മലിനമായ ജലാശയം, മറ പിടിക്കും ഭരണം!
ജെ. ബിന്ദുരാജ്
തൂത്തുക്കുടിയായാലും കാതിക്കുടമായാലും ചവറയിലെ പന്മനയായാലും ഒന്നുറപ്പാണ്. കോർപ്പറേറ്റ് മേലാളന്മാർ വ്യവസായത്തിന്റെ പേരിൽ നടത്തുന്ന ഏതൊരു മലിനീകരണത്തിനും സംരക്ഷണം ഒരുക്കുകയാണ് ഭരണകൂടവും ഉദ്യോഗസ്ഥദുഷ്പ്രഭുത്വവും ചെയ്യാറുള്ളത്. കാതിക്കൂടത്ത് ഇന്തോ -ജാപ്പനീസ് സംയുക്ത സംരംഭമായ നിറ്റാ ജലാറ്റിൻ നടത്തുന്ന രൂക്ഷമായ അന്തരീക്ഷ ജലമലിനീകരണത്തിനെതിരെ പ്രതിഷേധിച്ചവരെ 2013ൽ മർദ്ദിച്ചവശരാക്കിയതും തൂത്തുക്കുടിയിൽ അനിൽ അഗർവാളിന്റെ വേദാന്ത ഗ്രൂപ്പിന്റെ െസ്റ്റർലൈറ്റ് കോപ്പറിന്റെ മലിനീകരണത്തിനെതിരെ പ്രതിഷേധിച്ചവരിൽ 13 പേരെ പൊലീസ് വെടിവച്ചുകൊന്നതും ആ വിധേയത്വത്തിന്റെ ഭാഗമായാണ്. പ്രകൃതിചൂഷണവും മലിനീകരണവും നടത്തുന്ന കന്പനികൾക്കെതിരെ ഗതികെട്ട് സമരത്തിനിറങ്ങുന്ന നാട്ടുകാരെ ഭരണാധികാരികളും കോർപ്പറേറ്റുകളും വിശേഷിപ്പിക്കുന്ന ചില പദങ്ങളുണ്ട്. കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് അവർ മാവോയിസ്റ്റുകളോ വികസനവിരുദ്ധരോ ആണ്. കോർപ്പറേറ്റുകൾക്ക് അവർ വിദേശസഹായം വാങ്ങി നാടിന്റെ വളർച്ചയ്ക്ക് തുരങ്കം വയ്ക്കുന്ന വിദേശശക്തികളുടെ പിണിയാളുകളും വ്യാജ ആക്ടിവിസ്റ്റുകളുമാണ്. െസ്റ്റർലൈറ്റ് കോപ്പറിന്റെ മലിനീകരണത്തിനെതിരെ പോരാടേണ്ടി വന്ന, അതിസാധാരണക്കാരെ, വേദാന്തയുടെ അനിൽ അഗർവാൾ വിളിച്ചത് രാജ്യദ്രോഹികളെന്നാണ്. പ്രകൃതിവിഭവങ്ങളുടെ കാര്യത്തിൽ ഇന്ത്യ സ്വയം പര്യാപ്തരാകുന്നതിനെ ചെറുക്കാൻ നിയുക്തരായ വിദേശശക്തികളുടെ പ്രതിനിധികളാണത്രേ മലിനീകരണം കൊണ്ട് പൊറുതിമുട്ടിയ ആ പാവങ്ങൾ.
ലണ്ടനിലെ 16, ബെർക്ലീ സ്ട്രീറ്റിലെ വേദാന്ത റിസോഴ്സസിന്റെ അത്യാഢംബര കോർപ്പറേറ്റ് ഓഫീസിലിരുന്ന് പഴയ ആക്രി ലോഹക്കച്ചവടക്കാരന് ഇന്നത് പറയാം. കാരണം ആക്രിക്കച്ചവടത്തിൽ നിന്നും ഇനാമൽഡ് കോപ്പർ വയറുകളുടെ നിർമ്മാണത്തിലേക്കും പിന്നീട് ഖനനരംഗത്തേക്കും കടന്ന അനിലിന് എക്കാലത്തും തണലായി രാഷ്ട്രീയക്കാർ ഉണ്ടായിരുന്നു. വളരാനുള്ള ഓരോ വഴിയും തുറക്കുന്നതിന് രാഷ്ട്രീയപാർട്ടികളിലേക്കും നേതാക്കളിലേക്കും അഗർവാൾ ഫണ്ടുകളിറക്കി. അഗർവാളിനെതിരെ എത്രയോ കേസ്സുകളുണ്ടായി. പക്ഷേ എല്ലാം ഒതുക്കപ്പെട്ടു. തമിഴ്നാട്ടിൽ ഫാക്ടറിക്കടുത്തുള്ള ജനവാസ പ്രദേശത്ത് വേദാന്ത ആർസെനിക് അടങ്ങിയ മാലിന്യം തള്ളിയെന്ന് സുപ്രീം കോടതിയുടെ കമ്മിറ്റി കണ്ടെത്തിയിരുന്നു. 