മാധ്യമ മാഫിയക്ക് ആര് മണികെട്ടും
ജെ. ബിന്ദുരാജ്
1885-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായപ്പോൾ അതിന് നേതൃത്വംനൽകിയവരിൽ പ്രധാനികളെല്ലാം തന്നെ പത്രപ്രവർത്തകരോ പത്രാധിപന്മാരോ ആയിരുന്നു. ജനങ്ങളിലേയ്ക്ക് പാർട്ടിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും സ്വാതന്ത്ര്യസമരകാല വാർത്തകൾ സത്യസന്ധമായി എത്തിക്കുന്നതിനും മാധ്യമങ്ങൾ അനിവാര്യമായിരുന്ന കാലമായിരുന്നു അത്. നഗരങ്ങളിൽ മാത്രമല്ല, ഗ്രാമങ്ങളിലും ഈ പത്രങ്ങൾ ഒന്നോ രണ്ടോ ദിവസം വൈകിയാണെങ്കിലും എത്തപ്പെടുമായിരുന്നു. അക്ഷരാഭ്യാസമുള്ളവർ മറ്റ് ഗ്രാമീണർക്ക് ആ പത്രങ്ങളിലെ വാർത്തകൾ വായിച്ചുകൊടുക്കുകയും രാത്രി സമയങ്ങളിൽ ആ വാർത്തകളെപ്പറ്റി ചർച്ചകൾ നടക്കുകയും ചെയ്തു. ബാലഗംഗാധര തിലകിന്റെ മറാത്തി ദിനപ്പത്രമായ കേസരി, ഗോപാലകൃഷ്ണ ഗോഖലെയുടെ സുധരക്, അരബിന്ദോയുടെ വന്ദേമാതരം, ആനി ബസന്റിന്റെ ന്യൂ ഇന്ത്യ, മോട്ടിലാൽ നെഹ്്റുവിന്റെ ഇൻഡിപെൻഡന്റ്, മഹാത്മാഗാന്ധിയുടെ യങ് ഇന്ത്യ, ഇന്ത്യൻ ഒപീനീയൻ, നവജീവൻ, ഹരിജൻ, അബ്ദുൾ കലാം ആസാദിന്റെ അൽ-ഹിലാൽ തുടങ്ങിയ പത്രങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തിയ വാർത്തകളും ലേഖനങ്ങളുമാണ് സ്വാതന്ത്ര്യസമരത്തിലേയ്ക്ക് ഇന്ത്യയിലെ നാനാവിഭാഗം ജനതയേയും എത്തിക്കുകയും അവരെ ഒരുമിപ്പിക്കുകയും ചെയ്യുന്നതിൽ നിർണായകശക്തിയായി മാറിയത്. പത്രമാധ്യമങ്ങൾ അന്ന് സാമൂഹ്യവിപ്ലവത്തിനുള്ള ഒരു ചാലകശക്തിയായിരുന്നു. ഒരുപക്ഷേ അവ ഇല്ലായിരുന്നുവെങ്കിൽ ഗാന്ധിജിയുടേയും മറ്റ് നേതാക്കളുടേയും വീക്ഷണങ്ങൾ ജനതയിലേക്ക് എത്തിച്ചേരുകയോ അവ നാടിനെ ഒരുമിപ്പിക്കുകയോ ചെയ്യുമായിരുന്നില്ല. അങ്ങനെ നോക്കുന്പോൾ, ഇന്ത്യയെന്ന വികാരത്തിന് തീപിടിപ്പിക്കുകയും അത് ആളിക്കത്തിക്കുകയും ചെയ്തു ഈ പത്രങ്ങൾ എന്ന് നിസ്സംശയം പറയാം.
