കെടുത്തല്ലേ... അവരിലെ ആ സർഗ്ഗവൈഭവ പ്രകാശങ്ങൾ
രാജീവ് വെള്ളിക്കോത്ത്
“കഴിഞ്ഞ പ്രാവശ്യം ഒന്നാം സ്ഥാനം ലഭിച്ചതാ എല്ലാറ്റിനും... ഇത്തവണ മൂന്നാം സ്ഥാനം... ഇനി എനിക്ക് നിങ്ങളുടെ സമ്മാനവും വേണ്ട, ഒരു കുന്തവും വേണ്ട...” എവിടുന്നു കിട്ടീ നിങ്ങൾക്കീ ജഡ്ജസിനെ..?’ കലോത്സവ വേദികളിലെ ഒരു പക്ഷെ കഴിഞ്ഞ കുറച്ചു കാലമായി കേട്ട് കൊണ്ടിരിക്കുന്ന ഒരു വിഭാഗം രക്ഷിതാക്കളുടെ പരിദേവനമാണിത്. തങ്ങളുടെ കുട്ടിക്ക് കലാപരിപാടിയിൽ സമ്മാനം ലഭിക്കാത്തതിന്റെ അമർഷവും സമ്മാനം തന്റെ കുട്ടിക്ക് മനപ്പൂർവ്വം വിധികർത്താവ് നല്കിയില്ലെന്നുള്ള രോഷവുമാണ് ഇങ്ങനെ പരിതപിക്കുന്ന രക്ഷിതാക്കളിൽ കാണാൻ കഴിയുന്ന ‘ഗുണങ്ങൾ’. ഇനി ഈ രക്ഷിതാവ് കരുതിയത് പോലെ അവരുടെ മക്കൾക്കോ മകനോ ഒന്നാം സ്ഥാനം ലഭിച്ചെന്ന് തന്നെ കരുതുക.. ഈ ദേഷ്യമെല്ലാം ആവിയായി... നല്ല വിധികർത്താക്കൾ എന്ന് അവർ തന്നെ വാഴ്ത്തുകയും ചെയ്യും. കിട്ടിയില്ലെങ്കിൽ പിന്നെ എവിടെയോ കിടന്നിരുന്ന വിധികർത്താവിന്റെ സ്ഥലവും ജാതകവും എടുത്തു പരിശോധിച്ച് ഒന്നാം സ്ഥാനം ലഭിച്ച കുട്ടിയുമായി അവർക്കുള്ള ബന്ധം വരെ ഉണ്ടാക്കി പച്ചത്തെറിയും പറയാൻ മടിക്കില്ല ഈ കലയെ അത്രയ്ക്ക് സ്നേഹിക്കുന്ന (ദ്രോഹിക്കുന്ന) രക്ഷിതാക്കൾ. വല്ലപ്പോഴും ചിലപ്പോൾ വിധികർത്താക്കൾ ഇത്തരത്തിൽ ചെയ്തിട്ടുണ്ടെങ്കിൽ തന്നെ നിക്ഷ്പക്ഷമായി മാർക്കിടുന്ന ഏതൊരു വിധികർത്താക്കൾക്കും ഇപ്പോൾ ഇത്തരം രക്ഷിതാക്കളുടെ ‘പ്രാക്കൽ’ ലഭിക്കാറുണ്ട്. യഥാർഥത്തിൽ അവർ അവരുടെ മക്കളുടെ കഴിവിൽ അന്ധമായി വിശ്വസിച്ചു പോകുന്നത് കൊണ്ടാണ് ഇത്തരം ഒരു തലത്തിലേയ്ക്ക് അവർ എത്തിച്ചേരുന്നതെന്ന് പറയാതിരിക്കാനാവില്ല. ഇത്തരത്തിൽ രക്ഷിതാക്കളുടെ മനോനിലയെ എത്തിക്കുന്നതിൽ കുറച്ചു പങ്ക്, ‘ഈ കുട്ടിയാണ് ഏറ്റവും നന്നായി പെർഫോം ചെയ്യുന്നതെ’ന്ന് മാതാപിതാക്കളെ എന്നും പറഞ്ഞു വിശ്വസിപ്പിച്ചുകൊണ്ടിരിക്കുന്ന ഗുരുക്കന്മാർക്കും ഇല്ലാതില്ല. (അതവരുടെ വയറ്റിപ്പിഴപ്പിന്റെ കൂടി ഭാഗമാണ്... പോട്ടെ സാരമില്ല).
