ഉരുൾപൊട്ടൽ... വികസനം വരുത്തിവെയ്ക്കുന്ന വിനാശം
ഇ.പി അനിൽ
epanil@gmail.com
ഒരിക്കൽ കൂടി മലയാളികളെ ഞെട്ടിച്ചു കൊണ്ട് മലബാറിൽ ഉരുൾപൊട്ടൽ ഉണ്ടാകുകയും 13 ലധികംആളുകൾ രക്തസാക്ഷികൾ ആകുകയും ചെയ്തു. പ്രകൃതി ദുരന്തത്തിന്റെ ഇരകൾക്ക് സർക്കാർ നഷ്ടപരിഹാരം അനുവദിച്ചു. (കട്ടിപ്പാറയിലെ) പ്രകൃതി ദുരന്തത്തിന്റെ പിന്നിലെ യഥാർഥ കാരണം എന്ത് എന്ന് അന്വേഷിക്കുവാൻ നമ്മുടെ സർക്കാർ സംവിധാനം ഇനി എങ്കിലും തയ്യാറാകുമോ?
2001ൽ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ അന്പൂരി ഗ്രാമത്തിൽ നഷ്ടപ്പെട്ടത് മൂന്ന് ഡസനിൽ അധികം ആളുകളുടെ ജീവനായിരുന്നു. അന്നും കേരളത്തിന്റെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും നടുക്കം രേഖപ്പെടുത്തി. ദുരന്ത നിവാരണ സേനകൾ സേവനത്തിനെത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകി. എന്നാൽ അന്നത്തെ ദുരന്തവും നമ്മുടെഭരണ സംവിധാനത്തിനെ പ്രത്യേകിച്ച് ഒന്നും പഠിപ്പിച്ചില്ല. നിലവിലെ സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പരിസ്ഥിതി ധവളപത്രം കേരളത്തിന്റെ പരിസ്ഥിതി വിഷയങ്ങളുടെ പല പ്രശ്നങ്ങളും കണക്കുകൾ നിരത്തി വിവരിക്കുന്നുണ്ട്. ഒപ്പം അതുണ്ടാക്കുന്ന പ്രതിസന്ധികളും. എന്നാൽ ധവളപത്രത്തിൽ കേരളം നേരിടുന്ന ഉരുൾപൊട്ടൽ ഭീക്ഷണിയെപറ്റി എന്തുകൊണ്ടായിരിക്കും പരാമർശിക്കാതിരിക്കുന്നത്?
ധവളപത്രം മൗനം അവലംബിക്കുന്ന മറ്റൊരു രംഗം ക്വാറികളെ പറ്റിയാണ്. പതിമൂന്നാം സംസ്ഥാന നിയമസഭയുടെ പരിസ്ഥിതി സമിതി റിപ്പോർട്ട് വ്യക്തമാക്കിയവിവരങ്ങൾ വളരെ ഗൗരവതരമുള്ളതായിരുന്നു. സംസ്ഥാനത്തെ അനധികൃത ഖനനം ശക്തമാണ്. അത് ഗ്രാമങ്ങളുടെ കൃഷിയെയും ഭൂഘടനയെയും പ്രതികൂലമായി ബാധിക്കുന്നു. അവർക്ക് അസുഖങ്ങൾ ഉണ്ടാക്കുന്നു. ജലക്ഷാമം, ഉരുൾപൊട്ടൽ എന്നിവയുടെ തീവ്രത കൂടുകയാണ്. ഇതിനൊക്കെ ഉപരി എംഎൽഎമാരുടെ സമിതി കണ്ടെത്തിയ മറ്റൊരു പ്രധാന വിഷയം അഴിമതിക്കാരായ ഉദ്യോഗസ്ഥരും ഖനന ഉടമകളും ചേർന്ന് വളർന്നു വരുന്ന മാഫിയ ബന്ധത്തെ പറ്റിയാണ്. അത്തരം ബന്ധങ്ങൾ രാഷ്ട്രീയത്തെ മോശമായി ബാധിക്കുന്നു എന്നുംഅത് ഖജനാവിനും കൂടി വലിയ നഷ്ടങ്ങൾ വരുത്തി വരുന്നു എന്നും വിശദമാക്കി. (ഇവക്കൊക്കെ രാഷ്ട്രീയ പാർട്ടികളും നേതാക്കളും നൽകുന്ന പിന്തുണയെ പറ്റി നാട്ടുകാർക്ക് കാര്യമായ ധാരണയുണ്ട്) എന്നാൽ നമ്മുടെ സർക്കാർ പരിസ്ഥിതി ധവളപത്രത്തിൽ കേരളത്തിന്റെ പരിസ്ഥിതി രംഗത്ത് ഏറ്റവും വലിയ ദുരന്തങ്ങൾ വരുത്തി വെയ്ക്കുന്ന ഖനനങ്ങളെയും അനുബന്ധ പ്രവർത്തനത്തെ പറ്റിയും പറയുവാൻ മറന്നു പോകുന്നത് എന്തുകൊണ്ടാകാം?