സ്വാതന്ത്ര്യാനന്തരവും സമൂഹനന്മയ്ക്കായാണ് ഭൂരിപക്ഷം മാധ്യമങ്ങളും നിലകൊണ്ടത്. സാധാരണക്കാരന്റെ ജീവന്മരണപ്രശ്നങ്ങൾ ഭരണകൂടത്തെ അറിയിക്കുന്നതിലും ക്രിയാത്മകമായ നിർദ്ദേശങ്ങൾ രാഷ്ട്രപുനർനിർമ്മിതിക്കായി നൽകുന്നതിലും വലിയ പങ്കാണ് അവ വഹിച്ചത്. 1975-ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാൻ ശ്രമിക്കുകയുംസർക്കാർ മാധ്യമങ്ങളെ പൂർണമായും തന്റെ വരുതിയിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തതിനെ തുടർന്നാണ് മാധ്യമലോകത്ത് ആദ്യപുഴുക്കുത്തുകൾ ദൃശ്യമായിത്തുടങ്ങിയത്. അടിയന്തരാവസ്ഥയ്ക്ക് മുന്പും പിൻപുമുള്ള മാധ്യമപ്രവർത്തനം രണ്ടുമട്ടിലുള്ളതായി മാറി. മാധ്യമസ്ഥാപനത്തെ നയിക്കുന്ന വ്യക്തിയുടെയോ ഉടമയുടെയോ താൽപ്പര്യം വലിയ തോതിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകളെ വളച്ചൊടിക്കാൻ തുടങ്ങിയതോടെ സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവർത്തനമെന്നത് ഉപാധികളോടെയുള്ള ഒരു സംജ്ഞയായി മാറി. രാഷ്ട്രീയമായി ഒരു വശത്ത് മാധ്യമങ്ങൾ സ്വാധീനിക്കപ്പെടുകയും ചായുകയും ചെരിയുകയും ചെയ്തപ്പോൾ മറുവശത്ത് പണവും പരസ്യദാതാവും പറയുന്നിടത്ത് വാർത്തകൾ തല കുനിച്ചുനിന്നു. പരസ്യം നൽകുന്നവന്റെ ഇഷ്ടാനിഷ്ടങ്ങൾ നോക്കി പ്രസിദ്ധപ്പെടുത്തുന്ന ഒന്നായി മാറി വാർത്ത. വലിയ ജ്വല്ലറി സാമ്രാജ്യത്തിന്റെ ഉടമ നടത്തുന്നത് തട്ടിപ്പാണെന്ന് കേന്ദ്ര സർക്കാർ ഏജൻസികൾ കണ്ടെത്തിയാലും റിയൽ എേസ്റ്ററ്റ് ഭീമൻ നടത്തിയത് ഗുരുതരമായ പരിസ്ഥിതി വിരുദ്ധതയാണെന്ന് റിപ്പോർട്ട് വന്നാലും വ്യാജ ഡോക്ടറാണ് വലിയൊരു ആശുപത്രി നടത്തുന്നതെന്ന് കണ്ടെത്തപ്പെട്ടാലും അതുകൊണ്ട് പരസ്യം പോകരുതെന്ന് കരുതി ഭൂരിപക്ഷം മാധ്യമങ്ങളും വാർത്തകൾക്കുനേരെ കണ്ണടയ്ക്കാൻ തുടങ്ങി. ആത്യന്തികമായി പരസ്യം തരുന്നവനോടാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നും സമൂഹത്തോടുള്ള ഉത്തരവാദിത്തം വെറുമൊരു പുറംപൂച്ചു മാത്രമാണെന്നും മാധ്യമങ്ങൾ തന്നെ സമ്മതിക്കാൻ തുടങ്ങിയതോടെ ‘പെയ്ഡ് ന്യൂസ്’ എന്ന പ്രതിഭാസത്തിന് പുതിയ പല അർത്ഥതലങ്ങളുമുണ്ടായി. തെരഞ്ഞെടുപ്പ് വേളകളിൽ ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയുടെ പരിപാടികൾ കവർ ചെയ്യുന്നതിനു മുതൽ രാഷ്ട്രീയ പാർട്ടിക്ക് മേൽക്കോയ്മ സൃഷ്ടിക്കാൻ സഹായിക്കുന്ന വാർത്തകൾ നൽകുന്നതിനു വരെ മാധ്യമസ്ഥാപനങ്ങൾ പരസ്യമായും രഹസ്യമായും പണം ചോദിക്കുന്ന അവസ്ഥയുണ്ടായി. ധാർമ്മികതയുടെ വിളനിലമായി മാധ്യമപ്രവർത്തനത്തെ നോക്കിക്കണ്ട, യുവതലമുറയിലെ മാധ്യമപ്രവർത്തകർ പലരും അങ്ങനെ മാധ്യമസ്ഥാപനങ്ങളിൽ കൂലിയെഴുത്തുകാരായി മാറാൻ വിധിക്കപ്പെട്ടു. വാർത്ത വളച്ചൊടിക്കുന്നതിൽ പരിശീലനം നൽകാൻ ചില മാധ്യമങ്ങളിൽ പ്രത്യേകം വിഭാഗങ്ങൾ പോലുമുണ്ടായി. വാർത്തകളുടെ വിനിമയം എന്ന നിലയിൽ നിന്നും വാർത്തകളുടെ വിപണനം എന്ന നിലയിലേക്ക് ഇന്ത്യൻ മാധ്യമങ്ങൾ അധഃപതിച്ചു.
