പി.എൻ പണിക്കരെ സ്മരിക്കുന്പോൾ
കൂക്കാനം റഹ്്മാൻ
‘പി.എൻ പണിക്കർ എന്ന വ്യക്തി ജനിച്ചത് കേരളത്തിൽ അല്ലായിരുന്നെങ്കിൽ അദ്ദേഹം ലോകം മുഴുക്കെ അറിയുന്ന മഹാത്മാവായി തീരുമായിരുന്നു.’ സുകുമാർ അഴീക്കോടിന്റെ വാക്കുകളാണിത്. അദ്ദേഹത്തിന്റെ ചരമദിനമായ ജൂൺ 19ന് വായനാദിനമായി ആചരിക്കാന് സർക്കാർ തലത്തിൽ തീരുമാനിച്ചത് ഉചിതമായി. പണിക്കർസാർ ജീവിച്ചിരുന്നപ്പോഴൊന്നും ആദരിക്കാനോ, നല്ലവാക്ക് പറയാനോ രാഷ്ട്രീയ നേതാക്കളൊന്നും തയ്യാറായില്ല. മരിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം പടുത്തുയർത്തിയ കാൻഫെഡിനെ പിടിച്ചെടുക്കാനും, അതിനെ നശിപ്പിക്കാനും ചില കുബുദ്ധികൾ മുന്നോട്ടെത്തുകയും ചെയ്തു. സത്യസന്ധമായ രീതിയിൽ പ്രശ്നം പരിഹരിക്കാൻ രാഷ്ട്രീയനേതാക്കളോ, ഭരണകൂടമോ തയ്യാറായതുമില്ല.
ഗ്രാമാന്തരങ്ങളിൽ കറങ്ങിത്തിരിഞ്ഞ് ഓരോ ഗ്രാമീണന്റെയും മനസ്സിൽ അറിവിന്റെയും അറിവിനു വേണ്ടിയുള്ള തൃഷ്ണയുടെയും തിരികൊളുത്താൻ പി.എൻ പണിക്കർക്ക് സാധിച്ചു. അക്ഷരസ്നേഹിയായി, സംസ്കാരത്തിന്റെ സന്ദേശവാഹകനായി ജീവിതം ഒരു യജ്ഞശാലയാക്കി മാറ്റിയ വലിയൊരു മനുഷ്യസ്നേഹിയായിരുന്നു പി.എൻ പണിക്കർ. അദ്ദേഹം ഏഴു പതിറ്റാണ്ടിലേറേക്കാലം കേരളത്തിന്റെ സാംസ്കാരിക മണ്ധലത്തിൽ ശോഭിച്ചു നിന്നിരുന്നു.
ഒരു നിമിഷം പോലും വൃഥാവിലാക്കിക്കളയാൻ മനസ്സില്ലാത്ത വ്യക്തിയായിരുന്നു അദ്ദേഹം. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ഗാന്ധിയൻ സിദ്ധാന്തം അക്ഷരംപ്രതി ജീവിതത്തിൽ പകർത്തിയ ഗാന്ധിയൻ ആയിരുന്നു പി.എൻ പണിക്കർ. കേവലം ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകനായ അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനത്തിനും തുടർന്ന് കാൻഫെഡ് പ്രസ്ഥാനത്തിനും നേതൃത്വം വഹിച്ചുകൊണ്ട് കേരളമൊട്ടാകെ നടത്തിയ കാൽനട ജാഥകൾ, സാംസ്കാരിക യാത്രകൾ എല്ലാം കേരളീയരുടെ മനസ്സിൽ നിന്ന് മാഞ്ഞു പോവില്ല.
പി.എൻ പണിക്കരെപ്പറ്റി ചിന്തിക്കുന്പോൾ വൈവിധ്യമേറിയ നിരവധി ചിത്രങ്ങൾ കേരളീയരുടെ മനസ്സിൽ തെളിഞ്ഞുവരും. ഗ്രന്ഥശാല പ്രസ്ഥാനം സ്ഥാപിച്ച വ്യക്തി, പുസ്തകങ്ങളെ സ്നേഹിച്ച വ്യക്തി, നല്ല മനുഷ്യസ്നേഹി, സാമൂഹിക ചിന്തകൻ എന്നിങ്ങനെയുള്ള വിവിധ രൂപങ്ങൾ കേരളീയരുടെ മനസ്സിൽ തെളിഞ്ഞു വരും. അദ്ദേഹം ഒരു സാഹിത്യകാരനോ, മഹാപണ്ധിതനോ, വിദ്യാഭ്യാസ വിചക്ഷണനോ ആയിരുന്നില്ല. പക്ഷേ എത്ര പ്രഗൽഭനായ കോളേജ് പ്രിൻസിപ്പാളിനേക്കാളും എത്ര ദീർഘദർശിയായ യൂണിവേർസിറ്റി വൈസ് ചാൻസലറേക്കാളും പാണ്ധിത്യത്തിന്റെ പാരാവാരം താണ്ടിയ ഏത് മഹാപണ്ധിതനേക്കാളും, സാമൂഹ്യശാസ്ത്രത്തിന്റെ കൊടുമുടികളിൽ എത്തിയ ഏതു സോഷ്യോളജിസ്റ്റിനേക്കാളും കേമനായിരുന്നു വെറും പ്രൈമറി അദ്ധ്യാപകനായിരുന്ന പി.എൻ പണിക്കർ എന്ന പുതുവായിക്ക് നാരായണ പണിക്കർ.
