പയറ്റിത്തെളിഞ്ഞവൻ
വി.ആർ സത്യദേവ്
ദാരിക വീരാ പോരിനു വാടാ
പോ പോ കാളീ പേ പറയാതെ...
ദാരിക വധത്തിന്റെ വായ്ത്താരിയാണ് ഇത്. സമീപ കാല ലോക രാഷ്ട്രീയത്തിൽ അമേരിക്ക- ഉത്തര കൊറിയ വാക്പോര് ഇതിനു സമാനമായിരുന്നു. അമേരിക്ക ബോംബിട്ടു തകർക്കും. ഉത്തര കൊറിയയെ ഭസ്മമാക്കും ഇത്യാദി ആക്രോശങ്ങൾ കേട്ടുകൊണ്ടായിരുന്നു കുറേക്കാലമായി ലോകം കണ്ണു തുറക്കുകയും ആസുരമായ ആണവ യുദ്ധത്തെ ദുസ്വപ്നം കണ്ട് ഉറങ്ങുകയും ചെയ്തു കൊണ്ടിരുന്നത്. വായിൽ തോന്നുന്നത് കോതയ്ക്കു പാട്ടെന്ന തരത്തിൽ മാത്രം വർത്തമാനം പറയുന്ന അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും നാക്കിനെല്ലില്ലാത്ത തരത്തിൽ പ്രതികരിക്കുന്നതിൽ വിദഗ്ദ്ധനായ ഉത്തര കൊറിയൻ നായകൻ കിം ജോംഗ് ഉന്നും വാക്കുകൾ കൊണ്ടു തീർത്ത വെടിക്കെട്ട് അക്ഷരാർത്ഥത്തിൽ ലോകത്തിനു സമ്മാനിച്ചത് ഉറക്കമില്ലാത്ത ദിനരാത്രങ്ങളുടെ പരന്പര തന്നെയായിരുന്നു. മലപ്പുറം കത്തി, മിഷ്യൻ ഗണ്ണ് എന്നിങ്ങനെ കൊട്ടിക്കയറിയ വാക്പോരിന് ഒടുവിൽ ശുഭാന്ത്യമായിരിക്കുന്നു എന്ന് ആശ്വാസം. നാടോടിക്കാറ്റിലേതു പോലെ യുദ്ധാശങ്കയുടെ പവനായി ശവമായിരിക്കുന്നു.
ലോക പോലീസും ലോകത്തെ ഏക സൂപ്പർ പവറുമായ അമേരിക്കയും വാസ്തവത്തിൽ പവനായിപ്പരുവമാണ് എന്നതാണ് ഈ യുദ്ധനാടകാന്ത്യത്തിൽ വ്യക്തമാകുന്നത്. യുദ്ധത്തിൽ ന്യായത്തിനും നീതിക്കുമപ്പുറം തന്ത്രങ്ങൾക്കു മാത്രമാണ് പ്രസക്തിയെന്ന വാസ്തവമാണ് അമേരിക്ക- ഉത്തരകൊറിയ സംഘർഷവും ലോകത്തോടു വിളിച്ചു പറയുന്നത്. ഈ പ്രശ്നത്തിൽ പ്രതിനായകനാണ് വിജയം എന്നു സമ്മതിക്കാതെ തരമില്ല. അമേരിക്കൻ മാധ്യമങ്ങളും അന്താരാഷ്ട്ര വിദഗ്ദ്ധരും ഒരേ സ്വരത്തിൽ ഇക്കാര്യം സമ്മതിക്കുന്നു. ഈ പ്രശ്നത്തിൽ ഇതുവരെ പ്രതിനായക വേഷത്തിലായിരുന്നു ഉത്തര കൊറിയൻ നായകനായ കിം ജോംഗ് ഉൻ. സിംഗപ്പൂർ ഉച്ചകോടിയിൽ സമാധാന ഉടന്പടി ഒപ്പു വെയ്ക്കപ്പെടുന്പോൾ വിജയം പക്ഷേ കിമ്മിനാണ്. പ്രതിനായകൻ നായകനാവുകയാണ്. ഗോലിയാത്തിനെ മലർത്തിയടിച്ച ദാവീദിന്റേതിനു സമാനമാണ് ഇപ്പോൾ കിമ്മിന്റെ പരിവേഷം. ശക്തരിൽ ശക്തനായ അമേരിക്ക വീണിതല്ലോ കിടക്കുന്നു ധരണിയിൽ എന്ന നിലയിൽ തന്നെയാണ്.