സംസ്ഥാന സർക്കാർ പ്രകടന പത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങളും അവർ രണ്ടു വർഷം കഴിഞ്ഞിറക്കിയ പ്രോഗ്രസ്സ് റിപ്പോർട്ടിൽ വിശദീകരിച്ച സർക്കാർ തീരുമാ
നങ്ങളിൽ അടങ്ങിയ വാഗ്ദാന ലംഘനങ്ങൾ പ്രകടമാണ്. അതിൽ ഏറ്റവും നല്ല ഉദാഹരണമാണ് തണ്ണീർ തടങ്ങളെ സംരക്ഷിക്കുവാൻ 2008ൽ ഇടതുപക്ഷ മുന്നണിതന്നെ രൂപപ്പെടുത്തിയ നിയമത്തെ തള്ളിപറയുവാൻ അവർ കാട്ടുന്ന താൽപ്പര്യം. ഏറ്റവും പുതിയ സർക്കാർ ഭേദഗതി അവശേഷിക്കുന്ന നെൽവയിലിന്റെ നിലനിൽപ്പിന് പ്രതികൂലമാണ്. ഇതുതന്നെ പശ്ചിമഘട്ട വിഷയത്തിലും സർക്കാർ എടുത്തു വരുന്നു. പശ്ചിമഘട്ടത്തെ സംരക്ഷിക്കുവാൻ സഹായകരമാകുന്ന ഗാട്ഗിൽ കമ്മിറ്റി നിർദ്ദേശങ്ങളോടുള്ള സർക്കാർ സമീപനം നിക്ഷേധാത്മകമായി തുടരുന്നു. അവിടെയും നിൽക്കാതെ ഗാട്ഗിൽ കമ്മീഷൻ റിപ്പോർട്ട് തള്ളിക്കളയുവാൻ ഉണ്ടാക്കിയെടുത്ത കസ്തൂരിരംഗൻ നിർദ്ദേശങ്ങളിലും വെള്ളം ചേർക്കുന്നതിൽ ഒരു മടിയും കാട്ടുവാൻ ഇടതു സർക്കാർ ഐക്യമുന്നണി സർക്കാരിനെപോലെ മടികാണിച്ചില്ല. അതിലൂടെ 132 പരിസ്ഥിതി ലോല ഗ്രാമങ്ങളിൽ നിന്നും 40 ലധികം ഗ്രാമങ്ങളെ ഒഴിവാക്കി സർക്കാർ വനസരക്ഷണത്തെ അട്ടിമറിക്കുകയാണ്. കടൽ തീരങ്ങളെ സംരക്ഷിക്കുവാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന 500 മീറ്റർ തീരങ്ങളിൽ നിർമ്മാണങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ അട്ടിമറിക്കുവാൻ കേരളം വേണ്ടതെല്ലാം ചെയ്യുന്നു. തീരദേശത്തെ പരന്പരാഗത ആളുകളുടെ പേരുകൾ ഉയർത്തി വൻകിട കെട്ടിടങ്ങളുടെ നിർമ്മാണങ്ങൾക്ക് അവസരം ഒരുക്കുന്നു.
