നന്മകൾ നിറഞ്ഞ നാട്ടിൻ പുറം...
ആദർശ് മാധവൻ കുട്ടി
ജാതിയുടെയും മതത്തിന്റെയും പേരിൽ ഇന്ത്യയിൽ പല സ്ഥലത്തും ആളുകൾ പരസ്പരം പോരടിക്കുന്ന കാലഘട്ടത്തിൽ ഇപ്പോഴും മതമൈത്രിയുടെ പ്രതീകമായി നിൽക്കുന്ന മലയാളം ഈ ചെറിയ പെരുന്നാളിലും ഭക്തിയുടെ നിറവിലാണ്. നമ്മൾ ജനിച്ചു വളരുന്ന നാട് തന്നെയാണ് നമ്മുടെ സംസ്ക്കാരത്തെയും നമ്മുടെ സ്വഭാവ രീതികളെയും സ്വാധീനിക്കുന്ന ഏറ്റവും വലിയ ഘടകം എന്ന് വിശ്വസിക്കുന്ന ഞാൻ മതമൈത്രി നിലകൊള്ളുന്ന എന്റെ നാട്ടിൽ നിന്ന് തന്നെയാണ് പല അറിവുകളും സ്വായത്തമാക്കിയത്. ക്ഷേത്ര സാമീപ്യം കൊണ്ട് അനുഗ്രഹീതമായ തിരുവനന്തപുരം ജില്ലയുടെ പ്രാന്തപ്രദേശമായ പള്ളിപ്പുറത്ത് ജനിച്ച ഞാൻ പിന്നീട് ഈ കുടുംബ പശ്ചാത്തലത്തിൽ നിന്ന് ഇതര മതസ്ഥർക്ക് ഭൂരിപക്ഷമുള്ള ഒരു പശ്ചാത്തലത്തിലേക്കാണ് കൂടു മാറാൻ തീരുമാനിച്ചത്. അച്ഛന്റെ തീരുമാനം കേട്ട് ബന്ധുക്കൾ ഒന്ന് നെറ്റി ചുളിച്ചെങ്കിലും അവിടെ ഞങ്ങളുടെ അയൽക്കാരായി ലഭിച്ച മുസ്ലിം കുടുംബം ഞങ്ങളെ അവരുടെ സ്വന്തം വീട്ടുകാരെപ്പോലെ തന്നെ കരുതിപ്പോന്നതും ഒരു കുടുബം പോലെ ജീവിക്കാൻ തുടങ്ങിയതുമെല്ലാം വളരെ പെട്ടെന്നായിരുന്നു.
ഞങ്ങളുടെ ഏറ്റവും മനോഹരമായ ദിനങ്ങളായിരുന്നു ഓരോ വർഷത്തെയും റമദാൻ ദിനങ്ങൾ. ആ നാട്ടിലെ നവാഗതരായ ഞങ്ങളുടെ ദിനങ്ങളെ അവർ എന്നും പെരുന്നാളുകൾ ആക്കി മാറ്റി എന്ന് തന്നെ പറയാം. അയൽവീട്ടിലെ റജിലത്താത്തയുടെ കോഴിക്കറിയോട് മത്സരിക്കുക, എന്റെ മറ്റൊരു സുഹൃത്ത് നാസിയുടെ ഉമ്മ പാകം ചെയ്ത നേർത്ത അരിപ്പത്തരിയും ആട്ടിറച്ചി കറിയുമാണ്. റഷീദ്ക്കയുടെ നെയ്ച്ചോറും കിണ്ണത്തപ്പവും തുടങ്ങി വിവിധ വിഭവങ്ങളുടെ രുചിക്കൂട്ട് തന്നെയാണ് പെരുന്നാൾ ദിനങ്ങൾ.
ഭക്ഷണം കഴിഞ്ഞാണ് കളി സ്ഥലങ്ങൾക്ക് ജീവൻ വെക്കുക. എൺപത്തിയൊൻപതിലെ കപിൽ ദേവിന്റെയും വെംഗ്സാർക്കറിന്റെയും പിൻ മുറക്കാർ മടൽ ബാറ്റും റബ്ബർ ബോളുമായി പുരയിടങ്ങൾ കൈയ്യടക്കുകയായി. മരച്ചീനിക്കന്പുകൾ ചെത്തിമിനുക്കിയ സ്റ്റന്പുകൾ ഇടയ്ക്കിടയ്ക്ക് കടപുഴകും. ഇഫ്ത്താറുകളിലൂടെയും പ്രസംഗവേദികളിലൂടെയുമല്ല, മത സൗഹാർദ്ദങ്ങൾ ഇത്തരം മൈതാനങ്ങളിൽ പ്രവർത്തിച്ചു കാണിക്കുകയായിരുന്നു ഞങ്ങൾ.
വർഷങ്ങൾ പലത് കടന്നുപോയി. ആദ്യം ജില്ല, പിന്നെ സംസ്ഥാനം, ഒടുവിൽ രാജ്യം ഈ ക്രമത്തിൽ പ്രവാസജീവിതം മുന്നേറിയെങ്കിലും അന്നത്തെ നിഷ്കളങ്കമായ സ്നേഹവും തീക്ഷ്ണമായ സൗഹൃദവും മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല. അവരുമായി ഇന്നും ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കുന്നു. ഈ പരിശുദ്ധ റമദാൻ മാസത്തിൽ മതം എന്നത് മനുഷ്യനെ സ്നേഹിക്കാനുള്ള വിധം ആണെന്ന് എന്നെ പഠിപ്പിച്ച കുന്നുംപുറം എന്ന കൊച്ചു ഗ്രാമത്തിലെ സഹോദരങ്ങൾക്ക് എന്റെ പെരുന്നാൾ ആശംസകൾ നേരുന്നു...