2005ൽ ഒഡീഷയിൽ നൂറുകണക്കിനു തദ്ദേശീയരെ അവരുടെ ഭൂമിയിൽ നിന്നും വേദാന്തയുടെ ഗുണ്ടകൾ അടിച്ചിറക്കിയെന്ന് സുപ്രീം കോടതിയുടെ മറ്റൊരു കമ്മിറ്റി കണ്ടെത്തി. ഇന്ത്യയിൽ മാത്രമായിരുന്നില്ല വേദാന്തയുടെ ഈ വിളയാട്ടങ്ങൾ. സാംബിയയിൽ വേദാന്തയ്ക്കുള്ള ചെന്പു ഖനിയിൽ നിന്നുള്ള വിഷമാലിന്യങ്ങൾ പ്രദേശത്തെ കഫ്യൂ നദിയിൽ തള്ളിയതിനെ തുടർന്ന്, പ്രദേശവാസികൾ അസുഖബാധിതരാകുകയും മത്സ്യങ്ങൾ ചത്തൊടുങ്ങുകയും ചെയ്തതിന്റെ പേരിൽ രണ്ടായിരത്തോളം പേർ ഫയൽ ചെയ്ത കേസ്സുകൾ വേറെയുമുണ്ട്. പക്ഷേ എല്ലായിടത്തും പണമെറിഞ്ഞും ഭീഷണിപ്പെടുത്തിയും വിമർശകരെ നിശ്ശബ്ദരാക്കാൻ അഗർവാളിന് കഴിയുന്നുണ്ട്. പക്ഷേ ജനാധിപത്യത്തെ മലിനമാക്കിയുള്ള ഈ നീക്കങ്ങൾ ചിലപ്പോഴെങ്കിലും പ്രതിരോധിക്കപ്പെടാറുണ്ട്. സഹികെടുന്പോഴാണ് ജനം തെരുവിലേക്ക് ഇറങ്ങാറുള്ളത്. മലിനീകരണച്ചട്ടങ്ങൾ കാറ്റിൽ പറത്തി, തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ െസ്റ്റർലൈറ്റ് കോപ്പറിന്റെ ഉൽപാദനം ഇരട്ടിയാക്കാനുള്ള ശ്രമങ്ങൾ വേദാന്ത നടത്തവേയാണ് ജനകീയപ്രതിഷേധം ശക്തമായതും സമരത്തെ തുടർന്ന് പ്ലാന്റ് അടച്ചുപൂട്ടേണ്ടി വന്നതും.
രാഷ്ട്രീയക്കാർക്കും ഭരണക്കാർക്കും പണം കൈയയച്ചു നൽകിയാൽ ഏതു നിയമത്തേയും അട്ടിമറിക്കാനും പ്രകൃതി ചൂഷണവും മലിനീകരണവും തങ്ങൾക്കിഷ്ടം പോലെ നടത്താമെന്നുമാണ് കോർപ്പറേറ്റുകളുടെ പൊതുവായ ധാരണ. ഇത് അനിൽ അഗർവാളിന്റെ മാത്രം ധാരണയല്ല. ലാഭമുണ്ടാക്കാൻ ഏതു മാർഗവും സ്വീകരിക്കാമെന്നും പ്രദേശവാസികൾ എത്ര തന്നെ ദുരിതത്തിലായാലും അവ അവഗണിച്ചുമുന്നോട്ടുപോകണമെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ പോലും തീരുമാനിച്ചുറച്ച നാടാണ് നമ്മുടേത്. കൊല്ലം ജില്ലയിലെ ചവറയിലെ പൊതുമേഖലാ സ്ഥാപനമായ കേരളാ മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് പുറന്തള്ളുന്ന ആസിഡ് മാലിന്യങ്ങൾ ഒരു പ്രദേശത്തെ ജനതതിയെ മുഴുവൻ രോഗങ്ങളിലേക്കും ദുരിതത്തിലേക്കുമെത്തിക്കുന്ന കാഴ്ച നാം കാലങ്ങളായി കണ്ടുകൊണ്ടിരിക്കുന്നതാണ്. സംസ്ഥാന ഖജനാവിലേക്ക് പ്രതിവർഷം 120 കോടിയിലധികം രൂപ വരുമാനമെത്തിക്കുന്ന കന്പനിയായതിനാൽ മാറിവന്ന സർക്കാരുകൾ ജനങ്ങളുടെ ദുരിതങ്ങൾക്കുനേരെ കണ്ണടയ്ക്കുകയും കെ എം എം എൽ എന്ന പൊതുമേഖലാ രാസഭീകരൻ കൊണ്ടുവരുന്ന പണത്തിൽ മാത്രം കണ്ണുപതിപ്പിക്കുകയും ചെയ്തു. അതിപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു...