സംസ്ഥാനത്തിന്റെ കിഴക്കൻ മലകളുടെ സംരക്ഷണത്തിൽ താൽപ്പര്യം കാട്ടാത്ത സർക്കാർ ഇടനാട്ടിന്റെ നിലനിൽപ്പിനാവശ്യമായ നെൽപ്പാടങ്ങൾ സംരക്ഷിക്കുന്നതിൽ വിമുഖരാണ്. കടൽത്തീരങ്ങൾ നിലം പൊത്തുന്പോൾ കണ്ടൽകാടുകളുടെ വിസ്താരം 700 ചതുരശ്ര kmൽ നിന്നും 9km ആയി ചുരുങ്ങി. മത്സ്യ പ്രജനനത്തിനും തീരസംരക്ഷണത്തിനും സഹായകരായ കണ്ടലുകൾക്ക് ഉപ്പുവെള്ളത്തിന്റെ ഉൾനാടങ്ങളിലേക്കുള്ള ഒഴിക്കിന് തട ഇടുവാൻ കഴിവുണ്ട്. അത്തരം വിഭവങ്ങളിലെ തിരിച്ചടികൾ സംസ്ഥാനത്തെ മഴയിലും ചൂടിലും ജലക്ഷാമത്തിലും പകർച്ചവ്യാധിയുടെ എണ്ണത്തിലും അപകടകരമായ ഫലം ഉണ്ടാക്കി വരുന്നു. എന്നാൽ ഇത്തരം വിഷയങ്ങളിൽ സർക്കാർ യഥാർത്ഥ കാരണങ്ങളിൽ നിന്നും പുറകോട്ടു പോകുവാൻ ആഗ്രഹിക്കുന്നതായി വ്യക്തമാണ്.
-ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെടുന്ന പ്രകൃതി ദുരന്തങ്ങളിൽ വരൾച്ചയും വെള്ളപൊക്കവും പോലെ പ്രധാനമാണ് ഉരുൾപൊട്ടൽ. ഒരു കാലത്ത് പ്രകൃതി രമണീയമായ ഹെയ്തിയിൽ ആവർത്തിച്ചുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ പതിനായിരങ്ങളെ കൂട്ട കുരുതിക്ക് ഇരകൾ ആക്കുന്നുണ്ട്. നിബിഡവനങ്ങൾ ഉണ്ടായിരുന്ന ഹെയ്തിയിലെ ഇന്നത്തെ വന വിസ്തൃതി 4%ത്തോളമായി കുറഞ്ഞു. ലോകത്തെ ഏറ്റവും വലിയ മഴക്കാടുകളുടെ നാട് (ഗാബൻ ദ്വീപ്) മലയിടിച്ചിലുകൾ കൊണ്ട് ദുരിതത്തിൽ ആണ്. ചൈനയിൽ ഉണ്ടായ വൻ മലയിടിച്ചിൽ, ഡാം തകർച്ചക്കും 3 ലക്ഷം ആളുകളുടെ മരണത്തിനും കാരണമായിട്ടുണ്ട്. പെറുവിൽ 40000 ആളുകൾ ഇരകളായി.
മലയിടിച്ചിൽ (ഉരുപൊട്ടൽ) ഉണ്ടാകുവാൻ കാരണങ്ങൾ നിരവധിയാണ്. മഴവെള്ളം ശക്തി കുറഞ്ഞു മണ്ണിൽ പതിച്ചില്ല എങ്കിൽ അവ മണ്ണിനെ ഒഴുക്കി കളയും. മണ്ണ് അതിനു താഴെയുള്ള പാറയിൽ ഒന്നിച്ചു ചെർന്നിരിക്കണമെങ്കിൽ മണ്ണിനെ ചേർത്ത് പിടിക്കുന്ന മരങ്ങളുടെ വേരുകൾ പിണഞ്ഞിരിക്കുവാൻ അവസരം ഉണ്ടാകണം. (മരങ്ങളും ഇടക്കാടുകളും വേണമന്നർത്ഥം) ഇതിനൊക്കെയായി വനങ്ങളെ സംരക്ഷിക്കൽ പ്രധാനമാണ്. മലയുടെ ഭാരം അതിന്റെ ഭൂ ആകർഷണത്തെ ചെറുത്തു തോൽപ്പിക്കണമെങ്കിൽ അതിന്റെ താഴത്തെ വിസ്തൃതി കുറയാതെയും വിള്ളലുകൾ ഉണ്ടാകാതെയും സൂക്ഷിക്കണം. വനങ്ങൾ വെട്ടി വെളിപ്പിച്ചാൽ മേൽമണ്ണുകൾ ഒഴുകി പോകും. പാറക്കെട്ടുകൾക്ക് സ്ഥാന ചലനം ഉണ്ടാകും. പാറ പൊട്ടിക്കൽ മലകളുടെ ശക്തി