നഷ്ടങ്ങളൊന്നുമില്ലാതെയാണ് കിം ജോംഗ് ഉൻ ഉടന്പടി ഒപ്പു െവച്ചിരിക്കുന്നത്. ഉടന്പടിയിലെ ആദ്യ നാലു വ്യവസ്ഥകൾ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നു. ഉത്തര - ദക്ഷിണ കൊറിയകളിലെ ജനതയുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കും വിധം ജനഹിതമനുസരിച്ച് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തും എന്നതാണ് ആദ്യ വ്യവസ്ഥ. കൊറിയൻ ഉപദ്വീപിൽ സ്ഥിരതയുള്ള ഭരണസംവിധാനം ഉറപ്പാക്കാനുള്ളതാണ് രണ്ടാം വ്യവസ്ഥ. ഇരു കൊറിയൻ നായകരും തമ്മിൽ നടന്ന പാൻമുൻജോം ഉച്ചകോടി തീരുമാനപ്രകാരം കൊറിയൻ മണ്ണിനെ ആണവായുധ നിർമുക്തമാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാനുള്ളതാണ് മൂന്നാം തീരുമാനം. ഇരുകൊറിയകളിൽ നിന്നുമുള്ള യുദ്ധതടവുകാരുടെ ഭൗതികാവശിഷ്ടങ്ങൾ പരസ്പരം കൈമാറുകയും ഇനിയും തിരിച്ചറിയാത്തവരെക്കുറിച്ചുള്ള വിവരങ്ങൾ ആരാഞ്ഞറിയാനുള്ള നടപടികൾ ത്വരിതപ്പെടുത്തുകയെന്നതുമാണ് നാലാമത്തെ വ്യവസ്ഥ. ഇതിനു പകരമായി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചത് കൊറിയൻ മണ്ണിലെ അമേരിക്കൻ സൈനികാഭ്യാസങ്ങൾ നിർത്തിവെയ്ക്കും എന്നതാണ്. ഇവിടെ ട്രംപ് വിമർശകരും വിദഗ്ദ്ധരും ഒരേപോലെ ഉന്നയിക്കുന്ന പ്രധാന ചോദ്യം ഇതിനൊക്കെ വേണ്ടിയായിരുന്നോ ട്രംപ് ഈ പെടാപ്പാടൊക്കെ പെട്ടതും അലറിവിളിച്ചതും എന്ന ചോദ്യമാണ്. അത് ഏറെ പ്രസക്തമാണ്.