അതിജീവനത്തിനായി ജനം തന്നെ തെരുവിലിറങ്ങേണ്ട അവസ്ഥയാണ് എല്ലായിടത്തും.സംസ്ഥാന സർക്കാരിന്റെ 50 ശതമാനം ഓഹരിപങ്കാളിത്തവുമായി ആരംഭിച്ച വ്യവസായമാണ് നിറ്റാ ജലാറ്റിനെങ്കിൽ നിലവിൽ ഈ ജാപ്പനീസ് കന്പനിയുടെ കൈവശമാണ് 65 ശതമാനത്തോളം ഓഹരികളും. കന്പനിയുണ്ടാക്കുന്ന മലിനീകരണത്തിനെതിരെ കാതിക്കുടത്തുകാർ സമരം തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. സി പി എം നേതാവും മുൻ വ്യവസായമന്ത്രിയുമായ എളമരം കരീം ഫാക്ടറിയെ ന്യായീകരിക്കാൻ നടത്തിയ പ്രസ്താവനകളൊക്കെ നാം 2013ൽ തന്നെ കേട്ടതാണ്. ട്രേഡ് യൂണിയൻ നേതാക്കളോട് ചോദിച്ചിട്ടേ ഫാക്ടറി മലിനീകരണം നടത്തുന്നുണ്ടോയെന്ന് മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യാൻ പാടുള്ളുവെന്നു പോലും ശഠിച്ചു ഈ ഇടതുപക്ഷ നേതാവ്. വികസനവിരുദ്ധരാണ് സമരത്തിനു പിന്നിലുള്ളതെന്നും മലിനീകരണം ഫാക്ടറി നടത്തുന്നില്ലെന്നും വരെ പ്രഖ്യാപിച്ചു കരീം. എന്തിന്, സമരത്തിന്റെ മുൻനിരയിലുള്ളവരെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് ചോദ്യങ്ങൾക്ക് മറുപടി നൽകാതെ കരീം പ്രതികരിച്ചുകൊണ്ടിരുന്നത്. കാതിക്കൂടത്തെ പ്രശ്നത്തിൽ മേധാ പട്കർ അടക്കം പുറമേ നിന്നുള്ളവർ ഇടപെടുന്നതിൽ കടുത്ത അസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്തു വിപ്ലവ പാർട്ടി സഖാവ്! സ്വാതന്ത്യസമരകാലത്താണ് കരീം ജീവിച്ചിരുന്നതെങ്കിൽ, മഹാത്മാഗാന്ധി ഗുജറാത്തുകാരനാണെന്നും അതുകൊണ്ട് അദ്ദേഹം സ്വാതന്ത്യസമരത്തിൽ പങ്കെടുക്കാൻ ഇന്ത്യ മുഴുവൻ സഞ്ചരിച്ചത് തെറ്റായിപ്പോയെന്നും വരെ വാദിച്ചേക്കുമായിരുന്നുവെന്നു തോന്നുന്നു ഈ ഇടതുപക്ഷത്തിന്റെ നേതാവ്.
വ്യവസായങ്ങൾ നടത്തുന്ന ജലം, വായു, മണ്ണ് മലിനീകരണങ്ങൾക്ക് തടയിടേണ്ടുന്ന കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെ എസ് പി സി ബി) തന്നെ മലിനീകരിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് യഥാർത്ഥ വസ്തുത. മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധനയിൽ പല വ്യവസായ സ്ഥാപനങ്ങളും മലിനീകരണചട്ടങ്ങൽ പൂർണമായും പാലിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നതെന്നാണ് പറയുന്നതെങ്കിലും ഈ വ്യവസായസ്ഥാപനങ്ങൾ പലതും ചട്ടങ്ങൾ ലംഘിക്കുകയാണെന്ന് അവർ ഉണ്ടാക്കുന്ന മലിനീകരണം തന്നെ വ്യക്തമാക്കുന്നുണ്ട്. അതിനർത്ഥം ഒന്നുകിൽ പരിശോധനാ സമയത്തു മാത്രം വ്യവസായ സ്ഥാപനങ്ങൾ മാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കുന്നില്ലെന്നാണ്. അതല്ലെങ്കിൽ പരിശോധനാ റിപ്പോർട്ടുകൾ വ്യവസായസ്ഥാപനങ്ങൾക്കനുകൂലമായി വ്യാജമായി നിർമ്മിക്കപ്പെടുന്നുണ്ടെന്നാണ്. ഏലൂർ എടയാർ മേഖല കൂടി ഉൾപ്പെടുന്ന ഗ്രേറ്റർ കൊച്ചി ഏരിയയിലെ വ്യവസായ മലിനീകരണത്തിന്റെ തോത് പരിശോധിച്ചാൽ തന്നെ അത് വ്യക്തമാകുകയും ചെയ്യും. കേന്ദ്ര പരിസ്ഥിതി വനംമന്ത്രാലയത്തിന് 2010ൽ മലിനീകരണ നിയന്ത്രണ ബോർഡ് സമർപ്പിച്ച റിപ്പോർട്ടിൽ രാജ്യത്തെ ഏറ്റവും കടുത്ത മലിനീകരണം നേരിടുന്ന മേഖലയാണ് അതെന്നാണ് പറയുന്നത്. രാജ്യത്ത് 24ാം സ്ഥാനമാണ് മലിനീകരണത്തിന്റെ കാര്യത്തിൽ ആ പ്രദേശത്തിനുള്ളത്. ചുവപ്പ് വിഭാഗത്തിൽപ്പെടുന്ന 83 വ്യവസായ സ്ഥാപനങ്ങൾ ഗ്രേറ്റർ കൊച്ചി ഏരിയയിൽ ഉണ്ടെന്നും അവയിൽ 95 ശതമാനവും സ്ഥിതി ചെയ്യുന്നത് ഏലൂർ എടയാർ പ്രദേശത്താണെന്നും റിപ്പോർട്ട് പറയുന്നു. തീർന്നില്ല. സംസ്ഥാനത്തെ ഏറ്റവുമധികം രാസവ്യവസായങ്ങൾ സ്ഥിതി ചെയ്യുന്ന ഈ വ്യവസായമേഖലയിൽ മൊത്തമുള്ള 247 രാസവ്യവസായ ഫാക്ടറികളിൽ നിന്നും 30ൽ അധികം എഫ്ളുവന്റ് പൈപ്പുകൾ പെരിയാറിലേക്കാണ് മാലിന്യങ്ങൾ തള്ളിവിടുന്നതെന്നും ഏതാണ്ട് നാൽപതിനായിരത്തോളം പേരെ ഇത് ബാധിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.