ഇത് തുടങ്ങിയിട്ടിപ്പോൾ ഒരു ദശാബ്ദത്തിലധികമായെങ്കിലും വാർത്താവിൽപ്പന പരസ്യമായി ശക്തിപ്പെട്ടിരിക്കുന്നത് പുതിയ കാലത്താണ്. ഗുജറാത്ത് കലാപത്തെത്തുടർന്ന്, പ്രതിച്ഛായയ്ക്ക് മങ്ങലേറ്റ ഗുജറാത്ത് മുൻമുഖ്യമന്ത്രി നരേന്ദ്രമോഡിയെ എങ്ങനെയെല്ലാം വെള്ള പൂശാമോ അങ്ങനെയെല്ലാം വെള്ള പൂശി പ്രധാനമന്ത്രിപദം വരെയെത്തിച്ചതിൽ ഇന്ത്യയിലെ പുകൾപെറ്റ ഒട്ടുമിക്ക ഇംഗ്ലീഷ് മാധ്യമങ്ങൾക്കും വലിയ പങ്കു തന്നെയുണ്ടായിരുന്നു. മോഡിയുടെ അപദാനങ്ങൾ നിരന്തരം വാഴ്ത്തിപ്പാടി അവർ. ഗുജറാത്തിൽ മോഡി സർക്കാർ നടപ്പാക്കിയെന്ന് പറഞ്ഞ വികസനപദ്ധതികളെപ്പറ്റിയെല്ലാംഅവർ നിരന്തരം എഴുതിക്കൊണ്ടേയിരുന്നു. പ്രഖ്യാപിക്കപ്പെട്ട വികസനപദ്ധതികളിൽ 26 ശതമാനം മാത്രമേ നടപ്പാക്കപ്പെട്ടിട്ടുള്ളുവെന്ന് കണ്ടെത്തിയ മാധ്യമത്തിനുള്ള സർക്കാർ പരസ്യങ്ങൾ മാസങ്ങളോളം നിർത്തിവെച്ച്, അവരേയും തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമങ്ങൾ വരെ നടത്തി ഗുജറാത്ത് സർക്കാർ. തങ്ങൾക്കെതിരെ നിലകൊള്ളുന്നവരെയെല്ലാം ശത്രുക്കളായി പ്രഖ്യാപിച്ച് ഉന്മൂലനം ചെയ്യുകയെന്ന ഹിറ്റ്ലറുടെ ഫാസിസ്റ്റ് ചിന്താധാരയ്ക്കു തന്നെയായിരുന്നു ഗോൾവാൾക്കറുടെ പിന്മുറക്കാരനായ മോഡിയും ഊന്നൽ നൽകിയത്.
മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് കേട്ടിരുന്ന ഒരു തമാശയുണ്ട്. അദ്ദേഹം കോൺഗ്രസ് അനുഭാവ സമീപനം പുലർത്തുന്ന ‘ദ ട്രിബ്യൂൺ’ എന്ന പത്രം മാത്രമേ വായിക്കാറുണ്ടായിരുന്നുള്ളുവെന്നും അതിനാൽ അദ്ദേഹത്തിന്റെ സർക്കാരിനെതിരെയുള്ള വിമർശനങ്ങളൊന്നും തന്നെ അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നുമാണ് അത്.ഇന്ത്യയിലെ മാധ്യമങ്ങൾ വെച്ചുപുലർത്തുന്ന രാഷ്ട്രീയ അടിമത്തം വലിയൊരളവു വരെ സത്യസന്ധമായ വാർത്തയെ മുക്കിക്കൊല്ലുന്നതിൽ കൊടിയപങ്കാണ് വഹിച്ചിട്ടുള്ളത്. ഭരണകക്ഷിക്കൊപ്പംനിലകൊള്ളുന്ന മാധ്യമങ്ങൾക്ക് സർക്കാർ പരസ്യങ്ങളും അവരുടെ ഇടപാടുകൾക്ക് സഹായവും ലഭിക്കുന്നുണ്ടെങ്കിൽ പ്രതിപക്ഷ സ്വഭാവം പുലർത്തുന്ന മാധ്യമങ്ങൾക്ക് സഹായവാഗ്ദാനങ്ങളുമായി ഭരണം മാറാൻ കൊതിക്കുന്ന വ്യവസായികളും ഉണ്ടാകും.
