ഈദ് ഓർമ്മകൾ
ധന്യ പ്രശാന്ത്
ആത്മ സമർപ്പണത്തിന്റെയും ആത്മ സംസ്ക്കാരത്തിന്റെയും വിശുദ്ധ മാസമാണ് റമദാൻ. റമദാനെ കുറിച്ച് ഓർക്കുന്പോൾ ഓർമ്മകൾ ചെന്നെത്തുന്നത് ആദ്യം എന്റെ കലാലയ ജീവിതത്തിൽ ആണ്, എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായ മുസ്ലിം സഹോദരി, അവളുമായിയുള്ള റമദാൻ ഓർമ്മകൾ ആണ്. റമദാൻ നോന്പ് തുടങ്ങുന്നത്തോടെ ഉച്ച ഭക്ഷണം കഴിക്കുന്ന പതിവ് വട്ടമേശ സമ്മേളനത്തിൽ നിന്നും അകന്നു മാറി അവളും മറ്റു നോന്പുകാരും ഒരു ഭാഗത്തു മാറിയിരുന്നു നിസ്കരിക്കുന്നത് കാണാം. വൈകുന്നേരം വരെ ഒന്നും കഴിക്കാതെ ഇരുന്നിട്ടും അവളിൽ ആ ഷീണം ഒന്നും കാണാൻ കഴിയുന്നില്ല. തികച്ചും ആത്മ സംതൃപ്തിയോടെയാണ് അവർ നോന്പു എടുക്കുന്നത്. 27 ദിവസത്തെ നോന്പ് പൂർത്തിയാകുന്നതോടെ ഈദിനെ വരവേൽക്കാൻ ഒരുങ്ങുന്നു. ഹിന്ദു സമുദായത്തിൽപെട്ട എന്നെയും കൂട്ടുകാരികളെയും അവൾ വീട്ടിലേക്കു ക്ഷണിക്കുന്നു. ബന്ധുക്കളെ കൊണ്ടു നിറഞ്ഞ അവളുടെ വീട് വലിയ ഒരു ആഘോഷത്തിന് എന്നപോലെ ഒരുങ്ങുന്നു. പലതരം വിഭവങ്ങൾ കൊണ്ട് തീൻമേശ നിറഞ്ഞിരിക്കും. അവളുടെ ഉമ്മയെയും ബാപ്പയെയും ഇത്തയെയും, താത്തയെയും എല്ലാം ഞാനും അങ്ങനെ തന്നെയായിരുന്നു വിളിച്ചിരുന്നത്. സ്നേഹത്തോടെ മാത്രമേ അവരെ കാണാൻ കഴിഞ്ഞിട്ടുള്ളൂ. അവർക്കും ഞാനും അവളും വേറെ ആയി തോന്നിട്ടില്ല. അത്രക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നു അവളുടെ വീട്ടിൽ. പോകുന്പോൾ അവളുടെ ഉമ്മ സന്തോഷത്തോടെ ഒരു വലിയ പൊതിക്കെട്ടും കൈയിൽ തരുമായിരുന്നു. റമാദാൻ സ്പെഷ്യൽ. ഇതൊക്കെയായിരുന്നു വിവാഹത്തിന് മുന്നേയുള്ള റമദാൻ അനുഭവങ്ങൾ.