കൊറിയൻ മണ്ണിലെ സൈനിക പരിപാടികളവസാനിപ്പിക്കുന്നതിലേയ്ക്കുള്ള ട്രംപിന്റെ തീരുമാനം വാസ്തവത്തിൽ ഒരു തലയൂരലായി ആരെങ്കിലും വിലയിരുത്തിയാൽ തെറ്റു പറയാനാവില്ല. വിയറ്റ്നാം യുദ്ധ പരാജയം കഴിഞ്ഞിങ്ങോട്ട് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പ്രതാപം ഇതുപോലെ പരീക്ഷിക്കപ്പെടുകയും പരാജയപ്പെടുകയും ചെയ്ത മറ്റൊരു സംഭവമുണ്ടോ എന്നു സംശയമാണ്. ഇതിനിടയിലും ഒളിഞ്ഞിരിക്കുന്ന മറ്റൊരു യാഥാർത്ഥ്യവും കാണാതിരിക്കാനാവില്ല. അടിസ്ഥാന പരമായി ബിസിനസുകാരനാണ് അമേരിക്കൻ പ്രസിഡണ്ട് ട്രംപ്. തനി കച്ചവടക്കാരൻ. ലാഭനഷ്ടങ്ങളുടെ പണത്തൂക്കമളന്നാവും ട്രംപ് ഓരോ തീരുമാനങ്ങളുടെടുക്കുന്നത്. ഇവിടെയും സാന്പത്തിക താത്പര്യങ്ങൾ ട്രംപിന്റെ സമാധാന തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നുറപ്പ്. ആഗോള സമാധാന പാലനമെന്ന പേരിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അമേരിക്ക സേനാ വിന്യാസം നടത്തിയിരിക്കുന്നത്. ശത്രുവിനെ സ്വന്തം അതിർത്തിയിൽ പ്രതിരോധിക്കുക എന്നതാണ് സാധാരണ ലോകരാഷ്ട്രങ്ങൾ അവലംബിക്കുന്ന സൈനിക നിലപാട്. എന്നാൽ ശത്രുവിനെ അവന്റെ ഇടങ്ങളിൽ പോയി ഇല്ലാതാക്കുക എന്നതാണ് രണ്ടാം ലോകയുദ്ധാനന്തരമുള്ള അമേരിക്കൻ നിലപാട് ശീതയുദ്ധം ഇതിന് ആക്കം കൂട്ടി. പശ്ചിമേഷ്യയിലും ഡീഗോ ഗാർഷ്യയിലും അഫ്ഗാനിസ്ഥാനിലുമെല്ലാമുള്ള അമേരിക്കൻ സൈനിക സാന്നിദ്ധ്യത്തിനു കാരണം ഈ നയമാണ്. കൊറിയൻ മണ്ണിലും ദശാബ്ദങ്ങളായി വലിയ തോതിൽ അമേരിക്കൻ സൈനിക സാന്നിദ്ധ്യം ഇടതടവില്ലാതെ തുടരുന്നു. കൊറിയൻ ഉപദ്വീപിലെ സഹോദര രാഷ്ട്രങ്ങളിലൊന്നായ ദക്ഷിണ കൊറിയയുടെ സംരക്ഷണത്തിനായാണ് ഈ സൈനിക സാന്നിദ്ധ്യം എന്നാണ് വെപ്പ്. എന്നാൽ മേഖലയിലെ അമേരിക്കൻ സ്വാധീനമുറപ്പിക്കൽ തന്നെയായിരുന്നു ഇതിനു യഥാർത്ഥ കാരണം എന്നത് പകൽ പോലെ വ്യക്തം.
