റമദാൻ നിലാവ്
അസീന
ഈ പ്രവാസത്തിൻ തീ ചൂളയിൽ വെന്തുരുകുന്ന ഈ പുണ്ണ്യ റമദാൻ മാസത്തിൽ അൽപ്പമൊരാശ്വാസം തരുന്നത്, പൂന്തെന്നലായി സുഗന്ധം പരത്തും കുഞ്ഞു നാളിലെ റമദാൻ ഓർമ്മപ്പൂക്കളാണ്. റമദാൻ മാസപ്പിറവിക്ക് മുന്പേ തന്നെ മിക്ക വീടുകളിലും നോന്പ് കാലത്തേക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചിട്ടുണ്ടാവും, കുഞ്ഞുനാളിലെ എന്നും മധുരമുള്ള ഒരോർമ്മയായി സൂക്ഷിക്കുന്നത്, മധുരമൂറും സ്നേഹത്തിൽ പൊതിഞ്ഞ ഉമ്മയുണ്ടാക്കുന്ന വെള്ളപ്പോളയും, ആറ്റിത്തണുപ്പിച്ച തരിക്കഞ്ഞിയുമാണ്. റമദാൻ നാളിൽ മാത്രം മിക്ക വീടുകളിലും കാണപ്പെടുന്ന ഒരു പ്രതേക വിഭവം തന്നെയാണിത്. ബാല്യത്തിന്റെ നിഷ്കളങ്കതയാൽ, മുതിർന്നവരോടൊത്ത് ആഹ്ലാദ തിമർപ്പോട് കൂടിയാണ് റമദാൻ നിലാവിനെ വരവേറ്റിരുന്നത്. നോന്പിന്റെ ആദ്യത്തെ പത്ത് കുട്ടികൾക്കുള്ളതാണെന്ന കാര്യം കേട്ടറിവിന്റെ അടിസ്ഥാനത്തിൽ പത്ത് നോന്പുകൾ വളരെ ഉത്സാഹത്തോടെ നോറ്റു തീർക്കുമായിരുന്നു അതിനോടെ അവശയായിട്ടുണ്ടാവും പിന്നീടുള്ളതൊക്കെ വീട്ടുകാരുടെ നിർബന്ധപ്രകാരം പാതി വെച്ച് മുറിച്ചതും ഇടവിട്ടുള്ള നോക്കലും ആയിരിക്കും. പള്ളിക്കൂടത്തിലേയും അയൽവക്കത്തേയും കൂട്ടു കാരോട് നോറ്റ നോന്പിന്റെ എണ്ണം പറയാനുള്ള തിടുക്കത്തിലായിരിക്കും. പിന്നീടുള്ള ദിവസങ്ങളിൽ അവസാനത്തെ പത്തിൽ ഇരുപത്തി ഏഴാം രാവിന്റെ വരവേൽപ്പിനെ കാത്തിരിക്കും വീടുകളിലെ ഖുർആൻ പാരായണവും പള്ളികളിലെ തറാവീഹ് നിസ്ക്കാരങ്ങളും പ്രാർത്ഥനകളും കേൾക്കാൻ അതിമനോഹരംതന്നെയാണ്, പകൽ ദിവസങ്ങളിൽ സക്കാത്തിനായി കയറിയിറങ്ങുന്ന പല മുഖങ്ങൾ. ഇരുപത്തേഴാം നാൾ വരെയുള്ള ആൾ കൂട്ടങ്ങളുടെ വരവേൽപ്പും അതിനു ശേഷമുള്ള ദിവസങ്ങൾ പെരുന്നാൾ കോടിഎടുക്കാനുള്ള തിടുക്കത്തിലായിരിക്കും. റമദാൻ നാളിന്റെ അവസാന രാത്രിയിൽ അയൽവക്കത്തെ കൂട്ടുകാരോടൊത്തും കൂട്ടു കുടുംബങ്ങളോടൊത്തും മൈലാഞ്ചിയിടാനുള്ള ആവേശത്തിമർപ്പിലായിരിക്കും അതിനുള്ള ഒരുക്കപ്പാടുകളും ഒട്ടും കുറച്ചിരുന്നില്ല. ഇങ്ങനെയുള്ള ബാല്യകാല ഓർമ്മകൾ ഇന്നും സുഗന്ധം പരത്തിക്കൊണ്ടേയിരിക്കുന്നു.