എന്നാൽ പ്രവാസിയുടെ ഭാര്യയെന്ന പദവിയിലുന്നി മരുഭൂവിന്റെ ദത്തു പുത്രിയായിട്ട് ഏഴ് വർഷം പിന്നിടുന്പോൾ മധുരിക്കും ഓർമ്മകൾ നിരവധിയാണ്. പിശാചിനെ കെട്ടിയിട്ട് നരകം കൊട്ടിയടച്ച് സ്വർഗവാതിലുകൾ മനുഷ്യനയി തുറന്നുവെച്ച് അള്ളാഹു കാത്തിരുന്ന മാസം. കാരുണ്യത്തിന്റെ മാലഖകൾ ചിറകുവിടർത്തി പറന്നുവരുന്ന പുണ്യമാസം. മനസ്സിനും ശരീരത്തിനും സന്തോഷത്തിന്റെയും സമാധാനത്തിന്റെ കുളിരു പകരുന്നു. പരിശുദ്ധമായ നോന്പു തുടങ്ങുന്നതോടെ ബഹ്റൈന്റെ വീഥികൾ പകലുകൾ രാത്രിയും രാത്രികൾ പകലുകളുമായി മാറുന്നു. പകൽ സമയത്തു കഠിനമായ ചൂടും നോന്പും കാരണം അധികം ആരെയും പുറത്തു കാണില്ല. പലവിധ കച്ചവട സ്ഥാപനങ്ങളും കടകളും ഹോട്ടലുകളും എല്ലാം അടഞ്ഞു കിടക്കും. ഓഫീസുകളിലും മറ്റു സ്ഥാപനങ്ങളിലും സമയക്രമം വരുത്തുന്നു. വളരെയധികം ശാന്തമായി പോകുന്നു പകലുകൾ. പകലിന് ദൈർഘ്യം കൂടുതലും രാത്രി പെട്ടന്ന് കടന്നു പോകുന്നതുപോലെ തോന്നിക്കുന്ന ദിനങ്ങളാണ്. അസർ നമസ്കാരം കഴിയുന്നത്തോടെ നഗരം ഉണരുന്നതായി കാണാം. എല്ലാ ഇടത്തും ദീപലങ്കാരങ്ങളും, പലതരം ഭക്ഷണങ്ങളും ഒക്കെയായി ഒരുങ്ങുന്നു വീഥികൾ. കൊച്ചുകടകൾ മുതൽ ഫൈവ് സ്റ്റാർ ഹോട്ടൽ വരെ നോന്പു തുറയ്ക്കായി പലതരം ഭക്ഷണസാധങ്ങൾ ഒരുക്കുന്നു. ഈ സമയത്താണ് ശരിയ്ക്കും കച്ചവടം പൊടി പൊടിക്കുന്നത്. എല്ലാവിധ കച്ചവട സ്ഥാപനങ്ങളും വൻ ഓഫറുമായാണ് എത്തുന്നത്. അവധിക്ക് നാട്ടിൽ പോകുന്ന പ്രവാസികൾക്കും ഇത് വളരെയധികം തൃപ്തികരമാണ്. രാത്രിയാണ് നഗരം ഉണരുന്നത്. നഗര വീഥികളിലും. പാർക്ക്, ഷോപ്പിംഗ് കോംപ്ലക്സുകൾ അങ്ങനെ എല്ലായിടത്തും കുടുംബങ്ങൾ, സ്ത്രീകളും കുട്ടികളുമടക്കം എവിടെയും ശബ്ദംമുഖരിതമയിരിക്കും.
അതോടൊപ്പം സ്വദേശികളും വിദേശികളും ആകെ ഒരു ഉത്സവമയം, ബാക്കി എല്ലാ മാസത്തേക്കാൾ കച്ചവടവും ലാഭവും ഉണ്ടാക്കാൻ ഈ ഒരു ഒറ്റ മാസത്തിന് കഴിയുമെന്ന് അനുഭവമുള്ളവർ പറയുന്നു. രാത്രി മുഴുവനും എങ്ങും പ്രഭാഷണങ്ങൾ കേൾക്കാം. കടുത്ത ചൂടിലും സമൃദ്ധമായി വിളഞ്ഞ ഈന്തപ്പനകൾ എവിടെയും കാണാം. അത് നഗരത്തിന്റെ സൗന്ദര്യം കൂട്ടുന്നു. നോന്പു തുറയ്ക്കായി ഇഫ്ത്താർ കിറ്റുമായി വൈകുന്നേരങ്ങളിൽ വഴിയായോരങ്ങളിൽ കാണാം പലവിധ ചാരിറ്റിസംഘടനകൾ, ഓഫീസ് ജീവനക്കാർ അങ്ങനെ പോകുന്നു. ജാതിമതഭേദമന്യേ എല്ലാരും പൂർണമനസ്സോടെ ഇതിന്റെ ഭാഗമാകുന്നു. എല്ലാ വിധ സ്ഥാപനങ്ങളും അവരാൽ കഴിയുന്ന വിധം ഇഫ്ത്താർ വിരുന്നുകൾ സംഘടിപ്പിക്കുന്നു. തുച്ഛമായ വരുമാനത്തിൽ ജീവിക്കുന്നവർക്ക് ഈ പുണ്യമാസം വളരെയധികം ആശ്വാസമാണ്.