പി.എൻ പണിക്കർ കാണിക്കുന്ന കർമ്മകുശലതയും ആത്മാർത്ഥത നിറഞ്ഞ പ്രവർത്തനരീതിയും ആരെയും അത്ഭുതപ്പെടുത്തും. സാമൂഹ്യപ്രവർത്തകരെ കിട്ടിയാൽ അവരെ നല്ല പ്രവർത്തകരാക്കി മാറ്റാൻ, തന്റെ കൂടെ പ്രവർത്തിക്കാനുള്ള സന്നദ്ധത ഉണ്ടാക്കിയെടുക്കാൻ അദ്ദേഹം ശ്രമിക്കും. തന്റെ ശാരീരിക ക്ഷീണമൊക്കെ അദ്ദേഹം മറക്കും. പ്രവർത്തകരോട് എളിയഭാഷയിൽ സംസാരിച്ച് കർമോന്മുഖരാക്കി മാറ്റിയെടുക്കും.
ഊണിലും ഉറക്കത്തിലും ചിന്തയിലുമെല്ലാം കുറേക്കാലം ഗ്രന്ഥശാലാ പ്രവർത്തനവും അതിനുശേഷം അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തനവുമായാണ് പി.എൻ പണിക്കർ ജീവിച്ചത്. 1909ൽ ജനിച്ച് 1995ൽ മരിക്കും വരെ മികച്ച സാമൂഹ്യ പ്രവർത്തകനായാണ് ജീവിച്ചു വന്നത്. സ്വന്തമായി ഒരു വീടെന്ന സ്വപ്നം പോലും സാക്ഷാത്കരിക്കാൻ അദ്ദേഹം ശ്രമിച്ചില്ല. യാതൊരു വിധത്തിലുള്ള ഭൗതികസുഖങ്ങളെ പറ്റിയും അദ്ദേഹം ചിന്തിച്ചിരുന്നില്ല. പൂർണ്ണമായും സമൂഹത്തിനു വേണ്ടി സമർപ്പിതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
നമ്മുടെ വിദ്യാഭ്യാസ വിചക്ഷണന്മാർ എന്ന് അഭിമാനിക്കുന്നവരെല്ലാം, എല്ലാവിധ സൗഭാഗ്യങ്ങളും ആസ്വദിച്ചുകൊണ്ട് മനോഹര മന്ദിരങ്ങളിൽ ശീതീകരിച്ച മുറികളിൽ കഴിഞ്ഞപ്പോൾ, ഈ നീണ്ടുമെലിഞ്ഞ ഖദർധാരിയായ പച്ചമനുഷ്യൻ രാജ്യത്ത് സാമൂഹിക നന്മയും, മതസൗഹാർദ്ദവും, മനുഷ്യസ്നേഹവും സ്ഥിതി സമത്വവും ഊട്ടിവളർത്താനായി ഊണും ഉറക്കവുമില്ലാതെ പ്രവർത്തിക്കുകയായിരുന്നു. ‘വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക’ എന്നീ മുദ്രാവാക്യങ്ങളുമായി നാടുനീളെ തന്റെ സഹപ്രവർത്തകരോടൊപ്പം അദ്ദേഹം സഞ്ചരിച്ചു.
ജീവിതത്തിൽ താഴെ തട്ടിൽനിന്നാണ് അദ്ദേഹം പ്രവർത്തിച്ചത്. പക്ഷേ ഏത് ഉന്നതന്മാരുടെ മുന്നിലും തലകുനിക്കാതെ സ്നേഹവായ്പ്പോടെ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ് അനിതര സാധാരണമാണ്. പി.എൻ പണിക്കർ തികച്ചും ഒരു മാതൃകാപുരുഷനാണ്. നിസ്തുലമായ ത്യാഗത്തിന്റെയും, സ്നേഹത്തിന്റെയും ഉദാത്ത മാതൃകയായിരുന്നു അദ്ദേഹം. ആ വലിയ മനുഷ്യസ്നേഹിയുടെ പേരിൽ ഇന്ന് നിരവധി സ്ഥാപനങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. പല സംഘടനകളും അദ്ദേഹത്തിന്റെ നാമം ഉപയോഗപ്പെടുത്തി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പക്ഷേ ഇതൊന്നുമല്ല പി.എൻ പണിക്കർ ആഗ്രഹിച്ചത്. ജനബോധത്തെ വളർത്തി. നാടിനെ മാറ്റിയെടുക്കണം അതായിരുന്നു അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം.
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ എന്ന നിലയിലും, സന്പൂർണ്ണ സാക്ഷരത കൈവരിക്കാനുള്ള പ്രവർത്തനത്തിന് മുന്നൊരുക്കം നടത്തി എന്ന നിലയിലും കേരളം പി.എൻ പണിക്കരോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ഓർമ്മയ്ക്ക് മറ്റൊന്നും ചെയ്യാൻ നമുക്ക് കഴിഞ്ഞില്ലെങ്കിലും, ചരമദിനം വായനാദിനമായി ആചരിക്കാൻ സർക്കാർ മുൻകൈ എടുത്തത് ചാരിതാർത്ഥ്യജനകമാണ്.