കഴിഞ്ഞമാസം കോബ്രാ പോസ്റ്റ് എന്ന അന്വേഷണ വാർത്താ ഓൺലൈൻ സൈറ്റ് പുറത്തുകൊണ്ടുവന്ന പെയ്ഡ് ന്യൂസിനെ സംബന്ധിച്ച റിപ്പോർട്ട് ഇന്ത്യയിലെ പ്രധാന മാധ്യമങ്ങളെല്ലാം അവഗണിച്ചതിനു പ്രധാന കാരണം പെയ്ഡ് ന്യൂസ് ഇന്ന് വ്യാപകമായ ഒരു യാഥാർത്ഥ്യം തന്നെയായതിനാലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമസ്ഥാപനങ്ങളുടേത് അടക്കം 27 മാധ്യമങ്ങളെയാണ് കോബ്രാ പോസ്റ്റിന്റെ അന്വേഷണം ലക്ഷ്യം വെച്ചത്. രാഷ്ട്രീയ എതിരാളികളായവരെ അപമാനിക്കാനും നാണംകെടുത്താനും വരെ ഈ മാധ്യമസ്ഥാപനങ്ങൾ ആരിൽ നിന്നും പണം വാങ്ങാൻ തയ്യാറാണെന്ന സത്യമാണ് ആ അന്വേഷണത്തിൽ വെളിപ്പെട്ടത്. അതായത് ഒരു കൂലിത്തല്ലുകാരന്റെ റോളിലേയ്ക്ക് ഇന്ത്യൻ മാധ്യമങ്ങൾ അധഃപതിച്ചിരിക്കുന്നുവെന്ന് തന്നെയാണ് അതിനർത്ഥം. കൂടുതൽ തെളിച്ചുപറഞ്ഞാൽ ഒരു ക്രിമിനൽ സ്വഭാവം ഈ മാധ്യമങ്ങൾക്ക് കൈവന്നിരിക്കുന്നുവെന്നു തന്നെ! ഓപ്പറേഷൻ 136 എന്ന പേരിലായിരുന്നു കോബ്രാ പോസ്റ്റിന്റെ ഈ അന്വേഷണം. ടൈംസ് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായ വിനീത് ജെയ്ൻ വരെ അകപ്പെട്ടു കോബ്രാ പോസ്റ്റിന്റെ ഈ ഒളിക്യാമറാ ഓപ്പറേഷനിലെന്നത് എത്രത്തോളം ദയനീയമാണ് ഇന്ത്യൻ മാധ്യമങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്നതിന്റെ തെളിവാണ്. ഹിന്ദുത്വ അജണ്ടയെ പ്രോത്സാഹിപ്പിക്കാൻ പണം തന്നാൽ ഏതറ്റം വരെ പോകാനും താൻ തയ്യാറാണെന്ന് വിനീത് ജെയ്ൻ ഒളിക്യാമറ ടേപ്പിൽ കോബ്രാ പോസ്റ്റിന്റെ ജേണലിസ്റ്റിനോട് സമ്മതിക്കുന്നതും ഹിന്ദുത്വ അജണ്ട ടൈംസ് ഗ്രൂപ്പിന്റെ പത്രമാധ്യമങ്ങളിലൂടെ ശക്തിപ്പെടുത്തുന്നതിന് 500 കോടി രൂപ വിനീത് ജെയ്ൻ ആവശ്യപ്പെട്ടതായി ടൈംസ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് പ്രസിഡന്റ് സഞ്ജീവ് ഷാ കോബ്രാ പോസ്റ്റിന് പറയുന്നതും തെല്ലൊരു ഉൾക്കിടിലത്തോടെ മാത്രമേ ആർക്കും ഉൾക്കൊള്ളാനാകൂ. എന്തിന് 500 കോടി രൂപയുടെ മൂന്നിലൊന്ന് പണമായി മാത്രമേ തങ്ങൾക്ക് നൽകാനാകുകയുള്ളുവെന്ന് കോബ്രാപോസ്റ്റ് റിപ്പോർട്ടർ അറിയിക്കുന്പോൾ അത് വെളുപ്പിച്ചെടുക്കാനുള്ള മാർഗങ്ങളെപ്പറ്റി തങ്ങൾ ആലോചിക്കുമെന്നായിരുന്നു സഞ്ജീവ് ഷായുടെ മറുപടി. കള്ളപ്പണം സ്വീകരിക്കാനും വെളുപ്പിക്കാനും യാതൊരു മടിയുമില്ലാത്ത മാധ്യമസ്ഥാപനം തന്നെയാണ് തങ്ങളെന്ന് ടൈംസ് ഗ്രൂപ്പ് ക്യാമറയെ സാക്ഷ്യമാക്കി തന്നെ വെളിവാക്കിയിരിക്കുന്നു. ടൈംസിനു പുറമേ, ഇന്ത്യാ ടുഡേ, ടിവി 18, ഹിന്ദുസ്ഥാൻ ടൈംസ്, റേഡിയോ വൺ, എബിഎൻ ആന്ധ്രാ ജ്യോതി, എബിപി ന്യൂസ്, ബർത്തമാൻ പത്രിക, ഭാരത് സമാചാർ ടിവി, ബിഗ് എഫ് എം, ദൈനിക് ജാഗരൺ, ദൈനിക് സംബാദ്, ദിനമലർ, ഇന്ത്യാ വോയ്സ്, കെ ന്യൂസ്, ഓപ്പൺ മാഗസീൻ, ലോക്മത്, എം വി ടി വി, ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്, സ്റ്റാർ ഇന്ത്യ, സ്വരാജ് എക്സ്പ്രസ്സ്, ടി വി 5 ന്യൂസ്, റെഡ് എഫ് എം തുടങ്ങിയവരെല്ലാം തന്നെ ഹിന്ദുത്വ അജണ്ട പ്രചാരണത്തിന് തങ്ങൾ തയാറാണെന്നും പണം തന്നാൽ മതിയെന്നും കോബ്രാ പോസ്റ്റിന്റെ അണ്ടർകവർ റിപ്പോർട്ടറോട് വെളിപ്പെടുത്തി. ടൈംസ്ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ വിനീത് ജെയ്നും ഇന്ത്യാ ടുഡേയുടെ വൈസ് പ്രസിഡന്റ് കല്ലി പുരിയും വരെ ഡീൽ ഉറപ്പിക്കുന്ന ചർച്ചകൾക്കായി ഇരുന്നുവെന്നത് മാധ്യമസ്ഥാപനങ്ങളുടെ ധാർമ്മിക തകർച്ചയുടെ ആഴം വെളിവാക്കുന്നു.
