ഗതകാലസ്മരണകൾ നെഞ്ചേറ്റുന്ന തളങ്കരത്തൊപ്പിപ്പെരുമ...
പ്രഭാകരൻ കാഞ്ഞങ്ങാട്
വർണ്ണനൂലുകൾ കൊണ്ട് കൈകൊണ്ടു തുന്നിയുണ്ടാക്കിയ കൊച്ചുകൊച്ചു തൊപ്പികൾ, വടക്കേ മലബാറിലെ തളങ്കര എന്ന കൊച്ചുഗ്രാമത്തിന്റെ പേര് ദേശാതിർത്തികൾ കടന്നുപോവാൻ നിമിത്തമായ ഒരു ചരിത്രമുണ്ട് പഴയ കാസർഗോഡിന്. തൊപ്പിയുടെ പെരുമ ആഫ്രിക്കൻ വൻകരയിലും അറബ് രാജ്യങ്ങളിലും തിളങ്ങി നിന്ന ഒരു വ്യാപാര കാലഘട്ടത്തിന്റെ ഓർമ്മകളുമായി പേരിനുമാത്രം തളങ്കരയിലിന്നും അപൂർവ്വം മുസ്ലീം കുടുംബങ്ങൾ തുണിത്തൊപ്പികൾ തുന്നുന്നു.
പലനിറത്തിലുള്ള തൊപ്പികളിലൂടെ തളങ്കരഗ്രാമം ലോകമെങ്ങുമറിയപ്പെട്ടിരുന്നു. രണ്ട് നൂറ്റാണ്ടുകൾക്കപ്പുറത്ത് തുടങ്ങിയതാണ് തളങ്കര തൊപ്പിയുടെ ചരിത്രം. ലക്ഷദ്വീപിൽ നിന്നും കാസർഗോട്ടെ തുറമുഖങ്ങളിലേക്ക് ദ്വീപിലെ ഉൽപ്പന്നങ്ങളുമായിവന്ന ചെറിയ മഞ്ചുക്കളിലെ കച്ചവടക്കാരിൽ നിന്നാണ് തൊപ്പിനിർമ്മാണ രീതി തളങ്കരക്കാർ സ്വന്തമാക്കിയത്. കാസർഗോഡിന്റെ ഈ മുസ്ലീം ഗ്രാമത്തിൽ തൊപ്പിനിർമ്മാണത്തിന്റെ സാധ്യതകൾ മനസിലാക്കിയ ചിലർ ഈ രംഗത്തേക്ക് കടന്നുവന്നു. വളരെ വേഗത്തിൽ തന്നെ ഓരോ മുക്കിലും മൂലയിലും തൊപ്പിയടിക്കുന്നതിന്റെ ശബ്ദങ്ങൾ ഉയർന്നു തുടങ്ങി. തളങ്കരയിലെ എല്ലാകുടുംബങ്ങളിലും തൊപ്പി നിർമ്മാണം ഒരു പ്രധാന വരുമാന മാർഗമായിരുന്നു ഒരു കാലത്ത്. സ്ത്രീകളും കുട്ടികളുമയങ്ങിയ ഒരു വലിയ സമൂഹം തന്നെ ഈ കുടിൽ വ്യവസായത്തിന്റെ ഭാഗവാക്കായി. തളങ്കര തൊപ്പിയുടെ കരവിരുതും വർണ്ണ നൂലുകൾകൊണ്ട് തീർക്കുന്ന ചിത്രപ്പണികളും സൗന്ദര്യവും മനുഷ്യാധ്വാനത്തിന്റെ മഹത്വവും വിളിച്ചോതുന്നവയായിരുന്നു.