ക്ഷയിപ്പിക്കും. മണ്ണെടുപ്പ് വളരെ ഗൗരവതരമാണ്. ഏക വിള തോട്ടങ്ങൾ കുന്നുകളുടെ ഒന്നായി നിൽക്കുവാനുള്ള ശക്തിയെ കുറക്കും. കാനകൾ എടുത്തുള്ള തട്ട് കൃഷി ഉരുൾ പൊട്ടൽ എളുപ്പമാകുവാൻ സഹായിക്കും. മണ്ണുകൾ ഇളക്കി മറിച്ചു ചെയ്യുന്ന കൃഷിയും അപകടമാണ്. കേരളത്തിലെ മിക്ക മലനാടുകളുടെയും ചരിവ് 20 ഡിഗ്രിയിൽ അധികമാണ്. 16 ഡിഗ്രിക്ക് മുകളിൽ ചരിവുള്ള പ്രദേശങ്ങളിൽ വാർഷിക കൃഷി ഒഴിവാക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങളെ പറ്റി അറിവുള്ള സർക്കാർ നമ്മുടെ മലനിരകളുടെ സംരക്ഷണത്തിൽ ഉത്തരവാദിത്തങ്ങളെ മറക്കുകയാണ്. കേരളത്തിൽ വർദ്ധിച്ചു വരുന്ന ഉരുൾ പൊട്ടൽ നമ്മുടെ മലനാടുകളുടെ സംരക്ഷണത്തിൽ സർക്കാർ പിന്തുടരുന്ന ആലസ്യത്തെ പ്രതിഫലിപ്പിക്കുന്നു.
കേരളത്തിലെ ഉരുൾപൊട്ടലിൽ ഒലിച്ചിറങ്ങുന്നത് കല്ലുകളും മണ്ണും ചേർന്ന മിശ്രിതമാണ്. (Debris Mix) ഒരു ഹെക്ടറിൽ ശരാശരി 14 ടൺ മണ്ണ് സാധാരണ ഗതിയിൽ പോലും ഒലിച്ചു പോകാറുണ്ട്. പ്രതികൂല കാലാവസ്ഥയിൽ? അതിന്റെ അളവ് 5 ഇരട്ടിയോളം വരെയാകുന്നു. വയനാട്ടിലെ മലയാളം പ്ലാന്റേഷനിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 5 ലക്ഷം ടൺ മണ്ണാണ് ഒഴുകി മാറിയത്. ഉരുൾപൊട്ടൽ സാധ്യതയുള്ള മലനിരകളിലെ മരങ്ങൾ ചരിയുന്നതും അസ്വാഭാവിക മണ്ണിളക്കവും ഉരുൾപൊട്ടലിന്റെ ലക്ഷണമായി കാണാം.
1960നുശേഷം 400ൽ കുറയാത്ത വലുതും ചെറുതുമായ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. അതിൽ മുന്നിൽ നിൽക്കുന്ന ജില്ലകൾ വയനാട്, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം എന്നിവയാണ്. ഉരുൾപൊട്ടൽ ഉണ്ടാകുവാൻ ഇടയുണ്ടാക്കുന്ന ഘടകങ്ങൾ എല്ലാം തന്നെ ഇവിടെ പ്രവർത്തിക്കുന്നു. സർക്കാർ പൊതുവെ അപകടം ഉണ്ടായ ശേഷം മാത്രം സജ്ജീവമാകുന്ന രീതി അവലംബിക്കുന്നു. പ്രകൃതിക്ഷോഭങ്ങളിൽ പലതും രാജ്യാന്തര കാരണങ്ങളാൽ വന്നു ചേരാറുണ്ട്. എന്നാൽ ഉരുൾപൊട്ടൽ ഉണ്ടാക്കുന്നത് തൊട്ടു കിടക്കുന്ന (സമീപ) പ്രദേശങ്ങളിലെ തെറ്റായ ഭൂവിനിയോഗമാണ്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ എടുക്കുന്ന നിരുത്തരവാദപരമായ സമീപനം അറിയുവാൻ നിലന്പൂരിലെ നിയമസഭാ സാമാജികൻ തന്നെ അതീവ പരിസ്ഥിതി പ്രധാനമായ മലനിരകളിൽ നടത്തുന്ന നിയമലംഘനങ്ങൾ ഉത്തമ തെളിവായി നില നിൽക്കുന്നു.