ആത്മീയ സ്ഥാപനങ്ങളേയും ആത്മീയാചാര്യന്മാരേയും പണം വാങ്ങി മേയ്ക്കപ്പിട്ടുകൊടുക്കുന്ന സ്ഥാപനങ്ങളായും ഭൂരിപക്ഷം മാധ്യമസ്ഥാപനങ്ങളും മാറിയിട്ടുണ്ടെന്നതാണ് ദയനീയമായ കാര്യം. അമൃതാനന്ദമയി മുതൽ തങ്കു ബ്രദർ വരെയും കെപി യോഹന്നാൻ മുതൽ ഗുർമീത് റാം റഹിം സിംഗും ആശാറാം ബാപ്പുവും വരെ പണം നൽകി മാധ്യമങ്ങളിൽ അവരെക്കുറിച്ചുള്ള ലേഖനങ്ങളും എന്തിന് അഭിമുഖങ്ങളും വരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവരുടെ ആശ്രമങ്ങൾ നേരിട്ട് അവയ്ക്കുള്ള പണം മുടക്കാതെ, ഏതെങ്കിലും ഭക്തരെക്കൊണ്ട് സംഭാവന നൽകുംവിധമാണ് ഇത്തരം പെയ്ഡ് ന്യൂസിന് മാധ്യമസ്ഥാപനങ്ങൾക്ക് പണം നൽകുന്നതെന്നു മാത്രം. അന്തരീക്ഷത്തിൽ നിന്നും ഭസ്മമെടുക്കുന്ന പരേതനായമാജിക്കുകാരൻ സത്യസായി ബാബ മുതലുള്ളവരെ പ്രമോട്ട് ചെയ്യാൻ ഇതുപോലെ എത്രയോ തുക മാധ്യമസ്ഥാപനങ്ങൾ കൈപ്പറ്റിയിട്ടുണ്ടാകും. ആത്മീയതയുടെ മറവിൽ വന്പൻ പണക്കൊയ്ത്തു നടത്തുന്ന സ്ഥാപനങ്ങൾ നടത്തുന്ന ഇവർ ചെയ്യുന്ന സർവ്വ അപരാധങ്ങളും പരസ്യത്തിന്റേയും ഇംപാക്ട് ഫീച്ചറുകളുടേയും മറവിൽ മറയ്ക്കപ്പെടുന്നു. അമൃതാനന്ദമയിക്കെതിരെ അവരുടെ അനുയായിയായിരുന്ന ഗെയ്ൽ ട്രെഡ്വെല്ലിന്റെ പുസ്തകം പുറത്തുവന്നപ്പോൾ കേരളത്തിലെ വളരെ കുറച്ചു മാധ്യമങ്ങൾ മാത്രമേ ആ വാർത്ത അതേപടി പ്രസിദ്ധപ്പെടുത്താൻ തയ്യാറായുള്ളു എന്നോർക്കുക. വാർത്തയെ വളച്ചൊടിച്ച് ‘അമൃതാനന്ദമയിക്കെതിരായ അപകീർത്തി ആരോപണം’ എന്നാക്കി മാറ്റിയാണ് മലയാളത്തിലെ പ്രധാന പത്രങ്ങളിലൊന്ന് ആ സംഭവം റിപ്പോർട്ട് ചെയ്തതെന്നതാണ് ഏറ്റവും വലിയ ദുര്യോഗങ്ങളിലൊന്ന്. പരസ്യത്തിനും ആക്ടിവിറ്റികൾക്കുമായി പണം നൽകുന്നവനോടുള്ള കൂറ് പുലർത്തിക്കൊണ്ടുള്ള മാധ്യമപ്രവർത്തനം മാത്രമാണ് പുതിയകാലത്ത് പ്രതീക്ഷിക്കേണ്ടതുള്ളു എന്നതാണ് വാസ്തവം.