കലാവേദികളിൽ ഇത്തരം പ്രശ്നങ്ങളും അലോസരങ്ങളും ഏറ്റവും കൂടുതൽ കണ്ടുവരുന്ന മേഖല നൃത്ത മത്സര വിഭാഗമാണ്. കഴിവും ഭംഗിയും ഒത്തിണങ്ങിയ എത്രയോ നല്ല കലാകാരികൾ വളർന്നുവരുന്നതോടൊപ്പം തന്നെ അവരിലെ നടന്ന വൈഭവം മുളയിലേ നുള്ളിക്കളയുന്ന നൃത്തമത്സര ജ്വരം ബാധിച്ച കുറെയേറെ രക്ഷിതാക്കളും നൃത്താധ്യാപകരും നമുക്കിടയിലുണ്ട്. അവർക്ക് ഒരു കൗൺസിലിംഗ് നടത്തി വേണം സംഘാടകർ ഇത്തരം കലാമത്സരങ്ങൾ സംഘടിപ്പിക്കാൻ. പിന്നെ ഭാരതനാട്യവിധികർത്താവിനെ ഓട്ടൻ തുള്ളലിനും മോണോ ആക്ടിനും വരെ ഇരുത്തുന്ന (വിഭിന്ന കലകൾ പ്രാവീണ്യമുള്ളവരെ മാറ്റി നിർത്തിയാൽ) സംഘാടകരെയും ചിലപ്പോൾ ഇത്തരം കൗൺസിലിംഗിന് ഹാജരാക്കണം എന്നാണ് ഈയുള്ളവന്റെ എളിയ അഭിപ്രായം. ഒരു മത്സരം നടക്കുന്പോൾ വിധികർത്താവായി നിയോഗിക്കപ്പെട്ടയാൾക്ക് ആ കലയുമായി ബന്ധമില്ലെങ്കിൽ സ്വയം ഒഴിയുക എന്ന നടപടിയാണ് ഇക്കാര്യത്തിൽ വിധികർത്താവായി നിർബന്ധിക്കപ്പെടുന്ന വർക്ക് ചെയ്യാനുള്ള മാന്യമായ മാർഗ്ഗം. ഏതൊരു വിധികർത്താവും ‘ഗൂഗിൾ’ അല്ലെന്നുള്ള കാര്യം സംഘാടകരും മനസ്സിലാക്കണം.
ഇനി പൊതുവേ കുട്ടികളിലെ സർഗാത്മകത തിരിച്ചറിയാൻ ഈ മേഖലയിൽ അക്കാദമിക് നിലവാരമൊന്നും വേണമെന്ന് നിർബന്ധമില്ല. പ്രത്യേകിച്ച് ഭരതനാട്യവും മോഹിനിയാട്ടവുമൊക്കെ വിലയിരുത്താൻ സർട്ടിഫിക്കറ്റിനേക്കാൾ എത്രയോ യോഗ്യതെയുള്ള കലാപ്രതിഭകൾ നിരവധിപേരുണ്ട്. (വിജയിച്ച പല പ്രശസ്ത ചലച്ചിത്രങ്ങളും സംവിധാനം ചെയ്തത് ഫിലിം ഇൻസ്റ്റിട്യൂട്ടിൽ ഒന്നും പഠിച്ചവർ അല്ലെന്നുള്ള പ്രാഥമിക വിവരം നാം ഓർത്തുവെക്കേണ്ടതാണ്).
നിലവിലെ വേദിയിൽ കുട്ടികൾക്ക് അനുവദിക്കപ്പെട്ടിട്ടുള്ള സമയത്തിനുള്ളിൽ ആടിയോ പാടിയോ തിമിർത്തു ചുവന്ന ലൈറ്റ് കത്തുന്പോഴേയ്ക്കും തന്റെ സർഗാത്മകത എല്ലാം പുറത്തുകാട്ടി വിധികർത്താവിനെ വശീകരിച്ചു മാർക്ക് കൊയ്യാനുള്ള വെപ്രാളമാർന്ന ചട്ടക്കൂടുകൾ ഒഴിവാക്കുക. ഈ സന്പ്രദായത്തിലൂടെ കുട്ടി വേദിയിൽ കയറുന്പോൾ, നേരത്തെ ഞാൻ പറഞ്ഞ, പ്രൈസ് ലഭിക്കാതെ വീട്ടിലെത്തുന്പോഴുള്ള അച്ഛനമ്മമാരുടെ മുഖം ഓർത്തുള്ള ടെൻഷൻ കൂടാതെ അവർ അഭിമുഖീകരിക്കേണ്ടുന്ന മാനസിക പ്രശനങ്ങൾ എന്തൊക്കെയാണ്? ഈശ്വരാ...പാട്ടിന്റെ സിഡി സ്റ്റക്ക് ആകുമോ? ചുവന്ന ബൾബ് കത്തുമോ? തലയിൽ വെച്ച മാട്ടിയും ചുട്ടിയും അഴിഞ്ഞു വീഴുമോ? സൗദര്യം വർദ്ധിപ്പിക്കാനെന്ന പേരിൽ മുന്നിലും പിന്നിലും വലിച്ചു കെട്ടിയ വയിൽ ഞാൻ സുന്ദരിയായിട്ടുണ്ടോ? (വളരെ മെലിഞ്ഞ കുട്ടികൾക്ക് പോലും അവരുടെ ശരീരത്തിന്റെ ആനുപാതികമായ അളവ് പോലും നോക്കാതെ മോഹിനിമാർ ആക്കാൻ വേണ്ടി) എതിരാളിയുടെ മേക്കപ്പും ഒരാൾ തന്നെ ചെയ്തതിനാൽ തന്റെ മുഖസംവിധാനത്തിന് വല്ല കോട്ടവും മനപ്പൂർവ്വം അയാൾ വരുത്തുമോ? എന്നിങ്ങനെയുള്ള അലട്ടലുകൾ അമ്മമാരെപ്പോലെ തന്നെ മക്കളും വേദിയിൽ നേരിടുന്നുണ്ട്. മാതാപിതാക്കൾക്ക് അവരുടെ അഭിമാനത്തിന്റെ പ്രശ്നമാണെങ്കിൽ കുട്ടികൾക്ക് അവരുടെ ഇനിയങ്ങോട്ടുള്ള നിലനിൽപ്പിന്റെ പ്രശ്നമായി മത്സരം മാറുന്നു.. അല്ലെങ്കിൽ മാറ്റുന്നു.
അപ്പോൾ കഴിവുള്ളവരെ കണ്ടെത്തുന്നത് എങ്ങനെ? ശാസ്ത്രീയ സംഗീതം പോലുള്ള കൃത്യമായ അടിസ്ഥാനമുള്ള കലാമത്സരങ്ങളിൽ വിധികർത്താവിന് കുട്ടിയോട് ചോദിക്കാനുള്ള അവസരം കൂടിയുണ്ടാകണം. അത് പൊതു ജനങ്ങൾ കാൺകെ തന്നെ അതിനുള്ള അവസരം നൽകുന്പോൾ കാണികൾ കൂടി വിധികൽപ്പിക്കുന്നതിന്റെ ഭാഗമാകുന്നു. ഭാരതനാട്യത്തിന്റെ മുദ്രകൾ, ഒരു സംഗീത ശകലം പാടിക്കേൾപ്പിച്ചു അതിനനുസരിച്ചു മനോധർമ്മം ആടാൻ പറയാം. പാട്ടുകാരനോട് ഏതെങ്കിലും രാഗം പാടാൻ ആവശ്യപ്പെടാം.. ചില രാഗങ്ങളിലെ മനോധർമ്മ സ്വരങ്ങൾ, നിരവൽ തുടങ്ങിയവ പാടാൻ ആവശ്യപ്പെടാവുന്ന മുഖാമുഖ സംവിധാനമാണ്ഇവിടെ വേണ്ടത്. വിധികർത്താവിന്റെ കഴിവ് കൂടി അതോടെ പൊതുജനത്തിനു ബോധ്യപ്പെടുകയും ആവും. ഇത്തരത്തിൽ വിധി നിർണ്ണയം നടത്തുന്പോൾ പൂർണ്ണ അറിവില്ലാത്ത കുട്ടികളും ന്റുപ്പാപ്പനൊരു അനേണ്ടാർന്നു എന്നുള്ള തഴന്പിന് പുറത്തു മത്സരിക്കാനെത്തുന്നവരുടെയും എണ്ണം കുറയും. ഇത് കേരളം പോലുള്ള സ്ഥലങ്ങളിൽ ജില്ലാ കലോത്സവം മുതൽ നടപ്പിലാക്കാൻ കഴിയുന്ന രീതിയാണ്. പ്രവാസ ലോകത്തെ ചെറിയ മത്സരങ്ങളിൽ ഈ രീതിയിൽ എത്ര പേർ മത്സരിക്കാൻ തയ്യാറാകും എന്നത് കണ്ടു തന്നെ അറിയേണ്ടിരിക്കുന്നു.