പക്ഷേ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടുകൾ പ്രകാരം സംസ്ഥാനത്ത് എല്ലാം സുഭദ്രമാണ്. ജലമലിനീകരണ നിയന്ത്രണത്തിന്റെ കാര്യത്തിൽ സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിന്റെ പ്രവർത്തനാനുമതി ആവശ്യമുള്ള എല്ലാ വ്യവസായ സ്ഥാപനങ്ങളും തങ്ങളുടെ പ്രൈമറി എഫ്ളുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ 2017 മേയ് 22നു മുന്പായി പ്രവർത്തനക്ഷമമാക്കണമെന്ന് 2017 ഫ്രെബുവരി 22ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നതാണ്. ഇതേ തുടർന്ന് ഇതുസംബന്ധിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പത്രങ്ങളിലെല്ലാം പരസ്യം നൽകുകയും പരിശോധനകൾക്ക് തുടക്കമിടുകയും ചെയ്തു. 2017-18 വർഷത്തിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു നൽകിയ റിപ്പോർട്ടിൽ മലിനീകരണ നിയന്ത്രണ ബോർഡ് പറയുന്നത് ചുവപ്പ്, ഓറഞ്ച്, പച്ച വിഭാഗങ്ങളിലായി ചെറുതും വലുതുമായി കേരളത്തിൽ 75,081 പ്രവർത്തനക്ഷമമായ വ്യവസായ യൂണിറ്റുകളുണ്ടെന്നും അവയിൽ 74,402 എണ്ണം മലിനീകരണ നിയന്ത്രണബോർഡിന്റെ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്നും ജലമലിനീകരണം ഉണ്ടാക്കുന്നില്ലെന്നുമാണ്. അതായത് കേരളത്തിലെ കേവലം 679 വ്യവസായ യൂണിറ്റുകൾ മാത്രമേ ചട്ടം ലംഘിക്കുന്നുള്ളുവെന്നാണ് ബോർഡിന്റെ റിപ്പോർട്ട്. ഇവയിൽ 404 യൂണിറ്റുകൾക്ക് ഷോകോസ്സ് നോട്ടീസ് നൽകിയെന്നും 16 യൂണിറ്റുകൾക്ക് അടച്ചുപൂട്ടൽ നോട്ടീസ് നൽകിയെന്നും മലിനീകരണ നിയന്ത്രണ ബോർഡ് പറയുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഈ കണക്കുകളിൽ നാം കാണാതെ പോകുന്ന പല കാര്യങ്ങളുമുണ്ട്. അതിൽ ഏറ്റവും പ്രധാനം പ്രൈമറി എഫ്ളുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് ഉണ്ടായതുകൊണ്ടു മാത്രം മലിനീകരണം ഇല്ലാതാവുന്നില്ലെന്നതാണ്. ഈ പ്ലാന്റുകൾ പ്രവർത്തനക്ഷമമാണോയെന്നും അവ പ്രവർത്തിപ്പിക്കുന്നുണ്ടോയെന്നും പരിശോധനയൊന്നും ഇത്രയും കുറഞ്ഞ കാലയളവിനുള്ളിൽ പി സി ബിക്ക് നടത്താനാവില്ലെന്നത് സാമാന്യയുക്തിയോടെ ആലോചിച്ചാൽ ബോധ്യപ്പെടുന്ന കാര്യവുമാണ്. എഫ്ളുവന്റുകൾ പുറത്തേക്ക് തള്ളുന്ന മൊത്തം 2286 വലിയ വ്യവസായ യൂണിറ്റുകൾ കേരളത്തിലുണ്ടെന്നും ഇവയ്ക്കെല്ലാം തന്നെ കോമൺ എഫ്ളുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റിനോട് ബന്ധിപ്പിച്ചിട്ടുള്ള സ്വീവേജ്, എഫ്ളുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റുകളുണ്ടെന്നും റിപ്പോർട്ട് പറയുന്നു. 2201 യൂണിറ്റുകൾ പരിസ്ഥിതി സംരക്ഷണ നിയമത്തിൽ പറയുന്ന ചട്ടങ്ങളെല്ലാം തന്നെ പാലിക്കുന്നുവെന്നും പി സി ബി റിപ്പോർട്ട് പറയുന്നു. മാലിന്യത്തിന്റെ കാര്യത്തിൽ ചുവപ്പു വിഭാഗത്തിൽപ്പെടുന്ന 12,933 വ്യവസായ യൂണിറ്റുകൾ തന്നെ ഉണ്ടെന്നിരിക്കേ, പി സി ബിയുടെ ഈ കണക്കുകളെ എത്രത്തോളം നമുക്ക് വിശ്വസിക്കാമെന്നതാണ് പ്രധാനം.