രാഷ്ട്രീയതലത്തിൽ പണം വാങ്ങിയുള്ള മാധ്യമ വാർത്തകൾക്ക് വിലക്കുണ്ടാകേണ്ടതും അത് അഴിമതിക്കു തുല്യമായ പ്രവർത്തിയായി മാറേണ്ടതും അനിവാര്യമായ കാര്യം തന്നെയാണ്. 2018 ഏപ്രിലിൽ സുപ്രീം കോടതിയിൽ ഫയൽ ചെയ്യപ്പെട്ട ഒരു പരാതി ജനപ്രാതിനിധ്യനിയമത്തിനു കീഴിൽ പെയ്ഡ് ന്യൂസ് കുറ്റകരമാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിരോധാഭാസമെന്നു പറയട്ടെ, ഈ പരാതി ഫയൽ ചെയ്തിരിക്കുന്നത് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാർ ഉപാധ്യായയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനും പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യയും ലോകമ്മീഷൻ ഓഫ് ഇന്ത്യയും പെയ്ഡ് ന്യൂസിനെക്കുറിച്ചും രാഷ്ട്രീയ പരസ്യങ്ങളെക്കുറിച്ചും നടത്തിയിട്ടുള്ള മാർഗനിർദ്ദേശങ്ങൾ നടപ്പാക്കണമെന്നും പരാതിയിൽ ഉപാധ്യായ ആവശ്യപ്പെടുന്നു. റാലികൾ കവർ ചെയ്യാനും വാർത്ത നൽകാനുമൊക്കെ വാർത്താചാനലുകൾ തങ്ങളോട് പണം ചോദിക്കുന്നുണ്ടെന്ന് നേരത്തെ പല ഉന്നത നേതാക്കന്മാരും പരാതിപ്പെടുകയോ വെളിപ്പെടുത്തുകയോ ചെയ്തിട്ടുള്ളതാണെന്നിരിക്കേ, പെയ്ഡ് ന്യൂസിന് തടയിടാൻ നിയമം കൊണ്ടുവരേണ്ടതിന്റെ ഉത്തരവാദിത്തം ജനപ്രതിനിധികൾക്കുണ്ട്. എന്നാൽ നേരത്തെ വിദേശമാധ്യമങ്ങൾ ഇന്ത്യയിൽ വന്നാൽ ഇന്ത്യയ്ക്കെതിരായ വാർത്ത പ്രചരിപ്പിക്കുമെന്നു പറഞ്ഞ് അതിന് തടയിട്ട മാധ്യമ മാഫിയ ഇപ്പോൾ പെയ്ഡ് ന്യൂസിനെ രക്ഷിക്കാനും രംഗത്തിറങ്ങുമെന്ന് ആർക്കാണറിയാത്തത്?
ലോ കമ്മീഷൻ ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പരിഷ്കരണത്തെക്കുറിച്ചുള്ള 255-ാമത് റിപ്പോർട്ടിൽ വാർത്തയ്ക്ക് പണം നൽകുന്നതും വാർത്ത നൽകാൻ പണം വാങ്ങുന്നതും രാഷ്ട്രീയ പരസ്യങ്ങളും 1951-ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ രണ്ടാം വകുപ്പിനു കീഴിൽ നിർവ്വചിക്കണമെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. അത് ഒരു തെരഞ്ഞെടുപ്പ് കുറ്റമായി കണക്കാക്കണമന്നും സ്ഥാനാർത്ഥിയെ അയോഗ്യനാക്കുന്നതടക്കമുള്ള നടപടികൾ ഇക്കാര്യത്തിൽ സ്വീകരിക്കണമെന്നും മാധ്യമങ്ങൾക്ക് ലഭിക്കുന്ന രാഷ്ട്രീയ പരസ്യങ്ങളുടെ പണവും സ്രോതസ്സും വെളിപ്പെടുത്തണമെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നുണ്ട്. പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യ പെയ്ഡ് ന്യൂസ് കുറ്റകരമാക്കണമെന്ന് നേരത്തെ തന്നെ നിർദ്ദേശിച്ചിട്ടുള്ളതാണെങ്കിൽ, തെരഞ്ഞെടുപ്പ് അവസാനിക്കുംവരെയുള്ള 48 മണിക്കൂർ സമയം രാഷ്ട്രീയ പാർട്ടികൾ പരസ്യങ്ങൾ മാധ്യമങ്ങളിലൂടെ നൽകുന്നത് വിലക്കിയിട്ടുണ്ട്. പക്ഷേ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നിർദ്ദേശത്തിന് രാഷ്ട്രീയ പാർട്ടികൾ പുല്ലുവിലയാണ് കൽപ്പിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് സമയത്തെ മാധ്യമങ്ങൾ പരിശോധിച്ചാൽ തന്നെ വ്യക്തമാകുകയും ചെയ്യും. കള്ളപ്പണത്തിന്റെ മാധ്യമങ്ങളിലേക്കുള്ള ഒഴുക്ക് എത്രത്തോളം ശക്തമാണെന്നതിന്റെ തെളിവാണ് ഈ പെയ്ഡ് ന്യൂസുകൾ.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ അനിവാര്യമാണെന്നിരിക്കേ, ജനാധിപത്യത്തിന്റെ കാവലാളുകളാണെന്നും നാലാം തൂണാണെന്നുമൊക്കെ വിശ്വസിക്കപ്പെടുന്ന മാധ്യമങ്ങൾ തന്നെ പെയ്ഡ് ന്യൂസിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് ഒട്ടും തന്നെ ആശാസ്യമായ കാര്യമല്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ ഒരു പഠനപ്രകാരം 2011-നും 2013-നുമിടയിൽ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ സമയത്ത് മത്സരരംഗത്തുണ്ടായിരുന്ന 1987 സ്ഥാനാർത്ഥികൾക്ക് പെയ്ഡ് ന്യൂസ് സങ്കേതം ഉപയോഗിച്ചതിന് കമ്മീഷൻ നോട്ടീസ് നൽകിയെന്നതിനു പുറമേ, ഇതുസംബന്ധിച്ച് 1727 കേസ്സുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. പെയ്ഡ് ന്യൂസ് വ്യാപകമായതിനെ തുടർന്ന് പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യ ഇതുസംബന്ധിച്ച് ജില്ലാതല മോണിട്ടറിങ് കമ്മിറ്റികൾ വേണമെന്ന് നിർദ്ദേശിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അത് അംഗീകരിക്കുകയും കമ്മിറ്റികൾ രൂപീകരിക്കാൻ നിർദ്ദേശം നൽകിയതും. തങ്ങളെ സ്വയം പ്രമോട്ട് ചെയ്യുന്നതിനു മാത്രമല്ല, എതിരാളികളായ രാഷ്ട്രീയ പാർട്ടികളെ അവഹേളിക്കുന്നതിനും അതുവഴി ജനങ്ങളെ അവരിൽ നിന്നകറ്റുന്നതിനും വരെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇന്ന് മാധ്യമങ്ങൾക്ക് പണം നൽകുന്നുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണെന്ന് കോബ്രാ പോസ്റ്റിന്റെ അന്വേഷണം വെളിച്ചത്തു കൊണ്ടുവരികയും ചെയ്തു. ബിജെപിയുടെ അജണ്ട നടപ്പാക്കുന്നതിന് തങ്ങളിൽ പലരും നേരത്തേയും പ്രവർത്തിച്ചിട്ടുണ്ടെന്ന് പല മാധ്യമസ്ഥാപനങ്ങളുടേയും മേലാളന്മാർ വെളിപ്പെടുത്തിയതാകട്ടെ അതിഗുരുതരമായ ഒരു സാഹചര്യമാണ് വെളിവാക്കുന്നത്. ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തിെവയ്ക്കാൻ മാധ്യമങ്ങൾ തന്നെ തയ്യാറാകുന്നതിന്റെ ദയനീയ ചിത്രം കൂടിയാണത്. പെയ്ഡ് ന്യൂസിന് തടയിട്ടില്ലെങ്കിൽ ഇന്ത്യയുടെ തെരഞ്ഞെടുപ്പു പ്രക്രിയയെ തന്നെ അത് നാശോന്മുഖമാക്കുകയും രാഷ്ട്രീയ പാർട്ടികളുടെ കള്ളപ്പണശേഖരത്തിന്റെ പങ്കുപറ്റുകാരായി മാധ്യമങ്ങൾ മാറുകയും ചെയ്യും.
