൽ സ്ത്രീകൾ വാഹനമോടിച്ചിരുന്നതായി രേഖപ്പെടുത്തുന്നുണ്ട്. തെരുവുകളിലൂടെ മുഖം മറയ്ക്കാതെ സാധാരണ വേഷങ്ങൾ അണിഞ്ഞ് അവർ നടന്നിരുന്നു. തൊഴിലിടങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും അവർ പ്രത്യക്ഷപ്പെട്ടിരുന്നു. ആ കാലത്തിനു മേൽ അടിച്ചേൽപ്പിക്കപ്പെട്ട ഉഗ്രശാസനകൾ നീക്കം ചെയ്തുകൊണ്ടാണ് സൽമാൻ രാജകുമാരൻ ഇത്തരത്തിലുള്ള പുതിയ മുഖം സൗദിക്ക് അണിഞ്ഞുകൊടുക്കുന്നത്. സ്ത്രീകൾക്ക് 2018 ജൂൺ 24 മുതൽ രാജ്യത്ത് വാഹനങ്ങൾ ഓടിക്കാൻ അനുമതി നൽകുമെന്ന് ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രഖ്യാപനം കഴിഞ്ഞവർഷമാണ് ഉണ്ടായത്. 2011 മുതൽ‘വുമൺ ടു ഡ്രൈവ്’ എന്ന പേരിൽ രാജ്യത്ത് വണ്ടി ഓടിക്കാനുള്ള സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടം നടന്നുപോരുന്നുണ്ട്. ഇത്തരത്തിലുള്ള പ്രചാരണത്തിന്റെ പേരിൽ ഒട്ടേറെപ്പേർ അറസ്റ്റിലാവുകയും അവരെല്ലാം ശിക്ഷാ നടപടികൾ നേരിടുകയും ചെയ്തു. അതിന്റെയെല്ലാം മറുപുറം മറിക്കുന്പോൾ സൗദി അറേബ്യ ഇന്നൊരു പുതിയ രാജ്യമാണ്. പെൺവസന്തകാലം പൂത്തുനിൽക്കുന്ന രാജ്യം...