റഷ്യയിലാണ് ലോകകപ്പെങ്കിലും കോടികൾ ഒഴുകുന്നത് കേരളത്തിൽ
ഫിറോസ് വെളിയങ്കോട്
പന്തുരുളുന്നത് റഷ്യയിൽ, ലോകമാകെ ഉറ്റു നോക്കുന്നതും, മിഴി നട്ടിരിക്കുന്നതും റഷ്യയിലേയ്ക്ക്. പല രാജ്യങ്ങളുടെ പതാകയും, മികച്ച കളിക്കാരുടെ ഫോട്ടോ പതിപ്പിച്ച ഫ്ളെക്സ്, വാഹനങ്ങളുടെ മുകളിൽ പുതപ്പിച്ച ബാനറുകളും ഇതെല്ലാം പൊടിപൊടിക്കുന്നത് ഈ കേരളത്തിലും. എല്ലാം ആളുകളും മത്സരം ആവേശത്തോടെ കാണുന്നവരാണ്. അവരെല്ലാവരും ഓരോ രാജ്യത്തിന്റെ കൂടെ നിൽക്കുന്നുമുണ്ടാകാം, പക്ഷെ ചുരുക്കം ചിലർ ഇതൊരു ഭ്രാന്തായി കാണുന്നു. എന്തിനും ഏതിനും എത്ര പണം വേണമെങ്കിലും ഇറക്കുന്നു. കോടികൾ വാരി പല കന്പനികളും. മാത്രമല്ല അന്പലത്തിലും ഷീറ്റിന്റെ എണ്ണം കൂടുന്നെത്രെ. മെസ്സി ജനിച്ച ദിവസം നോക്കി മലയാള മാസവും, നാളും കണ്ടു പിടിച്ചു വഴിപാട് കഴിപ്പിക്കുന്നവരുമുണ്ടെത്രെ. അതായതു കളി കളം വിട്ടു നമ്മുടെ ജീവിതത്തിലേക്കും, രക്തത്തിലേയ്ക്കും എത്രത്തോളം കയറിയെന്നതിന്റെ തെളിവാണിത്.
ലോക കപ്പ് ഫുട്ബോൾ എത്തുന്പോൾ നമ്മുടെ നാട്ടിൻപുറത്തു പുതിയൊരു ഊർജ്ജം പ്രസരിക്കുന്നു. കളി അറിയാത്തവർക്ക് പോലും പ്രിയപ്പെട്ട ടീമുണ്ട്. പ്രിയപ്പെട്ട കളിക്കാരനുണ്ട്. ഒരു ഗുണം എന്നു പറയുന്നത് കൂട്ടു കുടുംബമായും, സുഹൃത്തുക്കളുമായും ഒരുമിച്ചിരുന്നു കളിയിൽ ലയിക്കുന്പോൾ ബന്ധങ്ങൾക്ക് ഒരു അടുപ്പമേറുന്നു എന്നതാണ്. പൊതുസ്ഥലത്ത് ഒത്തു ചേരുന്നവർക്കിടയിലെ വിഷമവും, സന്തോഷവും ഈ ഫുട്ബോൾ ആരവം തന്നെയാണ്. നമ്മുടെ രാജ്യം ലോകകപ്പിൽ കളിക്കാൻ അവസരമില്ലാതെ ഇരിക്കുന്പോഴും, നമുക്ക് സ്വന്തം രാജ്യം കളിക്കുന്ന അതേ മനസ്സോടെ കളി കാണുന്നു. കളി കണ്ടതുകൊണ്ടു നമുക്ക് ലോകോത്തര കളിക്കാരെ ഉണ്ടാക്കാനാകുമെന്ന് സ്വപ്നം കാണരുത്. അതിനുള്ള ബൗധിക സാമൂഹിക സാഹചര്യം നമുക്കില്ല. കുട്ടികൾ ഇടവഴികളിലും, ചെറിയ ഗ്രൗണ്ടുകളിലും പന്തുകൾ കൊണ്ടു മാസ്മരികത ഉണ്ടാകുന്നുണ്ടാകാം. ഫുട്ബോൾ പഠിപ്പിക്കുന്നത് സ്നേഹമാണെന്ന് നമുക്കറിയാം. നമ്മുടെ വീടിനു പുറത്തു നാം എല്ലാം മറന്നു വേണ്ടപ്പെട്ടവരോടും, അയൽക്കാരോടുമൊപ്പം ഒരുമിച്ചിരുന്നിട്ടു ഇത്ര നാളായി എന്നു ചിന്തിച്ചു നോക്കുക, അതെല്ലാം ഇന്നു കാണുന്പോൾ ഫുട്ബോൾ കൊണ്ടു കുറേ ഗുണങ്ങൾ നമുക്കിടയിൽ ഉണ്ടായിട്ടുണ്ട്.പക്ഷെ കോടികൾ കൊണ്ടു അമ്മാനമാടുന്ന കേരളം, പട്ടിണി പാവങ്ങളും ഉള്ള ഈ കേരളം അവരെ ഒരു നിമിഷം ചിന്തിച്ചിരുന്നെങ്കിൽ ധൂർത്തടികൾ കുറയ്ക്കാമായിരുന്നു.ഫ്ളെക്സ് ബോർഡുകളും, ബാനറുകളും റോട്ടിലും, പറന്പിലും, വഴികളിലും അരങ്ങു തകർക്കുന്പോൾ ഇതിന്റെയെല്ലാം പിന്നിൽ കളിക്കുന്ന പന്തയം നടത്തിപ്പുകാരും, കോടികളാണ് വാരിക്കൂട്ടുന്നത്. പല പല ബിസിനസ്സുകളും പൊടിപൊടിക്കുന്നു. റഷ്യയിൽ മാത്രമല്ല ലോകമെന്പാടും കോടികൾ വാരി വിതറുകയാണ്. നമ്മുടെ കേരളത്തിൽ ഇത്രമാത്രം പണമൊഴുക്ക് ഉണ്ടാകുന്നത് ഈ ഫുട്ബോൾ ആരവത്തിൽ തന്നെയായിരിക്കും എന്നത് ഒരു വസ്തുതയാണ്. ഈ ലോകകപ്പിൽ ഇന്ത്യ ഇല്ലാതിരുന്നിട്ടും ടിക്കറ്റ് എടുക്കുന്നതിൽ ആദ്യത്തെ പത്തു സ്ഥാനങ്ങളിൽ നിറഞ്ഞ സാന്നിദ്ധ്യം ഇന്ത്യയുടേത് തന്നെയാണ്. ഒരു പരിധി വരെ നമ്മുടെ നാട്ടിൽ, പണമൊഴുക് കുറയ്ക്കാൻ നമ്മുടെ സുഹൃത്തുകൾക്ക് സാധിക്കട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിച്ചു കൊണ്ട്...