തങ്ങളുടെ എഫ്ളുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റിൽ ട്രീറ്റ്മെന്റ് നടത്തി പുഴകളിലേക്ക് ഒഴുക്കിവിടുന്ന ജലം വിഷവസ്തുക്കളില്ലാത്തതാണെന്നാണ് നിറ്റ ജലാറ്റിൻ അടക്കമുള്ള കന്പനികളുടെ അവകാശവാദം. സ്വാഭാവികമായും ഒരു ചോദ്യം ഉയരാം. വിഷലിപ്തമല്ലെങ്കിൽപ്പിന്നെ എന്തിനാണ് ശുദ്ധമാക്കപ്പെട്ട ഈ ജലം വെറുതെ പുഴയിലേക്ക് ഒഴുക്കിക്കളയുന്നത്? ദിവസേനെ ലക്ഷക്കണക്കിനു ലിറ്റർ ജലം ആവശ്യമായ ഈ ഫാക്ടറികൾക്ക് ആ ജലം തന്നെ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചാൽ മതിയല്ലോ. അവിടെയാണ് ഇവരുടെ കാപട്യത്തിന്റെ പൂച്ച് പുറത്തുചാടുന്നത്. കടുത്ത വിഷാംശമുള്ളതു തന്നെയാണ് ഫാക്ടറികളിലെ എഫ്ളുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റുകളിൽ നിന്നും മാലിന്യം നീക്കം ചെയ്തശേഷം പുറത്തുവിടുന്നുവെന്നു പറയപ്പെടുന്ന ജലവും. അതാണ് പുഴകളിൽ മത്സ്യസന്പത്ത് ചത്തൊടുങ്ങാനും പുഴകളിൽ നിന്നും ജലം കൃഷിക്കും പാചകത്തിനും ഉപയോഗിക്കുന്നവരിലേക്ക് വിഷാംശം എത്താനും രോഗങ്ങൾക്കടിപ്പെടാനും കാരണമാകുന്നതും. ഫാക്ടറികളിൽ നിന്നും പുറന്തള്ളാതെ വയ്ക്കപ്പെടുന്ന പല രാസവിഷവസ്തുക്കളും മഴക്കാലത്ത് എഫ്ളുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നുള്ള ജലത്തിനൊപ്പം പുറത്തേക്ക് കനാലുകളിലൂടെ പുഴയിലേക്ക് തുറന്നുവിടുന്നതും പല ഫാക്ടറികളിലേയും പരസ്യമായ ഒരു രഹസ്യമാണ്. ജനജീവിതത്തെ എത്ര രൂക്ഷമായാകും ഈ വിഷം ബാധിക്കുന്നതെന്നതിനെപ്പറ്റിയുള്ള ചിന്തയൊന്നും ലാഭത്തെപ്പറ്റി മാത്രം ചിന്തിക്കുന്ന കോർപ്പറേറ്റുകൾക്കോ പൊതുമേഖലാ കന്പനികൾക്കോ ഇല്ല. മത്സ്യസന്പത്തിന് കോട്ടം വരുത്താത്ത ജലത്തിന് 6.5 മുതൽ 8.5 വരെ പി എച്ച് വാല്യുവും ജലത്തിലുള്ള ഓക്സിജന്റെ അളവ് ലിറ്ററിന് 4 എം ജിയുമായിരിക്കണമെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡ് അംഗീകരിച്ചിരിക്കുന്ന ജലമേന്മാ യോഗ്യത.