കേരളീയ ഗ്രാമത്തിന്റെ ഈ കരവിരുത് വിദേശത്തെ ഓരോ ആളെയും വല്ലാതെ മോഹിപ്പിച്ചു. വിശുദ്ധ റമദാന് നാളുകളിൽ തളങ്കര തൊപ്പി ഒഴിച്ചു കൂടാനാവാത്ത ഒരു സവിശേഷ വസ്തുവായിത്തീർന്നു. അപൂർവ്വതയുള്ള ഈ തൊപ്പിക്കും ആരാധകരായ വിദേശിയർ വർദ്ധിച്ചു. അന്നുണ്ടായിരുന്ന തളങ്കര തുറമുഖത്തുനിന്ന് സുഗന്ധദ്രവ്യങ്ങളുമായി തളങ്കരയിൽ തന്നെ നിർമ്മിച്ച ഭീമൻ ഉരുക്കളിൽ തളങ്കര തൊപ്പിയും ഒരു പ്രധാന കയറ്റുമതി ഉൽപ്പന്നമായി സ്ഥാനം പിടിച്ചു. എണ്ണയുടെ വരവോടുകൂടി ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിൽ തേടിപ്പോകുന്ന ഓരോ കാസർഗോട്ട്കാരനോടൊപ്പവും ഒരു പാട് തൊപ്പികളും ഗൾഫ് നാടുകളിലേക്കെത്തി. തളങ്കര ഗ്രാമത്തിന്റെ ഹൃദയഭൂവിൽ തുന്നിയെടുത്ത വർണ്ണത്തൊപ്പികൾ അന്യ നാടുകളിലേക്ക് കയറ്റിഅയക്കുന്നതിൽ മദ്ധ്യവർത്തികൾ വഹിച്ച പങ്കും സ്തുത്യർഹ്യമാണ്. തൊപ്പി കച്ചവടത്തിലൂടെ തളങ്കരയുടെ ഗ്രാമ മുഖത്തിന് ഒരുപാട് മാറ്റങ്ങൾ വന്നു. തൊപ്പി കയറ്റുമതിയുമായി ബന്ധപ്പെട്ട് തളങ്കരയുടെ സാന്പത്തികചുറ്റുപാടുകളിൽ കാര്യമായ വ്യതിയാനങ്ങൽ സംഭവിച്ചു. ബോംബെയിൽ നിന്ന് കൊണ്ടുവരുന്ന തുണികൾക്കു പുറമേ അക്കാലത്ത് റേഷൻ കടകളിലൂടെ വിതരണം ചെയ്തിരുന്ന തുണിയും ഉപയോഗിച്ചിരുന്നു. ഇന്ന് പൂർണ്ണമായും മേന്മയേറിയ വെളുത്ത കോട്ടൻ തുണികളാണ് തൊപ്പികൾ തുന്നാൻ ഉപയോഗിക്കുന്നത്. ഗുൽമാർഗ്ഗ തുണി ബാഗ്ലൂരിൽ നിന്നാണ് കൊണ്ടുവരുന്നത്. ഒരു മീറ്റർ തുണിയിൽ നിന്ന് അഞ്ചോളം തൊപ്പികൾ തുന്നിയെടുക്കാമെന്ന് ഇന്നും തൊപ്പിതുന്നലിൽ സജീവമായവർ പറയുന്നു. ഇരുപതോളം തൊപ്പികളടങ്ങുന്ന കെട്ടിന് ഒരു കോടി എന്നാണ് വിളിക്കുന്നത്. 20 കോടിയടങ്ങുന്ന ഒരു പാർസലാണ് തപാൽ വഴി വിദേശരാജ്യങ്ങളിലേക്ക് അയച്ചിരുന്നത്.
ആദ്യകാലങ്ങളിൽ ഒരു തൊപ്പിയുടെ വില ഒന്നര രൂപയായിരുന്നു. പിന്നീട് അത് 30 രൂപ മുതൽ 150−200 രൂപവരെ വിലയുള്ള തൊപ്പികളുടെ നിർമ്മാണത്തിലെത്തിച്ചേർന്നു. ചിത്രപ്പണികളുടെ ആകർഷകത്വവും വൈവിദ്ധ്യവുമനുസരിച്ചാണ് വിലകളിൽ മാറ്റങ്ങളുണ്ടാകുന്നത്. ചൈന, സിലോൺ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള തൊപ്പികളുടെ വരവോടു കൂടി പോയ നൂറ്റാണ്ടിന്റെ സജീവ സാന്നിധ്യമായിരുന്ന തളങ്കര തൊപ്പിയുടെ പെരുമ മെല്ലെ നിറം മങ്ങാൻ തുടങ്ങി. തളങ്കര തൊപ്പിയുടെ മാഹാത്മ്യവും മനോഹാരിതയും ഇന്ന് ഓർമ്മകളായി മാറുകയാണ.് ഇന്നത്തെ തളങ്കരവാസികൾക്ക് തൊപ്പിയുടെ പെരുമ നൽകിയിരുന്ന വരുമാനത്തിന്റെ ആവശ്യമില്ല. തളങ്കര ഇന്നൊരു ഗ്രാമമല്ല. ഒരു മഹാനഗരത്തിന്റെ എല്ലാ ചുറ്റുപാടുകളും ഇന്നിവിടെയുണ്ട്. ആധുനിക ലോകം തീർത്ത വർണ്ണോത്സവങ്ങൾക്കിടയിലും ആരവങ്ങൾക്കിടയിലും പെട്ട് തളങ്കര തൊപ്പിയുടെ വർണ്ണക്കിനാവുകൾക്ക് നിറം മങ്ങിയിരിക്കുന്നു. ഇന്ന് അപൂർവ്വമായി മാത്രം നഗരപ്രാന്തത്തിന്റെ ഇടനാഴികളിലെവിടെയോ തൊപ്പിയടിക്കുന്ന യന്ത്രത്തിന്റെ ശബ്ദങ്ങൾ കേൾക്കാം. തളങ്കരയുടെ ഗ്രാമ ചത്വരങ്ങളിലെവിടെയോ കാലം വലിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്ന ഒരു പൈതൃകത്തിന് കാവൽക്കാരായി ചിലർ മാത്രം തളങ്കരയിൽ തൊപ്പികൾ തുന്നിക്കൊണ്ടിരിക്കുന്നു.