1945 മുതൽ വിഭജിക്കപ്പെട്ട് പരസ്പര ശത്രുതയിലാണ് ഇരു കൊറിയകളും. 1951ൽ ഇരു കൊറിയകളും തമ്മിലാരംഭിച്ച യുദ്ധം 1953ൽ അവസാനിച്ചു എങ്കിലും ഔപചാരിക വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. കിം കുടുംബത്തിന്റെ ഏകാധിപത്യ ഭരണത്തിലുള്ള ഉത്തര കൊറിയയിൽ നിന്നുള്ള ഭീഷണി ചെറുക്കാനെന്ന പേരിലാണ് ഈ മണ്ണിൽ അമേരിക്ക വലിയ സൈനിക സന്നാഹം നിലനിർത്തിയിരിക്കുന്നത്. ശീതയുദ്ധകാലത്ത് അമേരിക്ക റഷ്യ പോരിന്റെ ഭാഗമായിരുന്നു ഇരു കൊറിയകൾക്കും മേലുള്ള ഈ സ്വാധീനം തുടരൽ. ശീതയുദ്ധാനന്തരം ഉത്തരകൊറിയയ്ക്ക് ചൈന വലിയേട്ടനായി. എന്നിട്ടും ദക്ഷിണ കൊറിയയ്ക്കു മേൽ ഭീഷണിയുടെ നിഴൽ തുടർന്നു. ഈ സാഹചര്യത്തിൽ ജനാധിപത്യ കൊറിയയ്ക്ക് സംരക്ഷണമൊരുക്കേണ്ട ബാദ്ധ്യത ജനാധിപത്യ ചേരിയുടെ (അതോ മുതലാളിത്ത ചേരിയുടെയോ) നെടുനായകത്വം സ്വയമേറ്റെടുത്ത അമേരിക്കയുടെ ബാദ്ധ്യതയുമായി മാറി. അവരത് ഇതുവരെ തുടരുകയും ചെയ്തു. രണ്ടാം ലോകയുദ്ധകാലത്ത് ഏറ്റവും വലിയ ശത്രുരാഷ്ട്രങ്ങളിലൊന്നായിരുന്ന ജപ്പാനും ഇപ്പോൾ അമേരിക്കൻ ചേരിയിലാണ്. ജപ്പാനും ഉത്തരകൊറിയയുടെ ശത്രുപക്ഷത്താണ്. അവർക്കു വേണ്ടിക്കൂടിയുള്ളതാണ് മേഖലയിലെ അതിശക്തമായ അമേരിക്കൻ സേനാ സാന്നിദ്ധ്യം.
എന്നാൽ ഇതിനൊക്കെ വേണ്ടി അമേരിക്ക ചെലവിടേണ്ടി വരുന്നത് ശതകോടികളാണ്. ഇത് കണ്ടെത്തുന്നത് അമേരിക്കക്കാരന്റെ നികുതിപ്പണത്തിൽ നിന്നാണ്. അമേരിക്കക്കാരൻ നൽകുന്ന പണം അമേരിക്കക്കാരന് ഉപയുക്തമല്ലാതായിപ്പോകുന്ന സ്ഥിതിയാണ് ഇതുകൊണ്ടുണ്ടാവുന്നത്. ഇതിനും പുറമേയാണ് ലോകത്തിന്റെ വിവിധയിടങ്ങളിൽ സമാധാന പാലനത്തിനെന്നപേരിൽ വിന്യസിച്ചിരിക്കുന്ന സൈനികരുടെ ജീവനാശം. അമേരിക്കൻ യുവത്വം അമേരിക്കൻ മണ്ണിനുവേണ്ടിയല്ലാതെ ബലികൊടുക്കപ്പെടുന്നു എന്നു പരാതിയുള്ളവർ ഏറെയാണ്. ചുരുക്കത്തിൽ ആഗോള മേധാവിത്വം അരക്കിട്ടുറപ്പിച്ചു നിലനിർത്താൻ അമേരിക്ക നൽകേണ്ടി വരുന്നത് വലിയ വിലയാണ്.
