പഴയകാല നോന്പും പെരുന്നാളും
കൂക്കാനം റഹ്്മാൻ
പഴയകാല നോന്പും, പെരുന്നാളും മനസ്സിനെ മഥിക്കുന്ന വേദനയൂറുന്ന ഓർമ്മകളാണ് എന്നുമെനിക്ക്. നോന്പെന്നു കേൾക്കുന്പോൾ വർഷങ്ങൾക്കു മുന്പ് മരിച്ചുപോയ എന്റെ ഉമ്മൂമ്മയാണ് ആദ്യം മനസ്സിലേക്കോടിയെത്തുന്നത്. ഒട്ടിയ വയറും നരച്ചതാണെങ്കിലും മനോഹരമായി ചീകിവെക്കുന്ന മുടിയും, സുറുമയെഴുതിയ കണ്ണും ഉള്ള ഉമ്മൂമ്മയെ ഓർമ്മ വരും. മൽമൽ തുണികൊണ്ട് സ്വയം തയ്ച്ചുണ്ടാക്കിയ തൂവെള്ള കുപ്പായവും, വെള്ള കാച്ചി മുണ്ടും ധരിക്കുന്ന ഉമ്മൂമ്മയാണ് എന്നും എന്റെ ദ്യശ്യപഥത്തിലേക്ക് വരിക.
ദാരിദ്രാവസ്ഥയിൽ കഴിഞ്ഞ അക്കാലത്ത് എത്രമാത്രം വേദനയും, വിശപ്പും കടിച്ചമർത്തിയായിരിക്കും ഉമ്മൂമ്മയുടെ പ്രായക്കാർ നോന്പനുഷ്ഠിച്ചിട്ടുണ്ടാവുക? പകലന്തിയോളം ഒരിറ്റു വെള്ളമിറക്കാതെ സൂര്യാസ്തമയ സമയത്തിനായി കാത്തിരുന്ന അക്കാലത്തെ നോന്പനുഷ്ഠിക്കുന്നവരുടെ നോന്പു തുറ വിഭവങ്ങൾ വളരെ പരിമിതമായിരുന്നു. ഒരു കല്ലുപ്പ് കടിച്ച് പച്ചവെള്ളമോന്തി നോന്പ് തുറക്കുന്ന ഉമ്മൂമ്മയുടെ രൂപം ഇക്കാലത്തെ നോന്പു തുറക്കാർ ഒരുക്കുന്ന വിഭവസമൃദ്ധമായ നോന്പു തുറയും തമ്മിൽ ഒരുപാട് അകലമുണ്ട്.
അന്ന് നോന്പുതുറ കഴിഞ്ഞാൽ ഉമ്മൂമ്മക്ക് കിട്ടുന്ന പ്രധാന ആഹാരം രണ്ട് ദോശയും അൽപ്പം പരിപ്പ് കറിയുമായിരുന്നു. മഗ്രിബ് നിസ്ക്കാരാനന്തരം നിസ്ക്കാരപ്പായുടെ സമീപത്ത് ഉമ്മ കൊണ്ടുവെക്കുന്ന ഭക്ഷണം കഴിക്കാൻ ഉമ്മുമ്മ തുടങ്ങുന്പോഴേക്കും ഞാനവിടെ എത്തിയിരിക്കും. പാവം ഉമ്മൂമ്മ അതിലൊരു ദോശ എനിക്ക് തന്ന് എന്നെ സന്തോഷിപ്പിക്കും. ഇന്നോ ബിരിയാണി, നെയ്ച്ചോർ, പത്തിരി, വിവിധങ്ങളായ പഴവർഗ്ഗങ്ങൾ രണ്ടോ മൂന്നോ തരം പഴച്ചാറുകൾ ഇതൊക്കെ അകത്താക്കി ഏന്പക്കം വിടുന്ന കുടവയറന്മാരുമായി ഞാനെന്റെ വയറൊട്ടിയ ഉമ്മൂമ്മയെ താരതമ്യം ചെയ്ത് പോകുന്നു.
സൂര്യാസ്തമയം നടന്ന് മഗ്രിബ് ബാങ്ക് വിളി പള്ളികളിലെ ഉച്ചഭാഷിണികളിൽ നിന്ന് മുഴങ്ങുന്പോഴാണ് ഇക്കാലത്ത് വീടുകളിലും മറ്റും നോന്പ് തുറയുടെ ബഹളം ആരംഭിക്കുന്നത്. പണ്ട് ഗ്രാമത്തിൽ ഒരു പള്ളിയേ ഉണ്ടാകൂ. സൗണ്ട് സിസ്റ്റം ഇല്ല. ബാങ്ക് വിളി കേൾക്കാൻ ഒരു സാധ്യതയുമില്ല. കരിവെള്ളൂരിലെ വാണിയില്ലം ക്ഷേത്രത്തിൽ നിന്ന് പൊട്ടുന്ന വെടിയൊച്ചയാണ് ഉമ്മൂമ്മയുടെ നോന്പ് തുറക്ക് സഹായകമായിരുന്നത്. അസറും, ളുഹറും സിസ്ക്കരിക്കാൻ വാച്ചും ക്ലോക്കും ഇല്ലാത്ത അക്കാലത്ത് സമയത്തിന്റെ കൃത്യത പാലിക്കാൻ സ്വന്തം നിഴൽ കാൽപ്പാദം കൊണ്ട് അളന്ന് തിട്ടപ്പെടുത്തിയാണ് നിസ്ക്കരിച്ചിരുന്നത്. മതപരമായി നിർദേശിക്കപ്പെട്ട കാര്യങ്ങൾ കൃത്യതയോടെ നിർവ്വഹിച്ചുപോന്നവരായിരുന്നു അക്കാലത്ത് ജീവിച്ചിരുന്ന മുസ്ലീം ജനവിഭാഗം.