നോന്പ് തുറക്കാൻ നേരത്തേക്കുള്ള പാനീയത്തിനായി വീട്ടു മുറ്റത്തെ തൈ തെങ്ങിൽ നിന്നും ഇളം കരിക്ക് വെട്ടി പൊളിച്ചും മറ്റു പല ജോലികളും ഒരുക്കി വെക്കുന്നതും വീട്ടിലെ മുതിർന്നവർ തന്നെയായിരിക്കും. പശുവിൻ നെയ്യിൽ ചെറിയ ഉള്ളി മൂപ്പിച്ചു പാലൊഴിച്ചുണ്ടാക്കുന്ന തരിക്കഞ്ഞിയുടെയും വാഴയിലയിൽ പരത്തി മൺകല്ലിൽ ചുട്ടെടുക്കുന്ന ഓട്ടു പത്തിരിയുടെ മണവും അന്നത്തെ റമദാൻ ഓർമ്മകൾക്ക് പ്രാധാന്യം നൽകുന്നു. പണം കൊടുത്താൽ കിട്ടാത്ത പലഹാരങ്ങൾ ഒന്നും തന്നെയില്ല ഈ പ്രവാസ ലോകത്ത് എന്നിരുന്നാലും ഉമ്മയുടെ കൈകൊണ്ടുണ്ടാക്കുന്ന നാട്ടിൻ പുറങ്ങളിലെ പലഹാരങ്ങളുടെ രുചിക്കൂട്ടുകൾ ഒന്ന് വേറെതന്നെയാണ്. നോന്പ് തുറന്നു കഴിഞ്ഞാൽ പ്രാർത്ഥനകൾക്കും ഖുർആൻ പാരായണത്തിനും തറാവീഹ് നിസ്കാരത്തിനും ഉള്ള തിരക്കുകളായിരിക്കും അത് കഴിഞ്ഞാൽ അത്താഴത്തിനെക്കുള്ള ഒരുക്കങ്ങൾ തുടങ്ങും.
കുഞ്ഞുനാളിലെ രസകരമായ റമദാൻ ഓർമ്മകളിൽ ഒന്നാണ് വീട്ടിലെ പൂച്ചകൾ... പന്ത്രണ്ട് പൂച്ചകളാണ് വീട്ടിൽ ഉണ്ടായിരുന്നത് അടുത്തടുത്ത് വീടുള്ളത് കാരണം ഓരോ വീട്ടിലെയും മണം പിടിച്ച് അവർ കയറിയിറങ്ങും വീടിന്റെ തൊട്ടപ്പുറത്ത് പള്ളിയുള്ളത് കാരണം ബാങ്ക് വിളി ഉച്ചത്തിൽ കേൾക്കും കേൾക്കേണ്ട താമസം അവർ തീൻ മേശക്കരികിൽ നിശ്ശബ്ദമായി കുത്തിയിരുന്നിട്ടുണ്ടാവും. അത്താഴത്തിനുള്ള ചോറ് വിളന്പും നേരം ഓരോ ഭാഗത്ത് നിന്നും ഓരോന്നായി സട കുടഞ്ഞു വരുന്നു ണ്ടാവും ഇത്തരം ഓർമ്മപ്പൂക്കൾ ഇന്നീ മരുഭൂമിയിലെ റമദാൻ നിലാവിൽ കുളിർ തെന്നലായി നറുമണം വീശുന്നു.
പഠിക്കുന്ന കാലത്ത് ഉമ്മയ്ക്ക് എന്നും അടുക്കളയിൽ ഒരു താങ്ങും തണലുമായിട്ടുണ്ടാവുന്ന ഞങ്ങളുടെ പ്രിയപ്പെട്ട കല്യാണി അമ്മയും നാല് പെൺമക്കളുമാണ് റമദാൻ നാളിലെ ഓർമ്മയിൽ ചിലത്.