ഒരു വേദിയിൽ മത്സരം കഴിഞ്ഞാൽ സമ്മാനം ആർക്ക് ലഭിച്ചാലും സമ്മാനം ലഭിക്കാത്ത കുട്ടികളെ കൂടി വിധികർത്താക്കൾ തന്നെ നേരിട്ട് കണ്ട് അവർക്കു സമ്മാനം ലഭിക്കാതിരിക്കാനുള്ള കാരണങ്ങളും അവരെക്കാൾ ഒന്നാം സ്ഥാനം ലഭിച്ചതിനുള്ള കാരണവും അറിയിക്കണം. അത് കുട്ടികളുടെ ആത്മവിശ്വാസം വർധിക്കുന്നതിന് ഇടയാക്കും. കാരണം നന്നായി പാടുന്ന ഒരു കുട്ടിക്ക് എല്ലാ വേദിയിലും തിളങ്ങാൻ കഴിയണം എന്നില്ല. ഈയിടെ ഒരു ലളിതഗാന മത്സരത്തിൽ ഞാൻ വിധികർത്താവായിരുന്നു. നല്ല നിലവാരമുള്ള അഞ്ചിൽ അധികം കുട്ടികൾ മത്സരിച്ചു കഴിഞ്ഞു. ആറാമത്തെ കുട്ടി പാടാൻ കയറിയപ്പോൾ അതാ അതുവരെ പാടിയ എല്ലാ കുട്ടികളെയും നിഷ്പ്രഭമാക്കി ലളിതഗാനത്തിന്റെ എല്ലാ അന്തസത്തയോടെയും ഒരു പെൺകുട്ടി പാടുന്നു. മികച്ച പാട്ട് സെലക്ഷൻ, നല്ല ശാരീരം, വാക്കുകൾക്കു നൽകുന്ന ഭാവത്തിൽ നല്ല പക്വത. പല്ലവി പാടിയപ്പോൾ തന്നെ മാർക്ക് ഷീറ്റിന്റെ റഫ് റഫറൻസിൽ ഞാൻ ഏറ്റവും ഉയർന്ന മാർക്ക് നൽകി. അതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കുട്ടിയെക്കാൾ 2 മാർക്ക് കൂട്ടിയിട്ടു. ചരണം പാദാദി രണ്ടാമത്തെ വാരി ആയപ്പോഴേയ്ക്കും എന്റെ തന്നെ കണ്ണ് തട്ടിയതോ എന്ന് ഞാൻ തന്നെ ചിന്തിച്ചുപോയി... ശബ്ദത്തിൽ നല്ല ഒരു സ്ക്രാച്ച്... പോട്ടെ.. ഒരു സ്ഥലമല്ലേ... പാടിയതുവരെ വെച്ച് നോക്കിയാൽ ഇവൾ തന്നെ.... ഇട്ട മാർക്കിൽ കൈവെക്കാതെ ഞാൻ വീണ്ടും അവരുടെ നാദധാരയിൽ അലിഞ്ഞു... അവസാന തുണ്ടു പല്ലവി എത്തിയപ്പോഴാകാട്ടെ വീണ്ടും സ്ക്രാച്ച്..ഇത്തവണ ലാൻഡിംങ് നോട്ടും ഷാർപ്പ് ആയി.. ചതിച്ചല്ലോ മോളെ എന്ന് (ഒരു വിധികർത്താവിനും അങ്ങനെ ഒരു കുട്ടിയുടെ ഭാഗം നിൽക്കാൻ കഴിയില്ല. പക്ഷെ കഴിവ് കൊണ്ട് ആ കുട്ടി നമ്മുടെ മനസ്സിന്റെ ഭാഗമായി തീരുകയാണ്) മനസ്സിൽ പറഞ്ഞു ആ കുട്ടിയെ മനസ്സിലാ മനസ്സോടെ മൂന്നാം സ്ഥാനത്തേക്ക് ഒതുക്കേണ്ടി വന്നു. ആ കുട്ടിക്ക് കഴിവില്ലാഞ്ഞിട്ടല്ലല്ലോ അവളുടെ സമ്മാനം നഷ്ടമായത്. ഇത്തരം ഘട്ടങ്ങളിൽ ആണ് ഞാൻ നേരത്തെ സൂചിപ്പിച്ച പോലെ വിധികർത്താവ് അവരുമായി നേരിട്ട് സംസാരിക്കാൻ അവസരം നൽകേണ്ടത്. അവളെ ഒന്നാശ്വസിപ്പിക്കാനും ആർക്കും പിന്നിൽ അല്ലായിരുന്നു ആ കുട്ടി എന്നും ബോധ്യപ്പെടുത്തുകയും അടുത്ത ദിവസത്തെ മത്സരത്തിന് ആ കുട്ടിയെ പ്രാപ്തനാക്കുകയും ചെയ്യണമെന്നുമാണ് എന്റെ മനസ്സു പറഞ്ഞത്. അടുത്ത ദിവസം തന്നെ ആ കുട്ടിയുടെ രക്ഷിതാക്കൾ എന്നെ ഫോണിൽ ബന്ധപ്പെട്ടു പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോഴാണ് ഞാൻ എന്ന വിധികർത്താവ് ശരിയായിരുന്നു എന്ന് എനിക്ക്തന്നെ ബോധ്യമായത്.
കാര്യമിതാണ്, ശബ്ദ തടസ്സം രണ്ട് തവണ വന്നത് ആ കുട്ടി മനസിലാക്കി ഇനിയുള്ള മത്സരങ്ങളിൽ നിന്ന് പിന്മാറുകയാണെന്നും രക്ഷിതാക്കളോട് അവൾ പറഞ്ഞുവത്രേ. പക്ഷെ ഞാൻ ആ കുട്ടിയോട് അവൾക്കു ഒന്നാം സ്ഥാനം ലഭിക്കേണ്ടിയിരുന്നതാണെ ന്ന കാര്യവും അതോടൊപ്പം തന്നെ ആ കുട്ടിയിലെ സംഗീത സംബന്ധിയായ നല്ല ഗുണങ്ങളെ ഞാൻ പുകഴ്ത്തുകയും ചെയ്തതോടെ അവൾക്കു സമ്മാനമൊന്നും കിട്ടിയില്ലെങ്കിലും വേണ്ടില്ല, വീണ്ടും പാടണമെന്ന് അവൾ തന്നെ രക്ഷിതാക്കളോട് പറഞ്ഞുവത്രേ.
അടുത്ത ദിവസം തന്നെ നടന്ന ചലച്ചിത്ര ഗാന മത്സരത്തിൽ ആ കുട്ടിക്ക് ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തതോടെ രക്ഷിതാക്കൾക്കും കാര്യങ്ങൾ പിടികിട്ടി.ശബ്ദത്തിലെ സ്ക്രാച്ച് വന്നത് യഥാർഥത്തിൽ അവളുടെ ആത്മിശ്വാസമില്ലായ്മ കൊണ്ടുണ്ടായതാണ്. പാട്ടു മത്സരങ്ങളിൽ പങ്കെടുക്കുന്ന പല കുട്ടികളും മത്സര തീയ്യതിയോട് അടുക്കുന്ന അവസരങ്ങളിൽ ഇത്തരം ശബ്ദം അടപ്പ് അല്ലെങ്കിൽ തൊണ്ടയിൽ ഉമിനീർ വറ്റുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഈ പ്രശനങ്ങളിൽ നിന്നെല്ലാം ഉള്ള മോചനത്തിന് വിധികർത്താക്കളുമായുള്ള ഒത്തുചേരൽ ആശ്വാസമാകും.