ഇന്ന് ഭക്ഷണത്തിലും വസ്ത്രധാരണയിലും, താമസസൗകര്യമൊരുക്കുന്നതിലും മാറ്റം വന്നു. നോന്പുതുറയും, ഇഫ്താർസംഗമങ്ങളും, ഇഫ്താർ വിരുന്നുകളും വിഭവസമൃദ്ധമായ വിരുന്നൂട്ട് സദ്യകളായി മാറി. വെള്ളമുണ്ടും, വെള്ളകുപ്പായവും, വെള്ളത്തട്ടവും ധരിച്ച് മാന്യതയോടെ പുറത്തിറങ്ങി, ബന്ധുവീടുകളിൽ മാത്രം സന്ദർശിക്കുന്ന ഉമ്മൂമ്മ പ്രായക്കാരായ സ്ത്രീകളെ ഓർക്കുകയാണ് ഞാൻ. എല്ലാം കറുത്ത തുണികൊണ്ട് നിർമ്മിച്ച പർദകളും ധരിച്ച് റോഡിലുടനീളം ഉല്ലാസപൂർവ്വം നടക്കുന്ന ഇക്കാലത്തെ സ്ത്രീകൾ ഭക്ഷണകാര്യത്തിലും വസ്ത്രം ധരിക്കുന്നതിലും വ്യത്യസ്തത പുലർത്തുന്നു. ഓടിട്ട വീടുകളിൽ ചാണകം മെഴുകിയ തറയിൽ കഴിഞ്ഞിരുന്ന പഴയകാല ജീവിതവും -കോൺക്രീറ്റിൽ തീർത്ത മേൽക്കൂരമേൽ മാർബിൾ പതിച്ച പതുപതുപ്പുള്ള തറയിലെ ജീവിതവും ആസ്വദിക്കുന്നവരെ താരതമ്യം ചെയ്തു നോക്കണം.
അന്നത്തെയും ഇന്നത്തെയും നോന്പും നിസ്ക്കാരവും സക്കാത്തും ഒരേ ലക്ഷ്യത്തിനു വേണ്ടിയായിരുന്നു എങ്കിൽ ദൈവസന്നിധിയിൽ ഒത്തുകൂടുന്പോൾ ഇരുകൂട്ടരെയും ഒരുപോലെ പരിഗണിക്കാൻ ദൈവത്തിന് സാധ്യമാവുമോ? തന്റെ നിർദേശങ്ങൾ ഇല്ലായ്മയിലും, വല്ലായ്മയിലും അണുകിട തെറ്റിക്കാതെ അനുസരിച്ചവർക്കാണോ അതോ ധൂർത്തും, സുഖലോലുപതയിലും ആറാടിയവർക്കാണോ ദൈവം പ്രഥമസ്ഥാനം നൽകുക? പഴമക്കാർ ഉള്ളിൽ തട്ടിയ ദൈവഭയം കാണിച്ചു ആധുനികക്കാർ പൊങ്ങച്ചവും, പ്രചാരണാത്മകതയും കാണിച്ച് ദൈവഭക്തരാണെന്ന് വരുത്തിത്തീർക്കുന്നു.
ഞങ്ങളുടെ കുട്ടിക്കാലത്തെ പെരുന്നാളാഘോഷം ഏറ്റവും ലളിതവും, ആർഭാടരഹിതവുമായിരുന്നു. ആണ്ടിലൊരിക്കൽ കിട്ടുന്ന നെയ്ച്ചോറും കോഴിക്കറിയും ഞങ്ങൾക്ക് അത്ഭുത ഭക്ഷ്ണപദാർത്ഥമായിരുന്നു. ബിരിയാണി എന്ന് പറയുന്ന ഭക്ഷ്യവസ്തുവിനെക്കുറിച്ച് ഞങ്ങൾ അക്കാലത്ത് അജ്ഞരായിരുന്നു. പക്ഷേ 1950-60 കാലത്തെ നെയ്ച്ചോറും കോഴിക്കറിയും ഇക്കാലത്തെപ്പോലെയല്ല. നെയ്ച്ചോറ് വെക്കാൻ വേണ്ടി മാത്രം വസുമതിനെല്ല് കൃഷിയിറക്കും. ആ നെല്ല് പുഴുങ്ങാതെ കുത്തിയെടുത്ത അരിയാണ് ഇതിനു ഉപയോഗിക്കാറ്. പശുവിന് നെയ്യ് വീട്ടിൽത്തന്നെ ഉണ്ടാക്കിയെടുത്തു വെയ്ക്കും. കൃത്രിമമല്ലാത്ത നെയ്ച്ചോർ അരി(ചെറിയരി)യും കൃത്രിമമല്ലാത്ത പശുവിന് നെയ്യും ഉപയോഗിച്ചുണ്ടാക്കുന്ന നെയ്ച്ചോറിന്റെ രുചി ഇന്നത്തെ ഏത് പഞ്ചനക്ഷത്ര ഹോട്ടലിൽ ചെന്നാലും ലഭ്യമാവില്ല.
കോഴിക്കറിയുടെ രുചിക്കും പ്രത്യേകതയുണ്ട്. വീടുകളിൽ വളർത്തുന്ന നാടൻ കോഴികളെയാണ് ഇതിനുപയോഗിക്കുക. കോഴിയിറച്ചിക്കഥയും കുറേ പറയാനുണ്ട്. അറുക്കേണ്ട കോഴിയെ തലേ ദിവസം തന്നെ അറസ്റ്റ് ചെയ്തു തടവിലാക്കും. ഇതിനെയും പിടിച്ച് അറക്കാൻ വേണ്ടി മൊയ്ല്യാരുടെ വീട്ടിൽ ചെല്ലണം. അത് ആൺകുട്ടികളായ ഞങ്ങളുടെ ഡ്യൂട്ടിയാണ്.മൊയ്ല്യാർ മുടിക്കത്തിക്ക് ഒന്നു കൂടി മൂർച്ചകൂട്ടി റെഡിയാവും. കോഴിയെ അറക്കാൻ പാകത്തിൽ പിടിച്ചുകൊടുക്കാൻ ഞങ്ങളോട് പറയും. പേടിയുണ്ടെങ്കിലും രണ്ടും കൽപ്പിച്ച് ഞാൻ അതിന് തയ്യാറാകും. രണ്ടു കാലും കൂട്ടിപ്പിടിച്ച് കഴുത്തിന്റെ ഒരു ഭാഗവും പിടിച്ച് ഞാൻ നിൽക്കണം. മൊയ്ല്യാർ കത്തിയെടുത്ത് അല്ലാഹു അക്ബർ... ചൊല്ലി കോഴിയുടെ കഴുത്ത് മുറിക്കും. രക്തം ശക്തമായി ചീറ്റിപ്പുറത്തേക്കൊഴുകും. തല അറുത്ത് മാറ്റില്ല. പകരം 75 ശതമാനം മുറിവ് ഉണ്ടാകും. അത്രയും ആയാൽ കോഴിയെ നിലത്തു വെക്കാൻ പറയും. ചില കോഴികൾ ചോര ഒലിപ്പിച്ചു കുറേ ദൂരം ഓടും. ചിലത് വീണിടത്തു പിടച്ചു പിടച്ചു മരിക്കും.
ആ കാഴ്ച ദയനീയമാണ്. മരിച്ച കോഴിയെ എടുത്ത് വീട്ടിലെത്തിക്കണം. ഇരുചിറകിന് വെളിയിലേക്ക് കഴുത്ത് മറിച്ചിട്ട് ചിറകും പിടിച്ചാണ് കോഴിയെ വീട്ടിലെത്തിക്കേണ്ടത്. കമഴ്ത്തി വെച്ച തടുപ്പ മുകളിൽ അതിനെ വെക്കും. തൊലി പൊളിച്ച് ഇറച്ചി മുറിച്ചെടുക്കുന്നത് വരെ കുട്ടികളായ ഞങ്ങൾ ഉമ്മൂമ്മയുടെ അടുത്ത് നിന്ന് മാറില്ല. കറിവെക്കാൻ വേണ്ടുന്ന മസാലക്കൂട്ടുകൾ അമ്മിമേൽവെച്ച് അരച്ചെടുക്കും. മസാലപൊടികളൊന്നും ഉപയോഗിക്കില്ല. അങ്ങനെ പള്ളിയിൽ നിന്ന് പെരുന്നാൾ നമസ്ക്കാരം കഴിഞ്ഞ് തിരിച്ചുവരുന്പോഴേക്കും നെയ്ച്ചോറും കോഴിക്കറിയും റെഡിയായിരിക്കും. അയൽപക്കക്കാരായ ഇതരമതസ്ഥരായ കൂട്ടുകാരെയൊക്കെ വീട്ടിലേക്ക് ക്ഷണിക്കും. അവരൊപ്പം ഭക്ഷണം കഴിച്ചാൽ പിന്നെ വിവിധ കളികളിൽ ഏർപ്പെടും. അക്കാലത്ത് കുഗ്രാമങ്ങളിൽ താമസിക്കുന്ന ഞങ്ങളുടെ പെരുന്നാളാഘോഷം ഇത്രയേ ഉള്ളൂ. ഇന്നോ പറയാതെതന്നെ കാണുന്നതല്ലേ? അതുകൊണ്ട് പറയുന്നില്ല.