അഡോൾഫ് ഹിറ്റ്ലർ ‘മെയ്ൻ കാംഫ്’ എന്നതന്റെ ആത്മകഥ എഴുതിയതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് നാസിസത്തിന്റെ പ്രചാരണമായിരുന്നു. ആര്യൻ രക്തത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനായി ആ രക്തത്തിലേക്ക് കലർപ്പുകളുണ്ടാക്കുന്ന മറ്റ് വിഭാഗങ്ങളെ ഉന്മൂലനം ചെയ്യുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം. അതിനായി വെറുപ്പിന്റേയും വിദ്വേഷത്തിന്റേയുംവ്യാജ പ്രത്യയശാസ്ത്രത്തിന് രൂപം നൽകി അയാൾ. കാന്പുള്ള മറ്റ് പല പ്രത്യയശാസ്ത്രങ്ങളിൽ നിന്നും ആശയഗതികൾ കടമെടുക്കുകയും നാസിസത്തോട് കൂട്ടിച്ചേർക്കുകയും വഴി നാസിസത്തിന് മറ്റ് ജനവിഭാഗങ്ങളുടെ അംഗീകാരം നേടിയെടുക്കുന്നതിന്റെ ഭാഗമായിരുന്നു ഹിറ്റ്ലറുടെ ആത്മകഥാ രചന. ആർഎസ്എസ്സിന്റെ ഗോൾവാൾക്കർ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതും ഈ ജർമ്മൻ ഫാസിസത്തിന്റെ വഴിത്താരയ്ക്ക് തന്നെയായിരുന്നുവെന്നത് ചിന്തനീയമാണ്. ശത്രുവിനെ സൃഷ്ടിക്കുകയും അവനെ വെറുപ്പിക്കാനാവശ്യമായതെല്ലാം ചെയ്യുകയും ചെയ്തുകൊണ്ട് ഹിന്ദുത്വയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാൻ നോക്കുകയാണ് മോഡിയും കൂട്ടരും. അതിനായി മാധ്യമങ്ങളെ എന്തുവില കൊടുത്തും വിലയ്ക്കെടുക്കാൻ അവർ തയ്യാറാണു താനും. കോബ്രാപോസ്റ്റ് ഒളിക്യാമറാ അന്വേഷകൻ ഹിന്ദുത്വ അജണ്ടയുടെ മാധ്യമപ്രചാരണത്തിനായി മാധ്യമ സ്ഥാപനങ്ങൾക്ക് 500-ഉം 300-ഉം 200-ഉം കോടികൾ വാഗ്ദാനം ചെയ്തപ്പോൾ ടൈംസ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ വിനീത് ജെയ്ൻ അടക്കമുള്ളവർ അത്ഭുതം കൂറാതിരുന്നത് അതുകൊണ്ടാണ്. മുന്പേ തന്നെ ഇത്തരം ആസൂത്രിതമായ പെയ്ഡ് ന്യൂസ് പ്രഘോഷണങ്ങൾക്ക് പത്രമടക്കമുള്ള മാധ്യമ സ്ഥാപനങ്ങൾ അവർ ഉപയോഗിച്ചിട്ടുണ്ടെന്നതിന്റെ തെളിവാണത്. രാജ്യങ്ങളെ കാൽക്കീഴിലാക്കുന്ന ഹിറ്റ്ലർ ഒരു വിജയിയായിരുന്നുവെങ്കിൽ ജൂതവംശക്കൂട്ടക്കൊല ലോകം ചർച്ച ചെയ്യുമായിരുന്നില്ലെന്നതു പോലെ, നരേന്ദ്രമോഡിയുടെ പ്രധാനമന്ത്രിപദം ഗുജറാത്ത് വംശഹത്യയുടെ ചോരപ്പാടുകളിൽ നിന്നും മോഡിയെ കഴുകിയെടുത്തിരിക്കുന്നു. മാധ്യമങ്ങളാണ് ആ രക്ഷയൊരുക്കിയതെന്ന കാര്യത്തിൽ ആർക്കാണ് സംശയം? ഹിറ്റ്ലറുടെ കാലത്ത് പെയ്ഡ് ന്യൂസ് ഉണ്ടായിട്ടുണ്ടാകാനിടയില്ല, പക്ഷേ സ്വന്തം ആത്മകഥയുടെ വിൽപനയിലൂടെ തന്നെ ഹിറ്റ്ലർ വിദഗ്ധമായി തന്റെ പ്രത്യയശാസ്ത്ര പ്രഘോഷണം സാധ്യമാക്കിയിരുന്നുവെന്നു വേണം കരുതാൻ. പെയ്ഡ് ന്യൂസ് എത്രത്തോളം അപകടകരമായ ഒരവസ്ഥയിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുകയെന്നതിന് ഇതിനേക്കാൾ മെച്ചപ്പെട്ട മറ്റൊരു താരതമ്യം നടത്താനാകുമെന്നു തോന്നുന്നില്ല. പുതിയകാല ഹിറ്റ്ലർമാർക്കായി തുറന്നുവച്ചിരിക്കുകയാണല്ലോ ഇന്ന് പത്രത്താളുകളും ടെലിവിഷൻ- ഡിജിറ്റൽ സ്ക്രീനുകളും. നിയമത്തിനു മാത്രമേ അതിനെ പ്രതിരോധിക്കാനാകൂ. പക്ഷേ മാധ്യമ മാഫിയയ്ക്ക് ആര് മണികെട്ടുമെന്നതാണ് ആത്യന്തികമായ ചോദ്യം!