മക്കളുടെ കലാമത്സരം കഴിഞ്ഞാൽ ഉടനെ അടുത്ത മത്സരത്തിന് തയാറെടുക്കാനുള്ള പരിശീലനം നടത്താൻ പറയുന്നതിന് പകരം മറ്റു കുട്ടികളുടെ കൂടി പ്രകടനങ്ങൾ സ്വന്തം കുട്ടികൾക്കൊപ്പം ഇരുന്നു കാണാനും മറ്റുള്ളവരെയും കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കാനുമുള്ള അവസരങ്ങൾ ഉണ്ടാക്കുക. മത്സരം എന്നത് തങ്ങളുടെ സർഗാത്മകത അളക്കാനുള്ള അളവ് കോലല്ലെന്നും മത്സരങ്ങൾ വേദിയിൽ അവരുടെ കലാസപര്യകൾ പ്രകടിപ്പിക്കാനുള്ള അവസരം മാത്രമായി കാണാനുമുള്ളതാണെന്നുമുള്ള കാര്യം കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക. മറ്റുള്ള കുട്ടികളിൽ നിന്നും പഠിക്കാനുള്ളത് പഠിച്ചെടുക്കാനും തിരിച്ച് അവരിലുള്ള കുറവുകൾ നികത്താനുമുള്ള മാനസിക അവസ്ഥയിലേക്കു കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യുക. ഒരു വേദിയിൽ സമ്മാനം കിട്ടിയാൽ ആ കുട്ടി മറ്റുള്ളവരെക്കാൾ ഏറെ ഉയരത്തിൽ ആയെന്നുള്ള തരത്തിലുള്ള പ്രശംസകൾ നടത്താതിരിക്കുക. പകരം പരാജിതയായ കുട്ടിയോട് അടുത്തിടപെഴകി അവരെയും അഭിനന്ദിക്കുക. കുട്ടികളുടെ പോരായ്മകളും ഗുരുക്കന്മാരെപ്പറ്റിയുള്ള കുറ്റം പറച്ചിലുകളും പ്രത്യേകിച്ച് കുട്ടികളുടെ മുന്നിൽ വെച്ച് നടത്താതിരിക്കുക. കല എന്നത് പൂർണ്ണമായും ഉൾക്കൊണ്ടു കൊണ്ട്, കേവലം മറ്റുള്ളവരുടെ മുന്നിൽ ആളാവാനും ആഢ്യത്വത്തിന്റെ പ്രതീകമാക്കാനും നോക്കാതെ അവരവരുടെ കഴിവുകൾ തിരിച്ചറിഞ്ഞു മാത്രം അവർക്കു വേണ്ടുന്ന കലയിൽ മാത്രം പരിശീലനം നൽകുക. പുക കുഴിയിൽ വെച്ച് പഴം പഴുപ്പിക്കുന്പോൾ തൊലിപ്പുറത്തെ നിറം മാത്രമേ പഴുത്ത പോലെ കാണൂ.. അകം അപ്പോഴും ചവർപ്പ് തന്നെ ആയിരിക്കും. അത് കൊണ്ട് അവരവരുടെ സർഗ്ഗ വാസനകൾ ഏതെന്നു തിരിച്ചറിഞ്ഞു കൊണ്ട് കുട്ടികൾക്ക് വിദ്യയുടെ വെളിച്ചം പകരുക. സർഗാവൈഭവങ്ങളുടെ വലിയൊരു വെളിച്ചം അവർ തിരികെ തരും.. അത് തല്ലിക്കെടുത്താതിരുന്നാൽ.........