കാസ്റ്റിഡ് സോഡ നിർമ്മാണം, സിന്തെറ്റിക് ഫൈബർ, പെട്രോളിയം ഓയിൽ റിഫൈനറി, പഞ്ചസാര നിർമ്മാണം, താപനിലയങ്ങൾ, ടെക്സ്റ്റൈൽ വ്യവസായം, ഡൈ നിർമ്മാണം, ഇലക്ട്രോ പ്ലേറ്റിങ് വ്യവസായം, സിമെന്റ് പ്ലാന്റുകൾ, വള നിർമ്മാണം, ലെതർ ടാനറി, ഡിസ്റ്റിലറികൾ, പേപ്പർ വ്യവസായം സിന്തെറ്റിക് റബ്ബർ വ്യവസായം, ചെന്പ്, ലെഡ് സിങ്ക് വ്യവസായം, കാത്സ്യം കാർബൈഡ്, ആസിഡ് പ്ലാന്റുകൾ, കീടനാശിനി, ഗ്ലാസ് വ്യവസായം, അറവു വ്യവസായം, ഹോട്ടൽ വ്യവസായം, ബാറ്ററി തുടങ്ങി നൂറോളം വ്യവസായങ്ങൾക്കുള്ള എഫ്ളുവന്റ്/എമിഷന്റെ തോത് എത്ര വരെയാകാം എന്നതിനെപ്പറ്റി മലിനീകരണനിയന്ത്രണ ബോർഡ് കൃത്യമായ ചട്ടങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിൽ 40 ശതമാനം പോലും പ്രാവർത്തികമാകുന്നില്ലെന്നാണ് ആ രംഗത്തെ വിദഗ്ധർ പറയുന്നത്. എന്തിന്, പരിശോധനയ്ക്കെത്തുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പോലും ഇതു സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി ചട്ടങ്ങൾ വായിച്ചുനോക്കാതെയാണ് പരിശോധനയ്ക്കെത്തുന്നതു പോലും. പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകുകയും അഴിമതിവിരുദ്ധവും ജനകീയവുമായ നിലപാടുകൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥരാകട്ടെ മേലാളന്മാരിൽ നിന്നും കടുത്ത പീഡനങ്ങൾക്ക് വിധേയമാകുന്നുണ്ടു താനും. അഴിമതിക്കാർക്ക് സ്വർഗവും അഴിമതിവിരുദ്ധ നിലപാട് സ്വീകരിക്കുന്നവർക്ക് മെമ്മോയും അന്വേഷണകമ്മീഷനെന്ന മുൾക്കിരീടവും സമ്മാനിക്കുന്ന ഒന്നായി കേരളത്തിലെ മലിനീകരണ നിയന്ത്രണ ബോർഡ് മാറിയെന്ന് രണ്ടാഴ്ച മുന്പാണ് മലിനീകരണ നിയന്ത്രണബോർഡിലെ ഉദ്യോഗസ്ഥനായ ത്രിദീപ് കുമാർ എം പി തന്നെ 2018 മേയ് 17ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.
മലിനീകരണ നിയമങ്ങൾ പാലിച്ചതിനും പാലിക്കാൻ മറ്റ് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചതിനും തനിക്ക് ലഭിച്ച മെമ്മോകളെപ്പറ്റിയും ഭീഷണികളെപ്പറ്റിയും അദ്ദേഹം എഴുതുന്നത് നോക്കൂ. പെരിയാറിലേക്ക് രാത്രിയിൽ മലിനജലം ഒഴുക്കിവിട്ടതിനെതിരെ താൻ നൽകിയ നോട്ടീസിനെപ്പറ്റി മെമ്മോ നൽകിയതിനു പുറമേ അന്വേഷണ കമ്മീഷനും രൂപീകരിച്ചിരിക്കുന്നു. ഇതിനു പുറമേ, മാധ്യമങ്ങളിലൂടെ കന്പനി വക താറടിക്കലുകളും അവരുടെ പോസ്റ്ററുകളിലൂടേയും ബാനറുകളിലൂടെയുമുള്ള ഭീഷണികളും തൊഴിലാളികളെ ഇളക്കിവിട്ടു ഭീഷണികളും പോലീസ്സ് കേസ്സുകളും. കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി ( സംരക്ഷണ ) ചട്ടങ്ങൾ 1986 സെക്ഷൻ 3(2) പ്രകാരം ഒരു കന്പനിയുടെ പാഴ്ജലം ഒഴുക്കി വിടുന്പോൾ നിഷ്കർഷിക്കുന്ന ഘടകങ്ങൾ കൂടുതൽ കർശനമാക്കാനല്ലാതെ, ഇളവു ചെയ്യാൻ സംസ്ഥാന ബോർഡുകൾക്കോ കേന്ദ്ര ബോർഡിനോ അധികാരമില്ലെന്നിരിക്കെ വർഷങ്ങൾ നിലനിന്ന പരാമീറ്ററുകൾ നിയമ വിരുദ്ധമായി ഒഴിവാക്കി നൽകിയത് പുന:സ്ഥാപിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടതിനും നിറവേറ്റിയതിനും ലഭിച്ചു അദ്ദേഹത്തിന് വീണ്ടും മെമ്മോ!
പെരിയാറിലേക്ക് രാസവസ്തുക്കളടങ്ങിയ പാഴ്ജലം തുറന്നുവിടുന്ന കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടെയ്ൽസ് ലിമിറ്റഡ് എന്ന കന്പനിക്കായി മലിനീകരണ ചട്ടങ്ങളുടെ പരാമീറ്ററുകൾ പലതും 2007, 2009 വർഷങ്ങളിൽ ഒഴിവാക്കുകയെന്ന ക്രൂരത കൂടി ചെയ്തു മലിനീകരണ നിയന്ത്രണ ബോർഡ്. ഈ ഘടകങ്ങൾ ഒഴിവാക്കിയതിനു ശേഷം ആ സ്ഥാപനത്തിന് തുടർച്ചയായി 11 തവണ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ വക എക്സലൻസ് അവാർഡുകൾ നേടിയെന്നതാണ് അതിനേക്കാളൊക്കെ മഹത്തരമായ മറ്റൊരു കാര്യം. എന്നാൽ സമാനമായ പൊതുതുമേഖലാ സ്ഥാപനത്തിന് നൽകിയ പ്രവർത്തനാനുമതിപത്രത്തിൽ ഈ കന്പനിക്കായി ഒഴിവാക്കി നൽകിയ പരാമീറ്ററുകൾ ആദ്യം മുതൽ ഇപ്പോഴും നിലനിർത്തിയിട്ടുണ്ടെന്നും ത്രിദീപ് കുമാർ വ്യക്തമാക്കുന്നു. എന്തിനധികം പറയുന്നു, സി എം ആർ എല്ലിനെ സംരക്ഷിക്കാൻ എപ്പോഴും എവിടെയും രംഗത്തിറങ്ങുന്നത് പരിസ്ഥിതി പ്രേമം പറയുന്ന ഇടതുപക്ഷത്തിന്റെ ട്രേഡ് യൂണിയനുകളാണെന്നതാണ് പരമദയനീയമായ കാര്യം.