അമേരിക്കയിൽ നിന്നും സാന്പത്തിക പ്രതിസന്ധികളെക്കുറിച്ചു വരുന്ന വാർത്തകൾ ഇപ്പോൾ പുതുമയല്ല. ഷട്ഡൗൺ എന്ന ഓമനപ്പേരിട്ട സാന്പത്തിക പ്രതിസന്ധിക്ക് കാരണങ്ങൾ പലതാണ്. എന്നാൽ കടുത്ത സാന്പത്തിക അച്ചടക്കത്തിനും ചെലവു ചുരുക്കലിനും ആ രാജ്യം തയ്യാറാവേണ്ടി വരുമെന്ന കാര്യത്തിൽ തർക്കമില്ല. സൈനിക കാര്യങ്ങൾക്കടക്കമുള്ള സാന്പത്തിക ധാരാളിത്തത്തിൽ നിന്നും മുക്തമാകാതെ അമേരിക്കയ്ക്ക് മുന്പോട്ടു പോക്ക് എളുപ്പമല്ല. ഈ ദിശയിലെ പ്രവർത്തനങ്ങൾ ട്രംപ് ഭരണകൂടം ശക്തിപ്പെടുത്തുകയാണ്. ആഗോളതാപന വിഷയത്തിലെ ചെലവു ചുരുക്കൽ ഇതിന് ഉദാഹരണമാണ്. ഇതിനൊപ്പം ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളിലെ സൈനികാവശ്യങ്ങക്കായി നടത്തുന്ന ധാരാളിത്തവും അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം നീക്കമാരംഭിച്ചിട്ടുണ്ട്. ഈ ദിശയിലെ മുന്നേറ്റത്തിന്റെ കൂടി തെളിവാണ് കൊറിയൻ മണ്ണിലെ സംയുക്തസൈനികാഭ്യാസങ്ങൾ അവസാനിപ്പിക്കാനുള്ള അമേരിക്കൻ തീരുമാനം. ഇവിടെ ട്രംപിലെ കച്ചവടക്കാരൻ മറനീക്കി പുറത്തുവരുന്നു.
എന്നാൽ രാഷ്ട്രീയ പരമായി ഇത് കരുത്തന്റെ പരാജയവും ആകരുത്തിന്റെ അളവ് വ്യക്തമാക്കുന്നതുമാണ്. കൊച്ചി പഴയ കൊച്ചിയല്ല. അമേരിക്ക പഴയ അമേരിക്കയുമല്ല. ആഗോള തലത്തിൽ ഇത്തരമൊരു പരാജയം മുൻകാലങ്ങളിൽ അമേരിക്കയ്ക്ക് ആലോചിക്കാൻ പോലും കഴിയുന്നതിന് അപ്പുറമായിരുന്നു. ട്രംപ് മികച്ച കച്ചവടക്കാരനായിരിക്കാം. ലോക രാഷ്ട്രീയത്തിൽ ഇപ്പോഴും വലിയേട്ടനുമാണ്. എന്നാൽ രാഷ്ട്രീയ കച്ചവടകാര്യത്തിൽ ട്രംപിന്റെ വലിയ വല്യേട്ടനാണ് താനെന്നാണ് സിംഗപ്പൂർ ഉച്ചകോടിയോടേ കിം ജോംഗ് ഉൻ എന്ന കിം മൂന്നാമൻ സംശയത്തിനിടവരാത്തവണ്ണം വ്യക്തമാക്കിയിരിക്കുന്നത്. ഭീഷണികൾക്കു വഴങ്ങി ഒതുങ്ങാതെ മുള്ളിനെ മുള്ളുകൊണ്ടെടുക്കാമെന്ന് ലോകത്തിനു കാട്ടിക്കൊടുത്ത കിം ലോകത്തെ ഏറ്റവും തന്ത്രജ്ഞരായ രാഷ്ട്രീയക്കാരിൽ മുന്പനാണ് താനെന്നും ഇതോടെ വ്യക്തമാക്കുന്നു.
സദ്ദാം ഹുസൈൻ തിക്രിതിയെന്ന ഇറാഖി നായകൻ അതിശക്തനായിരുന്നു. യുദ്ധ തന്ത്രജ്ഞനെന്ന് പേരുകേട്ടയാൾ. അത്യന്തം വിനാശശേഷിയുള്ള ആയുധങ്ങൾകൊണ്ട് സദ്ദാം ലോകഭീഷണിയാണെന്ന ഒരൊറ്റ നുണയുടെ പിൻബലത്തിൽ ആ കരുത്തനെ ഇല്ലാതാക്കാൻ അമേരിക്കക്കായി. കള്ളച്ചൂതിലാണ് അമേരിക്ക സദ്ദാമിനെ ഇല്ലായ്മ ചെയ്തത്. അമേരിക്കയുടെ ഇത്തരത്തിലുള്ള തന്ത്രങ്ങളെയെല്ലാം ചങ്കുറപ്പോടെ എതിർത്തു പരാജയപ്പെടുത്താനായതാണ് കിമ്മിന്റെ മികവ്.