കട്ടിപ്പാറയിൽ ദുരന്തത്തിന് കാരണമായ മലയുടെ ഏറ്റവും ഉയരത്തിൽ 4 ലക്ഷം ലിറ്റർ (4 ലക്ഷം ടൺ) ജലസംഭരണി സ്ഥാപിക്കുവാനുള്ള ശ്രമങ്ങളെ നമ്മുടെ സർക്കാർ സംവിധാനം ഗൗരവതരമായി കണ്ട് അപകടം വരുത്തി വെയ്ക്കുന്ന നിർമ്മാണങ്ങൾ അവസാനിപ്പിക്കുവാൻ തീരുമാനങ്ങൾ എടുക്കാത്തത് വലിയ വീഴ്ചയായി കാണണം. ജനങ്ങളുടെ ജീവനും അവരുടെ സ്വത്തിനും വേണ്ടത്ര സുരക്ഷ നൽകുവാൻ ത്രിതല പഞ്ചായത്തും ഒപ്പം സംസ്ഥാന ഭരണകൂടവും പരാജയപ്പെടുന്നത് ഒറ്റപ്പെട്ട സംഭവമല്ല. അതുകൊണ്ട് മരണത്തിനിടം ഉണ്ടാക്കിയ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ കൊലക്കുറ്റത്തിന് കേസ്സ് എടുക്കേണ്ടതല്ലേ?
മലപ്പുറം കോഴിക്കോട് അതൃത്തിയിലുള്ള കക്കടാംപൊയ്ക പരിസ്ഥിതി പ്രധാനമായ സ്ഥലമാണ്. മലഞ്ചെരിവുകളിൽ വലിയ അളവിൽ വെള്ളം കെട്ടി നിർത്തുന്നത് വലിയ ആഘാതം മണ്ണിൽ ഉണ്ടാക്കും എന്നറിയുവാൻ പ്രത്യേക പഠനങ്ങൾ ആവശ്യമില്ല. എന്നാൽ മലയിടിച്ചിലുകൾ ഉണ്ടാകുവാൻ സാധ്യതയുള്ള പ്രദേശത്തു തന്നെ നിയമസഭാ സാമാജികന്റെ ഉടമസ്ഥതയിൽ ജലകേളി കേന്ദ്രം പ്രവർത്തിച്ചു വരുന്നു. പ്രസ്തുത നിർമ്മാണങ്ങളെ തള്ളിപ്പറഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിക്കൊണ്ട് ത്രിതല പഞ്ചായത്തു സമിതികളും പ്രാദേശീക രാഷ്ട്രീയക്കാരും കൊടുത്ത നിയമവിരുദ്ധ സഹായത്തിന്റെ മറവിൽ പ്രവർത്തിച്ചു വന്ന സ്ഥാപനത്തിനെതിരെ പരിസ്ഥിതി പ്രവർത്തകർ പ്രതിക്ഷേധങ്ങൾ ഉയർത്തി. കോഴിക്കോട് ജില്ലാ ഭരണകൂടവും മറ്റും നിയമ ലംഘനത്തെ മറച്ചു വെച്ച് ഉണ്ടാക്കിയ റിപ്പോർട്ടുകൾ സർക്കാരിന്റെ നിരുത്തരവാദത്തിനുള്ള ഉത്തമ തെളിവാണ്. വലിയ ദുരന്തം മലബാറിൽ ഉണ്ടായിട്ടും കക്കടാം പൊയ്കയിൽ കഴിഞ്ഞ ദിവസം ഉണ്ടായ മോശമല്ലാത്ത മലയിടിച്ചിൽ അധികാരികളെ അലോസരപ്പെടുത്തുന്നില്ല.
ഇന്ത്യൻ ഉപഭൂഖണ്ധത്തിന്റെ ഹിമാലയം മുതൽ കടൽ തീരങ്ങൾ വരെയുള്ള പ്രദേശങ്ങളിൽ വ്യത്യസ്ത പ്രകൃതി ദുരന്തങ്ങൾ ഓരോ വർഷം കഴിയുന്പോഴും കൂടി വരുന്നു. മേഘവിസ്ഫോടനം മുതൽ സൂര്യാഘാതവും വരൾച്ചയും അതി വർഷവും കാട്ടുതീയും ഉരുൾപൊട്ടലും കടലാക്രമണവും (ഓഖിയും മറ്റും) സാന്പത്തിക ആരോഗ്യരംഗത്ത് പ്രതിസന്ധികൾ ഉണ്ടാക്കുന്നു. പ്രതി വർഷം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടം നേരിട്ടു തന്നെ രാജ്യത്തിന്റെ സ്വത്തിന് വരുത്തുന്നുണ്ട്. രാജ്യത്തെ നിബിഢ വനങ്ങൾ കുറഞ്ഞു കുറഞ്ഞ് 3%ത്തിൽ എത്തി. ഭാഗികമായ വനത്തിന്റെ വിസ്തൃതി 9% മാത്രമാണ്. കേരളത്തിലെ മൊത്തം കാടുകൾ 30% ത്തിലധികം എന്നു സർക്കാർ കണക്കുകൾ വ്യക്തമാക്കുന്പോൾ അതിൽ തോട്ടങ്ങളെയും ഉൾപ്പെടുത്തിയാണ് വിസ്തൃതിയെ പറ്റി വാദിക്കുന്നത്. യഥാർത്ഥ കാടുകൾ 11% മാത്രമായി കഴിഞ്ഞു.