ജീവിതത്തിന്റെ നാലറ്റവും കൂട്ടി യോജിപ്പിക്കാനുള്ള പരക്കം പാച്ചിലിലായിരിക്കും കല്യാണിയമ്മ. കാലത്ത് സുബ്ഹിയോ ടടുത്തു വന്നാൽ വീട്ടിലെ ജോലികളൊക്കെ തീർത്ത് പാതിരാത്രി ചൂട്ടും കത്തിച്ചു വീട്ടിലേക്കുള്ള നടത്തമാണ് ഏറെ സ്മരണയിൽ പെടുന്നത്. കല്യാണി അമ്മയുടെ ഭർത്താവ് അവരുടെ മക്കളുടെ ചെറുതിലെ മരണപ്പെട്ടുപോയിരുന്നു. അത് കാരണം നാല് പെൺമക്കളെ വളർത്താനുള്ള സാന്പത്തിക അവസ്ഥ വളരെ മോശമായിരുന്നതിനാൽ ഉമ്മയുടെ തണൽ തേടിവരും. നാല് മക്കളിൽ അൽപം പോലും വേർതിരിവ് കാണിക്കാതെയാണ് ഉമ്മ അവരെ നോക്കി വളർത്തിയിരുന്നത്. കുഞ്ഞുനാളിൽ കണ്ണൻ ചിരട്ടയിൽ ചോറ് വെച്ച് കളിച്ചതും, ഈന്തോലപ്പട്ട കൊണ്ട് പന്തൽ കെട്ടി കല്യാണ ചെക്കനേയും പെണ്ണിനേയും തെങ്ങോലക്കണ്ണി കൊണ്ട് ആഭരണങ്ങൾ പണിഞ്ഞു അണിയിച്ച് ഇരുത്തിയതും തൊടിയിലെ ചെടികൾക്കിടയിൽ മുളച്ചു വന്ന വെള്ള പൂപ്പൽ കുമിൾ പറിച്ചു ബിരിയാണി വെച്ചതും ഇലകൾ നുറുക്കി പലതരം കറികൾ ഉണ്ടാക്കിയതും ഇന്ന് കുഞ്ഞു നാളിലെ രസമുള്ള ഓർമ്മകളായിത്തന്നെ സ്മരിക്കപ്പെടുന്നു. ചെറുതിലെ വീട്ട് ജോലികൾ കണ്ട് വളർന്ന മക്കൾ അൽപം ചിറകു മുളച്ചപ്പോൾ പല വീടുകളിലായ് വേലയ്ക്ക് നിന്ന് തന്നെ അവർ കുടുംബം പുലർത്തി. കാര്യമായ വിദ്യാഭ്യാസം നൽകാൻ കഴിഞ്ഞിരുന്നില്ലെങ്കിലും കണ്ടും കേട്ടും അവർ അത്യാവശ്യം എഴുതാനും വായിക്കാനും പഠിച്ചിരുന്നു. നിത്യവും പോയി വാരാനുള്ള വീടുകളിലായി അവർ വേലയ്ക്ക് നിന്നു. അതിനാൽ പല കുടുംബങ്ങളുമായി സന്പർക്കം പുലർത്താനും പല വിവരങ്ങളും അറിവുകളും നേടിയെടുക്കാനും കഴിഞ്ഞു. ആയതിനാൽ കെട്ടടങ്ങാത്ത ദാരിദ്ര്യത്തിന്റെ കനൽ ഭിത്തിയിൽ നിന്നും അൽപ മൊരാശ്വാസത്തിനായി പലരുടെയും നിർബ്ബന്ധത്തിന് വഴങ്ങി കുടുംബവും കൂട്ടവും വേർപിരിഞ്ഞു. മൂത്തയാൾ കടൽ കടന്ന് വിദേശ യാത്രയ്ക്ക് തയ്യാറെടുത്തു. വല്ലപ്പോഴും കിട്ടുന്ന വേനലവധിക്ക് നാട്ടിൽ വരുന്പോൾ ഈ ചുട്ടുപൊള്ളുന്ന മരുഭൂമിയുടെ വിശാല കഥകൾ പറഞ്ഞാൽ തീരാത്തവയായിരുന്നു. ഒരു മാസം തികയാതെയുള്ള ഹൃദയം നുറുങ്ങുന്ന മടക്കയാത്രയിൽ മനം നൊന്ത് വിങ്ങിപൊട്ടൂന്ന കല്യാണിയമ്മയുടെ മുഖമാണ് ഇന്ന് മനസ്സിൽ.
വേർപാടിന്റെ വേദനകൾ കടിച്ചമർത്തി പ്രിയപ്പെട്ട അമ്മയ്ക്കും കുഞ്ഞനുജത്തിമാർക്കും അൽപമൊരാശ്വാസം പകർന്ന് കെട്ടടങ്ങാത്ത ദാരിദ്ര്യത്തിൽ നിന്നും മുക്തി നേടാൻ അവൾ വീണ്ടും വീട്ടു ജോലികൾക്കായി പ്രവാസ ലോകത്തേയ്ക്ക് പറന്നകന്നു.