ഒരു രാജ്യത്ത് ഒരാളുടെ പുത്രനും പൗത്രനുമൊക്കെ തുടർച്ചയായി അധികാരത്തിലെത്തിയാൽ അതിനെ ലോകം വിളിക്കുന്നത് കുടുംബവാഴ്ചയെന്നാണ്. ഉത്തരകൊറിയയിലേത് കുടുംബവാഴ്ചയാണ്. കുടുംബാധിപത്യമുള്ള രാഷ്ട്രങ്ങളിലെ പിൻമുറക്കാർ സാധാരണ മികച്ച രാഷ്ട്രീയക്കാരും ഭരണകർത്താക്കളുമാകണമെന്നില്ല. അടച്ചുറപ്പാക്കിയ, വാർത്തകളും വിവരങ്ങളും യഥേഷ്ടം പുറം ലോകത്തെത്താത്ത വാർത്താ വിനിമയ സംവിധാനങ്ങളുള്ള രാജ്യമാണ് ഉത്തരകൊറിയ. അവിടെ നിന്ന് ഇതുവരെ നമ്മൾ കേട്ടതൊക്കെ ഞെട്ടിപ്പിക്കുന്ന വർത്തമാനങ്ങളാണ്. ഒരൊറ്റ രാവു പുലരുന്പോഴേക്കും കിമ്മും വിശുദ്ധനാവുന്നില്ല. അധികാരത്തിന്റെ വഴികളിൽ കിം മൂന്നാമന്റെ തീരുമാന ഫലമായി ഏറെ ചോര പൊടിഞ്ഞിട്ടുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ അയാളൊരു നയചതുരനും തന്ത്രജ്ഞനുമാണെന്ന കാര്യത്തിൽ ഇനി തർക്കമില്ല. അണ്വായുധങ്ങൾക്കപ്പുറം അണ്വായുധ ഭീഷണിയെന്ന ആയുധമുപയോഗിച്ച് അയാൾ അമേരിക്കയെ കൊന്പുകുത്തിച്ചിരിക്കുന്നു. 2005ലും ഇതിനു സമാനമായി അണ്വായുധ വികസന പരിപാടിയിൽ നിന്നും പിന്മാറാമെന്ന് ഉത്തര കൊറിയൻ നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. അതിനു ശേഷമാണ് അവർ ആണവപരീക്ഷണങ്ങളുമായി ലോകത്തെ ഞെട്ടിച്ചത്. ഉത്തര കൊറിയ വാക്കുപാലിക്കുന്ന കാര്യത്തെക്കുറിച്ച് അന്താരാഷ്ട്ര വിദഗ്ദ്ധർക്ക് ഇപ്പോഴും സംശയമാണ്. അതെന്തായാലും ഉത്തരകൊറിയൻ നായകൻ കിം ജോംഗ് ഉന്നെന്ന രാഷ്ട്രീയ ചതുരന് ആഗോള നേതൃനിരയിലുള്ള പ്രാമുഖ്യം പതിന്മടങ്ങ് വർദ്ധിക്കും എന്നകാര്യത്തിൽ സംശയമില്ല. ഏറെ പ്രതീക്ഷ പുലർത്തുന്നവർക്ക് ഒരു കൊറിയൻ ഏകീകരണം ഉണ്ടായാൽ പോലും അത്ഭുതത്തിന് അവകാശമില്ല. അങ്ങനെ സംഭവിക്കട്ടെ. ലോകം കൂടുതൽ സമാധാന പൂർണ്ണമാകട്ടെ...