കാതിക്കുടത്തെ നിറ്റ ജലാറ്റിൻ ഉൽപാദിപ്പിക്കുന്ന ഓസീൻ, ജലാറ്റിൻ, ഡൈ കാൽസ്യം ഫോസ്ഫേറ്റ്, ചിറ്റോസാൻ, ലൈമ്ഡ് ഓസിൻ തുടങ്ങിയ വസ്തുക്കളുടെ അസംസ്കൃത വസ്തു അറവുശാലയിൽ നിന്നുള്ള എല്ലുകളും അനുബന്ധ വസ്തുക്കളുമാണ്. ആരോഗ്യരംഗത്തും കോസ്മെറ്റിക് രംഗത്തും കാർഷിക വ്യവസായ രംഗത്തുമെല്ലാം ഈ ഉൽപന്നങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നവയാണ്. അവർ ഉൽപാദിപ്പിക്കുന്ന വസ്തുക്കളുടെ 60 ശതമാനത്തിലധികവും ജപ്പാൻ, അമേരിക്ക, കാനഡ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ തുടങ്ങി 35ഓളം രാഷ്ട്രങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നുമുണ്ട്. 370.86 കോടി രൂപയാണ് 2015-2016 വർഷത്തെ കന്പനിയുടെ മൊത്തം വിറ്റുവരവ്. കാതിക്കുടത്തെ നിറ്റ ജലാറ്റിന്റെ ഓസിൻ പ്ലാന്റിന് മലിനീകരണം ചൂണ്ടിക്കാട്ടി കടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രവർത്തനാനുമതി നിഷേധിച്ചിരുന്നെങ്കിലും കേരള േസ്റ്ററ്റ് ട്രൈബ്യൂണൽ ഫോർ ലോക്കൽ സെൽഫ് ഗവൺമെന്റ് ഇൻസ്റ്റിറ്റിയൂഷൻസ് ആ ഉത്തരവ് േസ്റ്റ ചെയ്യുകയായിരുന്നു. കേരള ഹൈക്കോടതിയും അന്തിമ വിധി വരുന്നതുവരെ കന്പനിയെ പ്രവർത്തിക്കാൻ അനുവദിച്ചിരിക്കുകയാണിപ്പോൾ. കാതിക്കുടത്തെ ഓസീൻ ഡിവിഷനിലെ എഫ്ളുവന്റ് മാനേജ്മെന്റ് സംവിധാനം നാഷണൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധർ പരിശോധിച്ചെന്നും അത് ഫലവത്താണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് 2018 ജൂൺ 30 വരെ ഫാക്ടറിക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നുമാണ് കന്പനിയുടെ വാദം. എന്നിരുന്നാലും പരിസ്ഥിതി മലിനീകരണം പരമാവധി ഒഴിവാക്കുന്നതിനായി 15.80 കോടി രൂപ പുതിയ മലിനീകരണം ഒഴിവാക്കൽ സംവിധാനങ്ങൾക്കായി കന്പനി കണ്ടെത്തുന്നുണ്ടെന്നാണ് പ്രവർത്തന റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളതെന്നത് വേറെ കാര്യം. പുഴയിലേക്ക് തള്ളപ്പെടുന്നതിൽ രാസമാലിന്യങ്ങളടങ്ങുന്നവെന്ന് കന്പനിക്കു തന്നെ ബോധ്യമുണ്ടെന്നിരിക്കേ, പുഴയിലേക്ക് വച്ചിരിക്കുന്ന പൈപ്പുകൾ കടലിലേക്ക് കൊണ്ടെത്തിക്കാനും മാലിന്യ ട്രീറ്റ്മെന്റ് കൂടുതൽ മെച്ചപ്പെടുത്താനും കന്പനി ശ്രമിച്ചാൽ ഇപ്പോഴത്തെ കടുത്ത പരിസ്ഥിതി പ്രശ്നങ്ങൾക്ക് കുറച്ചെങ്കിലും പരിഹാരമാകും.