കേരളത്തിന്റെ മലനിരകളെ കരുതലോടെ സംരക്ഷിക്കുവാൻ സംസ്ഥാന സർക്കാർ ആവർത്തിച്ചു പരാജയപ്പെടുന്നതിനുള്ള ഉത്തമ തെളിവാണ് കോഴിക്കോട് കട്ടിപ്പാറ ദുരന്തം. കോഴിക്കോടിനൊപ്പം വയനാട്ടിലും ചെറുതും വലുതുമായ ഉരുൾപൊട്ടൽ വ്യാപകമാണ്. ദുരന്തങ്ങൾ ഉണ്ടാകുന്നതിനു കാരണമായ ഘടകങ്ങളെ പൂർണ്ണമായും അവഗണിക്കുന്ന സർക്കാർ ദുരന്തങ്ങൾ ഉണ്ടായ ശേഷം സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതും ഇരകൾക്ക് ഖജനാവിൽ നിന്നു പണം നൽകുന്നതും അവർ വിഷയത്തിൽ എത്രമാത്രം ആത്മാർത്ഥതയുള്ളവരാണ് എന്ന് സംശയിക്കേണ്ടി വരുന്നു.
പശ്ചിമഘട്ട മലനിരകളുടെ തകർച്ചക്കാക്കം കൂട്ടുന്ന നയ സമീപനങ്ങൾ സംസ്ഥാനത്തിന്റെ മലനാടു മുതൽ തീരപ്രദേശങ്ങൾക്കുൾപ്പെടെ നിരവധി പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുവാൻ ഇടയുണ്ടാക്കുന്നു. ആധുനിക ശാസ്ത്ര കണ്ടെത്തലുകൾ പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളെ ഉണ്ടാക്കുവാൻ കഴിവുനേടിയിട്ടുണ്ട് പ്രകൃതിയെ പരിഗണിക്കാത്ത കേരളത്തിന്റെ പുതിയ വികസന സ്വപ്നങ്ങൾ മാറ്റി എഴുതാതെ ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള ദുരന്തങ്ങൾക്ക് ശമനമുണ്ടാകില്ല. അതിനു സംസ്ഥാന സർക്കാരിനു കഴിയണമെങ്കിൽ നിലവിലെ വികസന സമീപനങ്ങളെ കൈ ഒഴിയാതെ കഴിയുകയില്ല.
കേരളത്തിന്റെ പ്രകൃതി രമണീയതയെ മുന്നിൽ നിർത്തി സർക്കാർ നടത്തുന്ന കാൽലക്ഷം കോടിക്കു മുകളിലുള്ള ടൂറിസം വ്യവസായം സംരക്ഷിക്കണമെങ്കിൽ മഴക്കാടുകളും അതിന്റെ തുടർച്ചയായ അരുവികളും സ്വാഭാവികമായി നിലനിൽക്കണം. പ്രകൃതി ദുരന്തങ്ങളും മറ്റും ഉണ്ടാകാതെ പരിസരങ്ങളെ സൂക്ഷിക്കണം. പുഴകൾ അഴുക്കു ചാലുകൾ ആകരുത്. പകർച്ചവ്യാധികൾ ഉണ്ടാകരുത്. ഇതിനൊക്കെ സാക്ഷിയാകുന്ന കേരളത്തിനു മാത്രമെ നാളെ നിലനിൽപ്പുള്ളൂ. അത് മനസ്സിലാക്കാത്ത ഭരണകൂടവും കച്ചവടക്കാരും പ്രകൃതി ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുകയാണ്.