ജലം അമൂല്യമായ വസ്തുവാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. വ്യവസായവൽക്കരണത്തോടെ വ്യവസായശാലകളിൽ നിന്നും പുറന്തള്ളപ്പെടുന്ന വ്യവസായിക മലിന ജലത്തിന്റെ അളവ് വർധിക്കുകയും പരിസ്ഥിതിയെ അത് നാശോന്മുഖമാക്കുകയും ചെയ്യുന്നുണ്ടെന്ന കാര്യത്തിലും ആർക്കും സംശയമില്ല. നിലവിൽ മലിനജല ട്രീറ്റ്മെന്റിനായി ഏറ്റവും ഫലവത്തായി കണ്ടെത്തിയിട്ടുള്ള കോമൺ എഫ്ളുവന്റ് പ്ലാന്റുകളാണെങ്കിലും സാേങ്കതിക കാരണങ്ങളാലും മാനേജീരിയൽ പ്രശ്നങ്ങളാലും പലതും ശരിയാംവണ്ണമല്ല പ്രവർത്തിക്കുന്നതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് തന്നെ സമ്മതിക്കുന്നുമുണ്ട്. ടെക്സ്റ്റൈൽ, ടാനറി, ഫാർമസ്യൂട്ടിക്കൽ, ഇലക്ടോപ്ലേറ്റിങ് മേഖലകളാണ് ഇതിൽ ഏറ്റവുമധികം മലിനീകരണം സൃഷ്ടിക്കുന്നത്. ജർമ്മനിയിലും മറ്റും പുതിയ സാങ്കേതികവിദ്യയിലൂടെ വ്യവസായ മലിനജലത്തിലെ ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ് (ബി ഒ ഡി) വാല്യു 97 ശതമാനത്തോളം കുറയ്ക്കാനും ടോട്ടൽ സസ്പെൻഡഡ് സോളിഡ് (ടി എസ് എസ്) വാല്യു കുറയ്ക്കാനും കഴിഞ്ഞിട്ടുണ്ട്. തിരുപ്പൂരിലെ പല വലിയ വസ്ത്ര നിർമ്മാണ കന്പനികളും ഈ സാങ്കേതിക വിദ്യ ഇതിനകം തങ്ങളുടെ പ്ലാന്റുകളിൽ പ്രവർത്തനക്ഷമമാക്കിയിട്ടുമുണ്ട്. അതേപോലെ തന്നെ ഓർഗാനിക് മാലിന്യങ്ങളുടെ കെമിക്കൽ ഓക്സിജൻ ഡിമാന്റ് (സി ഒ ഡി) ഫലപ്രദമായി കുറയ്ക്കാനാകുന്ന പ്ലാന്റുകളും വിദേശ ഫാർമസ്യൂട്ടിക്കൽ കന്പനികളിൽ ഇന്നുണ്ട്. ആന്ധ്രയിലെ പടൻചേരിലെ മരുന്നു നിർമ്മാണ കന്പനി എഫ്ളുവന്റിനെ സ്വീവേജുമായി കൂട്ടിച്ചേർത്ത് അവയുടെ ജൈവ ട്രീറ്റ്മെന്റ് മെച്ചപ്പെടുത്തിയതായിവാർത്തകളുണ്ട്. അതേപോലെ ഇലക്ട്രോപ്ലേറ്റിങ് വ്യവസായം പുറന്തള്ളുന്ന എഫ്ളുവന്റിൽ ക്രോമിയവും നിക്കലും പോലുള്ള ഖരലോഹങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുള്ളതിനാൽ അതീവ അപകടകരമാണത്. റിവേഴ്സ് ഓസ്മോസിസിലൂടേയും അയൺ എക്സ്ചേഞ്ചിലൂടേയും ഇലക്ട്രോ ഡയാലിസസിലൂടേയും ജലം റീസൈക്കിൾ ചെയ്ത് ആ ലോഹങ്ങൾ വീണ്ടെടുത്തശേഷം മലിനജലം പുറന്തള്ളുകയാണ് ഏറ്റവും അഭിലഷണീയമായ മാർഗം. ലുധിയാനയിൽ അയൺ എക്സ്ചേഞ്ച് പ്രക്രിയയിലൂടെ മാലിന്യം പൂർണമായും നീക്കുന്ന പ്ലാന്റ് ഉണ്ടെന്ന് മലിനീകരണ നിയന്ത്രണബോർഡ് തന്നെ പറയുന്നു. വ്യത്യസ്തമായ വ്യവസായങ്ങൾക്ക് വ്യത്യസ്തമായ എഫ്ളുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റുകളാണ് ഉണ്ടാകേണ്ടതെന്നതിനാൽ ബോർഡിന്റെ ഇക്കാര്യത്തിലുള്ള ഉത്തരവാദിത്തം വലുതാണ്. പലപ്പോഴും ഇത്തരം പ്ലാന്റുകൾ പ്രവർത്തിപ്പിക്കുന്നതിന്റേയും കൈകാര്യം ചെയ്യുന്നതിന്റേയും ചെലവാണ് കന്പനികളെ അവ സ്ഥാപിക്കുന്നതിൽ നിന്നോ പ്രവർത്തിപ്പിക്കുന്നതിൻ നിന്നോ അകറ്റിനിർത്തുന്നത്. പക്ഷേ നല്ല ബിസിനസുകാരും കോർപ്പറേറ്റുകളും ഭൂമിയിലെ ജലത്തേയും വായുവിനേയും മലിനമാക്കി സർവനാശത്തിലേക്ക് ഭൂമിയെ കൊണ്ടുവിടാൻ ആഗ്രഹിക്കില്ലെന്നുറപ്പ്. അത്തരക്കാരുടെ എണ്ണം പക്ഷേ തുലോം തുച്ഛമാണെന്നതാണ് ദയനീയം.